Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 3

Malayalam Novel Chandranudikkunna Dikkil

അഹല്ല്യയുടെ മുഖം വാടി …

” സത്യത്തിൽ ഞാനും കൺഫ്യൂഷനിലാണ് ….” കുറച്ചു നേരത്തെ മൗനം അവൾ വെടിഞ്ഞു ..

” എന്നു വച്ചാൽ …..”

” നീയെന്നെ വഴക്ക് പറയരുത് …..” അവൾ പറഞ്ഞു …

” നീ കാര്യം പറ ….” അനവദ്യയുടെ ക്ഷമ നശിച്ചു ..

” റോബിച്ചൻ ഇതുവരെ എന്നെ വിവാഹം ചെയ്യാമെന്നോ ഇഷ്ടമാണെന്നോ പറഞ്ഞിട്ടില്ല …. “

” പിന്നെ … പിന്നെ നീ എന്തുദ്ദേശത്തിലാ അയാളുമായി ….”

” ഒരു ദുർബല നിമിഷത്തിൽ ഞങ്ങൾ എല്ലാം മറന്ന് കെട്ടി പുണർന്ന് നിന്നു പോയി .. അതാണ് നീയന്ന് അവിടെ കണ്ടത് .. “

” എങ്കിൽ പിന്നീട് ആ തെറ്റ് ആവർത്തിക്കാതിരിക്കുകയായിരുന്നു നീ ചെയ്യേണ്ടത് .. നീ പിന്നെയും അവിടെ കയറി പോകുന്നത് എന്തിനാ …”

” അതാ ഞാൻ പറഞ്ഞത് .. റോബിച്ചനെ എനിക്ക് ഇഷ്ടമാണ് .. ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയത് അയാളോടാണ് .. എനിക്കാരാധനയാണ് റോബിച്ചനോട് … സംഗീതം വിളങ്ങുന്ന ആ കണ്ണുകളും , ഗന്ധർവതുല്യമായ സംഗീതവും ഒക്കെ ഞാനാരാധിക്കുന്നു …. “

അനവദ്യ ഒന്നും മനസിലാകാതെ നിന്നു …

” നീയെന്താ പറഞ്ഞു വരുന്നത് …”

” സത്യത്തിൽ എനിക്കറിയില്ല .. രോഹിത്ത് എന്നെ ഇഷ്ടപ്പെട്ട് വന്ന പുരുഷനാണ് … അയാൾ പിടിച്ചു വാങ്ങിയ ഇഷ്ടമല്ലേ എന്നിൽ നിന്ന് … പക്ഷെ ഞാൻ മനസറിഞ്ഞ് സർവം സമർപ്പിക്കാനാഗ്രഹിക്കുന്നത് റോബിച്ചനാണ് .. “

” ഛെ…… എന്നു വച്ചാൽ റോബിനുമായി പേരിടാത്ത ഒരു ബന്ധം തുടരുക … രോഹിതിന്റെ ഭാര്യയായി ജീവിക്കുക .. ഇതാണോ ഉദ്ദേശം ….” അനവദ്യ വെട്ടിതുറന്നു ചോദിച്ചു …

അഹല്യ തല താഴ്ത്തി നിന്നു …..

” അക്കൂ …. ഇത് ശരിയല്ല … കഴിഞ്ഞതൊക്കെ കഴിഞ്ഞു .. ഇനിയൊരിക്കലും നീ റോബിനെ കാണാൻ പാടില്ല … അല്ലെങ്കിലും ഈ റോബിനൊരു ഫ്രോഡാണ് എന്നെനിക്ക് തോന്നുന്നു .. നീ വിവാഹമുറപ്പിച്ച പെണ്ണാണെന്ന് അറിഞ്ഞിട്ടും നിന്റെ ദൗർബല്യം മുതലെടുക്കുന്ന അവൻ നല്ലവനാണെന്ന് നീ കരുതുന്നുണ്ടോ .. അതല്ല എന്റെ മുന്നിൽ തല താഴ്ത്തി , സത്യം ചെയ്തിട്ട് നിന്റെ മനസിലുള്ള ചീത്ത വിചാരം നടപ്പിലാക്കാനാ ഉദ്ദേശമെങ്കിൽ അത് കളഞ്ഞേക്ക് .. ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം നീയായിട്ട് തകർക്കരുത് .. തകരുന്നത് നീ മാത്രമായിരിക്കില്ല .. രണ്ട് കുടുംബങ്ങളാണ് .. ഒരുപാട് ജീവിതങ്ങളാണ് … “

അഹല്ല്യ ഒന്നും മിണ്ടാതെ ബെഡിലേക്കിരുന്നു ..

അവളുടെ മനസിൽ പലവിധ ചിന്തകളായിരുന്നു …

രോഹിത്തിന്റെ കൂടെ ജീവിതകാലം മുഴുവൻ ഒരു കുറവുമില്ലാതെ ജീവിക്കാൻ കഴിയും … റോബിൻ …. അയാൾ നാളെ എല്ലാമുണ്ടാകും എന്നു കരുതി ജീവിക്കുന്നവനാണ് .. ആ സ്വപ്നം ചിലപ്പോൾ സഫലമാകാം .. ഇല്ലാതെയുമിരിക്കാം … സഫലമായില്ലെങ്കിൽ , ആരുടെയെങ്കിലും ഗാനമേള ട്രൂപ്പിൽ കൂലിക്ക് പാടുന്ന തുക്കട ഗായകന്റെ ഭാര്യയായി ജീവിക്കേണ്ടി വരും .. സഫലമായാൽ … വലിയൊരു സംഗീതഞ്ജന്റെ ഭാര്യയായി ജീവിക്കാം .. കിട്ടുന്ന പണം , പ്രശസ്തി … ആദരവ് … അതൊന്നും രോഹിത്തിന്റെ ഭാര്യയായി നാല് ചുവരുകൾക്കുള്ളിൽ തളക്കുമ്പോൾ കിട്ടില്ല …

അവളുടെ മനസിൽ ചിന്തകൾ യുദ്ധം ചെയ്തു …

* * * * * * * * * * * * * * *

” താൻ വിഷമിക്കണ്ടടോ… അവൾക്ക് ഒരു പക്വത വന്നിട്ടില്ല .. ഇതൊക്കെ പെൺകുട്ടികൾക്ക് തോന്നുന്ന ഒരു ഇൻഫാക്ച്വേഷൻ ആണ് .. പ്രത്യേകിച്ച് ഗായകന്മാരോടും കലാകാരന്മാരോടും പെൺകുട്ടികൾക്ക് ഒരു ആരാധനയുണ്ട് .. അത്രേം കരുതിയാൽ മതി .. വെറുതെ എഴുത്തു കുത്തുകളുമായി നടക്കുന്ന മറ്റൊരു ഗുണവുമില്ലാത്ത എന്നോട് നിനക്ക് പ്രണയം തോന്നിയില്ലേ .. അതുപോലെ … “

” നമ്മുടെ പ്രണയവുമായി അത് താരതമ്യം ചെയ്യണ്ട മഷേ … ഓർത്തിട്ടെനിക്ക് പേടിയാവാ … അവളെന്തെങ്കിലും മണ്ടത്തരം കാട്ടിയാൽ ….” അനുവിന്റെ കൺകോണിൽ നനവുതിർന്നു ..

” ഒരിക്കലുമില്ല .. ഒരു മാസമല്ലേയുള്ളു വിവാഹത്തിന് .. അത് പെട്ടന്ന് കടന്നു പോകും .. രോഹിത്തിന്റെ ഭാര്യയായി , കേദാരം ഗ്രൂപ്പ്സിന്റെ മരുമകളായി ജീവിക്കുമ്പോൾ അവൾ അതൊക്കെ മറക്കും … ” ഹർഷ് അനുവിനെ സാന്ത്വനിപ്പിച്ചു ..

അവൾ അയാളുടെ കണ്ണിലേക്ക് നോക്കി .. അയാളുടെ വളർന്നു നിൽക്കുന്ന താടിരോമങ്ങളിലും ആ കണ്ണുകളിലേക്കും അവൾ പ്രണയത്തോടെ നോക്കി .. കൺതടങ്ങൾക്ക് താഴെ കറുപ്പ് ബാധിച്ചിട്ടുണ്ടായിരുന്നു ..

” എന്തു പറ്റി മാഷേ .. ഉറക്കമൊന്നുമില്ലേ .. എഴുത്താണോ …”

” എഴുത്തുണ്ട് .. പിന്നെ സ്കൂളുകളിൽ പരീക്ഷ തുടങ്ങാറായില്ലേ … പരീക്ഷയായാൽ സ്കൂൾ അദ്ധ്യാപകരെക്കാൾ ടെൻഷൻ ഞങ്ങൾ പാരലൽ കോളേജ് അദ്ധ്യാപകർക്കാണ് .. കുട്ടികൾക്ക് നല്ല മാർക്ക് നേടികൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് .. അവറേജിനു മുകളിലുള്ള കുട്ടികൾക്ക് നമ്മുടെ വിഷയത്തിന് പൊതുവേ മാർക്ക് കുറഞ്ഞാൽ കുറ്റം നമുക്കാവും .. ശമ്പളം കുറക്കുക , പിരിച്ചു വിടുമെന്ന ഭീഷണി .. അങ്ങനെ പ്രിൻസിപ്പാളിന്റെ വക കലാപരിപാടികൾ പലതാണ് .. “

” സാരല്ല്യ… മാഷ്ക്കും ഉടനെ തന്നെ സ്കൂളിൽ കയറാൻ പറ്റും .. എന്റെ മനസ് അങ്ങനെ പറേണു … “

” എവിടെ … എയിഡഡ് സ്കൂളുകാര് ചോദിക്കുന്ന ലക്ഷങ്ങൾ കൊടുക്കാൻ എനിക്ക് ഒരു നിവൃത്തിയുമില്ലെന്ന് അറിയാല്ലോ .. പിന്നെ പി എസ് സി … അതിനി ഏതു കാലത്താ വിളിക്കാ .. “

” ഞാനൊരു കാര്യം പറഞ്ഞാൽ കേൾക്കോ…. “

” എന്തേ …..”

” ഒരു മാസം കൂടി കഴിഞ്ഞാൽ എന്റെ വീട്ടിൽ രണ്ടു വിവാഹങ്ങൾ നടക്കും … കേദാരം ഗ്രൂപ്പ്സ് നമ്മുടെ ബന്ധുക്കളാകുന്നു .. അതു കഴിഞ്ഞാൽ നമ്മുടെ കാര്യം വീട്ടിൽ അറിയിക്കണം .. അതുലേട്ടനോട് ആദ്യം പറഞ്ഞാൽ മതി .. ഏട്ടനെതിർക്കില്ല ..നിങ്ങൾ രണ്ടു പേരും സ്കൂൾ കാലഘട്ടത്തിൽ ഒരുമിച്ചു പഠിച്ചവരല്ലേ .. ഉറ്റ സുഹൃത്തുക്കളുമായിരുന്നില്ലേ .. ഏട്ടൻ വിചാരിച്ചാൽ കേദാരം ഗ്രൂപ്പ്സിന്റെ സ്കൂളിലോ കോളേജിലോ ഒരു മലയാളം അദ്ധ്യാപകന്റെ ജോലി തരപ്പെടുത്തി തരും … “

” ഏയ് അതൊന്നും വേണ്ട … “

” നാണക്കേട് ഒന്നും വിചാരിക്കണ്ട… നമുക്ക് വേണ്ടിട്ടല്ലേ …. “

” ഒരു പാരലൽ കോളേജ് മാഷ് , നിന്റെ കുടുംബത്തിന്റെ സ്റ്റാറ്റസിന് ചേരില്ല എന്ന് നിനക്കും തോന്നി തുടങ്ങിയോ അനു … ” അവൻ കളിയായി ചോദിച്ചു ..

” എന്തായീ പറേണേ …..” അവളുടെ കൺകോണിൽ നിന്ന് കണ്ണുനീർ ഉതിർന്നു …

” ഞാനതാണോ പറഞ്ഞേ .. നിക്ക് ഒന്നും വേണ്ട .. സ്റ്റാറ്റസ് നോക്കി എല്ലാരും എതിർത്താലും മാഷ് വിളിച്ചാൽ ഈ അനു കൂടെ വരും .. മാഷ്ടെ സ്വപ്നല്ലേ ഒരു അദ്ധ്യാപകനാവുക എന്നുള്ളത് ..അത് കൊണ്ടാ ഞാനങ്ങനെ പറഞ്ഞെ ….” അവൾ കരഞ്ഞു പോയി …

” അയ്യേ ……. എന്റെ അനുക്കുട്ടി കരയുവാണോ …. ഞാനൊരു തമാശ പറഞ്ഞതല്ലേ .. ” അവൻ അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി .. വിരൽ കൊണ്ട് ആ കവിളത്തെ കണ്ണുനീരൊപ്പി .. അവന്റെ ഹൃദയത്തിൽ വാത്സല്യം തിരതല്ലി …

” വേണ്ട .. ഇങ്ങനത്തെ തമാശയൊന്നും വേണ്ട …. ” അവളുടെ തൊണ്ടയിടറി ….

” ഇല്ല .. ഇനി പറയില്ല …. എന്റെ കുട്ടി ചെല്ല് .. ബ്രേക്ക് കഴിയാറായില്ലേ……”

അവൾ കവിൾ തുടച്ചു .. കോളേജിലെ ലഞ്ച് ബ്രേക്ക് ടൈമിലാണ് അവർ പതിവായി സന്ധിക്കാറുള്ളത് .. അവളുടെ കോളേജിനടുത്തുള്ള ലൈബ്രറിയിൽ ഹർഷ് നിത്യ സന്ദർശകനാണ് .. അവിടെ വരുന്ന ദിവസം അവൻ അനുവിനെ അറിയിക്കും .. ലഞ്ച് ബ്രേക്ക് ടൈമിൽ തൊട്ടടുത്തുള്ള പാർക്കിൽ , വലിയ തണൽ മരങ്ങൾക്കിടയിലൂടെ അവർ സംസാരിച്ചു നടക്കും …..

അവളെ യാത്രയാക്കി ഹർഷ് തിരികെ ലൈബ്രറിയിലേക്ക് നടന്നു …

************************

ദിവസങ്ങൾ പിന്നെയും കടന്നു പോയി .. വിവാഹത്തിന്റെ ഒരുക്കങ്ങൾ ഇരു കുടുംബങ്ങളിലും തകൃതിയായി നടന്നു .. കേദാരം ഗ്രൂപ്പ്സ് കുടുംബത്തിലെ വിവാഹം .. ഒരു നാടിന്റെ ഉത്സവമാണ് .. അത്രത്തോളം പ്രൗഢിയോടെയാണ് ആ വിവാഹ ഒരുക്കങ്ങൾ നടന്നത് ….

ഒരു വൈകുന്നേരം അഹല്യയുടെ ഫോണിലേക്ക് ഒരു കോൾ വന്നു … റോബിന്റെ കാൾ ….

” പറയ് റോബിച്ചാ ……” അവൾ ശബ്ദം താഴ്ത്തി , ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി പറഞ്ഞു ..

” വിവാഹ ഒരുക്കങ്ങളൊക്കെ ഏത് വരെയായി … “

” നടക്കുന്നു .. റോബിച്ചനെന്നാ ബാംഗ്ലൂർ ടൂർ കഴിഞ്ഞ് വരുന്നേ .. വിവാഹത്തിനുണ്ടാവില്ലേ … “

” ഉവ്വ് … വരും ……. ” അവൻ പറഞ്ഞു ..

” എന്തേ ഒരു നിരാശ ……” അവൾ ചോദിച്ചു ..

” നിരാശപ്പെടാനല്ലേ എനിക്ക് കഴിയൂ …. കണ്ടുമുട്ടാൻ വൈകിപ്പോയവരല്ലേ നമ്മൾ … “

അവളുടെ ഹൃദയത്തിൽ ഒരു നോവ് പടർന്നു ..

” റോബിച്ചനെന്നോട് ഇഷ്ടമുണ്ടായിരുന്നോ …”

” ങും …..” അവൻ മൂളി ..

അവൾ നിശബ്ദയായി ..

” എന്തേ …..” അവർക്കിടയിൽ ഘനീഭവിച്ച മൗനത്തെ അവൻ ഭേദിച്ചു …

” ങുംഹും … ഒന്നൂല്യ …….”

” അഹല്ല്യ……..” കാദരമായി അവൻ വിളിച്ചു ….. ഒരു വിരഹഗാനം പോലെ ആ വിളി അവളുടെ കാതിൽ മുഴങ്ങി ..

” ങും ……….”

” നെറുകയിൽ തൊടുവിച്ച വരചന്ദനം …

അതിശാപ വിരലേറ്റുമായുന്നുവോ ….

അഴൽ മഴയിലെന്തിനീയേകാന്ത രാത്രിയിൽ ..

കണ്ണീർ നിലാവായി പൊഴിഞ്ഞൂ …

താന്തനാം എന്നെ പിരിഞ്ഞു …

വിടചൊല്ലിയകലുന്നു പകലോ .. വിരഹാർദ്ര മൊഴുകുന്ന മനസോ ..

തിരകൾ തലോടുന്ന കടലിന്റെ തീരത്ത് ..

മിഴിവാർത്തു നിൽക്കുന്നു സൂര്യൻ ..

മാറിൽ മുറിവേറ്റു പിടയുന്ന സ്നേഹ സൂര്യൻ .. “

ഒരു സിനിമാ ഗാനത്തിന്റെ വരികൾ അവൻ പാടി ..

അവളുടെ ഹൃദയം പിടഞ്ഞു .. അവളറിയാതെ തേങ്ങിപ്പോയി ….

” റോബിച്ചാ ………” അവൾ വിങ്ങലോടെ വിളിച്ചു ..

” ഒന്നു കാണാൻ പറ്റ്വോടോ .. അവസാനമായി …………” അവൻ ചോദിച്ചു ..

” എപ്പോ .. എവിടെ വരണം … ” അവൾക്ക് ഒന്നും ആലോചിക്കാനില്ലായിരുന്നു ..

” ഞായറാഴ്ച … ടൗണിൽ വന്നാൽ മതി .. ഞാൻ കാറുമായി വരാം …… “

” ങും …….. വരാം …….” അവൾ പറഞ്ഞു …

കോളവസാനിപ്പിച്ച് അവൾ ചാരുപടിയിലിരുന്നു … താഴെ അച്ഛൻ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്നത് അവൾ കണ്ടു … ആ മുഖത്ത് വലിയ സന്തോഷം …

അവസാനമായി ഒരിക്കൽ കൂടി റോബിച്ചനെ കാണുന്നതിൽ തെറ്റില്ലെന്ന് അവൾക്ക് തോന്നി …

(തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!