കോളേജ് അല്പം നേരത്തെ കഴിഞ്ഞതുകൊണ്ട് അവളന്ന് പതിവിലും നേരത്തെയാണ് വീട്ടിലെത്തിയത്. ആ ചെറിയ വീട്ടിലേക്കുള്ള ചെമ്മൺപാതയിലേക്കിറങ്ങുമ്പോൾ തന്നെ നടുമുറ്റത്ത് കിടക്കുന്ന കറുത്ത കാർ കണ്ടിരുന്നു. ആരോ വിരുന്നുകാരുണ്ടെന്ന് മനസ്സിലായത് കൊണ്ട് ഉമ്മറത്തൂടെ കയറാതെ അവൾ പതിയെ പിന്നാമ്പുറത്തുകൂടി അടുക്കളയിലേക്ക് ചെന്നു. അവിടെ ഇന്ദിര ധൃതിപ്പണികളിലായിരുന്നു. ഗ്യാസ്സിന്റെ മുകളിലിൽ ഏലക്കയിട്ട ചായ തിളച്ചുമറിയുന്നുണ്ടായിരുന്നു. ഊണുമുറിയിലെ വട്ടമേശയിൽ പതിവില്ലാത്ത വിധം പലഹാരങ്ങൾ പ്ലേറ്റുകളിൽ നിരന്നിരുന്നു.
” ആരാ അമ്മേ വന്നത് എന്താ വിശേഷം ??? “
ഇന്ദിരയുടെ പിന്നിൽ ചെന്നുനിന്നുകൊണ്ട് അവൾ ചോദിച്ചു.
” ആഹ്…. നീയിന്ന് നേരത്തെ വന്നോ ?? അത് നമ്മുടെ മൈഥിലിയെ പെണ്ണുകാണാൻ വന്നവരാ. നല്ല കൂട്ടരാ. ചെക്കന്റമ്മയവളെ നമ്മുടെ ലതേടെ മോൾടെ നിശ്ചയത്തിന്റന്ന് കണ്ടിട്ടുണ്ടെന്ന്. “
ഓടി നടന്നോരോന്ന് ചെയ്യുന്നതിനിടയിൽ ഇന്ദിര വിശദീകരിച്ചു. കേട്ടത് സന്തോഷമുള്ള കാര്യമായത് കൊണ്ടുതന്നെ അഗസ്ത്യയുടെ അധരങ്ങളും വിടർന്നു.
” ആഹ് നീ ചെന്ന് അവളൊരുങ്ങിയോന്ന് നോക്ക് “
” മ്മ്മ്…. “
അവർ പറഞ്ഞത് കേട്ടൊന്ന് മൂളിയിട്ട് അവൾ തിരിഞ്ഞകത്തേക്ക് നടന്നു.
” ആ പിന്നേ …. നീയും ആ മുഖമൊക്കെയൊന്ന് കഴുകി തലയൊക്കെയൊന്നൊതുക്കി വെക്ക് “
അടുക്കളയിൽ നിന്നുമെത്തിനോക്കി ശബ്ദം താഴ്ത്തി നടന്നുപോകുന്നവളോടായി ഇന്ദിര വിളിച്ചുപറഞ്ഞു.
” ശ്ശെടാ ഇതിപ്പോ അവളെയല്ലേ പെണ്ണുകാണാൻ വന്നത് അതിന് ഞാനൊരുങ്ങുന്നതെന്തിനാ ??? “
ചിരിയോടെ പിറുപിറുത്തുകൊണ്ട് അവൾ അകത്തേക്ക് നടന്നു. മുറിയുടെ വാതിൽ തള്ളിത്തുറന്നകത്തേക്ക് കയറുമ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്നിരുന്ന മൈഥിലി തിരിഞ്ഞുനോക്കി. ആളെ കണ്ടതും അവളുടെ ശ്രദ്ധ വീണ്ടും കണ്ണാടിയിലേക്ക് തന്നെയായി. ഉടുത്തിരുന്ന ക്രീം കളർ സാരിയുടെ ഞൊറിവുകളൊക്കെ ഒന്നുകൂടി ശരിയാക്കി കണ്ണാടിക്ക് മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കുന്ന അവളെനോക്കി നിന്ന് അഗസ്ത്യ വെറുതെ ചിരിച്ചു.
” എന്താടീ ഇളിക്കുന്നത് ??? ”
അഗസ്ത്യയുടെ നേരെ നോക്കി പുരികക്കൊടികളുയർത്തി അവൾ ചോദിച്ചു.
” ഏയ് കല്യാണം കഴിക്കില്ലെന്നും പറഞ്ഞ് ഒറ്റക്കാലിൽ നിന്നിരുന്ന ആളിന്റെ ഒരുക്കം കണ്ട് ചിരിച്ചുപോയതാ “
അരികിലേക്ക് ചെന്നവളെ ചുറ്റിപ്പിടിച്ചുകൊണ്ടാണ് ആഗസ്ത്യയത് പറഞ്ഞത്. മറുപടിയൊരു ഇളം ചിരിയിലൊതുക്കി മൈഥിലി ബെഡിലേക്കിരുന്നു. മുഖം കഴുകാൻ അവൾ ബാത്‌റൂമിലേക്ക് കയറിയപ്പോഴേ ഉമ്മറത്തുനിന്നും വിളിവന്നു. പിന്നെ മേക്കപ്പൊന്നും ചെയ്യാൻ നിൽക്കാതെ മുഖം കഴുകിത്തുടച്ച് മൈഥിലിയേയും കൂട്ടി അവൾ പുറത്തേക്ക് നടന്നു.
” എന്റെ സത്യാ നിനക്കൊരു പോട്ടെങ്കിലും വച്ചുകൂടേ ??? “
മൈഥിലിയുടെ പിന്നാലെ ഉമ്മറത്തേക്ക് നടക്കുന്നതിനിടയിൽ അഗസ്ത്യയുടെ കൈത്തണ്ടയിലൊന്നമർത്തിയിട്ട് ഇന്ദിര ചോദിച്ചു. മറുപടിയൊന്നും പറയാതെ അവൾ വെറുതേയൊന്ന് ചിരിക്കുക മാത്രം ചെയ്തു. ഉമ്മറത്ത് സഹോദരങ്ങളെന്ന് തോന്നിക്കുന്ന രണ്ട് ചെറുപ്പക്കാരും കൈകുഞ്ഞുമായി ഒരു പെൺകുട്ടിയും പിന്നവരുടെ അച്ഛനമ്മമാരുമായിരുന്നു ഉണ്ടായിരുന്നത്. ശിരസ്സ് കുനിച്ച് അവരുടെ ഇടയിലേക്ക് ചെന്ന മൈഥിലി ഓരോരുത്തർക്കും ചായ നീട്ടുമ്പോൾ ആരുടെ മുഖത്താണോ പുഞ്ചിരിയുണ്ടാവേണ്ടത് അവിടമൊഴിച്ച് എല്ലാ മുഖങ്ങളിലും പുഞ്ചിരിയായിരുന്നു. അവൻ വെറുതെ ഫോണിൽ തോണ്ടിക്കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴും.
” ഇതെന്റെ ഭാര്യ ഊർമിള , ഇത് മൂത്തമകൾ ഋതിക , ഇത് ഇളയ മകൻ ശബരി പിന്നിതെന്റെ രണ്ടാമത്തെ മകൻ ഋഷി ഇവനാണ് പയ്യൻ “
അവിടിരുന്നിരുന്ന ഓരോരുത്തരെയായി ചൂണ്ടി കാണിച്ചുകൊണ്ട് ചെറുക്കന്റെ അച്ഛനായ മഹേന്ദ്രവർമ പറഞ്ഞു.
” ആ അനിയൻ ചെക്കന്റെ നിന്റെ നേർക്കുള്ള നോട്ടം കണ്ടിട്ട് മിക്കവാറും അവരൊന്നുകൂടിവിടെ വരുമെന്നാ തോന്നുന്നത് “
പുറത്ത് ചായകുടിയും സംസാരവുമൊക്കെ നടക്കുന്നതിനിടയിൽ അകത്തേക്ക് വലിഞ്ഞ് കതകിന് പിന്നിൽ നിൽക്കുകയായിരുന്ന അഗസ്ത്യയുടെ അരികിലേക്ക് വന്നുകൊണ്ട് മൈഥിലി പറഞ്ഞു.
” അതെന്താ ??? “
വാതിൽപ്പഴുതിനിടയിലൂടെ ഋഷിയുടെ അരികിലിരിക്കുന്ന ശബരിയേയും മൈഥിലിയേയും മാറി മാറി നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
” അപ്പോ നീയൊന്നും കണ്ടില്ലേ ??? എടീ പോത്തേ വന്ന സമയം മുതൽ അവന്റെ നോട്ടം മുഴുവൻ നിന്നിലായിരുന്നു. “
തന്റെ കവിളിൽ നുള്ളിക്കൊണ്ട് അവളത് പറയുമ്പോൾ മിഴിച്ചുനിൽക്കുകയായിരുന്നു അഗസ്ത്യ.
” ഋഷിയുടെ ജാതകപ്രകാരം ഇരുപത്തിയാറ് വയസിനകം വിവാഹം നടത്തണമെന്നാണ്. അല്ലെങ്കിൽ പിന്നെ നാല്പത്തിരണ്ടിലേ നടക്കൂ അതാ ഇപ്പോ ഇടിപിടീന്ന് നടത്താനൊരുങ്ങുന്നത് “
ചായ കുടിക്കുന്നതിനിടയിൽ എല്ലാരോടുമായി മഹേന്ദ്രൻ പറഞ്ഞു.
” അതിനെന്താ രണ്ടുകൂട്ടർക്കുമിഷ്ടമായ സ്ഥിതിക്ക് വച്ചുതാമസിപ്പിക്കാതെ നമുക്കിതങ്ങ് നടത്തിയേക്കാം “
മറുപടിയായി വേണുഗോപാലും പറഞ്ഞു. അങ്ങനെ അടുത്ത മാസത്തേക്ക് തന്നെ വിവാഹം നടത്തണമെന്ന തീരുമാനത്തിലായിരുന്നു എല്ലാവരും പിരിഞ്ഞത്. പിന്നീടെല്ലാം എടുപിടീന്നായിരുന്നു. കല്യാണച്ചിലവുകൾക്കും സ്വർണമെടുക്കാനുമൊക്കെ വേണ്ടി വേണുവിന്റെ ഷെയറായി കിട്ടിയ സ്ഥലം വില്പനയും സ്വർണമെടുപ്പുമൊക്കെ രണ്ടുമൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ നടന്നു. അടുത്തുള്ള ക്ഷേത്രഓഡിറ്റോറിയത്തിൽ വച്ച് വിവാഹം നടത്താമെന്നും തീരുമാനമായി. ഈ ദിവസങ്ങളിളെല്ലാം വേണുഗോപാലിന്റെ കൊച്ചുകുടുംബമുൾക്കൊണ്ടിരുന്ന “വിപഞ്ചിക ” എന്ന വീട്ടിലെങ്ങും സന്തോഷം നിറഞ്ഞുനിന്നു. വിവാഹത്തിന്റെ തലേദിവസം തന്നെ നാട്ടുകാരും കുടുംബക്കാരുമായിട്ടുള്ള സകലയാളുകളും ആ വീട്ടിലേക്കെത്തിയിരുന്നു.
മുഹൂർത്തം ഒൻപതിനും ഒൻപത് മുപ്പതിനും ഇടയിലായതുകൊണ്ട് തന്നെ ഏകദേശം എട്ടരയോടെ തന്നെ എല്ലാവരും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അവരെത്തി അല്പംകൂടി കഴിഞ്ഞപ്പോഴേക്കും കാവുവിളയിൽ നിന്നും എല്ലാവരുമെത്തിയിരുന്നു.
ചെറുക്കനെ സ്വീകരിക്കുന്നതിനിടയിലായിരുന്നു ഗ്രീൻറൂമിൽ നിന്നും ഓടിക്കിതച്ചങ്ങോട്ട് വന്ന ഇന്ദിര വേണുവിനെ മാറ്റി നിർത്തിയെന്തോ പറഞ്ഞത്. അതുകേട്ടതും അയാളുടെ മുഖം വിളറിവെളുത്തു. ഇട്ടിരുന്ന ഷർട്ട് വിയർപ്പിൽ കുതിർന്നു. ഒന്നും മിണ്ടാൻ കഴിയാതെ അയാൾ തളർച്ചയോടെ നിലത്തേക്ക് കുത്തിയിരുന്നു. അപ്പോഴേക്കും അഗസ്ത്യയുടെയും ഇന്ദിരയുടെയും മിഴികൾ തൂവിത്തുടങ്ങിയിരുന്നു.
” മുഹൂർത്തമായി പെണ്ണിനെയിറക്ക്…. “
മണ്ഡപത്തിൽ നിന്നും ആരോ വിളിച്ചുപറയുന്നത് കേട്ട് ആ മൂന്നാത്മാക്കൾ നിസ്സഹായതയോടെ പരസ്പരം നോക്കി കണ്ണീർ വാർത്തു. ഒന്നുരണ്ട് തവണ പറഞ്ഞിട്ടും വധുവിനെ കൊണ്ടുവരാതിരുന്നപ്പോൾ സദസ്സിലവിടവിടായി മുറുമുറുപ്പുകളുയർന്നു തുടങ്ങി.
” ഇന്ദിരേ എന്തായീ ആലോചിച്ചുനിൽക്കുന്നത് മുഹൂർത്തമായി മൈഥിലി മോളേ വിളിക്ക്… “
മണ്ഡപത്തിൽ നിന്നുമോടിയിറങ്ങിയവരുടെ അടുത്തേക്ക് വന്നുകൊണ്ട് ഊർമിള പറഞ്ഞു.
” അത് …. മൈഥിലി…. “
അവരുടെ മുഖത്ത് നോക്കാതെ ഇന്ദിര വിക്കി.
” നിങ്ങളെല്ലാം കൂടിവിടെന്ത് ചെയ്യുവാ ??? വേഗം മോളെ വിളിക്ക്. “
അവർ പറയാൻ വന്നത് പൂർത്തിയാക്കും മുന്നേ മഹേന്ദ്രനും അങ്ങോട്ട് വന്നു.
” ഞങ്ങളോട് ക്ഷമിക്കണം….. മൈഥിലിയെ കാണാനില്ല…. അവൾ ഞങ്ങളോഡീ ചതി ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഞങ്ങൾ കരുതിയില്ല. “
മുന്നിൽ വന്നുനിന്ന മഹേന്ദ്രന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചുകൊണ്ട് കണ്ണീരടക്കാൻ കഴിയാതെ ആ സാധു മനുഷ്യൻ പറഞ്ഞൊപ്പിച്ചു. ആ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ അയാളവരെ മൂന്നാളെയും മിഴിച്ചുനോക്കി. ഊർമിളയുടെ കൈകൾ മാറിലമർന്നു. നിമിഷനേരം കൊണ്ട് ആ വാർത്ത അവിടമാകെ പരന്നു.
” കല്യാണപ്പെണ്ണിനെ കാണാനില്ല…. “
സദസാകെ ബഹളമയമായി. ചിലർ മൈഥിലിയുടെ സ്വഭാവദൂഷ്യത്തെപ്പറ്റിയും മറ്റുചിലർ വേണുവിന്റെയും ഇന്ദിരയുടെയും വളർത്തുദോഷത്തേപ്പറ്റിയുമൊക്കെ പരസ്യമായി പറഞ്ഞുതുടങ്ങി. പക്ഷേ അപ്പോഴും ഒരക്ക്ഷരം പോലും മിണ്ടാതെ നിന്നിടത്ത് തന്നെ നിൽക്കുകയായിരുന്നു മഹേന്ദ്രനും ഊർമിളയും. മണ്ഡപത്തിൽ എല്ലാം കണ്ടും കേട്ടുമിരിക്കുകയായിരുന്ന ഋഷികേശ് പതിയെ എണീറ്റു.
” മോനെ…. ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾക്കൊന്നുമറിയില്ലായിരുന്നു. അവൾ ഞങ്ങളോടിത് ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. “
ഇരുന്നിടത്തുനിന്നും എണീറ്റ് അവന്റെയരികിലേക്ക് ചെന്ന് ആ കൈകളിൽ പിടിച്ചുകൊണ്ട് വേണു പറഞ്ഞു.
” ഹും…. നിങ്ങളൊരു മാപ്പ് പറഞ്ഞാൽ തീരുന്നതാണോ ഇത്രയുമാൾക്കാരുടെ മുന്നിൽ വച്ച് ഞങ്ങൾക്കുണ്ടായ അപമാനം ??? “
പുച്ഛത്തോടെ അയാളുടെ കൈകൾ തട്ടിയെറിഞ്ഞുകൊണ്ട് അവൻ ചോദിച്ചു..
” അറിയാം മോനെ പക്ഷേ ഇതിൽ ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല. അവള്ക്കിങ്ങനൊരു ബന്ധമുണ്ടെന്നറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും നിങ്ങളെയിങ്ങനെ വേഷം കെട്ടിക്കില്ലായിരുന്നു. ഈ അപമാനത്തിന് പകരമായി മോൻ പറയുന്നതെന്തും ഈ പാപിയായ അച്ഛൻ ചെയ്യാം. “
” എന്തും ചെയ്യുമോ ??? “
അയാൾ പറഞ്ഞതെല്ലാം കേട്ടുനിന്നിട്ട് പെട്ടന്നായിരുന്നു അവന്റെ ചോദ്യം.
” ഉവ്വ്…. “
ദയനീയമായി അവനെയൊന്നുനോക്കി ആ മനുഷ്യൻ പറഞ്ഞു.
” വേറൊന്നും വേണ്ട…. ഞാനുമെന്റെ കുടുംബവുമനുഭവിച്ച നാണക്കേടിന് പകരമായി തന്റെ ഇളയ മകളില്ലേ ദാ ഇവൾ ഇവളെയെനിക്ക് വേണം. “
അല്പം മാറിയൊരു തൂണിൽ ചാരി തളർന്നുനിന്നിരുന്ന അഗസ്ത്യക്ക് നേർക്ക് വിരൽ ചൂണ്ടി അവൻ പറഞ്ഞു. ആ വാക്കുകൾ കേട്ട് ഒരു നടുക്കത്തോടെ തനിക്ക് നേരെ ചൂണ്ടപ്പെട്ട ആ വിരലിലേക്കും ക്രൗര്യം നിറഞ്ഞ കണ്ണുകളിലേക്കും അവൾ നോക്കി.
” പക്ഷേ മോനെയവൾ പഠിച്ചുകൊണ്ട്…. “
വേണുവിന്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.
” അവൾ പഠിക്കുവാണോ ഉദ്യോഗമുണ്ടോന്ന് ഞാൻ ചോദിച്ചില്ല. എനിക്കവളെ വേണമെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. “
അയാളുടെ മുഖത്തേക്ക് നോക്കിയുള്ള അവന്റെ വാക്കുകൾക്ക് മുന്നിൽ ആ സദസ്സ് മുഴുവൻ നിശബ്ദമായിരുന്നു.
അവന്റെ മാതാപിതാക്കളായ മഹേന്ദ്രനും ഊർമിളയും പോലും എല്ലാ തീരുമാനങ്ങളും അവനുവിട്ടുകൊടുത്തിട്ടെന്ന മട്ടിൽ നിശബ്ദരായി നിന്നു.
” മോളേ സത്യാ ഈ അച്ഛന്…..”
” വേണ്ടച്ഛാ എനിക്ക് മനസ്സിലാവും. എനിക്ക് സമ്മതമാണ്. “
തന്റെ മുന്നിൽ യാചനാഭാവത്തിൽ നിൽക്കുന്ന വേണുവിന്റെ വായ പൊത്തിക്കൊണ്ട് ദൃഡസ്വരത്തിൽ അഗസ്ത്യ പറഞ്ഞു. അവളുടെ വാക്കുകൾ ഋഷിയുടെ മുഖത്തൊരു വിജയസ്മിതം പടർത്തി. പിന്നീടെല്ലാം ധ്രുതഗതിയിലായിരുന്നു. ഒരു ജീവച്ഛവം പോലെ സഹോദരസ്ഥാനത്ത് കണ്ടവന്റെ വാമഭാഗത്തിരിക്കുമ്പോൾ അഗസ്ത്യയുടെ മിഴികളിൽ നിന്നും കണ്ണുനീർ നിയന്ത്രണമില്ലാതെ ഒഴുകിയിറങ്ങിക്കോണ്ടിരുന്നു. മഹേന്ദ്രനെടുത്തുകൊടുത്ത താലിയവളുടെ കഴുത്തിൽ കെട്ടുമ്പോൾ ഒരുതരം പൈശാചികഭാവമായിരുന്നു അവന്റെ മുഖത്ത് നിറഞ്ഞിരുന്നത്. ഒരു ശിലപോലിരുന്നവളാ താലിയേറ്റുവാങ്ങി സീമന്തരേഖ ചുവപ്പിക്കാനായി അവനുമുന്നിൽ ശിരസ്സുകുനിച്ചു.
” കണ്ണീരെല്ലാം കൂടിയൊന്നിച്ചങ്ങ് കരഞ്ഞുതീർക്കല്ലേ മോളേ….. ഇനി നീയെത്ര കരയാൻ കിടക്കുന്നു ??? “
താലികെട്ടിക്കഴിഞ്ഞ് അല്പമവളിലേക്ക് ചാഞ്ഞ് ആ കാതോരമവൻ പറഞ്ഞു. അതുകേട്ട് നിറമിഴികളുയർത്തി നോക്കിയ അവളെ നോക്കിയവൻ ക്രൂരമായി ചിരിച്ചു.
” നിന്നെയൊക്കെ ഞാൻ വെറുതെ വിടുമെന്ന് കരുതിയോ നീ ?? ഇല്ലെടി നിന്റെ ചേച്ചി കാരണം എന്റെ വീട്ടുകാരനുഭവിച്ച മാനക്കേടിന് നിന്നിലൂടെ ഞാൻ പകരം വീട്ടുമെഡീ… “
തുടരും……
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Agasthya written by Sreekutty
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission