Skip to content

അഗസ്ത്യ – ഭാഗം 11

agasthya-aksharathalukal-novel

പെട്ടന്നായിരുന്നു   കഴിച്ചുകൊണ്ടിരുന്ന   ഋതിക   വാരിയ   ചോറ്  പ്ലേറ്റിലേക്ക്  തന്നെയിട്ടിട്ട്   വാഷ്   ബേസിന്   നേർക്കോടിയത്.

”  അയ്യോ   മോളെ…  “

വാഷ് ബേസിനിലേക്ക്   കുനിഞ്ഞുനിന്ന്   ശർദ്ധിക്കുന്ന   അവളെ  കണ്ട്   വിളിച്ചുകൊണ്ട്   ഊർമിള   പിടഞ്ഞെണീക്കുമ്പോഴേക്കും   മഹേഷോടിയവളുടെ   അരികിലെത്തിയിരുന്നു.  അത്   കണ്ട്   ഒരിളം   ചിരിയോടെ    അവരവിടെത്തന്നെയിരുന്നു. 

”  ഋതൂ…  വയ്യേ   മോളേ  ഹോസ്പിറ്റലിൽ   പോണോ  ???  “

അവളുടെ   പുറം   പതിയെ   തടവിക്കോണ്ട്   അവൻ   ചോദിക്കുമ്പോഴേക്കും   ഒരു   തളർച്ചയോടവളാ   നെഞ്ചിലേക്ക്   ചാഞ്ഞിരുന്നു. 

”  വേണ്ടേട്ടാ   ഒന്ന്    കിടന്നാൽ   മതി…   “

ക്ഷീണം   കാരണം   അടഞ്ഞുപോകുന്ന   മിഴികൾ   വലിച്ചുതുറന്നവനെ   നോക്കി   അവളുടെ   വരണ്ട   അധരങ്ങൾ   മന്ത്രിച്ചു.  അവൻ   വേഗം  അവളുടെ   കൈകളും   വായയും   കഴുകിച്ച്   അവളെയും   കൂട്ടി   റൂമിലേക്ക്   പോയി. 

”  ഏട്ടാ….  “

അവളെ   ബെഡിൽ   കിടത്തി   പുറത്തേക്ക്   നടക്കാനൊരുങ്ങിയ   അവന്റെ   വിരലിൽ   വിരൽ   കോർത്തുപിടിച്ചുകൊണ്ട്     അവശതയോടവൾ   വിളിച്ചു. 

”  എന്താടാ   ???  “

ബെഡിലേക്കിരുന്ന്   വാത്സല്യത്തോടെ   അവളെ   തലോടിക്കൊണ്ട്   മഹേഷ്‌   ചോദിച്ചു. 

”  ഏട്ടനും   കൂടി   ഇവിടിരിക്കുമോ ???   എനിക്കെന്തോ   കണ്ണടയ്ക്കാനൊരു   പേടി   പോലെ  “

ഒരു   കുഞ്ഞിന്റെ   നിഷ്കളങ്കതയോടെയുള്ള   അവളുടെ   ചോദ്യം   കേട്ട്   പുഞ്ചിരിയോടെ   അവനവളോട്   ചേർന്നിരുന്നു.   ഋതു   അല്പം   ഉയർന്നവന്റെ   നെഞ്ചിലേക്ക്   മുഖം   വച്ച്   അവനെ   ചുറ്റിപ്പിടിച്ചു.  മഹേഷൊരുകൈകൊണ്ടവളെ   ചേർത്ത്   പിടിച്ച്   മറുകൈ   കൊണ്ടവളുടെ   മുടിയിലൂടെ   വെറുതെ   വിരലോടിച്ചുകൊണ്ടിരുന്നു. 

”  മഹേഷേട്ടൻ   കേട്ടൊ   ഈ   കാന്താരീടെ   പരാതി  ???  “

ഋതിക   ഉറങ്ങിയതും  അവളെ   ബെഡിൽ   നേരെ   കിടത്തി   തിരികെ   ഡൈനിങ്   ടേബിളിലേക്ക്   ചെന്ന   മഹേഷിനോടായി   ചിരിച്ചുകൊണ്ട്   ശബരി   പറഞ്ഞു. 

”  എന്താ ??  “

”  അച്ഛനിപ്പോ   ഋതൂനോടാ    കൂടുതൽ   സ്നേഹമെന്ന്  “

മഹേഷിന്റെ   ചോദ്യത്തിന്   മറുപടി   നൽകുമ്പോൾ   എല്ലാർക്കുമൊപ്പം   ശബരിയും   ചിരിച്ചു.

”  അയ്യോടാ   അതെന്താ  ഇപ്പൊ   അച്ഛന്റെ   ചക്കരമോൾക്കങ്ങനെ   തോന്നാൻ  ???  “

ശബരിയുടെ   മടിയിലിരുന്നിരുന്ന   കിച്ചുവിനെയുമെടുത്ത്   കസേരയിലേക്കിരിക്കുമ്പോൾ   കൊഞ്ചിക്കൊണ്ട്   മഹേഷ്‌   ചോദിച്ചു.

”  അച്ഛനിപ്പോ   മോളോടൊരു  ഇസ്‌റ്റോമില്ല   മൊത്തം   ദിതൂനോടാ  “

കവിളുകൾ   വീർപ്പിച്ച്   കുഞ്ഞിച്ചുണ്ടുകൾ   പിളർത്തിക്കോണ്ട്   പരിഭവിച്ചുള്ള   അവളുടെയാ   പറച്ചിൽ   കേട്ട്   എല്ലാവരും   ചിരിച്ചു. 

”  അച്ചോടാ   ചക്കരേ   അതല്ലേ   അച്ഛൻ   ചോദിച്ചേ   അച്ഛന്റെ   പൊന്നുവെന്താ   അങ്ങനെ   പറഞ്ഞേന്ന് ???  “

കിച്ചുവിന്റെ   കുഞ്ഞിക്കവിളിൽ   മൃദുവായി    ചുംബിച്ചുകൊണ്ട്   അവൻ   വീണ്ടും   ചോദിച്ചു. 

”  അച്ഛനിപ്പോ   എപ്പിഴും   ദിതൂന്റെ   കൂടാ   കിച്ചൂന്റെ   കൂടെ    കളിക്കൂല.  ഇന്നലേം   ദിതൂനെ   എത്തു   ന്നെ   എത്തില്ല   “

കെറുവിച്ചിരുന്നുകൊണ്ടുള്ള   കിച്ചുവിന്റെ   പറച്ചിലും   അതുകേട്ടുള്ള   മറ്റുള്ളവരുടെ   ചിരിയും   കൂടിയായപ്പോൾ   മുഖത്തെ   ചമ്മല്   മറയ്ക്കാനായി   അവനൊരു   വളിച്ച   ചിരി   ചിരിച്ചു.

”  അയ്യോടാ   അതച്ഛന്റെ    കിച്ചൂസിനോടിഷ്ടമില്ലാത്തോണ്ടാണോ   പാവം   മ്മടെ   ഋതൂന്   വയ്യാത്തോണ്ടല്ലേ ….  എന്നാലും   പോട്ടെ   ഇനിയച്ഛനെപ്പോഴും   എന്റെ   കിച്ചൂസിന്റെ   കൂടെത്തന്നെ   കാണും   പോരെ  ???  “

കുഞ്ഞിന്റെ   നെറ്റിയിൽ   പതിയെ   മുകർന്നുകൊണ്ട്   ചിരിയോടെ   അവൻ   പറഞ്ഞു.  അതുകേട്ടതും    കിച്ചുവിന്റെ   മുഖം   തെളിഞ്ഞു. 

”  തത്യം ???  “

അവന്റെ   മുഖത്തേക്ക്   നോക്കി   സംശയം   മാറാതെ   അവൾ   വീണ്ടും   ചോദിച്ചു. 

”  സത്യം…  “

ഒരു   കുഞ്ഞുമ്മ  കൂടിയവൾക്ക്   നൽകി   അതേ   ഈണത്തിൽ   തന്നെ   മഹേഷും   മറുപടി   പറഞ്ഞു.  അപ്പോഴെല്ലാം   ആ   അച്ഛനെയും   മകളേയും   തന്നെ   നോക്കിയിരിക്കുകയായിരുന്നു   മറ്റുള്ളവരെല്ലാം.   ഇടയ്ക്കെപ്പോഴോ   അവരിൽ   നിന്നും   തെന്നിമാറിയ   ഋഷിയുടെ   നോട്ടം   അഗസ്‌ത്യയെ   തേടിച്ചെന്നു.  അപ്പോഴും   കിച്ചുവിൽ    തന്നെ   തറഞ്ഞുനിന്നിരുന്ന    അവളുടെ   മിഴികളിൽ   നിറഞ്ഞുനിന്നിരുന്ന   വാത്സല്യമവൻ   വെറുതെ   നോക്കിയിരുന്നു.  

ഉച്ചകഴിഞ്ഞ്   ഋതുവൊന്ന്   മയങ്ങിത്തെളിഞ്ഞിട്ടൊക്കെയാണ്   അവർ   തിരികെ   പോയത്.   അവർ   പോയതും   അഗസ്ത്യ   പതിയെ   മുറിയിലേക്ക്   നടന്നു.   അല്പം   കഴിഞ്ഞപ്പോൾ   ഋഷിയും   അങ്ങോട്ട്‌   വന്നു.   അഗസ്ത്യയപ്പോൾ   ബാൽക്കണിയുടെ   കൈവരിയിൽ   പിടിച്ചുകൊണ്ട്   പുറത്തേക്ക്    നോക്കി   നിന്ന്   എന്തോ   വലിയ   ആലോചനയിലായിരുന്നു. 

”  എന്താടീ   നിന്ന്   തല   പുകയ്ക്കുന്നത്   എന്നേയെങ്ങനെ   ഒതുക്കാമെന്നാണോ  ???  “

അവളുടെ   പിന്നിൽ   വന്നുനിന്ന്   അവൻ   ചോദിച്ചു.

”  അയ്യടാ…  അങ്ങനെ   തലപുകച്ചൊതുക്കാൻ   വേണ്ടിയൊന്നുമില്ല   നിങ്ങള്.  ഞാൻ   കിച്ചുമോളേക്കുറിച്ചാ   ആലോചിച്ചത്  “

അവന്റെ   നേരെ   തിരിഞ്ഞുകൊണ്ട്   പറഞ്ഞിട്ടവൾ   അകത്തേക്ക്   പോയി.   അവിടെത്തന്നെ   നിന്ന   ഋഷിയുടെ   മനസ്സിലേക്കുമപ്പോഴൊരു   പാൽ   പുഞ്ചിരി   തെളിഞ്ഞുവന്നു.   അറിയാതെ    അവന്റെ   ചുണ്ടുകൾ   വിടർന്നു.   അവനുമൊരു   കുഞ്ഞുമാലാഖയെ   സ്വപ്നം   കണ്ടുതുടങ്ങിയിരുന്നു. 

”  അഗസ്ത്യാ…  ഈ   ഫയലുമായി   വേഗം   മാനേജരുടെ   റൂമിലേക്ക്   ചെല്ലാൻ   പറഞ്ഞു.  “

ഓഫീസിലേ   തിരക്കിട്ട   ജോലികൾക്കിടയിലായിരുന്നു   അഗസ്ത്യയുടെ   മുന്നിലേക്കൊരു   ഫയൽ   നീക്കിവച്ചുകൊണ്ട്   അക്കൗണ്ട്   സെക്ഷനിലെ   സ്വാതി   പറഞ്ഞത്. 

”  ഹാ   അതെന്തിനാ   എന്നെ   ഏൽപ്പിക്കുന്നത്   നിനക്ക്   തന്നെയങ്ങ്   കൊണ്ടുകൊടുത്താൽ   പോരെ  ???  “

കമ്പ്യൂട്ടറിൽ   നിന്നും   കണ്ണെടുത്തുകൊണ്ട്   അവൾ   ചോദിച്ചു.

”  നിന്നോട്   കൊണ്ടുചെല്ലാനാ   പറഞ്ഞത്   ഇനിയെന്തെങ്കിലും   കുഴപ്പമുണ്ടോ   എന്തോ  ….   “

മാനേജരുടെ   ക്യാബിന്   നേരെ   നോക്കി   ആശങ്കയോടെ   സ്വാതി   പറഞ്ഞു.

”  ഞാനെന്തായാലും   പോയിട്ട്   വരാം…. “

ഫയലുമായി   ചെയറിൽ   നിന്നുമെണീറ്റുകൊണ്ട്   അഗസ്ത്യ   പറഞ്ഞു.  മറുപടിയായി   ഒന്ന്   മൂളിയിട്ട്   സ്വാതിയവളുടെ   സീറ്റിലേക്ക്   പോയി.

”  സാർ   മേ  ഐ ???  “

സംഗീത്  മോഹൻ  എന്ന്   ബോർഡ്   വച്ച  ഡോറിൽ   ചെറുതായിട്ടൊന്ന്   മുട്ടി   അകത്തേക്ക്   തല   നീട്ടിക്കൊണ്ട്   അവൾ   ചോദിച്ചു.

”  ആഹ്   അഗസ്ത്യ   കമിൻ…  “

നിറഞ്ഞ   ചിരിയോടെ   അയാൾ   ക്ഷണിച്ചു. 

”  എന്താ   സാർ   വരാൻ    പറഞ്ഞത്   എന്തെങ്കിലും   പ്രോബ്ലം  ???  “

ചെറിയൊരു   ഭയത്തോടെ   അവൾ   ചോദിച്ചു.

”  നോ   നോ…  താനിങ്ങനെ   ടെൻഷനടിക്കാൻ   വേണ്ടി   പ്രോബ്ലമൊന്നുമില്ല.  ഞാൻ   തന്നോട്   ജസ്റ്റൊന്ന്   സംസാരിക്കാൻ   വിളിപ്പിച്ചതാണ്.  തനിക്കെന്തെങ്കിലും   ബുദ്ധിമുട്ട്  ???  “

”  നോ   സാർ….. പറഞ്ഞോളൂ…  “

”  ദെൻ   ok   അഗസ്ത്യയിരിക്കൂ….  “

തനിക്കഭിമുഖമായുള്ള   ചെയറിലേക്ക്   ചൂണ്ടി   അയാൾ   പറഞ്ഞു.   വല്ലാത്തൊരസ്വസ്തത   തോന്നിയെങ്കിലും   അത്   പുറത്ത്   കാണിക്കാതെ   ചിരിക്കാൻ   ശ്രമിച്ചുകൊണ്ട്   അവൾ   ഇരുന്നു. 

”  നമ്മളിതുവരെയും   പരിചയപ്പെട്ടിട്ടില്ലല്ലോ   അതാണ്   ഞാനഗസ്ത്യയെ  ഇങ്ങോട്ട്   വിളിച്ചത്.  “

അയാൾ   പറഞ്ഞത്   കേട്ട്   അവൾ    പതിയെ   ഒന്ന്  പുഞ്ചിരിച്ചു.  ഈ   സമയം    തന്റെ   റൂമിലിരുന്ന്   സിസി  ടീവിയിലൂടെ   ആ   രംഗങ്ങളെല്ലാം   നോക്കിയിരിക്കുകയായിരുന്നു    ഋഷി. 

”  ഇവൾക്കെന്താ   ഇവനോടിത്ര   കാര്യമായി   സംസാരിക്കാനുള്ളത് ???   ഹും…  സ്വന്തം   ഭർത്താവിന്റെ    മുഖത്ത്   പുച്ഛത്തോടെ    മാത്രം   നോക്കുന്നവളാ.   എന്നിട്ടിപ്പോ   അവന്റെ    മുന്നിൽ   നൂറുവാൾട്ടിന്റെ   ബൾബ്   പോലെയല്ലേ   ഇളിച്ചോണ്ടിരിക്കുന്നത്.  “

പുഞ്ചിരിയോടെ   സംഗീത്   പറയുന്നതൊക്കെ   കേട്ടിരിക്കുന്ന   അഗസ്ത്യയെ   നോക്കി   അസ്വസ്ഥതയോടെ   അവൻ   മുരണ്ടു. 

”  ഇവനിവളോടിത്ര   കാര്യമായിട്ടെന്താ    ഡിസ്കസ്   ചെയ്യാനുള്ളതെന്നറിഞ്ഞിട്ട്  തന്നെ   ബാക്കിക്കാര്യം.   “

അവൻ     ഫോണും   കയ്യിലെടുത്തുകൊണ്ട്   എണീറ്റ്   പുറത്തേക്ക്   പോകാൻ   തുടങ്ങുമ്പോഴായിരുന്നു   ഡോറിലാരോ      മുട്ടുന്നത്    കേട്ടത്.  

”  യെസ്   കമിൻ….  “

”  സാർ   ഇപ്പൊ    അപ്പോയ്ന്റ്മെന്റ്   ഫിക്സ്   ചെയ്തിരുന്നവർ   വന്നിട്ടുണ്ട്.   ഇങ്ങോട്ട്   വിളിക്കട്ടേ  ???   “

അകത്തേക്ക്   വന്നുകൊണ്ട്   ഋഷിയുടെ   പേർസണൽ   അസിസ്റ്റന്റ്   കൂടിയായ   സ്വാതി   ചോദിച്ചു.

”  മ്മ്ഹ്…. ഓക്കേ    സ്വാതി   വരാൻ   പറയൂ…  “

സീറ്റിലേക്ക്   തന്നെയിരുന്നുകൊണ്ട്    അവൻ   പറഞ്ഞു.  

”  ഓക്കേ   സാർ…. “

പറഞ്ഞിട്ടവൾ   പുറത്തേക്ക്   പോയി   അൽപ്പം    കഴിഞ്ഞതും   മറ്റുരണ്ടുപേർ   റൂമിലേക്ക്   വന്നു.  അവരുമായി   പുതിയ   പ്രൊജക്റ്റിന്റെ   കാര്യങ്ങളൊക്കെ   ഡിസ്കസ്   ചെയ്തുകൊണ്ടിരിക്കുമ്പോഴും   ഋഷിയുടെ   കണ്ണുകൾ   ഇടയ്ക്കിടെ   സിസി   ടീവിയിലേക്ക്   പാളി   വീണുകൊണ്ടിരുന്നു. 

”  താൻ   മാരീഡാണോ ???  “

തന്റെ   മുന്നിൽ   മറ്റെന്തിനേയോ   ശ്രദ്ധിച്ചിരിക്കുകയായിരുന്ന   അഗസ്ത്യയുടെ   ശരീരത്തിലൂടെ   ഇഴഞ്ഞുനടന്നിരുന്ന   കണ്ണുകൾ   അവളുടെ   മാറോടൊട്ടിക്കിടന്നിരുന്ന   താലിമാലയിൽ   ചെന്ന്   തടഞ്ഞപ്പോഴാണ്   സംഗീതത്   ചോദിച്ചത്.

”  യെസ്    സാർ…..  “

അവളുടെ   ആ   മറുപടി    അയാളുടെ   മുഖത്തെ   തെളിച്ചമൽപ്പം   കുറച്ചുവെങ്കിലും   അയാൾ   വീണ്ടും   സംസാരിച്ചുതുടങ്ങി.

”  ഞാൻ   പക്ഷേ   സിങ്കിളാണ്   കേട്ടോ…  വിവാഹം   കഴിച്ചിരുന്നു   പക്ഷേ   ഇപ്പൊ   ഡിവോഴ്സ്ഡാണ്.   ഞങ്ങളുടേതൊരു   പ്രണയവിവാഹമായിരുന്നു.  പക്ഷേ   വിവാഹത്തിനുമുൻപുണ്ടായിരുന്ന   അഫക്ഷനൊന്നും   വിവാഹം   കഴിഞ്ഞൊരു   കുട്ടി   കൂടിയൊക്കെയായപ്പോൾ   എനിക്കവളിൽ   കാണാൻ   കഴിയാതെയായി.  യൂ   നോ   അഗസ്ത്യ   ഞങ്ങളുടെ   സെക്ഷ്വൽ   ലൈഫ്   തന്നെയൊരു   പരാജയമായിരുന്നു.   കിടക്കയിലവൾ   വെറുമൊരു   ശവം   മാത്രമായിരുന്നു.  “

”  സാർ   പ്ലീസ്….  എനിക്കൽപ്പം   ജോലിയുണ്ടായിരുന്നു.  സോ   പ്ലീസ്….  “

അയാളുടെ   സംസാരത്തിന്റെ    ഗതി   മാറുന്നത്   കണ്ടതും   എണീറ്റുകൊണ്ട്   അവൾ   പറഞ്ഞു. 

”  ഓഹ്   സോറി   അഗസ്ത്യ   ഞാൻ   തന്നെ   വല്ലാതെ   ബോറടിപ്പിച്ചുവല്ലേ   അയാം   സോറി…  “

”   ഇറ്റ്സ്  ഒക്കേ   സാർ….  “

പറഞ്ഞിട്ടവൾ   വേഗം   പിൻതിരിഞ്ഞു നടക്കാനൊരുങ്ങി.

”  ആഹ്   അഗസ്ത്യ….  “

പെട്ടന്ന്    പിന്നിൽ   നിന്നും   അയാൾ   വിളിച്ചു.   എന്താണെന്ന   ചോദ്യഭാവത്തിൽ   അവൾ   തിരിഞ്ഞുനിന്നു. 

”  ഞാൻ    എന്റെ   വൈഫിനെപ്പറ്റി   പറഞ്ഞതിൽ   താൻ   തെറ്റിദരിക്കരുത്….  തന്റെയീ   ബോഡി   സ്ട്രക്ചറ്   കണ്ടപ്പോഴാണ്   ഒന്ന്   പെറ്റപ്പോഴേക്കും   വെറും   ചണ്ടി   മാത്രമായ    അവളെപ്പറ്റി   ഞാൻ     ഓർത്തത്   അപ്പോൾ   പറഞ്ഞുവെന്നേയുള്ളൂ.  “

അവളുടെ   ശരീരത്തിലൂടിഴഞ്ഞുകൊണ്ടിരുന്ന   കണ്ണുകളെ   നിയന്ത്രിക്കാൻ   കഴിയാതെ   ഒരു   വൃത്തികെട്ട   ചിരിയോടെ   അയാൾ   പറഞ്ഞു.

”  സാർ   മേലിൽ   ഇത്തരം   കാര്യങ്ങൾ   ചർച്ച   ചെയ്യാൻ   എന്നേ   പ്രതീക്ഷിക്കരുത്.  പ്ലീസ്…  “

കടുപ്പിച്ച്   തന്നെ   പറഞ്ഞിട്ട്   അവൾ   പുറത്തേക്കിറങ്ങുമ്പോൾ   അയാളുടെ   മുഖം   ഇരുണ്ടിരുന്നു. 

”   ഛേ…   ഡാമിറ്റ്… “

പിറുപിറുത്തുകൊണ്ട്   അയാൾ   ടേബിളിൽ   ആഞ്ഞിടിച്ചു.  ദേഷ്യത്തോടെ   അഗസ്ത്യ    പുറത്തേക്കിറങ്ങി   വന്ന   അതേ   സമയത്ത്   തന്നെയായിരുന്നു   ക്ലൈന്റ്സുമായുള്ള   മീറ്റിങ്ങ്   കഴിഞ്ഞ്    ഋഷിയും   പുറത്തേക്ക്   വന്നത്. 

”  ഇവളുടെ   മോന്തയിതെന്താ   വീർത്തിരിക്കുന്നത്  ???  “

ഉള്ളിലെ   അമർഷം   മുഴുവൻ   മുഖത്ത്   പ്രതിഫലിപ്പിച്ചുകൊണ്ട്   തന്റെ   സീറ്റിലേക്ക്   വന്നിരുന്ന   അവളെത്തന്നെ   നോക്കി   നിൽക്കുമ്പോൾ   അവൻ   സ്വയം   ചോദിച്ചു.  പക്ഷേ   അതൊന്നും   കാണാതെ   അപ്പോഴും   സംഗീതിന്റെ   വാക്കുകൾ   തന്നെയോർത്തിരിക്കുകയായിരുന്നു   അഗസ്ത്യ.  അന്ന്   വൈകുന്നേരം   ഓഫീസിലെല്ലാവരും  പോയിക്കഴിഞ്ഞും   എന്തൊക്കെയോ   ആലോചനകളിൽ   മുഴുകി   തന്റെ   സീറ്റിൽ   തന്നെയിരിക്കുകയായിരുന്നു   അവൾ. 

”  എന്താഡീ   നീ   വീട്ടിലൊന്നും   പോണില്ലേ  ???  “

പിന്നെയും   കുറേ   സമയം   കഴിഞ്ഞ്  വീട്ടിലേക്ക്   പോകാനിറങ്ങുമ്പോഴും   അവിടെത്തന്നെയിരുന്നിരുന്ന   അവളെക്കണ്ടങ്ങോട്ട്   വന്നുകൊണ്ട്   അല്പം   ഉച്ചത്തിൽ   തന്നെ   ഋഷി   ചോദിച്ചു.  പെട്ടന്ന്   ചിന്തകൾ   മുറിഞ്ഞ   അവളൊരു   ഞെട്ടലോടെ   ചാടിയെണീറ്റ്   പകപ്പോടവന്റെ   മുഖത്തേക്ക്   നോക്കി. 

”  ഏഹ്… എന്തെങ്കിലും   പറഞ്ഞോ  ???  “

”  മിഴിച്ച്   നിലക്കാതെ   വാടീ…  “

തുറിച്ചുനോക്കിയുള്ള    അവളുടെ   ചോദ്യം   കേട്ട്    അല്പനേരം   ആ   മുഖത്തേക്ക്    തന്നെ   നോക്കി   നിന്നിട്ട്   അവൻ   പറഞ്ഞു.  തന്നോടാണോ   എന്ന്   ചോദിക്കുന്നത്   പോലെ    അമ്പരപ്പോടെ   അവനെയൊന്ന്   നോക്കിയിട്ട്   അവൾ   വേഗത്തിൽ  ഹാൻഡ്  ബാഗുമെടുത്ത്   അവന്റെ   പിന്നാലെ   പുറത്തേക്ക്   നടന്നു. 

”  ഹലോ   മാഡം   എങ്ങോട്ടാ   ഇത്ര   ധൃതിയിൽ  ???  “

പുറത്തെത്തി   അവൻ   കാറിനടുത്തേക്ക്   നടക്കവേ   മെയിൻ   എൻട്രൻസിന്   നേർക്ക്   നടന്നുതുടങ്ങിയവളോടായി   ഋഷി   ചോദിച്ചു. 

”  ബസ്   സ്റ്റോപ്പിലേക്ക്…. “

ഒട്ടും   കൂസാതെ   അവൾ   മറുപടി   പറഞ്ഞു.

”  ഇപ്പൊ   സമയമെത്രയായെന്ന്   വല്ല   ബോധവുമുണ്ടോ   തമ്പുരാട്ടിക്ക്  ???  “

അവന്റെ   ചോദ്യം  കേട്ട്   അവൾ    വെറുതെ   കൈത്തണ്ടയിലെ   വാച്ചിലേക്കൊന്ന്   പാളി   നോക്കി. 

”  സമയമാറ്   കഴിഞ്ഞു.  വന്ന്   വണ്ടിയിൽ   കയറെഡീ….  “

പറഞ്ഞിട്ട്   കാറിന്   നേർക്ക്   നടന്നുനീങ്ങുന്ന   അവനെയൊന്ന്   നോക്കിയിട്ട്   അവളും   പതിയെ   അങ്ങോട്ട്‌   നടന്നു.

”  എന്തായിരുന്നെഡീ   ആ   സംഗീതുമായൊരു   ചർച്ച ???  “

വണ്ടി   മുന്നോട്ട്   നീങ്ങുമ്പോഴും    ഒന്നും   സംസാരിക്കാതെ   ഇരിക്കുന്ന    അവളെയൊന്ന്    നോക്കിയിട്ട്    ഋഷി   ചോദിച്ചു.

”  തലക്ക്   വെളിവില്ലാത്ത   തന്റെ     ഭർത്താവിനെ   നല്ലൊരു   ഡോക്ടറെ   കാണിച്ചൂടേന്ന്   ചോദിച്ചതാ   അയാൾ.  “

സൈഡ്   വിൻഡോയിലൂടെ   പുറത്തെ   കാഴ്ചകൾ   കണ്ടിരുന്ന   അവൾ   അങ്ങനെ   തന്നെയിരുന്നുകൊണ്ട്   പറഞ്ഞു. അത്   കേട്ടതും   ഋഷിയിലേക്ക്   ദേഷ്യമിരച്ചുകയറി.

”  തലക്ക്   സുഖമില്ലാത്തത്    നിന്റെയാ   തന്തയില്ലേ   അയാൾക്കാ   കേട്ടോടീ  ??”

ആക്സിലേറ്ററിൽ   കാലമർത്തിക്കൊണ്ട്   അവൻ   പറഞ്ഞു.   ദേഷ്യം   വന്നെങ്കിലും   ആ   അവസരത്തിൽ   അവനോടൂടെ   വഴക്കുണ്ടാക്കാനുള്ള   മാനസികാവസ്തയിലല്ലായിരുന്നത്   കൊണ്ട്   അവളൊന്നും   മിണ്ടാതെ   സീറ്റിലേക്ക്   ചാരിയിരുന്ന്   മിഴികളടച്ചു. 

”  കാര്യമറിഞ്ഞാലും   പരിഹാസമോ   കുറ്റപ്പെടുത്തലോ   അല്ലാതെ   മറ്റൊന്നും    എന്റെയീ   താലിയുടെ   അവകാശിയിൽ    നിന്നുമെനിക്ക്   കിട്ടാൻ   പോകുന്നില്ല.   പിന്നെ   വെറുതെ   അതെന്തിനൊരു   സംസാരവിഷയമാക്കണം  “

അവനുള്ള   മറുപടി   മനസ്സിൽ   പറയുമ്പോൾ   അവളുടെ   മിഴികൾ   പുകഞ്ഞുതുടങ്ങിയിരുന്നു. 

തുടരും…

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!