വീട്ടിലെത്തിയ അതുൽ അസ്വസ്ഥനായിരുന്നു .. അവൻ അനുവിനെ മുറിയിലേക്ക് വിളിപ്പിച്ചു …
” ഏട്ടനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ …..?”
അവൾ ഉവ്വെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു …
” ഹർഷും നീയും തമ്മിലെന്താ …..?”
അവളൊരു പിടച്ചിലോടെ അവനെ നോക്കി .. ആ കണ്ണുകളിലെ ഞെട്ടൽ അതുൽ ശ്രദ്ധിച്ചു …
” അത് ……..” അവൾ വിക്കി ….
” നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ ….?” അവൻ ചോദിച്ചു ..
അവൾ ഉമിനീരിറക്കി ….
” അതെ ……” അവൾ സത്യം പറഞ്ഞു .. ആ വാക്കുകളിൽ ദൃഢതയുണ്ടായിരുന്നു …
ഹർഷ് എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നു അവളുടെ സംശയം ..
അതുൽ അവളുടെ കണ്ണിൽ നോക്കിയിരുന്നു ….
” ശരി …. നീ പൊക്കോ …” അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല …..
അവൾക്ക് തിരിച്ച് ഒന്നും ചോദിക്കാനും കഴിഞ്ഞില്ല … അൽപസമയം കൂടി അവിടെ നിന്നിട്ട് താഴേക്കിറങ്ങി പോയി …
താഴെപ്പോയി അവളാദ്യം ഹർഷിനെ വിളിക്കുമെന്ന് അവനറിയാമായിരുന്നു ….
അനിയത്തിയെ കുറ്റപ്പെടുത്തേണ്ടതില്ല .. ഹർഷ് നല്ല പയ്യനാണ് .. പണത്തിനേ കുറവുള്ളു ….
പെട്ടന്ന് അവന്റെ മനസിലേക്ക് പ്രഫുല ചന്ദ്രന്റെ മുഖം കടന്നു വന്നു …. ആ ബന്ധം അല്ലെങ്കിലും താൻ വേണ്ടന്ന് വച്ചതാണ് … ഒരനുജത്തിക്ക് വിവാഹമുറപ്പിച്ച പയ്യനെ , മറ്റൊരു അനുജത്തിക്ക് നൽകുക .. ആ ഏർപ്പാട് തന്റെ കുടുംബത്തിൽ വേണ്ട …
രാവിലെ മുതലുള്ള അലച്ചിലിൽ അവൻ നന്നെ ക്ഷീണിതനായിരുന്നു … അവൻ ബെഡിന് കുറുകെ കിടന്നു …..
എന്തുകൊണ്ടോ അംലയുടെ മുഖം അവന്റെ മനസിലേക്ക് കടന്നു വന്നു ….. അവളെക്കുറിച്ചോർത്തപ്പോൾ അവനും വേദന തോന്നി …. ഒന്നും പറയാതെ , ഒന്നു കരയുക പോലും ചെയ്യാതെ വാടിയ താമരത്തണ്ടു പോലെ അവൾ തിരിച്ചുപോയി … ഉമിത്തീ പോലെ അവൾ നീറുന്നുണ്ടാവുമെന്ന് അവനറിയാമായിരുന്നു … കാരണം ആ നഷ്ടപ്രണയത്തിന് ഒരേയൊരു അവകാശിയെയുള്ളു …. അവൾ .. അവൾ മാത്രം … അവൾ സ്നേഹിച്ചവന് പോലും അതറിയില്ല ..
ഓരോന്നോർത്തു കിടന്ന് അവൻ അറിയാതെ മയങ്ങി….
* * * * * * * * * * * * * * * * * * * *
പിറ്റേന്ന് രത്നാകരക്കുറുപ്പിന്റെ വീട്ടിലേക്ക് പോകാൻ റെഡിയായി അതുൽ ഇറങ്ങി …
പാലത്തിനു മുകളിൽ ബൈക്ക് നിർത്തി അതുൽ ഹർഷിനായി കാത്ത് നിന്നു … അഞ്ച് മിനിട്ടിനുള്ളിൽ ഹർഷ് പാലം കയറി വന്നു … അവന്റെ മുഖത്തെ പരവേശം അതുൽ ശ്രദ്ധിച്ചു .. അനു വിളിച്ചിട്ടുണ്ടാകുമെന്ന് അവന് മനസിലായി ….
അതുൽ അവനെ തന്നെ നോക്കി നിന്നു ….
” ഡാ … ഞാൻ ……..” ഹർഷ് എന്തോ പറയാൻ തുടങ്ങിയെങ്കിലും അത് മുഴുപ്പിക്കാനനുവദിക്കാതെ അതുൽ അവന്റെ തോളത്ത് തട്ടി …..
” നീ കയറ് …… ” പുഞ്ചിരിയോടെ അതുൽ പറഞ്ഞു …..
ഹർഷ് ആ മുഖത്തേക്കൊന്നു നോക്കി .. ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു ..
* * * * * * * * * * * * * * * * * * *
കേട്ട കാര്യങ്ങൾ വിശ്വസിക്കാനാകാതെ അംല നിന്നു … ഫോണിൽ മറുവശത്ത് അതുലായിരുന്നു ..
തുറന്നു കിട്ടിയ ഒരു വഴി കൂടി അടയുകയാണെന്ന് അവൾക്ക് മനസിലായി .. മാത്രമല്ല ചതിയുടെ ആഴം കൂടി വരുന്നു …..
രത്നാകരക്കുറുപ്പ് ബിൽഡേർസ് ഗ്രൂപ്പ് മാനേജറുടെ ഡ്രൈവറായിരുന്നു .. മാത്രമല്ല അയാൾ രണ്ടാഴ്ച മുൻപ് ആത്മഹത്യ ചെയ്തു ….
ഒന്നുകിൽ ആ പ്രോപ്പർട്ടി ഇടപാടിൽ രത്നാകരക്കുറുപ്പിനെ ബിനാമിയാക്കി ശിവരാജനെ അവർ മനപ്പൂർവ്വം കുടുക്കിയത് .. അല്ലെങ്കിൽ വലിയൊരു കമ്പനിക്കായി ഒരിക്കലും ശിവരാജൻ അത് ചെയ്യില്ലയെന്ന് മനസിലാക്കി രത്നാകരക്കുറുപ്പിനെ കളത്തിലിറക്കിയത് ..
രണ്ടായാലും , അത് തെളിയിക്കാൻ രത്നാകരക്കുറുപ്പ് ജീവിച്ചിരിപ്പില്ല … അയാളെ മാപ്പ് സാക്ഷിയാക്കി ശിവരാജനെ രക്ഷിച്ചെടുക്കാമെന്ന അവളുടെ കണക്കുകൂട്ടൽ തെറ്റി …
നെറ്റി തടവിക്കൊണ്ട് അവൾ ചെയറിലേക്കിരുന്നു ….
കേസ് പരിഗണിക്കാനിനി മൂന്ന് ദിവസമേയുള്ളു …… അവൾ വിരൽ കൊണ്ട് തലയോട്ടി ചികഞ്ഞു … പിന്നെയെഴുന്നേറ്റ് ഷെൽഫിൽ നിന്ന് രണ്ട് നിയമ പുസ്തകങ്ങളും , പഴയ ചില കേസുകളുടെ വിധികളടങ്ങിയ ജേർണലുകളുമായി വന്ന് ചെയറിലിരുന്നു .. പിന്നെ അതിലേക്ക് മുഖം പൂഴ്ത്തി ..
* * * * * * * * * * * * * * * * * * * *
പിറ്റേന്ന് ഹോസ്പിറ്റലിലിരിക്കുമ്പോൾ അതുലിന്റെ ഫോണിലേക്ക് അംലയുടെ കോൾ വന്നു … ശുഭകരമല്ലാത്ത വാർത്തയായിരുന്നു അവൾ പറഞ്ഞത് …
അവൾ മുൻപേ സംശയം പ്രകടിപ്പിച്ചിരുന്നത് പോലെ ബിൽഡേർസ് ഗ്രൂപ്പിന്റെ വക്കീൽ ശിവരാജനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു … സർക്കാർ ഭൂമിയാണെന്നത് മറച്ചു വച്ചാണ് ശിവരാജൻ , ആ ഭൂമിയിടപാടിന് അനുമതി നൽകിയതെന്നും , അവിടെ കെട്ടിടം പണിയാൻ അനുമതി നൽകിയതെന്നും കാണിച്ചായിരുന്നു ബിൽഡേർസ് ഗ്രൂപ്പിന്റെ ഹർജി …
അത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് അവൾ സൂചിപ്പിച്ചു … രത്നാകരകുറുപ്പ് ബിൽഡേർസ് ഗ്രൂപ്പിന്റെ ബിനാമിയായിരുന്നു എന്ന് തെളിയിക്കാൻ രത്നാകര കുറുപ്പ് ജീവിച്ചിരിപ്പില്ല ….
” അംല …. ഇനി എന്ത് ചെയ്യും ….” അവൻ നിസഹായതയോടെ ചോദിച്ചു ..
” എനിക്ക് ചില സംശയങ്ങളുണ്ട് … അതുലേട്ടനെ ഒന്ന് കാണാൻ പറ്റ്വോ … നമുക്ക് വിശദമായി സംസാരിക്കാം .. “
” ഷുവർ … അംല എവിടെയുണ്ട് ….”
“ഞാൻ നിങ്ങളുടെ ഹോസ്പിറ്റൽ റോഡിലുണ്ട് ….. അങ്ങോട്ട് വന്നാൽ മതിയോ …? ” അവൾ ചോദിച്ചു ….
” മതി …. ഇവിടെയെത്തിയിട്ട് വിളിക്ക് ….”
” ശരി ….”
അതുൽ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് വച്ചതും , മറ്റൊരു കോൾ വന്നു …
അവനെടുത്ത് നോക്കിയപ്പോൾ പ്രഫുലചന്ദ്രനാണ് …..
അനുവുമായുള്ള രോഹിത്തിന്റെ വിവാഹാലോചനയിൽ തീരുമാനം ചോദിക്കാനാവുമെന്ന് അവനറിയാമായിരുന്നു …..
അവനാ കോൾ അവഗണിച്ചു .. നാളെയോ മറ്റോ സമയം പോലെ അദ്ദേഹത്തെ നേരിൽ കണ്ട് വിഷയം സംസാരിക്കാമെന്ന് അവൻ തീരുമാനിച്ചു …
അവൻ താഴെ വന്ന് പാർക്കിംഗിൽ കാത്ത് നിന്നു … പത്ത് മിനിറ്റിനുള്ളിൽ ഹോസ്പിറ്റൽ ഗേറ്റ് കടന്ന് അംലയുടെ സ്കൂട്ടി വരുന്നത് അതുൽ കണ്ടു …
സ്കൂട്ടി പാർക്ക് ചെയ്ത് , ഹെൽമറ്റ് അഴിച്ചു വച്ച് അവൾ അതുലിനടുത്തേക്ക് വന്നു…
” നമുക്ക് ക്യാന്റീനിൽ ഇരിക്കാം ….” അവൻ പറഞ്ഞു ..
അവൾ സമ്മതപൂർവം പുഞ്ചിരിച്ചു …
ക്യാന്റീനിൽ രണ്ട് ചെയറുകളുള്ള ടേബിളിൽ മുഖാമുഖം അവരിരുന്നു …
” അംല ലഞ്ച് കഴിച്ചോ ……” പോക്കറ്റിൽ നിന്നെടുത്ത മൊബൈലിലിൽ സമയം നോക്കി, അത് ടേബിളിലേക്ക് വച്ചു കൊണ്ട് അതുൽ ചോദിച്ചു ..
” ഇല്ല … അതുലേട്ടനെ കണ്ട് സംസാരിച്ചിട്ടാകാമെന്ന് കരുതി … ” അവൾ മറുപടി പറഞ്ഞു ..
” എന്താ ഓർഡർ ചെയ്യേണ്ടത് … ” അവൻ ചോദിച്ചു ..
” തത്ക്കാലം ഒരോ ജ്യൂസ് മതി … സംസാരിച്ചു കഴിഞ്ഞ് കഴിക്കാം …. ” അവൾ പറഞ്ഞു ..
രണ്ട് ജ്യൂസിന് പറഞ്ഞ ശേഷം അവർ വിഷയത്തിലേക്ക് വന്നു …
” അതുലേട്ടാ .. ദിവസം കഴിയുംതോറും കേസിന്റെ ഗൗരവമേറി വരികയാണ് .. ഏതെങ്കിലും മാർഗത്തിലൂടെ നമ്മൾ പ്രതിരോധിച്ചില്ലെങ്കിൽ കൈവിട്ടു പോകും … “
അവൻ അവളുടെ മുഖത്തേക്ക് നോക്കി ..
” എനിക്ക് ഒരു സംശയമുണ്ട് … അത് ശരിയാണെങ്കിൽ നമുക്ക് ചിലത് ചെയ്യാൻ കഴിഞ്ഞേക്കും ….”
” എന്താണ് ….” അതുൽ ചോദിച്ചു ..
” രത്നാകര കുറുപ്പിന്റെ മരണം ആത്മഹത്യയല്ല മറിച്ചൊരു കൊലപാതകമാണെന്ന് എന്റെ മനസ് പറയുന്നു ….. “
” മനസിലായില്ല … ” അതുലിന്റെ നെറ്റി ചുളിഞ്ഞു …
” ശിവരാജൻ സർ അറസ്റ്റിലായതിന് ശേഷമാണ് രത്നാകര കുറുപ്പ് ആത്മഹത്യ ചെയ്തത് .. ശരിയല്ലേ ….?” അവൾ ചോദിച്ചു ..
“അതെ …….” അവൻ നിസംശയം പറഞ്ഞു ..
” ശിവരാജൻ സാറിന്റെ അറസ്റ്റിലൂടെ മറ്റാരോ കൂടി പിടിക്കപ്പെടുമെന്ന് ഉറപ്പാണ് .. അവരെയും ശിവരാജൻ സാറിനേയും കണക്ട് ചെയ്യുന്ന ഏക കണ്ണി മരിച്ച രത്നാകര കുറുപ്പും … ആ കണ്ണിയങ്ങ് അടർത്തിമാറ്റിയാൽ മറു വശത്തുള്ളവർ സെയ്ഫായി …..”
” യൂ മീൻ .. ബിൽഡേർസ് ഗ്രൂപ്പ് …”
” യെസ് ….” അവൾ തല ചലിപ്പിച്ചു …
ആലോചിച്ചപ്പോൾ അത് ശരിയാകുമെന്ന് അവനും തോന്നി …
” പക്ഷെ അംല … രത്നാകരകുറുപ്പിലൂടെ അവർ നടത്തിയ ചതിയാണെങ്കിലും അച്ഛൻ ചെയ്ത കുറ്റം ന്യായീകരിക്കപ്പെടില്ലല്ലോ …”
” ഇല്ല …. പക്ഷെ ഞാൻ ഫോണിലൂടെ ഒരു കാര്യം പറഞ്ഞിരുന്നില്ലേ , ബിൽഡേർസ് ഗ്രൂപ്പ് നൽകിയ കേസ് … അതിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയും … അതിൽ നിന്ന് രക്ഷപ്പെട്ടില്ലെങ്കിൽ , കേസ് അവർക്ക് അനുകൂലമായാൽ കോടതി പറയുന്ന തുക നമ്മൾ അവർക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും .. അത് ചിലപ്പോൾ കോടികളായിരിക്കും …..”
അവൾ പറഞ്ഞത് കേട്ട് അതുൽ സ്തംബ്ധനായി ..
” അതൊരു കൊലപാതകമാണ് എന്ന് നമ്മൾ എങ്ങനെ തെളിയിക്കും ….” അവൻ ചോദിച്ചു ..
” അന്വേഷണം ആവശ്യപ്പെടണം .. രത്നാകര കുറുപ്പിന്റെ ബന്ധുക്കളാരെങ്കിലും അയാളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കേസ് ഫയൽ ചെയ്യണം … പ്രതിസ്ഥാനത്ത് ബിൽഡേർസ് ഗ്രൂപ്പിനെ പരാമർശിച്ച് കേസ് നിലനിന്നാൽ , അത് നമുക്ക് ഫേവർ ചെയ്യും ….”
” അയാളുടെ ബന്ധുക്കളെ …..”
” നമ്മൾ കണ്ടെത്തണം .. എന്നിട്ട് അവരെ കൊണ്ട് കേസ് കൊടുപ്പിക്കണം .. ” അവൻ പറഞ്ഞു വന്നത് പൂർത്തിയാക്കും മുൻപേ അവൾ മറുപടി പറഞ്ഞു …
” അവരതിന് തയാറായില്ലെങ്കിൽ ….?” അവൻ ചോദിച്ചു ..
” തയാറാകണം … ഇല്ലെങ്കിൽ ……” അവൾ പകുതിയിൽ നിർത്തി …
” ഹർഷിനെ കൂട്ടി ഇന്ന് തന്നെ ഞാൻ പോകാം … ” അവൻ പറഞ്ഞു …
ആ പേര് കേട്ടപ്പോൾ അംലയുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു … മുറിവിലൂടെ വീണ്ടും മൂർഛയുള്ള കത്തിവരയുന്ന പോലെ ഒരു നോവ് ….
അവളത് മറച്ചുകൊണ്ട് ചിരിക്കാൻ ശ്രമിച്ചു ..
(തുടരും )
അമൃത അജയൻ .
അമ്മൂട്ടി ..
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Chandranudikkunna Dikkil written by Amrutha Ajayan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission