റോബിന്റെ വീട്ടിലേക്ക് പോയ അതുലിന്റെ സുഹൃത്തുക്കൾ പാഞ്ഞെത്തി ..
അവരുടെ മുഖം കണ്ടപ്പോൾ തന്നെ എല്ലാവർക്കും പന്തികേട് തോന്നി ..
അവർ അതുലിനെ മാറ്റി നിർത്തി .. ഹർഷും ഒപ്പം ചെന്നു …
” അവൻ രാവിലെ പള്ളിയിൽ പ്രാർത്ഥിച്ച് വരാം എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാ .. ഇതുവരെ തിരിച്ചെത്തിയിട്ടില്ല ….. ആ സ്ത്രീ വീട്ടിലുണ്ട് .. കരച്ചിലും കാല് പിടുത്തോം സീനായിരുന്നു ..”
” അവൻ ചതിച്ചതാ ….” ഹർഷ് പല്ല് ഞെരിച്ചു …
” നമുക്കൊന്നു തപ്പിയാലോ … ” മിധുൻ ചോദിച്ചു ..
” പള്ളിയിൽ ഞങ്ങളന്വേഷിച്ചു .. അവനവിടെ ചെന്നിട്ടൊന്നുമില്ല ….. ജില്ല വിട്ടിട്ടുണ്ടാകും … ട്രെയിനിലാണെങ്കിൽ ഇപ്പോ സ്റ്റേറ്റ് തന്നെ കടന്ന് കാണും ….”
” മുഹുർത്തം കഴിയാറായി ………” അംല അവർക്കടുത്തേക്ക് വന്നു .
അതുൽ നിസാഹായനായി നിന്നു …
ഇതിനു മാത്രം എന്ത് പാപമാണീശ്വരാ താൻ ചെയ്തത് … അവൻ നെഞ്ചുരുകി കരഞ്ഞു ..
അവന്റെ മുഖം കണ്ടപ്പോൾ എല്ലാവർക്കും സഹതാപം തോന്നി …
അവന്റെ കണ്ണ് നിറയുന്നത് ഹർഷ് കണ്ടു …
അമ്പലനടയിലെ കൽത്തൂണിലേക്ക് അവൻ ചാരി നിന്നു …
” ഞാനിപ്പോ വരാം … ” ഹർഷ് പറഞ്ഞിട്ട് , അഹല്ല്യ ഇരിക്കുന്ന മുറിയുടെ നേർക്ക് ചെന്ന് തട്ടി വിളിച്ചു …
അനു വന്ന് വാതിൽ തുറന്നു …
ഒരു നിമിഷം അവരുടെ മിഴികൾ ഇടഞ്ഞു …
” ഇറങ്ങട്ടെ ….” അനു പെട്ടന്ന് ചോദിച്ചു …
” അനു ഒന്ന് പുറത്ത് നിൽക്ക് .. എനിക്കവളോട് സംസാരിക്കണം ……..” ഹർഷ് പറഞ്ഞു ..
അനവദ്യ അവനെയൊന്ന് നോക്കി … പിന്നെ പുറത്തേക്കിറങ്ങി കൊടുത്തു …..
അവൻ അകത്ത് കയറി വാതിലടച്ചു ….
* * * * * * * * * * * * * * * * * * * * * * * *
മുഹൂർത്തമവസാനിക്കാൻ വെറും നാല് മിനിറ്റ് മാത്രം ബാക്കി …
” എന്താ …. എന്താ വൈകണെ .. സമയം കഴിയാറായി …….” തിരുമേനി ശ്രീകോവിലിന്റെ പടിക്കൽ നിന്ന് പറഞ്ഞു …
” വിവാഹം ……..” നടക്കില്ല എന്ന് പറയാൻ തുടങ്ങിയതായിരുന്നു അതുൽ …
ആ ശബ്ദത്തെ മുറിച്ചു കൊണ്ട് പിന്നിൽ മറ്റൊരു ശബ്ദമുയർന്നു …
“വിവാഹം നടക്കും …… “
അതുൽ ഞെട്ടി തിരിഞ്ഞു നോക്കി ……
ഹർഷ് !
ഹർഷിന്റെ നിർദ്ദേശ പ്രകാരം അക്കുവിനെയും കൊണ്ട് വന്ന അനു പകച്ച് നോക്കി …
റോബിൻ എത്തിയിട്ടില്ലെന്ന് അവളപ്പോഴാണ് അറിഞ്ഞത് ..
എല്ലാ മുഖങ്ങളിലെയും പരിഭ്രാന്തി അവൾ കണ്ടു …..
അതുൽ ഹർഷിനടുത്തേക്ക് വന്നു …
” ഞാൻ കെട്ടും അവളെ ……….” ഹർഷ് പറഞ്ഞു …
അവന്റെ പിന്നിലായി നിന്ന അംല അന്ധാളിച്ചു …
” നീ … നീ …വേണ്ടടാ …. ” അതുൽ ഞെട്ടലോടെ പറഞ്ഞു ..
” അതെന്താ നിന്റെ പെങ്ങളെ എനിക്ക് തരില്ലെ ……” ഹർഷ് ചോദിച്ചു ..
” അതല്ല .. അല്ലെങ്കിൽ തന്നെ നീയെനിക്ക് വേണ്ടി ഒരു ത്യാഗം ചെയ്തു .. ഇനി ഇത് കൂടി ….” അതുൽ നിസഹായനായി …
” ഇതെന്റെ തീരുമാനമാണ് ….”
എല്ലാം കേട്ടിട്ടും അഹല്ല്യ മാത്രം നിർവികാരയായി നിന്നു …
ആരൊക്കെയോ ചേർന്ന് ഏതൊക്കെയോ ഗോൾ പോസ്റ്റിലേക്ക് തട്ടിയെറിയുന്ന കാൽപന്ത് പോലെ …. ആരും അവളോട് മാത്രം ഒന്നും ചോദിച്ചില്ല ……
അനുവിന്റെ ചങ്ക് പൊട്ടിപ്പോയി …..
ഭഗവതീ… ഇതെന്തൊരു പരീക്ഷണം ……
തമ്മിൽ പിരിഞ്ഞതാണ് …. എങ്കിലും … എങ്കിലും ….
അവളുടെ മനസ് അവനെ മറ്റാർക്കും വിട്ട് കൊടുത്തിരുന്നില്ലെന്നുള്ളത് ആ നിമിഷം അവൾക്ക് മനസിലായി …
അംലയുടെ മനസ് കടൽത്തിര പോലെയിളകി …
വീണ്ടും … വീണ്ടും താൻ തോറ്റു പോകുന്നു …..
ഒരു കയ്യകലത്ത് വീണ്ടും അവനെ തനിക്ക് നഷ്ടമാകുന്നു …..
” വരനും വധുവും ഭഗവതിയെ പ്രാർത്ഥിച്ചിട്ട് മുതിർന്നവരുടെ അനുഗ്രഹം വാങ്ങിക്കോളു …..” തിരുമേനി പറഞ്ഞു …
ഹർഷ് മുന്നിലേക്ക് ചെന്ന് ശ്രീകോവിലിൽ നോക്കി പ്രാർത്ഥിച്ചു ..
പിന്നാലെ അക്കുവും ….
ഹർഷിന് അനുഗ്രഹം വാങ്ങാൻ അമ്മയാണുള്ളത് .. പക്ഷെ അവർ വിവാഹത്തിന് എത്തിയിരുന്നില്ല … കൂട്ടിക്കൊണ്ടു വരാൻ സമയവുമില്ല …
അമ്മയുടെ അനുഗ്രഹം എപ്പോഴുമുണ്ടെന്ന് മാത്രം അവൻ അതുലിനോട് പറഞ്ഞു ….
അഹല്ല്യ അമ്മയുടെയും ഏട്ടന്റെയും കാൽ തൊട്ടു വന്തിച്ചു …
വരനും വധുവും ശ്രീകോവിലിനഭിമുഖം പരസ്പരം നോക്കി നിന്നു …..
ഹർഷിന്റെ മുഖത്തേക്ക് പോലും അക്കു നോക്കിയില്ല .. അവളുടെ നെഞ്ച് പിടയുകയായിരുന്നു …
ക്ഷേത്ര റെക്കാർഡിൽ നാദസ്വരമുയർന്നു ….
അനുവിന്റെയും അംലയുടെയും നെഞ്ച് പെരുമ്പറ കൊട്ടി …
തിരുമേനി തുളസിഹാരമെടുത്ത് അക്കുവിന്റെ കയ്യിലേക്ക് നൽകി …
അവളത് ഹർഷിന്റെ കഴുത്തിലേക്കിട്ടു …
തട്ടത്തിലെ വാഴയിലയിൽ നിന്ന് മഞ്ഞ ചരടിൽ കോർത്ത താലിമാല തിരുമേനി ഹർഷിന്റെ കയ്യിൽ കൊടുത്തു …
അവനത് ഇരു കയ്യും നീട്ടി വാങ്ങി …
താലിമാല അവളുടെ കഴുത്തിന് നേർക്ക് അവൻ കൊണ്ടുവന്നു …
അവൻ ഹൃദയം കൊടുത്ത് സ്നേഹിച്ച പെണ്ണും അവൻ പോലുമറിയാതെ അവനെ മനസറിഞ്ഞ് സ്നേഹിച്ച പെണ്ണും നെഞ്ച് തകർന്ന് നോക്കി നിൽക്കെ .. അവൻ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി ..
ഒന്നുമോർക്കാതെ ദേവി സന്നിധിയിൽ നിൽക്കണമെന്നാഗ്രഹിച്ചെങ്കിലും അവന്റെ താലി അവളുടെ കഴുത്തിൽ തൊട്ട നിമിഷം , അൽപം മുൻപ് മേക്കപ്പ് റൂമിൽ വന്ന് അവൻ പറഞ്ഞതൊക്കെയും വിസ്മരിച്ച് അവൾ നെഞ്ചുരുകി പ്രാർത്ഥിച്ചു പോയി .. എന്നെന്നും അവന്റെ ദീർഘസുമംഗലിയാകാൻ….
പിന്നീടെല്ലാം യാന്ത്രികമായിരുന്നു ….
അവൻ അവളെ ഹാരമണിയിച്ചു ..
ഇരുവരും ദേവിയുടെ നടക്കൽ ചേർന്നു നിന്നു തൊഴുതു … അവൻ അവളുടെ കൈ പിടിച്ച് ശ്രീകോവിൽ വലം വച്ചു ….
ശ്രീദേവിക്ക് ആശ്വാസമായിരുന്നു ..
ഹർഷ് … അവൻ നല്ല പയ്യനാണ് .. തങ്ങൾക്ക് പരിചയമുള്ള പയ്യൻ …
അതുലിനും ഒരു പാട് നാളുകൾക്ക് ശേഷം നെഞ്ചിലെ തീ കെട്ടു ..
എന്തുവന്നാലും ഹർഷിനൊപ്പം അവൾ എന്നെന്നും സുരക്ഷിതയായിരിക്കുമെന്ന് അവനുറപ്പായിരുന്നു ..
വിവാഹശേഷം ക്ഷേത്ര സദ്യാലയത്തിൽ എല്ലാവർക്കും പായസം കൂട്ടി സദ്യ വിളമ്പി …
അംലയും അനുവും ചോറ് കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു .. അവർക്ക് ആ മധുരം തൊണ്ടക്കുഴിയിൽ തങ്ങി നിന്നു ..
* * * * * * * * * * * * * * * * * * * * * * * * * *
പാലത്തിന് മുകൾ ഭാഗം വരെയെ കാർ വരൂ … ഹർഷും അഹല്യയും അവിടെയിറങ്ങി… അഹല്ല്യക്ക് കൂട്ടായി അംലയാണ് കൂടെ വന്നത് .. അതുലും സുഹൃത്തുക്കളും അവരെ അനുഗമിച്ചിരുന്നു ..
വീട്ടിലേക്ക് നടക്കണം ..
എല്ലാവരും ചെറിയ വഴിയിലൂടെ നടന്ന് ഹർഷിന്റെ വീട്ട് മുറ്റത്തെത്തി ….
അരൊക്കെയോ വരുന്നെന്ന് തോന്നി പൂമുഖത്തേക്ക് വന്ന സരോജിനിയമ്മ അന്ധാളിച്ചു ….
രാവിലെ കല്ല്യാണം കൂടാൻ പോയ മകൻ ദേ പെണ്ണിനെയും കൊണ്ട് വരുന്നു …
അപ്പോഴേക്കുമവർ പടിക്കൽ എത്തിയിരുന്നു …
” അമ്മേ ….” ഹർഷ് വിളിച്ചു …
നടന്ന സംഭവങ്ങൾ അവൻ ചുരുക്കത്തിൽ പറഞ്ഞു …
“ആ സാഹചര്യത്തിൽ എനിക്ക് ഇതാണ് ശരിയെന്ന് തോന്നി …”
അവർ നോക്കി നിന്നു .. പിന്നെ കണ്ണ് തുടച്ചു ചിരിച്ചു .. ആ കണ്ണീർ സന്തോഷത്തിന്റെതാണെന്ന് ഹർഷിന് അറിയാമായിരുന്നു ..
പാവം ആ മനസിന് അതേ കഴിയൂ …
” നിൽക്ക് മക്കളെ ….. ” പറഞ്ഞിട്ട് അവർ അകത്തേക്ക് പോയി …
അൽപ്പം കഴിഞ്ഞപ്പോൾ ആരതിയും കത്തിച്ച നില വിളക്കുമായി …
” മക്കളാരെങ്കിലും ഒരാളിങ്ങ് വന്ന് ഈ വിളക്ക് പിടിച്ചേ …”
അംല വേഗം മുന്നിലേക്ക് കയറി ചെന്നു ..സരോജിനിയമ്മയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി …
സരോജിനിയമ്മ ഇറങ്ങി വന്ന് ഇരുവരെയും ആരതിയുഴിഞ്ഞു ….
ഇരുവരും സരോജിനിയമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി ..
ആരതി മാറ്റി അവർ ഇരുവരെയും മനസറിഞ്ഞ് അനുഗ്രഹിച്ചു …, അംല വിളക്ക് സരോജിനിയമ്മക്ക് നൽകി …. ഒരു പെങ്ങളുടെ സ്ഥാനത്ത് അംല .. അവളത് സ്വയം ഏറ്റെടുത്തതാണെന്ന് ആ മുഖത്ത് നിന്ന് അതുൽ വായിച്ചെടുത്തു ..
സരോജിനിയമ്മ നിലവിളക്ക് അഹല്ല്യക്ക് കൈമാറി ….
അവൾ വലംകാൽ വച്ച് ആ കൊച്ചു വീടിന്റെ പടികൾ കയറി …..
* * * * * * * * * * * * * * * * * *
രാത്രി …………
സരോജിനിയമ്മ നൽകിയ പാൽഗ്ലാസുമായി അഹല്ല്യ ഹർഷിന്റെ മുറിയിലേക്ക് ചെന്നു ..
സരോജിനിയമ്മ നൽകിയ കരമുണ്ടും വേഷ്ടിയുമായിരുന്നു അവളുടെ വേഷം ..
അവൻ മുറിയിലില്ലായിരുന്നു ..
അവൾ പാൽഗ്ലാസ് മേശയിൽ വച്ച് വെറുതേ ചുറ്റും നോക്കി …
ചെറിയൊരു മുറിയാണ് .. അവന്റെ സിങ്കിൾ ബെഡും മേശയും കഴിഞ്ഞാൽ പിന്നെ ഇച്ചിരി ഇടമേയുള്ളു…
നിറയെ പുസ്തകങ്ങളും കുറച്ചു വസ്ത്രങ്ങളും മാത്രമേ ആ മുറിയിലുള്ളു..
ഒരു തടിയിൽ തീർത്ത അലമാരയുണ്ടായിരുന്നു ..
അവളത് തുറക്കാൻ പോയില്ല ..
മേശമേലിരുന്ന പുസ്തകം അവളെടുത്ത് നോക്കി …
‘സൗപർണ്ണികാ തീരം … ഹർഷ് കല്ലായി .. “
അവൾ പുഞ്ചിരിച്ചു ..
അനുവിന്റെ കയ്യിൽ അവന്റെ പല പുസ്തകങ്ങളും അവൾ കണ്ടിട്ടുണ്ട് … പക്ഷെ ഒരിക്കൽ പോലും അവളതൊന്നും എടുത്തു നോക്കിയിട്ടുമില്ല വായിച്ചിട്ടുമില്ല ..
അൽപ്പം കഴിഞ്ഞപ്പോൾ വാതിൽക്കൽ കാൽപ്പെരു മാറ്റം കേട്ടു ..
അവൾ നോക്കിയപ്പോൾ ഹർഷാണ് …
പുസ്തകം മേശയിൽ വച്ച് അവൾ തിരിഞ്ഞു ..
അവൻ മുറിയിലേക്ക് വരില്ലെന്നാണ് അവൾ കരുതിയത് …
അപ്പോഴാണ് അവൾ അവന്റെ കയ്യിലെ ടെക്സ്റ്റയിൽസ് ഷോപ്പിന്റെ കവറുകൾ ശ്രദ്ധിച്ചത് …
അതവൻ അവൾക്ക് നേരെ നീട്ടി ..
” കുറച്ച് വസ്ത്രങ്ങളാണ് . . ഒരൂഹം വച്ച് വാങ്ങിയതാ .. ഈ വസ്ത്രങ്ങളൊന്നും നിനക്ക് ശീലമില്ലല്ലോ .. ഇത് നൈറ്റിയും ചുരിദാറുമുണ്ട് … മാറ്റിയിട്ടോളു .. ഞാൻ പുറത്ത് നിൽക്കാം … “
അവളത് കൈ നീട്ടി വാങ്ങി ..
” ഇന്നിത് മതി … ” അവൾ ഉടുത്തിരുന്ന കരമുണ്ടും നേര്യതും തൊട്ട് പറഞ്ഞു .. “
അവൻ വാതിലടച്ചു …. ഷർട്ടഴിച്ചു ഹാങ്കറിൽ തൂക്കി …
അവന്റെ രോമാവൃതമായ നഗ്ന മാറിടത്തിലേക്ക് അവൾ തെല്ലൊന്ന് പാളി നോക്കി ..
” കവറുകൾ അലമാരയിൽ വച്ചോളു … “
അവളത് അനുസരിച്ചു …
പിന്തിരിഞ്ഞ അവളുടെ നേർക്ക് അവനൊരു ബെഡ്ഷീറ്റ് നീട്ടി …
ഒന്നും മിണ്ടാതെ അവളത് കൈ നീട്ടി വാങ്ങി ..
” പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ …”
” ങും … ” അവൾ തലയാട്ടി ..
അവളാ ബെഡ്ഷീറ്റ് നിലത്ത് വിരിച്ചു …
പിന്നെ അവനെയൊന്ന് നോക്കിയിട്ട് നിലത്തേക്കിരുന്നു … പിന്നെ അതിലേക്ക് കടന്നു …
അവനത് നോക്കി നിന്നു ..
” ഇവിടെ കിടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നീ ബെഡിൽ കിടന്നോ … ഞാൻ പുറത്തു കിടക്കാം ….”
അവൾ തലയുയർത്തി നോക്കി ..
” വേണ്ട … ഞാനിവിടെ കിടന്നോളാം ….”
പറഞ്ഞിട്ട് അവൾ തല താഴ്ത്തി തിരിഞ്ഞ് കിടന്നു ..
അവനൊന്നും പറഞ്ഞില്ല …
അൽപ നേരം അവളെ നോക്കി നിന്നിട്ട് മുറിയിലെ വെളിച്ചം കെടുത്തി ബെഡിലേക്ക് കയറി കിടന്നു …
ഇരുട്ടിൽ അവൾ നിലത്ത് ചുരുണ്ട് കൂടി കിടന്നു ..
രണ്ട് തുള്ളി കണ്ണുനീർ അവളുടെ കവിൾത്തടങ്ങളെ നനച്ച് ഒലിച്ചിറങ്ങി ..
* * * * * * * * * * * *
രാവിലെ അതുൽ മുറ്റത്ത് നിൽക്കുകയായിരുന്നു …
കുറച്ച് കഴിഞ്ഞ് അമ്മയെയും അനുവിനെയും കൂട്ടി ഹർഷിന്റെ വീട്ടിലേക്ക് പോകണം ..
അത് കഴിഞ്ഞ് അമ്മയെ തിരിച്ചു കൊണ്ടാക്കിയിട്ട് അനുവിനെയും കൂട്ടി രോഹിത്തിനെ കാണാൻ പോകണം .. അങ്ങനെയുള്ള കണക്കുകൂട്ടലുകളിലായിരുന്നു അവൻ …
അപ്പോഴാണ് ഗേറ്റിൽ പോസ്റ്റ്മാൻ സുധാകരേട്ടൻ പ്രത്യക്ഷപ്പെട്ടത് ..
അവൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു ..
അൽപ നേരം ഇരുവരും സംസാരിച്ചു .. പിന്നെ അതുൽ എന്തോ ഒപ്പിട്ട് വാങ്ങി ….
സുധാകരേട്ടൻ യാത്ര പറഞ്ഞ് പോയപ്പോൾ , അവൻ പോസ്റ്റ് കവർ പൊട്ടിച്ച് നോക്കി ..
ഒരു പാട് ദിവസങ്ങൾക്ക് ശേഷം ഒരു ചെറിയ സന്തോഷം ആ വീടിനെ തേടി എത്തിയിരുന്നു ..
( തുടരും )
അമൃത അജയൻ .
അമ്മൂട്ടി ..
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Chandranudikkunna Dikkil written by Amrutha Ajayan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission