Skip to content

കൊഴിഞ്ഞു വീണ ആപ്പിളുകൾ അധ്യായം – 6 : മരിയ

fallen apples

കൊഴിഞ്ഞു വീണ ആപ്പിളുകൾ

ഗോവയിൽ വളർന്ന പീറ്റർ ഡിസൂസയെയും, ബോംബെയിൽ വളർന്ന മരിയയെയും ഞാൻ ഇംഗ്ലണ്ടിലെ വാറ്റ്ഫോഡിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അവർ പറഞ്ഞു തന്ന അവരുടെ കഥയാണിത് .

അവരിലൂടെ ഞാനറിഞ്ഞ പോർട്ടുഗീസ് ഗോവയുടെയും, ബോംബെ ടെക്സ്സ്റ്റൈൽ തൊഴി ലാളി സമരത്തിന്റെയും, ജീവിക്കാനുള്ള   ഓട്ടത്തിൽ ശിഥിലമായിപ്പോകുന്ന പ്രവാസികളുടെ കുടുംബബന്ധങ്ങളുടെയും കഥകൾ……

എബി  ചാക്സ്

***************

അധ്യായം – 6 : മരിയ

മെയിൻ ഡോർ  തുറന്നു  മരിയ വീട്ടിനുള്ളിലേക്ക്  പ്രവേശിച്ചു.

“ഹലോ ഏബീ … നൈസ് ടു മീറ്റ് യു .”

മരിയ  എനിക്ക്  ഹസ്‌തദാനം   ചെയ്തു

“താങ്ക് യു മരിയ … ഹൌ ഡു യൂ ഡു ?”

“ഓൾ ഫൈൻ .. പ്ലീസ് സിറ്റ്.. ഐ വിൽ   ചേഞ്ച്  ആൻഡ്  ബി   വിത്ത് യു..”

മരിയയുടെ പ്രസരിപ്പ് അവരുടെ പ്രായത്തെ മറച്ചു കളഞ്ഞിരുന്നു. പീറ്റർ പറഞ്ഞത് ശരിയാണ് .. മരിയയുടെ ചിരിക്ക് ഒരു   പ്രത്യേക   ഭംഗിയുണ്ട്       സ്കർട്ടും   ടോപ്പും   അവർക്കു  ഭംഗിയായി  ചേർന്നിരുന്നു

എന്റെ മനസ്സ് വായിച്ചതു പോലെ പീറ്റർ പറഞ്ഞു

“മരിയയെ ലണ്ടൺ ജീവിതം ഒരുപാടു പഠിപ്പിച്ചു .

“ഈ  നഗരം  അവൾക്കു നന്നായി വഴങ്ങി.  ഇനിയൊരു   ബോംബെ   ജീവിതം അവൾക്കു  ചിന്തിക്കുവാനേ പറ്റില്ല .. ബോംബയിലെ   യാത്രകളെ പ്പറ്റി അവൾക്കിപ്പോൾ  പേടിയാണ്.

“ഞാൻ പലപ്പോഴും ഇന്ത്യയിലേക്കൊരു ട്രിപ്പിനെ പറ്റി ഓർക്കും ..

“ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോളാണ്  നാട്ടിൽ നിന്ന് ഫോൺ വന്നത്

“മമ്മയ്  മരിച്ചു ..

“കുടുംബത്തെ കൂട്ടി നിർത്തുന്ന അദൃശ്യമായ ചരടുകളുണ്ട്  ഓരോ മമ്മമാരുടെയും കൈയ്യിൽ  …ആ കൈകൾ നിശ്ചലമാകുമ്പോൾ എല്ലാവരും  അനാഥരാവുന്നു. ചരടുകൾ എങ്ങോട്ടെങ്കിലുമൊക്കെ പറന്നു നഷ്ടപ്പെടും.

“പപ്പായിയും, ആൺമക്കളും ഇല്ലാത്ത ഒരു വിടവാങ്ങൽ. ലിസ ബോർത്തൊയിൽ നിന്നു ഒരാഴ്ച്ചത്തേക്കു  വന്നു പോയി. ആ വലിയ വീടിനുള്ളിൽ മഗ്ദയും കുട്ടികളും തനിച്ചായി .

“പോകാൻ സാധിച്ചില്ല .. ഡോക്ടർ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കി.   ഈ വീട്ടിനുള്ളിൽ ഒറ്റയ്ക്കിരുന്ന് മമ്മയ് ക്കു വേണ്ടി പ്രാർത്ഥിച്ചു.

“മരണങ്ങൾക്ക്  വേണ്ടി മാറ്റിവച്ചിരുക്കുന്ന കറുത്ത സ്യുട്ടും ടൈയും ഡ്രെസ്സുമൊക്കെ വീണ്ടും പുറത്തെടുത്തു കാനകോനക്കാർ മമ്മയ്ക്കു യാത്രയയപ്പ് നൽകി.

സ്റ്റുഡിയോ  ഒരു ആൽബം കൂടിയുണ്ടാക്കി.

“ഇതൊക്കെ ലോകത്തിന്റെ രീതികളാണ് .. കുടുംബത്തിന്റെ  പ്രാരാബ്ധങ്ങളിലേക്കു മുങ്ങിയാൽ പിന്നെ പൊങ്ങിവരാൻ കുറെ പാടു പെടണം. കുടുംബത്തിൽ കുട്ടികൾ പിറക്കുമ്പോൾ ഒരു പുതിയ അനുഭവത്തിലേക്കാണ് നമ്മൾ എത്തിപ്പെടുന്നത്.

“കെന്നഡി .. പിന്നെ നിക്സൺ .. ഒടുവിൽ ലെനിൻ .. അവർ ഇന്ന് വരും ..ശനിയാഴ്ചയല്ലേ ..”

“വലിയ പേരുകളാണെല്ലോ !”  ഞാൻ പറഞ്ഞു

“ശരിയാണ് ..  മൂന്ന് വലിയ പേരുകളാണ് മക്കൾക്കിട്ടത്”

മരിയ വേഷം മാറി വന്നു.  ലവിയെ പറ്റി ചോദിച്ചു. ലവി തന്നു വിട്ട ഗിഫ്ട് ബാഗ് ഞാൻ കൊടുത്തു.

അത് വാങ്ങി മരിയ പറഞ്ഞു

“ഹൌ സ്വീറ്റ് ഓഫ് ഹേർ ”

എന്റെ ലണ്ടനിലെ താമസത്തെപ്പറ്റിയും മടക്ക യാത്രയെ പറ്റിയുമൊക്കെ മരിയ ചോദിച്ചു. ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ മരിയ ഹൃദ്യമായി ചിരിച്ചു

“ഐ ലവ് കേരള .. രണ്ടു തവണ ഞാൻ പോയിട്ടുണ്ട്.. ബാക് വാട്ടേഴ്സ് ആൻഡ് വൺസ് അറ്റ് കൊച്ചി ..

“ജൂതതെരുവിലൂടെ അന്നു ഞാൻ കുറെ നടന്നു.. ഗോവയും കർണാടകയും കേരളവും ഒക്കെ ഏതാണ്ട് ഒരുപോലെയാണ് .. ഭാഷകൾ ഒഴികെ .. എല്ലാവർക്കും മീനാണ് ഇഷ്ടം

“ഐ പ്ലാൻഡ് ടു മെയ്ക് എ ചിക്കൻ കറി ഫോർ  ഡിന്നർ ..   ഇവിടെ പതിവായിട്ടു കറികളൊന്നും ഉണ്ടാക്കാറില്ല ..എല്ലാത്തിനും ക്ഷമ വേണം സമയം വേണം.. ജോലി കഴിഞ്ഞെത്തുമ്പോഴേക്ക് നേരം വൈകും “

“ചിക്കൻ കറി ഈസ് ആൻ എക്സലന്റ് പ്ലാൻ.. ഞാൻ  കറികളൊക്കെ  പതിയെ മിസ് ചെയ്യാൻ തുടങ്ങി ..

“കഴിഞ്ഞ ആഴ്ച ഞാൻ പിക്കാഡില്ലിയിൽ പോയിരുന്നു…

“ബട്ടർ ചിക്കന്റെ ബോർഡ് കണ്ടു ഒരു റസ്റ്ററന്റിൽ കയറി ..അവരുടെ കറിക്ക് മധുരമായിരുന്നു”

“ശരിയാണ് .. ഇവിടെ കറികളിൽ കുറെ ഷുഗർ ചേർക്കും.

“യു ക്യാൻ കോൾ ഇറ്റ് ത് ഇംഗ്ലീഷ് വേർഷൻ ഓഫ് ഇന്ത്യൻ കറിസ് ..

“ഇനി പോകുമ്പോൾ കോണോട് സ്ട്രീറ്റിലെ ബോംബെപാലസ് ട്രൈ ചെയ്യൂ .. ദേ സെർവ് ഗുഡ് കറിസ് “

മരിയ ചിരിച്ചു.

മരിയക്ക്  ലണ്ടൻ  നഗരത്തെപ്പറ്റി  ഒരുപാടു കാര്യങ്ങൾ അറിയാമായിരുന്നു ..

വില കൂടിയ സ്ഥലങ്ങൾ

സാധാരണക്കാരുടെ മാർക്കറ്റുകൾ

ഒഴിവാക്കേണ്ട സ്ഥലങ്ങൾ ..

മരിയക്ക് ഒരു സിറ്റി ടൂർ ഗൈഡ് ആവാമെന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.

സംസാരിക്കുന്നതിനിടക്ക് മരിയ കുക്കിങ്റേഞ്ചിനടുത്തു  തൻറെ ചിക്കൻ കറി യുടെ സാധനങ്ങൾ അടുപ്പിച്ചു കൊണ്ടിരുന്നു.

ഇതിനിടയിൽ മരിയ പീറ്ററിനെ നോക്കി പറഞ്ഞു

“പീറ്റർ .. ഹൌ എബൗട്ട് സം വൈൻ ? ലറ്റ് സ് ഗെറ്റ് ത്രീ  ഗ്ലാസസ് ..”

പീറ്ററിന്റെ  മുഖം  പ്രസന്നമായതു  ഞാൻ  ശ്രദ്ധിച്ചു

ഞാൻ വിനയപൂർവം നിരസിക്കാൻ ശ്രമിച്ചു

“ഞാനൊരു  വൈൻ  ഡ്രിങ്കറല്ല .. “

“അത് സാരമില്ല.. അല്ലെങ്കിൽ തന്നെ  മദ്യപിക്കാൻ  ഇന്ത്യക്കാർക്ക് അറിയുമോ?. വൈകുന്നേരം  … ഭക്ഷണത്തിന്റെ കൂടെ അല്പം വൈൻ.. ഇത് നമ്മുടെ ആളുകൾക്കു അറിയില്ല.. തല കിറുങ്ങുന്നതാണ് അളവ് .”

പീറ്റർ  റെഡ് വൈൻ  ഗ്ലാസ്സുകളിലേക്കു പാതിവരെ ഒഴിച്ചു നിർത്തി.  എന്നിട്ടു വൈൻ കുപ്പി എന്നെ കാണിച്ചു

ബോൾനി    ഡാർക്ക്    ഹാർവെസ്റ്.

മരിയ  തൻറെ  ഗ്ലാസ് ഉയർത്തി  വട്ടം  ചുറ്റിച്ചു  ഗ്ലാസ്സിനുള്ളിലേക്കു  മൂക്കടുപ്പിച്ചു  മണത്തു.

“ഗുഡ് ക്വാളിറ്റി വൈൻ..ഇത് ഞങ്ങൾ ബോൾനിയിലെ   വിനിയാർഡിൽ പോയപ്പോൾ വാങ്ങിയതാണ് . എല്ലാവരും കൂടിയുള്ള   ഒരു നല്ല  ട്രിപ്പ് ആയിരുന്നു അത്…. എബൌട്ട് ഫിഫ്റ്റി മൈൽസ് ടു ദ സൗത്ത് ..”

“ചിയേർസ് …” മരിയ ടോസ്റ് ചെയ്തു ..

“ടു യുവർ ഹാപ്പി  ഡേയ്സ്  ഇൻ ലണ്ടൻ ..”

ആരും  ഇഷ്ടപ്പെടുന്ന പ്രകൃതമായിരുന്നു  മരിയയുടേത്.

പ്രസന്നമായ മുഖം, അറിവുണ്ട്, നന്നായി സംസാരിക്കും ..

“ഇന്ന് കുട്ടികൾ വരും.. “   മരിയ പറഞ്ഞു..

“കുട്ടികളൊന്നുമല്ല കേട്ടൊ ..  കെന്നെടി ക്ക് വയസ്സ് 27 കഴിഞ്ഞു “

കെന്നഡിയുടെ പ്രായത്തെ പറ്റി പറഞ്ഞപ്പോൾ ഞാൻ കിച്ചന്റെ ഗ്ലാസ് ഡോറിലൂടെ പുറത്തെ ആപ്പിൾ മരങ്ങളെ നോക്കി.

ഏതാനും ആപ്പിളുകൾ അപ്പോഴും താഴേക്ക് കൊഴിഞ്ഞു വീണു.

മരിയ പറഞ്ഞു.

“കുറെ ആപ്പിളുകൾ വീണു പോകും. ചിലതൊക്കെ പക്ഷികൾ കൊത്തിയിടുന്നതാണ്. എന്നാലും നല്ല രുചിയുള്ള റെഡ് ആപ്പ്ൾസ് ആണ്. ഇടത്തെ കോണിൽ നിൽക്കുന്നതാണ് പീറ്ററിന്റേത്. കോക്സ് ആപ്പിളാണ്. നല്ല ചുവപ്പൻ ആപ്പിളുകൾ അതിലുണ്ടാവും.

“ഒരുമിച്ചാണ് വെച്ചതെങ്കിലും കോക്സ് ആദ്യം  ആപ്പിൾ തന്നു.

“പിന്നെയും ഒരു വർഷമെടുത്തു എന്റെ മരത്തിൽ ഫലമുണ്ടാവാൻ.

“സ്പാർട്ടാൻ  ആപ്പിൾ മരമാണ് അത്. ചുവപ്പെങ്കിലും  ഡീപ്  ബർഗണ്ടി   കളറിലാണ് ആപ്പിളുകൾ. ഇപ്പോൾ തന്നെ നോക്കിയാൽ  ആ വ്യത്യാസം കാണാൻ കഴിയും.

“സമ്മറിൽ ഈ മരത്തിന്റെ ചുവട്ടിൽ  കസേരയിട്ടിരുന്ന് ചായ കുടിക്കുക ഒരു അനുഭവമാണ്. ആപ്പിൾ മരങ്ങൾ ഒരു കുടുംബത്തോട് കൂടിയാൽ തലമുറകൾ കൂടെ നിൽകുമെന്നാണ്..

“ഒരു പഴയ ചൊല്ലുണ്ടിവിടെ ..

“ഞങ്ങളുടെ  മുതുമുത്തച്ഛന്റെ ആപ്പിൾ കുരു കൊണ്ട്, എന്റെ മുത്തച്ഛൻ വളർത്തിയെടുത്ത ആപ്പിൾ മരത്തിൽ, ഞങ്ങളുടെ അച്ഛൻ വളർത്തി എടുക്കുന്ന ആപ്പിളുകളാണ് ഞങ്ങൾ”

“അഞ്ചാം വര്ഷം ആപ്പിൾ തരുന്ന ഈ മരങ്ങൾ 50 വര്ഷം.. ചിലതൊക്കെ 100 വര്ഷം വരെയെന്നൊക്കെ കേട്ടിട്ടുണ്ട് ഉള്ള കാലത്തോളം ഇവ നമ്മളോട് ചേർന്നു ജീവിക്കും; മനുഷ്യരെ പോലെ എവിടെയും ഓടി പോവില്ല  .

“ഇപ്പോൾ ഈ മരങ്ങൾക്കു രണ്ടിനും കെന്നഡിയുടെ പ്രായം. നമ്മെ പോലെ ഇനിയും ജീവിതം കാണാൻ എത്ര ബാക്കി !”

മരിയ പെട്ടെന്ന് ചോദിച്ചു.

“ആപ്പിളിനെ പറ്റി നമ്മൾ സ്കൂളിൽ പഠിച്ചത് ഓർമ്മയുണ്ടോ? ഏദൻ തോട്ടമല്ല .. ഫിസിക്സിൽ ??”

ന്യുട്ടൺ ?? ഞാൻ ചോദിച്ചു.

“കറക്റ്റ്.. “    മരിയ ചിരിച്ചു.

“ഐസക് ന്യൂട്ടൺ.. അദ്ദേഹം ഗ്രാവിറ്റിയുടെ തിയറി ഉണ്ടാക്കാൻ കാരണം താഴെ വീണ ആപ്പിൾ കാരണമല്ലേ. പറയാൻ കാരണം അദ്ദേഹം ജനിച്ച സ്ഥലം ഇവിടുന്നു നൂറു മൈൽ ദൂരത്താണ്. ഗ്രാൻതാം എന്ന സ്‌ഥലത്തു..”

മരിയക്ക് അറിയാത്തതെന്തെങ്കിലും ഉണ്ടോ എന്നെനിക്കു സംശയം തോന്നി.

“കെന്നെടിക്ക് വയസ്സ് 27 കഴിഞ്ഞു നിക്സൺ രണ്ടു വയസ്സിനിളപ്പം ..പിന്നെ ലെനിൻ നിക്സനെക്കാൾ നാലു വയസ്സിനിളയതാണ്.. മൂന്നാളും ഗ്രോൺ അപ്പ് ടീൻഏജേർസ് ആണ്

“കെന്നെടി സട്ടനിലാണ് താമസിക്കുന്നത് .. നിക്‌സൺ  ബോംലിയിലും ..  രണ്ടാൾക്കും ജോലിയായി

“ലെനിൻ സിറ്റി യൂണിവേഴ്സിറ്റിയിൽ അവസാന വർഷമാണ് .. കൂടെ  അവനു ജോലിയുമുണ്ട്.. അവൻ താമസിക്കുന്നത് കാംബെർവാലിലാണ്   “

“മൂന്നാൾക്കും വളരെ പ്രത്യേകതകളുള്ള പേരുകളാണല്ലോ .. “

ഞാൻ അഭിപ്രായപ്പെട്ടു

“കെന്നെടിയുടെ പേര് പീറ്ററിട്ടതാണ് .. “

മരിയ പീറ്ററിനെ നോക്കി ചിരിച്ചു.

പീറ്റർ പറഞ്ഞു

“ജോൺ എഫ് കെന്നഡിയെ എനിക്കെന്തു കൊണ്ടോ ഇഷ്ട്ടമായിരുന്നു ..ചീകി ഒതുക്കിയ മുടിയും നല്ല ചിരിയുമുള്ള ഒരു ജന്റിൽ മാൻ ..അദ്ദേഹത്തിന്റെ ‘പ്രൊഫൈൽസ് ഇൻ കറേജ്’   ഞാൻ വായിക്കുന്നത് കോളേജ് കാലത്താണ്. പിന്നെ മർലിൻ മൺറോയുമായുള്ള ബന്ധങ്ങൾ പൊതുവെ ഒരു ചൂട് വിഷയം ആയിരുന്നു അന്നൊക്കെ.

“മർലിൻ മരിച്ചതിന്റെ അടുത്ത വര്ഷം കെന്നഡിയും പോയി.

“മരിയ സമ്മതിച്ചതു കൊണ്ട് ഈ വീട്ടിലും ഒരു കെന്നഡി ഉണ്ടായി.”

പീറ്ററും മരിയയും അന്യോന്യം നോക്കി ചിരിച്ചു

വൈൻ വീണ്ടുമൊഴിക്കാൻ നേരം ഞാൻ പീറ്ററെ തടഞ്ഞു.

“താങ്ക് യു .. ഐ വിൽ ഹാവ് ടു  കാച്  9.30 ട്രെയിൻ”

“നോ വറീസ് എബി .. “

പീറ്റർ നിർബന്ധിച്ചു

“വേണ്ടങ്കിൽ വേണ്ട .. “

മരിയ ഇടപെട്ടു ..

“ഇങ്ങിനെയാണ് പീറ്റർ .. തുടങ്ങിയാൽ നിർത്താൻ മടിയാണ് .. ഇന്ത്യൻസ് ഒക്കെ  ഇങ്ങിനെയാണ് .. ഗോവൻസ് പ്രത്യേകിച്ചും ..

“പീറ്ററിന്‌ മാക്സിമം രണ്ടു ഗ്ലാസ് വരെ ഡോക്ടർ അനുവദിച്ചിട്ടുണ്ട് .. അതിൽ കൂടുതൽ വേണ്ട

“നോക്കൂ അഗ്നേലോയുടെ   കാര്യം.. പീറ്ററിന്റെ ഇളയ സഹോദരൻ……… സ്നേഹമുള്ളവനായിരുന്നു  പക്ഷെ എന്തു കാര്യം ..ഫെനി തീരുമ്പോൾ വിസ്കി .. അത് തീരുമ്പോൾ വീണ്ടും ഫെനി .. കുടിച്ചു കുടിച്ചു ഒരു ദിവസം  അവൻ പോയി. നാലു കുഞ്ഞുങ്ങളുമായി ഇനി മഗ്ദ എത്ര കാലം കഷ്ടപെടണം?

പീറ്റർ ഒന്നും പറഞ്ഞില്ല. പീറ്റർ നിശബ്ദനായി. അയാളുടെ ഉള്ളിൽ അഗ്നീലോ യുടെ മുഖം തെളിഞ്ഞു

ശരിയെല്ലേ  മരിയ പറഞ്ഞത്?

അപ്പയ് യുടെ മരണത്തിന് ഞാൻ ഞാൻ നാട്ടിൽ പോയപ്പോൾ കണ്ടതാണ്. തിരിച്ചുപോരാൻ നേരം,  ഗോവൻ സോസേജ് നല്ലതു പോലെ പാക്ക് ചെയ്തു പെട്ടിയിൽ വെച്ചു . അതൊക്കെ കുട്ടികൾക്കും മരിയക്കും വേണ്ടിയാണെന്ന് ഓർമിപ്പിച്ചു.  പെട്ടിയെടുത്തു കൂടെയിറങ്ങി ഒക്കെ സശ്രദ്ധം കാറിൽ വച്ചു  തന്നു.

കുഞ്ഞുങ്ങളെയും പിടിച്ചു മഗ്ദ വാതിൽക്കൽ ഉണ്ടായിരുന്നു.

ബൈ പീറ്റർ   .. ടേക്ക് കെയർ ..

ഞങ്ങൾ കെട്ടിപ്പിടിച്ചു; അവന്റെ കൈയ്യിൽ കുറെ നോട്ടുകൾ തിരുക്കിവെച്ചപ്പോൾ അവൻ എന്റെ കഴുത്തിൽ മുഖം ചേർത്ത് പതിയെ പറഞ്ഞു

“താങ്ക് യു  മാൻ ..  കാൾ മി… സം ടൈംസ് ”

അതായിരുന്നു ഞങ്ങൾ ഒരുമിച്ചു ചിലവിട്ട അവസാന നിമിഷങ്ങളെന്നു ആരും അറിഞ്ഞില്ല

ഒരു ദിവസം തല ചുറ്റി വീണു. ഛർദിച്ചു. കൈത്തണ്ടയിൽ ഐവി യുമായി കുറെ ദിവസങ്ങൾ ആശുപത്രിയിൽ കിടന്നു ..

തിരിച്ചുവരുമെന്നായിരുന്നു കരുതിയത് ..

കൂടെ കുടിച്ചവരും കൊണ്ടുകൊടുത്തവരുമൊക്ക  ചുറ്റുവട്ടത്തൊക്കെ വന്നും പോയുമിരുന്നു . ചിലർ പോക്കറ്റിൽ ഹാഫോ  ക്വാർട്ടറോ   തങ്ങളുടെ സൗഹൃദത്തിന്റെ സാക്ഷ്യമായി രഹസ്യമായി കൊടുത്തിരുന്നത്രെ.

ചിരിച്ചു കൊണ്ട് മഗ്ദ യോട് പറയുമായിരുന്നു…..

“ഡോണ്ട്  വറി …  മാൻ”

അഗ്നേലോക്കു  പോർട്ടുഗലും  ഗോവയും  ഇന്ത്യയുമൊക്ക  കാനകൊനക്കു പുറത്തെ,  അവനെ  സംബന്ധിക്കാത്ത  കാര്യങ്ങളായിരുന്നു .

ഒരാൾ അവന്റെ ഉള്ളിൽ ഒളിച്ചിരുന്ന് മദ്യത്തെപ്പറ്റി എപ്പോഴും ഓര്മപ്പെടുത്തുമായിരുന്നു.

രാവിലെ പത്തുമണിക്കു മുൻപ് –

ഉച്ചക്ക് ഭക്ഷണത്തിനു മുൻപ് –

അറബിക്കടലിൽ സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് …

ടെസ്റ്റുകളുടെ എണ്ണം കൂടുകയും, ദൂരെ നിന്നൊക്കെ ബന്ധുക്കൾ വരാനും തുടങ്ങിയപ്പോൾ അഗ്നേലോക്ക് എന്തോ പന്തികേട് തോന്നി. പിന്നെ പിന്നെ സംസാരിക്കാറില്ലാതായി.  വെറുതെ കറങ്ങുന്ന സീലിംഗ് ഫാനിൽ നോക്കി കിടക്കും.

മഗ്ദ യുടെ കൈയ്യിൽ പിടിച്ചു കുറെ കരഞ്ഞത്രേ..

സോറി മാൻ .. ഇനി ഒരു ചാൻസ് കൂടി ഉണ്ടങ്കിൽ ഞാൻ ഇങ്ങിനയൊന്നും ആവില്ല ..

മഗ്ദയുടെ നേർച്ചകൾ ബോം ജീസസിന്റെ ബസിലിക്കയിലും സെൻറ് ഫ്രാൻസിസിന്റെ  കബറിലും എത്തിച്ചെങ്കിലും, അഗ്നേലോ ക്ക് വീണ്ടും ഒരു ചാൻസ് കിട്ടിയില്ല.

മമ്മയ് കുറെ കരഞ്ഞു.

മക്കളുടെ ശവയാത്ര കാണേണ്ടിവരുന്നത്  അമ്മമാർക്ക് സ്വന്തം മരണത്തേക്കാൾ ദുഃഖ കരം. ഒറ്റക്ക് മുറിയിലെ വലിയ കസേരയിൽ ചാരിക്കിടന്ന് റോസരിയുടെ മുത്തുകളിൽ മമ്മയ് ആശ്വാസം തേടി..

ഡോവ്സ അബർദോയിനു ഫിലീയോ

ദൈവം  എന്റെ മോനെ രക്ഷിക്കട്ടെ

യോഹന്നാന്റെ  പതിനാലാം അധ്യായത്തിലൂടെ മമ്മയ് ആശ്വസം കണ്ടെത്താൻ  ശ്രമിച്ചു

“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട; ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് സ്ഥലമൊരുക്കാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോട് പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കി കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നേടത്തു നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്നു നിങ്ങളെയും കൂട്ടികൊണ്ടുപോകും..ഞാൻ പോകുന്നേടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം..”

മമ്മയ് മനസ്സ് കൊണ്ട് യാത്രയാവാൻ ആഗ്രഹിച്ചെന്നു തോന്നുന്നു. തന്റെ മുറിയിൽ നിന്നും വലിയ കസേരയിൽ നിന്നും മമ്മയ് പുറത്തിറങ്ങുതേ വിരളമായി

പ്രതീക്ഷയുടെ വാതിലുകൾ തുറന്നിട്ട് ബോം ജീസസ് കൈമാടി വിളിക്കുന്നു.

“നീ ക്ഷീണിച്ചുകൊണ്ടിരിക്കുന്നതു ദൈവം കണ്ടു

നിന്റെ രോഗം കുറയുമായിരുന്നില്ല

ആയതിനാൽ ദൈവകരങ്ങൾ  പുണർന്ന്-

നിന്റെ കാതിൽ മന്ത്രിച്ചു..നീ എന്നിലേക്കു വരുക

ഞങ്ങൾ കണ്ണുനീരോടെ  കണ്ടു..നീ കടന്നു പോകുന്നത്

എത്രമാത്രം സ്നേഹിച്ചിരുന്നെങ്കിലും നിന്നെ

ഞങ്ങൾക്കൊപ്പം നിർത്തുവാൻ ആവുമായിരുന്നില്ല

നിന്റെ പൊന്നു ഹൃദയമിടിപ്പ് നിലച്ചു

നിന്റെ കൈകൾ വിശ്രമിച്ചു

ദൈവം ഞങ്ങളുടെ ഹൃദയങ്ങളെ നുറുക്കിയെങ്കിലും

ആ വലിയ സത്യം വെളിവാക്കി തന്നു

ദൈവം ഏറ്റവും നല്ലതിനെ കൂടെകൂട്ടുന്നു.”

 

ഒരാഴ്ചത്തേക്ക് ലിസ വന്നു പോയി.

ചമൂസക്കട ഫ്രഡിയുടെ വഴിമുടക്കി.

തലയ്ക്കു മേൽ കേറിയ കടം എന്നെ വാറ്റ്ഫോഡിൽ പിടിച്ചുകെട്ടി.

സ്യുട്ടും ടൈയും കെട്ടി മാന്യനായി ഒരു വിലകൂടിയ പെട്ടിയിൽ കിടന്നു അഗ്നേലോ, സാഡോൾസം സേമിറ്ററിയിലേക്ക് യാത്രയായി.

അവനു വേണ്ടി ആൽബം ഉണ്ടാക്കാൻ ആരും ഉത്സാഹിച്ചില്ല.

 

∞  ∞ ∞  ∞  ∞  ∞  ∞  ∞ ∞  ∞  ∞  ∞

(തുടരും ….)   അടുത്ത ലക്കം : കാർഡിഫും  ബോംബെയും  

എബി ചാക്സ്

 

Title: Read Online Malayalam Novel Fallen Apples written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!