Skip to content

കൊഴിഞ്ഞു വീണ ആപ്പിളുകൾ അധ്യായം – 9 : യാത്രകൾ അവസാനിക്കുന്നില്ല

fallen apples

കൊഴിഞ്ഞു വീണ ആപ്പിളുകൾ

ഗോവയിൽ വളർന്ന പീറ്റർ ഡിസൂസയെയും, ബോംബെയിൽ വളർന്ന മരിയയെയും ഞാൻ ഇംഗ്ലണ്ടിലെ വാറ്റ്ഫോഡിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അവർ പറഞ്ഞു തന്ന അവരുടെ കഥയാണിത് .

അവരിലൂടെ ഞാനറിഞ്ഞ പോർട്ടുഗീസ് ഗോവയുടെയും, ബോംബെ ടെക്സ്സ്റ്റൈൽ തൊഴി ലാളി സമരത്തിന്റെയും, ജീവിക്കാനുള്ള   ഓട്ടത്തിൽ ശിഥിലമായിപ്പോകുന്ന പ്രവാസികളുടെ കുടുംബബന്ധങ്ങളുടെയും കഥകൾ……

എബി  ചാക്സ്

***************

 

അധ്യായം – 9 : യാത്രകൾ അവസാനിക്കുന്നില്ല

ഫുട്ബോൾ ഗെയിം പകുതിസമയമെത്തിയുണ്ടാവില്ല. കുട്ടികളെ നോക്കിയിരുന്നു ഭക്ഷണം താമസിപ്പിക്കേണ്ട എന്ന് മരിയ പറഞ്ഞു.

“ഞാൻ ഭക്ഷണം എടുത്തു വയ്ക്കട്ടെ “

“എബി.. ഒന്ന് ഫ്രഷൻ അപ്പ് ചെയ്തുകൊള്ളു.. “

മരിയ വാഷ്‌റൂം കാട്ടിത്തന്നു.

“നല്ല കാര്യം..”

ഞാൻ എഴുന്നേറ്റു.

“കുറെ നേരമായി ഇരിക്കുന്നു.. ഒന്ന് നടുവ് നിവർക്കട്ടെ. അല്പം  ശുദ്ധ വായുവും ശ്വസിക്കാം..”

പീറ്ററും ഞാനും ലിവിങ് റൂമിലേക്ക് പോയി. പിന്നെ മെയിൻ ഡോർ തുറന്നു വീടിന്റെ പുറത്തെ പേവ്മെന്റിലേക്കു  ഇറങ്ങി.

ഗേറ്റിനു പുറത്തെ വഴിയിൽ ഇരുട്ട് ചിതറിക്കിടന്നു.  മരങ്ങൾ  ഇരുട്ടിന്റെ ഗോപുരങ്ങളായി  നിശ്ചലവും വഴി വിജനവുമായിരുന്നു.

“തണുപ്പുണ്ട്.”. പീറ്റർ പറഞ്ഞു.

“സാരമില്ല.. പീറ്റർ.”

ഞാൻ പീറ്ററോട്  മരിയയെപ്പറ്റി ചോദിച്ചു

“ഇപ്പോൾ ബോംബയിൽ ആരുണ്ട്?”

“ബോംബയിൽ ഇപ്പോൾ ആരുമില്ല.”

പീറ്റർ തുടർന്നു .

“82 ലെ മിൽ സമരത്തിൽ ഫീനിക്സ് പൂട്ടിക്കളഞ്ഞു.

“ഏഴായിരത്തിലധികം   തൊഴിലാളികളും  അവരുടെ  കുടുംബങ്ങളും അനാഥരായി. ബോംബയിലെ ഒട്ടു മിക്ക മില്ലുകളും പൂട്ടി പ്പോയി.

“മൊത്തം രണ്ടര ലക്ഷം തൊഴിലാളികൾ .. അവരുടെ കുടുംബങ്ങൾ. ഏതാണ്ട് പത്തു ലക്ഷം പേര് പെരുവഴിയിലായി.

“47 -ലെ വിഭജനത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ മാനുഷിക ദുരന്തമായിരുന്നു അത്.

“ട്രേഡ് യൂണിയന്റെ നട്ടെല്ലൊടിക്കേണ്ടത് ഗവൺമെന്റിന്റെ രാഷ്ട്രീയ ആവശ്യമായിരുന്നു.

“മില്ല് മുതലാളികൾക്കു വേണ്ടിയിരുന്നത് മില്ലുകളിരുന്ന ബോംബെയുടെ കണ്ണായ സ്ഥലങ്ങളായിരുന്നു .  സ്വർണത്തേക്കാൾ വിലയുള്ള സൗത്ത് ബോംബയിലെ ഏക്കർ കണക്കിന് സ്ഥലങ്ങൾ

“രഹസ്യമായി റിയൽ എസ്റ്റേറ്റ് പ്ലാനുകൾ അവർ ഉണ്ടാക്കി. .  രാത്രിയുടെ മറവിൽ മില്ലിലെ വിലകൂടിയതെന്തൊക്കെ ഉണ്ടായിരുന്നോ അതൊക്കെ അവർ എടുത്തു മാറ്റി. പിന്നെ മില്ലിന് തീയിട്ടു.തെക്കൻ ബോംബയിലെ 600 ഏക്കർ സ്ഥലം 55 ഓളം മില്ല് മുതലാളികൾ പങ്കിട്ടെടുത്തു.

“ഒടുവിൽ എല്ലാവരും പത്തു ലക്ഷം മനുഷ്യരെ മറന്നു കളഞ്ഞു.

“അങ്ങിനെ ജീവിതത്തിന്റെ ആരോഗ്യം  മുഴുവൻ ചിലവിട്ട  മില്ലുകളിൽ നിന്നും; ജീവിതത്തിന്റെ സ്വപ്‌നങ്ങൾ കൂട്ടിവച്ച  ചാലുകളിൽ നിന്നും എല്ലാവരും ഒഴിവാക്കപ്പെട്ടു.

“ലൂയിസ് ഡാഡിയുടെ കഥയും വ്യത്യസ്തമായിരുന്നില്ല.

“ഞങ്ങൾ അപ്പോഴേക്കും ഇംഗ്ലണ്ടിൽ എത്തിയിരുന്നു. എന്നും സങ്കടപെടുത്തുന്ന വാർത്തകളെ  ബോംബയിൽ നിന്ന് എത്തിയിരുന്നുള്ളു.

“ഡോക്ടർ സാഹിബിന്റെ (ഡോക്ടർ ദത്താ സമന്ത്) പിന്നിൽ തൊഴിലാളികൾ ഒറ്റക്കെട്ടായിരുന്നു.

“പക്ഷെ എത്ര കാലം വരുമാനമില്ലാതെ പിടിച്ചു നില്കും?. ഒരു മാസമല്ല, ആറു  മാസമല്ല , ഒരു വർഷമല്ല, പതിനെട്ടര മാസം സമരം നീണ്ടു പോയി.

“ഇതിനോടകം നൂറു കണക്കിന് കുടുംബങ്ങൾ   ഉള്ളതൊക്കെ ഭാണ്ഡക്കെട്ടുകളാക്കി തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോ യി. ചിലർക്ക് തിരിച്ചുപോവാൻ ഗ്രാമങ്ങളിലും ആരുമുണ്ടായിരുന്നില്ല. അവർ ബോംബെ നഗരത്തിന്റെ തെരുവുകളിൽ എന്ത് ജോലിക്കും തയ്യാറായി നടന്നു.

“സ്ത്രീകൾ പണമുള്ളവന്റെ  ഫ്ലാറ്റുകളിൽ വേലക്കു  പോയി.   തറ തൂത്തു കഴുകി കൊടുക്കും, തുണികൾ അലക്കികൊടുക്കും, കൂടാതെ അത്യാവശ്യം പാചകവും ചെയ്തു കൊടുക്കും

“അവർ ബോംബെ നഗരത്തിലെ വീടുള്ളവരുടെ വേലക്കാരികളാവുകയും അവരെ ‘ഭായി’ എന്ന് ഓമനപ്പേരിട്ടു വിളിക്കുകയും ചെയ്തു

“കുട്ടികൾ സ്കൂളിൽ പോവാതെയായി. അവർ ട്രാഫിക് ജംക്ഷനുകളിൽ ഇന്ത്യയുടെ ദേശീയ പതാക   കാറിൽ സഞ്ചരിക്കുന്ന ഇന്ത്യക്കാർക്ക് വിറ്റു,  കുഞ്ഞു വരുമാനങ്ങൾ   ഉണ്ടാക്കി.

“വളർച്ചയെത്തും മുൻപേ കുട്ടികൾക്കു വില പറയുന്ന നഗരമാണ് ബോംബെ. പെൺകുട്ടികൾ ഗ്രാൻഡ് റോഡിലെ ഡാൻസ്ബാറുകളിലും, ആൺകുട്ടികൾ ബോംബെ അധോലോകത്തിന്റെ കൈകളിലും ചെന്നുപെട്ടു..

“നഗരത്തിന്റെ മോടികൾ ക്കു പിറകിൽ  മറഞ്ഞു നിൽക്കുന്ന ക്രൂരതയുടെ ഒരു ലോകമുണ്ട് ബോംബെ നഗരത്തിന്.

“മനുഷ്യർ മനുഷ്യരോട്  ഇത്ര ക്രൂരതകൾ ചെയ്യുമോ എന്ന് നമ്മൾ ചോദിച്ചുപോകും..

“ലൂയിസ് ഡാഡി  കുറെ മാസങ്ങൾ മില്ലിന്റെ പടിക്കൽ ഇരുന്നു. ആദ്യ മാസങ്ങളിലെ ഉശിരു കുറഞ്ഞപ്പോൾ കുത്തിയിരുപ്പുകാരുടെ എണ്ണം കുറഞ്ഞു.

“പിന്നെ പിന്നെ വിഷാദരോഗിയായി   ലോവർപരേലിലെ  തെരുവുകളിൽ അലഞ്ഞു നടന്നു.

 

“ഞങ്ങൾ ഇവിടെനിന്നു പണം അയച്ചുകൊടുക്കുമായിരുന്നു. എങ്കിലും ഒരിക്കലും വെളിച്ചം തിരിച്ചു വരാത്തവിധം ആ ചാലുകൾ ഇരുട്ടിലായിരുന്നു.

“ചിലർ കള്ളവാറ്റു തുടങ്ങി.

“വഴിയിൽ ബോധമില്ലാതെ  കിടക്കുന്ന ഡാഡി യെ പലതവണ സില്ലു പൊക്കിയെടുത്തു കോലിയിൽ കൊണ്ടുവരുമായിരുന്നു.

ലൂയിസ് ഡാഡി യുടെ ദേഹത്തു പരുക്കുകളും മുറിവുകളും ഒഴിയാതെയായി .  .

ചിലപ്പോൾ  മാവാലികൾ പിടിച്ചു തല്ലിയിട്ട്…

അല്ലെങ്കിൽ പോലീസ് ഉപദ്രവിച്ചിട്ട്

അല്ലെങ്കിൽ ദേശി ബാറിൽ വഴക്കുണ്ടാക്കിയിട്ട്…

താടിയും മുടിയും വളർത്തി  ഡാഡി  കൺട്രി ദാരുവിന് അടിമയായികൊണ്ടിരുന്നു.

 

ഇതിനിടെ, സില്ലുവിനെ പോലീസ് പല തവണ പിടിച്ചു…

തീയറ്ററിന്റെ പുറത്തു ബ്ലാക്കിൽ ടിക്കറ്റ് വിട്ടതിന്

അടഞ്ഞ മില്ലിന്റെ കോമ്പൗണ്ടിൽ ചാരായം വാറ്റിയതിന്

ബസിറങ്ങി വീട്ടിലേക്കു പോകുന്ന ചിലരെ ഇരുട്ടത്ത് കത്തി കാണിച്ചു പേഴ്സ് എടുത്തതിന് …

മൂന്നു നാലു ദിവസം ലോക്കപ്പിൽ കിടക്കും … കുറെ തല്ലു കൊള്ളും.. ആരെങ്കിലും വന്നു ഇറക്കികൊണ്ടു പോകും..

 

മരിയയുടെ മമ്മി  തിരിച്ചു കാർലയിലേക്കു പോകാൻ  ഡാഡി യോടും സില്ലുവിനോടും കെഞ്ചി. പക്ഷെ അവർ ചെവികൊണ്ടില്ല.

ഓരോ ദിവസം ചെല്ലും തോറും ആ കുടുംബം ഒരിക്കലും തിരിച്ചു കിട്ടാത്തത് പോലെ നഷ്ടപെട്ടുകൊണ്ടിരുന്നു.

 

ക്രമേണ സില്ലുവിനെ  പോലീസ് പിടിക്കാതെയായി.

അവനു വേണ്ടി സംസാരിക്കാൻ ഉന്നത ബന്ധങ്ങൾ ഉള്ളവർ മുന്നോട്ടു വന്നു. ചാലിൽ ക്രിക്കറ് കളിച്ചു നടന്ന ചൊക്രയെയും അവന്റെ കൂട്ടുകാരെയും ആളുകൾ തെല്ലു ഭയത്തോടെ നോക്കുവാൻ തുടങ്ങി.

സില്ലു വളരെ പെട്ടെന്ന് മാറിപ്പോയി.

കഴുത്തിൽ സ്വർണത്തിന്റെ വലിയ ചങ്ങലമാലയുമിട്ടു  എപ്പോഴും മൂന്നാലാളുടെ അകമ്പടിയിൽ അവൻ  നടന്നു.

സില്ലു , പിന്നീട് സില്ലുഭായ് ആയെന്നും ചോട്ടാരാജൻ എന്നൊരു അധോലോകഗുണ്ടായുടെ ഗ്രൂപ്പിലാണെന്നുമൊക്കെ ഞങ്ങൾ കേട്ടു

സില്ലു രണ്ടു മൂന്നു തവണ  മമ്മിയെ  കാണുവാൻ ചെന്നു .. വന്നപ്പോഴൊക്കെ മമ്മ  ഉപദേശിക്കാൻ ശ്രമിച്ചു. അവന്റെ പണം വേണ്ടെന്നു പറയും.

അവൻ കുറെ നോട്ടുകൾ കസേരയിൽ വെച്ചിട്ടു ദേഷ്യപ്പെട്ടു ഇറങ്ങി പോകുമായിരുന്നു.

ഉള്ളിൽ സ്നേഹമുള്ളവനായിരുന്നു സില്ലു . എന്ത്  ചെയ്യാം..ഒരിക്കലും തിരിച്ചു വരാൻ  പറ്റാത്ത ഒരു ലോകത്തിലേക്ക് അവൻ പോയിക്കഴിഞ്ഞിരുന്നു.

മരിയയുടെ മമ്മി സില്ലുവിനെ ഓർത്തു കണ്ണീരൊഴുക്കാത്ത ദിവസങ്ങൾ ഉണ്ടായിട്ടില്ല. ബോംബെ നഗരം  അവനെ വലിയ അപകടങ്ങളിലേക്കാണ് കൂട്ടികൊണ്ടു പോകുന്നതെന്ന് അവർ ഭയപ്പെട്ടു.

പ്രഭാദേവിയിലെ, ‘സംഘം’ ബാറിൽ ആയിഷ വൈകുന്നേരങ്ങളിൽ ജോലിക്കു പോകുമായിരുന്നു. ദേശി ഡാൻസ് ബാറാണ്. ആയിഷയും വേറെ മൂന്ന് പെണ്കുട്ടികളുമാണ് സർവീസിന്‌ ഉണ്ടായിരുന്നത്.

ഒരു ദിവസം എന്തോ പറഞ്ഞു ഇഷ്ടപെടാത്ത ഒരു കസ്റ്റമർ ആയിഷയുടെ കൂട്ടുകാരിയെ തല്ലി . ആയിഷ ഇടപെട്ടപ്പോൾ അവളെയും അയാൾ തല്ലി. മുഖമൊക്കെ നീര് വച്ചാണ് അവൾ അന്ന് രാത്രിയിൽ വീട്ടിൽ തിരിച്ചെത്തിയത്.

രണ്ടു ദിവസം കഴിഞ്ഞു അയാളും കൂട്ടുകാരും വീണ്ടും ബാറിൽ വന്നപ്പോൾ അവരെ കാത്തു സില്ലുവും കൂട്ടാളികളും അവിടെ ഉണ്ടായിരുന്നു.

രണ്ടു പേരുടെ തല പൊട്ടി; രണ്ടു പേരുടെ വാരിയെല്ലൊടിഞ്ഞു. ഒക്കെ സില്ലുവാണ്   ചെയ്തത്.

ഈയകട്ടികൾ വലത്തേ കൈവിരലുകളിൽ  കൊരുത്തി, അതുകൊണ്ടാണ് അവൻ അവരെ ഇടിച്ചു വീഴിച്ചത്.

അവർ മാപ്പു പറഞ്ഞിട്ടും, നില വിളിച്ചിട്ടും  അവന്റെ കലി അടങ്ങിയില്ലത്രേ. ആയിഷ അവന്റെ കൂടെ ചാലിൽ വളർന്ന പെണ്ണല്ലേ.. അതിന്റെ സ്നേഹം അവനുണ്ടായിരുന്നു.

ഒരിക്കൽ ഒരു ട്രാഫിക് സിഗ്നലിൽ ഡാഡി എങ്ങോട്ടെന്നറിയാതെ നിൽകുമ്പോൾ  ഒരു കാറു  വന്നു നിന്നു.

ചില്ലു താഴ്ത്തി ആരോ ഡാഡിയെ വിളിച്ചു..

തിരിഞ്ഞു നോക്കിയപ്പോൾ സില്ലു .

അവൻ പപ്പയുടെ കൈയ്യിൽ കുറെ അധികം നോട്ടുകൾ വച്ചുകൊടുത്തു.

ലൂയിസ്ഡാഡി  ചോദിച്ചത്രെ ..

“തു …കൈസേരെ ?”

സില്ലു  മറുപടിയും കൊടുത്തു..

“ടിക്കെ .. അഭി  കാം ഹേ .. ചൽത്തേ ..”

വണ്ടി സിഗ്നൽ മുറിച്ചു കടന്നു പോയി.

അതായിരുന്നു സില്ലുവുമായുള്ള  ഡാഡിയുടെ അവസാനത്തെ കാഴ്ച

പിന്നെ സില്ലു ജയിലിലായെന്നു കേട്ടു .

 

ഒരു ദിവസം ലൂയിസ് ഡാഡി  തിരിച്ചു കോലിയിലെത്തി.

ദിവസങ്ങളോളം എങ്ങോട്ടും പോകാതെ  മൂലയിലെ തന്റെ കസേരയിൽ തന്നെ സമയം പൊക്കി. ഇടയ്ക്കു പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്തു ഡോക്ടർ സാഹിബിന്റെ ഫോട്ടോ നോക്കികൊണ്ടിരിക്കും

ഇടയ്ക്കിടെ ചുമ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. മമ്മയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയുമായിരുന്നില്ല.

ഉറക്കമില്ലാതെ  ഡാഡി  രാത്രിയിൽ കസേരയിലിരുന്നു ചുമച്ചുകൊണ്ടിരുന്നു.

ഞങ്ങളുടെ മണിഓർഡറുകൾക്കു  ശരിയാക്കാൻ പറ്റുന്നതിനും അപ്പുറത്തായിരുന്നു ഡാഡിയുടെ സ്ഥിതി.

ഒരു രാത്രിയിൽ ഒന്ന് ചുമച്ചു, ഒരു കവിൾ ചോര തുപ്പി   ഡാഡി കടന്നുപോയി. മമ്മ വെളുപ്പിനെ ചെന്ന് വിളിക്കുമ്പോൾ  ശരീരം തണുത്തുപോയിരുന്നു.

അങ്ങിനെ ലൂയിസ് ഡാഡി   ശിവരിയിലെ  സിമത്തേരിയിൽ അന്ത്യവിശ്രമം ചെയ്യുന്നു.

ബോംബെ എന്നെന്നേക്കുമായി വിട പറഞ്ഞു മമ്മ കാർലയിൽ തന്റെ സഹോദരന്റെ വീട്ടിലേക്കു പോയി. അതായതു  ലവിയുടെ വീട്ടിൽ.

ബോംബെ അവരെ  മാനസികവും ശാരീരികവുമായി ഉലച്ചു കളഞ്ഞിരുന്നു. ചിന്നിച്ചിതറപ്പെട്ട തന്റെ കുടുംബത്തെയോർത്തു അവർ വിലപിച്ചു.

ആറുമാസങ്ങൾ കഴിയും മുൻപേ   മമ്മി യും പോയി.

ഡാഡിയുടെ പേഴ്സ്  മമ്മി  മരിക്കുന്നതു വരെ സൂക്ഷിച്ചുവച്ചു.

ഒപ്പം പപ്പാ ആരാധിച്ചിരുന്ന അതിനുള്ളിലെ രണ്ടു ഫോട്ടോകളും.

ഡോക്ടർ സാഹേബിന്റെയും,    ലെനിന്റേയും ഫോട്ടോകൾ.

“സില്ലു ?? “ ഞാൻ ചോദിച്ചു.

“നമുക്കൊക്കെ അറിയാത്ത ഒരു ലോകത്തിൽ, ഒരിക്കലും തിരിച്ചു വരാനാവാത്ത വിധം സില്ലു നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയിട്ട് പിന്നെ മൂന്ന് വർഷങ്ങൾ അവനെപ്പറ്റി കേട്ടിട്ടേയില്ല.

“പക്ഷെ ബോംബെയുടെ കുറ്റകൃത്യങ്ങൾ നാൾ ക്കു നാൾ പെരുകി വരുകയും, ഇടക്കൊക്കെ അവന്റെ പേരുകൾ ഉയർന്നു വരുകയും ചെയ്യുമായിരുന്നു

കുറ്റകൃത്യങ്ങൾക്കൊക്കെ  രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും നിറങ്ങൾ കൈവരാൻ തുടങ്ങി.

ഉത്തർപ്രദേശിൽ മസ്ജിദ് തകർക്കപ്പെടുമ്പോൾ പൊട്ടിത്തെറിച്ചിതറുന്നതു ബോംബെ നഗരമായിരുന്നു..

97 ൽ വീണ്ടും ചോട്ടാ രാജന്റെ പേര് കേട്ടതു  പോവായിയിലെ കൊലപാതകവുമായിട്ടാണ് ..

രാവിലെ വീട്ടിൽനിന്നു പുറപ്പെട്ട ഡോക്ടർ ദത്താ സാമന്തിന്റെ കാറിനു മുൻപിൽ ഒരു സൈക്കിൾ വന്നു കയറി..

കാം കർ യൂണിയന്റെ ഏതോ തൊഴിലാളി ആവുമെന്ന് ഡോക്ടർ ചിന്തിച്ചിട്ടുണ്ടാവാം.

വേഗം കുറച്ചു, ചില്ലു താഴ്ത്തിയപ്പോൾ ബൈക്കിൽ പിന്നാലെ വന്നിരുന്നവർ  വെടിയുതിർത്തു. വയറിലും, നെഞ്ചിലും തലയിലുമായി 17 ബുള്ളറ്റുകൾ  കയറി ഡോക്ടർ സാഹേബ് അവിടെത്തന്നെ മരിച്ചു.

ബൈക്കിൽ വന്നവർ രക്ഷപെട്ടു.

ആരായിരുന്നുവെന്നു തിരിച്ചറിഞ്ഞില്ല.  ആരുമായിരുന്നിരിക്കാം..

രണ്ടു ദിവസം  കഴിഞ്ഞു ടൈംസ് ഓഫ് ഇന്ത്യ യുടെ  അകത്തെ പേജിൽ ബോംബെ പൊലീസിലെ   ദയാ നായക്കിൻറെ ഏറ്റു മുട്ടൽ വാർത്ത വന്നു.

ചെമ്പൂരിലെ   തിലക് നഗറിൽ  സഹാറാ തിയേറ്ററിന്റെ  മുൻപിൽ ചോട്ടാ രാജൻ ഗ്യാങ്ങിലെ   സില്ലു കൊല്ലപ്പെട്ടു.

ഞാൻ സ്തബ്ധനായി സോഫയിൽ തന്നെ ഇരുന്നു. പീറ്ററും ഞാനും കുറെ നേരത്തേക്കു നിശ്ശബ്ദരായിരുന്നു.

മരിയ ലിവിങ് റൂമിലേക്കു വന്നു.

“പീറ്റർ..  എബി…

ഡിന്നർ എടുത്തു വച്ചിരിക്കുന്നു.. രണ്ടാളും വരൂ..”

ഞങ്ങൾ മൂന്നാളും ഡൈനിങ്ങ് ടേബിളിലേക്ക് ചെന്നു .

“എന്തെങ്കിലും എടുത്തുവയ്ക്കാനുണ്ടോ മരിയ? ഞാൻ സഹായിക്കാം.”

“വേണ്ട എബി.. എല്ലാം എടുത്തുവച്ചു..നമുക്ക് കഴിക്കാം. കുട്ടികൾക്ക് വേണ്ടി നോക്കിയിട്ടു കാര്യമില്ല..”

ഒരു തീൻമേശയിൽ ഒരുമിച്ചിരുന്ന് പീറ്ററും, മരിയ യും ഞാനും ആഹാരം കഴിക്കുകയാണ്.

ഇന്ത്യയിൽ നിന്ന് അടർന്നുപോയ രണ്ടു പേരെ ഞാനിന്നു കണ്ടുമുട്ടി…

മരിയയും പീറ്ററും.

കേരളത്തിൽ നിന്ന്  8200 കിലോമീറ്റർ ദൂരെ, ഇംഗ്ലണ്ടിലെ വാറ്റ്ഫോഡിൽ  ഇന്നലെ വരെ അപരിചിതരായിരുന്ന രണ്ടു പേരുടെ കൂടെയിരുന്നു ഞാൻ ഭക്ഷണം കഴിക്കുന്നു.

രാത്രി ഒൻപത് മണിയാവുന്നു. തിരിച്ചു പോകേണ്ടതുണ്ട്..

കാനകൊനയിലെ ഫ്രാൻസിസ് സാറും, മദ്യത്തിൽ മുങ്ങി മരിച്ച ആഗ്നെലോയും

വലിയ കസേരയിൽ  റോസരിയിൽ സമാധാനം കണ്ടെത്തിയ  മമ്മയും

എനിക്കറിയാത്ത ഫ്രഡിയും  ലിസയും ഒക്കെ എന്റെ ചുറ്റുമൊക്കെത്തന്നെ ഉണ്ടെന്നു എനിക്കു  തോന്നി

പീറ്റർ പറഞ്ഞു കേട്ട ഇൻക്വിസിഷന്റെ കഥകൾ  ഇന്ത്യൻ ചരിത്രത്തിൽ എഴുതാതെ പോയതെന്താണെന്നു ഞാൻ എന്നോട് തന്നെ ചോദിച്ചു.

ഫീനിക്സ് മില്ലിന് തീ പിടിച്ചെന്നു കേട്ടിട്ടുണ്ട്.

നാലോ അഞ്ചോ തലമുറകളായി അതിൽ  ജോലി ചെയ്തിരുന്നവർ എവിടെയാണിപ്പോൾ?

മില്ലുകൾക്കു പകരം ഷോപ്പിംഗ് കോംപ്ലെക്സും, അംബര ചുംബികളായ സൗധങ്ങളും ഉയർന്നു വന്നു.

അവക്കൊക്കെ ഗേറ്റും സെക്യൂരിറ്റിയുമുണ്ട് .

ആ ഗേറ്റുകളുടെ പുറത്തു  നിന്ന്, കൊച്ചു കുഞ്ഞുങ്ങളെ തോളിലേറ്റി ചിലർ പറയുമായിരിക്കും ..

നോക്കൂ  ആ വലിയ ബിൽഡിങ് കണ്ടില്ലേ..

അവിടെയായിരുന്നു നിന്റെ മുത്തച്ഛനും മുതുമുത്തച്ഛനും ജോലി ചെയ്തിരുന്നത് ..

വാ… എന്തോരു വലിയ ബിൽഡിംഗ് !!!

ഇന്ത്യ വളരുകയാണ്

അധോലോകത്തിനു ജീവിതം നൽകി നശിച്ച എത്രയോ  ചെറുപ്പക്കാർ …

ഡാൻസ് ബാറുകളിൽ യൗവനം വിറ്റ  എത്രയോ  പെൺകുട്ടികൾ .

 

കോർട് യാർഡിലെ ആപ്പിൾ മരങ്ങളെ ഞാൻ ഒന്നു കൂടി സന്ദർശിച്ചു. അതിർ വേലിയിലെയും കിച്ചണിലെയും വെളിച്ചം അവിടേക്ക് എത്തുന്നുണ്ടായിരുന്നു.

തണുപ്പിൽ ഇലകൾ മിക്കവാറും കൊഴിഞ്ഞു ചുവന്ന ആപ്പിളുകൾ ചുമന്ന് നിശ്ചലമായി നിൽക്കുകയാണ്  കോക്‌സും സ്പർട്ടാനും.

മ രിയ കിച്ചണിൽ നിന്ന് പറഞ്ഞു.

“രണ്ടു മരങ്ങൾ വെറുതെ വെച്ചതല്ല. പരാഗണത്തിന് അങ്ങിനെ ചെയ്യണമെന്നാണ് .”.

പീറ്ററിന്റേയും  മരിയയുടെയും  മരങ്ങൾക്കു കീഴിൽ വീണ്ടും ആപ്പിളുകൾ കൊഴിഞ്ഞു വീണിരിക്കുന്നു.

പുതുതായി കൊഴിഞ്ഞു വീണ ആപ്പിളുകൾ ഞാൻ പെറുക്കിയെടുത്തു.

ആപ്പിളുകൾ ഇനിയും വീഴും .

അത് പ്രകൃതി നിയമമാണ്

ഇനിയും വീഴ്ചക്കു വിധിക്കപ്പെട്ട കുറെ ആപ്പിളുകൾ തലയ്ക്കു മുകളിലുണ്ട്. ചിലതിൽ പുഴു കയറും. ചിലതിനെ  പക്ഷികൾ തള്ളി താഴേക്കിടും..

പക്ഷെ  പുഴു കുത്താതെയും പക്ഷികൾ ഞോടാതെയും അവക്കിടയിൽ ചിലതു എല്ലാ പ്രതിബന്ധങ്ങളെയും  തരണം ചെയ്തു  ജീവിക്കും …….

മനുഷ്യരെ പോലെ

 

ഗുഡ് ബൈ പീറ്റർ  ..

ഗുഡ് ബൈ മരിയ ..

ഞാൻ യാ ത്ര പറഞ്ഞു ഇറങ്ങുകയാണ്

പീറ്ററെയും മരിയയെയും ഞാൻ ആശ്ലേഷിച്ചു

 

വാറ്റ്ഫോഡ് ഹൈ സ്ട്രീറ്റ് സ്റ്റേഷൻ ലക്ഷ്യമാക്കി ഞാൻ നടന്നു.

വിജനമായ തെരുവിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലെയും വീടുകളിൽ വെളിച്ചമുണ്ടായിരുന്നു. മാഞ്ചസ്റ്റർ  – ലിവർപൂൾ കളി ആവേശപൂർവം തുടരുകയാണ്.

ഗുരുദ്വാറും പിന്നിട്ട് നടക്കുമ്പോൾ, ഇരുട്ടിൽ സിക്കമോ മരങ്ങൾ നിശ്ചലരായി  നിന്നു.

ഒരു തണുത്ത കാറ്റു ശക്തിയായി വീശി എന്നെ യാത്രയാക്കി.

 

∞  ∞ ∞  ∞  ∞  ∞  ∞  ∞ ∞  ∞  ∞  ∞

 

(തുടരും ….)   അടുത്ത ലക്കം :  അനുബന്ധം

എബി  ചാക്സ്

 

Title: Read Online Malayalam Novel Fallen Apples written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!