അഗസ്ത്യ – ഭാഗം 3

1121 Views

agasthya-aksharathalukal-novel

അവന്റെ   വാക്കുകളുടെ   മൂർച്ചയിൽ   അവളുടെ   ഉള്ളൊന്ന്   പിടഞ്ഞു.  തികട്ടിവന്ന   തേങ്ങലിനെ   ഹൃദയത്തിന്റെയടിത്തട്ടിലെവിടെയോ   അമർത്തി   വച്ച്   നിർവികാരമായി   അവനെത്തന്നെ   നോക്കി   അവളിരുന്നു.  കന്യാദാനത്തിന്   ശേഷം   അഗ്നിക്ക്   വലം  വയ്ക്കുമ്പോൾ   അവന്റെ   കൈക്കുമ്പിളിൽ   ഞെരിഞ്ഞമർന്നുകൊണ്ടിരുന്ന   തണുത്ത്   മരവിച്ച  വലം  കയ്യിൽ   നിന്നും   തലച്ചോറിലേക്കിരച്ചുകയറിയ    നൊമ്പരത്തിൽ   അറിയാതെയവളുടെ   മിഴികൾ   ചുരന്നു.    

”  വലതുകാലുവച്ച്   കയറിവാ   മോളെ…  “

കൊളുത്തിയ   നിലവിളക്കവൾക്ക്   നേരെ   നീട്ടി   സ്നേഹപൂർവ്വം   ഊർമിള   ക്ഷണിച്ചു. സാധ്യമല്ലെന്നറിഞ്ഞിട്ടും    ഒന്ന്   പുഞ്ചിരിക്കാൻ   ശ്രമിച്ചുകൊണ്ട്   അവൾ   പതിയെ   കൊട്ടാരസദൃശ്യമായ   ആ   വീടിന്റെ   പൂമുഖത്തേക്ക്   വലതുകാൽ   വച്ചുകയറി. 

”  മോളെ   സൂക്ഷിച്ച്….  വിളക്കണയരുത്   “

ഒരുകൈകൊണ്ട്   സാരിയൊതുക്കിപ്പിടിച്ച്   മറുകയ്യിൽ   വിളക്കുമേന്തി   സാവധാനം   നടക്കുന്ന   അവളുടെ   പിന്നാലെ   നടക്കുമ്പോൾ    ഊർമിള   ഓർമിപ്പിച്ചു.

”  ഈ   അഗസ്ത്യയുടെ   ജീവിതത്തിലെ   പ്രകാശമൊക്കെ     എപ്പോഴേയണഞ്ഞുകഴിഞ്ഞമ്മേ…  “

മുന്നോട്ട്    നടക്കുന്നതിനിടയിൽ   ഉള്ളിലാർത്തലച്ച്   കരയുകയായിരുന്ന   അവളുടെ   മനസ്സ്   മന്ത്രിച്ചു.  ഋഷിയുടെ   ചേച്ചി   ഋതികയുടെ   സഹായത്തോടെ   വിവാഹവേഷമൊക്കെ   മാറ്റിയൊന്ന്   ഫ്രെഷായിട്ടാണ്   പിന്നീടവൾ   താഴേക്ക്   ചെന്നത്.   പുതുപ്പെണ്ണിനെ   കാണാൻ   വന്ന   ബന്ധുക്കൾക്കും   അയൽക്കാർക്കും   മുന്നിൽ   പുഞ്ചിരിയുടെ   മുഖംമൂടിയണിഞ്ഞ്   നിൽക്കുമ്പോൾ   ഉള്ളിലൊരു   കടൽ   പോലെയാർത്തിരമ്പുന്ന   സങ്കടം   മുഴുവനുമൊന്ന്   പൊട്ടിക്കരഞ്ഞൊഴുക്കിക്കളയാനവൾ   വല്ലാതെ   മോഹിച്ചിരുന്നു.  എങ്ങനെയൊക്കെയോ   ആ   പകലും  കടന്നുപോയി. 

”  ആഹാ   പുതുപ്പെണ്ണിതെന്താലോചിച്ച്   നിൽക്കുവാ ???     വന്നേ   അത്താഴം   കഴിക്കണ്ടേ ???   താഴെയെല്ലാവരും   വെയിറ്റ്   ചെയ്യുവാ  “

ഋഷിയുടെ   മുറിയെന്ന്   പറഞ്ഞ്   ഊർമിള   കൊണ്ടുവന്നാക്കിയ   മുറിയുടെ   പിന്നിലുള്ള   ചെറിയ   ബാൽക്കണിയിൽ     പുറത്തെ     കട്ടപിടിച്ച    ഇരുളിലേക്ക്     മിഴിയൂന്നി    നിൽക്കുകയായിരുന്ന   അഗസ്ത്യയുടെ   അരികിലേക്ക്   വന്ന്   ചിരിച്ചുകൊണ്ട്   ഋതിക   പറഞ്ഞു. 

പെട്ടന്ന്   നിറഞ്ഞൊഴുകുകയായിരുന്ന   മിഴികൾ   അമർത്തിത്തുടച്ചുകൊണ്ട്   അവൾ  തിരിഞ്ഞുനോക്കിയൊന്ന്   പുഞ്ചിരിച്ചു. 

”  ഹാ   ആലോചിച്ചുനിൽക്കാതെ   ഒന്ന്   വായെന്റെ   നാത്തൂനേ……  “

അവളുടെ   കയ്യിൽ    പിടിച്ചുവലിച്ചുകൊണ്ട്   ഋതിക   പറഞ്ഞു.   താഴെയെത്തുമ്പോൾ   വിളമ്പിയ   ഭക്ഷണത്തിന്   മുന്നിൽ   എല്ലാവരുമുണ്ടായിരുന്നു. 

”  ദാ   ഇവിടിരിക്ക്…. “

ഋഷിക്കരികിൽ  ഒഴിഞ്ഞുകിടന്ന   കസേരയിലേക്ക്   അവളെപ്പിടിച്ചിരുത്തിക്കൊണ്ട്   ഋതികയും   അരികിലിരുന്നു. 

”  മോളെന്താ   ഒന്നും   കഴിക്കാത്തത്  ???   കഴിക്ക്   മോളെ   ഒന്നുമോർത്ത്   വിഷമിക്കണ്ട.  ഇതിനി   മോൾടെ   കൂടി   വീടാണ്.  “

എല്ലാവരും   കഴിച്ചുതുടങ്ങിയിട്ടും   എന്തുചെയ്യണമെന്നറിയാതെ   ഇരിക്കുന്ന   അഗസ്ത്യയെ   നോക്കി   സൗമ്യഭാവത്തിൽ   മഹേന്ദ്രൻ   പറഞ്ഞു.  ഒന്ന്   പുഞ്ചിരിച്ചെന്ന്   വരുത്തി   ചോറിലേക്ക്   കൈയ്യിട്ടിളക്കുമ്പോഴും   ആ  വീട്ടിലെ   ഓരോ   അംഗങ്ങളേയും   നോക്കിക്കാണുകയായിരുന്നു   അവൾ.. 

”  അല്പം   നര   പാകിയതെങ്കിലും   നിറയെ   മുടിയും   കട്ടി   മീശയും   മുഖത്തൊരു   തടിച്ച   ഫ്രെയിമുള്ള    കണ്ണടയും   വച്ച   അച്ഛൻ   കാഴ്ചയിൽ   ഒരു   ഗൗരവക്കാരനാണെന്ന്   തൊന്നുമെങ്കിലും   വെറുമൊരു   പാവമാണെന്ന്   ഈ   കുറച്ചുസമയം   കൊണ്ടുതന്നെ   മനസ്സിലാക്കിയിരുന്നു.   അമ്മയും   വ്യത്യസ്തയായിരുന്നില്ല.   കോട്ടൺ   സാരിയുടുത്ത്   മുടിത്തുമ്പിൽ   തുളസിക്കതിരും   ചൂടി   നെറ്റിയിൽ   ചന്ദനക്കുറിയും   സീമന്തരേഖയിൽ   അരുണവർണ്ണവുമുള്ള   അമ്മയെ   കാണാൻ   തന്നെ   വല്ലാത്തൊരു    ഐശ്വര്യമായിരുന്നു.   രൂപത്തിലും   സ്വഭാവത്തിലുമെല്ലാം   ആ   അമ്മയുടെ   തനിപ്പകർപ്പായിരുന്നു   മകളായ   ഋതികയെന്ന   ഋതുചേച്ചി.   വിദേശത്ത്   സ്വന്തമായി   ഒരു   കമ്പനിയുടമയായിരുന്നു    ചേച്ചിയുടെ      ഹസ്ബന്റ്   മഹേഷേട്ടൻ.  ഒരേയൊരു   മകൾ   ഒന്നര   വയസുള്ള   കൃതിക  എന്ന   കിച്ചൂസ്.  പിന്നൊരനിയൻ   ശബരി. “

പെട്ടന്നായിരുന്നു   ചിന്തകളിൽ   നിന്നുമുണർത്താനെന്നപോലെ   ഋഷിയുടെ   കാൽപ്പാദം   അവളുടെ   പാദങ്ങളെ   ഞെരിച്ചമർത്തിയത്. 

”  ശ്ശ്….”

കാൽപ്പാദത്തിലെ   ഞരമ്പുകൾ   ഉടയുന്ന    വേദനയിൽ   അറിയാതെ   അഗസ്ത്യയിൽ   നിന്നൊരു   സ്വരം   പുറത്തേക്ക്   വന്നുപോയി. 

”  എന്താ   മോളേ  ???  “

പെട്ടന്ന്   മുഖമുയർത്തി   അവളെ   നോക്കി   ഊർമിള   ചോദിച്ചു. 

”  ഒന്നൂല്ലമ്മേ   ഒരു   മുളക്   കടിച്ചു.  “

നൊമ്പരം   കടിച്ചമർത്തി   അവൾ   പറഞ്ഞു. 

”  ആഹാ   അത്രേയുള്ളോ …  “

ഒന്ന്   ചിരിച്ചിട്ട്   അവർ   വീണ്ടും   കഴിക്കാൻ   തുടങ്ങി. 

പ്ളേറ്റിൽ   നിരത്തിയ   നിരവധി   വിഭവങ്ങൾക്കിടയിൽ   നിന്നും   എന്തൊക്കെയൊ   കൊത്തിപ്പെറുക്കി   കഴിച്ചെന്ന്   വരുത്തി   അവൾ   വേഗമെണീറ്റു.

”  പാവം   കുട്ടി   അതിനിതുവരെ   ഇതൊന്നുമങ്ങോട്ട്     വിശ്വസിക്കാൻ    പോലും   കഴിഞ്ഞിട്ടില്ല.  “

കഴിപ്പ്   മതിയാക്കി   പ്ലേറ്റുമെടുത്ത്   അഗസ്ത്യ   അടുക്കളയിലേക്ക്   പോയതും   അവൾ   പോയ   വഴിയിലേക്ക്   നോക്കിയിരുന്നുകൊണ്ട്   ഊർമിള   പറഞ്ഞു.   അത്താഴമൊക്കെ   കഴിഞ്ഞ്   ഇനിയെന്തെന്നറിയാതെ   ഊർമിളയുടെ   പിന്നാലെ   തന്നെ   ചുറ്റിത്തിരിഞ്ഞ്   നിൽക്കുകയായിരുന്നു   അവൾ. 

”  സത്യാ   ഒന്നിങ്ങോട്ട്   വന്നേ…  “

സ്റ്റെയർ കേസിന്   മുകളിൽ   വന്നുനിന്നുകൊണ്ട്   അടുക്കളയിലേക്ക്   നോക്കി   ഋതു    വിളിച്ചത്   കേട്ടാണ്   അവളങ്ങോട്ട്‌   ചെന്നത്.  അവളോടൊപ്പം   മുറിയിലേക്ക്   ചെല്ലുമ്പോൾ   അവിടെ   ബെഡിലൊരു   സെറ്റുസാരിയെടുത്ത്   വച്ചിരുന്നു. 

”  ദാ   ഈ  ബ്ലൗസ്   കറക്റ്റാണോന്ന്   നോക്കിയേ   സത്യാ.  ഇവിടെ   വാങ്ങി   വച്ച   ഡ്രസ്സെല്ലാം   മൈഥിലിയുടെ   അളവിലുള്ളതാണ്.   ഈ   ബ്ലൗസ്   പിന്നെ   മഹിയേട്ടന്റെ   ചേച്ചി   സ്റ്റിച്ചിങ്   സെന്ററിൽ   പോയിരുന്ന്   തൈപ്പിച്ചോണ്ട്   വന്നതാ.  “

സാരിയെടുത്ത്   മടക്ക്   നിവർത്തുന്നതിനിടയിൽ   ബെഡിൽ   കിടന്നിരുന്ന   ബ്ലൗസ്   ചൂണ്ടിക്കാണിച്ചിട്ട്‌     ഋതു   പറഞ്ഞു.  ഒരു   യന്ത്രം   പോലെ   അതെടുത്ത്   ശരീരത്തിൽ   വച്ചുനോക്കിയിട്ട്   കറക്റ്റാണെന്ന   അർഥത്തിൽ   അഗസ്ത്യയൊന്ന്   മൂളി. 

ഋതു   തന്നെയായിരുന്നു   അവളെ   സാരിയുടുപ്പിച്ചതും   തലമുടി   ചീകിക്കെട്ടിയതുമെല്ലാം. 

”  എങ്ങനെയണ്ടമ്മേ   മരുമോളെ   കാണാൻ ??  “

ഒരുക്കമൊക്കെ   കഴിഞ്ഞ്   അഗസ്ത്യയെയും   കൂട്ടി   അടുക്കളയിലേക്ക്   ചെല്ലുമ്പോൾ   ഊർമിളയെ   നോക്കി   ഋതു   ചോദിച്ചു.

”  ആഹാ   സുന്ദരിയായിട്ടുണ്ടല്ലോ  “

തിളപ്പിച്ചാറ്റിയ   പാൽ   ഗ്ലാസിലേക്ക്   പകർത്തിക്കൊണ്ട്   നിന്ന   ഊർമിള   തിരിഞ്ഞുനോക്കിക്കൊണ്ട്   പറഞ്ഞു.

”  അതുപിന്നങ്ങനെയല്ലേ  വരൂ   എന്റെയല്ലേ   സെലക്ഷൻ  “

അവരുടെ   സംസാരമെല്ലാം   കേട്ടുകൊണ്ട്   അങ്ങോട്ട്   വന്ന   ശബരി   ചിരിയോടെ  പറഞ്ഞു. 

”  അതുശരിയാ   സത്യാ…  അന്ന്   മൈഥിലിയെക്കാണാനവിടെ   വന്ന്   നിന്നെ   കണ്ടത്   മുതൽ   ഇവൻ   പറയുമായിരുന്നു   മൈഥിലിയേക്കാൾ   ഋഷിക്ക്   മാച്ച്   നീയാണെന്ന്.  “

അവൻ   പറഞ്ഞതിന്റെ   അർഥം   മനസ്സിലാവാതെ   അമ്പരന്ന്   നിൽക്കുകയായിരുന്ന   അഗസ്ത്യയോടായി   ഋതു   പറഞ്ഞു.  കാര്യം   മനസ്സിലായതും  അവൾ   വെറുതെയൊന്ന്   പുഞ്ചിരിച്ചു.

”  മോളേ   നിനക്കിപ്പോഴും   ഇതിനോടൊന്നും   പൊരുത്തപ്പെടാൻ   കഴിഞ്ഞിട്ടില്ലാന്നമ്മയ്ക്കറിയാം.  പക്ഷേ   മോളേ   ഇതാണ്   വിധി.   ഈ   ജന്മം   ഋഷിക്ക്   നീയും   നിനക്കവനുമാണ്   തുണയാവേണ്ടതെന്നാണ്   സർവേശ്വരന്റെ   നിശ്ചയം.  മോൾടെ   മനസ്സിൽ   എന്താണെന്നോ   എന്തായിരുന്നുവെന്നോ   അമ്മയ്ക്കറിയില്ല   അതിനിയെന്തുതന്നെ    ആയാലും   നീയിന്നെന്റെ   ഋഷിയുടെ   പെണ്ണാണ്  ,   ഈ   വീടിന്റെ   മരുമകൾ.   അതുകൊണ്ട്   എന്റെ   മോളിനിയെല്ലാത്തിനോടും   പൊരുത്തപ്പെട്ടേ   പറ്റു.  പിന്നെ   ഋഷി  ,   അല്പം   എടുത്തുചാട്ടമുണ്ടെങ്കിലും   അവനൊരു   പാവമാണ്.  മോൾടെ   ചേച്ചിയുമായുള്ള   വിവാഹത്തിന്   പോലും   അവൻ   സമ്മതിച്ചത്   എന്റെ   നിർബന്ധം   കൊണ്ടാണ്.  അതാണെങ്കിൽ   ഇങ്ങനെയുമായി.  എന്നുകരുതി   അമ്മയ്ക്ക്   നിരാശയൊന്നുമില്ല   കേട്ടൊ.  ആഗ്രഹിച്ചുവന്നത്   ചേച്ചിയെയാണെങ്കിലും   ആദ്യം   കണ്ടപ്പോൾ    തന്നെ   ഇവനെപ്പോലെ   എനിക്കുമിഷ്ടമായിരുന്നു   ഈ   അനിയത്തിക്കുട്ടിയെ.  “

വാത്സല്യത്തോടെ   അവളുടെ   മുടിയിഴകളിൽ   തലോടിക്കൊണ്ട്   ഊർമിള   പറഞ്ഞു. 

”  എന്റമ്മേ   മതിയുപദേശിച്ചത്   ബാക്കി   നാളെയാവാം.  ഇനിയേട്ടത്തിയെന്നും   ഇവിടെത്തന്നെ   ഉണ്ടല്ലോ.  ഇപ്പൊ   സമയമൊരുപാടായി   പാവം   പോയി  കിടന്നോട്ടെ.   “

എല്ലാം   കേട്ടുനിന്നിരുന്ന   ശബരി   പെട്ടന്നിടയിൽ   കയറി   പറഞ്ഞു. 

”  അയ്യോ   ഞാനത്   മറന്നു.  മോള്   ചെല്ല്.  “

ഗ്ലാസ്സിലെ   പാലവളുടെ   കയ്യിലേക്ക്   കൊടുത്തിട്ട്   ഊർമിള   പറഞ്ഞു.   എല്ലാവർക്കുമായൊരു   മങ്ങിയ   പുഞ്ചിരി   സമ്മാനിച്ചിട്ട്   ഋതുവിനൊപ്പമവൾ   പുറത്തേക്ക്   നടന്നു.  അപ്പോഴാണ്   കിച്ചൂസങ്ങോട്ടോടി   വന്നത്.

”  തത്യാന്റീ…. “

ഓടിവന്ന്   അഗസ്ത്യയെ   ചുറ്റിപ്പിടിച്ച്   കുഞ്ഞരിപ്പല്ലുകൾ   കാട്ടി   ചിരിച്ചുകൊണ്ട്   അവ്യക്തമായി   അവൾ   വിളിച്ചു.  അവൾ   വേഗം   കുനിഞ്ഞ്   ഒരു   കൈകൊണ്ട്   കുഞ്ഞിനെ   വാരിയെടുത്തു.

”  അവളാ   സാരിയൊക്കെ   ചവിട്ടിത്തേക്കും   സത്യാ…  “

”  സാരല്യ   ചേച്ചി…  “

ഋതു   പറഞ്ഞത്   കേട്ട്   പുഞ്ചിരിയോടെ   അവൾ   പറഞ്ഞു. 

”  നാനിന്ന്   തത്യാന്റീടെ   കൂടേ  ചാച്ചൂ…  “

അഗസ്ത്യയെ   അള്ളിപ്പിടിച്ച്   കഴുത്തിലേക്ക്   മുഖമമർത്തി   കൊഞ്ചിക്കൊണ്ട്   കിച്ചു   പറഞ്ഞു.

”  അയ്യോ   അതൊന്നും   വേണ്ട   മോള്   പോയാൽ   ഒറ്റയ്ക്ക്   കിടക്കാൻ   അമ്മയ്ക്ക്   പേടിയാവില്ലേ ???   അതോണ്ട്    അമ്മേടെ   വാവയിങ്ങ്   വാ   സത്യാന്റീ   പോയിക്കിടക്കട്ടെ.   “

അനുനയസ്വരത്തിൽ   പറഞ്ഞുകൊണ്ട്   ഋതു   അഗസ്ത്യയിൽ   നിന്നും   കുഞ്ഞിനെയടർത്തി   മാറ്റാൻ   ശ്രമിച്ചു. 

”   മാണ്ടാ….  നിച്ച്   തത്യാന്റീടെ  കൂടെ   കിടന്നാമതി….. “

പറഞ്ഞുകൊണ്ട്   ഋതുവിന്റെ   കയ്യിലിരുന്ന്    അഗസ്ത്യക്ക്   നേർക്ക്   ഇരുകൈകളും   നീട്ടി   കിച്ചു   ഉച്ചത്തിൽ  കരയാൻ   തുടങ്ങി.

”  അവള്   കിടന്നോട്ടെ   ചേച്ചി… രാത്രി   വെറുതെ   കരയിക്കണ്ട.  “

ഋഷിക്കൊപ്പം   ഒരുമുറിയിൽ   ഒറ്റയ്ക്ക്   കഴിയണമെന്നോർക്കുമ്പോൾ    തന്നെ   ആലില   പോലെ   വിറച്ചിരുന്ന   അഗസ്ത്യ   പെട്ടന്ന്   പറഞ്ഞു. 

”  എന്റെ   ദൈവമേ   ഇതിപ്പോ   കൊച്ചിനെക്കാൾ   കഷ്ടമാണല്ലോ.   “

അവളെ   നോക്കി   കളിയാക്കി   ചിരിച്ചുകൊണ്ട്   ഋതു   പറഞ്ഞു. 

”  എന്നാലും   ചേച്ചി….  “

”  ഒരെന്നാലുമില്ല    ഇതൊക്കെയവളുടെ   അടവല്ലേ   ഇത്    കുറച്ചുകഴിയുമ്പോഴേക്കും   മാറിക്കോളും.  “

കയ്യിലിരുന്ന   കിച്ചുവിനെ   നോക്കി   ചിരിയോടെ   അവൾ   പറഞ്ഞു. 

”  ഈ   കാന്താരിയെന്തിനാ    കിടന്ന്   നിലവിളിക്കുന്നത്  ???  “

അടുക്കളയിൽ   നിന്നും   അങ്ങോട്ട്   വന്ന   ശബരി   കിച്ചൂനെ   നോക്കി   ചോദിച്ചു.

”  അവൾക്കിന്ന്   സത്യേടെ   കൂടെ   കിടക്കണമെന്ന്.  “

കരഞ്ഞോണ്ടിരുന്ന   കുഞ്ഞിന്റെ   മുഖം   കൈ  വച്ച്   തുടച്ചുകൊണ്ട്   ഋതു   പറഞ്ഞു. 

”  അയ്യോടാ   അതുവേണ്ടാട്ടോ   എന്റെ   കിച്ചൂസിന്ന്   ശബരീടെ   കൂടെയാ    കിടക്കുന്നത്.    ശബരിയൊരു  പുതിയ   കഥയും   പറഞ്ഞുതരും   പിന്നെ   കുറേ   ചോക്ലേറ്റും   തരും.  “

ഋതുവിന്റെ   കയ്യിൽ   നിന്നും   മോളെ   വാങ്ങി   കൊഞ്ചിച്ചുകൊണ്ട്   അവൻ   പറഞ്ഞു.  ചോക്ലേറ്റെന്ന്   കേട്ടതും   കിച്ചു    കുഞ്ഞരിപ്പല്ലുകൾ   കാട്ടി   ചിരിക്കാൻ   തുടങ്ങി.

”   അയ്യടാ   ചോക്ലേറ്റെന്ന്   കേട്ടപ്പോഴുള്ള   കള്ളീടെ   ചിരി   കണ്ടോ.  അപ്പോ   ഇത്രേം   നേരം   കള്ളക്കരച്ചിലല്ലാരുന്നോ  ??  “

അവളുടെ   കുഞ്ഞിക്കവിളിൽ   നുള്ളിക്കൊണ്ട്  അവൻ   പറഞ്ഞതും   കിച്ചു   വീണ്ടും  പൊട്ടിച്ചിരിച്ചു. 

”  പോടീ   കള്ളീ…  “

”  നീ   പോതാ   തബരീ….  “

കുഞ്ഞിക്കയ്കൾ  നീട്ടി   ശബരിയുടെ   കവിളിൽ   തല്ലിക്കൊണ്ട്   കിച്ചു   ഉച്ചത്തിൽ   വിളിച്ചു.   അതുനോക്കി   നിന്ന   അഗസ്ത്യ   അറിയാതെ   ചിരിച്ചുപോയി.

”  സത്യേടത്തി   ചിരിക്കുവൊന്നും   വേണ്ട.  ഇതിങ്ങനിരിക്കുന്നെങ്കിലും   ഒരാറ്റംബോംബാ.  നാക്ക്   തിരിയില്ലെങ്കിലും   ഈ   പൊടികുപ്പീന്ന്   വരുന്ന   വർത്താനമൊന്ന്   കേൾക്കണം.   എന്നേക്കാൾ   മൂത്തതായത്   കൊണ്ടുപിന്നെ   എന്നെ   ശബരീന്നേ   വിളിക്കൂ  ഈ   കുരിപ്പ്.  “

കുഞ്ഞിന്റെ   കവിളിലൊന്ന്   മുത്തിക്കൊണ്ട്   അവൻ   പറഞ്ഞു. 

”  നീ   വാ   സത്യാ   ഇനിയിവിടെ   നിന്ന്   വീണ്ടും   കുഴപ്പമാക്കണ്ട.   അവളിനി   അവന്റെ   കൂടെക്കൂടിക്കോളും.  “

ശബരിയുടെ   മീശയിൽ   പിടിച്ചുവലിച്ച്   കളിച്ചുകൊണ്ടിരിക്കുന്ന  കിച്ചുവിനെയൊന്ന്   നോക്കിയിട്ട്   ഋതു   പറഞ്ഞു.  അവൾക്കൊപ്പം   മുകളിലേക്കുള്ള   പടിക്കെട്ടുകൾ   കയറുമ്പോൾ   അതുവരെ   ഉള്ളിലുണ്ടായിരുന്ന   തണുപ്പൊക്കെ   എങ്ങോ   പോയ്‌മറയുന്നതഗസത്യയറിഞ്ഞു .  ഭയം   കൊണ്ട്   മുന്നോട്ട്   നീങ്ങാത്ത   കാലുകൾ   വലിച്ചുവച്ച്   അവൾ   ഋതുവിനൊപ്പം   നടന്നു. 

”  അപ്പോ   ശരി    ഗുഡ് നൈറ്റ്‌    ഇനി   ഞാനങ്ങോട്ട്   വരുന്നില്ല.  ചെല്ല് .  “

തന്റെ   മുറിയുടെ   മുന്നിലെത്തിയപ്പോൾ    അഗസ്ത്യയുടെ   കയ്യിലൊന്ന്   തൊട്ടുകൊണ്ട്   പുഞ്ചിരിയോടെ   ഋതു   പറഞ്ഞു. 

”  ഗുഡ്  നൈറ്റ്‌  “

പറഞ്ഞിട്ട്   വേറെ   വഴിയില്ലാതെ   ഋഷിയുടെ   റൂമിന്   നേർക്കവൾ   നടന്നു.     റൂമിന്   മുന്നിലെത്തി   ഹാൻഡിലിലേക്ക്    നീണ്ട   അഗസ്ത്യയുടെ   കൈകൾ   വല്ലാതെ   വിറപൂണ്ടിരുന്നു.   ഭയം   കൊണ്ട്   അവളുടെ   ശരീരം   വിയർപ്പിൽ   കുതിർന്നു.   സാരിത്തുമ്പുകൊണ്ട്   മുഖവും   കഴുത്തടിയുമൊന്നൊപ്പിയിട്ട്    രണ്ടും   കൽപ്പിച്ച്   അവൾ   ഡോർ   തുറന്ന്   അകത്തേക്ക്   കയറി. 

തുടരും…..

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply