രാവിലെ മേരി ബാങ്കിലേക്ക് പോകാനിറങ്ങും മുൻപ് തന്നെ ഹർഷും അതുലും അങ്ങോട്ട് കയറി ചെന്നു …
മുറ്റത്ത് കാറുണ്ടായിരുന്നത് കൊണ്ട് റോബിൻ അവിടെയുണ്ടെന്ന് ഉറപ്പായിരുന്നു …
കോളിംഗ് ബെല്ലടിച്ച് അവർ കാത്തു നിന്നു ..
ഏതാനും നിമിഷങ്ങൾക്കുള്ളിൽ വാതിൽ തുറക്കപ്പെട്ടു ..
മേരിയാണ് വാതിൽ തുറന്നത് ..
വെളുത്ത് മെലിഞ്ഞ് അത്യാവശ്യം മോഡേൺ ആയ സ്ത്രീയായിരുന്നു അവർ ..
സാരിയായിരുന്നു വേഷം .. ബാങ്കിലേക്ക് പോകാൻ തയ്യാറായി നിൽക്കുകയാണെന്ന് കണ്ടപ്പോൾ തന്നെ മനസിലായി ..
അതുലിനെ കണ്ടപ്പോൾ അവർ അത്ഭുതപ്പെട്ടു ..
തങ്ങളിവിടെ വന്ന് താമസമായിട്ട് നാല് മാസമായി .. ആ വീട്ടിലെ മറ്റുള്ളവരെല്ലാം ഇവിടെ വന്നിട്ടുണ്ടെങ്കിലും അതുൽ മാത്രം വന്നിട്ടില്ലെന്ന് അവർ ഓർത്തു …
” ഇതാരാ … ഇയ്യാളിങ്ങോട്ടൊന്നും വന്നിട്ടേയില്ലല്ലോ .. കയറി വാ ….” മേരി ചിരിയോടെ ക്ഷണിച്ചു ..
അതുലും ഹർഷും പരസ്പരമൊന്ന് നോക്കിയിട്ട് അകത്തേക്ക് കയറി ചെന്നു ..
” റോബിനില്ലേ …. “
” ഉണ്ടല്ലോ … അഞ്ച് ദിവസത്തെ മുംബൈ പ്രോഗ്രാം കഴിഞ്ഞ് ഇന്നലെയാ വന്നത് .. ഉറക്കമാണ് …. ഞാൻ വിളിക്കാം ..” മേരി പറഞ്ഞു ..
പറഞ്ഞിട്ട് അവർ അകത്തേക്ക് പോകാൻ തിരിഞ്ഞു ..
” ഒന്ന് നിൽക്കൂ … ഞങ്ങൾക്ക് ആന്റിയോട് സംസാരിക്കണം …..” അതുൽ പറഞ്ഞു ..
സംഭവിച്ച കാര്യങ്ങൾ മുതൽ ആഗമനോദ്ദേശം വരെ വളച്ചു കെട്ടില്ലാതെ അതുൽ അവരെ അറിയിച്ചു ….
” അല്ല .. അതിപ്പോ .. കല്യാണം എന്നൊക്കെ പറഞ്ഞാൽ .. ഞങ്ങളങ്ങ് പാലാക്കാരാന്നേ .. അവന്റെ പപ്പാ മരിച്ചിട്ട് പന്ത്രണ്ട് കൊല്ലം കഴിഞ്ഞു .. പാലായില് എന്റെ ആങ്ങളമാരൊക്കെയുണ്ട് .. പാറേൽ കുടുംബക്കാരെ അറിയാത്തോരാരൂല്ല .. കുടുംബക്കാരുമായിട്ട് ആലോചിക്കാതെ ഞങ്ങക്ക് തീരുമാനിക്കാൻ പറ്റുകേല .. “
” കുടുംബക്കാരുമായിട്ട് ആലോചിച്ചിട്ടാണോ എന്റെ പെങ്ങളെ വിളിച്ചു കൊണ്ട് പോയത് .. ” അതുലിന്റെ സ്വരം മാറി ..
മേരിയുടെ മുഖം വിളറി ..
” എന്നാ ഒക്കെ പറഞ്ഞാലും അന്യമതത്തിന്ന് ഒരു കല്യാണം ഞങ്ങടെ കുടുംബത്തേലില്ല .. പള്ളീലൊന്നും വച്ച് നടത്താൻ പറ്റുകേല .. പള്ളിക്കാരും കുടുംബക്കാരുമൊന്നും സമ്മതിക്കുകേല .. ഞങ്ങക്ക് അവരെയൊന്നും വെറുപ്പിക്കാനും പറ്റുകേല .. ” മേരി തറപ്പിച്ച് പറഞ്ഞു ..
” അത് പറയേണ്ടത് റോബിനാണ് ….” ഹർഷ് പറഞ്ഞു ..
” ഞാനവന്റെ അമ്മച്ചിയാ .. ഞാൻ പറയുന്നതേ അവൻ കേൾക്കൂ ….”
“ഞങ്ങളിവിടെ വന്ന് പറഞ്ഞത് മുഷിയാതെ അലോചിച്ച് തീരുമാനിക്കാനാ .. പക്ഷെ നിങ്ങൾക്ക് താത്പര്യമില്ലെങ്കിൽ ഞങ്ങൾ മറ്റ് വഴികൾ നോക്കും … ” അതുൽ പറഞ്ഞു ..
” വീട്ടിൽ കേറി വന്നു ഭീഷണിപ്പെടുത്തുവാന്നോ ….”
” ആണെന്ന് കൂട്ടിക്കോളു .. ആ ഫ്ലാറ്റിലെ കോറിഡോറിലെയും പാർക്കിംഗിലേയും CCTV ദൃശ്യങ്ങളൊക്കെ ഞങ്ങളുടെ കൈവശമുണ്ട് .. എന്റെ പെങ്ങൾ മീഡിയയേം വിളിച്ച് കൂട്ടി പോലീസിലും പരാതി കൊടുത്താൽ അറിയാല്ലോ .. ഞങ്ങൾക്കിനി മേലും കീഴും നോക്കാനൊന്നുമില്ല .. “
മേരിയുടെ കണ്ണുകളിൽ ഭീതി പടർന്നു .. അവർ വെറുതെയങ്ങ് പോകാൻ വന്നതല്ലെന്ന് അവർക്ക് മനസിലായി …
” ഞാൻ അവനെ വിളിക്കാം …….”
* ** * * * * * * * * * * * * * * * * * *
അംലയുടെ ഓഫീസ് മുറിയിലായിരുന്നു ഹർഷും അതുലും ..
കാര്യങ്ങളെല്ലാം അവർ അംലയെ ധരിപ്പിച്ചു ..
ഞെട്ടലോടെയാണ് അവളെല്ലാം കേട്ടത് ..
” ആ റോബിൻ ചതിക്കുമോ …” അംല ചോദിച്ചു ..
” ഇല്ല …. ഞങ്ങളുടെ ഭീഷണി അമ്മക്കും മകനും ഏറ്റിട്ടുണ്ട് .. ” ഹർഷ് പറഞ്ഞു ..
അതുലിന്റെ മുഖത്ത് തീരെ സന്തോഷമില്ലെന്ന് അംല കണ്ടു ..
എങ്ങനെ സന്തോഷിക്കും .. സ്വന്തം പെങ്ങളെ , അവളെ നന്നായി നോക്കുമെന്ന് പോലും ഉറപ്പില്ലാത്ത ഒരുത്തന്റെ തലയിൽ കെട്ടി വയ്ക്കേണ്ടി വന്ന അവസ്ഥ ..
” ബുധനാഴ്ച അമ്പലത്തിൽ വച്ച് കല്ല്യാണം.. നമ്മൾ കുറച്ചാളുകൾ മാത്രമുള്ള ചടങ്ങ് . .. അംലയുണ്ടാകണം … ” അതുൽ പറഞ്ഞു ..
” തീർച്ചയായും ….”
” എനിക്ക് സബ് ജയിലിലേക്ക് പോകണം .. അച്ഛനോട് എല്ലാം പറയണം … നാളെ അക്കുവിനെ കൊണ്ട് പോയി അനുഗ്രഹം വാങ്ങിപ്പിക്കണം … ” അതുൽ ആലോചനയോടെ പറഞ്ഞു ..
ഹർഷും അംലയും കേട്ടിരുന്നു ..
ഹർഷേട്ടിനിനി തനിച്ചാണെന്ന് അവൾ ഓർത്തു … അവന്റെ മുഖത്തേക്ക് അവൾ പാളി നോക്കി .. കണ്ണുകളിൽ നൊമ്പരം തളം കെട്ടി കിടപ്പുണ്ട് .. താടിരോമങ്ങൾ അലസമായി വളർന്നു കിടക്കുന്നു ..
ഒരുപക്ഷെ ഹർഷേട്ടനെ തനിക്കിനി സ്വന്തമാക്കാൻ കഴിഞ്ഞേക്കും .. പക്ഷെ ഒരിക്കലും ആ മനസിൽ അനുവിനുള്ള സ്ഥാനം തനിക്കു കിട്ടില്ല .. എന്തുകൊണ്ടോ അവൾക്കത്ര സന്തോഷം തോന്നിയില്ല .. എങ്കിലും ഹൃദയത്തിന്റെ ഏതോ അറയിൽ ഒരിറ്റു വെളിച്ചം കൺചിമ്മി തുറന്നു ..
* * * * * * * * * * * * * * *
അനുവും അക്കുവും കിച്ചണിലായിരുന്നു ..
മുറിയിലിരുന്ന് തന്റെ ഫോൺ ശബ്ദിക്കുന്നത് കേട്ട് അഹല്ല്യ റൂമിലേക്ക് ചെന്നു …
അവൾ ഫോണെടുത്തു നോക്കി ..
രോഹിത് …!
അവളുടെ ഹൃദയം തുടിച്ചു … അടുത്ത നിമിഷം അത് കെട്ടു പോയി ..
ഫോണെടുക്കണോ വേണ്ടയോ എന്നവൾ ആലോചിച്ചു ..
അപ്പോഴേക്കും റിങ് നിന്നു .. അവൾ ഫോൺ തിരികെ മേശപ്പുറത്ത് വച്ചിട്ട് തിരിഞ്ഞതും വീണ്ടും റിങ് ചെയ്തു ..
അവൾ രണ്ടും കൽപിച്ച് കോളെടുത്തു ..
” ഹലോ ….” അവൾ നേർത്ത ശബ്ദത്തിൽ പറഞ്ഞു ..
” താൻ വീട്ടിലാണോ ….” അവന്റെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു …
എല്ലാമറിഞ്ഞിട്ട് വിളിക്കുന്നതാവും …
” അതെ ……”
” ഞാൻ വിളിച്ചത് ഒരു കാര്യമറിയാനാണ് .. പപ്പ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു .. മരിക്കും മുൻപ് രശ്മി എന്നെ വിളിച്ച് വീട്ടിൽ വരാൻ പറഞ്ഞതും അതേ കാര്യം പറയാനാണെന്ന് പപ്പ പറഞ്ഞിരുന്നു .. “
അവൾ ഒന്നും മിണ്ടാതെ നിന്നു …
” താൻ കേൾക്കുന്നുണ്ടോ .. ” അവൻ ചോദിച്ചു ..
” ഉവ്വ് ….. പറഞ്ഞോളു … “
” അറിഞ്ഞ കാര്യങ്ങൾ ഒട്ടും നല്ലതല്ല .. പക്ഷെ അവരാരും പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല .. താൻ പറഞ്ഞാൽ മതി .. തന്റെ നാവിൽ നിന്ന് കേട്ടാൽ മാത്രമേ ഞാൻ വിശ്വസിക്കൂ .. “
” ചോദിച്ചോളൂ …..” അവൾ നിർവികാരയായി പറഞ്ഞു ..
” രശ്മി മരിക്കുന്ന ദിവസം .. തന്നെയും മറ്റേതോ ഒരു ചെറുപ്പക്കാരനെയും രശ്മിയും തന്റെ ബ്രദറും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഫ്ലാറ്റിൽ വച്ച് കണ്ടിരുന്നോ ….”
” ഉവ്വ്…….. ” അവൾ സത്യസന്ധമായി പറഞ്ഞു ..
മറുവശത്ത് നിശബ്ദതയായിരുന്നു …
അവളും ഒന്നും മിണ്ടിയില്ല …
നിമിഷങ്ങൾ കടന്നു പോയി ..
മറുവശത്ത് ഫോൺ കട്ടായിട്ടില്ലെന്ന് ഇരുവർക്കും അറിയാമായിരുന്നു …
” എന്തുകൊണ്ട് നിശ്ചയത്തിന് മുൻപ് താനിക്കാര്യം പറഞ്ഞില്ല .. എന്നെ എന്തിനാ ഇതിലേക്ക് വലിച്ചിഴച്ചത് …..”
അവളുടെ ഹൃദയം വിണ്ടുകീറി …. ആ കാലിൽ വീണ് മാപ്പ് പറയാൻ അവൾ കൊതിച്ചു പോയി …
തൊണ്ടയിൽ കുടുങ്ങിയ കരച്ചിലിനെ അവൾ വിഴുങ്ങി …
” അന്ന് ഇങ്ങനെയൊന്നില്ലായിരുന്നു …. “
” എന്നു വച്ചാൽ … നമ്മുടെ എൻഗേജ്മെന്റിന് ശേഷമാണോ താൻ …..”
അവന്റെ ശിരസ് അപമാനം കൊണ്ട് കുനിഞ്ഞിട്ടുണാകുമെന്ന് അവൾക്കറിയാമായിരുന്നു ..
” അതെ ……. അതിനു ശേഷമാണ് ….. “
വെറുത്തോട്ടേ .. അയാൾ തന്നെ അങ്ങേയറ്റം വെറുത്തോട്ടേ എന്നവൾ കരുതി ..
” ശരി ……”
മറ്റൊന്നും പറയാതെ അവൻ ഫോൺ കട്ട് ചെയ്തു ..
ഫോൺ ടേബിളിൽ വച്ച് , അവൻ കൈത്തലം നെറ്റിയിൽ താങ്ങിയിരുന്നു ….
താൻ .. താൻ വെറും വിഡ്ഢി …….
അവൻ അപമാനഭാരത്താൽ ചൂളിപ്പോയി ..
ഏറെ നേരത്തിന് ശേഷം അവൻ താഴേക്കിറങ്ങി ചെന്നു ..
ഹാളിൽ പ്രഫുല ചന്ദ്രൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു …
അയാളുടെ മനസ് പുകയുകയായിരുന്നു ..
എല്ലാം നുണയാണെന്ന് അവളവനോട് പറഞ്ഞാൽ അവൻ അവളെ മാത്രമേ മുഖവിലക്കെടുക്കൂ .. താൻ വാക്കു കൊടുത്ത പെണ്ണിനെ പറ്റിക്കില്ലത്രേ …
അവളവനെ സ്വന്തമാക്കാൻ എല്ലാം കള്ളമാണെന്ന് പറഞ്ഞാൽ …!
കല്ല്യാണത്തിന് നാല് ദിവസമുള്ളപ്പോൾ ആരാന്റെ കൂടെ കിടക്ക പങ്കിട്ടവളാണ് .. അവളെന്തും പറയും ….
രോഹിത് ഇറങ്ങി വരുന്നത് കണ്ടപ്പോൾ അയാൾ നടത്തം നിർത്തി അവനടുത്തേക്ക് ചെന്നു …..
അവന്റെ മുഖം പ്രസന്നമല്ലെന്ന് അയാൾ കണ്ടു …
“അവളെന്ത് പറഞ്ഞു …? ” അയാൾ തിടുക്കപ്പെട്ട് ചോദിച്ചു ..
അവൻ മുഖം കുനിച്ചു … .
അവനൊന്നും പറയാതെ തന്നെ അയാൾക്ക് കാര്യം മനസിലായി .. അയാൾക്ക് ആശ്വാസമായി ..
” അന്നേ രശ്മി മോൾക്കും നിന്റെ മമ്മക്കും ഇളയ കുട്ടിയെയായിരുന്നു ഇഷ്ടം … നമ്മളോടൊക്കെ നന്നായി ഇടപെട്ടതും അവൾ തന്നെയാ .. നിന്റെ ഒരുത്തന്റെ വാശിയായിരുന്നു ആ പിഴച്ച പെണ്ണിനെ മതിയെന്നത് …”
അവൻ പപ്പയെ രൂക്ഷമായി നോക്കി ..
” അവൾക്ക് വേണമെങ്കിൽ എന്നോട് നുണ പറയാമായിരുന്നു .. നേരിട്ട് കണ്ട രശ്മി ജീവിച്ചിരിപ്പില്ല .. എന്ത് നുണ വേണമെങ്കിലും മെനഞ്ഞ് പറയാമായിരുന്നു … അവളത് ചെയ്തില്ല …. “
” ഓ … വേണ്ടാതീനം കാണിച്ചിട്ട് ഉളുപ്പില്ലാതെ അത് നിന്നോട് പറഞ്ഞപ്പോ അവൾ പുണ്യാളത്തിയായോ …”
” എന്നൊന്നും ഞാൻ ഉദ്ദേശിച്ചില്ല .. പൊട്ട വാക്കുകളൊന്നും അവളെ പറയണ്ട .. നമുക്ക് ഒരു പെൺകുട്ടിയുണ്ടായിരുന്നതാ .. നഷ്ടപ്പെട്ടിട്ട് ഒരു മാസമായിട്ടേയുള്ളു …. ” അവൻ ഓർമിപ്പിച്ചു ..
പ്രഫുല ചന്ദ്രൻ നിശബ്ദനായി ..
” മോനേ .. കല്യാണത്തിന് നാല് ദിവസമുള്ളപ്പോ ആരാന്റെ കൂടെ പോയവളാ …. കെട്ട് കഴിഞ്ഞാലും അവളിത് തുടരുമായിരുന്നു … അട്ടേ പിടിച്ച് മെത്തേ കിടത്തിയാൽ കിടക്കുമോ .. നമ്മളറിഞ്ഞത് ഭാഗ്യമായി എന്ന് കരുതി സമാധാനിക്ക് ….”
അവൻ മിണ്ടാതെ നിന്നു …
” അനുവുമായുള്ള വിവാഹത്തിന് പപ്പ വാക്കു പറയാൻ പോവുകയാ .. ആഡംബരമൊന്നും വേണ്ട .. ഏറ്റവും അടുത്ത മുഹുർത്തത്തിൽ അത് നടത്തി , നമുക്ക് ലണ്ടനിലേക്ക് പോകാം .. ആ കുട്ടിക്ക് നിന്റെ മമ്മക്ക് ഒരു തുണയാകാൻ കഴിയും .. നമ്മുടെ രശ്മി മോളുടെ സ്ഥാനത്ത് അവൾ നിൽക്കും ….” അയാൾ പറഞ്ഞിട്ട് രോഹിത്തിനെ നോക്കി ..
അവൻ മറുത്തൊന്നും പറഞ്ഞില്ല …
താനുമായി വിവാഹം ഉറപ്പിച്ചതിനു ശേഷം മറ്റൊരുത്തനൊപ്പം പോയവളെ താനിനി എങ്ങനെ വിശ്വസിക്കാനാണ് ..
” പപ്പയുടെ ഇഷ്ടം ….. ” പറഞ്ഞിട്ട് അവൻ മുകളിലേക്ക് പോകാൻ സ്റ്റെയർകേസിനടുത്തേക്ക് നടന്നു .. പെട്ടന്ന് തിരിഞ്ഞു നിന്നിട്ട് പറഞ്ഞു ..
” അനുവിനോട് എനിക്ക് തനിച്ചൊന്ന് സംസാരിക്കണം .. ആ വീട്ടിൽ വച്ച് വേണ്ട .. നമ്മുടെ ഏതെങ്കിലും ഹോട്ടലിലേക്ക് വിളിച്ചാൽ മതി .. അതുലിനോട് പപ്പ പറയണം … “
” അത് ഞാൻ പറയാം … ” പ്രഫുല ചന്ദ്രൻ ഉത്സാഹത്തോടെ പറഞ്ഞു ..
* * * * * * * * * * * * * * * * * * * * *
ബുധനാഴ്ച രാവിലെ തന്നെ എല്ലാവരും അരശുകാവ് ദേവി ക്ഷേത്രത്തിലെത്തി …
വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം ക്ഷേത്രത്തിൽ ചെയ്തിരുന്നു ..
വീട്ട്കാർ കൂടാതെ ചില ബന്ധുക്കളും
അതുലിന്റെ ചില സുഹൃത്ത്ക്കളും ഹർഷും അംലയുമൊക്കെയേ വിവാഹത്തിന് ഉണ്ടായിരുന്നുള്ളു ..
പെണ്ണിന് ഒരുങ്ങുവാനായി കിട്ടിയ ചെറിയൊരു മുറിയിലായിരുന്നു അഹല്ല്യ … അനു അഹല്യയുടെ അടുത്ത് തന്നെയുണ്ടായിരുന്നു ..
ശ്രീദേവിക്ക് സങ്കടം വന്ന് തികട്ടി ..
എങ്ങനെ നടക്കേണ്ടതായിരുന്നു അവളുടെ വിവാഹം ..
ഇപ്പോ .. കൈപിടിച്ചിറക്കാൻ അച്ഛൻ പോലുമില്ലാതെ ഒരാനാഥയെ പോലെ … ആരാന്റെയോ കൂടെ അവളെ ഇറക്കി വിടുന്നു ..
അതിന്റെ വിധി …
മുഹൂർത്തം 9.45 നായിരുന്നു കുറിച്ചിരുന്നത് ..
റോബിനും വീട്ടുകാരും കൃത്യ സമയത്ത് ക്ഷേത്രത്തിലെത്താമെന്ന് അറിയിച്ചിരുന്നു ..
സമയം നീങ്ങിക്കൊണ്ടേയിരുന്നു ..
ഒൻപത് പതിനഞ്ച് കഴിഞ്ഞിട്ടും വരനും കൂട്ടരും എത്തിയില്ല ..
” മോനേ .. അവരെത്തിയില്ലല്ലോ …” ശ്രീദേവി അതുലിന്റെ അടുത്തേക്ക് വന്നു ..
അവരും പരവശരായി നിൽക്കുകയായിരുന്നു …
അവന്റെ രണ്ട് സുഹൃത്തുക്കൾ റോബിന്റെ വീട്ടിലേക്ക് പോയിട്ടുണ്ടായിരുന്നു ..
അതുൽ റോബിന്റെ നമ്പറിലേക്ക് വല വട്ടം വിളിച്ചിട്ടും സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത് ..
ഹർഷ് വന്ന് അവന്റെ കൈ പിടിച്ചു …
” ചതിച്ചോടാ .. ആ നാറി … “
അവൻ തളർച്ചയോടെ ക്ഷേത്രത്തിന്റെ തിട്ടയിലേക്കിരുന്നു ..
” എന്താ ഹർഷേട്ടാ .. അവരെത്തിയില്ലല്ലോ ” അംല അവർക്കടുത്തേക്ക് വന്നു ..
സമയം ഒൻപതരയായി …
(തുടരും )
അമൃത അജയൻ .
അമ്മൂട്ടി ..
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Chandranudikkunna Dikkil written by Amrutha Ajayan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission