അനവദ്യ ഫ്രഷായി വരുമ്പോൾ റൂമിൽ അഹല്ല്യയെ കണ്ടില്ല .. അവൾ വേഗം കിച്ചണിലേക്ക് ചെന്നു … അവിടെയെങ്ങും അവളില്ല …
” അക്കു എവിടെയമ്മേ …..”
” അവൾ അപ്പുറത്ത് പോയി … പഴംപൊരി കൊണ്ടു കൊടുക്കാൻ … ” ശ്രീദേവി പറഞ്ഞു ..
കള്ളി .. അവൾ തന്നെ പറ്റിച്ചു.. ! താൻ ഫ്രഷാകാൻ കയറിയ സമയം കൊണ്ട് അവൾ മുങ്ങി ..
അവൾ വേഗം മുൻ വശത്തേക്ക് വന്നു .. പോർച്ചിന്റെ വശത്തേക്ക് ഇറങ്ങി നിന്ന് അവൾ ചെറുമതിലിലൂടെ തല പൊന്തിച്ചു നോക്കി .. മുറ്റത്തോ സിറ്റൗട്ടിലോ ആരും ഇല്ല ….
ഇവളിതെന്ത് ഭാവിച്ചാണ് … ! ഇതെവിടെ ചെന്ന് അവസാനിക്കും എന്നോർത്തിട്ട് അവൾക്ക് തല പെരുത്തു .. അങ്ങോട്ട് ഇടിച്ചു കയറി ചെല്ലാൻ അവൾക്ക് തോന്നിയില്ല … തിരികെ മുറിയിൽ വന്ന് അവൾ ബെഡിലിരുന്നു ..
പുറത്ത് പോക്കുവെയിൽ വറ്റി തുടങ്ങുകയായിരുന്നു .. അടുത്ത നിമിഷം മുറിയിൽ ഫോൺ ശബ്ദിച്ചു …
അഹല്ല്യയുടെ ഫോണാണ് മേശപ്പുറത്തിരുന്ന് ശബ്ദിക്കുന്നത് .. അവൾ എഴുന്നേറ്റ് ചെന്ന് നോക്കി .. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവൾക്ക് ആതി കയറി …
രോഹിത് കാളിംഗ് ….!
അവളുടെ തൊണ്ട വറ്റി വരണ്ടു .. അവൾ ഫോണെടുത്തില്ല .. ഒരു വട്ടം റിംഗ് ചെയ്ത് ആ ശബ്ദം നിലച്ചു .. ആശ്വാസത്തോടെ ബെഡിലേക്ക് ഇരിക്കാൻ തുടങ്ങിയതും വീണ്ടും ഫോൺ ചിലച്ചു തുടങ്ങി …
അവൾ വിൻഡോയിലൂടെ ഗേറ്റിലേക്ക് നോക്കി .. ഒരു പാളി അൽപം തുറന്ന് കിടപ്പുണ്ട് ..
ബെല്ലടിച്ചു തീരാറായതും അവൾ മനസില്ലാ മനസോടെ ഫോണെടുത്തു …
” എത്ര നേരമായി ഞാൻ വിളിക്കുന്നു .. താനെവിടെയാടോ.. ” മറുവശത്തെ ശബ്ദത്തിലെ മുഷിച്ചിൽ അവളറിഞ്ഞു ..
” ഞാൻ അനുവാ .. അക്കുവല്ല … ” അവൾ വിക്കി വിക്കി പറഞ്ഞു …
” ഓ .. സോറി .. അക്കു എവിടെപ്പോയി …? ” ആ ശബ്ദം ഒന്നയഞ്ഞു ..
” കുളിക്യാ……… ഇറങ്ങുമ്പോൾ പറയാം … ” വായിൽ വന്ന കള്ളം അവൾ പറഞ്ഞു ..
” ഒക്കെ …..”
കൂടുതൽ സംഭാഷണങ്ങളില്ലാതെ ആ കാൾ അവസാനിച്ചു …
അവൾ വീണ്ടും മുൻവശത്തേക്ക് വന്നു .. പോർച്ചിലേക്കിറങ്ങി അരമതിലിലൂടെ അപ്പുറത്തേക്ക് നോക്കി .. അപ്പോഴും മുറ്റത്തെങ്ങും ആരുമില്ലായിരുന്നു ..
പൂന്തോട്ടത്തിലെ ചെറിയ സിമന്റ് തിട്ടയിൽ വന്ന് അവളിരുന്നു .. വൈകുന്നേരത്തിന്റെ ഇളം കാറ്റ് മെല്ലെ വീശുന്നുണ്ടായിരുന്നു .. മനോഹരമായ ഹൈഡ്രാഞ്ചിയ പൂക്കളും ,ഡാലിയയും നിറയെ വിടർന്നു നിൽപ്പുണ്ട് ആ കൊച്ചു പൂന്തോട്ടത്തിൽ .. അവൾ വെറുതെ അവയിലൂടെ കണ്ണോടിച്ചു … അവളുടെ മനസ് ഒന്നിലും ഉറച്ചില്ല ..
അടുത്ത മാസം ഒരേ ദിവസം ഒരേ പന്തലിൽ രണ്ട് വിവാഹങ്ങൾ നടക്കേണ്ട വീടാണിത് .. അതുലേട്ടന്റെയും അഹല്യയുടെയും ..
അതുലേട്ടൻ തന്റെ സഹപാഠിയും പ്രണയിനിയുമായ രശ്മിയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ , അതേ പന്തലിൽ രശ്മിയേട്ടത്തിയുടെ സഹോദരൻ രോഹിത് അഹല്ല്യയുടെ കഴുത്തിൽ താലിചാർത്തുന്നു ..
കേദാരം ഗ്രൂപ്പ്സ് ഉടമ പ്രഫുല ചന്ദ്രന്റെ രണ്ട് മക്കളും ഈ വീടിന്റെ മരുമക്കളാകുന്നത് നമ്മുടെ ഭാഗ്യമെന്ന് ഈ നാട് മുഴുവൻ പറയുന്നു …
അതുലേട്ടൻ വഴി വന്ന ഭാഗ്യമാണ് അഹല്യക്കും .. അതുലേട്ടനെ മാത്രമേ വിവാഹം ചെയ്യൂ എന്ന രശ്മിയേട്ടത്തിയുടെ ഒറ്റ വാശിയാണ് ഈ കാര്യങ്ങൾ ഇത്രയുമെത്തിച്ചത് .. അല്ലെങ്കിൽ വെറുമൊരു തഹസിൽദാറായ ശിവരാമ കൈമളിന്റെ മക്കൾക്ക് സ്വപ്നം കാണാൻ കഴിയാത്ത ബന്ധമാണ് ഇത് ..
രശ്മിയേട്ടത്തിയെ പെണ്ണ് കാണാൻ ചെന്നപ്പോഴാണ് , രോഹിത് അഹല്ല്യയെ കണ്ടിഷ്ടപ്പെട്ടത് .. കേദാരം ഹോസ്പിറ്റൽ ചെയർമാനും , ഓൺകോളജി സ്പെഷ്യലിസ്റ്റും കൂടിയാണ് ഡോ . രോഹിത് .. വിവാഹം കഴിഞ്ഞാൽ അതുലേട്ടനെ കാത്തിരിക്കുന്നത് കേദാരം ഹോസ്പിറ്റലിന്റെ MD സ്ഥാനം കൂടിയാണ് ..
എല്ലാം തകർത്തെറിയാൻ വേണ്ടിയാണ് മൂന്നു മാസം മുൻപ് ധൂമകേതു പോലെ അയൽപക്കത്ത് താമസിക്കാൻ അയാളും അമ്മയും വന്നത് .. അയാളുടെ അമ്മ ബാങ്ക് മാനേജർ ആണ് .. വരുമ്പോൾ ഏഴ് മണി കഴിയും ..
അവളുടെ ചിന്തകളെ ഉണർത്തിയത് ഗേറ്റിന്റെ കൊളുത്ത് നീങ്ങുന്ന ശബ്ദമാണ് .. ഗേറ്റ് അടച്ചു , ഒരു കൂസലുമില്ലാതെ അഹല്ല്യ നടന്നു വന്നു ….
അനവദ്യ എഴുന്നേറ്റ് അവളുടെ നേരെ ചെന്നു …
” ഒറ്റക്കങ്ങ് പോയി അല്ലേ …. ” അറപ്പോടെയും അതിലുപരി സങ്കടത്തോടെയും അവൾ ചോദിച്ചു ..
” ഓ .. നീ കുളിച്ചു വരുമ്പോ ലേറ്റാകില്ലെ .. …..” അഹല്ല്യ കള്ളച്ചിരിയോടെ കണ്ണടച്ചു കാട്ടി ..
” എന്തായിരുന്നു അവിടെ ….” പുശ്ചത്തോടെ അവൾ ചോദിച്ചു ..
” റോബിച്ചൻ ഒരു പാട്ട് പാടി തന്നു .. റോബിച്ചന്റെ പുതിയ വർക്കാ .. മ്യൂസിക്കും റോബിച്ചനാണ് .. സൂപ്പർബ് .. നീ കേട്ടു നോക്കണം …. മറ്റൊരു ഹാപ്പി ന്യൂസ് കൂടിയുണ്ട് .. റോബിച്ചനെ ഒരു മൂവിയിലേക്കും വിളിച്ചിട്ടുണ്ട് .. അതൊന്ന് ക്ലിക്കായാൽ രക്ഷപെട്ടു .. റോബിച്ചൻ കോൺഫിഡൻറാ .. പുള്ളി പറയുന്നത് വളരെ താമസിക്കാതെ ചലച്ചിത്ര രംഗത്ത് ഗായകന്റെയും സംഗീത സംവിധായകന്റെയും ഒരു പുത്തൻ താരോദയം ഉണ്ടാകുമെന്നാ .. റോബിൻ പുന്നക്കൽ എന്ന റോബിച്ചൻ …. ” അവൾ ആവേശത്തോടെ പറഞ്ഞു ….
അനവദ്യ അവളെ വീക്ഷിക്കുകയായിരുന്നു ..
” ഇതിൽ നിനക്കെന്താ ഇത്ര സന്തോഷിക്കാൻ ….. നിന്റെയാരാ അയാൾ..” അവൾ കൊള്ളിച്ചു ചോദിച്ചു ..
അഹല്യക്ക് ഉത്തരം മുട്ടി ..
” നിനക്കങ്ങോട്ട് വരായിരുന്നില്ലേ .. റോബിച്ചന്റെ പാട്ട് കേൾക്കായിരുന്നല്ലോ ……” അവൾ വിഷയം മാറ്റാൻ ചോദിച്ചു ..
” ഉവ്വ് … ഒരു ദിവസം വന്നപ്പോ ഞാൻ കണ്ടതാണല്ലോ ബെഡ് റൂമിലെ മ്യൂസിക് കോമ്പോസിഷൻ …. ” അവൾ കാർക്കിച്ചു തുപ്പും പോലെ പറഞ്ഞു ..
അഹല്ല്യ വിളറി വെളുത്തു പോയി … അവളുടെ മുഖം കുനിഞ്ഞു ..
” എന്നാൽ ഒരു സന്തോഷ വാർത്ത ഞാനങ്ങോട്ട് പറയട്ടെ ….” അനവദ്യ ചോദിച്ചു ..
അഹല്ല്യ അവളുടെ കണ്ണിലേക്ക് നോക്കി ..
” രോഹിത്തേട്ടൻ വിളിച്ചിരുന്നു .. രണ്ട് വട്ടം … “
” ങും ….” അവൾ ചെറുതായി മൂളി …
” എന്തിനാടി ഒരു പാവം മനുഷ്യനെക്കൂടി വഞ്ചിക്കാൻ നോക്കുന്നേ .. നിന്റെ പ്ലാൻ എന്താ ….”
ഒന്നും പറയാതെ അഹല്ല്യ അകത്തേക്ക് കയറിപ്പോയി …
അനവദ്യ അൽപ നേരം കൂടി പൂന്തോട്ടത്തിൽ ചിലവഴിച്ചു …. പിന്നെ മുറിയിലേക്ക് വരുമ്പോൾ കാണുന്നത് ഫോണിൽ രോഹിത്തിനോട് കൊഞ്ചുന്ന അഹല്ല്യയെയാണ് ….
ഇവൾക്കെങ്ങനെ കഴിയുന്നു ഇതൊക്കെ … !
അനവദ്യയുടെ നോട്ടം കണ്ടപ്പോൾ അഹല്യ കണ്ണിറുക്കി കാണിച്ചു .. പിന്നെ ഫോണിലൂടെ ഉമ്മ വച്ചു …
അനു തന്റെ റെക്കോർഡ് എടുത്ത് എഴുതാനിരുന്നു .. അഹല്യയുടെ ഫോൺ സംഭാഷണം ഇപ്പോഴൊന്നും കഴിയില്ലെന്ന് അവൾക്കറിയാം ….
പക്ഷെ പതിവിന് വിപരീതമായി അവൾ പെട്ടന്ന് ഫോൺ കട്ട് ചെയ്തു ….
” ഞാൻ കുളിച്ചിട്ട് വരാം …..” അവൾ പറഞ്ഞു ….
” ഒന്ന് നിന്നേ …..” അനു അവളുടെ കൈക്ക് പിടിച്ചു നിർത്തി …. പിന്നെ എഴുന്നേറ്റ് അവൾക്ക് അഭിമുഖം നിന്നു …
” ഒരു ചോദ്യത്തിന് നീ മറുപടി തന്നേ പറ്റൂ … വഴുതി മാറാൻ നോക്കണ്ട …. ഇല്ലെങ്കിൽ ഞാനെല്ലാം വീട്ടിൽ പറയും .. “
അഹല്ല്യയൊന്ന് ഞെട്ടി …
” എന്താ നിനക്കറിയേണ്ടത് …? “
” എന്താ നിന്റെ ഉദ്ദേശം … എൻഗേജ്മെന്റ് ഉറപ്പിച്ച നീ റോബിനുമായി ഒരു ചീത്ത ബന്ധം തുടങ്ങിയതേ തെറ്റ് … ശരി അതങ്ങനെ സംഭവിച്ചു .. അതവസാനിപ്പിക്കാൻ നിനക്ക് ഉദ്ദേശമുണ്ടോ … അതോ ഒരു പാവം ചെറുപ്പക്കാരനെ വഞ്ചിക്കാനാണോ ഉദ്ദേശം .. നിനക്ക് റോബിനെയാണ് ഇഷ്ടമെങ്കിൽ അത് രോഹിത്തേട്ടനോട് തുറന്നു പറഞ്ഞു കൂടെ … ?” അവൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു …
അഹല്ല്യ അനുജത്തിയുടെ കണ്ണുകളിലേക്ക് നോക്കി ……
( തുടരും )
അമൃത അജയൻ .
അമ്മൂട്ടി ..
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Chandranudikkunna Dikkil written by Amrutha Ajayan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission