Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 16

Malayalam Novel Chandranudikkunna Dikkil

അതുലിന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ പ്രഫുലചന്ദ്രൻ നോക്കി ….

അവനിൽ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല .. എങ്കിലും തന്റെ ഓഫർ അവനെയൊന്ന് ഉലച്ചിട്ടുണ്ടെന്ന് അവന്റെ നിൽപ്പിൽ നിന്ന് അയാൾക്ക് മനസിലായി …

” അതുലിന് ആലോചിക്കാം ….. നന്നായി ആലോചിച്ച് മറുപടി തന്നാൽ മതി … കോടതിയുടെ സമയം അവസാനിക്കുന്നിടം വരെ തന്റെ മുന്നിൽ സമയമുണ്ട് .. എനിക്ക് അത് കഴിഞ്ഞാലുമുണ്ട്… കുറ്റബോധമൊന്നും വേണ്ട …. നമ്മുടെ രശ്മിയുടെ ആഗ്രഹമായിരുന്നു അത് … നിനക്ക് അത്ര പെട്ടന്ന് അവളെ മറക്കാൻ കഴിയുമോ ……?”

അയാൾ അവന്റെ ഹൃദയത്തിന്റെ ലോലതയിൽ അങ്ങേയറ്റം സ്പർശിച്ചു തന്നെ പറഞ്ഞു ….

പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് അതുൽ മുഖം അമർത്തി തുടച്ചു …

ഇനിയവൻ അറുത്തുമുറിച്ച് ഒരു തീരുമാനം എടുക്കില്ലെന്ന് പ്രഫുല ചന്ദ്രന് ഉറപ്പായി ..

അയാൾ മുന്നോട്ട് നടന്നു വന്ന് അവന്റെ തോളത്ത് തട്ടി ..

” അതുൽ പൊയ്ക്കോളു … എല്ലാവരോടും ആലോചിച്ച് ഒരു തീരുമാനം അറിയിച്ചാൽ മതി … തന്റെയൊരു വിളിക്കായി ഞാൻ കാത്തിരിക്കും … “

അവൻ മെല്ലെ തിരിഞ്ഞു നടന്നു ..

താഴെ മുറ്റത്ത് പുൽത്തകിടിക്കരികിലായി വച്ചിരുന്ന ബൈക്കെടുത്ത് അവൻ പോകുന്നത് മുകളിൽ ഒരു മന്ദസ്മിതത്തോടെ പ്രഫുല ചന്ദ്രൻ നോക്കി നിന്നു …..

* * * * * * * * * * * * * * * * *

അമ്പലത്തിന്റെ ആൽത്തറയിൽ അവൻ വെറുതേയിരുന്നു … എത്രയോ വർഷങ്ങളായി ക്ഷേത്രത്തിലൊന്നും അവൻ വരാറേയില്ലായിരുന്നു …

ഇന്നിപ്പോൾ , ഈ വെയ്ൽ താണ് തുടങ്ങിയ വൈകുന്നേരത്തിൽ , അമ്പലത്തിലെ റെക്കോർഡിൽ നിന്ന് ഒഴുകി വരുന്ന പാട്ട് കേട്ട് ഇരിക്കുമ്പോൾ മനസിന് ഒരാശ്വാസം ….

പണ്ട് സ്കൂൾ കാലഘട്ടത്തിൽ ഹർഷും താനും സുഹൃത്തുക്കളും ഈ ആൽച്ചുവട്ടിൽ എത്രയോ നേരം കളഞ്ഞിരുന്നു ..

ആരോടാണ് എല്ലാം ആദ്യം പറയേണ്ടത് എന്ന ചോദ്യത്തിന് കൂട്ടിയും കിഴിച്ചും അവൻ കണ്ടെത്തിയ ഉത്തരം ഉറ്റ ചങ്ങാതി തന്നെയായിരുന്നു …

സ്നേഹിച്ച പെണ്ണിനെ മറക്കാൻ കഴിയുമോ എന്നാണ് അവനോട് ചോദിക്കേണ്ടത് .. ഓർത്തപ്പോൾ അതുലിന് തന്നോട് തന്നെ അപകർഷതാ ബോധം തോന്നി …

രശ്മി ജീവിച്ചിരിക്കുമ്പോൾ തന്നോട് ആരെങ്കിലും ഇത്തരമൊരു കാര്യം ചോദിച്ചാൽ തനെന്ത് ഉത്തരം നൽകും … എന്തിനെങ്കിലും വേണ്ടി അവളെ ഉപേക്ഷിച്ചൊരു ത്യാഗം ചെയ്യാൻ തനിക്കു കഴിയുമായിരുന്നോ ….

ആലോചിച്ചിരിക്കുമ്പോൾ , ചെറിയ മൺ വഴിയിലൂടെ ഹർഷ് നടന്നു വരുന്നത് അതുൽ കണ്ടു …

മുണ്ടും ഷർട്ടുമായിരുന്നു അവന്റെ വേഷം ..

അതുലിന്റെ മുഖം കണ്ടപ്പോൾ തന്നെ ഹർഷിന് ഒരു പന്തികേട് മണത്തു …

” എന്താടാ അത്യാവശ്യമായി ഇവിടെ വരാൻ പറഞ്ഞത് ….?”

” നീയിരിക്ക് ……. “

ഹർഷ് അതുലിനരികിലായി ഇരുന്നു ..

” ഞാനിന്ന് രശ്മിയുടെ പപ്പയെ കണ്ടിരുന്നു … ” അവൻ തുടങ്ങി വച്ചു ..

” ആ എന്നിട്ട് .. പണത്തിന്റെ കാര്യത്തിലെന്തെങ്കിലും ….?” ഹർഷ് ആകാംഷയോടെ തിരക്കി ….

” പണം കിട്ടും .. പക്ഷെ അതിന് നമ്മളൊരു വിട്ടുവീഴ്ച ചെയ്യണം …… “

” എന്താണെങ്കിലും ചെയ്യാമെടാ .. നീ സമ്മതിച്ചില്ലേ …. ” ഹർഷ് ഒട്ടുമാലോചിക്കാതെ പറഞ്ഞു …

അതുൽ നിഷേധാർത്ഥത്തിൽ തലയാട്ടി ..

” അതു തീരുമാനിക്കേണ്ടത് നീയാണ് … “

” ഞാനോ ….” ഹർഷ് നെറ്റി ചുളിച്ചു …

” ഞാൻ …. ഞാനിനി പറയാൻ പോകുന്ന കാര്യങ്ങൾ നീ ക്ഷമയോടെ കേൾക്കണം … ” അതുൽ നിസംഗതയോടെ പറഞ്ഞു …

ഒരിക്കലും മറ്റാരും അറിയാനിടവരരുതെന്ന് കരുതി , ഓർക്കാൻ പോലുമിഷ്ടപ്പെടാതെ മനസിൽ കുഴിച്ചു മൂടിയ ആ നശിച്ച ദിവസം മുതൽ ഇന്ന് രശ്മിയുടെ പപ്പയുമായി നടന്ന സംഭാഷണം വരെ അതുൽ ഹർഷിനോട് പറഞ്ഞു ……

* * * * * * * * * * *

ഹർഷിന്റെ ഹൃദയം നുറുങ്ങിപ്പോയി …

ചക്രവ്യൂഹത്തിലകപ്പെട്ടത് പോലെ അവനിരിക്കാൻ തുടങ്ങിയിട്ട് സമയമേറെയായി .. ദൂരെ പകൽ മാഞ്ഞ് തുടങ്ങിയിരുന്നു … ആലിന്റെ ചില്ലകളിൽ ചേക്കേറിയ പക്ഷിക്കൂട്ടം കലപില കൂട്ടി തുടങ്ങി …

ദീപാരാധന കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്ന് ആളുകൾ പിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നു ..

അതുൽ എഴുന്നേറ്റ് ചെന്ന് ഹർഷിന്റെ തോളത്ത് തട്ടി ….

” സോറി … ഞാൻ നിന്നോട് ഇങ്ങനെ ആവശ്യപ്പെടാൻ പാടില്ലായിരുന്നു … ഒരു നിമിഷം ഞാനെന്റെ തലക്കു മുകളിലുള്ള എടുക്കാൻ പറ്റാത്ത ഭാരത്തെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളു … ഇരുമ്പഴിക്കപ്പുറം കണ്ട അച്ഛന്റെ നിറഞ്ഞ കണ്ണ് മാത്രമേ ഓർത്തുള്ളു… ..വേണ്ട … നീ .. നീ ക്ഷമിക്ക് …. “

ഹർഷ് ദൂരേക്ക് നോക്കി നിന്നു .. അവന്റെ കണ്ണുകൾ നീറി തുടങ്ങിയിരുന്നു ..

അനു … അവളിതറിയുമ്പോൾ എങ്ങനെ പ്രതികരിക്കും …?

അച്ഛനേക്കാൾ വലുതായിരിക്കുമോ അവൾക്ക് താൻ …

പറ്റില്ലെന്ന് ഒരു വാക്ക് താൻ അതുലിനോട് പറഞ്ഞാൽ തനിക്കവളെ നഷ്ടപ്പെടില്ല ..

പക്ഷെ അവളിതറിഞ്ഞാൽ , തന്നെ സ്വാർത്ഥനെന്ന് വിളിക്കില്ലേ .. അവൾക്ക് തന്നെക്കാൾ പ്രധാനം അവളുടെ അച്ഛൻ തന്നെയായിരിക്കും …

” ഹർഷാ .. നമുക്ക് പോകാം … ഞാൻ പറഞ്ഞതൊക്കെ നീ മറന്നേക്ക് .. അല്ലെങ്കിലും ഞാനെന്തൊരു ദുഷ്ടനാണ് ..

പണത്തിന് വേണ്ടി പെങ്ങളെ ബലി കൊടുക്കാൻ തയ്യാറായ ആങ്ങള …. അമ്മയെയും പെങ്ങളെയും വിറ്റ് ജീവിക്കുന്നവരും ഞാനും തമ്മിൽ വലിയ അന്തരമൊന്നുമില്ലാതായി അല്ലേടാ …” അവന്റെ കണ്ഠമിടറി …. പിന്നെ അവനവിടെ നിന്നില്ല … വേഗം തിരിഞ്ഞു നടന്നു …

” നിൽക്ക് ………………” ഹർഷ് പിന്നിൽ നിന്ന് വിളിച്ചു …

അതുൽ നിന്നു …

* * * * * * * * * * * * * * * * *

എല്ലാം കേട്ട് , അനവദ്യ മരവിച്ച് നിന്നു …

ഹർഷ് പറഞ്ഞതനുസരിച്ച് അതുൽ എല്ലാം അനുവിനെ അറിയിച്ചു …

പറഞ്ഞു കഴിഞ്ഞ് അതുലിന് അവളുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം കിട്ടിയില്ല …..

മുറിയിലെ കനത്ത നിശബ്ദതയിൽ , സമയം ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു …

കട്ടിലിന്റെ ഓരത്ത് ശില പോലെ ഇരിക്കുകയായിരുന്നു അനു….

അവളിൽ നിന്ന് മറുപടിയൊന്നും വന്നില്ല …

” മോളെ …..” അവൻ അവളുടെ അരികിൽ ചെന്ന് ആർദ്രതയോടെ വിളിച്ചു …

അവൾ മെല്ലെ കണ്ണുകളുയർത്തി ..

” നിനക്ക് വയ്യെങ്കിൽ വേണ്ട .. ഏട്ടന്റെ മുന്നിൽ വേറെ വഴിയില്ലാഞ്ഞിട്ടാ ….” അവൻ ഇടർച്ചയോടെ പറഞ്ഞു ..

അടുത്ത നിമിഷം ഒരു പൊട്ടിക്കരച്ചിലോടെ അവൾ അവന്റെ കൈ പിടിച്ചു തന്റെ മുഖത്തേക്ക് ചേർത്തു ..

അവൻ അവളുടെ അരികിലിരുന്നു …

അവൾ ആർത്തലച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു …

അവന്റെ വലംകൈ അവളുടെ തലയിൽ തലോടിക്കൊണ്ടേയിരുന്നു..

* * * * * * * * * * *

മണിക്കൂറുകൾ കൊഴിഞ്ഞു പോയിരുന്നു …

അവളപ്പോഴും ഏട്ടന്റെ നെഞ്ചിൽ , ഒരു പൈതലിനെ പോലെ ചാഞ്ഞു കിടക്കുകയായിരുന്നു ..

അവന്റെ വിരലുകൾ അവളുടെ നെറ്റിയിൽ സ്പർശിച്ചു ..

ഞെട്ടലോടെ അവൻ വീണ്ടും അവളുടെ കഴുത്തിലും നെറ്റിയിലും തൊട്ടു നോക്കി .. പൊള്ളുന്ന പനി …

അവൻ അവളെ പിടിച്ച് ബെഡിൽ കിടത്തി … അവൾ മയക്കത്തിലായിരുന്നു .. അവളെ ഉണർത്താതെ തന്നെ

ബെഡ്ഷീറ്റ് എടുത്ത് പുതച്ചു .. നെറ്റിയിൽ കോട്ടൺ നനച്ചിട്ടു കൊടുത്തു..

അവനുറങ്ങാതെ അവൾക്കരികിലിരുന്നു …

ഇനി അവളെ വേദനിപ്പിക്കണ്ട എന്ന് അവൻ തീരുമാനിച്ചു … എല്ലാം വിധിപോലെ വരട്ടെ ..

എന്നെങ്കിലുമൊരിക്കൽ , അന്ന് ഏട്ടനെന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എന്റെ അച്ഛന് വേണ്ടി മറ്റെല്ലാം ഞാൻ ത്യജിക്കുമായിരുന്നല്ലോ എന്നവൾ പറയാനിടവരരുത് എന്ന് കൂടി ഓർത്തുകൊണ്ട് തന്നെയാണ് താനെല്ലാം അവളെ അറിയിച്ചത് …

രാവിലെ തന്നെ അവളെ ഉണർത്തി ചായയും മരുന്നുമൊക്കെ അവൻ നൽകി .. അഹല്യയോട് അവളെ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകി …

വീട്ടിലെന്തോ പുകയുന്നുണ്ടെന്ന് അക്കുവിന് മനസിലായി .. പക്ഷെ ഏട്ടനോട് ചോദിക്കാൻ അവൾക്ക് ധൈര്യം കിട്ടിയില്ല .. തഞ്ചത്തിൽ അനുവിനോട് ചോദിച്ച് മനസിലാക്കാം എന്നവൾ കണക്കുകൂട്ടി ..

പത്ത് മണിയായപ്പോൾ , എവിടെയോ പോകാൻ തയ്യാറായി അനു ഇറങ്ങി വന്നു .. അതുൽ അംലയെ കാണാൻ പോകാനിറങ്ങുകയായിരുന്നു ..

” മോളെവിടെ പോകുന്നു .. പോയ് കിടക്ക് .. “

” ഞാൻ മാഷേ കണ്ടിട്ട് വരാമേട്ടാ …” അവൾ നിർവികാരയായി പറഞ്ഞു ..

അതുൽ അവളെ പിടിച്ച് തനിക്കഭിമുഖം നിർത്തി ..

” വേണ്ട .. മോളതൊക്കെ മറന്നേക്ക് .. ഏട്ടൻ രാവിലെ പറഞ്ഞതല്ലേ .. ഇനി എന്റെ കുട്ടി ഒന്നും ഓർത്തു വിഷമിക്കണ്ട . . ഇത്രയൊക്കെ നമ്മളും അച്ഛനും സഹിച്ചില്ലേ .. അച്ഛനിത്രയൊക്കെ ചെയ്തതും നിനക്കും ഹർഷിനും വേണ്ടിയിട്ടാ .. എന്നിട്ടും നിങ്ങൾ തോറ്റു പോയാൽ അച്ഛൻ സഹിക്കുമോ .. അക്കുവായിട്ട് തന്നെ അച്ഛനെ തോൽപ്പിച്ചു .. ഇനി നീ കൂടി .. വേണ്ട മോളെ … എല്ലാം വിധി പോലെ വരട്ടെ … “

” എനിക്ക് മാഷേ കാണണം ഏട്ടാ …” അവൾ തറപ്പിച്ച് പറഞ്ഞു ….

പിന്നെ അവൻ എതിർത്തില്ല ..

” വെയ്ലധികം കൊള്ളരുത് .. ഉച്ചക്ക് മുന്നേ തിരികെ വരണം … ടാബ്ലറ്റ് കഴിക്കാനുള്ളതാ ….” കരുതലോടെ അവൻ പറഞ്ഞു ..

അവൾ ഒന്നും പറയാതെ ഇറങ്ങി പോയി .. കിച്ചണിൽ നിന്ന് ഹാളിലേക്കുള്ള വാതിൽക്കൽ അഹല്ല്യ അതെല്ലാം കണ്ട് നിൽപ്പുണ്ടായിരുന്നു ..

അതുലിന്റെ നോട്ടം അവളുടെ മേൽ വീണപ്പോൾ , അവൾ മെല്ലെ കിച്ചണിലേക്ക് പിൻവാങ്ങി …

* * * * * * * * * * * * * *

” മാഷിന് എന്നോട് വെറുപ്പ് തോന്നണുണ്ടോ …”

അവരെന്നും സന്ധിക്കാറുള്ള , അവളുടെ കോളേജിനടുത്തുള്ള പാർക്കിലെ മൺ ബഞ്ചിൽ അടുത്തടുത്ത് ഇരിക്കുകയായിരുന്നു ഹർഷും അനുവും ….

അവളുടെ ചോദ്യം അവന്റെ ഹൃദയത്തെ ഈറനണിയിച്ചു ..

” ഇല്ലെടാ.. ഒരിക്കലും എനിക്കെന്റെ മോളെ വെറുക്കാൻ കഴിയില്ല .. നിന്റെ തീരുമാനമാണ് ശരി .. എന്റെയും തീരുമാനം മറിച്ചല്ലായിരുന്നു … അത് ഞാനിന്നലെ തന്നെ അതുലിനോട് പറഞ്ഞിരുന്നു …. “

അവൾ നിശബ്ദയായി ഇരുന്നു …

” അല്ലെങ്കിലും അച്ഛനേതോ ഇരുട്ടിൽ , നീളുന്ന കാരാഗൃഹ വാസവും കാത്ത് കിടക്കുമ്പോൾ നമ്മളെങ്ങനെ സന്തോഷത്തോടെ ഒന്നിക്കും …. അച്ഛന്റെ വേർപാടിൽ നെഞ്ച് പൊട്ടി കഴിയുന്ന അമ്മയുടെ മുന്നിൽ നമ്മളെങ്ങനെ ജീവിക്കും ….. ആളുകളറിഞ്ഞാലും നമ്മളെ മാത്രമേ പഴിക്കൂ …. നാളെ നമുക്ക് തന്നെ മടുപ്പു തോന്നും .. പരസ്പരം വെറുപ്പ് തോന്നും … എല്ലാവരെയും നിത്യദുഃഖത്തിൽ തള്ളി വിട്ടിട്ട് നമ്മുടെ സ്നേഹം ജയിച്ചിട്ട് എന്ത് കാര്യം …. നീ മറിച്ചൊരു തീരുമാനമെടുത്തിരുന്നെങ്കിലും ഞാൻ നിന്നെ പറഞ്ഞ് തിരുത്തുമായിരുന്നു … അതു വേണ്ടി വന്നില്ലല്ലോ … “

അവൾ കരച്ചിലടക്കി കേട്ടിരുന്നു ….

” രോഹിത് ഭാഗ്യമുള്ളവനാ … നിന്നെ പോലൊരു കുട്ടിയെ അവനാണല്ലോ വിധിച്ചത് ….” അവന്റെ വാക്കുകളിൽ നിരാശ നിഴലിച്ച് നിന്നു ..

” പക്ഷെ ഞാൻ ഭാഗ്യം കെട്ടവളായില്ലേ മാഷേ … ” അവൾ സങ്കടത്തോടെ പറഞ്ഞു ..

” അങ്ങനെയൊന്നും കരുതണ്ട .. രോഹിത് നല്ല പയ്യനാ … അവന്റെ കൂടെ രാജകുമാരിയെ പോലെ നിനക്ക് കഴിയാം … “

അവൾ പുശ്ചത്തോടെ ചിരിച്ചു ….

” അനു പൊയ്ക്കോളു .. വീട്ടിൽ തിരക്കില്ലേ … “

” ഇനി .. ഇനിയൊരിക്കൽ കൂടി നമുക്കിങ്ങനെ ഇരിക്കാൻ കഴിയോ മാഷേ ….” അവൾ പൊട്ടിപ്പോയി …

അവന്റെ നെഞ്ചകം വിങ്ങി …

” ഞാൻ .. ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടാകും .. പഴയതുപോലെ നമ്മൾ തമ്മിൽ സംസാരിക്കില്ലായിരിക്കാം .. ഒരുമിച്ച് നടക്കുകയും ഇതുപോലെ ചേർന്നിരിക്കുകയുമില്ലായിരിക്കാം .. ചിലപ്പോൾ പരസ്പരം കണ്ടാൽ വഴി മാറി സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങളായി തീർന്നേക്കാം … ഞാനും മറ്റാരുടെയെങ്കിലും ഭർത്താവായേക്കും …അപ്പോഴും എന്റെയുള്ളിൽ നിന്നോടുള്ള സ്നേഹം മാത്രം മരിക്കില്ല .. കൂടെയുള്ള ആരെയും വേദനിപ്പിക്കാതെ നമുക്ക് നിശബ്ദമായി സ്നേഹിക്കാം .. പ്രണയത്തിന് ഒരുമിച്ച് ജീവിക്കണം എന്നൊരർത്ഥമില്ല … മരിക്കാൻ തുടങ്ങുമ്പോൾ ഓർമയുടെ അവസാന നാളത്തിലും കൺമുന്നിൽ ഒരു നേർത്ത രേഖയായി നീ മായുന്നുണ്ടെങ്കിൽ നമ്മുടെ പ്രണയം ജയിച്ചു എന്ന് തന്നെയാ അതിന്റെയർത്ഥം … “

അവൾ വിങ്ങിപ്പൊട്ടി …. വാ പൊത്തിക്കരഞ്ഞുകൊണ്ട് അവൾ പിന്തിരിഞ്ഞോടി …

അവൻ കുനിഞ്ഞിരുന്ന് കണ്ണ് തുടച്ചു ..

* * * * * * * * * * * * * * * *

അവൾ വീട്ടിലെത്തുമ്പോൾ അതുൽ സിറ്റൗട്ടിലുണ്ടായിരുന്നു .. അവന്റെ നോട്ടം കണ്ടപ്പോൾ അവളെ കാത്തിരിക്കുകയായിരുന്നെന്ന് തോന്നി ..

അവൾ പടി കയറി വന്ന് അവനരികിൽ നിന്നു ..

അവനെന്തോ ചോദിക്കാൻ തുടങ്ങിയതും അവളുടെ വാക്കുകൾ അതിനെ തടഞ്ഞു ..

” മറ്റ് തടസങ്ങളൊന്നുമില്ലെങ്കിൽ എനിക്കീ വിവാഹത്തിന് സമ്മതമാണേട്ടാ ….”

അതുൽ ഞെട്ടലോടെ അവളെ നോക്കി ..

” മോളെ …..” ഒരു വിറയലോടെ അവൻ വിളിച്ചു .. അവന്റെ ശബ്ദം നേർത്തു പോയിരുന്നു ..

” വേണ്ട .. വേണ്ടടാ.. നിന്റെ ജീവിതം കളഞ്ഞു കൊണ്ട് ഒന്നും വേണ്ട ….”

” വേണം …. ഇതല്ലാതെ ഇത്രയും പണം ഏട്ടന് സംഘടിപ്പിക്കാൻ കഴിയുമോ … “

” ഞാൻ വക്കീലുമായി സംസാരിച്ചിരുന്നു .. ഒരു അപ്പീൽ പോയി നോക്കാനുണ്ട് .. “

” പ്രതീക്ഷയുണ്ടോ …”

” ഇല്ല .. എങ്കിലും … “

” എപ്പോഴായാലും പിഴയടക്കേണ്ടി വരും അല്ലേ ……”

” ങും…..” അവൻ തലയാട്ടി ..

” എനിക്ക് ഈ ലോകത്ത് മറ്റെന്തിനേക്കാൾ വലുത് എന്റെ അച്ഛനാ … ഇന്ന് ഈ നിമിഷം പണം കിട്ടുമെങ്കിൽ ഇപ്പോൾ ഞാൻ തയാറാ കല്യാണത്തിന് ….. എനിക്കെന്റെ അച്ഛനെ മാത്രം മതി ..” ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു ..

അതുൽ പേടിയോടെ അവളെ നോക്കി ..

ഒരു തരം കല്ലിച്ച ഭാവമായിരുന്നു ആ മുഖത്ത് .. ഇന്നലെ വരെ എന്തു കേട്ടാലും പൊട്ടിക്കരയുന്ന തൊട്ടാവാടിയായ തന്റെ അനിയത്തിയല്ല ഇപ്പോൾ മുന്നിൽ നിന്ന് സംസാരിക്കുന്നതെന്ന് അവന് തോന്നി ..

ഒരു പക്വമതിയായ സ്ത്രീ നിന്ന് സംസാരിക്കുന്നത് പോലെ .. അവളുടെ കണ്ണുകളിലെ നിശ്ചയദാർഢ്യം അവനെ അമ്പരപ്പിച്ചു … അവളുടെ വാക്കുകളിൽ പകയാണോ എന്ന് പോലും അവൻ സംശയിച്ചു ..

” ഒരു കണ്ടീഷൻ മാത്രം .. രോഹിത്തേട്ടൻ എനിക്ക് ആലോചിച്ച പുരുഷനല്ല .. അയാളുടെ വിവാഹ മോതിരം ഇപ്പോഴും കയ്യിലണിഞ്ഞ് ഒരു പെണ്ണ് അകത്തുണ്ട് .. അവൾ കരയാനിട വരരുത് .. “

അതുൽ അവളെ നോക്കി ..

” തെറ്റ് സംഭവിച്ചിട്ടുണ്ട് അവൾക്ക് .. അറിവില്ലായ്മ കൊണ്ട് … എന്റെ വിവാഹത്തിന് മുൻപ് അവളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകണം … രോഹിത്തേട്ടൻ കണ്ടിഷ്ടപ്പെട്ട് ആലോചിച്ചത് അവളെയാണ് .. എന്റെ ഭർത്താവായി വരുന്നവൻ സ്നേഹിച്ച പെണ്ണ് ഈ വീട്ടിൽ ഇങ്ങനെ നിൽക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ടാകും .. ഇപ്പോഴല്ലെങ്കിലും എപ്പോഴെങ്കിലും അത് സംഭവിക്കും …..” ദൃഡതയോടെ പറഞ്ഞിട്ട് അവൾ അകത്തേക്ക് കയറിപ്പോയി …

ആരായിരുന്നു ഇപ്പോൾ തന്റെ മുന്നിൽ നിന്ന് സംസാരിച്ചത് …. തന്റെ കുഞ്ഞു പെങ്ങൾ തന്നെയോ ….

അവളുടെ വാക്കുകളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒരുപാട് ഒരുപാട് ചെറുതായവനെപ്പോലെ അതുൽ നിന്നു ….

(തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!