രാത്രിയുടെ ഏതാണ്ട് അന്ത്യയാമങ്ങളിൽ നെഞ്ചിലെന്തോ ഒരു ഭാരം പോലെ തോന്നിയപ്പോഴാണ് ഋഷി ഉറക്കമുണർന്നത്. അപ്പോഴവന്റെ നെഞ്ചിലേക്ക് തലവച്ച് ഗാഡനിദ്രയിലമർന്ന് കിടക്കുകയായിരുന്നു അഗസ്ത്യ. പതിവിന് വിപരീതമായി ആ മുഖത്തേക്കൊന്ന് നോക്കിയിട്ട് അവളെയൊന്നുകൂടി ചേർത്ത് പിടിക്കുകയാണവൻ ചെയ്തത്. എന്നിട്ട് വീണ്ടും ഉറക്കത്തിലേക്ക് പോകും മുന്നേയാണ് കിടക്കയിലെന്തോ നനവനുഭവപ്പെടുന്നത് പോലെയവന് തോന്നിയത്. അവൻ വേഗം കൈ നീട്ടി ബെഡ്ലാമ്പിന്റെ സ്വിച്ച് ഓൺ ചെയ്തു. സാധാരണ ചെറിയൊരു വെട്ടം കണ്ടാലുടൻ ഞെട്ടിയുണരാറുള്ള അവൾ പക്ഷേ മുറിയിലാകെ വെളിച്ചം പരന്നിട്ടും ഒന്ന് ചലിക്കുക പോലും ചെയ്യാതിരുന്നത് അവനെയൊന്ന് അമ്പരപ്പിക്കാതിരുന്നില്ല. അപ്പോഴാണ് തന്റെ നെഞ്ചിൽ വച്ചിരുന്ന അവളുടെ കൈക്കുള്ളിലൊരു തുണ്ടുപേപ്പറിരിക്കുന്നത് അവൻ ശ്രദ്ധിച്ചത്.
അവൻ പതിയെ അതവളുടെ കയ്യിൽ നിന്നുമടർത്തിയെടുത്തു.
” ഋഷിയേട്ടാ… നിങ്ങളിതുവരെ എന്റെയീ ശരീരത്തിന്റെ ചൂട് മാത്രമല്ലേ അറിഞ്ഞിട്ടുള്ളു. പക്ഷേ ഇന്ന് എന്റെയീ ശരീരത്തിലൂടെ തന്നെ മരണത്തിന്റെ തണുപ്പും നിങ്ങളറിയണം. “
ഒരുപാട് ചുളിവുകൾ വീണ ആ കടലാസുതുണ്ടിലെഴുതിയിരുന്ന ആ വരികൾ വായിച്ച് തീർന്നതും അവന്റെ നട്ടെല്ലിലൂടൊരു പെരുപ്പ് പാഞ്ഞുപോയി. ഒരാന്തലോടെ തങ്ങളെയിരുവരെയും മൂടിയിരുന്ന പുതപ്പവൻ വലിച്ചുമാറ്റി. അതിനടിയിലെ കാഴ്ചകണ്ടതും അവന് തല ചുറ്റുന്നത് പോലെ തോന്നി. കിടക്കയിൽ വിരിച്ചിരുന്ന വെള്ളവിരിയും അഗസ്ത്യയുടെ സാരിയുടെ ഒരു വശവുമെല്ലാം അവളിൽ നിന്നുമൊഴുകിപ്പരന്ന രക്തത്തിൽ കുതിർന്നിരുന്നു.
” സത്യാ…. സത്യാ…. കണ്ണുതുറക്കെഡീ…. “
ചലനമറ്റ ആ പെൺശരീരം വാരിയെടുത്ത് നെഞ്ചോട് ചേർത്ത് അപ്പോഴും ചോരയൊഴുകിക്കോണ്ടിരുന്ന കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് അവൻ വിളിച്ചു. എന്നിട്ടും അവളൊന്ന് ചലിക്കുക കൂടി ചെയ്യാതെ വന്നപ്പോൾ അവൻ ചാടിയെണീറ്റ് അവളെയുമെടുത്ത് താഴേക്കോടി. മുറ്റത്ത് കാർ സ്റ്റാർട്ടാവുന്ന ശബ്ദം കേട്ടാണ് വീട്ടിലുള്ള മറ്റുള്ളവരൊക്കെ ഉറക്കത്തിൽ നിന്നുമെണീറ്റ് വന്നത്. എങ്കിലും എങ്ങനെയൊക്കെയൊ വിവരമറിഞ്ഞ് അവർക്ക് പിന്നാലെ തന്നെ എല്ലാവരും ഹോസ്പിറ്റലിലേക്കെത്തിയിരുന്നു.
” ഇപ്പൊ പേടിക്കാനൊന്നുമില്ല കറക്റ്റ് സമയത്ത് കൊണ്ടുവന്നത് കൊണ്ട് ജീവനാപത്തൊന്നുമില്ല. പിന്നെ ശരീരത്തിൽ നിന്നുമൊരുപാട് ബ്ലഡ് നഷ്ടപ്പെട്ടിട്ടുണ്ട്. അത് കൊടുക്കുന്നുണ്ട്. ഒബ്സർവേഷൻ കഴിയുമ്പോഴേക്കും വീട്ടിലേക്ക് കൊണ്ടുപോകാം. “
കാഷ്വാലിറ്റിയിൽ നിന്നും പുറത്തുവന്ന ഡോക്ടർ മരിയ ഋഷിയോടായി പറഞ്ഞു. അവൻ വെറുതെയൊന്ന് തല കുലുക്കുക മാത്രം ചെയ്തു.
” പിന്നെ മിസ്റ്റർ ഋഷി…. സൂയിസൈഡ് അറ്റംപ്റ്റ് കുറ്റകരമാണെന്നറിയാമല്ലോ. പിന്നെ മഹേന്ദ്രൻ സാറിനോടുള്ള ബഹുമാനം കൊണ്ടാണ് ഞങ്ങളിപ്പോ ഇത് കേസാക്കാത്തത്. അതുകൊണ്ട് ഇനിയെങ്കിലും ഇങ്ങനെയൊന്നുമുണ്ടാകാതെ ശ്രദ്ധിക്കണം. “
മുന്നിലേക്കൽപ്പം നടന്നിട്ട് പിൻതിരിഞ്ഞുനിന്ന് ഋഷിയുടെ മുഖത്ത് നോക്കി ഡോക്ടർ മരിയ പറഞ്ഞു.
” സോറി ഡോക്ടർ… ഇനിയിങ്ങനെയൊന്നുമുണ്ടാവാതെ ഞങ്ങൾ നോക്കിക്കോളാം. “
പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞത് കേട്ട് ഒരു പുഞ്ചിരിയോടെ ഡോക്ടർ റൂമിലേക്ക് പോയി. അപ്പോഴേക്കും അഗസ്ത്യ ഇങ്ങനെയൊരു കടുംകൈ ചെയ്തതിന്റെ കാരണം ഋതികയിൽ നിന്നും എല്ലാവരുമറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ദേഷ്യവും വെറുപ്പും മാത്രം നിറഞ്ഞ തന്റെ ബന്ധുക്കളുടെയാരുടെയും മുഖത്ത് നോക്കാൻ കഴിയാതെ ഒരു സൈഡിലായി ഋഷി ഒറ്റയ്ക്ക് തല കുനിച്ച് നിന്നു.
” എന്നാപ്പിന്നെ നിങ്ങളെല്ലാം വീട്ടിലേക്ക് ചെല്ല്. ഇവിടെ ഞങ്ങളെല്ലാമുണ്ടല്ലോ പിന്നെ സത്യമോൾക്കിപ്പോ കുഴപ്പമൊന്നുമില്ലല്ലോ. പിന്നെന്തിനാ എല്ലാവരും കൂടി ഉറക്കമിളയ്ക്കുന്നത് . “
കുറേ സമയം കൂടി കഴിഞ്ഞപ്പോൾ കല്യാണത്തിരക്കുകളിൽ മുഴുകി ദിവസങ്ങളായി ഉറക്കമില്ലാതിരുന്നതിന്റെ ഫലമായി ക്ഷീണിച്ചവിടവിടായിട്ടിരുന്നവരോടായി മഹേന്ദ്രൻ പറഞ്ഞു.
” എങ്കിൽ ശരി …. “
പറഞ്ഞിട്ട് എല്ലാവരുമെണീറ്റു.
” മോനെ ഋഷി…. നിന്നോടൊന്നേയീ ചെറിയച്ഛന് പറയാനുള്ളു. സത്യയേപ്പോലൊരു പെണ്ണിനെക്കിട്ടിയത് നിന്റെ പുണ്യമാണ്. പക്ഷേ അത് നഷ്ടപ്പെടുത്തിയാൽ പിന്നെ ഏഴുജന്മം തപസ്സിരുന്നാൽ പോലും ഇങ്ങനൊരു പെണ്ണിനെ നിനക്ക് കിട്ടില്ല. അതെന്റെ മോനെപ്പോഴുമോർമ വേണം. “
പോകാനിറങ്ങുമ്പോൾ ഊർമിളയുടെ അനുജത്തി സുഭദ്രയുടെ ഭർത്താവായ അശോകൻ ഋഷിയുടെ ചുമലിലൊന്ന് തട്ടി പുച്ഛം നിറഞ്ഞൊരു ചിരിയോടെ പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. അപ്പോഴും ഒന്നും മിണ്ടാതെ തലകുനിച്ച് തന്നെ നിൽക്കുകയായിരുന്നു ഋഷി.
ഹോസ്പിറ്റലിൽ നിന്നും അഗസ്ത്യയുമായി അവർ നേരെ കാവുവിളയിലേക്കാണ് വന്നത്. വീട്ടിലെത്തിയ ഉടൻ മുറിയിലേക്ക് പോയ അഗസ്ത്യക്ക് പിന്നാലെ ഋഷിയും അങ്ങോട്ട് ചെല്ലുമ്പോൾ അവൾ ബെഡിൽ തുറന്നുവച്ച ബാഗിലേക്ക് തന്റെ സാധനങ്ങളൊക്കെ എടുത്തുവച്ചുകൊണ്ടിരിക്കുകയായിരുന്നു.
” നീയിതെവിടെപ്പോകുന്നു ??? “
സ്വരമൽപ്പം മയപ്പെടുത്തിക്കൊണ്ട് അവൻ ചോദിച്ചു.
പക്ഷേ അതവൾ കേട്ടതായിപ്പോലും ഭവിച്ചില്ല.
” നിന്നോടല്ലേഡീ ഞാൻ ചോദിച്ചത് എവിടെ പോകുന്നെന്ന് ??? “
തന്നെ മൈൻഡ് ചെയ്യാതെ ചെയ്തുകൊണ്ടിരുന്നത് തന്നെ തുടർന്നുകൊണ്ടിരുന്ന അവളുടെ കയ്യിൽ കടന്നുപിടിച്ച് തന്നോട് ചേർത്തുകൊണ്ട് അവൻ ചോദിച്ചു.
” ഇനിയെന്നെ തൊട്ടുപോകരുത്. പണത്തിന്റെ തിളക്കം കണ്ട് കണ്ണുമഞ്ഞളിച്ചപ്പോൾ ഞാൻ കയറി വന്ന ഈ വീട്ടിൽ നിന്നും ഈ നിമിഷം ഞാനിറങ്ങുവാ. പിന്നെ ഞാനുമെന്റെ കുടുംബവും നിങ്ങളോട് ചെയ്തെന്ന് നിങ്ങൾ പറയുന്ന മഹാഅപരാധത്തിനുള്ള ശിക്ഷ ഇത്രയും നാളുകൊണ്ട് തന്നെ ഞാനനുഭവിച്ച് കഴിഞ്ഞു. ഭ്രാന്തിളകുമ്പോൾ നോവിച്ചുരസിക്കാനും നിങ്ങളുടെ വികാരങ്ങൾ ശമിപ്പിക്കുവാനും എന്റെ ശരീരത്തിനൊപ്പം എന്നിലെ പെണ്ണിന്റെ ആത്മാഭിമാനവും ഞാൻ നിങ്ങളുടെ മുന്നിലടിയറവ് വച്ചിരിക്കുകയായിരുന്നു ഇതുവരെ. എന്നാലിനിയെനിക്ക് വയ്യ നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളൊരു പെൺകോലം മാത്രമായി ജീവിക്കാൻ. പിന്നെ ഭാര്യയുപേക്ഷിച്ച് പോയെന്ന് പറയുന്നത് കാവുവിളയിലെ ഋഷികേശ് വർമയ്ക്ക് മാനക്കേടായിരിക്കും. അതുകൊണ്ട് അന്നൊരിക്കൽ നിങ്ങളെന്നോട് പറഞ്ഞത് പോലെ തന്നെ പറഞ്ഞാൽ മതി നാട്ടുകാരോട്. ഒരു വാശിപ്പുറത്ത് കെട്ടിയവളെ ഋഷിക്ക് മടുത്തപ്പോ ഒഴിവാക്കിയെന്ന്. “
അഗ്നിയാളുന്ന മിഴികളോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന് പറഞ്ഞിട്ട് ബാഗുമെടുത്ത് ഉറച്ച ചുവടുകളോടെ അവൾ പുറത്തേക്ക് നടന്നു.
” നിക്കഡീയവിടെ….. “
അവൾ വാതിൽ കടക്കും മുൻപ് ആ കൈത്തണ്ടയിലമർത്തിപിടിച്ചുകൊണ്ട് ഋഷി മുരണ്ടു.
” കൈ വിട് …. എന്നെ തടയാൻ നോക്കണ്ട. തടഞ്ഞാൽ നിങ്ങളുടെ കൈക്കരുത്തിന് മുന്നിൽ ഞാൻ തോറ്റുപോയേക്കാം. പക്ഷേ നിങ്ങളെ തോൽപ്പിക്കാൻ വേണ്ടി എന്റെയീ ജീവിതം തന്നെ ഞാനവസാനിപ്പിക്കും. “
തന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്ന് ദൃഡസ്വരത്തിൽ പറയുന്ന ആ പെണ്ണിന്റെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഭാവം കണ്ട് അറിയാതെയവന്റെ കൈകളയഞ്ഞു. ആ കൈകൾ തട്ടിയെറിഞ്ഞ് അവൾ താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങിത്തുടങ്ങിയിട്ടും നിന്നിടത്ത് തന്നെ മരവിച്ച് നിൽക്കുകയായിരുന്നു ഋഷി.
അവൾ താഴെയെത്തുമ്പോൾ ഹാളിൽത്തന്നെ മറ്റുള്ളവരെല്ലാമുണ്ടായിരുന്നു.
” സത്യേടത്തിയിതെങ്ങോട്ടാ ബാഗൊക്കെയായിട്ട് ??? “
കിച്ചുവിനെയും മടിയിൽ വച്ചിരുന്ന് ഫോണിൽ തോണ്ടിക്കോണ്ടിരുന്ന ശബരിയവളെക്കണ്ട് ചോദിച്ചു. അപ്പോഴേക്കും മറ്റുള്ളവരുടെ കണ്ണുകളും അവളിൽ തന്നെ തറഞ്ഞുനിൽക്കുകയായിരുന്നു.
” ഞാൻ … ഞാൻ തിരികെയെന്റെ വീട്ടിലേക്ക് തന്നെ പോകുവാ… “
ആരുടെയും മുഖത്ത് നോക്കാതെയുള്ള അവളുടെ മറുപടി കേട്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഒരുനിമിഷത്തേക്കൊന്ന് സ്തംഭിച്ചുപോയി.
” മോളെ സത്യാ നീയെന്തൊക്കെയാ ഈ പറയുന്നത് ??? “
കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ ഊർമിള ചോദിച്ചു.
” വേണമമ്മേ…. ഇത്രയും നാളാരുമൊന്നുമറിയാതെ ഞാനീ വീട്ടിനുള്ളിൽ കഴിഞ്ഞു. പക്ഷേ ഇനി വയ്യമ്മേ…. അത്രത്തോളം ഞാനീ കുറച്ചുനാളുകൾ കൊണ്ട്തന്നെ അനുഭവിച്ചുകഴിഞ്ഞു. ഇതിൽ കൂടുതൽ സഹിക്കാനുള്ള കഴിവെനിക്കില്ലമ്മേ… അതുകൊണ്ട് പോകുവാ അച്ഛനുമമ്മയും ചേച്ചിയും ശബരിയുമെല്ലാം എന്നെയൊരുപാട് സ്നേഹിച്ചിരുന്നു എന്നറിയാം. പക്ഷേ ഇനിയുമിതൊന്നും താങ്ങാനുള്ള കഴിവെനിക്കില്ലാത്തത് കൊണ്ടാണ് എല്ലാരുമെന്നോട് ക്ഷമിക്കണം. “
” മോളെ സത്യാ…. “
അവൾ പറഞ്ഞതെല്ലാം കേട്ടുനിന്നിട്ട് ഒരു വിലാപം പോലെ ഊർമിള വിളിച്ചു. അവളോടിച്ചെന്നവരെ കെട്ടിപ്പിടിച്ച് പൊട്ടികരഞ്ഞു.
” ഏട്ടത്തീ… ഏട്ടത്തിയിവിടുന്ന് പോകരുത് പ്ലീസ്… “
ശബരിയുടെ സ്വരത്തിലും വേദന നിഴലിച്ചിരുന്നു.
” ഋതു മോളെ… നീയെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത് ??? എന്റെ കുഞ്ഞിനോട് പോകല്ലേന്ന് പറ മോളെ… “
അപ്പോഴുമെല്ലാം കേട്ട് നിശ്ചലയായി നിന്നിരുന്ന ഋതുവിനെ നോക്കി ഊർമിള പറഞ്ഞു.
” അവള് പൊക്കോട്ടെയമ്മേ… “
” ഋതൂ…. “
” അതേയമ്മേ ഇനിയവളിവിടെ നിന്നാലും ഇതൊക്കെത്തന്നെയാവും നടക്കാൻ പോകുന്നത്. ഇത്തവണ ജീവൻ തിരിച്ചുകിട്ടിയെന്ന് കരുതി ഇനിയൊരിക്കൽ കൂടിയൊരു തീക്കളിക്ക് നിക്കണോ അമ്മേ ?? പലതും നേരിൽ കണ്ടിട്ടുണ്ടെങ്കിലും പതിയെ എല്ലാം ശരിയാകുമെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷേ ഇത്രയൊക്കെയായ സ്ഥിതിക്ക് ഇനിയൊന്നും നേരെയാവാൻ പോണില്ല. അതുകൊണ്ട് സത്യ പൊക്കോട്ടമ്മേ…. “
ഊർമിളയോടായി പറയുമ്പോൾ ഋതികയുടെ സ്വരമിടറിയിരുന്നു.
” സത്യാന്റി പോട്ടേ മോളെ…. “
ശബരിയുടെ കയ്യിലിരുന്ന കിച്ചുമോളുടെ കവിളിൽ അമർത്തി ഉമ്മവച്ചുകൊണ്ട് പറയുമ്പോൾ അഗസ്ത്യയുടെ മിഴികൾ വീണ്ടും പെയ്തുതുടങ്ങിയിരുന്നു.
” തത്യാന്റീ…. “
മിഴികളമർത്തി തുടച്ച് അവൾ പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ശബരിയുടെ കയ്യിലിരുന്ന് അവളുടെ നേർക്ക് കൈകൾ നീട്ടി കിച്ചു ഉച്ചത്തിൽ കരയാൻ തുടങ്ങി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഹൃദയം നീറിപ്പുകഞ്ഞെങ്കിലും അവൾ മുന്നോട്ട് തന്നെ നടന്നു.
” സത്യേട്ടത്തീ…. ഒറ്റയ്ക്ക് പോകണ്ട ഞാൻ കൊണ്ടുവിടാം… “
കുഞ്ഞിനെ ഋതുവിന്റെ കൈകളിലേക്ക് കൊടുത്തിട്ട് അവൾക്ക് പിന്നാലെ ഓടി മുറ്റത്തേക്ക് വന്നുകൊണ്ട് ശബരി പറഞ്ഞത് കേട്ട് കണ്ണീരിനിടയിലും അവളൊന്ന് പുഞ്ചിരിച്ചു.
” വേണ്ട ശബരീ…. ഞാൻ പൊക്കോളാം ഇനി ഒറ്റയ്ക്ക് നടന്ന് ശീലിക്കണ്ടേ “
അവന്റെ കവിളിൽ വാത്സല്യത്തോടൊന്ന് തലോടിക്കൊണ്ട് പറഞ്ഞിട്ട് അവൾ മുന്നോട്ട് നടന്നു. കണ്ണുനീർ പാടകെട്ടിയ മിഴികളോടെ ഒരനാഥയേപ്പോലെ ആ പെണ്ണ് നടന്നുനീങ്ങുന്നത് നോക്കി നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു നൊമ്പരം ഹൃദയത്തേ കുത്തിപ്പറിക്കുന്നതവനറിഞ്ഞു.
തുടരും….
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Agasthya written by Sreekutty
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission