” ഋഷി പിജിക്ക് പഠിക്കുന്ന സമയത്തായിരുന്നു അവന്റെ ക്ലാസ്സിലെതന്നെ നിമ എന്നൊരു പെൺകുട്ടിയുമായി അവൻ പ്രണയത്തിലാകുന്നത്. ജനിച്ചപ്പോൾ മുതൽ പണത്തിന്റെ മുകളിൽ കിടന്നുവളർന്ന അവന്റെ ജീവിതം പൊതുവെ സർവാഡംബരപൂർണമായിരുന്നു. പണവും സൗന്ദര്യവും മാത്രമല്ല അവന്റെ പ്രായത്തിലുള്ള മറ്റാൺകുട്ടികളെയൊന്നും പോലെയുള്ള പറയത്തക്ക ദുശീലങ്ങളൊന്നും തന്നെ അവനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കോളേജിലെ പെൺകുട്ടികളിൽ പലരും നിശബ്ദമായി അവനെ ആഗ്രഹിച്ചിരുന്നു. പക്ഷേ അവൻ പ്രണയിച്ചതും കൂടെക്കൂട്ടണമെന്നാഗ്രഹിച്ചതും അവളെ മാത്രമായിരുന്നു നിമയെ. അങ്ങനെ പിജി കംപ്ലീറ്റ് ചെയ്ത ഉടൻ തന്നെ അവൻ ഹയർ സ്റ്റഡീസിനായി കാനഡയിലേക്ക് പോയി. അപ്പോഴും ഫോണിലൂടെ അവർ പരസ്പരം പ്രണയിച്ചുകൊണ്ടിരുന്നു. പഠനമൊക്കെ പൂർത്തിയാക്കി ഋഷി നാട്ടിൽ തിരിച്ചെത്തുമ്പോഴേക്കും അച്ഛന്റെ ബിസ്നെസ്സൊക്കെ തകർച്ചയുടെ വക്കിലെത്തിയിരുന്നു. പിന്നീട് പിടിച്ചുനിൽക്കാനുള്ള അവസാന കച്ചിത്തുരുമ്പെന്ന നിലയ്ക്ക് അച്ഛൻ തുടങ്ങിയ പുതിയ ബിസ്നെസ്സും പരാജയപ്പെട്ടു. പിന്നാലെ വന്നത് വൻസാമ്പത്തിക നഷ്ടമായിരുന്നു. RR ഗ്രൂപ്സ് ഓഫ് കമ്പനീസിന്റെ മുഴുവൻ സ്ഥാപനങ്ങളും അന്ന് ഞങ്ങൾ താമസിച്ചിരുന്ന വീട് വരെയും കടം വീട്ടാൻവേണ്ടി വിൽക്കേണ്ടി വന്നു. RR ഗ്രൂപ്പിന്റെ തകർച്ച മാധ്യമങ്ങൾ ആഘോഷമാക്കി. അതോടെ നിമ പതിയെപ്പതിയെ ഋഷിയിൽ നിന്നുമകന്ന് തുടങ്ങി. ഫോൺ വിളികൾ കുറഞ്ഞുവന്നു. ഋഷിയങ്ങോട്ട് വിളിച്ചാൽ തന്നെ തിരക്കുകൾ പറഞ്ഞ് ഒഴിവാക്കിക്കോണ്ടിരുന്നു. അങ്ങനെ കുറേ നാളിന് ശേഷമറിഞ്ഞു ബിസ്നെസ്സിൽ അച്ഛന്റെ എക്കാലത്തെയും ഏറ്റവും വലിയ എതിരാളിയായിരുന്ന ബ്രഹ്‌മാനന്ദിന്റെ മകനുമായി അവളുടെ എൻഗേജ്മെന്റ് കഴിഞ്ഞുവെന്ന്. അതോടെ ഋഷി വല്ലാതെ തളർന്നുപോയി. പിന്നീടവനെല്ലാത്തിനെയും ഒരുതരം വാശിയോടെയാണ് നോക്കിക്കണ്ടത്. ഒരിക്കൽ നഷ്ടപ്പെട്ടതെല്ലാം അവനൊറ്റയ്ക്ക് തിരിച്ചുപിടിച്ചു. പഴയതിലും പ്രൗഡിയിൽ തന്നെ RR ഗ്രൂപ്സ് ഓഫ് കമ്പനീസ് വീണ്ടും ലോഞ്ച് ചെയ്തു. ബിസ്നെസ്സ് ലോകത്ത് വളരെക്കുറച്ച് സമയം കൊണ്ട് തന്നെ ഒരുപാട് വർഷങ്ങൾക്കൊണ്ട് അച്ഛൻ നേടിയെടുത്തതിനും മുകളിലൊരു സ്ഥാനം അവൻ നേടിയെടുത്തു. പക്ഷേ എന്തൊക്കെയുണ്ടായിട്ടും നിമയവന്റെ മനസ്സിലേൽപ്പിച്ച മുറിവിന്റെ ആഴം മാത്രം ഒരിക്കലും കുറഞ്ഞില്ല. അമ്മയെയും ചേച്ചിയേയുമൊഴിച്ച് ബാക്കിയുള്ള സ്ത്രീകളെ മുഴുവൻ അവനൊരേ കണ്ണോടെ കാണാൻ തുടങ്ങി. പണത്തിന് മുന്നിൽ ബന്ധങ്ങൾക്ക് മൂല്യം കൊടുക്കാത്ത നിമയെയായിരുന്നു അവനോരോ പെണ്ണിലും കണ്ടത്. അവസാനം അമ്മയുടെ നിർബന്ധം കൊണ്ടാണ് നിന്റെ ചേച്ചി മൈഥിലിയെ വിവാഹം കഴിക്കാൻ അവൻ തയ്യാറായത്. എന്നിട്ടവസാനനിമിഷം അവൾ മറ്റൊരാൾക്കൊപ്പം പോയപ്പോ അവളുടെ പ്രണയമറിഞ്ഞിട്ടും പണത്തിന് വേണ്ടി നിങ്ങളവളെ നിർബന്ധിച്ച് വിവാഹത്തിനൊരുക്കിയതാണെന്ന് തന്നെ അവനുറച്ച് വിശ്വസിച്ചു. അവസാനം അച്ഛന്റെ അഭിമാനം രക്ഷിക്കാൻ വേണ്ടി നീയവന്റെ താലി കഴുത്തിൽ സ്വീകരിച്ചപ്പോൾ അവന്റെ മനസ്സിൽ നീയും പണത്തിനുവേണ്ടി അവന്റെ ഭാര്യയായെന്ന ചിന്തയാണ് വന്നത്. അതിന്റെ പ്രതിഫലനമായിരുന്നു പിന്നീടിങ്ങോട്ട് നിന്നോടുള്ള അവന്റെ പെരുമാറ്റമെല്ലാം. കാരണം ഇന്നും അന്നത്തെയാമുറിവുകൾ ഉണങ്ങാതെ അവന്റെ ഉള്ളിൽ തന്നെയുണ്ട്. പക്ഷേ സത്യാ എനിക്കുറപ്പുണ്ട് ഋഷിയുടെ ഉള്ളിലെ ആ മുറിവുകളെല്ലാമുണക്കി അവനെ പഴയ ഋഷിയായി തിരികെക്കൊണ്ടുവരാൻ നിനക്ക് കഴിയുമെന്ന്. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു ഇനി തീരുമാനം നിന്റേതാണ് . ഇത്രയും കേട്ടിട്ടും ഋഷിയോട് നിനക്കിപ്പോഴും വെറുപ്പ് മാത്രമാണ് തോന്നുന്നതെങ്കിൽ നിന്നെ ഞാനിനി നിര്ബന്ധിക്കില്ല സത്യാ…. “
പറഞ്ഞുനിർത്തിയിട്ട് ഋതിക പതിയെ അവളുടെ അരികിൽ നിന്നുമെണീറ്റു.
” എന്നാപ്പിന്നെ ഞങ്ങളിറങ്ങട്ടേ സത്യാ… ഞാൻ പറഞ്ഞത് നീ കാര്യമാക്കണ്ട നിനക്കെന്താണോ ശരിയെന്ന് തോന്നുന്നത് അങ്ങനെ ചെയ്താൽ മതി. “
കിച്ചുവിനെ എടുത്തൊക്കത്ത് വച്ചുകൊണ്ട് അഗസ്ത്യയോടായി പറഞ്ഞിട്ട് അവൾ പുറത്തേക്ക് പോകാനായി തിരിഞ്ഞു. പെട്ടന്നായിരുന്നു അഗസ്ത്യയവളുടെ കയ്യിൽ കടന്നുപിടിച്ചത്. ചോദ്യഭാവത്തിൽ ഋതിക തിരിഞ്ഞവളെ നോക്കി.
” ഞാനും വരുന്നു ചേച്ചി…. “
ഋതികയുടെ കണ്ണിലേക്ക് നോക്കി പെട്ടന്നായിരുന്നു അവളുടെ മറുപടി. അതുകേട്ട് സന്തോഷം കൊണ്ട് അവളുടെ മുഖം തിളങ്ങി. അപ്പോഴാണ് എല്ലാം കേട്ട് പുറത്ത് നിന്നിരുന്ന വേണുഗോപാൽ അകത്തേക്ക് വന്നത്.
” അച്ഛാ…. എനിക്ക് പോണം. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ തന്നെ ഋഷിയേട്ടന്റെ ജീവിതത്തിലേക്ക് ഒരിക്കൽക്കൂടിയെനിക്ക് പോണം. തടയരുത്…. ശപിക്കുകയുമരുത് നിറഞ്ഞ മനസ്സോടെ തന്നെ യാത്രയാക്കണം…. “
അരികിലേക്ക് വന്ന വേണുവിന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അപേക്ഷസ്വരത്തിൽ അവൾ പറഞ്ഞു. മറുപടിയായി അദ്ദേഹമൊന്ന് പുഞ്ചിരിച്ചു.
” എന്തൊക്കെയാ എന്റെ കുഞ്ഞിയീ പറയുന്നത് ??? നിന്നെ ശപിക്കാൻ കഴിയുമോ ഞങ്ങൾക്ക് ??? എന്റെ മോളൊരിക്കലും എടുത്തുചാടിയൊരു തീരുമാനമെടുക്കില്ലെന്ന് ഈ അച്ഛനുറപ്പാണ്. മോൾടെ തീരുമാനം തന്നെയാണ് ശരി അതിനൊപ്പം തന്നെ ഈ അച്ഛനുമുണ്ട്. എനിക്കുറപ്പാണ് നിന്റെ ജീവിതം നീ തന്നെ തിരികെപ്പിടിക്കുമെന്ന്. ഒറ്റയടിക്കങ്ങ് തോറ്റുകൊടുത്താൽ പിന്നെ നീയെങ്ങനാ വേണുഗോപാലിന്റെ മകൾ അഗസ്ത്യയാകുന്നത് ??? “
അവളുടെ മുഖം കൈക്കുമ്പിളിലെടുത്ത് വാത്സല്യത്തോടെ മൂർദാവിൽ തലോടിക്കൊണ്ട് അയാൾ പറഞ്ഞു. ആ വാക്കുകളുടെ ഊർജത്തിൽ അഗസ്ത്യയും പുഞ്ചിരിച്ചു. പക്ഷേ അപ്പോഴും മനസ്സുകൊണ്ട് ഒരമ്മമാത്രമായി ചിന്തിച്ചിരുന്ന ഇന്ദിരയുടെ ഉള്ള് പിടയുകയായിരുന്നു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് വാങ്ങി അവളുടെ സാധനങ്ങളൊക്കെ ഋതികയുടെ കാറിന്റെ ഡിക്കിയിലെടുത്തുവച്ചത് വേണു തന്നെയായിരുന്നു.
” പോട്ടേന്റെ ഇന്ദൂട്ടീ…. “
ഇന്ദിരയെ കെട്ടിപ്പിടിച്ച് ചിരിയോടെ അവൾ പറഞ്ഞു.
” പോയിട്ട് വരാമെന്ന് പറ മോളേ… “
വിതുമ്പുന്നതിനിടയിലും ശാസനയോടെ അവർ പറഞ്ഞു.
” അച്ഛാ…. “
അമ്മയെ വിട്ട് അച്ഛനടുത്തേക്ക് ചെല്ലുമ്പോൾ അവൾ വിളിച്ചു. അയാൾ ഇരുകൈകളും നീട്ടി മകളെ നെഞ്ചിലേക്കടുക്കിപ്പിടിച്ചു.
” പഴയതുപോലെ തോറ്റോടിപ്പോരരുത് തിരികെ വരുമ്പോൾ ഒരു ചരടിൽക്കെട്ടി ആ തെമ്മാടിയേയും കൊണ്ടേ വരാവൂ. പിന്നെ എപ്പോഴെങ്കിലും തോറ്റുപോയെന്ന് തോന്നിയാൽ , ഒന്ന് വീണുപൊട്ടിക്കരയാൻ എന്നുമെന്റെ മോൾക്ക് ഈ അച്ഛന്റെ നെഞ്ചകമുണ്ട്. ഇവിടേക്കോടി പോന്നേക്കണം അല്ലാതെ പഴയതുപോലുള്ള ബുദ്ധിമോശമൊന്നും കാണിച്ചേക്കരുത്. “
നിറഞ്ഞ കണ്ണുകൾ തുളുമ്പാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഇടറിയ സ്വരത്തിൽ അയാൾ പറഞ്ഞുനിർത്തി. ആ വാക്കുകൾ അവളുടെ നെഞ്ചിനെയും പൊള്ളിച്ചു.
” സോറി അച്ഛാ ഇനിയങ്ങനെയൊന്നുമുണ്ടാവില്ല. അന്നത്തെ അവസ്ഥയിൽ ഏതവസ്തയിലും എനിക്ക് സ്ഥാനമുള്ള എന്റച്ഛന്റെ മടിത്തട്ടിനേപ്പോലും ഞാൻ മറന്നുപോയി. “
അയാളുടെ നെഞ്ചോടൊന്നുകൂടി ഒട്ടിക്കൊണ്ട് അവൾ പറഞ്ഞു. അവളുടെ നെറുകയിൽ ആർദ്രമായ ഒരു ചുംബനമായിരുന്നു അതിനുള്ള മറുപടി. വീണ്ടുമൊരിക്കൽക്കൂടി യാത്ര പറഞ്ഞ് അവൾ ഉള്ളിലേക്ക് കയറിയതും കാർ മുന്നോട്ട് നീങ്ങി. “കാവുവിളയിൽ ” എന്ന് സ്വർണലിപികളിൽ കൊത്തിവച്ച ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറുമ്പോൾ അന്നാദ്യമായി ഋഷിയുടെ വധുവായി അവിടേക്ക് വന്ന ദിവസമായിരുന്നു അഗസ്ത്യയുടെ ഉള്ള് നിറയെ.
” ദാ ഞാൻ പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട്. കൊണ്ടുവരാമെന്ന് പറഞ്ഞ ആളിനെ കൊണ്ടുവന്നിട്ടുണ്ട്. “
ഹാളിലേക്ക് കയറുമ്പോൾ അവിടെയിരുന്നിരുന്ന മഹേന്ദ്രന്റെയും ഊർമിളയുടെയും മുന്നിലേക്ക് അഗസ്ത്യയെ പിടിച്ചുനിർത്തിക്കൊണ്ട് ഋതിക പറഞ്ഞു.
” മോളെ…. “
അവളെ കണ്ടതും ഊർമിളയോടി വന്നവളെ കെട്ടിപ്പുണർന്നു.
” അമ്മയ്ക്കറിയാമായിരുന്നു എന്റെ മോൾക്ക് വരാതിരിക്കാൻ കഴിയില്ലെന്ന് “
വിതുമ്പലോടെ അവർ പറഞ്ഞു.
” അച്ഛനുമമ്മയും എന്നോട് ക്ഷമിക്കണം…. “
” ക്ഷമയൊന്നും പറയണ്ട മോളെ ഞങ്ങൾക്ക് നിന്നോടൊരു പിണക്കവുമില്ല. നീയീ വീട് വിട്ട് പോയതിലുള്ള സങ്കടമേയുണ്ടായിരുന്നുള്ളു. മോളേ….. അന്ന് നിന്റെ തീരുമാനത്തിന് മുന്നിൽ ഞാനൊരക്ഷരം പോലും പറഞ്ഞിരുന്നില്ല. പക്ഷേ ഇന്ന് പറയുകയാണ് അച്ഛനറിയാം ആരെയുമൊന്നുമറിയിക്കാതെ എല്ലാം ഒറ്റയ്ക്ക് സഹിച്ച് അവസാനം മടുത്താണ് നീയീ വീട് വിട്ടുപോയത്. പക്ഷേ മോളെ നീയൊന്ന് മനസ്സിലാക്കണം ഇത് ഋഷിയുടെ മാത്രം വീടും വീട്ടുകാരുമല്ല നിന്റെയും കൂടിയാണ്. വേണുവിനോടും ഇന്ദിരയോടും പറയുന്നത് പോലെ തന്നെ നിനക്ക് ഞങ്ങളോടും എന്തും പറയാം. അത് ചെയ്യാതെ എല്ലാം ഒറ്റയ്ക്ക് സഹിച്ചത് മാത്രമാണ് നിന്റെ തെറ്റ്. ഇനിയെങ്കിലും മോള് മനസ്സിലാക്കണം നീയീ വീടിന്റെ മരുമകളല്ല മകളാണ്. “
വാത്സല്യത്തോടെ പറഞ്ഞുകൊണ്ട് മഹേന്ദ്രനവളെ ചേർത്തുപിടിച്ചു.
” മതി മതി ഉപദേശമൊക്കെ എന്റെ മോള് വല്ലതുമൊന്ന് കഴിക്കട്ടെ…. “
” മ്മ്ഹ്…. മോള് ചെന്ന് വല്ലതും കഴിക്ക്. മരുന്ന് കഴിക്കേണ്ടതല്ലേ…. “
ഊർമിള പറഞ്ഞത് കേട്ട് അവളുടെ മുടിയിൽ തലോടിക്കൊണ്ട് മഹേന്ദ്രനും പറഞ്ഞു. നിറഞ്ഞ മനസ്സോടെ ഊർമിളയ്ക്ക് പിന്നാലെ അവളകത്തേക്ക് നടന്നു. പനിയായതുകൊണ്ട് ഊർമിള പ്രത്യേകം ചുട്ടരച്ച ചമ്മന്തിയും അച്ചാറും കൂട്ടി കഞ്ഞിയാണ് അവൾക്ക് കൊടുത്തത്. കഞ്ഞികുടിയൊക്കെ കഴിഞ്ഞ് അവൾ മുറിയിലെത്തുമ്പോൾ അവിടമാകെ അലങ്കോലമായിക്കിടന്നിരുന്നു. വസ്ത്രങ്ങളും ഷൂസുമെല്ലാം വലിച്ചുവാരിയിട്ടിരുന്നു. കട്ടിലിലും താഴെയുമെല്ലാം മദ്യക്കുപ്പികൾ നിരന്നിരുന്നു. അവൾ വേഗം ഉച്ചക്കത്തേക്കുള്ള മരുന്ന് കഴിച്ചിട്ട് മുറിയൊക്കെ വൃത്തിയാക്കാൻ തുടങ്ങി.
” എന്താ സത്യാ നീയീ കാണിക്കുന്നത് പനിയൽപ്പം കുറഞ്ഞിട്ടേയുള്ളൂ അപ്പോഴേക്കും തുടങ്ങിയോ ??? “
ചോദിച്ചുകൊണ്ട് ഋതിക അകത്തേക്ക് വന്നു.
” സാരമില്ല ചേച്ചി മുറിയാകെ വൃത്തികേടായി കിടന്നു അതാ ഞാൻ… “
” അതിനീ മുറിയൊന്ന് തൂക്കാനെങ്കിലും അകത്തോട്ടൊന്ന് കയറ്റണ്ടേ നിന്റെ തോന്നിവാസിക്കെട്ടിയോൻ “
ചിരിയോടെ പറഞ്ഞുകൊണ്ട് അവളും വന്ന് അഗസ്ത്യക്കൊപ്പം കൂടി. മുറി മുഴുവനായും വൃത്തിയാക്കിത്തീരുമ്പോഴേക്കും രണ്ടാളും നന്നായി ക്ഷീണിച്ചിരുന്നു.
വിയർപ്പ് തലയിൽ തങ്ങിയാൽ പനികൂടുമെന്ന് ഊർമിള പറഞ്ഞതുകൊണ്ട് ഋതു താഴേക്ക് പോയതും അഗസ്ത്യ കുളിക്കാനായി ബാത്‌റൂമിലേക്ക് കയറി. അപ്പോഴാണ് ഋഷി ഓഫീസിൽ നിന്നും തിരികെ വന്നത്. വന്നുകയറിയപാടെ മുറിയാകെയൊന്ന് കണ്ണോടിച്ച അവനാകെ അമ്പരന്നുപോയി. രാവിലെ പോകുമ്പോഴുണ്ടായിരുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു അപ്പോഴാ മുറി. എല്ലാസാധനങ്ങളും കൃത്യമായി അടുക്കിയൊതുക്കി വച്ചിരുന്നു. മുഷിഞ്ഞ തുണികളും കിടക്കവിരിയുമെല്ലാം മാറ്റി അഴുക്ക് പിടിച്ചുകിടന്നിരുന്ന തറവരെയും വൃത്തിയാക്കിയിരുന്നു. അപ്പോഴാണ് ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്.
” അമ്മേ… അമ്മേ…. “
അവൻ ദേഷ്യത്തോടെ സ്റ്റെയറിന് മുകളിൽ ചെന്നുനിന്ന് ഉച്ചത്തിൽ വിളിച്ചു.
” എന്താടാ വിളിച്ചുകൂവുന്നത് ??? “
സാവധാനം ഹാളിലേക്ക് വന്നുകൊണ്ട് ഊർമിള ചോദിച്ചു.
” ആരാ എന്റെ റൂമിൽ ??? “
” നിന്റെ . റൂമിലെകാര്യം നിനക്കല്ലേ അറിയൂ അതെന്നോടെന്തിനാ ചോദിക്കുന്നത് ??? “
അവന്റെ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് അവർ അടുക്കളയിലേക്ക് തന്നെ തിരികെപ്പോയി. ഋഷി വീണ്ടും തന്റെ മുറിയിലേക്കും.
” ആരാ അകത്ത്… ??”
അകത്തേക്ക് വന്ന് ബാത്‌റൂമിന്റെ ഡോറിൽ ശക്തമായിടിച്ചുകൊണ്ട് അവൻ ചോദിച്ചു.
” നിങ്ങളെന്താ വാതില് പൊളിക്കാൻ നോക്കുവാണോ ??? “
ചോദിച്ചുകൊണ്ട് പുറത്തേക്കിറങ്ങിയ അഗസ്ത്യയേക്കണ്ട് അവൻ വായ പൊളിച്ചുനിന്നു.
” വായടയ്ക്ക് മനുഷ്യാ ഈച്ച കേറാതെ “
ഒരു ചെറുചിരിയോടെ അവൾ പറഞ്ഞത് കേട്ട് അവൻ കണ്ണുകൾ തിരുമ്മി ഒന്നുകൂടി നോക്കി.
” നീ… നീയെന്താ ഇവിടെ ??? “
” ഇവിടല്ലാതെ പിന്നെ അപ്പുറത്തെ വീട്ടിൽ പോയിരിക്കാൻ പറ്റുമോ ??? അങ്ങോട്ട് മാറ് മനുഷ്യാ…. “
അവന്റെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് വാതിലിൽ തന്നെ നിന്നിരുന്ന അവനെ തള്ളിമാറ്റിക്കൊണ്ട് അവൾ അലമാരയുടെ നേർക്ക് നടന്നു.
” നിക്കെടീ അവിടെ… “
പെട്ടന്ന് ബോധം വന്നത് പോലെ ഋഷിയോടിച്ചെന്നവളുടെ കയ്യിൽ കയറിപ്പിടിച്ചു.
” എന്താ ??? “
പിന്നിലഴിച്ചിട്ടിരുന്ന നനഞ്ഞ മുടി വീശിയവന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ചൊരു കുസൃതിച്ചിരിയോടെ അവൾ ചോദിച്ചു.
” എന്താ നിന്റെ ഉദ്ദേശം ??? “
കുറുമ്പ് നിറഞ്ഞ അവളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.
” എന്തുദ്ദേശം…. നിങ്ങളുടെ പ്രിയപത്നിയായ അഗസ്ത്യ ഋഷികേശ് വർമയെന്ന ഞാൻ എന്റെ പ്രാളനാഥന്റെ അരികിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ഇതിലിപ്പോ ഇത്ര ചോദിക്കാനെന്തിരിക്കുന്നു ??? “
അവന്റെ മൂക്കിൻ തുമ്പിലൊന്ന് നുള്ളിക്കൊണ്ട് അവൾ പറയുന്നത് കേട്ട് അമ്പരന്ന് നിൽക്കുകയായിരുന്നു അപ്പോൾ ഋഷി. അവൾ വീണ്ടും അലമാരയ്ക്ക് നേരേ തിരിഞ്ഞു.
” എന്താടീ നിന്റെ തന്ത പറഞ്ഞോ വീണ്ടും വന്നെന്നോടൊട്ടാൻ ??? “
പെട്ടന്നൊരു പുച്ഛച്ചിരിയോടെ അവൻ ചോദിച്ചു.
” ദേ…. മേലിൽ എന്റച്ഛനെ പറയരുത് “
” പറഞ്ഞാൽ നീയെന്ത് ചെയ്യും ??? “
വിരൽ ചൂണ്ടി ചുണ്ട് വിറപ്പിച്ചുകൊണ്ട് അവൾ പറഞ്ഞത് കേട്ട് അവൻ ചോദിച്ചു.
” എന്ത് വേണമെങ്കിലും ചെയ്യും… “
” എങ്കിൽ ചെയ്യെടീ കാണട്ടെ “
ഷർട്ടിന്റെ കൈ മുട്ടോളം ചുരുട്ടിക്കേറ്റി മീശ പിരിച്ചവളോടടുത്തുകൊണ്ട് അവൻ പറഞ്ഞു. ഞൊടിയിടയിൽ അഗസ്ത്യ കയ്യെത്തിച്ച് ടേബിളിലിരുന്ന ജഗ്ഗെടുത്ത് അതിലുണ്ടായിരുന്ന വെള്ളമവന്റെ മുഖത്തേക്ക് ഒഴിച്ചു. എന്നിട്ട് അവനെ തള്ളിമാറ്റി പുറത്തേക്കോടി.
” ഡീ….. “
” കിടന്നലറാതെ പോയി ബാക്കികൂടി കുളിക്ക് മനുഷ്യാ …. “
പൊട്ടിച്ചിരിച്ചുകൊണ്ട് താഴേക്കോടുന്നതിനിടയിൽ അവൾ വിളിച്ചുപറഞ്ഞു.
” എന്താ മോളേ ??? “
ചിരിയോടെ താഴേക്ക് വന്ന അവളെക്കണ്ട് ഊർമിള ചോദിച്ചു.
” അതമ്മേടെ മോനൊരു നിർബന്ധം ഞാൻ തന്നെ കുളിപ്പിക്കണമെന്ന് . എന്റെ ഋഷിയേട്ടന്റെ ഒരാഗ്രഹമല്ലേ ഞാനങ്ങ് സാധിച്ചുകൊടുത്തു. ജഗ്ഗിലിരുന്ന വെള്ളത്തിലങ്ങ് കുളിപ്പിച്ചു. “
വളകിലുങ്ങും പോലെ ചിരിച്ചുകൊണ്ടുള്ള അവളുടെ പറച്ചിൽ കേട്ട് ഊർമിളയും ചിരിച്ചുപോയി.
” അതുശരി അപ്പൊ ഇത്രയും കുരുത്തക്കേടൊക്കെ കയ്യിലുണ്ടായിട്ടാണോ ഒരുമാതിരി തൊട്ടാവാടി പെൺകുട്ടികളെപ്പോലെ ഇവിടുന്നിറങ്ങിപ്പോയത് ??? “
ചിരിച്ചുകൊണ്ടുള്ള അവരുടെ ചോദ്യത്തിന് മറുപടിയായി ഒരു കണ്ണിറുക്കിയവളൊന്ന് പുഞ്ചിരിച്ചു. പിന്നീട് അത്താഴമൊക്കെ കഴിഞ്ഞാണ് അഗസ്ത്യ മുറിയിലേക്ക് ചെന്നത് അപ്പോഴേക്കും ഋഷിയൊരു ബോട്ടിൽ ബിയറെടുത്ത് പൊട്ടിച്ചിരുന്നു.
” അതേ… ഇവിടിരുന്ന് കള്ളുകുടിക്കാൻ പറ്റില്ല..”
” അതിന് നിന്റെ സമ്മതമാർക്ക് വേണം ഒഞ്ഞുപോടീ… “
അവളുടെ നേരെ നോക്കി പുച്ഛത്തോടെ ചുണ്ട് വക്രിച്ചവൻ പറഞ്ഞു.
” ഇവിടിരുന്നു കുടിക്കരുതെന്നല്ലേ പറഞ്ഞത്… “
കൊലുസ്സിട്ട കാലുകൊണ്ട് തറയിലമർത്തി ചവിട്ടിക്കൊണ്ട് അവൾ വീണ്ടും പറഞ്ഞു.
” കുടിച്ചാൽ നീയെന്നെ ഇറക്കി വിടുമോ ??? “
” ആഹ് വേണ്ടി വന്നാൽ അതും ചെയ്യും “
” വെറുതെ നടക്കാത്ത സ്വപ്നം കാണാതെ പോയി ഡോറടച്ചിട്ട് വാടീ ചേട്ടനിന്ന് നല്ല മൂഡാ…. “
മുന്നിൽ നിൽക്കുന്നവളെ കണ്ണുകൾ കൊണ്ടൊന്നുഴിഞ്ഞ് ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞു.
” നിങ്ങടെ മൂഡിന്ന് ഞാൻ കുളമാക്കിത്തരാം “
പറഞ്ഞുകൊണ്ടവൾ വേഗം വാതിലിന് നേർക്ക് നടന്നു.
” എന്തൊരനുസരണ… “
അവളുടെ പോക്ക് നോക്കിയിരുന്നവൻ ചിരിയോടെ പറഞ്ഞു. പക്ഷേ കുറച്ചുസമയം കഴിഞ്ഞും വാതിലടയ്ക്കുന്ന ശബ്ദം കേൾക്കാതെ അവൻ തിരിഞ്ഞു നോക്കുമ്പോൾ അവളെയവിടെയൊന്നും കാണാനുണ്ടായിരുന്നില്ല. വാതിലും മലർക്കെത്തുറന്ന് കിടന്നിരുന്നു.
” ഏഹ് ഇവളാവഴി പോയൊ ??? “
പിറുപിറുത്തുകൊണ്ട് അവൻ വാതിലിനരികിലേക്ക് ചെന്നുനിന്ന് പുറത്തേക്ക് നോക്കി. പെട്ടനായിരുന്നു അത് സംഭവിച്ചത് വാതിലിന് പിന്നിൽ മറഞ്ഞുനിന്നിരുന്ന അഗസ്ത്യയവനെ പുറത്തേക്ക് തള്ളി വാതിൽ വലിച്ചടച്ചു.
” ഡീ വാതിൽ തുറക്കെടീ ഭദ്രകാളീ…”
ഒരു നിമിഷത്തിന് ശേഷം എന്താ നടന്നതെന്ന് മനസ്സിലായതും വാതിലിൽ ആഞ്ഞിടിച്ച് അവനലറി.
” നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ ഇവിടിരുന്ന് കുടിച്ചാൽ ഇറക്കി വിടുമെന്ന്. അപ്പൊ നിങ്ങക്ക് വാശി ഇപ്പൊ എന്തായി ഞാൻ ചെയ്തുകാണിച്ചില്ലേ ??? ആഹ് പിന്നേ അവിടെക്കിടന്നൊച്ചവച്ച് എല്ലാരേം അറിയിക്കണ്ട. വീരശൂരപരാക്രമിയെ ഭാര്യ റൂമിന്ന് പുറത്താക്കിയെന്ന് പറയുന്നത് മോശമാണ്. അപ്പോ ഗുഡ് നൈറ്റ് ഋഷിയേട്ടാ ഉമ്മ
ാാാ…. “
പറഞ്ഞിട്ട് ചിരിയോടവൾ ബെഡിലേക്ക് നടന്നു.
” നാശം ഏതുനേരത്താണോ എന്തോ ഈ താടകയെ കെട്ടാൻ തോന്നിയത് ?? “
” ആരും നിർബന്ധിച്ചില്ലല്ലോ നിങ്ങടെ തേപ്പുപെട്ടി നിമയെ കെട്ടിയാൽ പോരായിരുന്നോ ??? “
പുറത്തുനിന്നുള്ള അവന്റെ പിറുപിറുപ്പ് കേട്ട് ചിരിയോടവൾ വിളിച്ചുചോദിച്ചു.
തുടരും….
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Agasthya written by Sreekutty
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission