കൊഴിഞ്ഞു വീണ ആപ്പിളുകൾ
ഗോവയിൽ വളർന്ന പീറ്റർ ഡിസൂസയെയും, ബോംബെയിൽ വളർന്ന മരിയയെയും ഞാൻ ഇംഗ്ലണ്ടിലെ വാറ്റ്ഫോഡിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അവർ പറഞ്ഞു തന്ന അവരുടെ കഥയാണിത് .
അവരിലൂടെ ഞാനറിഞ്ഞ പോർട്ടുഗീസ് ഗോവയുടെയും, ബോംബെ ടെക്സ്സ്റ്റൈൽ തൊഴി ലാളി സമരത്തിന്റെയും, ജീവിക്കാനുള്ള ഓട്ടത്തിൽ ശിഥിലമായിപ്പോകുന്ന പ്രവാസികളുടെ കുടുംബബന്ധങ്ങളുടെയും കഥകൾ……
എബി ചാക്സ്
***************
അധ്യായം – 8 : അമ്മയുടെ ദുഃഖം
“ഹലോ മമ്മ .. ഹലോ ഡാഡി …”
മെയിൻ ഡോർ തുറന്നു ഒരാൾ അകത്തേക്ക് വന്നു. അത് നിക്സൺ ആണെന്ന് ഞാൻ ഊഹിച്ചു
“കം നിക്സൺ .. നീ എന്താ വൈകിയത്?”
“സോറി മമ്മി.. “
അവൻ മരിയയെ കെട്ടിപിടിച്ചു ഉമ്മ വച്ചു.
“ഓഫീസിൽ നിന്നിറങ്ങാൻ വൈകി”
“നോ വറീസ് .. “
മരിയ തിരിഞ്ഞു എന്നെ പരിചയപ്പെടുത്തി
“ദിസ് ഈസ് എബി .. ഹി കംസ് ഫ്രം ലവി ആന്റി ..”
നിക്സൺ എന്റെ കൈപിടിച്ചു കുലുക്കി ..
“ഹലോ മിസ്റ്റർ എബി .. നൈസ് ടു മീറ്റ് യു”
നിക്സൺ കുറെ കുശലങ്ങൾ ചോദിച്ചു.
ഇതിനിടെ അയാൾ കിച്ചൻ ക്യാബിനറ്റിൽ നിന്നും ഒരു ഗ്ലാസ്സെടുത്തു വൈൻ ഒഴിച്ചു
“ചിയേർസ്”
“വെയിറ്റ് .. വെയിറ്റ്..”
മരിയ പറഞ്ഞു
“പോർ എ ബിറ്റ് ഇൻ ഔർ ഗ്ലാസ്സസ്”
നിക്സൺ ഞങ്ങൾക്കും കുറേശ്ശേ വൈൻ ഒഴിച്ചു
“ചിയേർസ്..”
മരിയ പറഞ്ഞു
“ചീയേർസ് ..”
ഞങ്ങൾ മൂന്നാളും പ്രതികരിച്ചു.
സംസാരങ്ങൾക്കിടയിൽ പീറ്റർ ചോദിച്ചു
“നിക്സൺ .. അമോയി എവിടെ?”
അവൻ ഒരു നിമിഷം നിശബ്ദനായി. എന്നിട്ട് പറഞ്ഞു
“അമോയി വന്നില്ല.. അവൾ ബ്രിക്സ്റ്റണിൽ ഒരു കസിന്റെ പാർട്ടിക്കു പോയി”
“മമ്മി..” അവൻ പെട്ടെന്ന് വിഷയം മാറ്റി.
“കെന്നഡി ഈസ് വെയ്റ്റിംഗ് അറ്റ് ദി പബ്ബ്”
“എനിക്ക് മാഞ്ചസ്റ്ററിന്റെ കളി കാണണം..”
നിക്സൺ മാഞ്ചെസ്റ്ററിന്റെ ഫാൻ ആണ്. കെന്നഡി ലിവർപൂളിന്റെയും..
“ഇന്ന് ചിക്കൻ കറി സ്പെഷ്യലാണ് .. ഡിന്നർ ഇവിടെയാണ് ഓർത്തോണം”.
മരിയ ഓർമപ്പെടുത്തി
“ഷുർ മമ്മി.. കളി കഴിഞ്ഞാലുടനെ ഞങ്ങളെത്തും”
നിക്സൺ പോകുന്നതിനു മുൻപ് എന്നോട് ചോദിച്ചു.
“ഇന്നിവിടെ സ്റ്റേ ചെയ്യുമോ?”
“ഇല്ല .. നാളെ രാവിലെ ഒരു ഫ്രണ്ടിനെ കാണേണ്ടതുണ്ട്. ഞാൻ 9.30 ട്രെയിനിനു തിരിച്ചു പോകും”
“ഗെയിം തീരുമ്പോഴേക്കും വൈകും .. ചിലപ്പോൾ നമ്മൾ കണ്ടെന്നു വരില്ല.. സൊ യു ടേക് കെയർ.”
“താങ്ക് യൂ നിക്സൺ .. ഇറ്റ് വാസ് ഇൻഡീഡ് നൈസ് ടു മീറ്റ് യു”
“ഓക്കേ…ദൻ.. ഐ മെയ്ക് എ മൂവ്…. യു എൻജോയ് ലണ്ടൺ”
ബാക്കി വൈനും ഒരു വലിയ കവിളിൽ കുടിച്ചു നിക്സൺ ധൃതിയിൽ പബ്ബിലേക്കു പോയി.
“സ്മാർട്ട് ബോയ് …”
നിക്സൺ പുറത്തേക്കു പോകുന്നത് നോക്കി ഞാൻ പറഞ്ഞു..
“നിക്സനു പേരിട്ടതും പീറ്റർ ആണോ?”
“തീർച്ചയായും പീറ്ററാണ്.” മരിയ പറഞ്ഞു
“ഒരാൾക്ക് അമേരിക്കൻ പ്രസിഡന്റിന്റെ പേര് കൊടുത്തിട്ട് അടുത്തയാൾക്കു എങ്ങിനെയാണ് ചെറിയ ഏതെങ്കിലും പേര് കൊടുക്കുന്നത്? കുട്ടികളെല്ലാവരും നമുക്കൊരുപോലെയല്ലേ. അതുകൊണ്ടു ഞാൻ പീറ്ററോട് പേര് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു.”
മരിയ തിരിഞ്ഞു പീറ്ററോട് ചോദിച്ചു
“വാഷിങ്ടൺ മുതൽ റീഗൻ വരെ 40 പേരുകളുണ്ടായിരുന്നു. എങ്ങിനെയാണ് നിക്സൺ കിട്ടിയത്?”
പീറ്റർ തന്റെ വൈൻ കുടിച്ചു തീർത്തു.
“43 വയസ്സിൽ പ്രസിഡന്റായ ആളാണ് കെന്നഡി. ഏറ്റവും പ്രായം കുറഞ്ഞ ആൾ. റൊമാന്റിക് ആൻഡ് ചാർമിങ്
“പക്ഷെ നിക്സൺ ആണ് വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച പ്രസിഡന്റ്. റഷ്യയും ചൈനയുമായി സമാധാനത്തിനു ശ്രമിച്ച ആൾ. അതാണ് നിക്സനെ തിരഞ്ഞെടുത്തത്.”
മരിയ ചിരിച്ചു..
“ഇത് എനിക്കിപ്പോളാണ് പിടി കിട്ടിയത്”
“നോക്കു പീറ്റർ.. നിക്സന്റെ മുഖം ശ്രദ്ധിച്ചോ? അമോയി ഇന്ന് കൂടെ വന്നില്ല.. എന്തോ പന്തികേടുണ്ട്”
“ഞാനെന്താണ് പറയുക മരിയ.. അവർ അവരുടെ ജീവിതം തിരഞ്ഞെടുത്തു അവർക്കു തോന്നിയതു പോലെ പോകുന്നു. നമുക്ക് അതിൽ ഇടപെടാൻ എന്ത് അവകാശം? നമ്മളോട് ചോദിച്ചിട്ടാണോ അവൻ ഒരു ജമൈക്കൻ പെണ്ണിനെ കൂടെ കൂട്ടിയത് ?”
മരിയ അമോയിയെ പറ്റി പറഞ്ഞു
ഒരു സ്പോർട്സ് ഇവന്റിൽ വെച്ചാണ് നിക്സൺ അമോയിയെ കണ്ടുമുട്ടുന്നത്. ജമൈക്കക്കാർ പൊതുവെ സ്പോർട്സിൽ മുൻപിലാണ്. നിക്സനും ഒരു സ്പോർട്സ് പേഴ്സൺ ആണ്.
അവരുടെ കൂട്ടിമുട്ടൽ സൗഹൃദമായി.
അത് വളർന്നു മറ്റെന്തെക്കെയോ ആയി. രാവിലെ ഓട്ടം ഒരുമിച്ചായി. മൂവീസ്, ഫാസ്റ്റഫുഡ്, പബ്ബ് ..
എത്ര പെട്ടെന്നാണ് അവർ ഒരുമിച്ചു താമസിക്കാൻ തുടങ്ങിയത്. കഴിഞ്ഞ തവണ അവർ വന്നപ്പോൾ അവർക്കു തമ്മിൽ തൊടാതെ ഇരിക്കുവാൻ പറ്റുമായിരുന്നില്ല.
അമിയയുടെ മാതാപിതാക്കൾ താമസിക്കുന്നത് ബ്രക്സ്സ്റ്റനിലാണ് . കഴിഞ്ഞ മാസം നിക്സൺ അവരെയും സന്ദർശിച്ചു ..
ഒരു ദിവസം അവൻ അമിയയുമായി വന്നിരുന്നു . മരിയയെയും പീറ്ററെയും കാണിക്കാൻ കൊണ്ട് വന്നതാണ്.
അവർ ഇരുവരുടെയും ചലനങ്ങൾ, നോട്ടം, സ്പര്ശനം, ചുംബനം ഒക്കെ പിരിയാൻ വയ്യാത്ത കമിതാക്കളുടേതായിരുന്നു
അവർ പോയതിനു ശേഷം, മരിയ ദുഖിതയായിരുന്നു.
“എന്താണ് മരിയ?”
“എന്ത് പറയാനാണ്.. കുട്ടികൾ ഓരോ വഴിക്കു പോകുന്നു.അവരുടെ വഴികളും, നമ്മുടെ വഴികളും തമ്മിൽ ദൂരം കൂടി കൂടി വരുന്നെന്നൊരു തോന്നൽ”
പീറ്റർ എഴുന്നേറ്റു
“എബി .. മരിയ.. നിങ്ങൾ സംസാരിച്ചിരിക്കു.. ഞാനൊന്ന് കുളിച്ചു തയ്യാറായി വരാം. എന്നിട്ടു ഡിന്നർ എടുക്കാം”
പീറ്റർ അകത്തേക്ക് പോയി
ഞാൻ മരിയ യോട് ചോദിച്ചു..
“ഇളയ ആളെ കണ്ടില്ലല്ലോ.. ലെനിൻ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നോ?”
“വരാമെന്നു പറഞ്ഞിരുന്നു. ഇത്ര സമയമായല്ലോ..ഇനി വരുമോ.. ആവൊ അറിയില്ല.”
മരിയയുടെ മുഖത്ത് ഒരു ശോക ഭാവം ഉറഞ്ഞു കിടന്നു. ഞാൻ മരിയയുടെ കൈകളിൽ എന്റെ കൈ അമർത്തിപ്പിടിച്ചു ചോദിച്ചു
“മരിയയുടെ ഉള്ളിൽ ഒരു അമ്മയുടെ ദുഃഖം ഉണ്ടല്ലേ?”
മരിയ പെട്ടെന്ന് ദുർബല യായതു പോലെ തോന്നി. കണ്ണുകൾ ഈറൻ അണിയുന്നത് ഞാൻ കണ്ടു
“ചിലപ്പോൾ വിചാരിക്കും… ഈ ഓട്ടമൊക്കെ എന്തിനാണെന്ന് .. ഇല്ലാത്ത എന്തിന്റെയോ പിറകെ ഓടുകയാണ് നാമെല്ലാം
“നോക്കൂ … കെന്നഡി എത്ര ദൂരേക്ക് പോയി? അവന്റെ ലോകത്തു ഡാഡിയും മമ്മിയും ഉണ്ടെന്നു തോന്നുന്നതേയില്ല. ഒരു കാലത്തു മമ്മിയില്ലാതെ ഒരു കാര്യവും പറ്റാത്ത ഒരു കുട്ടിയായിരുന്നു.
“ജോലിയും ശമ്പളവുമായപ്പോൾ കൂട്ടുകൂടാൻ കുറെ ഇംഗ്ലീഷുകാരോക്കെ വരും.
ആർക്കാണറിയുന്നതു ഇത്ര വരെ എത്തിയ കഥകൾ..
അതിനു വേണ്ടി ചെയ്യേണ്ടി വന്ന ത്യാഗങ്ങൾ..
ഇഷ്ടമില്ലാഞ്ഞിട്ടും കുട്ടികൾക്ക് വേണ്ടി ചെയ്ത അനവധി കാര്യങ്ങൾ..
ഒക്കെ ഇപ്പോൾ ആർക്കും അറിയില്ല ..
“അവന്റെ ഡാഡി ജോലി ചെയ്യാതായിട്ടു വര്ഷങ്ങളായി. മരണത്തിൽ നിന്ന് രക്ഷപെട്ടു വന്ന മനുഷ്യനാണ് പീറ്റർ. കുറച്ചു പൗണ്ട്സ് അവനു മാസം തോറും കൊടുത്തു കൂടേ .. ഞാൻ ചോദിക്കുന്നില്ല.. കാരണം മാതാപിതാക്കളെ സപ്പോർട്ട് ചെയ്യുന്നത് ഇംഗ്ലണ്ടിന്റെ രീതിയല്ല..
“നിക്‌സൺ.. അവനിന്നു വന്നപ്പോൾ മുഖത്ത് ഒരു തെളിച്ചവുമില്ല. അവനും എനിക്കറിയാത്ത ഏതോ ഒരു ലോകത്തു തടവിലാണെന്നാണ് എനിക്ക് തോന്നുന്നത്.
“ആ ജമൈക്കൻ പെണ്ണിന്റെ പിറകെ അവൻ പോയി. ആർക്കറിയാം അവളുടെ കഥകൾ എന്താണെന്ന്. ആരുടെ കൂടെയാണ് അവൾ ഇതിനു മുൻപ് താമസിച്ചിരുന്നത് ?
ഒരിക്കൽ ഞാൻ ധൈര്യപ്പെട്ട് നിക്സനോട് ചോദിച്ചു.
“നിക്സൺ.. നിനക്കൊരു ഇന്ത്യൻ പെണ്ണിനെ കണ്ടുകൂടേ ?
“അവൻ അത് വലിയ പ്രശ്നമാക്കി എടുത്തു. ഞാൻ അവന്റെ മമ്മിയല്ലേ.. ഡയപ്പറും കെട്ടിച്ചു ഇത്ര വളർത്തിയത് ഞാനല്ലേ?
“അമോയ് കറുത്തവളായതു കൊണ്ടാണ് ഞാൻ എതിര് നിൽക്കുന്നതെന്ന് അവൻ ഒച്ചയിട്ടു.
“ഞാനൊരു റേസിസ്റ് ആണെന്ന് അവൻ അട്ടഹസിച്ചു.
“ഞാൻ റേസിസ്റ് ആണോ? എന്റെ ജീവിതത്തിന്റെ ഒരു ഏട് പോലും ഈ കുട്ടികൾക്ക് മനസ്സിലാവില്ല. ബോംബയിലെ ഒരു മില്ലു തൊഴിലാളിയുടെ മകളായി ഒരു ചാലിൽ താമസിച്ചിരുന്നത് എങ്ങിനെയായിരുന്നു എന്നിവർക്കു ചിന്തിക്കാൻ പോലും കഴിയുമോ?
‘ഞാനും എല്ലാവരെയും പോലെ സ്വാർത്ഥയാണ് എബി..
“എന്റെ ഒരു മരുമകളെങ്കിലും ഇന്ത്യയിൽ നിന്നായിരുന്നെങ്കിൽ എന്ന് ഞാനെന്നും പ്രാർത്ഥിക്കും. സൈന്റ്റ് ലോറെൻസിനോട് എന്തൊക്കെയാണ് ഞാൻ ചോദിക്കേണ്ടത്?
“ഒരു ബോംബെ പെൺകുട്ടിയെ മരുമകളായി കിട്ടിയിരുന്നെങ്കിൽ..
ഞാൻ പീറ്ററോട് പറയുമ്പോൾ അതിനു പീറ്ററിന്റെ മറുപടി ഇങ്ങനെയായിരിക്കും
“സ്വന്തം ആഗ്രഹങ്ങളൊന്നും കുട്ടികളുടെ മേൽ കെട്ടിവെക്കരുത് മരിയ…. അതവർ നൽകില്ല പിന്നെ അതിന്റെ പേരിൽ വെറുതെ നിരാശപ്പെടേണ്ടി വരും”
ഒരു വീട്ടിൽ പല സ്വപ്‌നങ്ങൾ കാണുന്നവരാണ് ഇവിടെ.
മാതാപിതാക്കളുടെ ആഗ്രഹങ്ങൾ, മക്കളുടെ പ്രശ്നമല്ല.
സത്യമാണ് ..അവർക്കു അവരുടേതായ ജീവിതമുണ്ട്
ഞാൻ ഖലീൽ ജിബ്രാന്റെ വരികൾ ഓർമ്മിച്ചു
നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കളേയല്ല
ജീവിതത്തെ കൊതിക്കുന്ന ജീവിതത്തിന്റെ തന്നെ മക്കളാണ്
അവർ നിങ്ങളിൽ നിന്നല്ല നിങ്ങളിലൂടെ വന്നവരാണ്
അവർ നിങ്ങളുടെ കൂടെയുണ്ടെങ്കിലും അവർ നിങ്ങൾക്കു സ്വന്തമല്ല
“കെന്നഡി കണ്ടതു വെൽഷ് പെണ്ണിനെ.
“നിക്സൺ കണ്ടത് ജമൈക്കനെ
“ലെനിൻ ??
“ലെനിന്റെ കാര്യത്തിലും ഒരുറപ്പും പ്രതീക്ഷയും വേണ്ടാന്നു തോന്നുന്നു.
“സിറ്റി യൂണിവേഴ്സിറ്റിയിലാണ് ലെനിൻ പഠിക്കുന്നത്. വലിയ ചരിത്രമുള്ള യൂണിവേഴ്സിറ്റി ആണ്. “
മരിയ എന്നോട് ചോദിച്ചു
“അവിടെ പഠിച്ച മൂന്നു പേരെ എബിക്ക് അറിയാമായിരിക്കാം ..”
“ഞാനറിയുന്ന മൂന്ന് പേരോ ? “
മരിയ ചിരിച്ചു..
“ശരിയാണ്.. ഇന്ത്യക്കാരൊക്കെ അറിയുന്ന മൂന്നു പേർ “.
“ആരാണ്??” ഞാൻ തോൽവി സമ്മതിച്ചു
“ഗാന്ധി .. നെഹ്‌റു .. ജിന്ന…”
“ശരിക്കും?”
“ശരിക്കും.”
∞ ∞ ∞ ∞ ∞ ∞ ∞ ∞ ∞ ∞ ∞ ∞
(തുടരും ….) അടുത്ത ലക്കം : യാത്രകൾ അവസാനിക്കുന്നില്ല
എബി ചാക്സ്
Title: Read Online Malayalam Novel Fallen Apples written by Aby Chacs
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission