” നീ എവിടെ പോകുന്നു …? “
ഞായറാഴ്ച രാവിലെ തന്നെ കുളിച്ചൊരുങ്ങി എവിടെയോ പോകാൻ തയ്യാറെടുക്കുന്ന അഹല്ല്യയോട് അനവദ്യ ചോദിച്ചു ..
” എന്റെ ഫ്രണ്ട്സിനെ കാണാൻ … അവരൊരു ഫെയർ വെൽ തരുന്നുണ്ട് എനിക്ക് …”
” ഫെയർവെല്ലോ … അതിന് നീ കല്ല്യാണം കഴിഞ്ഞാലും പഠിക്കാൻ പോകുമല്ലോ …”
” അതൊക്കെയിനി കണ്ടറിയാം … നിന്റെ ക്ലാസിലെ ജ്യോതിയുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോ എന്തായി … മാരേജ് കഴിഞ്ഞും പഠിപ്പിക്കാം എന്നു പറഞ്ഞല്ലേ കല്യാണം നടത്തിയെ .. എന്നിട്ട് പഠിപ്പിച്ചതുമില്ല .. ഈ ചെറുപ്രായത്തിൽ ഒരു കുഞ്ഞുമായി … അതു കൊണ്ട് അവർക്ക് നിർബന്ധം .. ചെറിയൊരു പാർട്ടി .. അത്രേ ഉള്ളു ..”
” പക്ഷെ കേദാരം ഫാമിലി അങ്ങനെ ചെയ്യില്ല .. അല്ലെങ്കിലും രോഹിത്തേട്ടൻ ഒരു ഡോക്ടറല്ലേ .. പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഒന്നും എതിര് നിൽക്കില്ല … “
” അതൊക്കെ കണ്ടറിയാം … അതെന്തേലുമാകട്ടെ … ഞാൻ പോയിട്ട് വരാം …….”
എന്തുകൊണ്ടോ അവളുടെ വാക്കുകളിൽ അനവദ്യക്ക് വിശ്വാസം വന്നില്ല ..
അവൾ ഹാളിൽ വരുമ്പോൾ , അച്ഛനോട് എന്തോ പറഞ്ഞ് കൊഞ്ചി , കവിളത്ത് ഒരു മുത്തവും നൽകി ഇറങ്ങിപ്പോകുന്ന അഹല്ല്യയെയാണ് കണ്ടത് …
അവൾ സിറ്റൗട്ടിൽ വന്ന് റോഡിൽ അഹല്ല്യമറയുന്നത് നോക്കി നിന്നു .. അപ്പോഴേക്കും ഗേറ്റ് കടന്ന് ഹർഷ് വന്നു .. അയാളെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി ….. മുണ്ടും നീല ഷർട്ടുമായിരുന്നു വേഷം .. ആ വേഷത്തിൽ അയാൾ കൂടുതൽ സുന്ദരനായി കാണപ്പെട്ടു ..
” ആഹാ .. ഹർഷാ … നീയിവഴിയൊക്കെ മറന്നുവെന്നാ ഞാൻ കരുതിയത് ….” ശിവരാജന്റെ ശബ്ദം കേട്ട് ഇരുവരും അകത്തേക്ക് നോക്കി ..
ഹർഷ് പുഞ്ചിരിച്ചു ….
” ഇല്ല .. ശിവേട്ടാ … തിരക്കുകളുണ്ടേ .. “
” മാഷ് വന്ന കാലിൽ നിൽക്കാതെ കയറിയിരിക്ക് ….” അനവദ്യ പറഞ്ഞു ..
ചെരുപ്പ് പൂമുഖത്ത് അഴിച്ചു വച്ച് അയാൾ കയറി വന്നു …
” മോളേ .. നീ ചായയെടുക്ക് … ” ശിവരാജൻ അനുവിനോട് പറഞ്ഞു ..
അവൾ വേഗം അകത്തേക്ക് നടന്നു …
ഹർഷും ശിവരാജനും സംസാരിച്ചിരിക്കുമ്പോൾ ഷർട്ടിന്റെ കൈകൾ മടക്കി വച്ചു കൊണ്ട് അതുൽ സ്റ്റെയർ കേസിറങ്ങി വന്നു …
പഴയ കൂട്ടുകാരനെ കണ്ടപ്പോൾ അതുൽ സന്തോഷത്തോടെ വന്നു കരം ഗ്രഹിച്ചു …
” നീയെങ്ങോട്ടെങ്കിലും പോകുന്നുണ്ടോ ….” ഹർഷ് ചോദിച്ചു …
” യാ .. ഹോസ്പിറ്റലിൽ പോകണം … ഉച്ചവരെ ഡ്യൂട്ടി എടുത്തിട്ടുണ്ട് .. ഉച്ചക്ക് ശേഷം ഒരു ഫ്രണ്ടിന്റെ മകളുടെ ബർത്ത്ഡേ പാർട്ടിക്ക് ക്ഷണമുണ്ട്… അത് കഴിഞ്ഞാലുടൻ വരും … “
” മോനേ .. വൈകരുത് .. വിവാഹത്തിന് ഇനി നാല് ദിവസമേയുള്ളു .. ബന്ധുക്കളൊക്കെ ഇന്ന് മുതൽ എത്തി തുടങ്ങും …. നീയിവിടെ വേണം ” ശിവരാജൻ ഓർമിപ്പിച്ചു ..
” ഇല്ലച്ഛാ …. വൈകില്ല … ഡാ ഇനിയൊരു മൂന്നാല് ദിവസം നീയിവിടെ കാണണം .. തിരക്കുകളൊക്കെ മാറ്റി വച്ചേക്ക് …” അവൻ ഹർഷിന്റെ തോളത്ത് തട്ടി ..
” ഞാനുണ്ടാകും .. നീ ലേറ്റാക്കാതെ ചെല്ല് ….” ഹർഷും എഴുന്നേറ്റ് അവനൊപ്പം മുറ്റത്തേക്കിറങ്ങി …
ചായയുമായി വരുന്ന അനു കാണുന്നത് , എന്തോ തമാശ പറഞ്ഞ് പരസ്പരം തോളത്ത് തട്ടി ചിരിക്കുന്ന ഏട്ടനെയും മാഷിനെയുമാണ് …
ആ സൗഹൃദത്തിനും സ്നേഹത്തിനും ഇന്നുമൊരു കോട്ടവും ഇല്ലെന്നത് അവൾക്ക് ആശ്വാസം പകർന്നു …
ഈശ്വരാ .. എന്നെന്നും അതങ്ങനെ തന്നെയാകണെ എന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു …
* * * * * * * * * * * * * * * * * * * * *
ഡ്യൂട്ടി കഴിഞ്ഞ് , രശ്മി ENT ഡിപ്പാർട്ട്മെന്റിലേക്ക് വന്നു .. ആ സമയം ബാഗ് തോളത്തിട്ട് , ഡ്യൂട്ടി റൂമിൽ നിന്ന് അതുലും മറ്റ് രണ്ട് പേരും വന്നു ..
” ഹായ് ..രശ്മി …..”
അതുലിനൊപ്പം വന്ന മിധുൻ അവളെ വിഷ് ചെയ്തു ..
” ഹായ് .. മിധുൻ … “
ചുവന്ന ആഡംബരമില്ലാത്ത ഷിഫോൺ സാരിയായിരുന്നു അവളുടെ വേഷം .. വെളുത്തു മെലിഞ്ഞ അവൾക്ക് ആ വേഷം നന്നായി ചേരുന്നുണ്ടായിരുന്നു ..
” രശ്മി അതുലിന്റെ നേരെ കാറിന്റെ കീ നീട്ടി .. “
” നിങ്ങളൊരുമിച്ച് വാ .. ഞങ്ങൾ പിന്നാലെ വന്നോളാം … ” മിധുൻ പറഞ്ഞു ..
” നാലു പേർക്ക് കാറിൽ പോകാം .. നിങ്ങൾ വാ …” അവൻ പറഞ്ഞു ..
” ചെല്ലളിയാ .. പ്രേമിച്ചു നടക്കാൻ കിട്ടുന്ന ലാസ്റ്റ് ചാൻസല്ലേ .. ഞങ്ങൾ കട്ടുറുമ്പാകുന്നില്ല … നിന്റെ ബൈക്കിൽ ഞങ്ങൾ പിന്നാലെ എത്തിക്കോളാം ….” വരുൺ പറഞ്ഞു ..
രശ്മി പുഞ്ചിരിച്ചു ..
പാർക്കിംഗിൽ വന്ന് രശ്മിയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് അതുൽ കയറി ..
കോ ഡ്രൈവർ സീറ്റിൽ രശ്മിയും ..
അവൻ കാർ സ്റ്റാർട്ട് ചെയ്തു നിരത്തിലേക്കിറക്കി ..
രശ്മി ബാഗ് പിൻ സീറ്റിലേക്കിട്ട് , ക്ലിപ്പ് ചെയ്തിരുന്ന മുടിയഴിച്ച് കോമ്പ് ചെയ്തിട്ടു …
UG മുതൽ അവർക്കൊപ്പം പഠിച്ച സുഹൃത്തിന്റെ മകളുടെ ബർത്ത്ഡേ പാർട്ടിയാണ് .. ഏതാനും ചില സുഹൃത്തുക്കളെ മാത്രം വിളിച്ച് അവരുടെ ഫ്ലാറ്റിൽ വച്ച് ഒരു ചെറിയ ചടങ്ങ് .. അത്രേയുള്ളു ..
നീല നിറത്തിൽ വൈറ്റ് ബോർഡർ ചേർത്ത് നിള എന്ന് ഭംഗിയിൽ ആലേഖനം ചെയ്ത ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിലേക്ക് ആ കാർ ചെന്നു നിന്നു ..
ഇരുവരും പുറത്തിറങ്ങി .. കുട്ടിക്ക് നൽകാനുള്ള ലിഫ്റ്റ് എടുക്കാൻ രശ്മി മറന്നില്ല .. പിന്നാലെ വന്ന മിധുനും വരുണും എത്തിയിട്ടില്ല ..
” നമുക്ക് ഫ്ലാറ്റിലേക്ക് പോകാം .. അവർ വന്നോളും … ” പറഞ്ഞിട്ട് രശ്മി ഫോണെടുത്ത് ആരെയോ വിളിച്ചു ..
” യാ … ഡിയർ .. ഞങ്ങൾ ഗ്രൗണ്ടിലുണ്ട് ….
യാ …. OK … “
അവൾ സംഭാഷണം അവസാനിപ്പിച്ചു ..
ഇരുവരും മെയിൻ എൻട്രൻസ് വഴി ലിഫ്റ്റിനടുത്തേക്ക് നീങ്ങി …
ലിഫ്റ്റ് വഴി 9 ൽ ഇറങ്ങി … കണ്ണാടി പോലെ തിളങ്ങുന്ന ഇടനാഴിയിലൂടെ അവർ നടന്നു ..
9 D… അതാണ് അവർക്ക് പോകേണ്ട ഫ്ലാറ്റ് .. ഒരു റൗണ്ടിലൂടെ തിരിയുന്നിടത്ത് വന്ന് അവർ നോക്കി .. അങ്ങോട്ട് ഫ്ലാറ്റുകളാണ് ..
അവർ 9 D നോക്കി നടന്നതും , ഒരു ഫ്ലാറ്റിന്റെ ഡോർ തുറന്ന് ഒരാൾ ഫോണിൽ സംസാരിച്ചുകൊണ്ട് ഇടനാഴിയിലേക്കിറങ്ങി .. അയാളുടെ നോട്ടം അതുലിന്റെ മുഖത്തേക്ക് വീണു .. ആ മുഖത്ത് ഒരു ഞെട്ടൽ .. ഒപ്പം മുഖം കടലാസു പോലെ വിവർണമായി …
” ഹായ് ..റോബിൻ .. ഇയാളെന്താ ഇവിടെ … “
അവന്റെ ഷോർട്സിലേക്കും നഗ്നമായ മാറിടത്തിലേക്കും നോക്കി കൊണ്ട് അതുൽ ചോദിച്ചു ..
കാതോരം ചേർന്നിരുന്ന ഫോൺ യാന്ത്രികമായി അയാൾ മാറ്റി … മുഖത്ത് ചിരി വരുത്തി ..
അവന്റെ മുഖത്തെ പരുങ്ങലും വെപ്രാളവും അതുലും രശ്മിയും ശ്രദ്ധിച്ചു ..
അവൻ പെട്ടന്ന് തിരിഞ്ഞ് ഡോറിനു നേർക്ക് ചെന്നതും , ” റോബിച്ചാ ….” എന്ന വിളിയോടെ ഒരു പെൺകുട്ടി കൂടി വെളിയിലേക്ക് വന്നു ..
വാരിക്കെട്ടിയ മുടിയും , അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങളുമായി പുറത്തേക്കിറങ്ങി വന്ന ആ പെൺകുട്ടിയെ കണ്ട് അതുലും രശ്മിയും സ്തംബ്ധരായി …
അഹല്ല്യ! …
( തുടരും .. )
അമൃത അജയൻ .
അമ്മൂട്ടി ..
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Chandranudikkunna Dikkil written by Amrutha Ajayan