Skip to content

കൊഴിഞ്ഞു വീണ ആപ്പിളുകൾ അധ്യായം – 10 : അനുബന്ധം

fallen apples

കൊഴിഞ്ഞു വീണ ആപ്പിളുകൾ

അധ്യായം – 10 :  അനുബന്ധം

എബി  ചാക്സ്

 

ലണ്ടൻ യാത്ര കഴിഞ്ഞു ആറു വർഷങ്ങൾക്കു ശേഷമാണ് എനിക്ക് ബോംബയിൽ പോകാൻ അവസരമുണ്ടായത്.

ഒഴിവു കിട്ടിയ  ഞായറാഴ്ച്ച   വർളിയിലൂടെ ഞാൻ   ഒരു ഡബിൾ ഡെക്കർ ബസിന്റെ മുകളിലെ നിലയിലിരുന്ന്  യാത്ര ചെയ്തു.  അറബിക്കടൽ കുറച്ചു ദൂരെ ഓളം വെട്ടിക്കളിക്കുന്നതു കണ്ടു ഞാൻ വെറുതെ ഇരുന്നു..

ബസ് ഓടിക്കൊണ്ടിരുന്നു. എന്റെ മുൻപിലെ സീറ്റിൽ ഇരുന്ന യുവതിയും യുവാവും മരിയയെയും പീറ്ററെയും ഓർമിപ്പിച്ചു.

ഹാജി അലിയിൽ ഇറങ്ങി .  പകലിന്റെ തിരക്കുകളും ആരവങ്ങളുമായി അവിടെല്ലാം ആൾകൂട്ടം വെട്ടിത്തിളക്കുന്നു.

ദർഗയിലേക്കുള്ള നടപ്പാത,  കടലിനെ കീറി ഉയർന്നു കിടക്കുന്നു. ഇപ്പോൾ കടൽവെള്ളം ഇറങ്ങികിടക്കുന്നതു കൊണ്ട് നടപ്പാതയിൽ ജനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും  ഒഴുകുകയാണ്. ഭക്‌തരും ഭിക്ഷക്കാരും കോട്ടൺ കാൻഡി വിൽക്കുന്നവരുമൊക്ക ബഹളം കൂട്ടികൊണ്ടിരുന്നു.

ഉസ്ബക്കിസ്ഥാനിൽ നിന്ന് വന്ന ഹാജി  അലി  ഷാ ബുഖാരിയുടെ കബറിടവും മസ്ജിദുമാണീ സ്ഥലം. 1431 ൽ പണികഴിപ്പിച്ച ഈ ദർഗയിൽ നാൽപതു ലക്ഷത്തിനു മേൽ സന്ദർശകരുണ്ടത്രെ. ചൊവ്വയും വെള്ളിയുമാണ് തിരക്ക്. പ്രത്യേകിച്ചും സൂഫി ഗായകരുടെ വെള്ളിയാഴ്ചകൾ

പൂരി വാലയുടെയും ചനവാലയുടെയും, ഫൂൽവാലയുടെയും ഇടയിലൂടെ ഞാൻ നടന്നു.

ആരും ആരെയും തിരിച്ചറിയാത്തത്ര തിരക്കുകളിൽ പെട്ട ബോംബെ.

ദൂരെ കടലിന്റെ അടങ്ങാത്ത ഓളങ്ങളിൽ ചെറു ബോട്ടുകൾ മുങ്ങിയും പൊങ്ങിയും കാണപ്പെട്ടു

കുറെ നടന്നു തളർന്നപ്പോൾ, ഞാനൊരു ടാക്സി കൈകാട്ടി നിർത്തിച്ചു. കറുത്ത ബോഡിയും മഞ്ഞ ടോപ്പുമുള്ള ഓടി പഴകിയ ഒരു ബോംബെ ടാക്സിയിൽ ഞാൻ കയറി.

ടാക്സി ഡ്രൈവർ എന്നെ പഴയ മില്ലുകളുടെ സ്ഥലത്തൊക്കെ കൊണ്ടുപോകാമെന്ന് വാക്ക് തന്നു.

പലയിസ് റോയൽ, ഇന്ത്യയിലെ ഉയരം കൂടിയ റെസിഡൻഷ്യൽ  ടവർ  കണ്ടു. അമ്പത്തിയാറു നിലകളിലായി അത് മാനം  മുട്ടി നിന്നു…

“പണ്ട്  അത്   ശ്രീറാം മില്ലായിരുന്നു”

ടാക്സി ഡ്രൈവർ പറഞ്ഞു.

അടുത്ത സ്റ്റോപ്പ് ഒരു വലിയ കൺസ്ട്രക്ഷൻ സൈറ്റ് ആയിരുന്നു. വലിയ ബോർഡിൽ ഞാൻ വായിച്ചു.

ഇന്ത്യ ബുൾസ് ബ്ലൂ റെസിഡൻസ്.  പത്തു ഏക്കർ സ്ഥലത്തു സ്വന്തമായി ഫുട് ബോൾ ഗ്രൗണ്ടോടെയുള്ള സൂപ്പർ ലഷ്‌റി റെസിഡൻസ് ഇവിടെ പണിതുയർത്തുകയാണ്..

പണ്ടിതു എഡ്‌വേഡ്‌ മില്ലായിരുന്നു.

പിന്നീട് പാരഗൺ സെന്റർ കണ്ടു,  പണ്ട്  അത്  പാരഗൺ മില്ലായിരുന്നു.

എന്റെ യാത്രയിൽ വീണ്ടും ഇല്ലാതായ മില്ലുകൾ പ്രത്യക്ഷപ്പെട്ടു.

സ്വദേശി മിൽസ്   ഇപ്പോൾ  സ്വദേശി ഗാർഡൻ

സ്റ്റാൻഡേർഡ് മിൽസ്  ഇപ്പോൾ  ബ്യുമോണ്ടെ   ടവർ

സൺ മിൽസ്    ഇപ്പോൾ  ലോകണ്ട്‌വാല  വിക്ടോറിയ

റൂബി മിൽസ്  ഇപ്പോൾ  റൂബി കോർപ്പറേറ്റ് പാർക്ക്

ടോഡി മിൽസ് ഇപ്പോൾ അശോക് ഗാർഡൻസ്

വിക്ടോറിയ മിൽസ്   ഇപ്പോൾ   സമ്മർ ട്രിനിറ്റി

ശ്രീനിവാസ് മിൽസ്   ഇപ്പോൾ  വേൾഡ് വൺ

 

ദൂരെ ഉയർന്നു നിൽക്കുന്ന  വെളുത്ത ചിമ്മിനി കണ്ടു.

അതിൽ എഴുതിയിരുന്നത് വായിക്കാം

“ഹൈ സ്ട്രീറ്റ് ഫീനിക്സ്”

33 ലക്ഷം ചതുരശ്ര അടി വിസ്റ്റർണമുള്ള ഇന്ത്യയിലെ ഏറ്റവും  വലിയ ഷോപ്പിംഗ് മാൾ.

ഷാങ്‌റിലയുടെ പഞ്ച നക്ഷത്ര ഹോട്ടൽ..

ഏഴു തിയേറ്ററുകളുള്ള സിനിപ്ലസ്..

റെസിഡഷ്യൽ ടവർ..

20 ലൈൻ ബോളിങ് സെന്റർ..

ബിഗ് ബസാർ ഹൈപ്പർ മാർക്കറ്റ്..

ഫീനിക്സ് മില്ലിന്റെ ഉടമസ്ഥർ റുയ്യ കുടുംബം തന്നെ ഇതിന്റെയും ഉടയവർ..

മനുഷ്യന്റെ ദുരയുടെ ഗോപുരങ്ങളായി അവയൊക്കെ മേഘങ്ങളെ തഴുകി നില്കുന്നു

ഇവിടെ നീതിമാൻ കൊലചെയ്യപ്പെടുകയും സത്യം കുഴിച്ചു മൂടപ്പെടുകയും ചെയ്യപ്പെടുന്നു.

ഇത് പുതിയ ഇന്ത്യ.  എല്ലാവര്ക്കും  വേണ്ടിയുള്ള   ഇന്ത്യയുടെ   വലിപ്പം കുറയുകയാണ്. എല്ലാവര്ക്കും വേണ്ടിയുള്ള ഇന്ത്യ ഒരു വിദൂര സ്വപ്നം മാത്രമാണെന്ന് തോന്നുന്നു

ധനികർ കൈയ്യേറി വളച്ചുകെട്ടി  ഗേറ്റും  സെക്യൂരിറ്റിയും വെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്കു പൊതു സ്ഥലങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് ഫോട്ടോ ഐഡിയുടെയും ആധാർ പാൻ കാർഡിന്റെയും ലോകം.

സൗത്ത്  ബോംബയിൽ   ഇപ്പോൾ   സാധാ രണക്കാരില്ല.

അവരൊക്കെ പെട്ടിയെടുത്തു  വിരാറിലും  താനെയിലും  പോയി.

നഗരം വളരും തോറും ദൂരെ ദൂരെ പോകാൻ വിധിക്കപ്പെട്ട വിലകുറഞ്ഞ സാധാരണക്കാരുടെ രാജ്യം; കടഞ്ഞെടുത്ത കല്ലാശാരിയെ, വിഗ്രഹപൂജക്കു മുൻപ് അമ്പലത്തിന്റെ പുറം മതിലിനും പുറത്തു നിർത്തുന്നതു പോലെ

അവർ ജോലിക്കാരാണ്. ട്രെയിനിൽ ജോലിക്കു പോയി വൈകിട്ട് തിരിച്ചു പോകുന്ന അധഃകൃതർ !!

പുറം തള്ളപ്പെട്ട  ദരിദ്രരുടെ ഇന്ത്യ.

അവരുടെ കുട്ടികൾക്കു   വെയ്റ്റർ, കുശിനിക്കാരൻ, റിസെപ്ഷനിസ്റ് ഒക്കെ ആവാം, നേഴ്സ്, സെക്യൂരിറ്റി ഗാർഡ് ഒക്കെ ആവാം.

ഒരു ബെഡ്‌റൂം ഫ്ലാറ്റിനു വേണ്ടി 25 വര്ഷം  ലോണടക്കുന്ന ദരിദ്രരുടെ ലോകം..

ജോലി തിരക്കി വിദേശത്തേക്ക് പൊയ്ക്കോളൂ.  മനുഷ്യരാണ് ഈ രാജ്യത്തിൻറെ ഏറ്റവും വലിയ കയറ്റുമതി ചരക്ക്

ഇവിടെ നിനക്ക് അവസരങ്ങളില്ല

ഇപ്പോൾ ഡോക്ടർ സാഹിബിനെ ആരെങ്കിലും ഓർകുന്നുണ്ടെന്നു തോന്നുന്നില്ല. .  പോവായിലെ നിരത്തിൽ വീണ ഡോക്ടർ സാഹിബിന്റെ ചോരപ്പാടുകൾ എത്രയോ മൺസൂണുകൾ വന്നു കഴുകി കളഞ്ഞിരിക്കുന്നു.

ഒരു ഹെപ്റ്റഗൺ അതിന്റെ ഏഴു വശങ്ങളുമായും  ബന്ധപ്പെട്ടു കിടക്കുന്നു.

തോൽവി സമ്മതിച്ചു ഈ മണ്ണിലടങ്ങിയ ലൂയിസ്

എതിരിട്ടു മരിച്ച ഡോക്ടർ സാഹേബ്

നിയമങ്ങളെ വെല്ലുവിളിച്ചു കൊല്ലപ്പെട്ട സില്ലു

നാട് വിട്ടു പോയ മരിയ

ബോംബെ ഉപേക്ഷിച്ച മമ്മി

ഡാൻസ് ബാറുകളിൽ എത്തിപ്പെട്ട ആയിഷ

ഇവരുടെയൊക്കെ വിധിയെഴുതിയ കോർപറേറ്റുകൾ

ധനവാന്മാരേ നിങ്ങൾക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളെ ഓർത്തു ഉച്ചത്തിൽ നിലവിളിക്കുവിൻ.

നിങ്ങളുടെ സ്വർണത്തിനും വെള്ളിക്കും കറ പിടിച്ചിരിക്കുന്നു. ആ   കറ നിങ്ങൾക്കെതിരായ സാക്ഷ്യം ആയിരിക്കും

വേലക്കാർക്ക്  കൊടുക്കാതെ പിടിച്ചു വെച്ച കൂലി  ഇതാ നിലവിളിക്കുന്നു

ലൂയിസ് ഡാഡിയെയും സില്ലുവിനെയും ഈ മണ്ണിലെവിടെയോ കുഴിച്ചു മൂടിയിട്ടുണ്ട്.

നീളൻ  പെട്ടികളെപ്പോലെ ഇലക്ട്രിക് ട്രെയിനുകൾ നിർവികാരമായി തെക്കോട്ടും വടക്കോട്ടും ഓടിക്കൊണ്ടിരിക്കുന്ന ബോംബെ. ഓരോ വാതിലുകൾക്കും  പുറത്തേക്കു തൂങ്ങി കിടക്കുന്ന മനുഷ്യരുടെ കൂട്ടം.

ആ ജനക്കൂട്ടത്തിൽ മരിയയുടെ കൂട്ടുകാരികളുണ്ടാവാം…. സയൻ സ്റ്റേഷനു  പുറത്തേക്ക് ധാരാവി ചേരിയിലേക്ക് ആയിരങ്ങൾ നടന്നു നീങ്ങുന്നു …ഖുഷിയും ഹധീരയും ഗുൽനാറും ആ കൂട്ടത്തിൽ ഉണ്ടാവാം .. ലസ്നയും അയിഷയും ആർസുവും അനഘയും ജീവിച്ചിരിപ്പുണ്ടോ? അതോ ലൂയിസിനെപ്പോലെ, സില്ലുവിനെപ്പോലെ  ഈ  മണ്ണിൽ മറഞ്ഞുപോയോ?

ഇവിടെ പകലെന്നില്ല രാത്രിയെന്നില്ല  യാത്രകൾ തുടരുകയാണ്.

 

എന്റെ കേരളത്തിലേക്കുള്ള മടക്ക യാത്രയിൽ അവിചാരിതമായി ഒരു കൂടിക്കാഴ്ച ഉണ്ടായി.

ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ചിൽ ഞാൻ  ലവിയുമായി  കണ്ടുമുട്ടി.

നാലു വര്ഷങ്ങള്ക്കു മുൻപേ അവൾ ജോലി വിട്ടു പോയിരുന്നു. പിന്നീട് ആദ്യമായി     ഇപ്പോൾ  അവിചാരിതമായി കണ്ടു.

കുശലങ്ങൾക്കു ശേഷം ഞാൻ വാറ്റ്ഫോഡിലെ  മരിയയെ പറ്റി ചോദിച്ചു.

 

“ഓ.. എബി.. രണ്ടു വര്ഷം മുൻപ് മരിയ വീണ്ടും വിവാഹം ചെയ്തു.

ഷി  മാരീഡ് ഹേർ ബോസ്..

അവർ കുറേക്കാലമായി  ഒരുമിച്ചായിരുന്നു …… മരിയക്ക് അവളുടേതായ കാരണങ്ങൾ കാണുമല്ലോ..

ഐ എം  ഹാപ്പി  ഫോർ  ഹേർ…  യു  നോ.. .

ആഫ്റ്റർ ഓൾ,   ഇട്സ് ഹേർ ലൈഫ്”

 

എന്റെ കാതിൽ  ലവി പറഞ്ഞതെല്ലാം കയറിയില്ല

ഞാൻ ചോദിച്ചു

“പീറ്റർ?”

“അറിയില്ല… “

ആ മറുപടിയിലെ  നിസ്സംഗത എന്നെ ദുര്ബലനാക്കി.

ലവി കൂടുതൽ സംസാരിക്കാതെ പിരിഞ്ഞു

 

വാറ്റ്‌ഫോഡിലെ  ആപ്പിൾ മരങ്ങളെ ഞാൻ ഓർത്തു.

എവിടേക്കും പോകാതെ ഇനി എത്രയോ വർഷങ്ങൾ അവ പൂക്കുകയും കായ്ക്കുകയും ചെയ്യും!…..

ആ  ശിഖരങ്ങളിൽ  ഇനിയും   എത്രയോ  ഫലങ്ങൾ   നിറയും ?

അവയിലെത്രയെണ്ണം   അകാലത്തു കൊഴിഞ്ഞു വീഴും?

കൊഴിഞ്ഞു വീഴുന്ന   ആപ്പിളുകൾ   ഒഴിവാക്കാനാവാത്ത   പ്രകൃതി നിയമമാണ്.

ജീവിതങ്ങൾ   പരസ്പരം   ഇടകലർന്ന്   അവസാനിക്കാത്ത   യാത്രകളിലാണ്… അവ   അവസാനിക്കുന്നതേയില്ല.

പറുദീസയിൽ  ഒറ്റപ്പെട്ട  അറിവിന്റെ  വൃക്ഷം,  ഇനിയും  ഋതു ഭേദങ്ങളിൽ തളിർക്കുകയും, പൂക്കുകയും, കായ്ക്കുകയും, ഇല പൊഴിക്കുകയും ചെയ്യും. തുടിഞ്ഞു പോയ  ശിഖരങ്ങളിൽ,  ചുവന്നു തുടുത്ത   പഴങ്ങൾ  നാളെയെന്ന അജ്ഞതയെ പേടിച്ചു തൂങ്ങി കിടക്കുന്നു.

തണുത്തു വിറങ്ങലിക്കുന്ന    രാത്രികളിലും,   മഞ്ഞു പൊടിയുന്ന പ്രഭാതങ്ങളിലും, ഞെടുപ്പു മുറിയുന്ന ചൂളൻ കാറ്റിലും  അവർ   പ്രാർത്ഥിച്ചു:

ഇഴജന്തുക്കളുടെ നാവിലേക്കും,   താന്തോന്നി പക്ഷികളുടെ നഖക്കുരുക്കിലേക്കും ഞങ്ങളെ വിട്ടു കൊടുക്കരുതേ…

 

0 – 0 – 0 – 0 – 0 – 0 – 0 – 0

‘കൊഴിഞ്ഞു വീണ ആപ്പിളുകൾ’  നോവൽ അവസാനിക്കുന്നു

എബി ചാക്സ്

 

Title: Read Online Malayalam Novel Fallen Apples written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കൊഴിഞ്ഞു വീണ ആപ്പിളുകൾ അധ്യായം – 10 : അനുബന്ധം”

  1. “കൊഴിഞ്ഞു വീണ ആപ്പിളുകൾ” is very nice novel 👍
    All 10 chapters are interesting and also It is a combination of Historical,Romantic,cultural and emotional aspects.

Leave a Reply

Don`t copy text!