Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 9

Malayalam Novel Chandranudikkunna Dikkil

ഒന്നും മിണ്ടാതെ അവൻ അൽപ നേരം ബെഡിൽ ചെന്നിരുന്നു … തകർന്നിരിക്കുന്ന ഏട്ടന്റെ മുഖം അവളിൽ നൊമ്പരമുണർത്തി ….

” ഞാനിനിയെന്താ നിന്റെ കാര്യത്തിൽ ചെയ്യേണ്ടത് ……? ” അവർക്കിടയിൽ നിറഞ്ഞ മൗനത്തിന് അവൻ വിരാമമിട്ടു …

അവൾ നിശബ്ദയായി നിന്നതേയുള്ളു ….

” അക്കൂ ………….” അവൻ കനപ്പിച്ച് വിളിച്ചു …

” എനിക്ക് ഒരുത്തരം നീ തന്നേ പറ്റൂ … “

അവൾ തറയിലേക്ക് നോക്കി നിന്നു .. ആ കണ്ണുകൾ നിറഞ്ഞിരുന്നു …..

” ഞാനെങ്ങനെയാണ് നിന്നോട് ചോദിക്കേണ്ടത് …. നിന്റെ വിവാഹ നിശ്ചയത്തിന് ശേഷമല്ലേ അവരവിടെ താമസിക്കാൻ വന്നത് … വിവാഹമുറപ്പിച്ച എന്റെ പെങ്ങൾ എങ്ങനെയാണ് മറ്റൊരുത്തനുമായി ബന്ധമുണ്ടാക്കിയത് …. “

” ഏട്ടാ ……..” അവൾ ദയനീയമായി വിളിച്ചു …..

” കണ്ണീരെനിക്ക് കാണണ്ട ….. എനിക്ക് വേണ്ടത് ഉത്തരമാണ് …. ഈ വീട്ടിലുള്ളവരോട് നീ ചെയ്ത തോന്നിവാസം കൂടി പറയാൻ എനിക്ക് കരുത്തില്ല … അവരത് താങ്ങില്ല … നിന്നെ ഞാനെന്താ ചെയ്യേണ്ടതെന്ന് നീ തന്നെ പറയ് …”

കരയുകയല്ലാതെ ഒരക്ഷരം അവൾ മിണ്ടിയില്ല ……

” നീ പിന്നെ അവനോട് സംസാരിച്ചോ ….. ?”

” ഇല്ല ……”

” അവൻ വിളിച്ചില്ലേ ……….”

” ഇല്ല …..”

” അതെന്താ …….”

” അറിയില്ല …….”

നിർവികാരമായിട്ടായിരുന്നു അവളുടെ ഓരോ ഉത്തരങ്ങളും …..

” ഇങ്ങനെയൊരിഷ്ടം ഉണ്ടായിപ്പോയെങ്കിൽ നിനക്ക് എന്നോടെങ്കിലും പറയായിരുന്നില്ലേ …..”

അവൾ ഒരു നിമിഷം കണ്ണടച്ചു നിന്നു ….. പിന്നെ നടന്നു വന്ന് അവന്റെ കാൽക്കലേക്കിരുന്നു …. ആ കാലുകളിൽ തൊട്ടു ………..

” ഏട്ടനെന്നെ തല്ലാം , കൊല്ലാം…… എന്ത് ശിക്ഷയും ഞാൻ വാങ്ങിക്കോളാം …… അത്ര വലിയ തെറ്റാ ഞാൻ ചെയ്തത് ………. ” അവളുടെ കണ്ണിൽ നിന്ന് ബാഷ്പങ്ങൾ പൊഴിഞ്ഞു ..

” അക്കൂ , കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല .. നിന്റെ ഭാവിക്കു വേണ്ടി ഞാനെന്താ ചെയ്യേണ്ടത് … അവനുമായി നിന്റെ വിവാഹം നടത്താം .. അതേ ഇനി വഴിയുള്ളു .. രണ്ട് മതമാണ് .. എതിർപ്പുകളുണ്ടാവും … എന്നാലും ഞാനിത് നടത്തി തരും … “

” വേണ്ട …………” ഞെട്ടലോടെ അവൾ പറഞ്ഞു …..

” വേണ്ടേ …… പിന്നെ ….. എന്താ നിന്റെ ഉദ്ദേശം ….?”

” അയാൾക്ക് എന്നോട് അങ്ങനെയൊന്നുമില്ല ………….”

” വാട്ട് ……. എന്താ നീ പറഞ്ഞത് ………..? ” അവന്റെ സമനില തെറ്റുകയായിരുന്നു ….

” ഞാനായിട്ട് എന്റെ ജീവിതം തുലച്ചതാ .. എന്റെ അറിവില്ലായ്മ കൊണ്ട് …അയാളുടെ പാട്ടുകളോടുള്ള ആരാധന നിമിത്തം …. ലോകത്ത് മറ്റൊരു പുരുഷനുമില്ലാത്ത എന്തോ ഒന്ന് അയാൾക്കുണ്ടെന്ന് തോന്നിപ്പോയി … അയാൾ ഒരിക്കലും എന്നെ ഇഷ്ടാന്ന് പറഞ്ഞിട്ടില്ല … കല്യാണം കഴിക്കാമെന്ന് പറഞ്ഞിട്ടില്ല … അയാളെന്നെ പിച്ചി ചീന്തി കൊന്നാലും അയാളോട് എനിക്ക് സ്നേഹം മാത്രമേ കാണു എന്ന് ഞാൻ ധരിച്ചിരുന്നു … എനിക്കറിയില്ല ഏട്ടാ ഞാനെന്താ ഇങ്ങനെയായി പോയേന്ന് ….. എന്നെ വെറുക്കല്ലേ ഏട്ടാ ……”

അനിയത്തിയുടെ വാക്കുകൾ കൂരമ്പുകൾ പോലെയാണ് അവന്റെ നെഞ്ചിൽ തറച്ചത് ….

എല്ലാം ഏറ്റ് പറഞ്ഞ് തന്റെ കാൽക്കൽ കിടന്ന് പൊട്ടിക്കരഞ്ഞപ്പോൾ അവളുടെ ഉത്തരവാദിത്തം കഴിഞ്ഞു …. അത് ഏറ്റു വാങ്ങിയ താനോ ….. തന്റെ നെഞ്ചിലേക്ക് അവൾ ഇട്ടു തന്നത് ഒരായുഷ്കാലത്തേക്കുള്ള നെരിപ്പോടാണെന്ന് അവളറിയുന്നില്ല …..

ജീവിതത്തിലിന്നുവരെ അന്തസായി ജീവിച്ച് , പഠിച്ച് , എല്ലാ വിജയങ്ങളും കരസ്ഥമാക്കി തലയുയർത്തിപ്പിടിച്ചു നിന്ന താൻ കഴിഞ്ഞ ഒറ്റയൊരാഴ്ച കൊണ്ട് നിരന്തരമായ നഷ്ടങ്ങളുടെയും അപമാനത്തിന്റെയും കൊടുമുടിയിലെത്തി നിൽക്കുകയാണ് …

അവൻ അവളെയൊന്ന് നോക്കി …..

കണ്ണുനീർ ആ മുഖം മുഴുവൻ നനച്ചിരുന്നു … തൊണ്ടക്കുഴിയിൽ , സങ്കടങ്ങൾ വിഴുങ്ങാൻ ശ്രമിക്കുന്നതിന്റെ ഉയർച്ച താഴ്ചകൾ ഏങ്ങലുകളായി പുറത്ത് വരുന്നു ….

” രോഹിത്തുമായുള്ള വിവാഹം ഇനി സാധ്യമല്ല……”

മറ്റൊന്നും അവളോട് പറയാൻ നാവിൽ വരാത്തത് കൊണ്ട് അവൻ പറഞ്ഞു ..

” വേണ്ട എട്ടാ ….. ഞാൻ മോഹിച്ചിരുന്നൂന്നുള്ളത് സത്യാ … പക്ഷെ ഇനി വേണ്ട …… ” അവൾ നിസംഗയായി പറഞ്ഞു …

” എന്നിട്ടും നിനക്കെങ്ങനെയാ അക്കൂ അവന്റെയൊപ്പം … ഇത് ഞാനെന്ത് പേരിട്ടാ വിളിക്കേണ്ടത് …”

” എന്നെപ്പോലെയുള്ളവരെ ലോകം എന്ത് പേരിട്ടു വിളിക്കുമോ അത് ……” ഒരു വലിയ കരച്ചിലിന്റെയല അവളുടെ വാക്കുകൾക്കൊപ്പം ആർത്തലച്ചു വന്നു .. പക്ഷെ അവളതും തടഞ്ഞു നിർത്തി , ഒരു സ്തംഭം പോലെയിരുന്നു …

അവനെഴുന്നേറ്റ് ജനാലക്കൽ പോയി നിന്നു … മുറ്റത്ത് സന്ധ്യ കനക്കാൻ തുടങ്ങുകയായിരുന്നു .. ഏതോ ഇരുണ്ട അറയിലെ തണുത്ത തറയിൽ ചുരുണ്ടു കിടക്കുന്ന അച്ഛന്റെ രൂപം അവന്റെ കണ്ണിൽ തെളിഞ്ഞു വന്നു ….. തൊട്ടരികിൽ തന്റെ കൈ വെട്ടിച്ച് നിലക്കാത്ത വെള്ളത്തിലേക്ക് എടുത്തു ചാടി , കൈകാലിട്ടടിച്ച് അകന്നു പൊയ്ക്കൊണ്ടിരിക്കുന്ന പൊന്നനുജത്തി …. താഴെ എല്ലാ പ്രതീക്ഷയും തന്നിലർപ്പിച്ചിരിക്കുന്ന അമ്മയും , കുഞ്ഞനുജത്തിയും …. ആ മൂക സന്ധ്യ അവനോട് ചിലത് പറയാതെ പറഞ്ഞു ….

അവൻ തിരികെ അഹല്യയുടെയരികിൽ വന്നു ….. വെറും നിലത്ത് അപ്പോഴും അവൾ ശില പോലെയിരുന്നു …

അവൾക്കുമിനി താനേയുള്ളു … കൈവിട്ടാൽ ചിലപ്പോൾ അവളെയും തനിക്ക് നഷ്ടങ്ങളുടെ പട്ടികയിൽ പെടുത്തേണ്ടി വരും …..

അവൻ കുനിഞ്ഞ് അവളുടെ ഇരു തോളത്തും പിടിച്ച് എഴുന്നേൽപ്പിച്ചു …

വിങ്ങലോടെ അവൾ എഴുന്നേറ്റ് തല കുമ്പിട്ട് നിന്നു .. അവളുടെ മുടിയിഴകൾ പാറി പറന്ന് കിടക്കുകയായിരുന്നു … ആ കണ്ണുകളിൽ നിസാഹയതയായിരുന്നു … അവളിലെ ജീവസ്സും ഓജസ്സും നഷ്ടപ്പെട്ടിരുന്നു … അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു …

അതാഗ്രഹിച്ചിരുന്നത് പോലെ അവളവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു ആർത്തലച്ചു കരഞ്ഞു…

ആ നൊമ്പരങ്ങളും അവൻ നെഞ്ചിലേറ്റുവാങ്ങി അവളുടെ മുടിയിഴകളിൽ തലോടിയാശ്വസിപ്പിച്ചു …..

അവളെ മെല്ലെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റിയിട്ട് അവൻ പറഞ്ഞു …

” അച്ഛന്റെ കാര്യങ്ങൾ ഒന്ന് ശരിയായിട്ട് , ഞാൻ റോബിനെ കണ്ട് സംസാരിക്കാം … അവനെ കൊണ്ട് ഞാൻ സമ്മതിപ്പിക്കും …. ” അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു ..

” ഏട്ടാ ……… ” അവൾ ഞെട്ടലോടെ വിളിച്ചു …

” എന്താ .. എതിർപ്പുണ്ടോ ……”

അവൾ മുഖം കുനിച്ചു …..

” ഉണ്ടെങ്കിലും ഇനി ഇത് തന്നെ നടന്നാൽ മതി ….. ” അവൻ തീർത്തു പറഞ്ഞു …

മറുത്തൊന്നും പറയാൻ അവൾക്കും ധൈര്യമില്ലായിരുന്നു … ശൂന്യമായ മനസോടെ അവൾ നിന്നു …

******************* * * * * *

രണ്ട് ദിവസം കൂടി ഒന്നും സംഭവിക്കാതെ കടന്നു പോയി …. അതിനിടയിൽ ഒരു സത്യം അതുൽ മനസിലാക്കി .. പണത്തിന്റെ കുറവ് ഒരു ഭീഷണിയായി മുന്നിലേക്ക് വരുന്നു എന്നത് … അച്ഛന്റെ അക്കൗണ്ടിൽ നിന്ന് ഒന്നും എടുക്കാൻ കഴിയില്ല .. .. ആ രണ്ടു ദിവസവും അവൻ ഹോസ്പിറ്റലിൽ പോയി … അനുവും അക്കുവും ഉടനേ കോളേജിലേക്കില്ലെന്ന് തീരുമാനിച്ചു …. പോയാലും ശ്രീദേവി തനിച്ചാകും …

മൂന്നാം ദിവസം രാവിലെ ഹർഷിന്റെ കോളാണ് അതുലിനെ ഉണർത്തിയത് ….

” അംല വിളിച്ചിരുന്നു .. അന്ന് നിന്റെ നമ്പർ വാങ്ങാൻ അവൾ മറന്നെന്ന് പറഞ്ഞു .. നാളെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും … നിന്നോട് ഇന്ന് വൈകിട്ട് അവളുടെ ഓഫീസിൽ ചെല്ലാൻ പറഞ്ഞു ……..”

” ങും ….. നീ വരില്ലേ …… എനിക്ക് വീടറിയില്ല …..”

” എനിക്ക് ഇന്ന് പ്ലസ് ടു കാർക്ക് ക്ലാസ് വച്ചിരിക്കുകയാ … അതെടുത്തില്ലെങ്കിൽ പിന്നെ ഒന്നും നടക്കില്ല … മലയാളമായതിന്റെ കുഴപ്പം … മറ്റുള്ള സബ്ജക്ട്കാർ നമുക്കു കൂടിയുള്ള സമയം ചോദിച്ചു വാങ്ങി പോർഷൻ തീർക്കും … നിനക്ക് മലയാളമല്ലേ എന്നൊരു ഭാവമാണ് അവർക്കും പ്രിൻസിപ്പാളിനും … നമ്മുടെ പാട് നമുക്കല്ലേയറിയൂ…… കിട്ടുന്ന സമയം കൊണ്ട് കൃഷ്ണഗാഥയും ,പഥേർ പാഞ്ജാലിയും , ദുരവസ്ഥയും ഒക്കെ പിള്ളേരുടെ തലയിൽ അടിച്ചു കയറ്റേണ്ട ദുരവസ്ഥയാണ് .. ” അവൻ പറഞ്ഞു ..

” ശരി .. നീ പണി കളയണ്ട .. ഞാൻ അംലയെ വിളിച്ചിട്ടു പൊയ്ക്കോളാം .. “

” ങും ….. ക്ലാസ് കഴിഞ്ഞ് ഞാൻ നിന്നെ വിളിക്കാം ….. എന്നിട്ട് വരണമെങ്കിൽ വരാം .. “

” മതിയെടാ ………. “

സംഭാഷണം അവസാനിപ്പിച്ച് അവൻ ബെഡിൽ എഴുന്നേറ്റിരുന്നു … ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വരാൻ ഏറെ വൈകിയിരുന്നു .. ഉറക്കക്ഷീണം വിട്ടൊഴിഞ്ഞിരുന്നില്ല ….

അപ്പോഴേക്കും ചായയുമായി അഹല്ല്യ വന്നു …. ചായയവന് നൽകിയിട്ട് അവൾ അടുത്തിരുന്നു …

” ഏട്ടാ … പാലിന്റെ കാശ് ചോദിച്ചു .. നാളെ കൊടുത്തില്ലെങ്കിൽ പാല് വക്കില്ലന്ന് പറഞ്ഞു ……. “

” ങും …… ” അവൻ മൂളി ..

” അച്ഛന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് ടിവിയിലൂടെ എല്ലാരും അറിഞ്ഞതല്ലേ .. അതോണ്ടാവും കടം തരാൻ എല്ലാർക്കും പേടി …….” അവൾ പറഞ്ഞു …

” സാരമില്ല .. നാളെ കൊടുക്കാം … ഇന്ന് വക്കീലിനെ കാണാൻ പോകണം … നാളെ ജാമ്യാപേക്ഷ പരിഗണിക്കും … “

” ജാമ്യം കിട്ട്വാ ഏട്ടാ …” അവൾ പ്രതിക്ഷയോടെ ചോദിച്ചു …

” നമുക്കങ്ങനെ ആശിക്കാം …. “

സത്യത കുറവാണെന്ന് അവന്റെ നിരാശ നിറഞ്ഞ വാക്കുകളിൽ നിന്ന് അവൾക്ക് വ്യക്തമായി ..

* * * * * * * * * * * * * * * * * * * * *

മൂന്നര മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് അവൻ അംലയുടെ വീട്ടിലേക്ക് തിരിച്ചു ….

ഫോണിലൂടെ അവൾ പറഞ്ഞു കൊടുത്തതനുസരിച്ച് അവൻ വന്നു … അവൻ വരുമ്പോൾ അവൾ കോടതിയിൽ നിന്ന് എത്തിയിട്ടേയുണ്ടായിരുന്നുള്ളു … സ്കൂട്ടി ഒതുക്കി വച്ച് അവൾ ചിരിയോടെ അവനെ ക്ഷണിച്ചു .. ഒടിട്ട പഴയ വീടായിരുന്നു അത് .. എങ്കിലും വൃത്തിയായി സൂക്ഷിച്ചിരുന്നു .. മുറ്റത്ത് ധാരാളം ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട് .. തുളസിയും , നാൽപാമരവും , കനകാമ്പരവും ബൊഗൈൻ വില്ലയും ഒക്കെ ആ വീടിന്റെ ഭംഗി കൂട്ടിയിരുന്നു ..

ഓഫീസ് റൂം തുറന്നു കൊടുത്തു , അവനെ ക്ഷണിച്ചിരുത്തി ..

” ഡോക്ടർ ഇരിക്കൂ .. ഞാനിപ്പോ വരാം ….” പറഞ്ഞിട്ട് അവൾ അകത്ത് നിന്നുള്ള വാതിൽ തുറന്ന് മറ്റൊരു റൂമിലേക്ക് പോയി …

ഒരു പാട് പുസ്തകങ്ങൾ ഷെൽഫിലും മറ്റുമായി ഭംഗിയായി അടുക്കി വച്ചിട്ടുണ്ടായിരുന്നു .. പലതും നിയമ പുസ്തകങ്ങളാണ് …

മേശപ്പുറത്ത് കിടന്ന ഒരു പുസ്തകം അവൻ എടുത്തു നോക്കി ….

‘ ഒലീവ് തളിർക്കുമ്പോൾ .. ‘ ഹർഷ് കല്ലായി

അവനത് മറിച്ചു നോക്കി …..

ചന്ദ്രനുദിക്കാത്ത നാട് എന്ന തലക്കെട്ടിൽ തുടങ്ങുന്ന കവിതയുടെ

‘ ആ ചന്ദ്രിക തെളിയില്ലയെങ്കിൽ

തളിർക്കാതെ പൂക്കാതെ വാടി

കരിയുന്നതാണെൻ പ്രണയം ‘

എന്ന അവസാന വരികൾക്കു താഴെ

‘ എങ്കിലും തോഴാ , കാത്തിരിക്കുമീ

നെയ്യാമ്പൽ .. നീയുദിക്കുന്ന നാളിനായി ..

മറ്റൊരു ചാന്ദ്രമാസത്തിനായി ..

പൂക്കുവാൻ തളിർക്കുവാൻ ..

നിന്മേനി പുൽകാൻ … ‘

ഒരു ചെറു പുഞ്ചിരിയോടെ അവനത് വായിച്ചു ….

( തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!