ചന്ദ്രനുദിക്കുന്ന ദിക്കിൽ – 8

665 Views

Malayalam Novel Chandranudikkunna Dikkil

ചെറു പുഞ്ചിരിയോടെ ആ പെൺകുട്ടി അവർക്കരികിലേക്ക് വന്നു ..

” അംല .. വന്നിട്ട് ഒത്തിരി നേരായോ ….? ” ഹർഷ് ചോദിച്ചു ….

” ഇല്ല .. ഞാനിപ്പോ വന്നേയുള്ളു .. ” അവൾ പറഞ്ഞു ..

” ഇത് ഡോ . അതുൽ … ശിവേട്ടന്റെ മകനാണ് .. ” ഹർഷ് അതുലിനെ അവൾക്ക് പരിചയപ്പെടുത്തി …

” മനസിലായി … ജാമ്യാപേക്ഷ ഞാനിപ്പോൾ തന്നെ സമർപ്പിക്കാം .. പക്ഷെ പ്രതീക്ഷ വേണ്ട .. അറിയാല്ലോ ….. “

ഒരു നിമിഷം മൂവരും ഒന്ന് നിശബ്ദമായി …

” ഞാൻ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടു വരാം … നമുക്ക് ഒന്ന് വിശദമായി സംസാരിക്കണം ….” അവൾ കോടതിയിലേക്ക് നടന്നു …

* * * * * * * * * * * * * * * * * * * * *

രണ്ട് മണിയായപ്പോൾ മൂന്ന് പേർക്കുള്ള പാർസലുമായി ഹർഷ് വീട്ടിലേക്ക് വന്നു … വീട്ടിൽ അയൽ പക്കത്തെ രണ്ട് മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു .. വിവരങ്ങൾ അറിയാൻ വന്നവരാണ് … അവരുടെ അരികിലായി ചുമർ ചാരി അഹല്യ നിൽപ്പുണ്ട് .. അവനെ കണ്ടപ്പോൾ അവൾ പ്രതീക്ഷയോടെ നോക്കി ..

” ജാമ്യം കിട്ടിയോ ……?” കൂടി നിന്ന സ്ത്രീകളിലൊരാൾ ചോദിച്ചു …

അവനാ ചോദ്യം അവഗണിച്ചു കൊണ്ട് അകത്തേക്ക് നോക്കി…

ശ്രീദേവി കിടന്ന മുറി പാതി ചാരിയിട്ടുണ്ട് … അനുവും അമ്മയും അകത്താകുമെന്ന് അവനൂഹിച്ചു ..

” അഹല്യ …. അമ്മയെയും അനുവിനെയും വിളിച്ച് ഭക്ഷണം കഴിക്ക് …” കയ്യിലിരുന്ന കിറ്റ്‌ അവളെ ഏൽപ്പിച്ചു കൊണ്ട് ഹർഷ് പറഞ്ഞു ..

” മാഷേ .. അച്ഛൻ ……..” അഹല്ല്യ വിഷാദത്തോടെ ചോദിച്ചു ….

” കേസ് വിളിച്ചിട്ടില്ല … കോടതിയിൽ അതുലുണ്ട്… “

” ജാമ്യമൊന്നും കിട്ടില്ലന്നാ രഘുവേട്ടൻ പറയുന്നേ …. സർക്കാരിനെ തട്ടിച്ചതല്ലേ .. ശിവരാജനെ കുറിച്ച് നമ്മളാരെങ്കിലും ഇങ്ങനെ കരുതിയതാണോ ……”

” ചിലപ്പോ കള്ള കേസും ആവാം … എന്തുവാന്ന് ആർക്കറിയാം …… “

” നിങ്ങളൊന്ന് പുറത്തേക്ക് നിന്ന് കേസ് ചർച്ച ചെയ്യു … തകർന്നിരിക്കുന്ന മൂന്നാത്മാക്കളുണ്ട് ഈ വീട്ടിൽ .. ” സ്ത്രീകളുടെ സംഭാഷണം അസഹനീയമായപ്പോൾ ഹർഷ് പറഞ്ഞു ..

” വാടി … നമുക്ക് പോകാം … ടിവിയിൽ കാണാല്ലോ ….. അല്ലെങ്കിലും നാഥനില്ലാ കളരിയിലിനി എന്തുമാവാം ……” ഹർഷിനെ നോക്കി ഒന്ന് ഇരുത്തി പറഞ്ഞിട്ട് അവർ മുറ്റത്തേക്കിറങ്ങിപ്പോയി …

ഹാളിലെ സംഭാഷണം കേട്ടുകൊണ്ട് അനവദ്യയും ഇറങ്ങി വന്നു ….. ഹർഷിനെ കണ്ടപ്പോൾ അവൾ ഓടി വന്നു ..

” മാഷേ ……മാഷ് അച്ഛനെ കണ്ടോ ….. അച്ഛനെന്തെങ്കിലും കഴിച്ചോ …. .” അവൾ സങ്കടത്തോടെ ചോദിച്ചു ..

അവൻ വെറുതെ തലയാട്ടി ….

” അമ്മക്ക് ഭക്ഷണം കൊടുത്ത് നിങ്ങളും കഴിക്ക് ……… എനിക്ക് കോടതിയിലേക്ക് പോകണം “

അഹല്യ ഭക്ഷണപ്പൊതി മേശപ്പുറത്ത് വച്ച് നോക്കി നിന്നതേയുള്ളു .. അവർക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല ..

താൻ പോയി കഴിഞ്ഞാൽ അവരൊന്നും കഴിക്കില്ലെന്ന് അവന് മനസിലായി …

” വാ ….. ഞാൻ കൂടി കൂടാം വിളമ്പാൻ … വന്നേ …..” അവരെ നിർബന്ധിച്ച് വിളിച്ചു കൊണ്ട് അവൻ കിച്ചണിലേക്ക് കയറി …

* * * * * * * * * * * * * * * * * * * * *

ഹർഷ് തിരിച്ചു വരുമ്പോൾ കോടതി വളപ്പിൽ കിടന്ന പോലീസ് വാഹനത്തിലേക്ക് ശിവരാജനെ കയറ്റുന്നതാണ് കണ്ടത് … സർവം തകർന്നത് പോലെ അതുലത് നോക്കി നിൽപ്പുണ്ട് … അടുത്ത് അംലയും …

ജാമ്യം കിട്ടിയില്ലെന്ന് അവന് മനസിലായി …

ഹർഷ് അവർക്കടുത്തേക്ക് ചെന്നു ….

ശിവരാജനെ കയറ്റിയ പോലീസ് വാഹനം കോടതി വളപ്പിലിട്ട് തിരിച്ച് , ഗേറ്റിനു നേർക്ക് പാഞ്ഞു പോയി …….

അംല വിഷമത്തോടെ ഹർഷിനെ നോക്കി …

അവർ മൂവരും കോടതി മുറ്റത്തു നിന്ന് അൽപം മാറി നിന്നു സംസാരിച്ചു …

” 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു .. 12 മണിക്കൂർ കസ്റ്റടിയിൽ വിട്ട് കൊടുത്തിട്ടുണ്ട് .. ജാമ്യാപേക്ഷ വെള്ളിയാഴ്ചക്ക് മാറ്റിയിരിക്കുവാ ..” അംല പറഞ്ഞു …

” അപ്പോ അതിനു മുൻപേ ……”

” ഇല്ല .. ഒന്നും ചെയ്യാനില്ല .. അത് മാത്രമല്ല മറ്റ് ചില പ്രശ്നങ്ങൾ കൂടിയുണ്ട് .. അദ്ദേഹത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട്സും സ്ഥാവരജംഗമ വസ്തുക്കളും മരവിപ്പിച്ചിരിക്കുകയാണ് … “

ഹർഷ് ഞെട്ടലോടെ അതുലിനെ നോക്കി … അവന്റെ കണ്ണുകളിൽ നീർ തിളങ്ങുന്നത് ഹർഷ് കണ്ടു .. അവനതു മറയ്ക്കാനെന്നവണ്ണം മുഖം തിരിച്ചു…

” ഞാൻ പറയുന്നത് , കുറച്ച് കൂടി നല്ല എക്സ്പീരിയൻസിഡ് ആയ വക്കീലിനെ നിങ്ങൾ സമീപിക്കണം .. പിന്നെ കുറച്ചധികം പണം അത്യാവശ്യമായി വന്നാൽ അത് സങ്കടിപ്പിക്കാനുള്ള വഴി കൂടി കണ്ടുവയ്ക്കണം … അദ്ദേഹത്തിന്റെ അക്കൗണ്ട്സിൽ നിന്ന് ട്രാൻസാക്ഷൻസ് ഒന്നും നടക്കില്ല .. അദേഹത്തിന്റെ പേരിലുള്ള വസ്തു വകകൾ ഒന്നും തന്നെ വിനിമയം നടത്താനും പറ്റില്ല …. ” അംല പറഞ്ഞു ..

” എന്താ … ഒരുപാട് പണത്തിന്റെ ആവശ്യം വല്ലതും വരുമോ …? ” ഹർഷ് ചോദിച്ചു ..

” അതൊന്നും പറയാൻ പറ്റില്ല .. ഞാൻ ചിലതൊക്കെ സംശയിക്കുന്നുണ്ട് .. അത് കൊണ്ടാ മുൻകൂട്ടി പറഞ്ഞത് .. “

” കേസ് അംല തന്നെ എടുത്താൽ മതി … എനിക്ക് അംലയെ വിശ്വാസമുണ്ട് … ” അതുൽ പറഞ്ഞു … ജാമ്യത്തിനു വേണ്ടി അവൾ കഴിവിന്റെ പരമാവധി ശ്രമിച്ചത് അവൻ കണ്ടതാണ് ..

” അയ്യോ ഞാൻ … ! ഞാനെടുത്തിട്ട് എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല .. നിങ്ങൾ ഏതായാലും ഒന്നു ശ്രമിക്കണം മുതിർന്ന ആരെയെങ്കിലും കിട്ടിയാൽ അതാ സെയ്ഫ് …”

” അത് ഞാൻ ശ്രമിക്കാം .. പക്ഷെ അംല കേസ് വിട്ടു കളയരുത് .. “

” ഒരിക്കലുമില്ല … എപ്പോൾ വേണമെങ്കിലും ഹാജരാകാൻ റെഡിയായിട്ട് ഞാനുണ്ടാവും … എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചാൽ മതി .. ഞാനെന്റെ ഭാഗത്ത്‌ നിന്നും ഒരു ശ്രമം നടത്താം സീനിയേർസിനെ ആരെയെങ്കിലും കിട്ടുമോ എന്ന് ….” അവൾ പറഞ്ഞു ..

” താങ്ക്സ് അംല ….. നിന്റെ ഫീസ് ..” ഹർഷ് ഒന്ന് നിർത്തി ..

” എന്താ ഹർഷേട്ട … അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം … ” അവൾ അവന്റെ മുഖത്തേക്ക് നോക്കി ….. അവൻ വിളിച്ചത് കൊണ്ടാണ് അവൾ ഓടി വന്നത് .. അവനോടുള്ള ഇഷ്ടം കൊണ്ട് ….

തിരിച്ച് പോകാൻ നേരം അതുൽ അവളുടെ ഫോൺ നമ്പർ വാങ്ങിയിട്ടാണ് പോയത് … വീട്ടിൽ തന്നെയാണ് അവളുടെ ഓഫീസ് .. എപ്പോൾ വേണമെങ്കിലും ചെല്ലാമെന്ന് അവൾ അനുവാദം നൽകി ….

********************************

അതുൽ വരുമ്പോൾ വീട് മരണവീട് പോലെ കിടക്കുകയായിരുന്നു .. അവൻ വന്ന് ഉമ്മറത്ത് അച്ഛനിരിക്കാറുള്ള ചൂരൽ കസേരയിൽ ഇരുന്നു ….

” ജാമ്യം കിട്ടിയില്ല .. അല്ലേ ഏട്ടാ ………” കരച്ചിലോടെയുള്ള സ്വരം കേട്ട് അവൻ തിരിഞ്ഞു നോക്കി ….

അനവദ്യയാണ് …..

അവൻ ഉത്തരമില്ലാതെയിരുന്നു …

” ഏട്ടൻ സങ്കടപ്പെടണ്ട ..നിക്ക് അറിയാം … ഏട്ടൻ പരമാവധി ശ്രമിച്ചിട്ട്ണ്ട്ന്ന്……. “

” മോളെ …….” അവൻ എഴുന്നേറ്റ് വന്ന് അനുജത്തിയെ ചേർത്തു പിടിച്ചു ..

” അച്ഛൻ വരും …. ഏട്ടൻ കൊണ്ടുവരും …. ” ശബ്ദം ഇടറാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് അവൻ പറഞ്ഞു ……

” ആ ഏട്ടാ ….. കല്യാണത്തിന്റെ പന്തൽ പണി ഏൽപ്പിച്ചിരുന്നവർ വന്നിരുന്നു …. രണ്ട് ദിവസത്തെ പണിക്കാരുടെ ശമ്പളവും വാടകയും കൊടുക്കണമെന്ന് പറഞ്ഞു .. ഏട്ടൻ വരുമ്പോ അയാളെ വിളിക്കാൻ പറഞ്ഞു .. “

” ങും ……..” അവൻ മൂളി …. തനിക്ക് കിട്ടുന്ന സ്റ്റെഫൻറ് കൊണ്ട് എല്ലാം ഒന്ന് സെറ്റിലാകുന്നത് വരെ വീട്ടിലെ ആവശ്യങ്ങളും മറ്റ് ആവശ്യങ്ങളും നടത്തണമെന്ന് അവനോർത്തു …

” അക്കു എവിടെ …………. ?”

” അമ്മേടടുത്ത് ണ്ട് ……..”

” ഇങ്ങ് വിളിക്ക് ……. “

അനവദ്യ വേഗം അകത്ത് ചെന്ന് അവളെ കൂട്ടിക്കൊണ്ട് വന്നു …

” മോള് അമ്മയോടൊപ്പം ചെന്നിരിക്ക് …” അവൻ അനുവിനോട് പറഞ്ഞു …

അവരെയൊന്ന് നോക്കിയിട്ട് അവളകത്തേക്ക് പോയി …

” അക്കു വന്നേ ……….” അവൻ അവളെ കൂട്ടി , മുകൾ നിലയിലെ തന്റെ റൂമിലേക്ക് കൊണ്ടുപോയി ….

അവളെ റൂമിൽ കയറ്റി , താഴെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി വാതിൽ ബോൾട്ടിട്ടു …. പിന്നെ അവളുടെ നേർക്ക് തിരിഞ്ഞു ….

( തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply