Skip to content

കൊഴിഞ്ഞു വീണ ആപ്പിളുകൾ അധ്യായം – 2 : കാനകോനയിലെ അപ്പായി

fallen apples

കൊഴിഞ്ഞു വീണ ആപ്പിളുകൾ

ഗോവയിൽ വളർന്ന പീറ്റർ ഡിസൂസയെയും, ബോംബെയിൽ വളർന്ന മരിയയെയും ഞാൻ ഇംഗ്ലണ്ടിലെ വാറ്റ്‌ഫോഡിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അവർ പറഞ്ഞു തന്ന അവരുടെ കഥയാണിത് .  അവരിലൂടെ ഞാനറിഞ്ഞ പോർട്ടുഗീസ് ഗോവയുടെയും, ബോംബെ ടെക്സ്സ്റ്റൈൽ തൊഴി ലാളി സമരത്തിന്റെയും, ജീവിക്കാനുള്ള   ഓട്ടത്തിൽ ശിഥിലമായിപ്പോകുന്ന പ്രവാസികളുടെ കുടുംബബന്ധങ്ങളുടെയും കഥകൾ……

എബി  ചാക്സ്

***************

 

അധ്യായം – 2 : കാനകോനയിലെ അപ്പായി

ചായ  കുടിച്ചുകൊണ്ടിരുന്നപ്പോൾ പീറ്റർ വാറ്റ്ഫോഡിൽ എത്തിയതിനെ പറ്റി പറഞ്ഞു

 

“ഈ  വീട് ഞാൻ മേടിച്ചിട്ടു 26 വർഷങ്ങളായി ..കെന്നടിക്കു അന്നു  ഒരു വയസ്സ് പ്രായം. കെന്നഡി എന്റെ മൂത്ത മകനാണ്

 

ഈ വീട് വാങ്ങാൻ അന്ന് അത്ര വിലയൊന്നുമായില്ല; പക്ഷെ പണത്തിന്റെ ദാരിദ്ര്യം അന്നുമുണ്ട്. ഗോവയിലെ സ്ഥാലം വിറ്റതും,  ഉണ്ടായിരുന്ന സ്വർണം വിട്ടതുമൊക്കെ ഒക്കെ കൂട്ടിയിട്ടും കുറെ വിഷമിച്ചു.  എങ്ങിനെയൊക്കെയോ ആദ്യത്തെ ഗഡു അടച്ചു ലോൺ  താരമാക്കി എന്നു പറഞ്ഞാൽ മതിയല്ലോ ”

 

പീറ്റർ തുടർന്നു

ഞങ്ങൾ ആദ്യം ഈസ്റ്റ് ലണ്ടണിൽ ആയിരുന്നു. അവിടുത്തെ ജീവിതം അത്ര സേഫ് ആയിരുന്നില്ല. പൊതുവെ ഇംഗ്ലീഷുകാരുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു കളേർഡ് ആയവരോട് പൊതുവായുള്ള പ്രശ്നങ്ങൾ തന്നെ.  ഇന്ത്യനും, പാക്കിയും, ബംഗാളിയും  ഒക്കെ ഒരുപോലെ ആണ് അവർക്ക്

 

തല മൊട്ടയടിച്ചവന്മാർ ഒരുമിച്ചു വന്ന്  എന്തെങ്കിലും അതിക്രമം കാണിക്കും ..അവരുടെ കണ്ണിൽ നമ്മൾ ഇപ്പോഴും കൂലികളാണ്. പുറത്തു കാണിക്കുകയില്ലെങ്കിലും ഉള്ളിൽ അതൊക്കെ ഉണ്ട്.

 

നോക്കു നമ്മുടെ നാട്ടിലെ  താഴ്ന്നവരുടെ കാര്യം. പുറത്തു പറയില്ലെങ്കിലും അതൊക്കെ ഉണ്ട്

ഹിന്ദുക്കളിൽ ജാതിയുള്ളതു നമുക്ക് മനസിലാക്കാം. പക്ഷെ  ക്രിസ്ത്യാനികളിൽ എങ്ങിനെയാണ് കീഴ്ജാതിക്കാർ ഉണ്ടാവുന്നത് ?

 

ബ്രിക്ക് ലൈനിൽ എനിക്ക് അടിയൊന്നും കിട്ടിയിട്ടില്ല.. എന്നാലും ഒറ്റക്കു   പോകുമ്പോൾ ഒരു പേടിയുണ്ടായിരുന്നു.

 

എന്റെ സുഹൃത്തിന്റെ കടയിൽ അവർ കല്ലെറിഞ്ഞു .. ഒരു കല്ല് അയാളുടെ മുഖത്തു കൊണ്ടു .. മുൻനിരയിലെ രണ്ടു പല്ലു അവിടെ തെറിച്ചു വീണു.

 

അയാൾ, ഷൗക്കത്ത് അതാണ് അയാളുടെ പേര്, കുറേക്കാലം ആ കല്ല് കടയിൽ തന്നെ സൂക്ഷിച്ചിരുന്നു. ഞാൻ അവിടെ ചെല്ലുമ്പോഴൊക്കെ ആ കല്ലെടുത്തു കാണിക്കും. ” ഈ കള്ളന് എന്റെ മുന്നിലെ രണ്ടു പല്ലു ഇടിച്ചു വീഴ്ത്തിയത്”

 

എന്തിനാണ് ഷൗക്കത്തെ ഇത് സൂക്ഷിച്ചു വച്ചിരിക്കുന്നത് ?

 

ഓർമ്മക്ക് .. ഈ  കല്ല് കാണുമ്പോൾ ഞാൻ ഇവിടെ പരദേശി ആണെന്ന് ഓർമ  വരും. ഇവിടെ പൗണ്ട് കിട്ടും; നമ്മുടെ നാട്ടിലേ നമുക്ക് വിലയുള്ളൂ

 

ഷൗക്കത്തിന്റെ കണ്ടിട്ട് ഇപ്പോൾ  കുറേ ആയി

 

അങ്ങിനെയാണ് ഞാൻ പുതിയൊരു വീട് തപ്പാൻ തുടങ്ങിയത്. തിരക്കി തിരക്കി ഒടുവിൽ ഞങ്ങൾ വാറ്റ്ഫോഡിൽ  ഈ വീട് വാങ്ങിച്ചു.

 

ഷൗക്കത്തിനെ കണ്ടിട്ട് കുറെയായി. എങ്ങിനെ കാണാൻ? ഇപ്പോൾ ഞാനെവിടെയും പോവാറില്ല ..മരിയയുടെ കൂടെ ഷോപ്പിംഗിനു പോകും അത് തന്നെ യാത്ര. ഇന്ത്യയിലേക്കു പോകണമെന്നു ചിലപ്പോൾ ആഗ്രഹിക്കും.

 

ഗോവയിലും ബോംബായിലുമൊക്കെ ഒന്നുകൂടി യാത്ര ചെയ്യണം. പണ്ട് യാത്ര ചെയ്ത വഴികളിലൂടെ ഒരിക്കൽ കൂടി പോകണം ..

 

പക്ഷെ ഇനി നടക്കുമെന്ന് തോന്നുന്നില്ല. മനുഷ്യൻ   ജോലിയിൽ നിന്ന് വിരമിക്കുന്നതു മുതൽ   ഓരോ ദിവസവും   അവന്റെ   ആത്മ വിശ്വാസം   കുറഞ്ഞു വരുന്നു.   ഇതൊരു സത്യമാണ്.   ആരോഗ്യം കുറയുന്നു..   വരുമാനം ഇല്ലാതാവുന്നു..   കൂട്ടിനു ആളുകൾ ഇല്ലാതാവുന്നു..

 

പീറ്റർ നിശബ്ദനും ചിന്താകുലനുമായി പുറത്തേക്കു നോക്കിയിരുന്നു.

 

ജനൽ പാളികളിലെ   കനം കുറഞ്ഞ  ലൈസിട്ട വെളുത്ത കാർട്ടനുകൾക്കപ്പുറത്തു തടിയിൽ പണിത  അതിർവേലി കാണാമായിരുന്നു.

 

പീറ്ററിന്റെ അപ്പായിയെ പ്പറ്റി പറയൂ ..നിശബ്ദത നീണ്ടു പോയപ്പോൾ ഞാൻ ചോദിച്ചു

 

പീറ്റർ ഓര്മയിലെവിടെയോ കുടുങ്ങിപ്പോയിരുന്നു . എന്റെ ചോദ്യം കേട്ട് അദ്ദേഹം ഉണർന്നു

 

ഞങ്ങളുടെ വീട് ഗോവയിൽ …. തെക്കൻ ഗോവയിൽ കാനകോനയിൽ ആയിരുന്നു. പീറ്റർ സംസാരിച്ചു തുടങ്ങി

 

.. എന്റെ അപ്പായി … ഫ്രാൻസിസ് സർ, അങ്ങിനെയാണ് അദ്ദേഹത്തെ നാട്ടുകാർ വിളിച്ചിരുന്നത്..പൊതുവെ ജനസമ്മതനും  പൊതുകാര്യങ്ങളിൽ ഇടപെടുന്ന ആളുമായിരുന്നു. പള്ളിയുടെ സ്കൂളിൽ ടീച്ചർ ആയിരുന്നത് കൊണ്ട് പള്ളിക്കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു.

 

എല്ലാ വിശ്വാസികളെയുംപോലെ  അപ്പായി പറയുമായി രുന്നു.

 

പോർട്ടുഗീസുകാർ നമുക്ക് ജീസസിനെ തന്നു..

തുളസി ച്ചെടിയെ പൂജിച്ചു നടന്ന ഈ നാട്ടുകാർക്ക് വെളിച്ചം നൽകി.

അവരെ എതിർത്താൽ നാടിനു  ദൈവ കോപം ഉറപ്പാണ്.

ഖദർ തൊപ്പിക്കാർ ഈ നാട് നശിപ്പിക്കും.

 

ഗോവയുടെ  ഏറ്റവും വലിയ   ശാപം പുരുഷോത്തം കാകോദ്കറെ പ്പോലെയുള്ളവരായിരുന്നു.

 

അവർ ജനങ്ങളെ ഇളക്കിവിടുന്നു; കുറെ ചെറുപ്പക്കൊരൊക്കെ ഗാന്ധി, നെഹ്‌റു എന്നൊക്കെ പറഞ്ഞു പോർട്ടുഗീസ്‌കാർ 450 വര്ഷം കൊണ്ടേ ഉണ്ടാക്കിയതൊക്കെ തകർക്കാൻ ശ്രമിക്കുന്നു

 

ഹാരോൾഡിന്റെ  മുൻപേജുകളിൽ  അച്ചടിച്ചു വരുകയും  അതൊക്കെ ആവേശപൂർവം  വീട്ടിലെ സദസ്സിൽ  അപ്പായി  ഉറക്കെ  വായിക്കുകയും പതിവായിരുന്നു.

 

പക്ഷെ ഓരോ ദിവസവും പ്രശ്നങ്ങൾ കൂടിക്കൂടി വന്നു.

 

മാർഗാവിലെ ആശ്രമത്തിൽ രാജ്യ ദ്രോഹികൾ ഒത്തുകൂടി ഓരോരോ കുടില തന്ത്രങ്ങൾ മിനഞ്ഞെടുത്തു  കൊണ്ടിരുന്നു

 

ഞങ്ങളുടെ വീട്ടിലെ സദസ്യരിൽ ഏറ്റവും അറിവ് കുറഞ്ഞ ആൾ  ജോകിം ആണെന്ന്  അപ്പായി   ഇടയ്ക്കിടെ   പറയും.

 

ജോക്കിം ഇടക്കിടെ ഓരോരോ സംശയങ്ങളുമായി ഇടപെടും

 

ഫ്രാൻസിസ് സർ… നമ്മൾ ലിസ്ബണിൽ പോയാൽ നമുക്കും അവരെ പോലെ വെള്ളക്കാരാവാൻ പറ്റുമോ?

 

ജോക്കിം നന്നേ കറത്തിട്ടാണ് ..എത്ര സോപ്പിട്ടു  ഉരച്ചു തേച്ചിട്ടും കറപ്പ് കൂടുതൽ തെളിയുന്നതല്ലാതെ ഒട്ടും വെളുക്കുന്നുണ്ടായിരുന്നില്ല. പള്ളിയിലെ പെണ്ണുങ്ങൾക്ക് വെളുത്തവരോടാണ് പ്രിയം കൂടുതൽ എന്ന് ജോക്കിമിനു നന്നായറിയാമായിരുന്നു

 

ഫ്രാൻസിസ് സർ .. പോർട്‌ഗിസ്‌ കത്തലിക്‌സും പഠിച്ചവരും ഒക്കെ എന്തിനാണ് സമരം  ചെയ്യുന്നത്.. നമ്മുടെ ആളുകൾക്കെങ്കിലും വിവരം വേണ്ടേ..ക്രിസ്ത്യൻസ്‌ പോര്ടുഗ്‌സിന്റെ കൂടെ നിൽക്കണ്ടേ ?

 

ഫ്രാൻസിസ് സർ … ലണ്ടനിലെ  പെണ്ണുങ്ങളാണോ ലിസ്ബണിലെ പെണ്ണുങ്ങളോ സുന്ദരികൾ?

 

സർ.. ഇൻക്വിസിഷൻ ഇൻക്വിസിഷൻ എന്ന് പറഞ്ഞു കുറെപ്പേർ  പറയുന്നുണ്ടല്ലോ? എന്താണത്?

 

അത് പഴയ കാലം ജോക്കിം … അതൊക്കെ നിർത്തിയിട്ടു നൂറ്റിനാല്പതു വർഷങ്ങൾ കഴിഞ്ഞു.

 

അതെന്തായിരുന്നു സർ

 

ഇവിടെയൊക്കെ ആളുകളോട്   ജീസസിന്റെ സത്യം പറഞ്ഞു പഠിപ്പിച്ചു മിഷനറിമാർ. ചിലർക്ക് കുരിസും വേണം; വീട്ടിൽ പൂജയും വേണം. ചിലർക്ക് റൊസാരിയും വേണം കൂടെ തുളസിയും ചന്ദനവും വേണം. അപ്പോളാണ്  അതിനു ശിക്ഷാവിധികൾ കൊണ്ടുവന്നത്..

 

ശിക്ഷ എന്തൊക്കെയായിരുന്നു സർ…

 

ചെറിയ കുറ്റത്തിന് ചെറിയ ശിക്ഷ. വലുതിന് വലിയ ശിക്ഷ..

 

പക്ഷെ മനുഷ്യനെ പച്ചക്ക് തീ കൊളുത്തീന്നും കേൾക്കുന്നുണ്ട് .. സർ ചക്രത്തിൽ കെട്ടി വട്ടം കറക്കുമായിരുന്നെന്നും പറയുന്നു

 

ഒരു കുഴപ്പവുമില്ല..നിയമം അനുസരിച്ചാൽ ആർക്കും കുഴപ്പവുമില്ല

 

പക്ഷെ കുഞ്ഞുങ്ങളെ തീയിലിട്ടെന്നും കേൾക്കുന്നു.. എന്തായാലും കുഞ്ഞുങ്ങളോട് അങ്ങിനെ ജീസസ് പോലും ചെയ്യില്ല .. കഷ്‍ടം

 

ഫ്രാൻസിസ് സർ.. മതനിന്ദ ചെയ്യുന്നവരെ തീയിൽ ചുടാൻ ബൈബിളിൽ പറഞ്ഞിട്ടുണ്ടോ ?

 

ഫ്രാൻസിസ് സർ .. ഹിന്ദുക്കള് തുളസി നട്ടാൽ ആർക്കെന്തു ചേതം ? ജീസസിന് തുളസിയോട് എന്താ വിരോധം ?

 

കുറെ ചോദ്യങ്ങൾ കെട്ടുകഴിയുമ്പോൾ ഫ്രാൻസിസ് സാറിന് ദേഷ്യം വരും.

 

ജോക്കിം .. നീ വായ മൂട് .. ഒരു ദിവസം കൊണ്ട്  എല്ലാത്തിനും ഉത്തരം കിട്ടില്ല. വായിക്കണം ..ഫെന്നി  കുടിച്ചു കിറുങ്ങി നടന്നാൽ പോരാ ..

 

തെരിക്കോൾ കോട്ടയിൽ ആക്രമണമുണ്ടായി..ഗോവയെ എല്ലാ വശങ്ങളിൽ നിന്നും കടന്നു കയറാൻ കന്നടക്കാരും മറാട്ടികളും ശ്രമിക്കുന്നതിനെ പ്പറ്റി വീണ്ടും സദസ്സു  കൂടി.

 

ആയിടെ അപ്പായി ഇസ്കൂളിൽ നിന്നു പിരിഞ്ഞു .. വീട്ടിലെ   സഭകളുടെ ദൈർക്യം കൂടിവന്നു. കൂടെ ഫെന്നിക്കുപ്പികളുടെ ചിലവും ..

55 ൽ വീണ്ടും പ്രശ്നങ്ങൾ കൂടി.

 

അതിർത്തിയിലൂടെ ആയിരക്കണക്കിന് ആളുകൾ ഗോവ ബോർഡർ കടന്നു വന്നു.

 

പോലീസും പട്ടാളവും നല്ല പോലെ അവരെ കൈകാര്യം ചെയ്തു. വെടിവെച്ച് 22 കലാപകാരികളെ കൊന്നു. ഇരുനൂറിലധികം പേർ ചന്തിയിൽ അടികൊണ്ട് കൂട്ടയോട്ടമോടി..

 

ആ ദിവസം അപ്പായി  വിസ്കി  പൊട്ടിച്ചു  ആഘോഷിച്ചു .

 

ചെവി യോർത്തു നിന്ന എനിക്ക് പേടിയുണ്ടായിരുന്നു .. ആരെങ്കിലും അപ്പായിയെ ഉപദ്രവിക്കുമെന്നും ഞാൻ ഭയപ്പെട്ടു.

 

ആയിടെക്കു കാനകോന യിൽ നിന്ന് ഒരു ശോഭാ മനോഹർ പിടിക്കപ്പെട്ടു. അന്ഗാടി യിൽ കലാപകർക്കു ക്യാമ്പ് നടത്തുകയായിരുന്നു അവർ. മോഹൻ റെനഡെ എന്ന് പേരുള്ള വേറൊരാളും കാനകോനയിൽ നിന്നും പിടിക്കപ്പെട്ടു.

 

ആസാദ് ഗോമന്തക് ദൾ കൂടുതൽ കൂടുതൽ ശക്തി ആർജിച്ചുകൊണ്ടിരുന്നു .. ദിവസം തോറും  അപ്പായി  പതിയെ പതിയെ നിരാശനായി കൊണ്ടിരുന്നു.

 

മസ്റ്റിമോളിലെ നാരായൺ ദേശായി ..

വിശ്വനാഥ്   ലാവണ്ടേ ..

 

ട്രിസ്റ്റോ ബ്രഗാൻസാ കുൻഹ …

 

അങ്ങിനെ പല പേരുകളും പറഞ്ഞു കേട്ടിരുന്നു.

 

ഒരു പ്രതീക്ഷ  നെഹ്‌റു ആയിരുന്നു ..

 

ഒരിക്കലും ഗോവ പിടിച്ചെടുക്കാൻ നെഹ്‌റു ഒരുമ്പെടുകയില്ല എന്നുറപ്പിച്ച സമയത്താണ് രണ്ടു മലയാളീസ് ഗോവ പിടിച്ചത്.

 

61 ലെ ക്രിസ്മസിന് സ്റ്റാർ വിളക്കുകൾ തൂക്കി രണ്ടു ദിവസമായില്ല;  ഗോവ  പിടിച്ചെടുക്കാൻ പട്ടാളവും നേവിയും യുദ്ധ വിമാനങ്ങളുമൊക്കയായി   ഇന്ത്യയെത്തി. അൽ ബക്‌ർക്കു യുദ്ധക്കപ്പൽ തകർത്തു. പഞ്ചിം വീണു. അഗ്വാദ ജയിലിലുള്ളവരെ പുറത്തിറക്കി. പോർട്ടുഗീസുകാർ അവർക്കു ആവും പോലെ പൊരുതി. 3300 പേർ 30000 പേരോട് യുദ്ധം ചെയ്തു.

പാലങ്ങളായ പാലങ്ങളൊക്ക പോര്ടുഗീസുകാർ തകർത്തത് കൊണ്ട് ചിലേടത്തൊക്കെ അരയൊപ്പം വെള്ളത്തിലൂടെയാണ് ഇന്ത്യൻ ആർമി പുഴകൾ മുറിച്ചു കടന്നത്.

അഗ്വാദ ജയിലിനു മുൻപിൽ ചെന്ന  മേജർ മേജർ ശിവ് ദേവ് സിങ് സിന്ധു  അവിടെ വെടിയേറ്റു വീണു മരിച്ചു. പാവം ആ മനുഷ്യനെ ആർക്കെങ്കിലും ഇന്നറിയുമോ?  22 ഇന്ത്യക്കാരും 30 പോർട്ടുഗീസുകാരും മരിച്ചു.

 

36 മണിക്കൂറിൽ 450 വര്ഷങ്ങളുടെ ഭരണം അവസാനിച്ചു. ഗവർണർ  മനുവേൽ  അന്തോണിയോ കീഴടങ്ങി.

 

സലാസർ തോറ്റു . ലിസ്ബണിൽ ദുഃഖാചരണം നടന്നു. തീയേറ്ററുകൾ അടച്ചിട്ടു. ആ വര്ഷം ക്രിസ്മസ് ആഘോഷങ്ങൾ ഉണ്ടായില്ല.

ആപ്പായി ആദ്യം വിശ്വസിച്ചില്ല. പിന്നെ മുറിയിൽ കയറി ഒറ്റയ്ക്ക് കുറെ കുടിച്ചു. ഒരാഴ്ച കഴിഞ്ഞു  നൈഡൽ (ക്രിസ്മസ് ) വന്നപ്പോൾ അപ്പായി  വലിയ ആഘോഷങ്ങൾക്കു തുനിഞ്ഞില്ല.

 

ഗോവയിലെ എല്ലാവര്ക്കും തങ്ങളുടെ രാജ്യത്തേക്ക്  ക്ഷണം കൊടുത്തു പോർട്ടുഗൽ അന്തസ്സ് കാണിച്ചു.  അന്ന് ലിസ്ബണിൽ പോകണമെന്ന് ഇപ്പോഴും ആപ്പായി പറയുമായിരുന്നു. മമ്മയ്  സമ്മതിച്ചില്ല. ഈ മണ്ണിൽ തന്നെ അവസാനിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. സെൻറ് ഫ്രാൻസിസ് ഉറങ്ങുന്ന ഈ നാട് വിട്ടു എങ്ങോട്ടുമില്ല എന്ന് മമ്മയ്  ഉറപ്പിച്ചതോടെ അപ്പായി അടങ്ങി

 

∞  ∞ ∞  ∞  ∞  ∞  ∞  ∞ ∞  ∞  ∞  ∞

(തുടരും ….)   അടുത്ത ലക്കം :  ഇൻക്വിസിഷനും ബാറ്റാ ഷൂസും

എബി ചാക്സ്

 

Title: Read Online Malayalam Novel Fallen Apples written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!