Skip to content

അഗസ്ത്യ – ഭാഗം 13

agasthya-aksharathalukal-novel

”  ദീപം….  ദീപം…  ദീപം…. “

ഇരുള്   പടർന്നുതുടങ്ങിയ   ആകാശം   നോക്കി    ഋഷി   വെറുതെ   പൂമുഖത്തിരിക്കുമ്പോഴായിരുന്നു      കത്തിച്ച   നിലവിളക്കുമായി   അഗസ്ത്യ   അങ്ങോട്ട്   വന്നത്. കുളി   കഴിഞ്ഞ്   ഈറൻ   മുടി   പിന്നിൽ   വെറുതേയൊന്നുടക്കിയിട്ടിരുന്നു.   നെറ്റിയിലെ   ഭസ്മക്കുറിയും   നെറുകയിലെ   സിന്ദൂരവും   അവളുടെ   ശരീരത്തിലെ   ഈർപ്പത്തിൽ   കുതിർന്നിരുന്നു.   കയ്യിലെ   തിരി   നാളത്തിന്റെ   പ്രകാശത്തിൽ   അവളുടെ   കൃഷ്ണമണികൾ   തിളങ്ങി.  അധരങ്ങളിലേതൊക്കെയോ  ഭഗവത് സ്തുതികൾ   തത്തിക്കളിച്ചിരുന്നു. 

”  സ്വന്തം   മുതലാണെങ്കിലും   ഈ   കട്ടുതിന്നുന്നതിനൊരു   പ്രത്യേക   സുഖാ   അല്ലേ  ഏട്ടാ ???  “

ഒരു   ചെറുപുഞ്ചിരിയോടെ   അവളെത്തന്നെ   നോക്കിയിരിക്കുകയായിരുന്ന   ഋഷിയുടെ   അരികിലേക്ക്   വന്നിരുന്നൊരു   കള്ളച്ചിരിയോടെ     ശബരി   ചോദിച്ചു. 

”   ഞാൻ   കട്ടാലും  സ്വന്തം   മുതലേ  കക്കാറുള്ളു  അല്ലാതെ   നിന്നേപ്പോലെ   വിമൻസ്   കോളേജിന്റെ   ഫ്രണ്ടിൽ   പോയി   നിന്ന്   നാട്ടുകാരുടെ   മൊത്തം   മുതലും  കക്കാറില്ല  “

ഋഷിയുടെ   ആ   മറുപടി   കേട്ടതും   ശബരിയുടെ   മുഖം   വിളറി   വെളുത്തു. 

”  ശോ   ഈ  ഏട്ടന്റെയൊരു   കാര്യം   ഒരു   തമാശ   പോലും  പറയാൻ   പറ്റൂല  കൊച്ചുഗള്ളൻ  “

ഒരവിഞ്ഞ   ചിരിയോടെ   ഋഷിയുടെ   തുടയിൽ   ചെറുതായൊന്നടിച്ചുകൊണ്ട്   അവൻ   പറഞ്ഞു. 

”  ഉവ്വുവ്വ്….  മോൻ   ചെല്ല്  “

”  ഓഹോ   ഇപ്പൊ   അങ്ങനായി….  ശരി   ഞാൻ   പോയേക്കാം.  സ്വർഗത്തിലെ   കട്ടുറുമ്പാവാൻ   നമ്മളില്ലേ….  “

ആക്കിയൊന്ന്   ചിരിച്ചിട്ട്   അവൻ   അകത്തേക്ക്   പോയി.   അപ്പോഴേക്കും   തുളസിത്തറയിലും   തിരി   കൊളുത്തിയിട്ട്   അഗസ്ത്യയും  അങ്ങോട്ട്   വന്നു. 

”  എങ്ങോട്ടാ   പെണ്ണേ   ഈ   ഓടുന്നത്   ഇവിടെ   വന്നിരിക്ക്   “

അരികിൽ   വന്നവനൊരു   പുഞ്ചിരി   സമ്മാനിച്ചകത്തേക്ക്   പോകാൻ   തുടങ്ങിയ   അവളുടെ   കയ്യിൽ   പിടിച്ചരികിലേക്കിരുത്തിക്കൊണ്ട്   അവൻ   പറഞ്ഞു.

”  യ്യോ   വിട്   ഋഷിയേട്ടാ   ആരെങ്കിലും   വരും….  “

”  അടങ്ങിയിരിക്ക്   പെണ്ണേ   ശബരി   മുകളിലും    അമ്മ   സീരിയലിന്റെ   മുന്നിലുമാണ്.   അച്ഛനിതുവരെ   എത്തിയിട്ടുമില്ല   പിന്നാര്   വരാനാ   ഇങ്ങോട്ട്  ???  “

പരിഭ്രമത്തോടെ   അകത്തേക്ക്   നോക്കിക്കൊണ്ട്   പറഞ്ഞ   അവളെ   ഒന്നുകൂടി   തന്നിലേക്ക്   ചേർത്തിരുത്തിക്കൊണ്ട്   അവൻ   പറഞ്ഞു.  പിന്നീടൊന്നും   പറയാതെ  അവളും   അവനോട്‌   ചേർന്നിരുന്നു.

”  എന്താ   പെട്ടന്നൊരു   സ്നേഹം ???  “

കുറുമ്പോടവന്റെ   താടിയിൽ   പിടിച്ചുവലിച്ചുകൊണ്ട്   അവൾ   ചോദിച്ചു.

”  എന്തോ   ഇപ്പൊ   നീയെപ്പോഴുമിങ്ങനെ   കൂടെ   വേണമെന്ന്   തൊന്നുവാ.   ഇത്രയേറെ   ഈ   കുരുത്തംകെട്ട   പെണ്ണിനെ   ഞാൻ   സ്നേഹിച്ചിരുന്നുവെന്ന്   എനിക്കിപ്പോഴാ   ബോധ്യമായത്.  “

താടികൊണ്ടവളുടെ   പിൻകഴുത്തിൽ   വെറുതേ   ഉരസിക്കൊണ്ടവനത്   പറയുമ്പോൾ   വള   കിലുങ്ങും   പോലവൾ   പൊട്ടിച്ചിരിച്ചു. 

”  ഓഹോ   അപ്പോ   എന്റെയീ   സൈക്കോ   കെട്ടിയോന്   റൊമാൻസും   വരുമോ  ???  “

അവന്റെ   മൂക്കിൽ   പിടിച്ചുവലിച്ചുകൊണ്ട്   അവൾ   ചോദിച്ചു.

”  ഇതൊക്കെയെന്ത്‌   ഇതൊക്കെ   വെറും   സാമ്പിളല്ലേഡീ… ശരിക്കുള്ള   റൊമാൻസ്   എന്റെ   പോന്നുമോള്   കാണാനിരിക്കുന്നതല്ലേയുള്ളൂ ….  “

അവളുടെ   കഴുത്തിൽ   പതിയെ   ചുംബിച്ചുകൊണ്ടാണ്   അവനത്   പറഞ്ഞത്.

”   മതി മതി   ഞാൻ   പോണു   ഇനിയിവിടിരുന്നാൽ   ശരിയാവൂല്ല….  “

”  ഇപ്പൊ   നീ   പൊക്കോ   പക്ഷേ    നീയങ്ങ്   മോളിലോട്ട്   വരുമല്ലോ   അന്നേരം   നിന്നേ   ഞാനെടുത്തോളാഡീ     ഉണ്ടപ്പക്രൂ….  “

പറഞ്ഞിട്ടകത്തേക്ക്   പോകുന്ന   അവളെ   നോക്കി   മീശ   പിരിച്ചുകൊണ്ട്   അവൻ   പറഞ്ഞു.  അതിന്   മറുപടിയായി   ഒരു   കുസൃതിച്ചിരിയോടെ   അവളകത്തേക്ക്   നടന്നു.  രാത്രി   എല്ലാവർക്കുമൊപ്പം   അത്താഴം   കഴിക്കാനിരിക്കുമ്പോഴും   ഋഷിയുടെ   നോട്ടം   കണ്ടവൾ   കുനിഞ്ഞ്   പ്ളേറ്റിലേക്ക്    തന്നെ   നോക്കിയിരുന്നു.

അവളുടെയാ   ഇരുപ്പ്   കണ്ടതും   ഋഷിക്ക്     ചിരി  വന്നു.  പെട്ടന്നാണ്   തന്റെ   കാലിലെന്തോ   ഇഴയുത്   പോലെ  തോന്നിയ   അഗസ്ത്യ   കുനിഞ്ഞ്   താഴേക്ക്   നോക്കിയത്.  അപ്പോഴും    ഒരു   ഭാവഭേദവുമില്ലാതെയിരുന്ന്   കഴിക്കുകയായിരുന്നു   ഋഷി. 

”  ദൈവമേ…  കെട്ടിക്കോണ്ട്   വന്ന   ദിവസം   തന്നെ   എന്റെ   കാല്    ചവിട്ടിയൊടിക്കാൻ   നോക്കിയ   മനുഷ്യനാ   ഇപ്പൊ   ഇരുന്നീ    ഒലിപ്പിക്കുന്നത്. “

അവനെ   നോക്കി   കണ്ണുരുട്ടിക്കൊണ്ട്    അവൾ   മനസ്സിലോർത്തു. 

എല്ലാം   കാണുന്നുണ്ടായിരുന്നുവെങ്കിലും     അപ്പോഴും   അതൊന്നും    മൈൻഡ്   ചെയ്യാതെ   കഴിക്കുന്ന   തിരക്കിലായിരുന്നു   ഋഷി.  അത്താഴമൊക്കെ   കഴിഞ്ഞിട്ടും   അടുക്കളയിൽ   തന്നെ   നിന്ന്   കറങ്ങിക്കോണ്ടിരുന്ന   അഗസ്ത്യ   ഊർമിള   നിർബന്ധിച്ചപ്പോഴാണ്   മുകളിലേക്ക്   പോന്നത്.  പക്ഷേ   അവൾ   മുറിയിലെത്തുമ്പോൾ   ഋഷി   അവിടെയൊന്നുമുണ്ടായിരുന്നില്ല.   അത്   വലിയ   ആശ്വാസമായി   കരുതി  അവൾ   വേഗം   ബാത്‌റൂമിലേക്ക്   കയറി.  ചെറുചൂടുവെള്ളത്തിൽ   ദേഹമൊക്കെയൊന്ന്   കഴുകി   വേഷമൊക്കെ  മാറി   അവൾ   പുറത്തേക്ക്   വരുമ്പോൾ   ഋഷി   ബെഡിലിരിക്കുന്നുണ്ടായിരുന്നു.  

”   ഈശ്വരാ   ഇന്നലെ   വരെ   സൈക്കോ   കളിച്ചുനടന്ന   മനുഷ്യനാ   ഇപ്പൊ   പ്രേമം   മൂത്ത്   പ്രാന്തായിപ്പോയത്   “

തന്നെ   നോക്കി   ഒരു   കുസൃതിച്ചിരിയോടെ   ഇരിക്കുന്ന   അവനെ   നോക്കി   നിൽക്കുമ്പോൾ   അവൾ   മനസ്സിൽ   പറഞ്ഞു.  പെട്ടനായിരുന്നു   അവനെണീറ്റ്   അവളുടെ   നേർക്ക്   നടന്നുവന്നത്. 

”  ദേ   ഋഷിയേട്ടാ   വേണ്ട…  ഞാൻ   കരാട്ടെയാ   കരാട്ടെ.  “

അവന്റെയാ   വശപ്പെശക്   നോട്ടം   കണ്ട്   ശരീരം   മുഴുവൻ   വിറപൂണ്ടെങ്കിലും   അതൊന്നും   പുറമേ   കാണിക്കാതെ   അവൾ   പറഞ്ഞു.   പക്ഷേ   അപ്പോഴും   അവന്റെ   ചുണ്ടുകളിലതേ   കുസൃതിച്ചിരി   തന്നെയായിരുന്നു.  ഒടുവിൽ   രക്ഷയില്ലെന്ന്   കണ്ടതും   അവൾ   പിന്നിലേക്ക്   ചുവടുവച്ച്   തുടങ്ങി.  പക്ഷേ   അപ്പോഴേക്കും   ഋഷിയുടെ   കൈകളവളുടെ   ഇടുപ്പിൽ   മുറുകിയിരുന്നു. 

”  കരാട്ടെക്കാരിയെന്ത്‌   പിന്നെ   പേടിച്ചോടുന്നത്  ???   സത്യം   പറ   നീയും   കരാട്ടെയും   തമ്മിൽ   വല്ല   ബന്ധവുമുണ്ടോ  ???  “

അവളുടെ   ഇടതുകവിളിൽ   പതിയെ   ഒന്ന്   കടിച്ചുകൊണ്ടാണ്   അവനത്   ചോദിച്ചത്.

”  ഇ….  ഇല്ല…  “

പെട്ടനായിരുന്നു   അവളുടെ   മറുപടി.  അതുകേട്ടതും   അവനുച്ചത്തിൽ   പൊട്ടിച്ചിരിച്ചു.  അപ്പോഴേക്കും   നാണത്തോടെ   അവളവന്റെ   മാറോടൊട്ടിയിരുന്നു.  കുറച്ചുസമയം   അങ്ങനെ    നിന്നതിന്   ശേഷം    ഋഷിയവളേയും   കൂട്ടി   ബാൽക്കണിയിലേക്ക്   നടന്നു.  അവിടെ   അവളെയും   ചേർത്തുപിടിച്ച്   ആകാശത്തിലെ   നക്ഷത്രങ്ങളേയും   നോക്കി   വെറുതെയങ്ങനെയിരുന്നു.  

”   സത്യാ…  “

”  മ്മ്മ്….  “

”  നിന്നോടെങ്ങനെ   നന്ദി   പറയണമെന്നെനിക്കറിയില്ല   പെണ്ണേ….  വീണ്ടുമെനിക്കിങ്ങനൊരു   ശാന്തമായ   ജീവിതമുണ്ടാകുമെന്ന്   ഞാനൊരിക്കലും   കരുതിയിരുന്നില്ലെഡീ.   എനിക്കെന്തോ   ഭ്രാന്തായിരുന്നു.   എന്നേ   സ്നേഹിച്ചവരെപ്പോലും   ഞാൻ   വെറുപ്പിക്കുകയും   വേദനിപ്പിക്കുകയുമേ   ചെയ്തിട്ടുള്ളു.   അവസാനം   ഒരു   നിമിത്തം   പോലെ   നീയെന്റെ   ജീവിതത്തിലേക്ക്   വന്നപ്പോൾ   എല്ലാത്തിനോടുമുള്ള   ദേഷ്യം   മുഴുവൻ   നിന്നോടായി…. “

”   മതി   ഋഷിയേട്ടാ   ഇനിയതൊന്നും   പറയണ്ട   അതെല്ലാം   കഴിഞ്ഞകാര്യങ്ങളല്ലേ   ഇനിയാ   ദിവസങ്ങളുടെയൊന്നും   ഓർമ   പോലും   നമ്മുടെ   ഇടയിൽ   വേണ്ട   “

ചൂണ്ടുവിരൽ   കൊണ്ടവന്റെ   വാക്കുകളെ   തടഞ്ഞ്    നെറ്റിയിലേക്ക്   വീണുകിടന്ന   മുടിമാടിയൊതുക്കി   ആ    നെറ്റിത്തടത്തിൽ   മൃദുവായി    ചുംബിച്ചുകൊണ്ട്   അവൾ   പറഞ്ഞു.  അപ്പോഴേക്കും   അവന്റെ   കൈകളും   അവളിൽ   മുറുകിത്തുടങ്ങിയിരുന്നു.  കൈകളും   അധരങ്ങളും   സ്ഥാനം   തെറ്റിയൊഴുകിത്തുടങ്ങിയപ്പോൾ   അവളുടെ   നിശ്വാസത്തിന്റെ   വേഗത കൂടിക്കൂടി   വന്നു.  ഒടുവിൽ    അധരങ്ങൾ   തമ്മിൽ   ബന്ധിതമാകുമ്പോൾ   മാനത്തുനിന്നൊരു    താരകം   നാണിച്ച്   കണ്ണുചിമ്മി. 

”  ആഹാ   ഋഷിയും   സത്യയും   വന്നല്ലോ   “

വിപഞ്ചികയുടെ   മുന്നിലേക്ക്   ഋഷിയുടെ   കാർ   വന്ന്   ബ്രേക്കിട്ടതും   അകത്തെന്തോ   ധൃതിപ്പണിയിലായിരുന്ന   വേണു   പറഞ്ഞുകൊണ്ട്   ഇറങ്ങി   വരുന്നത്   കണ്ട്   മുഖം   വീർപ്പിച്ച്   നിൽക്കുകയായിരുന്നു   മൈഥിലിയും   ഭർത്താവായ   ആദർശും.  തൊട്ടടുത്തു തന്നെ   താമസിക്കുന്ന  വേണുവിന്റെ   സഹോദരിയുടെ  മകന്റെ  വിവാഹത്തിന്  വേണ്ടി    ഒത്തുകൂടിയതായിരുന്നു  എല്ലാവരും. 

”  എന്താ   മക്കളെ   താമസിച്ചത്  ???  “

വേണുവിനൊപ്പം   അവരുടെ   അരികിലേക്ക്   ചെന്നുകൊണ്ട്   ഇന്ദിരയും  ചോദിച്ചു.

”  ഒന്നും   പറയണ്ടമ്മേ   ഈ   ഋഷിയേട്ടനൊന്ന്   വന്നുകിട്ടണ്ടേ   ഞാനെത്ര   നേരമായൊരുങ്ങി   നിൽക്കുവണെന്നോ  ??  “

ഋഷിയേ   നോക്കി   ഒരു   കുഞ്ഞു   പരിഭവത്തോടെ   അവൾ   പറഞ്ഞു.  അതുകേട്ട്   വേണുവും   ഇന്ദിരയും   ചിരിച്ചു. 

”  ഞാനിവിടെ   വന്നിത്ര   നേരമായിട്ടും   ഒന്ന്   തിരിഞ്ഞുപോലും   നോക്കാഞ്ഞ   നിന്റെ   തന്തയിപ്പോ   ഒരു   നാണോമില്ലാതെ   ഇളയ  മരുമോന്റെ   ആസനം   താങ്ങുന്നത്   കണ്ടോടീ ???   ഇതിനാ   പറയുന്നത്   പണത്തിന്   മുകളിൽ   പരുന്തും   പറക്കില്ലെന്ന്.   സ്വന്തമായി   ബിസ്നസ്   ചെയ്യുന്ന   അവന്റത്ര  പുത്തനൊന്നും   ദിവസക്കൂലിക്ക്    വല്ലവന്റെയും   ഓട്ടോ   ഓടിക്കുന്ന   ഈ   ഏഴാങ്കൂലീടേലില്ല.   അതിന്റെ   വ്യത്യാസമാ   ഈ   കാണുന്നതൊക്കെ  “

ആ   കാഴ്ചകളൊക്കെ   കണ്ടുനിന്ന്   അരിശത്തോടെ   മൈഥിലിയേ   നോക്കി   ആദർശ്   പറഞ്ഞു.

”  ഒന്ന്   പതിയെപ്പറ   ആദർശേട്ടാ   ആരെങ്കിലും   കേട്ടാലെന്ത്   വിചാരിക്കും.  “

ആരെങ്കിലും   ശ്രദ്ധിക്കുന്നോ   എന്നുള്ള   ജാള്യതയോടെ   ചുറ്റുപാടും   വീക്ഷിച്ചുകൊണ്ട്   അവൾ   പറഞ്ഞു. 

”  കേൾക്കാൻ   തന്നെയാഡീ   പറയുന്നത്.  പണത്തിന്   മുന്നിൽ   മലക്കം   മറിയുന്ന   നിന്റെയാ   ചെറ്റത്തന്ത   കേൾക്കണം.  “

ദേഷ്യമടങ്ങാതെ   അവൻ   വീണ്ടും   പറഞ്ഞു.  അപ്പോഴേക്കും   ഋഷിയും   അഗസ്ത്യയും   അവരുടെ   തൊട്ടുമുന്നിലെത്തിയിരുന്നു. 

”  ആഹ്  ചേച്ചി…..  നിങ്ങളെപ്പോ   വന്നു  ???   “

അവരെ   നോക്കി   നിറപുഞ്ചിരിയോടെ   അഗസ്ത്യ   ചോദിച്ചു.  

” ഓഹ്    ഞങ്ങള്   വന്നിട്ട്   കുറേ   നേരമായി.  പക്ഷേ   വെറുമൊരോട്ടോക്കാരനും   അവന്റെ    പെണ്ണുമായത്   കൊണ്ട്   ബിസ്നസുകാരനും    ഭാര്യയ്ക്കും    കിട്ടിയത്    പോലെയുള്ള   സ്വീകരണമൊന്നും   കിട്ടിയില്ല. “

അഗസ്ത്യയുടെ   ചോദ്യത്തിനുള്ള   മറുപടിയായി   വീർത്ത   മുഖത്തോടെ   തന്നെ   മൈഥിലി   പറഞ്ഞു.   അതുകേട്ടതും   അഗസ്ത്യയുടെ   മുഖം   മങ്ങി.  ഋഷിയെന്ത്   വിചാരിച്ചുകാണുമെന്ന   ഭയത്തോടെ   അവൾ   തിടുക്കപ്പെട്ടവന്റെ   മുഖത്തേക്ക്   നോക്കി.  പക്ഷേ  അവിടെയപ്പോഴും   ശാന്തമായ   പുഞ്ചിരി   മാത്രമായിരുന്നു.  അതുകണ്ടതും   അവൾക്ക്   വല്ലാത്തൊരാശ്വാസം   തോന്നി. 

”  മൈഥിലി…  നിന്ന്   തോന്നിവാസം   വിളമ്പാതെ   അവനെയും   വിളിച്ചകത്തേക്ക്   പോ….   നിങ്ങളും   ചെല്ല്   മക്കളെ…  “

എല്ലാവരെയും   മറികടന്ന്   മുന്നോട്ട്   വന്നുകൊണ്ട്   ശാസനയുടെ   സ്വരത്തിൽ   ഇന്ദിര   പറഞ്ഞു.   പിന്നീടവിടെ   നിൽക്കാതെ   ഋഷിയേം   കൂട്ടി   അഗസ്ത്യ    വേഗം   അകത്തേക്ക്    പോയി.  ഒരു   പുച്ഛത്തോടെ   അത്   നോക്കിനിന്നിട്ട്   ആദർശ്   ചവിട്ടിത്തുള്ളി   പുറത്തേക്കും   ഇറങ്ങി. 

”  കാവുവിളയിലെ   മഹേന്ദ്രന്റെ   മോനാ.   വേണുന്റെ  മൂത്ത   വിത്തിനെ   കണ്ടിഷ്ടപെട്ട്   ആലോചിച്ചു   വന്നതാ   ഇവിടെ.  പക്ഷേ   നല്ലത്   നായ്ക്ക്   ചേരില്ലെന്ന്   പറയുന്നത്   പോലെ   മുഹൂർത്തസമയമായപ്പോൾ   ആ   പെണ്ണാപ്പോയ     അലവലാതിടെ   കൂടെ   ചാടിപ്പോയി.  അങ്ങനാ   ആ   ചെക്കനീ   ഇളയ   കൊച്ചിനെ   കെട്ടിയത്.  അനുഭവയോഗം   അതിനായിരുന്നു.  രാജകുമാരിയേപ്പോലല്ലേ   അതിന്റെ   ജീവിതം.  ഈ   പെണ്ണിന്റെ   കാര്യം   മഹാകഷ്ടമാ.   അല്ലേലും  പ്രേമിച്ചുനടക്കുമ്പോൾ   പിള്ളേര്   കാണുന്ന   സ്വപ്നമൊന്നുമല്ലല്ലോ   ജീവിതം. 

അവനാരുടെയോ   ഓട്ടോ   കൂലിക്കോടിക്കുവാ.  കിട്ടുന്നേന്റെ   മുക്കാലും   അവൻ   വെള്ളമടിച്ച്   തീർക്കും.  മുഴുകുടിയാ  പിന്നെന്നും   തല്ലും   പിടിയും.  ചെന്നുകയറിയ   അന്നുമുതൽ   തുടങ്ങി   സ്ത്രീധനം   ചോദിച്ചുള്ള   പോര്.   അതും   പോരാഞ്ഞിട്ടിപ്പോ   മച്ചിയാണെന്നും   പറഞ്ഞാ   പൊറുതികേട്.  ആരോടെങ്കിലും   പറയാനൊക്കുമോ    സ്വയമെടുത്ത്   ചാടിയതല്ലേ.  ഇപ്പൊ    കിടന്ന്   ചക്രശ്വാസം   വലിക്കുവല്ലേ   പെണ്ണ്   “

ഋഷിയുടെ   കയ്യിൽ   തൂങ്ങി  നടന്നുപോകുന്ന   അഗസ്ത്യയേ   നോക്കി   നിന്നിട്ട്   പതിയെ   അകത്തേക്ക്   നടക്കാൻ   തുടങ്ങുമ്പോഴായിരുന്നു   മുറ്റത്തെ   പന്തലിന്റെ   ഒരരികിൽ   കൂടിയിരുന്ന്   പറഞ്ഞുചിരിക്കുന്ന    ഒരു   കൂട്ടം   സ്ത്രീകളുടെ   വർത്തമാനം   മൈഥിലിയുടെ   ചെവിയിലെത്തിയത്.  അതുകൂടി   കേട്ടതും   ദേഷ്യം   സഹിക്കാൻ   കഴിയാതെ   അവൾ   അടുക്കളയിലേക്ക്   ചെന്നു.  അവിടെ   രണ്ട്   ഗ്ലാസുകളിലായി  ജ്യൂസെടുത്തുകൊണ്ടിരിക്കുകയായിരുന്നു   ഇന്ദിര.  അതെടുത്ത്   വച്ചിട്ട്   ട്രേയെടുക്കാനായി     അവർ   കബോഡിന്   നേർക്ക്   തിരിഞ്ഞതും   അവളോടിച്ചെന്നാ   ഗ്ലാസുകളുമെടുത്ത്   പുറത്തേക്ക്   നടക്കാനൊരുങ്ങി. 

”  ഡീ….. വെക്കടീയവിടെ   അത്   ഋഷിക്കും   സത്യക്കുമുള്ളതാ  “

ട്രേയുമെടുത്തുകൊണ്ട്   തിരിഞ്ഞ  ഇന്ദിര  പറഞ്ഞു. 

”  അതേയമ്മേ… സത്യക്കും   അവൾടെ   ഭർത്താവിനും   മാത്രമല്ല   എന്റെ   ഭർത്താവിനും   ജ്യൂസൊക്കെ   ഇറങ്ങും.  ഞങ്ങളിവിടെ   വന്നിട്ടെത്ര   നേരായമ്മേ  എന്നിട്ടച്ഛനോ   അമ്മയോ   ഒന്ന്   തിരിഞ്ഞെങ്കിലും   നോക്കിയോ  ???  എന്നിട്ടവര്   വന്നപ്പോ   ആനയിക്കാൻ   പോയിരിക്കുന്നു.  ആദർശേട്ടനും   ഈ   വീട്ടിലേ   മരുമോൻ   തന്നെയല്ലേ  ???   എന്നിട്ടാ   മര്യാദ  അച്ഛനുമമ്മയും   കാണിച്ചോ  ???  “

”  ഡീ   മോളേ   അവനും   ഇവിടുത്തെ  മരുമോൻ   തന്നെ   പക്ഷേ   ഋഷിയവനേക്കാൾ   ഒരുപടി   മുന്നിൽ   നിൽക്കാനുള്ള   കാരണമെന്താണെന്ന്   നിനക്കിതുവരെ   മനസ്സിലായില്ലെങ്കിൽ   ഞാൻ   തന്നെ   പറഞ്ഞുതരാം.  കാരണം  അവൻ   പിന്നാമ്പുറത്ത്   വന്നുനിന്ന്   മുഹൂർത്തസമയത്ത്   നിന്നേ   വേലി  ചാടിച്ചോണ്ട്   പോയത്   പോലെയല്ല   ഋഷി   സത്യയെ   സ്വീകരിച്ചത്.  അന്തസായിട്ട്   നാലാളുടെ   മുന്നിൽ   വച്ച്   താലികെട്ടിയിട്ടാ.  അപ്പോ   ആ   വ്യത്യാസം   കാണും  അല്ലാതെ   നീയും   നിന്റെ   കെട്ടിയോനും   പറയുന്നത്   പോലെ   കൂടുതൽ   പണമുള്ള   മരുമോന്   കൂടുതൽ   പരിഗണന   കൊടുത്തതൊന്നുമല്ല   ഞങ്ങൾ   “

അവളുടെ   ചോദ്യങ്ങൾക്ക്   മറുപടിയായി   ചിരിച്ചുകൊണ്ട്   ഇന്ദിര   പറഞ്ഞത്   കേട്ട്   മൈഥിലിയുടെ   മുഖം  കുറച്ചുകൂടി    വീർത്തു.

”  ഓഹ്   എന്നെ   വേലിചാടിച്ചോണ്ട്   പോയതൊക്കെയാവും   പക്ഷേ   പൊന്നുമോളേപ്പോലെ   വീട്ടിൽ   വന്നുനിന്ന്   ഭർത്താവ്   കളഞ്ഞേന്റെ   പേരിൽ   നാട്ടുകാരുടെ   കൂക്കിവിളി   കേൾക്കേണ്ട   ഗതികേടൊന്നുമെനിക്ക്   വന്നിട്ടില്ല.  “

ഇന്ദിരയെ   നോക്കി   പുച്ഛത്തോടെ    ചുണ്ട്   വക്രിച്ചുകൊണ്ട്   അവൾ   പറഞ്ഞു. 

”  എടീ   ജീവിതമായാൽ   അങ്ങനാ   ഇണക്കവും   പിണക്കവുമൊക്കെയുണ്ടാകും.   അവരുടെ   ഇടയിലും   അതൊക്കെയുണ്ടായി   എന്നുകരുതി   അവര്   തല്ലിപ്പിരിഞ്ഞ്   പോയിട്ടൊന്നുമില്ലല്ലോ   ഇപ്പോഴും   ഒരുമിച്ച്   തന്നെയല്ലേ.   അതുകൊണ്ട്   എന്റെ   പൊന്നുമോള്   കൂടുതൽ   നിന്ന്   താളം   ചവിട്ടാതെ   അങ്ങോട്ട്   മാറ്   ഞാനിതവർക്ക്   കൊണ്ട്   കൊടുക്കട്ടെ”

പറഞ്ഞിട്ട്   ജ്യൂസുമായി   അവളെക്കടന്ന്   പുറത്തേക്ക്    പോകുമ്പോൾ   ഇന്ദിരയുടെ   ചുണ്ടുകളിലൊരു   പുഞ്ചിരി    തത്തിക്കളിച്ചിരുന്നു.  വന്നപ്പോൾ   മുതൽ   ഋഷിയും   ആ   വീടുമായിണങ്ങി    വേണുവിനും   മറ്റുള്ളവർക്കുമൊപ്പം    കൂടിയതിനാൽ   പഴയതുപോലെ    എല്ലാവരുടെയും   ഒപ്പം   കൂടി   അടിച്ചുപൊളിക്കാൻ   അഗസ്ത്യക്കും   അവസരം   ലഭിച്ചിരുന്നു.   മൈഥിലി   മാത്രം   മുഖം   വീർപ്പിച്ചൊരു   സൈഡിൽ   മാറി   നിൽക്കുകയായിരുന്നു   അപ്പോഴും.  ആദർശാണെങ്കിൽ   എപ്പോഴോ   പുറത്തേക്ക്   പോയിട്ട്   രാത്രിയോടെയായിരുന്നു   മടങ്ങി   വന്നത്.  അപ്പോളവൻ   നന്നായി   മദ്യപിക്കുകയും   ചെയ്തിരുന്നു. 

”  നിങ്ങളുടെ   വീട്ടിലോ   ഞാനിനി   നാണം   കെടാൻ   ബാക്കിയൊന്നുമില്ല.  ഇവിടെയെങ്കിലും   എന്നെയിങ്ങനെ   നാണംകെടുത്താതിരുന്നൂടേ    നിങ്ങൾക്ക്  ???  “

മദ്യപിച്ച്   നാലുകാലിൽ   അകത്തേക്ക്   വന്ന   ആദർശിനെക്കണ്ട്   ആളുകൾ   കളിയാക്കി   ചിരിക്കുന്നത്   കൂടി   കണ്ടതും   നിയന്ത്രണം   നഷ്ടപ്പെട്ട   മൈഥിലി   അവന്റെ   മുന്നിലേക്ക്   ചെന്ന്   അമർന്നതെങ്കിലും   മൂർച്ചയുള്ള   സ്വരത്തിൽ   ചോദിച്ചു.  പെട്ടന്നവളെയൊന്ന്   തുറിച്ചുനോക്കിയ   അവൻ   കൈ   വീശിയവളുടെ   കരണത്തൊന്ന്   പൊട്ടിച്ചു.

”  നിന്റെ   വീട്ടിലാണെന്ന്   കരുതി   എന്നെ   ഭരിക്കാൻ   വരുന്നോഡീ   ചൂലേ  ???   എനിക്കൊരു   കുഞ്ഞിനെപ്പോലും   തരാൻ   കഴിയാത്ത   നിന്നെപ്പോലൊരു   മച്ചിശവത്തിനെ   ചുമക്കുന്നതും   പോരാഞ്ഞിട്ട്   ഞാനിനി   നിന്റെ   താളത്തിന്   തുള്ളണമല്ലേഡീ  ???  “

അടികൊണ്ട   കവിളും   അമർത്തിപ്പിടിച്ച്   മുന്നിൽ   നിൽക്കുന്ന    അവളെ   നോക്കി   അവൻ   ചീറി.  ആ   വാക്കുകൾ   കൂടിയായപ്പോൾ   അപമാനഭാരത്താൽ   അവൾ   നിന്നുരുകി.   ചുറ്റും   നിൽക്കുന്ന   ആളുകളുടെ   മുഖഭാവം   കൂടി   കണ്ടതോടെ   നിയന്ത്രണം   വിട്ടവളുടെ     മിഴികൾ   കുതിച്ചൊഴുകി.  പെട്ടന്ന്    അകത്തേക്ക്   പോകാൻ   തിരിയുമ്പോഴാണ്   പിന്നിൽ   എല്ലാം    കണ്ടുനിന്നിരുന്ന   ഋഷിയും    അഗസ്ത്യയും   അവളുടെ   കണ്ണിൽ   പെട്ടത്.  അവരെക്കൂടി   കണ്ടതും   അപമാനഭാരത്താൽ    മൈഥിലിയുടെ   ശിരസ്സ്   വീണ്ടും   കുനിഞ്ഞു.  പിന്നീടാരെയും   നോക്കാതെ   അവൾ   ദ്രുതഗതിയിൽ   മുറിക്കുള്ളിലേക്ക്   കയറി   വാതിലടച്ചു.

”  കഷ്ടം   തന്നെ….  “

കണ്ടുനിന്നവരിൽ   നിന്നുയർന്ന   പിറുപിറുക്കലുകൾ   അഗസ്ത്യയുടെ   ഉള്ളിലും   വല്ലാത്ത   വേദന   നിറച്ചിരുന്നു.  അത്   മനസ്സിലാക്കിയിട്ടെന്ന   പോലെ   ഋഷി   വേഗമവളേയും   കൂട്ടി   തങ്ങളുടെ   മുറിയിലേക്ക്   നടന്നു. 

”  താങ്ക്സ്…..  “

രാത്രി   കുളി   കഴിഞ്ഞ്   വന്ന്   നിലക്കണ്ണാടിക്ക്   മുന്നിൽ   നിന്ന്   മുടി   ചീകുകയായിരുന്ന   ഋഷിയെ   പിന്നിൽ   നിന്നും   കെട്ടിപ്പിടിച്ച്   ഈറൻ   മാറാത്ത   അവന്റെ   നടുമ്പുറത്ത്   മൃദുവായി   ചുംബിച്ചുകൊണ്ട്   അഗസ്ത്യ  പറഞ്ഞു. 

”  എന്തിനാ   പെണ്ണേ ???  “

അവളെ  തന്റെ   മുന്നിലേക്ക്   കൊണ്ടുവന്ന്   ആ   അരക്കെട്ടിലൂടെ   ചുറ്റിപ്പിടിച്ചുകൊണ്ടാണ്   അവനത്   ചോദിച്ചത്. 

”  എനിക്ക്   വേണ്ടി   ഇത്രയൊക്കെ   സഹിക്കുന്നതിന്  “

”  ഞാനതിനെന്ത്‌   സഹിച്ചെന്നാ   നീയീ   പറയുന്നത്  ???  “

അവളുടെ   മുടിയിഴകൾ   മാടിയൊതുക്കി   ഒരു   കുസൃതിച്ചിരിയോടെ   അവൻ   ചോദിച്ചു. 

”  അല്ല   നമ്മള്   വന്നപ്പോ   ചേച്ചിയങ്ങനെയൊക്കെ    പറഞ്ഞപ്പോ  ഞാൻ   വല്ലാതെ   പേടിച്ചു.  ചേച്ചിയോടുള്ള   ദേഷ്യത്തിൽ   ഋഷിയേട്ടനെന്തെങ്കിലും   പറയുമൊന്ന്.     അല്ലേത്തന്നെ   ദേഷ്യത്തിന്റെ   കാര്യത്തിൽ   ഒട്ടും   പിന്നിലല്ലല്ലോ   എന്റെയീ   കുരുത്തംകെട്ട  കെട്ടിയോൻ.

അവനോട്‌   ചേർന്നുനിന്ന്   ആ   നെഞ്ചിൽ   പതിയെ   വിരൽ   കൊണ്ട്   കുത്തി   അവൾ   പറഞ്ഞു. 

”  എടീ   പൊട്ടീ…. എനിക്കവളോട്   ഒരു   ദേഷ്യവുമില്ല.   ഉണ്ടായിരുന്നു   പക്ഷേ   ഇപ്പൊ   അവളോടെനിക്ക്   നന്ദി   മാത്രേയുള്ളൂ.  അന്നങ്ങനെയൊക്കെ   സംഭവിച്ചത്   കൊണ്ടല്ലേ   എനിക്കെന്റെയീ   ഗുണ്ടുമണിയേ  കിട്ടിയത്.  “

പറഞ്ഞതും   അവനവളെ   ഒന്നുകൂടി   ചേർത്തുപിടിച്ചു. 

”  വിട്   ഋഷിയേട്ടാ   വാതിൽ   തുറന്നുകിടക്കുവാ   ആരെങ്കിലും  കാണും … “

തന്റെ   അധരങ്ങളിലേക്കടുത്ത്   തുടങ്ങിയ   അവനെ   ബലമായി   തള്ളിമാറ്റാൻ   ശ്രമിച്ചുകൊണ്ട്   അഗസ്ത്യ   പറഞ്ഞു. 

”  അവിടെ   നിക്ക്   പെണ്ണേ   ഇങ്ങോട്ടിപ്പോ   ആരും   വരില്ല  എല്ലാരും   കഴിക്കാൻ   വേണ്ടി   പോയേക്കുവാ. “

അവളെ   വീണ്ടും   തന്നിലേക്കടുപ്പിച്ചുകൊണ്ട്  അവൻ   പറഞ്ഞു.  പിന്നെ   വീണ്ടും   അവളുടെ   അധരങ്ങളെ   സ്വന്തമാക്കുവാൻ    തുനിഞ്ഞു.

”  ആഹാരം   കഴിക്കാൻ  വിളി….  “

അവരെ   ആഹാരം   കഴിക്കാൻ   വിളിക്കാൻ   വേണ്ടിയങ്ങോട്ട്    വന്ന  മൈഥിലി   ആ   രംഗം   കണ്ട്   ഒന്നറച്ചുനിന്നു.  പെട്ടന്ന്   അവളുടെ   ശബ്ദം   കേട്ടതും   ഋഷിയും   അഗസ്ത്യയും   തമ്മിലകന്ന്   മാറി. അഗസ്ത്യ   കണ്ണുരുട്ടിയവനെ   ഉഴപ്പിച്ച്   നോക്കി. പക്ഷേ   അപ്പോഴും   അവന്റെ   മുഖത്തതേ   കുസൃതിച്ചിരി   തന്നെയായിരുന്നു. 

” ഇതൊരു   കല്യാണവീടാണ്.   നിറയെ  ആളുകളുമുണ്ട്   അതുകൊണ്ട്   ഇതിനൊക്കെ   ഒരൊളിയും   മറയുമൊക്കെ   ഉണ്ടായാൽ   കൊള്ളാം  “

ഒരുതരം   അസ്വസ്ഥതയോടെ   അവരുടെ   മുഖത്ത്   നോക്കാതെ    മൈഥിലിയത്    പറയുമ്പോൾ   അവളുടെ   മുഖം   കടന്നല്   കുത്തിയത്   പോലെ   വീർത്തിരുന്നു.  അതുകേട്ട്   അഗസ്ത്യയൊന്ന്   ചൂളിയെങ്കിലും   ഋഷിയുടെ   മറുപടിയൊരു   പൊട്ടിച്ചിരിയായിരുന്നു. 

”  അതെന്തൊരു   പറച്ചിലാ   മൈഥിലി   നിന്റെ   ഭർത്താവിന്   നിന്നെ   അത്രയുമാളുകളുടെ   മുന്നിൽ   വച്ചങ്ങനെ   സ്നേഹിക്കാമെങ്കിൽ   എനിക്കെന്റെ   ഭാര്യയേ   ഞങ്ങളുടെ  മുറിക്കുള്ളിൽ   വച്ചിങ്ങനെ    സ്നേഹിച്ചൂഡേ  ???  “

അരികിൽ   നിന്ന   അഗസ്ത്യയെ   ചേർത്തുപിടിച്ച്   ആ   കവിളിൽ   അമർത്തി   ഉമ്മ

  വച്ചുകൊണ്ട്   അവൻ   ചോദിച്ചു.   ആ   പ്രവർത്തിയിൽ  മൈഥിലിയും  അഗസ്ത്യയും   ഒരുപോലെ   ചൂളിപ്പോയിരുന്നു. 

”  ഒരു   നാണവുമില്ലാത്തൊരു     മനുഷ്യൻ  “

”  സ്വന്തം   കെട്ടിയോളെയൊന്നുമ്മ   വെക്കാൻ   ഞാനെന്തിനാടീ   നാണിക്കുന്നത് ???  “

അവളുടെ     തോളിൽക്കൂടി   കയ്യിട്ടുകൊണ്ട്   പുറത്തേക്ക്   നടക്കുമ്പോൾ   മുഖം   പൊത്തിക്കൊണ്ട്   തന്റെ   വയറിൽ   കുത്തികൊണ്ടുള്ള   അവളുടെ   പറച്ചിൽ   കേട്ട്   ചിരിയോടെ   ഋഷി   പറഞ്ഞു.  അപ്പോഴും   പറന്ന   കിളികൾ   തിരികെ   വരുന്നതും   നോക്കി   അവിടെത്തന്നെ   നിൽക്കുകയായിരുന്നു   മൈഥിലി. 

തുടരും….

4.7/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!