Skip to content

കൊഴിഞ്ഞു വീണ ആപ്പിളുകൾ അധ്യായം – 3 : ഇൻക്വിസിഷനും ബാറ്റാ ഷൂസും

fallen apples

കൊഴിഞ്ഞു വീണ ആപ്പിളുകൾ

ഗോവയിൽ വളർന്ന പീറ്റർ ഡിസൂസയെയും, ബോംബെയിൽ വളർന്ന മരിയയെയും ഞാൻ ഇംഗ്ലണ്ടിലെ വാറ്റ്ഫോഡിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അവർ പറഞ്ഞു തന്ന അവരുടെ കഥയാണിത് .

അവരിലൂടെ ഞാനറിഞ്ഞ പോർട്ടുഗീസ് ഗോവയുടെയും, ബോംബെ ടെക്സ്സ്റ്റൈൽ തൊഴി ലാളി സമരത്തിന്റെയും, ജീവിക്കാനുള്ള   ഓട്ടത്തിൽ ശിഥിലമായിപ്പോകുന്ന പ്രവാസികളുടെ കുടുംബബന്ധങ്ങളുടെയും കഥകൾ……

എബി  ചാക്സ്

***************

അധ്യായം – 3 : ഇൻക്വിസിഷനും ബാറ്റാ ഷൂസും

കാനകോനയിലെ അപ്പായിയുടെ കഥകൾ നിർത്തി പീറ്റർ പറഞ്ഞു

“മരിയ ഇനി അധികം താമസിക്കില്ല. ഉടനെ എത്തും.”

പീറ്റർ  മരിയയുടെ ജോലിയെ പ്പറ്റി വിശദീകരിച്ചു

“പ്രസിദ്ധമായ  ജീന ഷൂ  വിതരണം  ചെയ്യുന്നത് മരിയയുടെ  കമ്പനിയാണ് .  കൂടാതെ വേറെ ചില ലതർ  ഐറ്റംസും അവർ  മാർക്കറ്റ് ചെയ്യുന്നുണ്ട്

ഞാൻ ജോലിയിൽ നിന്ന് പിരിഞ്ഞപ്പോൾ കുറച്ചു അസുഖങ്ങളും കൂടെ കൂട്ടി. അല്ലെങ്കിലും ഇന്ത്യക്കാരൻ സെയിൽസ് ജോലിക്കിറങ്ങിയാൽ കഷ്ടപ്പാടാണ്. പ്രത്യകിച്ചു അമ്പതു കഴിഞ്ഞ ആണുങ്ങൾ സെയിൽസ് പണിക്കു കൊള്ളില്ല”.

“രണ്ടു വര്ഷത്തോളം മരിയക്ക് ജോലിയില്ലായിരുന്നു. ഒരു അടുക്കളയിൽ ഒതുങ്ങിപ്പോകേണ്ടവളല്ല മരിയ “

രണ്ടു വര്ഷം വീട്ടുകാര്യമൊക്കെയായി ജീവിച്ചു. പിന്നെ ജോലി തിരക്കി ഇറങ്ങി

“ഒരു ജോലി കണ്ടെത്തിയേ ഉള്ളു എന്ന് വാശിയായിരുന്നു അവൾക്ക്. അങ്ങിനെയാണ് ജീന ഷൂസിൽ കയറിയത് ഇപ്പോഴത്തെ ജോലി കുഴപ്പമില്ല..

ഇപ്പോൾ ആറു വർഷമായി ഈ കമ്പനിയിൽ തന്നെയാണ് … ആഴ്ചയിൽ ആറു ദിവസം പോകണം. എന്നാലും അവർ അത്യാവശ്യം വന്നാൽ സഹായിക്കാൻ മടിക്കാത്തവരാണ്. വെരി ഹെൽപ്ഫുൾ ടീം  ”

പീറ്റർ മരിയയുടെ മാനേജരെ പറ്റി പറഞ്ഞു

മിസ്റ്റർ റോബർട്ട് ഈസ് മരിയാസ്  ബോസ്.

റോബർട്സൺ .. എ വെരി അണ്ടർസ്റ്റാൻഡിങ് മാനേജർ.

എ നൈസ് മാൻ.. ഹി ലൈക്സ് ഹേർ ..

ഇപ്പോൾ ലണ്ടൺ സിറ്റിയിലെ  ജനസംഖ്യ എഴുപതോ എൺപതോ ലക്ഷമാണ് ..

ജോലി?..

നല്ല ജോലി കിട്ടാൻ അന്നും ഇന്നും പ്രയാസമാണ്..

മക്‌ഡൊണാൾഡിൽ പണിക്കുവേണ്ടത് ചെറുപ്പക്കാരെയാണ്. മണിക്കൂറിനു അഞ്ചും ആറും  പൗണ്ട് കിട്ടും .. പക്ഷേ ഒരു കുടുംബം അതുകൊണ്ട് ഓടുമോ?”

പുറത്തു തണുത്ത കാറ്റു  വീശുന്നു.  ജനാലക്കു പുറത്തെ തലയാട്ടി കളിക്കുന്ന ചെടികൾ. ഇംഗ്ലണ്ടിന്റെ വൈകുന്നേരത്തെ തണുപ്പ് അകത്തേക്ക് അരിച്ചു കയറുന്നു …

“മരിയ വന്നിട്ട്  ചിക്കൻ കറിയുണ്ടാക്കാനാണ് പ്ലാൻ”

“ഭക്ഷണം എന്തായാലും ഓക്കേ .. നിങ്ങളെയൊക്ക പരിചയപ്പെടാൻ സാധിച്ചല്ലോ ..

പിന്നെ കാനകോനയുടെ അറിയാത്ത കഥകളും കേൾക്കാൻ പറ്റി”

ഞാൻ തുടർന്നു

“സൗത്ത് ഗോവ വളരെ സുന്ദരമാണെന്നു ഞാൻ കേട്ടിട്ടുണ്ട്. എന്നെങ്കിലൊരിക്കൽ അവിടെയൊക്കി പോയി കാണണമെന്നും ആഗ്രഹമുണ്ട്.”

“എബി നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്”.

പീറ്റർ ആവേശപൂർവം ഗോവയെ പ്പറ്റി പറഞ്ഞു

“ഇപ്പോഴും പിഴച്ചുപോകാത്ത ഗോവ,  സൗത്തിലേ ഉള്ളു.  ബാക്കിയൊക്കെ നാട്ടുകാർക്ക് നടക്കാൻ പറ്റാത്ത സ്ഥലങ്ങളായി. വെള്ളക്കാരുടെ അഴിഞ്ഞാട്ടം എവിടെ നോക്കിയാലും കാണാം. അതിനു മാമാ പണി ചെയ്യുന്ന ലോക്കൽ ഗൂണ്ടകളും … ഗോവക്കാർക്കു പോകാൻ പറ്റാത്ത ഗോവൻ ബീച്ചുകളാണിപ്പോൾ അവിടെയെല്ലാം ”

“പോര്ടുഗിസ് ഭരണത്തിൽ ഒരിക്കലും ഇങ്ങനെ ആവുമായിരുന്നില്ല എന്ന് എനിക്കിപ്പോൾ തോന്നുന്നു. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും നാടെന്നു ലോകം മുഴുവൻ  ദുഷ് പേര് കിട്ടി.  ഒക്കെ ഭരിക്കുന്നവരുടെ ഒത്താശയോടെ തന്നെ നടക്കുന്നു”

കുടുംബത്തോടെ പോകാവുന്ന ബീച്ച് ഏതുണ്ട്  ഗോവയിൽ ഇനി ബാക്കി?”

ഞാൻ വിഷയം മാറ്റി

“പീറ്ററിന്റെ കാനകോനയിലെ വീട് ഇപ്പോഴുമുണ്ടോ?”

ഉണ്ട് . അവിടെ എന്റെ ഇളയ ബ്രദറിന്റെ കുടംബം താമസിക്കുന്നു… മഗ്ദയും നാലു മക്കളും.”

പീറ്റർ ഓരോന്ന് ഓർത്തെടുത്ത് തുടർന്നു

“വലിയ കോമ്പൗണ്ട് മതിൽ കെട്ടിയ  ഒരു വലിയ വീടാണത്. അപ്പായി പഴയ വീട് പുതുക്കി പണിതതാണ്.

കുറച്ചു ഉയർന്നിട്ടുള്ള സ്ഥലം …

ആർച് ഡിസൈനിൽ പണിത  പോർട്ടിക്കോയും  വാതിലുകളും ജനാലകളും ഉള്ള രണ്ടു നില കെട്ടിടം.

നൂറു നൂറ്റമ്പതു അടി ദൂരെ തല്പന നദി ..

ഞങ്ങളുടെ വീടായിരുന്നു അടുത്തകാലം വരെ അവിടുത്തെ വലിയ വീട്. വലിയ മുറ്റവും അതിരുകളിൽ മമ്മയ് പരിപാലിച്ചിരുന്ന അനേകം ചെടികളുമായി പ്രൗഢമായി നിൽക്കുന്ന ചുവന്ന ഓടിട്ട വീട്

ആളുകൾ ആ വഴി പോകുമ്പോൾ ഒന്ന് നോക്കും

എന്നിട്ടു പറയും .. ഫ്രാൻസിസ് സാറിന്റെ വീട് ..

എന്റെ മുറി മുകളിലായിരുന്നു; ജനാലയിലൂടെ കൈനീട്ടിയാൽ എനിക്കു തൊടാൻ പാകത്തിന് കൊമ്പുകൾ ചായ്ച്ചു പിടിച്ച പറമ്പിലെ മാങ്കുരാദ് മാവ് ..

ആ കൊമ്പുകൾക്കിടയിലൂടെ നോക്കിയാൽ ശാന്തമായി ഒഴുകി കടലിലേക്ക് പോകുന്ന തല്പന നദി. ഇനി ഒരിക്കലും തിരിച്ചു വരാതെ ഞങ്ങളുടെ ഗ്രാമം വിട്ടു ആ നദി ഒഴുകി അകലുകയാണെന്നാണ് എനിക്കപ്പോഴൊക്കെ തോന്നിയിരുന്നത്.

അപ്പായി  ഇസ്കൂളിൽ പോകാതായപ്പോൾ, വീട്ടി ലെ ഭരണത്തിൽ കൂടുതൽ ഇടപെട്ടു തുടങ്ങി .

അടുക്കളയിലെ പാചകത്തെ പ്പറ്റി..

പോർക്ക് സർപോത്തലിന്റെ  രുചിയെപ്പറ്റി..

മുറ്റത്തെ ചെടികൾ ക്രോപ് ചെയ്യുന്നതിനെ പ്പറ്റി..

ഫ്രഡ്‌ഡി പണം അയക്കാത്തതിനെ പറ്റി ….

അങ്ങിനെ പല കാര്യങ്ങളിലായി ശ്രദ്ധ.

പോർട്ടുഗീസുകാർ കെട്ടും കെട്ടി പ്പോയി .. ഇനി അവരെ പിന്താങ്ങി സഭ കൂടിയിട്ട് കാര്യമില്ലായെന്നു അപ്പായി വിചാരിച്ചിരിക്കാം.

എന്നെയും വിട്ടില്ല . എന്നെ കൺവെട്ടത്തു കിട്ടിയാൽ അപ്പോൾ തുടങ്ങും ഉപദേശങ്ങൾ

“പീറ്റർ.. നിന്റെ ഭാവി  ഈ  നശിച്ച നാട്ടിൽ നശിപ്പിക്കരുത്.

നോക്കു…ഫ്രഡിയെ .. അവൻ മൊസാംബിക്കിൽ പോയി ജോലി നോക്കി കാശുണ്ടാക്കി .

പോര്ടുഗിസ് മൊസാംബിക് വിട്ടപ്പോൾ അവനും ലിസ്ബോണിലേക്കു പോയി. ഇപ്പൊ ചമൂസ ക്കടയിട്ടു മാന്യനായി.

നീ  ഇവിടം വിട്ടാൽ ഗതി പിടിക്കും ”

എനിക്കു ജ്യേഷ്ഠനെ പ്പോലെ ചമൂസകടയിട്ടു ജീവിക്കാൻ സമ്മതമായിരുന്നില്ല. പോര്ടുഗിസുകാർ എത്ര ദൈവ സ്നേഹം ഉള്ളവർ ആയാലും,  ചെമ്പിലും ഇരുമ്പിലും ഉണ്ടാക്കിയ നമ്മളെ  അവർ എന്നും അവരുടെ രണ്ടാം തരം പൗരന്മാരായേ കാണുകയുള്ളു  എന്ന സത്യം ഞാൻ മനസ്സിലാക്കിയിരുന്നു .

നമ്മുടെ യൊക്കെ ജീവിതത്തിൽ വളരും തോറും മാറ്റങ്ങൾ വരുന്നത് സ്വാഭാവികം മാത്രം

വീടിന്റെ പിന്നാമ്പുറങ്ങളിൽ നിന്നും  മമ്മയുടെ ഫ്രോക്കിന്റെ പിന്നിൽ നിന്നും  ഞാൻ ആദ്യം പുറത്തെത്തി

അപ്പായിയുടെ കൈ പിടിച്ചു സ്വീകരണ മുറിയിലേക്കും, സ്കൂളിലേക്കും പള്ളിയിലേക്കും പിന്നെ ഗ്രാമത്തിലേക്കും യാത്ര.  മമ്മായെ വിട്ട് ഞാൻ പാപ്പായുടെ കൈപിടിച്ചു നടന്നു.

പുറം ലോകം അപ്പായി യുടെ കണ്ണുകളിലൂടെ കണ്ടു ..

അപ്പായി യുടെ വാക്കുകളിലൂടെ കേട്ടു.

പോര്ടുഗിസ് ഭാഷ ഏറ്റവും  ഉന്നതവും പോര്ടുഗിസ്കാർ  ദൈവത്തിന്റെ ഏറ്റവും അടുത്തവരും ആണെന്ന്  അപ്പായി  എന്നെ വിശ്വസിപ്പിച്ച കാലം

എന്റെ ചെറിയ സംശയങ്ങൾ പോലും ഞാൻ അപ്പായിയോടാണ് ചോദിച്ചിരുന്നത്

“അപ്പായി …നമ്മളുടെ പാതിരികളെ അവർ എന്തിനാണ് ‘കറുത്ത പാതിരി ‘ എന്ന് വിളിക്കുന്നത് ?”

അപ്പായി  ക്ഷമയോടെ ഉത്തരം പറയും

“ജീസസിന്റെ ഏറ്റം  അടുത്തവർ അവരല്ലേ..അവരുടേതു  വെളുത്ത പാതിരികളും നമ്മളുടേ”ത് കറുത്ത പാതിരികളും .. ”

അതിനു ശേഷം മമ്മയും പപ്പായിയും ഇല്ലാതെ  കൂട്ടുകാരുമായുള്ള യാത്രകൾ

വീട്ടിനുള്ളിൽ നിന്നു  തെരുവുകളിലേക്കു പോകുന്ന കാലഘട്ടം തുടങ്ങുകയാണ്

കാനകോനയിൽ നിന്ന്  പഞ്ചിമിൽ  ആർട്സ് കോളേജിൽ എത്തിയപ്പോൾ പുതിയ അധ്യാപകരെയും, കൂട്ടുകാരെയും, പുസ്തകങ്ങളേയും കൂട്ട് കിട്ടി. കാനകോന യിൽ കേട്ടതിനും അപ്പുറം ചില സത്യങ്ങളുണ്ടെന്നു തോന്നിത്തുടങ്ങി

വടക്കു ചപോറ നദിക്കും , തെക്കു സാൽ നദിക്കും ഇടയിലെ മണ്ണിൽ കുറെ മൂടിവച്ച സത്യങ്ങളുണ്ടെന്നു ഞാൻ അറിഞ്ഞു . ജീസസിന്റെ ഭയാനകമായ കുരിശു മരണം വിവരിക്കുമ്പോഴൊക്കെ എന്റെ കണ്ണുകൾ  നിറഞ്ഞൊഴുകുമായിരുന്നു ..

ദൈവപുത്രൻറെ അവസാന നിലവിളി എന്റെ കാതുകളിൽ മുഴങ്ങുമായിരുന്നു

എ‌ലോയ് …എ‌ലോയ് …ലാമാ   സബക്താനി ..??

എന്റെ ദൈവമേ.. എന്റെ ദൈവമേ .. നീ എന്നെ കൈവിട്ടതെന്തേ ??

“കിഴക്കിന്റെ ലിസ്ബോൺ” എന്നും “സുഗന്ധ ദ്രവ്യങ്ങളുടെ മഹത്തായ തുറമുഖം” എന്നൊക്കെ ഓമനപ്പേരിട്ടാണ് അവർ ഗോവയെ വിളിച്ചിരുന്നത്. പക്ഷെ അവർക്കു ഈ നാട്ടിന്റെ സുഗന്ധ ദ്രവ്യങ്ങൾ മാത്രം പോരായിരുന്നു. ഇവിടുത്തെ ദൈവങ്ങളെ അവർ ഓടിച്ചിട്ട് പകരം സ്വന്തം വിശ്വാസങ്ങളെ അടിച്ചേൽപിക്കാൻ തുടങ്ങി.

ഇന്ത്യക്കാരുടെ  ആതിഥ്യ മര്യാദക്കു  തിരിച്ചു കിട്ടിയത് എത്രയോ കുരിശു മരണങ്ങളുടെ അതിവേദനകളായിരുന്നു

ഗോവയുടെ മതപരിവർത്തനം തുടർന്നപ്പോൾ നിലം പരിശായത് നൂറ്റാണ്ടുകളുടെ വിശ്വസങ്ങളെയും ആചാരങ്ങളെയുമായിരുന്നു….

പോർട്ടുഗീസ് മതാനുഷ്ടാനങ്ങൾ ഉറപ്പാക്കാൻ വേണ്ടി അവർ  ഇൻക്വിസിഷൻ എന്ന പേരിൽ ഒരു വിചാരണ കോടതി സ്ഥാപിച്ചു. ഗോവയിൽ മാത്രമല്ല യൂറോപ്പിലും, അവരുടെ കോളനികൾ ഉണ്ടായിരുന്ന ആഫ്രിക്കയിലും ഏഷ്യയിലും അമേരിക്കയിലും ഇൻക്വിസിഷൻ തുടങ്ങി.

ആരും സംസാരിക്കാൻ ആഗ്രഹിക്കാത്ത  ചോരപ്പാടു വീണ ചരിത്രത്തിന്റെ കറുത്ത അധ്യായങ്ങൾ

ഗോവ ഇൻക്വിസിഷൻ

പെറുവിയൻ ഇൻക്വിസിഷൻ

മെക്സിക്കൻ ഇൻക്വിസിഷൻ..

1812 വരെ തുടർന്നുപോന്ന ഈ പീഡനങ്ങളുടെ വിവരങ്ങൾ വായിച്ചു എന്റെ ദേഹം പേടി കൊണ്ട് വിറച്ചു പോയി  ..

ചെവി മുറിച്ചു കളയുക

തൊലി  ഉരിക്കുക

കാലുകൾ കെട്ടി  കപ്പിയിൽ വലിക്കുക

കാലുകൾക്കു തീ കൊളുത്തുക

ചക്രത്തിന്റെ പെട്ടിയിൽ മലർത്തി കിടത്തി കറക്കുക

കുറ്റിയിൽ കെട്ടിയിട്ടു അടിയിൽ തീയിട്ടു കത്തിക്കുക

കണ്ണുകളിൽ പൊള്ളിച്ച കമ്പികളിറക്കുക

മരിക്കാത്ത വിധത്തിൽ ചുറ്റിക കൊണ്ട് അടിച്ചു ചതക്കുക

കുഞ്ഞുങ്ങളെ അവരുടെ മാതാപിതാക്കളുടെ മുന്നിൽ വെച്ച്……

ഫാദർ മിഗെൽ വാസും, ഡീഗോ ദ  ബോർബയും തുടങ്ങി വെച്ച ഭീകരതകൾ ഇന്നും ഗോവയിലെ മൂടിയ കുഴികളിൽ തന്നെ ഉറങ്ങുകയാണ്.

ഏതാണ്ട് അയ്യായിരം കേസുകൾ ഉണ്ടായിട്ടുണ്ട്. ശിക്ഷ കിട്ടിയരിൽ ജൂതന്മാരും ഹിന്ദുക്കളും കൂടാതെ മതം മാറിയ പുതു ക്രിസ്ത്യാനികളും പെട്ടു .

കൈയ്യിൽ ചരട് കിട്ടിയതിനു…

ഹിന്ദു ദൈവങ്ങളുടെ രൂപം വീട്ടിലോ ദേഹത്തോ സൂക്ഷിച്ചതിനു…..

വീട്ടു മുറ്റത്തു തുളസി നട്ടതിന്…

ഹിന്ദു പ്രാർത്ഥന ചൊല്ലിയതിനു..

ബൈബിളിനെ നിന്ദിച്ചതിന്…

കുടുമ്മ വെച്ചതിനു…

ചന്ദനം തൊട്ടതിന് ..

അങ്ങിനെ ഇന്ത്യക്കാരെ നന്നാക്കിയേ അടങ്ങു എന്നായിരുന്നു പോര്ടുഗീസുകാരുടെ വാശി..

സുൽത്താൻ ആദിൽ ഷാ തന്റെ കൊട്ടാരം പണിതപ്പോൾ അതൊടുവിൽ ആയിരങ്ങളുടെ മരണ വേദനയോടെയുള്ള നിലവിളികൾക്കു കാരണമാകുമെന്ന് ആരെങ്കിലും കരുതിയോ? !!

മാർബിളിൽ കലാശില്പങ്ങളോടെ ഒരുക്കിയ ശവക്കല്ലറകളിൽ ആരും അറിയാതെ പോകുമായിരുന്ന പൈശാചികമായ പ്രവൃത്തികൾ മറഞ്ഞു കിടക്കുന്നു.

അവിടെ തല കുമ്പിട്ടു കുരിസ്സു വരച്ചു അനുഗ്രഹം യാചിക്കുന്ന ഭക്‌തരാണ് നമ്മൾ

വിശുദ്ധർ കുറ്റവാളികളും, കുറ്റവാളികൾ വിശുദ്ധരും ആയിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്

സ്നേഹം ദൈവമാണെന്നു  പഠിപ്പിച്ചവർ ചെയ്ത പാപങ്ങളെ ഓർത്തു ഞാൻ ഉള്ളിൽ വിലപിച്ചു.

കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള  ഏതു തീക്കടലിലാണ് അവരിപ്പോൾ?”

“ശരിയാണ്‌ പീറ്റർ … “  ഞാൻ ഇടയ്ക്കു കയറി.

“ഇതിനെല്ലാം കാരണം നമ്മൾ ഇന്ത്യക്കാരാണ്.”

ഞാൻ എനിക്കറിയാവുന്ന ചരിത്രം പറഞ്ഞു

“വിജയനഗര സാമ്രാജ്യത്തിന്റെ   രാജാവ് കൃഷ്ണദേവരായർ     പോര്ടുഗീസുകാർക്കു ഒത്താശ ചെയ്തു കൊടുത്തതു കൊണ്ടാണ് അവർ ഗോവ പിടിച്ചെടുത്തത് . വിജയനഗര സാമ്രാജ്യത്തിലെ ഒരു തിമ്മയ്യയാണ് അൽ ബുർഖ്ക്കിന് ഗോവ പിടിക്കാൻ ആശയം കൊടുത്തത്. വിജയനഗരമെന്ന പറഞ്ഞാൽ ഇപ്പോഴത്തെ ആന്ധ്രാ.”

“വർഷങ്ങൾ  കഴിഞ്ഞല്ലോ ….ഇനിയിതൊക്കെ പറഞ്ഞിട്ടെന്താ? എല്ലായിടത്തും ചതികൾ ഉണ്ടായിട്ടുണ്ട്.

150 വര്ഷം  പോര്ടുഗീസുകാർ  കേരളം ഭരിച്ചു. കോഴിക്കോട് സാമൂതിരിയെ തോൽപിക്കാൻ സഹായിച്ചത്  കണ്ണൂരെ കോലത്തിരി.. പരസ്പരം തല്ലുകൂടുന്ന നമ്മുടെ രാജാക്കന്മാരാണ് ഇവരെയൊക്കെ ഇവിടെ പ്രതിഷ്ഠിച്ചത്”

ഞാൻ കേരളത്തിലെ ക്രിസ്ത്യാനികളെ പറ്റി  പറഞ്ഞു

“കേരളത്തിൽ ക്രിസ്തുമതം കൊണ്ടുവന്നത് സെൻറ് തോമസ് എഡി  52 ലാണെന്നാണ് ചരിത്രം.

കേരളത്തിലേത് ഒരു കിഴക്കിന്റെ ക്രിസ്ത്യാനിറ്റി ആയിരുന്നു …അന്ത്യോക്യ എന്ന സ്ഥലത്താണ് അവരുണ്ട് കേന്ദ്രം.ഇപ്പോൾ ഈ സ്ഥലം ടർകിയിലാണ്  ….AD 72  ൽ സെയിന്റ് തോമസ് മദ്രാസിൽ കൊല്ലപ്പെടുമ്പോളെക്കും കേരളത്തിൽ ഏഴെട്ടു പള്ളികൾ നിലവിലുണ്ട്.

പോർട്ടുഗീസുകാർ വരുന്നത് 1505 ൽ …നോക്കൂ എത്ര  വർഷങ്ങൾക്കു ശേഷം.

പോര്ടുഗീസുകൾ കേരളത്തിലെ പാതിരിമാർക്കു വിവാഹം നിരോധിച്ചു. വിവാഹം ചെയ്തവരോട് ഭാര്യമാരെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. സുറിയാനി പ്രാർത്ഥന പുസ്‌തകങ്ങൾ അവർ കൂട്ടിയിട്ടു കത്തിച്ചു.

അന്ത്യോക്യയിൽ നിന്ന് വന്ന അഹത്തല്ല തിരുമേനിയെ പോര്ടുഗീസുകൾ  കടലിൽ മുക്കി കൊന്നു.

ഇതൊക്കെ കൊണ്ട് സഹികെട്ട കേരളത്തിലെ ക്രിസ്ത്യാനികൾ ഇളകി

കിഴക്കൻ ക്രിസ്ത്യാനികൾ  പോർട്ടുഗീസു  മേൽക്കോയ്മ  നിരാകരിച്ചു.

അവർ ഒരു കുരിശ്ശിൽ പിടിച്ചു സത്യം ചെയ്തു

25000 പേർ  ഒരു കുരിശ്ശിൽ വടം കെട്ടി അതിൽ പിടിച്ചാണ് സത്യം ചെയ്തത്. കുരിശു  വളഞ്ഞു പോയി..

അതാണ് 1653 ലെ  കൂനൻ കുരിശു സമരം..

പത്തു വര്ഷം കഴിഞ്ഞപ്പോൾ ‌ ഡച്ച്കാർ വന്നു പോര്ടുഗീസിനെ കേരളത്തിൽ നിന്ന് ഓടിച്ചു”

പീറ്റർ സശ്രദ്ധം കേട്ടിരുന്നു. എന്നിട്ടു പറഞ്ഞു

“ഈ കഥകളൊന്നും എനിക്കറിയില്ലായിരുന്നു ..”

“ആരും നിർഭാഗ്യവശാൽ ചരിത്രപുസ്തകങ്ങളിൽ  എഴുതുകയോ അത് കുട്ടികളെ പഠിപ്പിക്കുകയോ ചെയ്തില്ല”

“പീറ്റർ .. നിങ്ങളുടെ അപ്പായിയെ പറ്റി പറയൂ”

പീറ്റർ തുടർന്നു

ഞാൻ അപ്പായി യിൽ നിന്ന് ഒഴിഞ്ഞു നടന്നു. പക്ഷെ അപ്പായി എന്നെ കണ്ടുകിട്ടിയപ്പോഴൊക്കെ ഉപദേശിച്ചു

“നിന്റെ രക്ഷ ഈ ഗോവക്കും ഇന്ത്യക്കും പുറത്താണ്.. ലിസ്ബോണിലേക്കു പോകൂ”

ഒരിക്കൽ ഞാൻ ചാൾസ് ഡെല്ലനെ പ്പറ്റി അപ്പായിയോട് പറയാൻ ശ്രമിച്ചു ചാൾസ് ഡെല്ലൻ ഫ്രഞ്ച് ഡോക്ടർ ആയിരുന്നു. അയാൾ വെല്ലാഗോവയിലെ ജയിലിൽ കണ്ട കരളലിയിക്കുന്ന കാഴ്ചകൾ ഒരു പുസ്തകമാക്കി എഴുതി

“ദി ഇൻക്വിസിഷൻ ഓഫ് ഗോവ”

1687 ൽ പുറത്തിറങ്ങിയ പുസ്‌തകമാണ്

അപ്പായി കോപാകുലനായി ഒച്ചയിട്ടു:

“നീ പിശാചിന്റെ പുസ്‌തകങ്ങൾ വായിക്കാതിരിക്ക് ..”

ബാറ്റയിൽ ജോലിക്കു കേറിയപ്പോൾ അതിനെച്ചൊല്ലിയും വഴക്കായി

“ഈ നാട്ടിലെ അവിശ്വാസികൾക്ക് ചെരുപ്പ് വിറ്റു ജീവിതം നശിപ്പിക്കുന്ന വിഡ്ഢി…. നീ ഫ്രാൻസിസ് സാറിന്റെ പേരിൽ  ചെളി തേക്കുകയാണ്”

അപ്പായി ഉപദേശം നിർത്തി ചീത്ത വിളികൾ തുടങ്ങി . എങ്ങിനെയും കാനകോനയിൽ നിന്ന് രക്ഷപെടണമെന്നതായി എന്റെ ചിന്ത ..

എന്നെ കിട്ടില്ലെന്ന്‌ അപ്പായിക്കു മനസ്സിലായെന്നു തോന്നുന്നു. എനിക്ക് പകരം എന്റെ മൂത്ത സഹോദരി ലിസയെ ഫ്രഡിയുടെ അടുത്തേക്ക് വിട്ടു. ഫ്രഡ്‌ഡി തന്റെ ചമൂസ കച്ചവടം നടത്തിയിരുന്നത് .ലിസ്ബണിൽ അല്ല;  പോർത്തോ  നഗരത്തിലായിരുന്നു

ഞാൻ കുറച്ചു കാലം കേരളവും ചെന്നൈയുമായി ചെരുപ്പ് വിറ്റു  നടന്നു. പിന്നെ ബോംബെയിലായി എന്റെ ജോലി .

അപ്പായിക്കും മമ്മയ്ക്കും കൂട്ടായി എന്റെ അനുജൻ അഗ്നേലോ വീട്ടിൽ നിന്നു ..അവൻ കൊച്ചുനാളു മുതൽ  ഇസ്കൂളിനെയും പുസ്‌തകങ്ങളേയും തന്റെ ശതൃക്കളായി കണ്ടിരുന്നത് കൊണ്ട് ആരും അവനെ ലിസ്ബണിൽ പോകാൻ നിര്ബന്ധിച്ചില്ല.

പക്ഷെ അപ്പായി എന്നെ കണ്ടുകിട്ടിയപ്പോഴൊക്കെ ഉപദേശിച്ചു

പോർട്ടിക്കോവിലെ സദസ്സു തുടർന്നു .

രണ്ടാം ലോകമഹായുദ്ധം ജയിച്ചിട്ടും ഗാന്ധിക്കും നെഹ്രുവിനും രാജ്യം കൊടുത്തു തിരിച്ചുപോയ വിഡ്ഢികളാണ് ബ്രിട്ടീഷുകാർ എന്ന് സദസ്സ് പ്രഖ്യാപനം ചെയ്തു.

ഇന്ത്യ വഴികൾ തടഞ്ഞപ്പോൾ, ഗോവക്കാർക്കു ലിസ്ബണിൽ പോകാൻ കറാച്ചി വഴി സൗകര്യം തന്ന ജിന്നയെ അവർ നന്ദിപൂർവം  അനുസ്മരിച്ചു.

പ്ലാസ  അൽബുഖുർക്കു മൈതാനം രാജ്യദ്രോഹികൾ കൈയടക്കിയതിനെ അവർ വിമർശിച്ചു.

അഗ്വത ജയിലിൽ ഒക്കേത്തിനെയും വെടിവെച്ചു കൊല്ലാതിരുന്നതാണ് ഇതൊക്കെ കൈവിട്ടു പോയതെന്ന് അവർക്കുറപ്പായിരുന്നു.

സദസ്സുകളുടെ എണ്ണം കൂടുകയും, അലമാരയിലെ ഫെന്നിയുടെയും വിസ്കിയുടെയും കുപ്പികളുടെ  എണ്ണം കുറയുകയും ചെയ്തുകൊണ്ടിരുന്നു

മമ്മയ് ഇതിലൊന്നും പെടാതെ മുറിയിലെ വലിയ ചാര് കസേരയിൽ  ഇരുന്ന് റോസരിയിൽ  വിരലുകൾ ഓടിച്ചു  ഓരോ ദിവസവും തള്ളി വിടും.

ഗോവയിലെ പ്രശ്നങ്ങൾ ഒന്നും അവരെ സ്പർശിച്ചില്ല.

റോസരിയിലൂടെ മമ്മയ് ജീസസിന്റെ കൂടെയായിരുന്നു ..

ബേത്ത്സമനിയിലെ  വിലാപപ്രാർത്ഥന,

ആണികൾ  തറച്ച ചാട്ടവാറടികൾ,

മുൾക്കിരീടം,

തടികുരിശു ചുമന്നുള്ള യാത്ര,

കുരിശുമരണം.

പോർട്ടികോവിലെ ഒച്ചപ്പാടുകൾ  കൂടികൊണ്ടേയിരുന്നു.

മുകളിലെ  മുറിയുടെ ജനാലക്കു പുറത്തെ  മാവിൻകൊമ്പുകൾ എന്നെ തിരയുന്നത് പോലെ കാറ്റിൽ തലയാട്ടി.

അപ്പുറത്തു തല്പന നദി സ്വയം ഇല്ലാതാവാൻ വേണ്ടി അറേബ്യൻ കടലിലേക്ക് ഒഴുകിപോ.യ്കൊണ്ടിരുന്നു

 

(തുടരും ….)  അടുത്ത ലക്കം : പ്രേമവും ഫീനിക്സും

എബി  ചാക്സ്

 

Title: Read Online Malayalam Novel Fallen Apples written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!