” കൈക്കൂലി വാങ്ങി സർക്കാർ ഭൂമി വൻകിട കമ്പനിക്ക് പതിച്ചു കൊടുത്തു , തീർന്നില്ല റെവന്യൂ അക്കൗണ്ട്സിൽ വൻ തിരിമറി … തഹസിൽദാർ ശിവരാജൻ നിങ്ങളുടെ പേരിലുള്ള കേസുകൾ ഇതാണ് ….. ” SI ശിവരാജന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി പറഞ്ഞു ….
” സർ … ഇല്ലാത്ത കഥകൾ കെട്ടിച്ചമച്ച് എന്റെ അച്ഛനെ ദ്രോഹിക്കരുത് .. ഈ കുടുംബം അല്ലെങ്കിൽ തന്നെ തകർന്നിരിക്കുകയാണ് ….. ജോലിയിൽ ഒരു അഴിമതിയും ചെയ്യുന്ന ആളല്ല എന്റെയച്ഛൻ….. ” അതുൽ ഇടക്കു കയറി പറഞ്ഞു …
SI ഫിലിപ്പോസിന്റെ മുഖം ചുവന്നു …..
” സാറേതാ ….. പോലീസിനെ ചട്ടം പഠിപ്പിക്കാൻ ………. ” ഫിലിപ്പോസ് അതുലിന് നേരെ തിരിഞ്ഞു ….
വിട്ട് കൊടുക്കാൻ അതുലും ഒരുക്കമായിരുന്നില്ല …..
” ഞാനിദ്ദേഹത്തിന്റെ മകനാ .. ഡോ . അതുൽ ……”
” വോ ……. ഡാക്കിട്ടർ …… എടാ കൊച്ചനേ … നിന്റെ നെഗളിപ്പൊക്കെ അങ്ങ് ആശുപത്രിയിൽ മതി … ഇത് പോലീസിന്റെ പണിയാണ് … അത് നല്ല വെടിപ്പായിട്ട് ഞങ്ങൾ ചെയ്തോളാം ……….”
അനുവും അഹല്യയും ശ്രീദേവിയും ഭയന്നു പോയിരുന്നു …..
പോലീസുകാർ ശിവരാജന്റെ കയ്യിൽ ബലമായി പിടിച്ച് വിലങ്ങണിയിച്ചു …..
ആ വീട്ടിൽ ഒരു പൊട്ടിക്കരച്ചിലുയർന്നു …
” അയ്യോ .. എന്റെ അച്ഛനെ കൊണ്ടു പോവല്ലെ …….. ” അനവദ്യ ഓടി അവർക്കിടയിലേക്ക് കയറി ശിവരാജനെ കെട്ടിപ്പിടിച്ചു ….
” മാറിനിക്ക് കൊച്ചേ …….. ” ഫിലിപ്പോസ് ഒറ്റ വലിക്ക് അവളെ ദൂരേക്ക് തള്ളി ….
തള്ളിന്റെ ശക്തിയിൽ ഭിത്തിയുടെ നേർക്ക് ബാലൻസ് തെറ്റി വീഴാൻ പോയ അനവദ്യയെ അതുൽ താങ്ങി നിർത്തി …
” എടോ … വീട്ടിൽ കയറി തോന്നിവാസം കാണിച്ചാലുണ്ടല്ലോ …..” അനവദ്യയെ നെഞ്ചിൽ നിന്ന് പിടിച്ച് അകറ്റി നിർത്തി കൊണ്ട് അതുൽ വീണ്ടും ഫിലിപ്പോസിനു നേർക്ക് അടുത്തു …..
” മോനേ വേണ്ട ….. ” അത് വരെ നിശബ്ദനായിരുന്ന ശിവരാജൻ പറഞ്ഞു … ആ മുഖത്ത് വികാരങ്ങളൊന്നുമില്ലായിരുന്നു … മഞ്ഞുറഞ്ഞതു പോലെ ആ ശബ്ദം ഉറഞ്ഞു പോയിരുന്നു …
” എന്താ അച്ഛാ ഉണ്ടായത് …… അച്ഛനിങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കില്ല ……..”
അതിനു ശിവരാജൻ മറുപടി പറഞ്ഞില്ല …
” അമ്മയെയും അനുജത്തിമാരെയും നീ നോക്കണം …. അവർക്കിനി നീ മാത്രമേ തുണയുള്ളു ……” നിർവികാരതയോടെ ശിവരാജൻ പറഞ്ഞു ….
” അച്ഛാ ………” ഞെട്ടലോടെ അതുൽ വിളിച്ചു …..
” പോകാം സാറെ ……” മക്കളുടെയോ ഭാര്യയുടെയോ മുഖത്തേക്ക് നോക്കാതെ ശിവരാജൻ പോലീസിനൊപ്പം നടന്നു …
” അയ്യോ അച്ഛാ ………….” അഹല്ല്യയും അനവദ്യയും കരഞ്ഞുകൊണ്ട് ശിവരാജന് പിന്നാലെ ഓടി ……. ബോധരഹിതയായി ശ്രീദേവി നിലം പതിച്ചു ……
* * * * * * * * * * * * * * * * * * * * * *
” മോനേ …അച്ഛൻ ………..” കട്ടിലിൽ കിടന്ന് ശ്രീദേവി അതുലിന്റെ കൈപിടിച്ച് കരഞ്ഞു….
” അമ്മ പേടിക്കണ്ട ….. ഞാൻ നോക്കിക്കോളാം …. ” അതുൽ അവരെ സമാധാനിപ്പിച്ചു ….
ബെഡിന്റെ രണ്ട് വശത്തായി അമ്മയുടെ അരികിൽ അഹല്യയും അനവദ്യയും കണ്ണീരോടെയിരുന്നു … അവൻ മൂന്നു മുഖങ്ങളിലേക്കും നോക്കി …….
നിലക്കാത്ത കയത്തിലെവിടെയോ പങ്കായം നഷ്ടപ്പെട്ട അമരക്കാരന്റെ തോണിയിലെ യാത്രക്കാരെപ്പോലെ ആ മുഖങ്ങളിലെ പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നു …
സന്തോഷമായി കഴിഞ്ഞിരുന്ന തന്റെ കുടുംബത്തിലേക്ക് എത്ര പെട്ടന്നാണ് ദുരന്തങ്ങൾ ഒന്നൊന്നായി കടന്നു വന്നത് …
സ്വന്തം പെങ്ങളെ ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ചയിൽ കണ്ടു , എന്നും കൂടെയുണ്ടാകണമെന്ന് കരുതി ജീവിതത്തിലേക്ക് കൂട്ടാനാഗ്രഹിച്ച ഇണയെ പാതി വഴിയിൽ നഷ്ടപ്പെട്ടു , ഇപ്പോൾ അമ്മക്കിളിയെയും രണ്ട് കുഞ്ഞിക്കിളികളെയും തന്നെ ഏൽപിച്ച് അച്ഛനും ഏതോ കുത്തൊഴുക്കിൽ പെട്ട് തന്റെ നേർക്ക് കൈ നീട്ടുന്നു ..
ഹാളിൽ ആരുടെയോ കാൽപെരുമാറ്റം കേട്ട് അതുൽ എഴുന്നേറ്റ് ചെന്ന് നോക്കി ..
ഹർഷായിരുന്നു അത് …
” എന്താടാ ഉണ്ടായത് …. ഞാനിപ്പോഴാണ് അറിഞ്ഞത് ……” അവൻ വന്ന് അതുലിനെ പിടിച്ചു ..
” വാ .. പറയാം ………..” അവരിരുവരും സിറ്റൗട്ടിലേക്ക് നടന്നു ..
* * * * * * * * * * * *
“ശിവേട്ടനൊരിക്കലും അങ്ങനെ ചെയ്യില്ല .. ആരോ കുടുക്കിയതാവും ………” എല്ലാം കേട്ട് കഴിഞ്ഞ് ഹർഷ് തീർത്തു പറഞ്ഞു …..
” പക്ഷെ അച്ഛന്റെ അപ്പോഴത്തെ മുഖഭാവം എന്നെ ഭയപ്പെടുത്തുന്നു ……..” അതുൽ നെറ്റി തടവി …
” ഏയ് അത് പേടിച്ചതുകൊണ്ടാവും ….. നീയിങ്ങനെ തളർന്നു പോകരുത് .. എല്ലാറ്റിനും കൂടെ ഞാനുണ്ട് … ” ഹർഷ് അവനെ സമാധാനിപ്പിച്ചു ..
” സ്റ്റേഷനിലേക്ക് പോകണം … ജാമ്യത്തിന് ശ്രമിക്കണം .. ഒരു അഡ്വക്കെറ്റിനെ കാണണം ……..” അതുൽ പറഞ്ഞു …
” നീ പോയി ഡ്രെസ് മാറി വാ …. നമുക്ക് പോകാം ……….”
ഡ്രസ് മാറി വന്ന് അതുൽ അമ്മയുടെയും അനുജത്തിമാരുടെയും മുറിയിലേക്ക് ചെന്നു ……
” ഞാൻ സ്റ്റേഷനിലേക്ക് പോവുകയാണ് … വാതിലടച്ചേക്ക് … രണ്ടു പേരും അമ്മയുടെ അടുത്ത് തന്നെയുണ്ടാകണം … ഒന്നും ഉണ്ടാക്കണ്ട .. കഴിക്കാനുള്ളത് ഞാൻ കൊണ്ടു വരാം …… “
” ഞങ്ങൾക്ക് ഒന്നും വേണ്ടയേട്ടാ …അച്ഛനെ കണ്ടാ മതി ……..” അനവദ്യ കണ്ണീരോടെ പറഞ്ഞു …
അവൻ മറുപടി പറഞ്ഞില്ല … കാരണം അവനും നിശ്ചയമില്ലായിരുന്നു വരും മണിക്കൂറുകളിൽ എന്തു സംഭവിക്കുമെന്ന് ….
” പോയിട്ടു വരാമമ്മേ …..” അത്ര മാത്രം പറഞ്ഞ് അവൻ മുറിവിട്ടിറങ്ങി ..
* * * * * * * * * * * * * * * *
പേരെടുത്ത പല വക്കീലന്മാരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഭലം … ആരും കേസെടുക്കുവാൻ തയ്യാറായില്ല … ഉന്നത ബന്ധങ്ങളുടെയും , പാർട്ടി ഇടപെടലുകളുടെയും കാരണങ്ങൾ പറഞ്ഞ് പലരും ഒഴിഞ്ഞു മാറി … ചിലർ തോക്കുമെന്ന് ഉറപ്പുള്ള കേസാണെന്ന് പറഞ്ഞ് പിന്മാറി …. ജാമ്യം കിട്ടാൻ സാത്യത തീരെയില്ലെന്നാണ് എല്ലാവരും പറയുന്നത് … ഉച്ചക്ക് ശിവരാജനെ കോടതിയിൽ ഹാജരാക്കുമെന്നറിഞ്ഞു … കോടതിയിൽ നിന്ന് ജാമ്യം കിട്ടിയില്ലെങ്കിൽ റിമാന്റ് ചെയ്യും …
ഒടുവിലായി വിളിച്ച കോളും നിരാശയോടെ കട്ട് ചെയ്ത് അതുൽ സ്‌റ്റേഷൻ വളപ്പിലെ രാജമല്ലിയോട് ചേർന്നു നിന്നു …
ഹർഷ് അവന്റെ കയ്യിൽ പിടിച്ചു …
” ഇനിയിപ്പോ വലിയ അഡ്വക്കേറ്റ്സിനെയൊന്നും നോക്കിയിട്ട് കാര്യമുണ്ടാകില്ല … സമയമില്ല അതുൽ … ശിവേട്ടനെതിരെ വലിയ തെളിവുകളുണ്ടെന്നാണ് അറിയുന്നത് … ചാനലുകാർക്കൊക്കെ കിട്ടിയിട്ടുണ്ട് …..”
” ആരെയെങ്കിലും കിട്ടണ്ടെ … മുട്ടാത്ത വാതിലുകളില്ല ….. ” അവൻ തളർച്ചയോടെ പറഞ്ഞു …
” എന്റെ പരിചയത്തിലൊരു കുട്ടിയുണ്ട് .. LLB ചെയ്യുന്ന സമയത്ത് നമ്മുടെ പാരലൽ കോളേജിൽ പഠിപ്പിക്കാൻ വരുമായിരുന്നു .. ചില പ്രമുഖരുടെ ജൂനിയറായിട്ടൊക്കെ പ്രാക്ടീസ് ചെയ്തിട്ടുണ്ട് … ഞാനൊന്നു വിളിച്ചു നോക്കട്ടെ ….”
” വിളിക്ക് …. കോടതിയിൽ ഒന്നു ശ്രമിക്കുക പോലും ചെയ്യാതെ എന്റെ അച്ഛൻ അനാഥമായി ഇറങ്ങിപ്പോകുന്നത് കാണാൻ എനിക്ക് വയ്യ …. ” അവന്റെ തൊണ്ടയൊന്നിടറി ….
അവൻ മാറി നിന്ന് , ഫോണെടുത്ത് നമ്പർ പരതി ………
നമ്പർ കോളിംഗിലിട്ട് അക്ഷമനായി കാത്തു നിൽക്കുന്നതും ഒടുവിൽ സംസാരിക്കുന്നതും നോക്കി അതുൽ നിന്നു …
ഫോൺ സംഭാഷണമവസാനിപ്പിച്ച് ഹർഷ് അവനടുത്തേക്ക് വന്നു ..
” അവൾ കോടതിയിൽ വരാമെന്നേറ്റു .. “
അതുലിന്റെ മുഖത്ത് പ്രത്യാശ നിറഞ്ഞു ..
” പക്ഷെ ഒന്നുകൂടി പറഞ്ഞു .. ഒരു പ്രതീക്ഷയും വേണ്ടത്രേ .. വലിയ അഡ്വക്കേറ്റ്സ് വിചാരിച്ചാൽ പോലും ജാമ്യം ലഭിക്കാൻ പ്രയാസമാണ്.. അപ്പോ പിന്നെ അവൾ ഹാജരാകുന്നതു കൊണ്ട് പ്രയോജനമൊന്നുമില്ല ……”
” വരുന്നത് പോലെ വരട്ടെ … പക്ഷെ അച്ഛനെ വിധിക്ക് വിട്ടുകൊടുക്കാൻ വയ്യ …..”
” എങ്കിൽ വാ …. അവൾക്ക് എന്തൊക്കെയോ ഡീറ്റെയിൽസ് വേണം .. നമുക്ക് പോയി കാണാം ….. “
അവർ പോകാൻ തുടങ്ങിയപ്പോൾ ശിവരാജനെയും കൂട്ടി പോലീസ് സംഘം കോടതിയിലേക്ക് പോകാനിറങ്ങി ….. ചാനലുകാരുടെ ക്യാമറ ഫ്ലാഷുകൾ അച്ഛന്റെ മുഖത്തേക്ക് ചിമ്മിയടയുന്നത് അവൻ കണ്ടു ….
കുറച്ച് സമയങ്ങൾ കൊണ്ട് തന്നെ അച്ഛന്റെ അവശതകളേറിയെന്ന് അതുൽ കണ്ടു …കൺ തടങ്ങളിൽ കറുപ്പ് ബാധിച്ചു കുഴിയിൽ വീണിരിക്കുന്നു ….
കോടതി വളപ്പിലേക്ക് ഹർഷും അതുലും വന്നിറങ്ങി …..
” ഹർഷേട്ടാ ………………..” പിന്നിലൊരു വിളി കേട്ട് ഇരുവരും തിരിഞ്ഞു നോക്കി …
വെളുത്ത ചുരിദാറിനു മേലെ കറുത്ത കോട്ട് ധരിച്ച് , കൈത്തണ്ടയിൽ കറുത്ത ഗൗൺ മടക്കിയിട്ട് , കൈയ്യിൽ മടക്കി വച്ച ഫയലുമായി ഒരു പെൺകുട്ടി അവർക്കടുത്തേക്ക് വന്നു …
( തുടരും )
NB : കഥ ബോറായി തുടങ്ങിയാൽ തീർച്ചയായും പറയണേ .. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പറയണം ..
അമൃത അജയൻ .
അമ്മൂട്ടി ..
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Chandranudikkunna Dikkil written by Amrutha Ajayan