Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 15

Malayalam Novel Chandranudikkunna Dikkil

അഹല്ല്യ വേഗം മുറിയുടെ വാതിൽ അടച്ച് ബോൾട്ടിട്ടു .. ശേഷം ഫോൺ കാതോട് ചേർത്ത് ഹലോ പറഞ്ഞു…..

അവളുടെ സ്വരം വിറച്ചിരുന്നു ..

” അഹല്ല്യ ……..” ഒരു സാന്ത്വനം പോലെ ആ സ്വരം അവളുടെ കാതിൽ വീണു …..

” മറന്നോടോ താനെന്നെ …. “

രോഹിത്തായിരുന്നു മറുവശത്ത് ….

അവൾക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല ….

“ഹലോ അഹല്ല്യ … താൻ കേൾക്കുന്നുണ്ടോ ..”

അവളിൽ നിന്ന് മറുപടിയൊന്നുമില്ലാത്തതിനാൽ രോഹിത്ത് വീണ്ടും വിളിച്ചു …

” ഉവ്വ് ……” അവൾ മെല്ലെ പറഞ്ഞു ….

” ഒരിക്കൽ പോലും എന്നെയൊന്ന് വിളിച്ചില്ലല്ലോടോ താൻ …..” രോഹിത് ചോദിച്ചു …

” ഞാ….ൻ .. ” അവൾ വിക്കി ….

അവൾക്ക് സംശയമായി .. അവൻ തന്നെ എന്തിനാണ് വിളിച്ചത് .. പരിഹസിക്കാനാവുമോ … അന്ന് നടന്ന സംഭവങ്ങളെല്ലാം അവനറിയാതിരിക്കാനിടയില്ല ……

” അവിടെയും പ്രശ്നങ്ങളാണല്ലോ .. അല്ലേ …….. ” അവൻ ചോദിച്ചു …

” ങാ …..” അവൾ വെറുതെ മൂളി കേട്ടു ..

” രശ്മി പോയിട്ട് ഒരു മാസം തികയുന്നു … ഞാനിന്നലെ മുതലാ ഹോസ്പിറ്റലിൽ പോയി തുടങ്ങിയത് ……. ഒന്നിനും മനസ്സുണ്ടായിരുന്നില്ലടോ ….. അവളെന്റെ ജീവനായിരുന്നു …. “

അഹല്ല്യ കേട്ടു നിന്നതേയുള്ളു …

” രശ്മി പോയതോടെ എല്ലാവരും നമ്മളെയും മറന്നു എന്ന് തോന്നുന്നു …. അല്ല അവിടെയും മുന്നിട്ടിറങ്ങാൻ തന്റെ അച്ഛനില്ലല്ലോ ….. അതാവും …… “

” ങും ………” അവൾ മൂളി …

” സാരമില്ല .. അതുലിനെ സമയം പോലെ ഞാൻ കാണാം … വീട്ടിലും സംസാരിക്കാം … രശ്മിയില്ലാതെ മമ്മക്കും പപ്പക്കും ഇവിടെ പറ്റാതായിരിക്കുന്നു … ലണ്ടനിലേക്ക് പോകാനാ പ്ലാൻ … അതിന് മുൻപേ നമ്മുടെ കാര്യത്തിൽ ഒരു ഡിസിഷൻ എടുക്കട്ടെ എല്ലാവരും …..”

അവളൊന്നു പിടഞ്ഞു …. അവനെന്താണ് ഇങ്ങനെ സംസാരിക്കുന്നത് … ഇനി രോഹിത് ഒന്നും അറിഞ്ഞിട്ടില്ലേ ………

” ഇത്രയും നാൾ വിളിക്കാണ്ടിരുന്നപ്പോൾ ഞാൻ കരുതി ……”

അവൾ എങ്ങും തൊടാതെ പറഞ്ഞു നിർത്തി …..

” കഴിഞ്ഞില്ലടോ ….. തന്നെ വിളിച്ചാലും നല്ല വാർത്തയൊന്നും കേൾക്കാനിടയില്ലല്ലോ …. പോട്ടെ … സാരമില്ല .. അമ്മക്കും അനുവിനും താൻ ധൈര്യം കൊടുക്കണം …. അതുലിനെ ഞാൻ കാണാം ….”

അവൾ മൂളി ……

” ഞാൻ പിന്നെ വിളിക്കാം …….”

” ശരി ….”

മറുവശത്ത് ഫോൺ കട്ടായപ്പോഴും അവൾ ഫോണും പിടിച്ച് നിന്നു …

അവളുടെ കവിളിൽ വീണ നനവാണ് താൻ കരയുകയായിരുന്നു എന്ന് അവളോട് വിളിച്ച് പറഞ്ഞത് …

രോഹിത് ഒന്നും അറിഞ്ഞിട്ടില്ല എന്ന് അവൾക്ക് ഉറപ്പായി …

അറിഞ്ഞു കഴിയുമ്പോൾ ………..

വേണ്ട … ഇനിയാ പ്രതീക്ഷ വേണ്ട ……

അവൾ കണ്ണീരടക്കി ……..

********************** *

കയ്യിൽ നിന്ന് ഇറ്റു വീഴുന്ന രക്ത തുള്ളികൾ അവളുടെ ചുരിദാറിലും പടർന്നിരുന്നു ….

മെഡിക്കൽ സ്‌റ്റോറിൽ നിന്ന് രണ്ട് കിറ്റുമായി റോഡ് മുറിച്ചു കടന്നു വരുന്ന അതുലിനെ കാറിന്റെ ചില്ലുപാളിയിലൂടെ അംല കണ്ടു …..

അതുൽ വന്നു പിൻസീറ്റ് തുറന്നു …

” അംല ഒന്ന് ഇറങ്ങിയേ …….”

അവൾ പുറത്തേക്കിറങ്ങി ….

അവൻ തന്നെ വെള്ളം കൊണ്ട് അവളുടെ കയ്യിലെ മുറിവ് കഴുകി കൊടുത്തു ….

” കയറ് …..”

അവൾ തിരികെ പിൻസീറ്റിലേക്ക് തന്നെ കയറി … കൂടെ അതുലും ..

അവൻ കിറ്റ് തുറന്നു ബീറ്റാഡിൻ സൊല്യൂഷനും കോട്ടണും പുറത്തെടുത്തു … ബീറ്റാഡിൻ മുക്കിയ കോട്ടൺ വച്ച് കരുതലോടെ അവളുടെ മുറിവിൽ തുടച്ചു …

അവൾ അവന്റെ മുഖത്തേക്ക് നോക്കി …

അൽപ്പം മുൻപ് നടന്ന സംഭവങ്ങൾ മിന്നൽ പോലെ അവളുടെ മനസിലേക്ക് വന്നു …

പിഴുതെടുത്ത കമ്പിയുമായി അതുലിന്റെ നേർക്ക് പാഞ്ഞടുത്ത കുടിയൻ … മറ്റൊന്നുമാലോചിക്കാതെ ഒറ്റ കുതിപ്പിന് അയാളുടെ നെഞ്ചത്ത് തള്ളി മറിച്ചിടാൻ ശ്രമിച്ച താനും … പക്ഷെ അയാൾക്ക് ബാലൻസ് തെറ്റിയതിനൊപ്പം തന്റെ ബാലൻസും തെറ്റി … അതിനിടയിൽ അയാൾ തന്നെയും പിടിച്ച് തള്ളി … അതിരു കെട്ടാൻ കൂട്ടിയിട്ടിരുന്ന പാറകൾക്കിടയിലേക്കാണ് അവൾ തെറിച്ച് വീണത് .. ഇടത് കൈ പാറയിൽ ഇടിച്ചു … തലയിടിക്കും മുൻപേ മറുകയ്യിൽ ഒരു പിടിത്തം വീണിരുന്നു ..

മുറുക്കി പിടിച്ച് ഉയർത്തി തന്നെയാ നെഞ്ചിലേക്ക് ചേർത്ത് നിർത്തിയ ആ ഒർമയിൽ അവളുടെ ഉടലിലൂടെ വൈദ്യുതി പാഞ്ഞു … അറിയാതെ അവൾ കണ്ണുകളടച്ചു …

” വേദനയുണ്ടോ അംല ………” അവന്റെ ശബ്ദം അവളെയുണർത്തി ..

അവൾ കണ്ണ് തുറന്നു …

” ഇ …. ഇല്ല …….” ആ ശബ്ദം നേർത്തിരുന്നു …

അവളുടെ മുറിവിൽ ഗോസു ചുറ്റിക്കഴിഞ്ഞിരുന്നു …

അവൻ മിനറൽ വാട്ടർ തുറന്ന് അവൾക്ക് കുടിക്കാൻ കൊടുത്തു ..

മയിൽ പീലി വർണമായിരുന്നതിനാൽ ചുരിദാറിൽ പുരണ്ട ചോരയുടെ നിറം അറിയാൻ പറ്റില്ലായിരുന്നു ..

” ഡ്രസ് മാറ്റണമെങ്കിൽ നമുക്ക് ഒരെണ്ണം വാങ്ങി , ഏതെങ്കിലും ഹോട്ടലിൽ കയറി ഫ്രഷാകാം …..”

” വേണ്ട അതുലേട്ട.. എന്നെ വീട്ടിൽ വിട്ടാൽ മതി …..” അവൾ പറഞ്ഞു ..

” വിശക്കുന്നില്ലേ … എന്തെങ്കിലും കഴിക്കണ്ടേ ….”

” അതുലേട്ടൻ കഴിച്ചിട്ട് ,എനിക്ക് പാർസൽ വാങ്ങിയാൽ മതി .. ഞാൻ കാറിലിരുന്ന് കഴിക്കാം ….”

” ശരി ….. നമുക്ക് പോകാം … കുറച്ച് കൂടി പോയാൽ ടൗൺ ആണ് .. നമുക്കവിടുന്ന് കഴിക്കാം …..”

അവൾ അകത്തു കൂടി തന്നെ മുൻ സീറ്റിലേക്ക് കയറിയിരുന്നു …

അതുൽ ഡൈവിംഗ് സീറ്റിലേക്ക് കയറി , കാർ സ്റ്റാർട്ട് ചെയ്തു …..

പത്ത് മിനിറ്റ് കൊണ്ട് അവർ ടൗണിലെത്തി ….

അവൻ ഒരൽപം മുന്നിലേക്ക് കാർ പാർക്ക് ചെയ്തു …….

അംല കാറിലിരുന്നതേയുള്ളു ….

കുറച്ചു കഴിഞ്ഞപ്പോൾ അതുൽ വന്നു കാറിൽ കയറി .. അവന്റെ കയ്യിലെ കിറ്റിൽ രണ്ട് പൊതിയുണ്ടായിരുന്നു .. അവനും കഴിച്ചില്ലെന്ന് അവൾക്ക് മനസിലായി …..

അവൾ ചെറുതായി ചിരിച്ചു …

* * * * * * * * * * * * * * * * * * * *

വെള്ളിയാഴ്ച വീണ്ടും ശിവരാജന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു ..

അത്ഭുതങ്ങളൊന്നും സംഭവിക്കാനിടയില്ലെന്ന് അവർക്കറിയാമായിരുന്നു ….

എങ്കിലും പ്രതീക്ഷയുടെ ഒരു നാളം കൈവിടാതെ അവർ വിധിക്കായി കാത്ത് നിന്നു ..

ശിവരാജന്റെ മേലുള്ള വിവിധ കേസുകൾ കോടതി പരിഗണിച്ചു ..

മൂന്ന് മണിയോടെ ഞെട്ടിക്കുന്ന ആ വിധി കോടതി മുറിയിൽ പ്രതിധ്വനിച്ചു …

ശിവരാജന് ജാമ്യം നേടണമെങ്കിൽ 4 കോടി 60 ലക്ഷം രൂപ കെട്ടി വയ്ക്കണം .. ഒപ്പം രണ്ടാൾ ജാമ്യവും …

അതുൽ തളർച്ചയോടെ നിന്നു …

താൻ വിചാരിച്ചാൽ അതിന്റെ നാലിലൊന്ന് പോലും സംഘടിപ്പിക്കാനാകില്ല … പക്ഷെ അച്ഛൻ ……

നിമിഷങ്ങൾക്കകം വാർത്ത പടർന്നു തുടങ്ങി … ടിവിയിൽ ബ്രേക്കിംഗ് ന്യൂസ് ആയി ആ വാർത്ത ആഘോഷിച്ചു ….

ഹർഷ് , ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വന്ന് കയറിയതേയുണ്ടായിരുന്നുള്ളു ….

അവന്റെ ഫോൺ ശബ്ദിച്ചു …. എടുത്തു നോക്കിയപ്പോൾ അനുവാണ് ..

ചെറുപുഞ്ചിരിയോടെ അവൻ കോളെടുത്തു ..

” ഹലോ അനൂ ……”

മറുവശത്ത് ഒരു പൊട്ടിക്കരച്ചിലായിരുന്നു ….

അവൻ പകച്ചു പോയി ..

” അനൂ .. എന്താ മോളെ ….. എന്തു പറ്റി ……”

അവളപ്പോഴും കരച്ചിലായിരുന്നു …..

” മാഷേ …. കോടതി വിധി വന്നു …. നാല് കോടി 60 ലക്ഷം രൂപ കെട്ടിവച്ചാലേ അച്ഛന് ജാമ്യം പോലും കിട്ടൂ ……” കരച്ചിലിനിടയിൽ അവൾ പറഞ്ഞൊപ്പിച്ചു ….

അവൻ ഞെട്ടിപ്പോയി …..

” ആര് പറഞ്ഞു നിന്നോട് .. ഏയ് .. അങ്ങനെയൊന്നുമുണ്ടാകില്ല .. നീ സമാധാനിക്ക് … ഞാൻ അതുലിനെ വിളിക്കട്ടെ …..”

” അല്ല മാഷേ ……. സത്യാ ഞാൻ പറേണേ …. ടിവിയിൽ വാർത്ത വരുന്നുണ്ട് …..”

അവൻ ഹാളിലേക്കോടി … ടിവി ഓൺ ചെയ്തു ന്യൂസ് ചാനൽ വച്ചു ….

അവൾ പറഞ്ഞത് ശരിയായിരുന്നു … ടിവി യിൽ ബ്രേക്കിംഗ് ന്യൂസ് ആയി സ്ക്രോൾ പോകുന്നുണ്ടായിരുന്നു …..

” നീ ഫോൺ വക്ക് …… ഞാൻ അതുലിനെ വിളിക്കട്ടെ …….”

അവൻ കോൾ കട്ട് ചെയ്തിട്ട് അതുലിന്റെ നമ്പർ ഡയൽ ചെയ്ത് കാത്ത് നിന്നു …..

* * * * * * * * * * * * * * * * * * * *

അതുലും ഹർഷും അംലയും അംലയുടെ ഓഫീസ് മുറിയിലായിരുന്നു …..

” അദ്ദേഹത്തിന്റെ സ്വത്ത് വകകൾ മരവിപ്പിച്ചിരിക്കുന്നത് നീക്കം ചെയ്യാൻ കോടതിയെ സമീപിക്കാം .. അത് മാറ്റി കിട്ടും … എന്നാലും ഇത്രയും തുകയാകുമോ ….” അംല ചോദിച്ചു ..

” ഇല്ല …… ഞങ്ങൾക്കുള്ളതെല്ലാം വിറ്റ് പെറുക്കിയാലും അതിന്റെ കാൽ ഭാഗം പോലുമാകില്ല .. “

” കോടതിയോട് മൂന്നാഴ്ച സമയമാണ് ചോദിച്ചിരിക്കുന്നത് .. അത് നമുക്ക് പരമാവധി നീട്ടി ചോദിക്കാം .. അപ്പീൽ കൊണ്ട് കാര്യമില്ല .. സ്‌റ്റേറ്റിന് എതിരെയുള്ള കേസായത് കൊണ്ട് , ഈ വിധിയിൽ മറ്റെന്തെങ്കിലും മാറ്റം വരാൻ സാത്യതയില്ല …. “

” ഇത്രയും തുക , നമുക്കാരെങ്കിലും കടം തരുമോ …….. അതും ഈ അവസ്ഥയിൽ ..” ഹർഷ് പറഞ്ഞു ..

” ഞാൻ …. ഞാനൊരു സജഷൻ പറഞ്ഞാൽ ….. അതുലേട്ടൻ ആലോചിച്ചിട്ട് മതി ….” അംല സ്വരം താഴ്ത്തി പറഞ്ഞു …

” രശ്മിയുടെ ഫാമിലിയുമായി ഒന്ന് ബന്ധപ്പെട്ടാൽ ചിലപ്പോ ….ഈ അവസരത്തിൽ അതുലേട്ടനെ സഹായിക്കാൻ അവർക്ക് കഴിയും .. അതുലേട്ടന്റെ സിസ്റ്ററും രശ്മിയുടെ ബ്രദറുമായുള്ള വിവാഹം ഉറപ്പിച്ചു വച്ചിരിക്കുകയല്ലേ … സഹായം കിട്ടാനുള്ള ഏക വഴി ഞാൻ നോക്കിയിട്ട് അതു മാത്രമേയുള്ളു …..” അംല പറഞ്ഞു ..

ഹർഷിനും അത് ശരിയാണെന്ന് തോന്നി ..

അതുൽ നിഷേധാർത്ഥത്തിൽ തലയാട്ടി …

” ഏയ് .. അത് ശരിയാകില്ല … “

” നാണക്കേടൊന്നും വിചാരിച്ചിട്ട് കാര്യമില്ല അതുൽ … നമുക്ക് അച്ഛനെ പുറത്തിറക്കണ്ടെ … അന്യരല്ലല്ലോ അവർ .. രശ്മി പോയെങ്കിലും , അഹല്ല്യയുമായുള്ള ബന്ധം വേണ്ടന്ന് വച്ചിട്ടൊന്നുമില്ലല്ലോ ….. ഒന്ന് സംസാരിക്കുന്നത് കൊണ്ട് നമുക്കൊന്നും നഷ്ടപ്പെടാനില്ല … അവർക്ക് താത്പര്യമില്ലെങ്കിൽ തരണ്ട …. അഭിമാനം നോക്കിയിരിക്കേണ്ട സമയമല്ല അതുൽ .. “

ഹർഷ് പറഞ്ഞു …

അതുൽ മെല്ലെ എഴുന്നേറ്റു …..

വിവാഹം മുടങ്ങിയെന്ന് പറഞ്ഞാൽ അവർ കാരണം തിരക്കും … താനെങ്ങനെ അത് പറയും …

അവൻ ജനാലക്കൽ ചെന്ന് പുറത്തേക്ക് നോക്കി നിന്നു …

” അതുലേട്ടാ ഹർഷേട്ടൻ പറയുന്നതാണ് ശരി … അതുലേട്ടൻ ഒന്നുകൂടി ആലോചിക്ക് … ” അംല പറഞ്ഞു …

അവൻ വെറുതെ തലയാട്ടി ..

” നമുക്കിറങ്ങാം ഹർഷാ .. ഇന്നിനി ഒന്നും ചെയ്യാനില്ലല്ലോ …..” അതുൽ തിരിഞ്ഞ് നോക്കി ചോദിച്ചു ..

” പോകാം …… ” ഹർഷും എഴുന്നേറ്റു …

* * * * * * * * * * * * * *

ഹോസ്പിറ്റലിൽ ഒരാഴ്ച ലീവെഴുതി കൊടുത്ത് അതുൽ ഇറങ്ങി …..

” നീ ലീവെടുത്തിട്ട് എന്ത് ചെയ്യാനാടാ ……” മിഥുൻ ചോദിച്ചു …

” മനസമാധാനമായി ജോലി ചെയ്യാൻ പറ്റില്ലെടാ … എന്തെങ്കിലും കൈപ്പിഴ പറ്റിയാൽ , കൈത്തുമ്പിലുള്ളത് മനുഷ്യ ജീവനുകളല്ലെ….. എനിക്കൽപം സമാധാനം വേണം … “

മിഥുൻ പിന്നെയൊന്നും പറഞ്ഞില്ല … അവൻ പറയുന്നതും ശരിയാണ് …

തിരികെ വീട്ടിലേക്ക് വരുമ്പോൾ അതുലിന്റെ ഫോൺ ശബ്ദിച്ചു .. അവൻ ബൈക്ക് സൈഡൊതുക്കി നിർത്തി ഫോണെടുത്തു നോക്കി …

പ്രഫുല ചന്ദ്രനാണ് .. രശ്മിയുടെ പപ്പ ….

” അതുൽ ..താൻ ഫ്രീയാണോ ….”

” അതെ …..”

” എങ്കിൽ ഒന്ന് കാണണം … വീട്ടിലുണ്ടാവുമോ താൻ … “

” പപ്പ പറഞ്ഞാൽ മതി .. ഞാൻ വന്ന് കണ്ടോളാം …..” അവൻ മറുപടി നൽകി ..

രശ്മിയുണ്ടായിരുന്നപ്പോഴേ , അവനും അയാളെ പപ്പ എന്നായിരുന്നു വിളിച്ചിരുന്നത് ….

” എങ്കിൽ കേദാരത്തിലേക്ക് വരൂ … ഞാനിവിടെയുണ്ട് “

” ശരി … “

കാൾ കട്ട് ചെയ്ത് അവൻ ബൈക്ക് എടുത്തു ..

അതുൽ കേദാരത്തിന്റെ വിശാലമായ മുറ്റത്ത് ബൈക്ക് നിർത്തി , ഇറങ്ങി ..

സിറ്റൗട്ടിലേക്ക് കയറുമ്പോൾ തന്നെ കണ്ടു , മുൻ വശത്ത് ചുവരിൽ മുല്ലപ്പൂ മാല ചാർത്തി വച്ചിരിക്കുന്ന രശ്മിയുടെ ചിരിക്കുന്ന മുഖമുള്ള ഫോട്ടോ …

അവൻ അൽപ നേരം അവളെ നോക്കി നിന്നു ..

ഒരു നഷ്ടബോധം അവന്റെ ഹൃദയത്തിൽ തിരതല്ലി .. അവളായിരുന്നുവോ തന്റെ ഭാഗ്യം .. അവൾ പോയതോടെ താനൊരു തുരുത്തിലകപ്പെട്ട പോലെയായി ..

അവന്റെ നിൽപ് കണ്ടു കൊണ്ടാണ് പ്രഫുല ചന്ദ്രൻ ഇറങ്ങി വന്നത് ..

” അതുൽ വരൂ … ഞാൻ വെയ്റ്റിംഗായിരുന്നു .. “

അയാൾ അവനെ അകത്തേക്ക് ക്ഷണിച്ചു ..

” നമുക്ക് മുകളിലിരിക്കാം … വരൂ … “

ഇരുവരും പടവുകൾ കയറി മുകളിലേക്ക് നടന്നു ..

അവിടെ മട്ടുപ്പാവിന് അഭിമുഖമുള്ള ഹാളിൽ കണ്ണാടി പോലെ തിളങ്ങുന്ന റൗണ്ട് ടേബിളും കൊത്ത് പണികളുള്ള മനോഹരമായ ചെയറുകളുമുണ്ടായിരുന്നു …

രണ്ട് ചെയറിലായി ഇരുവരുമിരുന്നു …

“അതുലിനെന്താ കുടിക്കാൻ … കൂൾ പോരേ … “

” മതി ….”

അയാൾ തന്നെ എഴുന്നേറ്റ് , ഇടതു വശത്തായി സജ്ജീകരിച്ചിരുന്ന റെഫ്രിജറേറ്റർ തുറന്ന് ചുവന്ന നിറത്തിലുള്ള പാനീയമടങ്ങുന്ന സ്ഫടിക ജഗ് എടുത്തു …

ഒരു ഗ്ലാസിൽ പകർന്ന് അതുലിന് നൽകി ..

അയാൾ ഫ്രിഡ്ജിൽ നിന്ന് ഒരു ബോട്ടിൽ സ്കോച്ചുമായി വന്നിരുന്നു …

” ഇപ്പോ ഇതിലാ ഞാൻ പിടിച്ചു നിൽക്കുന്നത് … പണ്ട് രാത്രി ഒരൽപം കഴിക്കുമായിരുന്നു .. അതും ഒരു പെഗ് .. മോളാ നിയന്ത്രിച്ചിരുന്നത് .. ഇപ്പോ രാവിലെയും ഉച്ചക്കും രാത്രിയും …… ” അയാളുടെ തൊണ്ടയൊന്നിടറി …

അവൻ മിണ്ടാതെയിരുന്നു …….

” പ്രശ്നങ്ങളൊക്കെ ഞാനറിഞ്ഞു …. കോടതി പറഞ്ഞ തുക റെഡിയായിട്ടുണ്ടോ …? “

” ഇല്ല … ” അതുൽ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു ..

” സാവകാശം എത്രയുണ്ട് ….”

“കഷ്ടിച്ച് മൂന്നാഴ്ച … അത് പരമാവധി നീട്ടാൻ കഴിയുമെന്ന് വക്കീൽ പറഞ്ഞു .. ബട്ട് .. നീട്ടിയിട്ടും …..” അവൻ പകുതിയിൽ നിർത്തി …

” ങും …. ഈ അവസരത്തിൽ പറയാൻ പറ്റുന്ന കാര്യമല്ല .. എങ്കിലും പറയാതെ നിവൃത്തിയില്ല …. “

അതുൽ അയാളുടെ മുഖത്തേക്ക് നോക്കി ….

” രോഹിത്ത് ഇന്നലെ എന്നോട് സംസാരിച്ചിരുന്നു … മുടങ്ങിപ്പോയത് രശ്മിയുടെ മാത്രമല്ലല്ലോ , അവന്റെയും കൂടി വിവാഹമല്ലേ … അതിനെ കുറിച്ച് .. ലണ്ടനിലേക്ക് പോകും മുൻപ് കല്യാണം നടത്തണമെന്നാ അവന്റെ ആഗ്രഹം ….”

അതുൽ ആശ്ചര്യത്തോടെ പ്രഫുല ചന്ദ്രനെ നോക്കി …

” അവനെ ഒന്നും അറിയിച്ചിരുന്നില്ല .. അതിനുള്ള സാവകാശം കിട്ടിയിരുന്നില്ലല്ലോ .. ഇപ്പോഴും ഞാനൊന്നും പറഞ്ഞിട്ടില്ല .. പറയാതിരുന്നത് തന്നോട് ഒരിക്കൽ കൂടി സംസാരിച്ചിട്ടാകാമെന്ന് കരുതി … എന്റെ മോൾടെ ആഗ്രഹം നടക്കണമെന്ന് എനിക്കാഗ്രഹമുണ്ട് … എന്നെക്കാളുപരി , അവരുടെ അമ്മ അതാഗ്രഹിക്കുന്നു .. ” പ്രഫുല ചന്ദ്രൻ ഒന്ന് നിർത്തി അതുലിനെ നോക്കി .

അവൻ മുന്നിലിരുന്ന ഗ്ലാസിൽ വെറുതെ നഖം കൊണ്ട് കോറിക്കൊണ്ടിരുന്നു ..

” ഞാൻ പറഞ്ഞത് തന്റെ ഇളയ സിസ്റ്ററിന്റെ കാര്യമാണ് .. അനവദ്യയുടെ … ആ കുട്ടിയെ എന്റെ മകന് തരാൻ സമ്മതമാണെങ്കിൽ , ഞാനെന്റെ മകനോട് കാര്യം പറയാം .. അവന് കാര്യം മനസിലാകും … “

” അത് നടക്കില്ല സാർ … ഒരാൾക്ക് ആലോചിച്ച പയ്യനെ മറ്റൊരാൾക്ക് ..അത് ശരിയാകില്ല …. “

” എന്തുകൊണ്ട് … അതിന് വ്യക്തമായ കാരണമുണ്ടല്ലോ .. അതവൾക്കും അറിയാം .. അഹല്ല്യക്ക് മറ്റൊരു റിലേഷനില്ലേ .. ആ ബന്ധം നടത്തി കൊടുക്കുന്നതല്ലേ നല്ലത് .. ഇതിൽ ഞങ്ങളാരെയും ചതിച്ചിട്ടില്ലല്ലോ .. “

” നോ സർ …. എങ്കിലും അനുവും രോഹിത്തുമായി ഒരു ബന്ധം വേണ്ട … “

പ്രഫുല ചന്ദ്രൻ ഗ്ലാസിലേക്ക് ഒരു പെഗ് പകർന്നു .. പിന്നെ അതുമായി എഴുന്നേറ്റു …

” അങ്ങനെ ഒറ്റയടിക്ക് തീരുമാനിക്കണ്ട അതുൽ …. ഞാൻ പറയുന്നത് മുഴുവൻ താൻ കേൾക്കണം .. എന്നിട്ട് മറുപടി പറഞ്ഞാൽ മതി …… രോഹിതും അനവദ്യയുമായുള്ള വിവാഹം നടക്കണം .. അത് നടത്താൻ തന്റെ അച്ഛൻ ശിവരാജൻ മുന്നിലുണ്ടാകും …..”

അതുൽ പ്രഫുല ചന്ദ്രനെ നോക്കി ..

” വെറും വാക്കല്ല …. താൻ ഈ വിവാഹത്തിന് സമ്മതിച്ചാൽ , കോടതിയിലടക്കാനുള്ള മുഴുവൻ പണവും ഞാൻ കെട്ടിവയ്ക്കാം …. നല്ലൊരു അഡ്വക്കെറ്റിനെ വച്ച് കേസും വാദിക്കാം … “

ഞെട്ടലോടെ അതുൽ എഴുന്നേറ്റു …..

” തന്റെ ബുദ്ധിമുട്ട് ഞാൻ മുതലാക്കുകയാണ് എന്ന് കരുതിയാലും തെറ്റില്ല … എന്റെ ഈ തീരുമാനം കൊണ്ട് അകത്ത് കിടക്കുന്ന ഒരാൾക്ക് സന്തോഷമാകുമെങ്കിൽ … അവരൊന്ന് ചിരിച്ചു കണ്ടിട്ട് ഒരു മാസമായെടോ ….” അത് പറയുമ്പോൾ അയാളുടെ തൊണ്ടയിടറി ..

അതുൽ കേട്ടത് എന്ത് വേണമെന്നറിയാതെ മരവിച്ച് നിന്നു …..

( തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!