Skip to content

കൊഴിഞ്ഞു വീണ ആപ്പിളുകൾ അധ്യായം – 1 : വാറ്റ്ഫോഡിലേക്കുള്ള യാത്ര

fallen apples

കൊഴിഞ്ഞു വീണ ആപ്പിളുകൾ

ഗോവയിൽ വളർന്ന പീറ്റർ ഡിസൂസയെയും, ബോംബെയിൽ വളർന്ന മരിയയെയും ഞാൻ ഇംഗ്ലണ്ടിലെ വാറ്റ്‌ഫോഡിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അവർ പറഞ്ഞു തന്ന അവരുടെ കഥയാണിത് .  അവരിലൂടെ ഞാനറിഞ്ഞ പോർട്ടുഗീസ് ഗോവയുടെയും, ബോംബെ ടെക്സ്സ്റ്റൈൽ തൊഴി ലാളി സമരത്തിന്റെയും, ജീവിക്കാനുള്ള   ഓട്ടത്തിൽ ശിഥിലമായിപ്പോകുന്ന പ്രവാസികളുടെ കുടുംബബന്ധങ്ങളുടെയും കഥകൾ……

എബി  ചാക്സ്

***************

അധ്യായം – 1 : വാറ്റ്ഫോഡിലേക്കുള്ള യാത്ര

 

ലണ്ടൻ ഹ്യൂസ്റ്റൺ സ്റ്റേഷനിലെ പ്ലാറ്റഫോം 9 -ൽ നിന്നാണ് വാറ്റ്ഫോഡ് ജംഗ്ഷനിലേക്കുള്ള ട്രെയിൻ പുറപ്പെടുന്നത്. എനിക്കിറങ്ങേണ്ടത് വാറ്റ്ഫോഡ് ഹൈ സ്ട്രീറ്റ് സ്റ്റേഷനിലാണ്. അവിടെയിറങ്ങി പത്തു മിനിറ്റ് നടന്നാൽ മരിയയുടെ വീട്ടിലെത്തുമെന്നാണ് ഫോണിൽ പറഞ്ഞത്.

 

മരിയയെ ഞാൻ കണ്ടിട്ടില്ല. വാറ്റ്ഫോഡിലെ അവരുടെ വീട് സന്ദർശിക്കുവാൻ എന്നെ ക്ഷണിച്ചതാണ്.   മരിയയുടെ   സഹോദരി     ലവിയുടെ നിർദേശപ്രകാരമാണ് ഞാൻ മരിയയെ വിളിച്ചത്. മരിയക്ക് കൊടുക്കാൻ ഒരു ചെറിയ   ഗിഫ്റ്റും    ലവി തന്നു വിട്ടിരുന്നു. തന്റെ  സഹോദരി  ലവിയുടെ കൂടെ ജോലി ചെയ്യുന്ന ആൾ,  ലണ്ടണിൽ ആദ്യമായി എത്തിപ്പെട്ട ഒരാൾ എന്നൊക്കെയുള്ള കരുതലിലായിരിക്കണം അവരെന്നെ വീട്ടിലേക്കു ക്ഷണിച്ചത്.

 

“എബി.. തീർച്ചയായും വരണം.. വാറ്റ്ഫോഡ് അധികം ദൂരെയല്ല”  മരിയ നിര്ബന്ധ പൂർവം ക്ഷണിച്ചു.

 

“വരാം .. തീർച്ചയായിട്ടും വരാം” ഞാൻ സമ്മതിച്ചു.

 

അങ്ങിനെ തീർച്ചയാക്കിയ   യാത്രയിലാണ്  ഇന്ന് ഞാൻ ഹ്യൂസ്റ്റൺ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറുന്നത്‌.

 

പ്ലാറ്റ്ഫോമിന് മുകളിൽ ട്രെയിൻ സമയങ്ങളുടെ പട്ടിക മാറി മാറി വരുന്നുണ്ടായിരുന്നു. വാറ്റ്ഫോഡ് ഡി സി   ലൈനിന്റെ വിവരം കേട്ടപ്പോൾ ഞാൻ കാതു  കൂർപ്പിച്ചു. കടന്നു  പോകേണ്ട സ്റ്റേഷനുകളുടെ പേരുകൾ പറഞ്ഞപ്പോൾ എണ്ണിയെടുക്കാൻ ശ്രമിച്ചു. പതിനേഴു പതിനെട്ടു സ്റ്റോപ്പുകൾ.. നനഞ്ഞ പ്ലാറ്റ്ഫോമിൽ   തെന്നിവീഴാതിരിക്കാൻ   ശ്രദ്ധിക്കണമെന്ന്   ഇടയ്ക്കിടെ അറിയിപ്പുകളിൽ കേട്ടു.

 

ട്രെയിനിലുള്ളിൽ ഇരുവശങ്ങളിലുമായി  നീളത്തിൽ   ഒരുക്കിയ സീറ്റുകളിലൊന്നിൽ   ഞാൻ   സ്ഥാനം  പിടിച്ചു. ഇന്ത്യയിൽ ജീവിച്ചവർക്ക് ഈ തിരക്കുകൾ  തിരക്കുകളേയല്ല.

 

മഞ്ഞത്തലയുള്ള  ട്രെയിൻ  അതിന്റെ യാത്ര തുടങ്ങി.

 

ഇരുപത്തിയഞ്ചോ മുപ്പതോ കിലോമീറ്റർ യാത്ര ചെയ്യണം. ഒരു   ഡേപാസ്സാണ് എടുത്തിരിക്കുന്നത്.  അതിൽ ഇന്നുതന്നെ തിരിച്ചു ലണ്ടണിൽ എത്തുകയും വേണം.

 

ശരത്ക്കാലത്തിന്റെ  അവസാന നാളുകളിലായിരുന്നു  എന്റെ യാത്ര. വൃക്ഷങ്ങൾ ഇല കൊഴിച്ചു തുടങ്ങി.    ഇപ്പോഴും  മഞ്ഞയും ചുവപ്പുമണിഞ്ഞു നിന്ന   മരങ്ങൾ, നാട്ടിലെ  കല്യാണത്തിനൊരുങ്ങിയ  സ്ത്രീകളെ  ഓർമിപ്പിച്ചു. കൂടെ ചില മരങ്ങൾ ഇല പൊഴിച്ച്  മഞ്ഞുകാലത്തിനു വേണ്ടി തപസ്സു  ചെയ്യുന്നുമുണ്ടായിരുന്നു.

 

എതിർവശത്തെ സീറ്റുകളിൽ ആണുങ്ങളും പെണ്ണുങ്ങളുമടങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാർ  ഉച്ചത്തിൽ  സംസാരിക്കുന്നു.  അതിനപ്പുറത്തു മറ്റൊന്നിനും ശ്രദ്ധ കൊടുക്കാതെ  പുസ്‌തകം  വായിക്കുന്ന ഒരു മധ്യവയസ്‌ക.

ഞാൻ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.

 

ദീർഘ ചതുര പെട്ടികൾ പോലെ കെട്ടിടങ്ങൾ കാണപ്പെട്ടു.  ഒട്ടു മിക്കതിനും തുറന്ന ബാൽക്കണികൾ ഇല്ലായിരുന്നു. പൊതുവെ എല്ലായിടത്തും ഒരു ചാര നിറം.           ആ കെട്ടിടങ്ങൾക്കു മുകളിൽ ആകാശം, നന്നായി മുഷിഞ്ഞ വെള്ളമുണ്ടുപോലെ ഇരുണ്ടും കറുത്തും കിടന്നു.

 

മഴ പെയ്തേക്കല്ലേ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

 

ജലദോഷം മാറാത്ത കുഞ്ഞിന്റെ മൂക്കു പോലെ എപ്പോഴും നനഞ്ഞിരിക്കുന്നതാണു  ഇവിടുത്തെ കാലാവസ്ഥ എന്നെനിക്കു തോന്നി.

 

വെംബ്ലി സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ചെറുപ്പക്കാരുടെ കൂട്ടം ഇറങ്ങിപ്പോയി. ഇനി എന്റെ കംപാർട്മെന്റിൽ ആറോ ഏഴോ പേർ  മാത്രം.

 

ഇനിയും  കുറെ സ്റ്റേഷനുകളുണ്ട് ; ഏതാണ്ട് പത്തോളം സ്റ്റേഷനുകൾ കൂടി താണ്ടണം.

 

മരിയയും  കുടുംബവും  വർഷങ്ങളായി  ഇംഗ്ലണ്ടിൽ  ജീവിക്കുന്നവരാണ്.    ലവി  ചെറിയ  മുഖവുര  നൽകിയിരുന്നു.  ലവിയുടെ  ആന്റിയുടെ  മകളാണ് മരിയ.  തമ്മിൽ കണ്ടിട്ട് വർഷങ്ങളായെങ്കിലും, അവർ അന്യോന്യം സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു.

 

മരിയയുടെ  വിവാഹത്തിന് ശേഷം ആദ്യം ലണ്ടണിൽ എത്തിയത് അവരുടെ ഭർത്താവ് പീറ്റർ ഡിസൂസയാണ്.  അധികം  താമസിയാതെ മരിയയും എത്തി. മൂന്നു ആൺകുട്ടികളാണവർക്കുള്ളത്.   കുട്ടികളുടെ മൂന്നു പേരുകളും മൂന്നു പ്രശസ്തരുടേതാണെന്നു  പറഞ്ഞെങ്കിലും   അവ ഏതാണെന്നു ലവി  പറഞ്ഞില്ല .

 

ഇന്ന്  ശനിയാഴ്ച   തിരഞ്ഞെടുക്കാൻ   കാരണം  എല്ലാവരെയും   ഒരുമിച്ചു കാണാമെന്നുള്ളതുകൊണ്ടാണ്‌ .

 

“മക്കൾ വീക്കെന്ഡിലേ വരാറുള്ളൂ”  മരിയ  പറഞ്ഞിരുന്നു. അവർ ശനിയാഴ്ച വൈകുന്നേരം വന്നാൽ, ഞായറാഴ്ച  ലഞ്ച് കഴിഞ്ഞേ പോകാറുള്ളൂ. അതാണ് പതിവ്.

 

ട്രെയിൻ  ഇപ്പോൾ  കാർപെന്റെർസ് പാർക്ക് എന്ന സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണ്;  അടുത്തത്    ബുഷി സ്റ്റേഷൻ..അതിനു ശേഷം വാറ്റ്ഫോഡ് ഹൈ സ്ട്രീറ്റ്… അവിടെയാണ് എനിക്കിറങ്ങേണ്ടത്.

 

ട്രെയിൻ വീണ്ടും മുന്നോട്ടു ഓടിത്തുടങ്ങി.

നോക്കിനോക്കിയിരിക്കെ   ട്രയിനിലെ  സ്പീക്കർ   ശബ്‌ദിച്ചു

“വാറ്റ്ഫോഡ്   ഹൈ സ്ട്രീറ്റ്..”

 

സ്റ്റേഷന്റെ പുറത്തേക്കു കടക്കുമ്പോൾ മുഖത്തേക്ക് തണുത്ത കാറ്റുവീശി. ലോകത്തിന്റെ ഏതു അറ്റത്താണ് ഞാനിപ്പോൾ ? കേരളത്തിൽ നിന്ന് എത്ര ദൂരെയാണ് ഞാനെത്തിയതെന്നും, ഈ നാട്ടുകാരാണല്ലോ നമ്മെ ഇരുനൂറു വർഷക്കാലം ഭരിച്ചതെന്നും ഓർത്തുപോയി.

 

ഞാൻ പോക്കറ്റിൽ നിന്ന് വഴിയെഴുതിയ തുണ്ടെടുത്തു വീണ്ടും വായിച്ചു. എക്സ്ചേഞ്ച് റോഡ് എ 411 ൽ ആണ് പോകേണ്ടത്. ആ  വഴിയിലുള്ള ഗുരുദ്വാർ ആണ് ആദ്യത്തെ അടയാളം. എതിരെ വന്ന ഒരു സർദാർജിയോട് ചോദിച്ചു വഴി ഉറപ്പാക്കി,  അയാൾ കാണിച്ചുതന്ന   ദിശയിലേക്ക് നടന്നു.

 

ഭാഗ്യം.. മഴയുണ്ടായിരുന്നില്ല.

സമയം ഉച്ചതിരിഞ്ഞു നാലര മണി .

 

ഇല പൊഴിഞ്ഞും പൊഴിയാതെയും നിൽക്കുന്ന സിക്കമോ മരങ്ങൾ വഴിയരുകളിൽ കണ്ടു. ദൂരെ വീഴാത്ത ഹൊത്തൊൻ  മരങ്ങളും തണുത്ത കാറ്റിൽ ഇലകൾ വിറപ്പിച്ചു നില്കുന്നത് കാണാമായിരുന്നു. ഇനിയും വീഴാത്ത ഇലകളുടെ വർണ ശബളമായ സൗന്ദര്യം കണ്ടു ഞാൻ പുഞ്ചിരിച്ചു.

 

എനിക്കിപ്പോൾ   ഗുരുദ്വാർ   കാണാം;   ഇനി വികാറേജ്‌   റോഡിലൂടെ   കയറി സ്മിത്ത് സ്ട്രീറ്റിൽ എത്തണം

അവിടുന്ന് മൂന്നാമത്തെ വീടാവണം  മരി യയുടേത്.

 

ഞാൻ പെട്ടെന്നു നടന്നു.

 

വീടിന്റെ നമ്പർ ശരിയാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം ഞാൻ തടി-ഗേറ്റ് തള്ളിത്തുറന്നു. ആക്രമിക്കാൻ പട്ടികളൊന്നും കുരച്ചു ചാടിയില്ല.

 

ഞാൻ കോളിങ് ബെല്ലിൽ വിരലമർത്തി.

 

ഞാൻ ക്ഷമയോടെ  വാതിൽക്കൽ കാത്തു നിന്നു . ഒന്നുകൂടി ബെല്ലടിക്കണമോ എന്ന് ചിന്തിക്കുമ്പോഴേക്കും കതകു തുറക്കുന്ന ശബ്ദം കേട്ടു .

 

വാര്ധക്യത്തിലേക്കു കാലു വെച്ചു തുടങ്ങിയ ഒരാൾ കതകു തുറന്ന് , തന്റെ കണ്ണാടി ശരിയാക്കിയിട്ടു എന്നെ സൂക്ഷിച്ചു നോക്കി.

 

ഞാൻ ചിരി മുഖത്തു വരുത്തി അദ്ദേഹത്തെ അഭിവാദനം ചെയ്തു.

“ഹലോ … മിസ്റ്റർ പീറ്റർ?… ഗുഡ് അഫ്റ്റർനൂൺ ..ഐ ആം എബി ..”

 

” ഓഹ് .. ഹലോ ..എബി .. ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു..” പീറ്റർ ഒരു ചിരിയോടെ എന്നെ വീട്ടിലേക്കു സ്വാഗതം ചെയ്തു.

” വരൂ എബി വരൂ …”

 

ഷൂവും കോട്ടും മെയിൻ ഡോറിനു പിന്നിൽ വയ്ച്ചു ഞാൻ പീറ്ററിന്റെ പിന്നാലെ അകത്തേക്കു കയറി.

 

ഇരുപ്പു മുറിയിലെ വലിയ  ലിനൻ സോഫകൾക്ക്   ഓഫ് വൈറ്റിൽ   ചെറിയ ഇളം വയലറ്റ് പൂക്കളുടെ   ഡിസൈൻ   ആയിരുന്നു. സോഫകളിൽ  നിരവധി   ചെറു കുഷ്യനുകൾ  അലങ്കരിച്ചിരുന്നു. പരമ്പരാഗത  ഇംഗ്ലീഷ് സ്റ്റൈലിൽ തീർത്ത ഫർണിച്ചർ… ഒട്ടോമൻ സീറ്റുകളും, വാൽനട്ടിൽ തീർത്ത റോക്കിങ് ചെയറും   ആ ലിവിങ് റൂമിനെ  ആകർഷകമാക്കി.

 

ഞങ്ങൾ ലിവിങ് റൂമിൽ ഇരുന്നു കുശലം പറഞ്ഞു.

 

” മരിയ ജോലിയിലാണ്; ഇന്ന് നേരത്തെ വരും..ഞങ്ങൾ രണ്ടാളുമേ ഇപ്പോഴിവിടെയുള്ളൂ. മക്കൾ മൂന്നു പേരും ലണ്ടനിൽ ആണ്. ഇന്നവർ വ രും;  ശനിയാഴ്ചയല്ലേ

പീറ്റർ   ഇതിനിടെ   ചായ ഇടാനുള്ള   തയ്യാറെടുപ്പിൽ  കിച്ചണിലേക്കു പോകുമ്പോൾ   ഞാനും   കൂടെ പോയി.

പീറ്റർ ട്വയിനിങ്‌സ് റ്റീ യുടെ ഒരു ബോക്സിടുത്തു തുറന്നു. ഇംഗ്ലീഷ് ബ്രെക്ഫാസ്റ് ടി പീറ്റർ പുറത്തെടുത്തു. പീറ്റർ പറഞ്ഞു ..ട്വയിനിങ്‌സ് റ്റീ ഇരുനൂറ്റമ്പതു വർഷത്തിന് മേൽ പഴക്കമുള്ള കമ്പനിയാണ്. ദി ബെസ്റ്

 

ഞാൻ ചിരിച്ചു

ബോക്സ് ഇംഗ്ലണ്ടിന്റെയും ചായ കേരളത്തിന്റെയുമാണ് ..

 

അതെയോ? പീറ്റർ അത്ഭുതം കൂറി

 

അതെ.. മൂന്നാറും, ഊട്ടിയും, ഡാർജിലിംഗും ഒക്കെ ഇവർക്ക് ചായ കൊടുക്കുന്നുണ്ട്

ഇതിനിടെ   ചായ ഇടാനുള്ള   തയ്യാറെടുപ്പിൽ  കിച്ചണിലേക്കു പോകുമ്പോൾ   ഞാനും   കൂടെ പോയി.

 

പീറ്റർ   ജോലിയിൽ നിന്ന് വിരമിച്ചിട്ടു നാലു വര്ഷങ്ങള്ക്കു മേലായി.

മരിയ  ഇപ്പോഴും ജോലിക്കു പോകുന്നു;  മിക്ക ശനിയാഴ്ചകളിലും ജോലിയുണ്ട്. പീറ്റർ ചടുലമായി സംസാരിക്കുകയും ഞാൻ കംഫോര്ട്ടബിൾ ആണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

 

ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ രണ്ടു പേരാണ്  എന്ന് ഞങ്ങൾ മറന്നു പോയി.

 

“ഞാൻ ഗോവയിൽ നിന്നാണ്; എബിയോ?”

“കേരളത്തിൽ നിന്ന്.”

“കൊച്ചി?”

“അല്ല; കൊച്ചിയിൽ നിന്ന് രണ്ടു മണിക്കൂർ തെക്കോട്ടുപോകണം’

‘ ഞാൻ കൊച്ചിയിൽ വന്നിട്ടുണ്ട്. കോഴിക്കോട്ടും. പണ്ട് ഞാൻ ബാറ്റയിലായിരുന്നു ജോലി ”

 

ഞാൻ ചായയിൽ പാല് വേണ്ട എന്ന് പറഞ്ഞു. ഇംഗ്ലണ്ടുകാരെപ്പോലെ  ചൂട് ചായയിൽ തണുത്ത പാലൊഴിച്ചു കുടിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല.

 

“ബ്ലാക്ക് ടീ ..  വൺ ടീസ്പൂൺ ഷുഗർ .. താങ്ക് യു ”

 

ബ്രേക്ഫാസ്റ് ടേബിളിൽ   ഞങ്ങളിരുന്നു ചൂട് ചായ   ആസ്വദിച്ചു  കുടിച്ചു.

 

” എബി .. എന്റെ പാപ്പായ് രണ്ടു മലയാളീസിന്റെ കാര്യം വീട്ടിൽ പറയുമായിരുന്നു.. നല്ലതൊന്നുമല്ല. അവരെപ്പറ്റി ചീത്ത പറയുമായിരുന്നു.”

 

“റിയലി ? ആരാണവർ ?”

 

“കൃഷ്ണ മേനോൻ … നെഹ്രുവിന്റെ വലം കൈ .. ആ  മലയാളി  കാരണമാണ് പോര്ടുഗീസുകാർക്കു ഗോവ വിടേണ്ടി വന്നത് എന്നാണ് എന്റെ പാപ്പായ് എപ്പോഴും ഇതിനെപ്പറ്റി പറഞ്ഞു നടന്നിരുന്നത്. നെഹ്‌റുവിന് ഗോവ പിടിച്ചെടുക്കണമായിരുന്നെങ്കിൽ എന്തിന് 61 വരെ കാത്തിരിക്കണമായിരുന്നു? ഇതൊക്കെ  പറഞ്ഞു ദിവസേന പോർട്ടികോവിൽ സഭ കൂടി ഒച്ചപ്പാടുണ്ടാക്കുമായിരുന്നു”

 

“ ആരാണ് രണ്ടാമത്തെ ആൾ ?” ഞാൻ കൗതുകത്തോടെ ചോദിച്ചു.

 

” ലെഫ്റ്റനന്റ് ജനറൽ കണ്ടത്ത് …കുഞ്ഞിരാമൻ കണ്ടത്ത് …അദ്ദേഹമാണ് ആർമിയുമായി വന്നു ഗോവ പിടിച്ചത് . 61 ൽ ..

പോർട്ടുഗീസ്കാർ ഗോവ വിട്ടു പോകുമെന്ന് അപ്പായി   ഒരിക്കലും വിചാരിച്ചില്ല. മരിക്കുന്നതു വരെ എപ്പോഴും പറയുമായിരുന്നു”.

 

“സോറി മിസ്റ്റർ പീറ്റർ…ഞാനന്ന് ജനിച്ചിട്ടുകൂടിയില്ല ”

 

” ഓ.. നോ .. ഒരു തമാശക്ക് പറഞ്ഞതാണ്.. മനസ്സിൽ ഒന്നും വിചാരിക്കരുത്.. അപ്പായി ഒരു പോർട്ടുഗീസ് സ്കൂളിൽ അധ്യാപകനായിരുന്നു. ഭാഷയും,  വേഷവും, പ്രാത്ഥനയും ഒക്കെ അപ്പായി അവരെ പിന്തുടർന്നു. അവർ പോയപ്പോൾ പെട്ടെന്നു വലിയ നിരാശയിലായി. ലിസ്ബണിൽ പോയി മരിക്കണമെന്നു വരെ ചിലപ്പോൾ പറയുമായിരുന്നു.”

 

അടുക്കളയോടു ചേർന്ന് വീടിനു പുറത്തു ഒരുക്കിയ  ഒരു ചെറിയ പുൽത്തകിടി ഞാൻ ശ്രദ്ധിച്ചു. അങ്ങോട്ടേക്കു കടക്കാൻ വലിയൊരു ഗ്ലാസ് ഡോർ ആയിരുന്നു. ഞാൻ വെളുത്ത കർട്ടൻ പതിയെ നീക്കി പുറത്തേക്കു നോക്കി. അവിടെ രണ്ടു ചെറിയ മരങ്ങൾ നിന്നിരുന്നു.

 

“ആപ്പിൾ മരങ്ങളാണ്” പീറ്റർ പറഞ്ഞു

ഞങ്ങൾ വാറ്റ്ഫോഡിൽ എത്തിയപ്പോൾ വാങ്ങി വെച്ചതാണ്. അതിനിപ്പോൾ പ്രായം കെന്നഡിയുടെ പ്രായമാണ് .. 27 വയസ്സ്.

 

ആപ്പിൾ മരം ഐശ്വര്യമാണ്. ഏദൻ തോട്ടം മുതൽ കേൾക്കുന്നതല്ലേ ആപ്പിളുകളെ പറ്റി. അറിവിന്റെ മരം. ദൈവം കഴിക്കരുതെന്ന് പറഞ്ഞ മരം..

 

“ഞാനൊന്നു നൊക്കട്ടേ ?”

“ചെരുപ്പിട്ടോളൂ .. തണുപ്പുമുണ്ടാവും”

ഞാൻ  ആ ആപ്പിൾ മരങ്ങളെ കുറേനേരം നോക്കി നിന്നു . വിൽക്കാൻ സൂപ്പർമാർക്കറ്റിൽ  കൂട്ടിയിട്ട ചുവപ്പും പച്ചയും നിറങ്ങളുള്ള ആപ്പിൾ കണ്ടിട്ടുണ്ട്. ഗ്രാമത്തിലെ ചന്തയിൽ കൊട്ടയിൽ നിറച്ച  ആപ്പിളും  ഞാൻ കണ്ടിട്ടുണ്ട്

പക്ഷെ ആപ്പിൾ മരം കാണുന്നത്‌  ആദ്യമായാണ്.

 

ആപ്പിളുകൾ മാത്രല്ല ഈ മരങ്ങൾ തരുന്നത്. നാലു കാലാവസ്ഥയിലും ഇവർ നാലു രൂപത്തിൽ കാണും.. ഇപ്പോൾ നോക്ക്..ആപ്പിളുകൾ വലുതായി അപ്പോൾ ഇലകൾ പൊഴിഞ്ഞു തുടങ്ങി. ഏപ്രിൽ മെയ് ആകുമ്പോഴേക്ക്    ഇലകൾ വന്നു തുടങ്ങും.. രണ്ടു മൂന്ന് ആഴ്ചക്കുള്ളിൽ പൂക്കൾ വിരിയും.  വെളുത്ത പൂക്കൾക്കുള്ളിൽ പിങ്കും ചുവപ്പുമായി മരം നിറയെ പൂക്കൾ  ..” പീറ്റർ പറഞ്ഞു

 

ഞാൻ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ആ മരത്തിന്റെ ചുവട്ടിൽ നടന്നു. വീണു കിടന്നിരുന്ന വളർച്ചയാവാത്ത മൂന്നു നാലു ആപ്പിളുകൾ പെറുക്കിയെടുത്തു.

 

എന്തിനായിരിക്കും  ഇതിനെ വിലക്കപ്പെട്ട കനിയാക്കിയത് ? ദിവസേന ഓരോ ആപ്പിൾ കഴിച്ചാൽ ഡോക്ടറെ ഒഴിവാക്കാം എന്ന് കേട്ടിട്ടുള്ളത് ഞാനോർത്തു

 

ഞങ്ങൾ രണ്ടു മരങ്ങൾ നട്ടു. ഒന്ന് മരിയയുടെ .. ഒന്ന് എന്റേത്..

“മരിയ അധികം വൈകില്ല..പുറപ്പെട്ടിട്ടുണ്ടാവും”

 

” ഒരു കുഴപ്പവുമില്ല. ഞാൻ ഓക്കേയാണ് .. നമുക്ക് ചായ കുടിച്ചിരുന്നു വല്ലതും സംസാരിക്കാം ”

 

നേരിയ മധുരത്തിൽ, ഇംഗ്ലണ്ടിൽ പായ്ക്ക് ചെയ്ത മൂന്നാറിന്റെ ചെമ്പു   നിറമുള്ള ചായ ഞാൻ കുടിച്ചു

 

∞  ∞ ∞  ∞  ∞  ∞  ∞  ∞ ∞  ∞  ∞  ∞

 

 (തുടരും ….)   അടുത്ത ലക്കം :  കാനകോനയിലെ അപ്പായി 

എബി  ചാക്സ്

 

Title: Read Online Malayalam Novel Fallen Apples written by  Aby Chacs

2.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കൊഴിഞ്ഞു വീണ ആപ്പിളുകൾ അധ്യായം – 1 : വാറ്റ്ഫോഡിലേക്കുള്ള യാത്ര”

Leave a Reply

Don`t copy text!