അതുൽ ബൈക്ക് പാലത്തിന് താഴെ നിർത്തി , ഇടതു വശത്തുള്ള ചെറിയ ഇടവഴിയിലൂടെ നടന്നു …
ഓടിട്ട ആ കൊച്ചു വീട്ടിന്റെ മുന്നിലാണ് നടത്തം അവസാനിച്ചത് ..
മുറ്റത്ത് ഓലപ്പായ വിരിച്ച് അതിന്മേൽ മുളക് ഉണക്കാൻ ഇട്ടിരിക്കുന്നു …
അവൻ ചുറ്റും നോക്കി ..
ചെറിയൊരു മൺകലവുമായി ഒരു സ്ത്രീ നടന്നു വന്നു … വയ്യായ്മകൾ എഴുതി വച്ചിരിക്കുന്ന മുഖം … കയലിമുണ്ടും ബ്ലൗസുമാണ് വേഷം .. ഒരു തോർത്ത് കൊണ്ട് മാറിടം മറച്ചു കുത്തിയിട്ടുണ്ട് ..അവനെ കണ്ടപ്പോൾ അവർ പുഞ്ചിരിച്ചു ….
” ആഹാ .. ഇതാര് …. ഡോക്ടറുകുഞ്ഞോ …. ഈ വഴിയൊക്കെ കണ്ടിട്ട് എത്ര കാലായി കുഞ്ഞേ .. ” അവർ സന്തോഷത്തോടെ അടുത്തു വന്നു ..
അവൻ പുഞ്ചിരിച്ചു …
” അമ്മക്ക് സുഖാണോ …..”
അവർ തളർന്ന ചിരി ചിരിച്ചു ..
” എന്ത് സുഖം മോനേ … കഷായോം മരുന്നുകളുമായി ഇങ്ങനെ പോണു … ആശുപത്രിയിൽ പോകാന്ന് അവൻ പറയും … വേണ്ടാന്ന് ഞാനും…. സർക്കാരാശുപത്രിയിലായാലും മരുന്നും ടെസ്റ്റ്കളും ഒക്കെ പുറത്തൂന്നാകുമ്പോ കൊറേ കാശാവില്ലേ ..എല്ലാത്തിനും അവൻ തന്നെ വേണ്ടേ … വീട്ട് ചെലവും .. അവന്റെ അപ്പനുണ്ടാക്കി വച്ച കടവും…. ല്ലാം കൂടി കൂട്ടിമുട്ടിക്കാൻ ന്റെ കുട്ടിക്ക് പാരലൽ കോളേജിന്ന് കിട്ടണ വരുമാനല്ലേള്ളു … ” ആ കണ്ണുകളിൽ നിസാഹായത നിഴലിച്ച് നിന്നു ..
” അമ്മയൊരു ദിവസം മെഡിക്കൽ കോളേജിലേക്ക് പോര് …. ഞാനും അമ്മേടെ മോൻ തന്നെയല്ലേ …….”
” അതിലെന്താ സംശയം .. നിങ്ങളെ രണ്ടാളേം ഞാൻ രണ്ട് കണ്ണിൽ കണ്ടിട്ടില്ലല്ലോ …. “
അതുൽ പുഞ്ചിരിച്ചു …
” വീട്ടിലെ കാര്യം.. ഒക്കെ ഹർഷ് പറഞ്ഞു … സാരല്ല്യ കുട്ടി .. ഈശ്വരൻ ഒരു വഴി കാണിച്ചു തരും … അമ്മയും അനിയത്തി കുട്ടികളും തളർന്നു പോകാതെ മോൻ നോക്കണം … അങ്ങട് വരണന്ന് ഞാൻ വിചാരിച്ചിട്ട് ഒത്തിരി ദിവസായി … കാല് മേലാഞ്ഞിട്ട് എങ്ങടും പോകാൻ വയ്യ .. പത്തടി നടക്കുമ്പോ തളർച്ചയാ .. അല്ലെങ്കിലും നമ്മളെയൊക്കെ കാണുമ്പോ ദേവി കുഞ്ഞിന് സങ്കടം കൂടേള്ളു … എന്ത് പറഞ്ഞാ അതിനെ ആശ്വസിപ്പിക്കാ .. ” സരോജിനിയമ്മ സങ്കടത്തോടെ പറഞ്ഞു ..
അവർ പണ്ടും ഇങ്ങനെയായിരുന്നെന്ന് അതുൽ ഓർത്തു … ഒരുപാട് സംസാരിക്കും … ശുദ്ധയായ നാട്ടിൻ പുറത്തുകാരി …
” യ്യോ… വർത്താനം പറഞ്ഞ് കുഞ്ഞിനെ പുറത്തു തന്നെ നിർത്തി …. മോൻ കേറിയിരിക്ക് … ഇച്ചിരി മുളക് ഉണക്കാനിട്ടതാ … കണ്ണ് തെറ്റിയാൽ കാക്കയും കോഴിയും കയറി ചികഞ്ഞ് നാശമാക്കും .. നശൂലങ്ങള് … അതാ കൂടെ തന്നെ നിക്കണത് …..”
സംസാരിച്ച് കൊണ്ട് ഇരുവരും ഇറയത്തേക്ക് കയറി …
” ഹർഷ് ഇല്ലേ അമ്മേ ….. വിളിച്ചിട്ട് കിട്ടിയില്ല . … ഇൻസ്റ്റിറ്റ്യൂട്ടിൽ അന്വേഷിച്ചപ്പോ അവിടേം ഇല്ല … ‘”
” ഓ … അവനുച്ച കഴിഞ്ഞപ്പോൾ വന്നു മോനേ … മുറിയില് കതകടച്ച് ഇരുപ്പുണ്ട് .. എഴുത്തായിരിക്കും .. എഴുതാനിരുന്നാ പിന്നെ ഊണുല്ല ഉറക്കോല്ല … ചെന്ന് വിളിച്ചാൽ ചാടി കടിക്കാൻ വരും …. മോൻ ചെന്ന് വിളിക്ക് .. മോനായത് കൊണ്ട് ഒന്നും പറയില്ല …. മോന് കുടിക്കാനിച്ചിരി മോരെടുക്കട്ടെ ..”
” ആയിക്കോട്ടെ…. .” പറഞ്ഞിട്ട് അവൻ അകത്തേക്ക് കയറി ..
ഹർഷിന്റെ മുറിയവന് സുപരിചിതമാണ് … വാതിൽക്കൽ ചെന്ന് അവൻ മുട്ടി വിളിച്ചു കാത്ത് നിന്നു ..
ഏറെ സമയം കഴിഞ്ഞാണ് വാതിൽ തുറന്നത് …
ഹർഷിന്റെ കോലം കണ്ട് അതുൽ ഒന്ന് പകച്ചു …
ചിതറി കിടക്കുന്ന മുടി .. നീരു വച്ചത് പോലെ കൺതടങ്ങൾ …
” നീയുറക്കമായിരുന്നോ …”
” ആ .. ഞാൻ ഉച്ചക്കെത്തി .. കയറി കിടന്ന് ഉറങ്ങിപ്പോയി … കയറി വാ ” അടഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞിട്ട് വാതിൽക്കൽ നിന്ന് മാറിക്കൊടുത്തു ..
അവനുറക്കമല്ലായിരുന്നു എന്നവന് ഉറപ്പായിരുന്നു .. സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ട ദിവസമാണ് അവന് ..ഉറങ്ങാനാവില്ല .. കണ്ണടക്കുമ്പോഴും തുറക്കുമ്പോഴും അവൾ മാത്രമായിരിക്കും .. ഓർമകൾ വന്ന് മൂടി വീഴുന്ന ചെറു മയക്കത്തിന് പത്ത് സെക്കന്റിന്റെ ആയുസ് പോലുമുണ്ടാകില്ല .. ഇത് പോലൊരു ദിവസം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുള്ളത് കൊണ്ട് ആ വേദന മറ്റാരെക്കാളും നന്നായി തനിക്കറിയാം ..
തന്റെ അനുജത്തിക്ക് അവളെ ജീവന് തുല്ല്യം സ്നേഹിച്ച പുരുഷനെയാണ് നഷ്ടപ്പെട്ടതെന്ന് അവനോർത്തു .. .
അതുൽ ചെന്ന് അവന്റെ ബെഡിലിരുന്നു …
സരോജിനിയമ്മ രണ്ട് ഗ്ലാസിൽ മോര് കൊണ്ട് വച്ചിട്ട് പോയി …
ഹർഷ് വാതിലടച്ച് കുറ്റിയിട്ടു ..
” നീ കേദാരത്തിൽ വിളിച്ചറിയിച്ചോ വിവാഹത്തിന് സമ്മതമാണെന്ന് ….” ഹർഷ് ചോദിച്ചു …
” ഇല്ല …. “
എന്തുകൊണ്ടോ അത് കേട്ടപ്പോൾ ഹർഷിനൊരു ആശ്വാസം തോന്നി ..
” ഹർഷാ… നിങ്ങളുടെ മനസ് വേദനിപ്പിച്ചിട്ട് .. എന്നെ കൊണ്ടാവില്ലടാ …. അനുവിനെ നമുക്ക് പറഞ്ഞു സമാധാനിപ്പിക്കാം …. ഞാൻ ചെയ്യുന്നത് ഒരു വലിയ തെറ്റാണെന്ന് എന്റെ മനസ് പറയുന്നു … “
” ഇല്ല അതുൽ … ഇത് അവളുടെ മാത്രമല്ല .. എന്റെയും കൂടി തീരുമാനമാണ് … അവളെ നെഞ്ചിലിട്ട് വളർത്തിയ അച്ഛന്റെ മുന്നിൽ ഞാനൊന്നുമല്ല .. ഇപ്പോ ഇങ്ങനെയൊന്ന് ചെയ്യാതെയിരുന്നാൽ .. അവളെ തടഞ്ഞുവച്ചാൽ നാളെ അവള് തന്നെ എന്നെ വെറുക്കും … അവളുടെ അച്ഛനെ കൊലക്ക് കൊടുത്തിട്ട് എനിക്കവളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റുമോടാ … അവളുടെ അമ്മയുടെ ശാപം .. അതെവിടെ കൊണ്ട് പോയി തീർക്കും നമ്മൾ …..”
അതുൽ മിണ്ടാതെയിരുന്നു ..
ഹർഷ് അവന്റെ തോളത്ത് തൊട്ട് …
” നീ കല്ല്യാണത്തിനുള്ള ഒരുക്കങ്ങൾ ചെയ്യണം … പണം എപ്പോൾ കിട്ടുമെന്ന് ചോദിക്കണം .. വലിയ തുകയുടെ കൈമാറ്റമാണ് .. കോടതിയിൽ മാത്രമല്ല , നിങ്ങൾ തമ്മിലുള്ള കൈമാറ്റവും അംലയെ അറിയിക്കണം … അംലയോട് എല്ലാം പറയുന്നതായിരിക്കും നല്ലത് .. “
” ഞാനൊറ്റക്കായില്ലേടാ … ” പെട്ടന്ന് അതുൽ പറഞ്ഞു ..
ഹർഷ് ഒന്ന് ചിരിച്ചു ..
” എന്നാര് പറഞ്ഞു .. ഇനിയങ്ങോട്ടും ഞാനുണ്ടാകും .. നമ്മുടെ സൗഹൃദത്തിന് വർഷങ്ങളുടെ ആഴമില്ലേടാ .. അതിനൊരു കോട്ടവും സംഭവിക്കില്ല .. നമ്മളൊരുമിച്ച് എല്ലാം ചെയ്യും ….”
തന്റെ പെങ്ങൾക്ക് അവനെ കിട്ടാൻ ഭാഗ്യമില്ലാതെ പോയെന്ന് അവനോർത്തു ..
” നീയെന്താ ആലോചിക്കുന്നത് …” ഹർഷ് ചോദിച്ചു …
” മറ്റൊരു പ്രശ്നമുണ്ട് .. അനുവിന്റെ വിവാഹത്തിന് മുൻപ് അക്കുവിന്റെ കാര്യത്തിൽ ഒരു തീരുമാനം വേണം ….”
” രോഹിത് എന്ത് പറഞ്ഞു … “
” അവനെ അറിയിച്ചിട്ടില്ല .. രശ്മിയുടെ പപ്പ സംസാരിച്ചുകൊള്ളാം എന്നാ പറഞ്ഞത് … ഏതായാലും അക്കുവിന് അവനെ കിട്ടില്ല എന്നുറപ്പാണ് .. അല്ലെങ്കിലും അത് വേണ്ട .. “
” അക്കുവിനെ നമുക്കാ റോബിനെ കൊണ്ട് തന്നെ കെട്ടിക്കാം .. ” ഹർഷ് പറഞ്ഞു ..
” അവൻ ശരിയാകില്ല .. അവനൊരു ഫ്രോഡാണ് .. എനിക്കറിയാം അവനെ കുറിച്ച് .. ആൽബം പിടിക്കലെന്ന് പറഞ്ഞു , റിസോർട്ടിൽ മുറിയെടുത്തിട്ട് മദ്യവും മദിരാഷിയുമായി കൂത്താടി നടക്കുന്നവനാ .. കലാകാരന്മാരെ പറയിപ്പിക്കാൻ നടക്കുന്ന കുറേ പാഴുകൾ … “
” എങ്കിൽ ആദ്യം അനുവിന്റെ കാര്യം നടക്കട്ടെ.. അത് കഴിഞ്ഞ് അക്കുവിന്റെ കാര്യം ആലോചിക്കാം … “
” അതിനൊരു പ്രശ്നമുണ്ട് ….. അവൾക്കാലോചിച്ചുറപ്പിച്ച പുരുഷനെ അനുജത്തിയെ കൊണ്ട് കെട്ടിക്കുമ്പോൾ .. എല്ലാം തകർന്ന് അവളത് കണ്ട് നിൽക്കണ്ടെ …. അവളും എന്റെ പെങ്ങളല്ലേടാ …. “
അവൻ പറയുന്നതിൽ കാര്യമുണ്ട് എന്ന് ഹർഷിന് തോന്നി …
” അനുവിന്റെ വിവാഹം നീട്ടിവയ്ക്കാൻ കഴിയില്ലെ .. ഒരു ഉറപ്പിന് എൻഗേജ്മെൻറ് നടത്താം … “
” അതവർക്ക് താത്പര്യമില്ലെന്നാ ഞാൻ മനസിലാക്കുന്നത് .. രണ്ട് മാസത്തിനുള്ളിൽ അവർ ലണ്ടനിൽ പോകും .. അവിടെ സെറ്റിലാകും .. വിവാഹം നടത്തിയിട്ട് പോകാനാ പ്ലാൻ … “
അത് കേട്ടപ്പോൾ ഹർഷിന്റെ നെഞ്ചൊന്ന് പിടഞ്ഞു .. ഇനി അവളെ തനിക്ക് ദൂരെ നിന്നു പോലും കാണാൻ കഴിഞ്ഞെന്ന് വരില്ല .. ഒരു കണക്കിന് അത് നന്നായി എന്നവനോർത്തു .. അന്യ ദേശത്ത് ഭർത്താവിനൊപ്പം ജീവിക്കുമ്പോൾ അവളിതൊക്കെ മറക്കും .. അവളെങ്കിലും സമാധാനമായി ജീവിക്കട്ടെ ..
” എടുപിടീന്ന് അക്കുവിന്റെ വിവാഹം നടത്തുന്നത് അത്ര എളുപ്പമല്ല .. ആദ്യം ആലോചിച്ച വിവാഹം മുടങ്ങാനുള്ള കാരണവും , അയാളെ അനുജത്തിയെ കൊണ്ട് കെട്ടിക്കുന്ന കാര്യവും എല്ലാം നമ്മൾ വിശദീകരിക്കേണ്ടി വരും .. മാത്രമല്ല അച്ഛൻ ഇത് പോലൊരു കേസിൽ പെട്ട് കിടക്കുമ്പോൾ നല്ലൊരു ബന്ധം കിട്ടാൻ തന്നെ പ്രയാസമാകും .. എല്ലാം അറിഞ്ഞു കൊണ്ട് ഒരു ചെറുപ്പക്കാരൻ തന്നെ വരണം … ” ഹർഷ് പറഞ്ഞു
അതുലിന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല ..
” ഞാൻ പറയുന്നത് നമുക്ക് റോബിനെ തന്നെ മതിയെന്നാ .. തെറ്റ് നമ്മുടെ കുട്ടിക്കും സംഭവിച്ചല്ലോ .. അവന്റെ അമ്മ ബാങ്കിലല്ലേ ..അവരൊരു നല്ല സ്ത്രീയാ .. അവന്റെ ആൽബം പിടുത്തം നമുക്ക് നിർത്തിക്കാം .. പാടുന്നെങ്കിൽ പാടിക്കോട്ടേ .. ഒപ്പം മറ്റൊരു ജോലി ശരിയാക്കി കൊടുക്കണം .. നമ്മുടെയൊക്കെ കൺവെട്ടത്ത് തന്നെ അവനെ നിർത്തണം … “
” അതൊക്കെ നടക്കുമോടാ.. അവൻ കൊച്ച് കുട്ടിയൊന്നുമല്ലല്ലോ .. പിന്നാലെ നടന്ന് ശ്രദ്ധിക്കാൻ … “
” നടക്കണം … വേണ്ടാതീനം കാണിച്ചാൽ അടിച്ചവന്റെ പല്ല് തെറിപ്പിക്കണം .. കുടുംബത്തിലിരുന്ന പെണ്ണിനെ മയക്കി ചെറ്റത്തരം കാണിച്ചിട്ട് .. ” ഹർഷ് രോഷം കൊണ്ടു …
അതുൽ തല കുമ്പിട്ടിരുന്നു ..
ഹർഷ് അവന്റെ തോളിൽ പിടിച്ചു ..
” ഇതേ വഴിയുള്ളെടാ .. അവൾക്കും അവനെ ഇഷ്ടമായിരുന്നില്ലെ .. അതല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത് .. സത്യങ്ങളൊന്നും അറിയിക്കാതെ ആരുടെയെങ്കിലും തലയിൽ അവളെ കെട്ടി വച്ച് ഒഴിവാക്കുന്നതിലും നല്ലത് ഇതാണെന്ന് എനിക്ക് തോന്നുന്നു … “
” ഞാൻ അവളോട് സംസാരിക്കട്ടെ .. എന്നിട്ട് വിളിക്കാം … റോബിനെ കാണാൻ നീ കൂടി വരില്ലേ …. “
” വരാം …… “
” ഞാനിറങ്ങുവാ … പോകുംവഴി കേദാരത്തിൽ കയറും .. ഫോൺ വിളിച്ചറിയിക്കാനാ പറഞ്ഞത് .. പക്ഷെ അതല്ലല്ലോ മര്യാത .. ഞാൻ ചെല്ലാം … “
ഹർഷ് മെല്ലെ തല ചലിപ്പിച്ചു ..
* * * * * * * * * * * * * * * * * *
അഹല്ല്യയുടെ കണ്ണ് നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു .. പക്ഷെ അവൾ പൊട്ടിക്കരഞ്ഞില്ല ..
രോഹിതിനെ തനിക്ക് ഇനി വിധിച്ചിട്ടില്ലെന്ന് അവളെന്നോ മനസിലുറപ്പിച്ചതാണ് ..
പക്ഷെ അയാൾ ഇനി അനുവിന്റെ ഭർത്താവാണെന്ന് ഓർത്തപ്പോൾ അവൾ വിതുമ്പിപ്പോയി …
തനിക്കിത് കിട്ടണം .. ചെയ്ത തെറ്റിന്റെ ശിക്ഷ …
അതുൽ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു …
അവൾ തന്റെ കയ്യിൽ കിടന്ന വിവാഹ മോതിരത്തിലേക്ക് നോക്കി ..
പെട്ടന്ന് അവളത് വിരലിൽ നിന്നൂരി .. അതുലിന്റെ നേർക്ക് നീട്ടി ..
” ഇതിനി എന്റെ വിരലിൽ വേണ്ടയേട്ടാ… ഇനിയത് അനുവിന്റെ അവകാശമാണ് .. അതവർ ഇട്ടു കൊടുക്കും .. ഏട്ടനിത് അവരെ തിരികെ ഏൽപ്പിച്ചേക്ക് … ” ഇടറിയ കണ്ഠത്തോടെ അവൾ പറഞ്ഞു ..
കരഞ്ഞു പോകരുതേ എന്നവൾ പ്രാർത്ഥിച്ചു ..
അതുലത് കൈ നീട്ടി വാങ്ങുമ്പോൾ , അവളുടെ വിരൽ തുമ്പ് വിറക്കുന്നത് കണ്ടു ..
അവൻ മെല്ലെ എഴുന്നേറ്റു . .. അവളുടെയരികിൽ ചെന്ന് തോളത്ത് കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് നടന്നു ..
” നിന്നെ ഏട്ടൻ മറന്നിട്ടൊന്നുമില്ല .. അനുവിന്റെ വിവാഹത്തിന് മുൻപ് നിന്റെ വിവാഹം നടക്കും .. “
അവൾ ഞെട്ടലോടെ അവനെ നോക്കി …
” റോബിനെ ഞാൻ നാളെ കാണും .. ആ വിവാഹം നടക്കണം .. “
” നോ …… ” അവൾ അലറി ..
” നോ …. നോ ..വേണ്ടയേട്ടാ …. എനിക്കത് വേണ്ട …… അയാളെ വേണ്ട … ” അവൾ തലവെട്ടിച്ച് കരഞ്ഞു …
” വേണ്ടന്നോ … നീ തന്നെ കണ്ടു പിടിച്ചവനല്ലേ …. “
” അല്ല .. അതങ്ങനെയല്ല .. അതെനിക്ക് പറ്റില്ല ഏട്ടാ ….. ” അവളുടെ ശ്വാസഗതിയുയർന്നു താണു … നിലവിളികൾ അവളുടെ തൊണ്ടയിൽ കുടുങ്ങി നിന്നു ..
ഭ്രാന്തു പിടിച്ചത് പോലെ തലയങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ച് ‘വേണ്ട വേണ്ട ‘ എന്നവൾ പുലമ്പി ….
” അക്കൂ ………” അതുലിന്റെ ശബ്ദമുയർന്നു ….
അവൾ ഞെട്ടിത്തെറിച്ചു …
” കൂടുതലഭിനയം വേണ്ട .. ഞാൻ തീരുമാനിച്ചു കഴിഞ്ഞു …. “
” എട്ടാ .. നിങ്ങൾക്ക് ഞാനൊരു ഭാരായെങ്കിൽ എങ്ങ്ടെങ്കിലും പൊയ്ക്കോളാം .. പക്ഷെ … “
” മിണ്ടരുത് നീ ……….” ഒരലർച്ചയോടെ അവൻ ചൂണ്ടുവിരൽ അവളുടെ മുഖത്തിന് നേർക്ക് നീട്ടി പറഞ്ഞു …
” എല്ലാം നിന്റെയിഷ്ടത്തിന് വിട്ടിട്ട് ഇപ്പോ എന്തായെടി …. ? നീയെവിടെയെത്തി …? എല്ലാം തകർന്ന് നിക്കുന്നവനാ ഞാൻ .. ഒന്നുറങ്ങിയിട്ട് ഒരു മാസമായി .. നിന്നെയും ബാക്കിയുള്ള രണ്ട് ജീവനുകളും ചേർത്ത് കൂട്ട ആത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിച്ച ദിവസങ്ങളാ കഴിഞ്ഞു പോയത് .. നീയൊരുത്തി കാരണം ഫ്രണ്ട്സിന്റെയും കെട്ടാൻ പോകുന്ന പെണ്ണിന്റെയും ഒക്കെ മുന്നിൽ സകല അഭിമാനവും തകർന്ന് തോലുരിഞ്ഞ് ഞാൻ നിന്നിട്ടില്ലേടി … ഇനിയെന്റെ സമനില തെറ്റിക്കരുത് ….” അവന്റെ നിയന്ത്രണം വിട്ടു പോയി ..
അവൾ പകച്ചുപോയി .. ഏട്ടനെ ഇങ്ങനെയൊരു രൂപത്തിൽ മുമ്പൊരിക്കലും അവൾ കണ്ടിട്ടില്ല .. എപ്പോഴും ശാന്തത കൈവിടാതെ നിൽക്കുന്നവനാണ് …
” ഏട്ടാ ………” അവൾ വിറയലോടെ വിളിച്ചു ..
” ഞാൻ പറയുന്നത് അനുസരിച്ചാൽ മതി … പൊക്കോ ……. പൊക്കോ എന്റെ മുന്നിൽ നിന്ന് .. ഇറങ്ങി പോ …” അവൻ പുറത്തേക്ക് വിരൽ ചൂണ്ടി കോപാന്ധനായി പറഞ്ഞു ..
അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയിലേക്കോടി …
ബെഡിലേക്ക് വീണു കിടന്നവൾ പൊട്ടിക്കരഞ്ഞു …
അതുൽ തന്റെ ബെഡിലേക്കിരുന്നു …
ഒരു നിമിഷം അവന്റെ നിയന്ത്രണം വിട്ടു പോയി ..
അത്രയും വേണ്ടിയിരുന്നില്ലെന്ന് അവന് തോന്നി …
അവൻ എഴുന്നേറ്റ് ഡ്രസ് മാറി .. ബാത്ത് റൂമിൽ കയറി ഫ്രഷായി പുറത്തു വന്നു ..
ഇനി .. ഇനിയൊരു വലിയ കടമ്പ കിടക്കുന്നു ..
അമ്മയെ എല്ലാം അറിയിക്കണം … ജയിലിൽ പോയി അച്ഛനെ കണ്ട് കാര്യങ്ങൾ പറയണം …..
ടവ്വലെടുത്ത് മുഖം തുടച്ചിട്ട് അവൻ താഴേക്കിറങ്ങി .. അമ്മയുടെ മുറി ലക്ഷ്യമാക്കി നടന്നു ..
അവൻ ചെല്ലുമ്പോൾ ശ്രീദേവിക്ക് ബെഡ് വിരിക്കുകയായിരുന്നു അനു ..
ശ്രീദേവി ജനാലക്കൽ നിന്ന് മുടി ചീകുന്നു ..
അനു ബെഡ് വിരിച്ചിട്ട് ഏട്ടനെ നോക്കി ..
അവളോട് പുറത്തേക്ക് പോകാൻ അവൻ ആംഗ്യം കാട്ടി …
അവൾ അമ്മയെ ഒന്നു നോക്കിയിട്ട് പുറത്തേക്ക് നടന്നു …
അവൻ ചെന്ന് വാതിലടച്ച് കുറ്റിയിട്ടു ..
* * * * * * * * * * * * *
അഹല്ല്യ ബെഡിൽ നിന്ന് എഴുന്നേറ്റിരുന്ന് കണ്ണും മുഖവും തുടച്ചു …
എന്നിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിക്കൊണ്ടേയിരുന്നു …
അവൾ എഴുന്നേറ്റ് ചെന്ന് കബോർഡ് തുറന്നു .. വസ്ത്രങ്ങൾക്കിടയിൽ പരതി അവളൊരു ഫോട്ടോ പുറത്തെടുത്തു ..
രോഹിത്തിന്റെ …
ബെഡിൽ വന്നിരുന്ന് അവളാ ഫോട്ടോയിലെ അവന്റെ മുഖത്തു കൂടി വിരൽ തലോടി ..
അരികിൽ വസ്ത്രങ്ങളുലയുന്ന ശബ്ദം കേട്ടപ്പോൾ അവൾ മുഖം തിരിച്ചു നോക്കി …
അനവദ്യ …!
അവൾ അത് നോക്കി നിൽക്കുകയായിരുന്നു ..
അഹല്ല്യ ഒരിക്കൽ കൂടി ആ ഫോട്ടോയിലേക്ക് നോക്കിയിട്ട് അത് അനുവിന് നേരെ നീട്ടി ….
അവളത് കൈ നീട്ടി വാങ്ങി ..
അവസാനമായി ഒന്നു കൂടി ആ ഫോട്ടോയിൽ ചുംബിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് അവളുടെ ഹൃദയം തപിച്ചു …
അനു ആ ഫോട്ടോ തന്റെ മേശപ്പുറത്തേക്കിട്ടു … പിന്നെ ചെയറിലേക്കിരുന്ന് മേശയിലേക്ക് തല വച്ച് കിടന്നു …
( തുടരും )
അമൃത അജയൻ .
അമ്മൂട്ടി ..
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Chandranudikkunna Dikkil written by Amrutha Ajayan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission