Skip to content

കൊഴിഞ്ഞു വീണ ആപ്പിളുകൾ അധ്യായം – 4 : പ്രേമവും ഫീനിക്സും

fallen apples

കൊഴിഞ്ഞു വീണ ആപ്പിളുകൾ

ഗോവയിൽ വളർന്ന പീറ്റർ ഡിസൂസയെയും, ബോംബെയിൽ വളർന്ന മരിയയെയും ഞാൻ ഇംഗ്ലണ്ടിലെ വാറ്റ്ഫോഡിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അവർ പറഞ്ഞു തന്ന അവരുടെ കഥയാണിത് .

അവരിലൂടെ ഞാനറിഞ്ഞ പോർട്ടുഗീസ് ഗോവയുടെയും, ബോംബെ ടെക്സ്സ്റ്റൈൽ തൊഴി ലാളി സമരത്തിന്റെയും, ജീവിക്കാനുള്ള   ഓട്ടത്തിൽ ശിഥിലമായിപ്പോകുന്ന പ്രവാസികളുടെ കുടുംബബന്ധങ്ങളുടെയും കഥകൾ……

എബി  ചാക്സ്

***************

അധ്യായം – 4 : പ്രേമവും ഫീനിക്‌സും

 

ഫ്രഡ്‌ഡി  മപൂട്ടോയിലെത്തി ചാമുസാ കടയിട്ടു

അധികം താമസിയാതെ തന്നെ അവിടെ പ്രശ്നങ്ങൾ തുടങ്ങി. പോര്ടുഗിസുകാർ   മൊസാംബിക്കിൽ നിന്ന് കെട്ടുകെട്ടിയ കൂട്ടത്തിൽ  ഫ്രഡിയും ലിസ്ബോണിലേക്കു പോയി. അവിടെനിന്ന് പിന്നെ പോർത്തോ യിലേക്കും.

ചമൂസ ആയിരുന്നു ഫ്രഡിയുടെ സ്പെഷ്യലിറ്റി .. ആറ് മാസങ്ങൾക്കുള്ളിൽ ലിസയും പോർത്തോയിലെത്തി

ഞാൻ ഇന്ത്യ വിടാൻ വിസമ്മതിച്ചു

ഒടുവിൽ അപ്പായി യുടെ വഴക്കു മടുത്തു ഞാൻ ബോംബെയിലേക്ക് ട്രാൻസ്ഫർ വാങ്ങി. അങ്ങിനെ ചെരുപ്പ് കച്ചവടം ഒരു വലിയ നഗരത്തിലേക്ക് പറിച്ചു നട്ടു.

ബോംബയിലെ  ബസ് യാത്രയിൽ ഏറ്റവും നല്ലതു കടൽ കണ്ടു പോകുമ്പോഴാണ്.

പ്രത്യേകിച്ചും ബോംബെയുടെ പടിഞ്ഞാറൻ ഭാഗം…

വർലി  മലബാർഹിൽ റൂട്ട്

ബസിലിരുന്നാൽ അറബിക്കടൽ നോക്കി കാറ്റും കൊണ്ട് യാത്ര ചെയ്യാം.. ശുദ്ധവായു യഥേഷ്ടം ശ്വസിച്ചു പോകാം

ജോലിയുടെ  ഭാഗമായി ആ റൂട്ടിൽ യാത്ര ചെയ്യുമ്പോഴാണ്  ഞാൻ  ബസിൽ തനിയെ ഇരിക്കുന്ന  ഒരു  പെൺകുട്ടിയെ ശ്രദ്ധിക്കാൻ  ഇടയായത്.

ചെറുപ്പത്തിന്റെ  ഒരു കൗതുകമായിരിക്കാം  ഞാൻ  ആ സീറ്റിനടുത്തേക്കു ചെന്ന് അവൾക്കരികിലെ  ഒഴിഞ്ഞ സീറ്റിൽ  ഇരുന്നു. കൂടെയിരുന്ന ആളെ  അവൾ  ഒന്ന് കഴുത്തു തിരിച്ചു നോക്കിയിട്ടു വീണ്ടും,   ദൂരെ  ഓളം  വെട്ടുന്ന  കടലിലേക്ക് മുഖം  കൊടുത്തു .

തോളറ്റം  മുറിച്ച മുടി  ചെറിയ ചുരുളലുമായി അവളുടെ തോളിൽ വീണു കിടന്നു. അവൾ ധരിച്ചിരുന്ന  മിഡിയും ടോപ്പും അവളെ ആകർഷകയാക്കി ..

ഇടത്തെ നെറ്റിയിലേക്ക് അലസമായി വീണു കിടന്നു ഏതാനും മുടി ചുരുളുകൾക്ക്  എത്ര ഭംഗിയാണ്  .  ..

മിതമായി  ചായം തേച്ച ചുണ്ടുകളും, ചുണ്ടുകൾക്ക് പിടിച്ചു നിർത്താനാവാതെ ഊറിയിറങ്ങുന്ന മന്ദഹാസവും എന്റെ ഉള്ളിലേക്കു ഒരു കുളിരു പരത്തി

വളരെ കനം  കുറഞ്ഞ ഒരു സ്വർണ മാല കഴുത്തിൽ  വളരെ അലസമായി അവളുടെ ടോപ്പിന്റെ  ബട്ടണിൽ തൊട്ടു കിടന്നിരുന്നു .. അതിന്റെ അറ്റത്ത് ഒരു ചെറിയ കുരിശ്.  കൈതണ്ടയിലെ  ബ്രേസ്‌ലെറ്റിൽ  കുറെ ചാംസുകൾ ഇളകി കളിക്കുന്നു

എന്തെങ്കിലും ചോദിക്കണമെന്നുറച്ചു ഞാൻ അവളുടെ മടിയിൽ, കൈയിലൊതുക്കിപ്പിടിച്ച പുസ്‌തകത്തെ പ്പറ്റി തിരക്കി.

“എസ്ക്യൂസ് മി .. ഇതു  ഏതു പുസ്തകമാണ്?”

എന്റെ ചോദ്യത്തിനുത്തരമെന്നോണം  അവൾ ധൃതികൂട്ടാതെ എന്റെ മുഖത്തേക്ക് നോക്കി. അങ്കലാപ്പോ  നീരസമോ ഞാൻ ആ മുഖത്ത് കണ്ടില്ല.

അവളുടെ കണ്ണുകൾ വിടർന്നപ്പോൾ അതിൽ സ്നേഹവും, സൗഹൃദവും ഞാൻ കണ്ടു.  ആ കണ്ണുകൾക്കുള്ളിൽ  എന്നെ ഉള്ളിലേക്ക്  വലിച്ചടുപ്പിക്കുന്ന അപരിചിതമായ ഒരു ആഴം  ഉണ്ടായിരുന്നു

അവൾ പുസ്‌തകം എന്റെ കൈയിലേക്ക് നൽകി

“ഇത് സെൻറ് ലോറൻസിന്റെ പ്രാർത്ഥനയാണ് .. ആറ്റൂർ പള്ളിയുടെ ..”

കൈയിൽ ഒലിവു പിടിച്ചു നീളൻ സ്വർണകുപ്പായം അണിഞ്ഞ ഒരു വിശുദ്ധന്റെ ചിത്രമായിരുന്നു   ആ   പുസ്‌തകത്തിന്റെ  പുറം ചട്ടയിൽ.

എനിക്ക് സെൻറ് ലോറൻസും ആറ്റൂർ പള്ളിയും അപരിചിതമായിരുന്നു.        അവൾ  ക്ഷമാപൂർവം  വിശദീകരിച്ചു തന്നു

“ആറ്റൂർ പള്ളി കാർലയിലാണ്‌ .. പള്ളിയുടെ യഥാർത്ഥ പേര് സെൻറ് ലോറെൻസ് മൈനർ ബസിലിക്ക എന്നാണ്..

ആറ്റൂർ പള്ളിയിൽ   പ്രാർത്ഥിച്ചാൽ ലഭിക്കാത്തതൊന്നുമില്ല.. എന്തൊക്കെ അത്ഭുതങ്ങളാണവിടെ .”

ഒഴുകി വരുന്ന  ശൈലിയിലുള്ള   ഇംഗ്ലീഷ് .

“കാർല …. അതെവിടെയാണ്?”

“കാർല യെന്നും കർക്കാല  എന്നും ആ സ്ഥലത്തെ വിളിക്കും. കര്ണാടകയിലാണ് .. മംഗലാപുരത്തിനും ഉഡുപ്പി ക്കും ഇടയിൽ…

എന്റെ മമ്മിയുടെ വീട് കാർലയിലാണ് “

അന്ന് തുടങ്ങിയ  സംസാരം  സെൻറ് ലോറൻസിന്റെ  അനുഗ്രഹത്താൽ   പിന്നീട് മുറിഞ്ഞുപോയില്ല .

വീണ്ടും കാണാമെന്നുള്ള മോഹത്തിലായിരുന്നു പുതിയ ദിവസങ്ങൾ പുലർന്നത്.

 

മരിയ വരുന്നതും നോക്കി ഞാൻ താർദേവിലെ ഓഫീസ് ബിൽഡിങ്ങിനു താഴെ  കാത്തു നില്കും .. ഒരുമിച്ച് ബസ്‌സ്റ്റോപ്പിലേക്ക് നടക്കും. ബോംബയിലെ ഭൂരിപക്ഷം കമിതാക്കളെ പ്പോലെ ഞങ്ങളും വടാപ്പാവും, സമോസയും കഴിച്ചു തമ്മിൽ തമ്മിൽ അടുത്തുകൊണ്ടിരുന്നു.

സ്ട്രീറ്റ്-ഫുഡ് സ്റ്റാളുകളിൽ പൂരിയിലവസാനിക്കുന്ന ഒട്ടേറെ    സ്‌നാക്‌സുകൾ  ഞങ്ങൾ പരസ്പരം പങ്കിട്ടു കഴിച്ചു.

സേവ് പൂരി …

ദഹി പൂരി ..

പാനി പൂരി …

ഭേൽ പൂരി..

ഉപ്പും മുളകും വിതറിയ മാങ്ങാതുണ്ടുകളും കാക്കടി ചീളുകളും കഴിച്ചു ഞങ്ങൾ ഹാജി  അലി ദർഗയുടെ പരിസരങ്ങളിൽ സമയം ചിലവിട്ടു. തോളിൽ മുട്ടിമുട്ടിയും,   കൈകൾ ഉരുമ്മിയുരുമ്മിയും അറിയാതെയെന്നോണം  പരസപരം സ്പർശിച്ചും നടക്കുമ്പോൾ ഞങ്ങൾ ഞങ്ങളുടേതു മാത്രമായ  ഒരു ലോകം സൃഷ്ടിക്കുകയായിരുന്നു

 

പീറ്റർ പെട്ടെന്ന് നിശബ്ദനായി ജനാലയിലൂടെ പുറത്തെ ചെടികളെ നോക്കി പറഞ്ഞു

“ഇപ്പോഴും നല്ല കാറ്റുണ്ട്”

ഈ കഥകളൊക്കെ ഇങ്ങിനെ നീട്ടി പറയുന്നതെന്തിനാണ് എന്ന് പീറ്റർ ചിന്തിക്കുകയാണെന്ന് എനിക്ക് തോന്നി. ഈ വാർധ്യകത്തിലും എത്ര പ്രേമകുലനായാണ് പീറ്റർ സംസാരിക്കുന്നതെന്ന് ഞാനോർത്തു

ബാക്കി കഥകൂടി കേൾക്കാൻ ഞാൻ ആഗ്രഹിച്ചു .

“മിസ്റ്റർ പീറ്റർ .. എന്നിട്ട്?  ബാക്കി കൂടി പറയൂ”

“ഓ .. അതൊക്കെ പഴയ കഥകൾ .. എന്നാലും അതൊക്കെ ഓർത്തു വരുമ്പോഴാണ്  എനിക്കെന്റെ ഈ ദുർബലമായ വാർധക്യത്തിൽ നിന്ന് വിടുതൽ കിട്ടുന്നത്. പോലെ തോന്നുന്നു. അരണ്ടു പോയ എന്റെ കണ്ണുകളിലെ വെളിച്ചം തിരിച്ചു എന്റെ പഴയ കാലം തിരിച്ചു വരുന്നതു പോലെ തോന്നും . “

ബസിൽ   മരിയയുടെ കൂടെ യാത്ര ചെയ്തിരുന്ന ആ ചെറുപ്പക്കാരൻ പീറ്റർ എന്നാണ് ഈ വൃദ്ധന്റെ രൂപത്തിലേക്ക് എത്തിയത്?

“ബോംബയിൽ പീറ്റർ തനിച്ചായിരുന്നോ അന്ന്?”

“അതെ.. ബാറ്റായിലെ ട്രാൻസ്ഫർ ബോംബെയിലേക്ക് കിട്ടിയപ്പോൾ ഞാൻ സന്തോഷിച്ചു. അപ്പായയുടെ ചീത്ത കേൾക്കാതെ ജീവിക്കാമല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്.

“ലോകത്തിലെ എല്ലാ അറിവുകളും അപ്പായിക്കുണ്ടെന്നു ധരിച്ച കുട്ടിക്കാലം.. വലുതായപ്പോൾ  അവരുടെ വാക്കുകൾ അസ്വസ്ഥത ഉളവാക്കാൻ തുടങ്ങി. ആദ്യം പഠിച്ചത് മാറ്റി തുറന്ന മനസ്സോടെ ലോകത്തെ നോക്കാൻ മടിയാണവർക്ക്. പുതിയതെന്തും വഷളാണെന്നുള്ള മുൻവിധിയാണ് പ്രശനം.

അവരുടെ തണലിൽ നിന്ന് ഓടി കാണാമറയത്തെവിടെയെങ്കിലും ഒളിക്കാനാണ് അന്നൊക്കെ കൊതിച്ചിരുന്നത്

ആൾക്കൂട്ടത്തിൽ തനിയെയായതു പോലെയായിരുന്നു എന്റെ ബോംബയിലെ ആദ്യ മാസങ്ങൾ..

പരിചയമില്ലാത്ത വഴികളിലൂടെ നടന്നു. തെറ്റായ ബസ്റ്റോപ്പിൽ ഒരിക്കലും വരാത്ത ബസിന്റെ നമ്പറും നോക്കി നിന്ന് അരിശം കൊണ്ട ദിവസങ്ങൾ.

പക്ഷെ ഒരു ദിവസം ഞാൻ കയറിയ ബസ് എനിക്കുവേണ്ടി എന്തോ കരുതിവച്ചിരുന്നു. ഇരുനില ബസിന്റെ മുകൾ നിലയിൽ ഒറ്റക്കിരിക്കുന്ന മരിയയെ അന്നാണ് ഞാൻ  കാണുന്നത്.

സെൻറ്  ലോറൻസിന്റെ പുസ്‌തകവും മടിയിൽ വെച്ച് പുറത്തേക്കു നോക്കിയിരുന്ന മരിയ

കൂടെയിരുന്നപ്പോൾ അവൾ ചെറുതായി ഒന്ന് ഒതുങ്ങിത്തന്നത് ഞാനോർമിക്കുന്നു.

“എസ്ക്യൂസ്‌ മി .. ഇതു  ഏതു പുസ്‌തകമാണ്?”

“സെൻറ്  ലോറൻസിന്റെ പ്രാർത്ഥനയാണ്.. ആറ്റൂർ പള്ളിയുടെ “

സെൻറ് ലോറെൻസാണ് ഞങ്ങളെ ചേർത്തത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

മരിയ സെൻറ്  ലോറൻസിന്റെ   കഥ പറഞ്ഞുതന്നു.

AD 258 ലെ സംഭവമാണ്. പോപ്പ് സിക്സ്റ്റസ് രണ്ടാമന്റെ  ആർച് ഡീക്കൻ ആയിരുന്നു ലോറെൻസ് . അദ്ദഹത്തിനായിരുന്നു  ഖജനാവിന്റെ  ചുമതല . അന്നത്തെ റോമൻ രാജാവ് എല്ലാ ക്രിസ്ത്യാനികളെയും കൊന്ന് സ്വത്തുക്കളൊക്കെ കണ്ടുകെട്ടുവാൻ ആജ്ഞാപിച്ചു.

പോപ്പ് സിക്സ്റ്റസ്  നെ  റോമൻ പടയാളികൾ വധിച്ചു

ഡീക്കൻ ലോറെൻസിനോട് എല്ലാ സ്വത്തുക്കളും കൈമാറുവാൻ ആവശ്യപ്പെട്ടു. മൂന്നു  ദിവസത്തെ സമയം ചോദിച്ചു ലോറെൻസ്

മൂന്നു ദിവസങ്ങൾ കൊണ്ട് ലോറെൻസ് ഒക്കെ സ്വത്തുക്കളും പാവങ്ങൾക്ക് വീതിച്ചു നൽകി.

റോമൻ രാജാവ് വരുമ്പോഴേക്കും ഖജനാവ് കാലി !

ഡീക്കൻ ലോറെൻസിനെ അവർ അറസ്റ് ചെയ്തു .. ഒരു   ഇരുമ്പിന്റെ    ഗ്രിൽ ഉണ്ടാക്കി അദ്ദേഹത്തെ അവർ അതിനു മേൽ കിടത്തി അടിയിൽ തീയിട്ടു.

ദേഹം പൊള്ളലേറ്റു കരിഞ്ഞപ്പോൾ  അദ്ദേഹം  പറഞ്ഞതെ..

എന്റെ  ഒരു വശം നന്നായി വെന്തു.     ഇനിയെന്നെ തിരിച്ചു കിടത്തുക…

പിന്നീട് കോൺസ്റ്റാന്റിൻ രാജാവ് ക്രിസ്തു മതത്തെ അംഗീകരിച്ചതിനു ശേഷം ഡീക്കൻ ലോറെൻസ്  സെയിന്റ് ആയി വാഴ്ത്തപ്പെട്ടു

കാർലയിലുള്ളത്  സെൻറ് ലോറൻസിന്റെ ബസിലിക്കയാണ്,

 

എന്റെ സെയിൽസ് ട്രിപ്പുകളൊക്കെ എത്തിച്ചേരുന്നത് മരിയയുടെ റൂട്ടിലേക്കായിരിക്കും. അവൾ ദൂരെ നിന്നെ ബസ് സ്റ്റാൻഡിന്റെ ഓരംപറ്റി  നിൽക്കുന്ന എന്നെ കണ്ടു ചിരിക്കും.

അടുത്തുവരുമ്പോൾ വെറുതെ കൈത്തണ്ടയിൽ പിടിക്കും… ഒരു സൗഹൃദത്തിന്റെ പിടിത്തം.

മരിയയുടെ ചിരി എന്റെയുള്ളിൽ നുരയിട്ടു പൊങ്ങുന്ന അസഖ്യം ആഹ്ലാദകുമിളകളായി.

ഒരുമിച്ചുള്ള ആ യാത്രകൾ  മിക്കപ്പോഴും അവളുടെ ലോവർ  പരേലിലെ വീടിന്റെ അടുത്ത് വരെ ചെല്ലാൻ തുടങ്ങി.

ജീവിതം എത്ര പെട്ടെന്നാണ് മാറുന്നത് ? എന്റെ ബെൽബൂ താടിയും വേഷവിധാനങ്ങളും  ഒക്കെ ഞാൻ ചെയ്തത്  അവൾക്കു വേണ്ടിയായിരുന്നു

 

ഒരു ദിവസം മരിയ എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു .. ഒരു ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു .. ചായക്ക്‌..

ലോവർ പരേലിലെ ഒരു ചാലിലേക്കാണ് ഞാൻ ഞായറാഴ്ച്ച പോയത്.  അന്നാണ് ഞാൻ ലൂയിസ് പപ്പയെയും മരിയയുടെ മമ്മിയെയും സഹോദരൻ സിൽവെസ്റ്ററെയും കാണുന്നത്

മരിയയുടെ ഡാഡി ലൂയിസ് ഫീനിക്സ് മില്ലിലെ ജോലിക്കാരനായിരുന്നു.

നൂറ്റിമുപ്പതോളം ടെക്സ്റ്റൈൽ മില്ലുകളുണ്ടായിരുന്നു ബോംബയിൽ  അവ  തെക്കൻ ബോംബയിൽ ചിതറിക്കിടന്നു.   തർദേവ് മുതൽ  മഹാലഷ്മി  വരെ, ബൈക്കള, പരേൽ  മുതൽ ശിവ്‌രി, ലാൽ ബാഗ് വരെ..

രണ്ടര ലക്ഷം തൊഴിലാളികൾ..

300  – 400 പേർ വരെ താമസിക്കുന്ന ചാലുകൾ..

അതിനുള്ളിൽ ഓരോ കുടുംബത്തിനുമുള്ള  കോലികൾ ..

 

ഒന്നാം നിലയിലെ നമ്പർ  18 ൽ  ആയിരുന്നു മരിയയുടെ കോലി. വലിയ പൊതുവായുള്ള വരാന്തയും മുറിയും കിച്ചനും .. എല്ലാ കോളികൾക്കും മുൻപിലെ വരാന്തയുടെ പുറത്തു തുണി ഉണങ്ങാൻ തൂക്കിയിട്ടിട്ടുണ്ട്. പല തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന ഒട്ടേറെ മനുഷ്യർ ….

ആയിരങ്ങൾ ഒരുമിച്ചു ജീവിക്കുന്ന ആ ചാലുകൾ മനുഷ്യന്റെ ഒത്തൊരുമയുടെ പ്രാക്ടീകങ്ങളായിരുന്നു.

ഒരു രാജ്യം…. ഒരു ജനത…. എന്ന് പുസ്തകങ്ങളിൽ വായിക്കുന്നത് യഥാർത്ഥത്തിൽ കാണാൻ കഴിയുന്നത് ഈ ചാലുകൾക്കുള്ളിലെ മനുഷ്യർക്കിടയിലാണ്.

പഞ്ചാബിയും ബിഹാറിയും മലയാളിയും ആസ്സാമിസും ഒരുമിച്ചു ജീവിക്കുന്ന ചാലുകൾ

 

ലൂയിസിനു  അമ്പതിനോടടുത്തു  പ്രായം തോന്നി.    വര്ഷങ്ങളുടെ അധ്വാനം കറുപ്പു ശകലങ്ങളായി കണ്ണുകൾക്ക്   കീഴിൽ കാണാമായിരുന്നു.

മരിയയുടെ മമ്മി ചായയും പലഹാരങ്ങളും ടീപ്പോയിൽ നിരത്തി.

ഞങ്ങൾക്ക് രണ്ടു കുട്ടികളാണ് .. മരിയ മൂത്തത് .. പിന്നെ സിൽവസ്റ്റർ ..

മരിയയുടെ മമ്മി വരാന്തയിലേക്ക് പോയി താഴെ കളിച്ചുകൊണ്ടിരുന്നവരെ നോക്കി നീട്ടി വിളിച്ചു

സില്ലൂ …  സില്ലൂ …   ഇക്കാടെ യെ ..

മരിയയുടെ അനുജൻ ഒരു ക്രിക്കറ് ബാറ്റും വീശി വന്നു.. എന്നെ നോക്കി ചിരിച്ചെന്നു വരുത്തി അടുക്കളയിലേക്കു  മറഞ്ഞു.

സില്ലു  ഈ വര്ഷം പത്തി ലേക്ക് കയറി.. എപ്പോഴും കളി തന്നെ  .. പഠിക്കാൻ വലിയ മടിയനാണ് . കൂട്ടുകൂടി നടന്നാൽ ഒടുവിൽ ജീവിതം പെരുവഴിയിലാകും.

ലൂയിസ് തുടർന്നു

മരിയ മിടുക്കിയാണ്. പെട്ടെന്ന് പഠിച്ചു കയറി. ക്ലാസ്സിലൊക്കെ മിടുക്കിയായിരുന്നു. ഇംഗ്ളീഷൊക്കെ പഠിച്ചു മുമ്പോട്ടു പോയാലേ  ഇനി  ഒരു തലമുറ രക്ഷപെടുകയുള്ളു.

എല്ലാവരും ഇംഗ്ലീഷ് പഠിച്ചു പോയാൽ മില്ലിൽ പണിയാൻ ആരെ കിട്ടുമെന്നാണ് മുതലാളിമാരുടെ ചിന്ത.

മരിയ മുൻപോട്ടു  പഠിക്കേണ്ടവളാണ്.

പക്ഷെ ജോലി വേണമെന്നോരേ വാശി…

ഇരുപതു വര്ഷങ്ങളായി ഞാൻ ഫീനിക്സിൽ കയറിയിട്ട് . മരിയക്ക് രണ്ടു വയസ്സുള്ളപ്പോൾ. ഇത് വരെ കുഴപ്പമൊന്നുമില്ലാതെ പോകുന്നു.

ഫീനിക്സ് ഏറ്റവും  വലിയ മില്ലാണ്. ഏഴായിരത്തിനു മേൽ തൊഴിലാളികൾ .. രാത്രിയും പകലും ആഴ്ചയിൽ ഏഴു ദിവസവും മില്ലിൽ പണിയുണ്ട്.

സില്ലു വീണ്ടും ക്രിക്കറ്റ് ബാറ്റുമായി പുറത്തേക്ക് പോയി.

“സില്ലു .. ജെൽദി  ഉ പ്പർ ആജാ .. കിസ്സെ  ജഗഡാ മത്  കരോ”

കോറിഡോറിൽ   ഞായറാഴ്ചയുടെ    തിരക്ക്  പോലെ   തോന്നി .  ഒരറ്റം   മുതൽ  അങ്ങേ  അറ്റം  കാണാത്തത്ര  ദൂരത്തേക്ക്  വരാന്ത  നീണ്ടു  കിടന്നു . വരാന്തയിൽ അനേകം പേർ  അനവധി  പ്രവൃത്തികളിൽ  ഏർപ്പെട്ടിരുന്നു .

താടി വടിക്കുന്നവര്ക്കും   കാരംസ്  ബോർഡിൽ തലവെട്ടിച്ചു ഉന്നം നോക്കുന്നവരും, സൊറ പറയുന്ന   സ്ത്രീകൾക്കുമിടയിലൂടെ  ഓടിച്ചാടിക്കളിക്കുന്ന  കൊച്ചുകുട്ടികൾ .

മുതിർന്ന  ആൺകുട്ടികൾ   രണ്ടു  ചാലുകളുടെ  ഇടയിലെ  തുറന്ന  സ്ഥലം  ക്രിക്കറ്  ഗ്രൗണ്ടാക്കി

സൽവാർ  കമ്മീസ് ധരിച്ച  ഒരു  പെൺകുട്ടി  അടക്കിവെച്ച  ഒരു  ചിരിയോടെ  ഉള്ളിലേക്ക്  വന്നു

“എന്താ  ഖുശ്‌ബു..”.

ലൂയിസ്  സംസാരം നിർത്തി അവളോട് ചോദിച്ചു

“സമോസ … അമ്മ  തന്നു  വിട്ടതാണ് “

ചാലുകളിലെ സംസ്കാരമാണ്. ഒരാൾക്ക് അതിഥി വന്നാൽ അടുത്ത കോലിയിലും അവർക്കു വേണ്ടി എന്തെങ്കിലും പാചകം ചെയ്യും. ഒരാൾക്ക് സുഖമില്ലാതായാൽ അടുത്ത കോലികളിലെ കുടംബങ്ങൾ സഹായത്തിനെത്തും

അവൾ  സമോസയുടെ  പ്ലേറ്റ്   ടിപ്പോയിൽ  വെ ച്ച്എന്നെ  കൗതുകത്തോടെ ഒന്നു  നോക്കി,   മരിയയുടെ   കൈ   പിടിച്ചു  വലിച്ചു  അടുക്കളയിലേക്കു  പോയി . അവരുടെ  അടക്കം  പറച്ചിലും  ചെറു  ചിരികളും എനിക്ക്   കേൾക്കാമായിരുന്നു.

ഖുശ്‌ബു  മരിയയുടെ  കുട്ടിക്കാലം  മുതലുള്ള  കൂട്ടുകാരിയായിരുന്നു . മരിയയുടെ  സുഹൃത്തിനെ  കാണാൻ  വന്നതായിരുന്നു   അവൾ.

വേറെയും കുറെ കൂട്ടുകാർ മരിയക്ക് ഉണ്ടായിരുന്നു. ആ ചാലിലും അടുത്ത ചാലിലുമൊക്കെയായി കുറെ കൂട്ടുകാർ.

അവർക്കൊക്കെ ഞാൻ ചായക്ക്‌ വരുന്ന വിവരം അറിയാമായിരുന്നു. മരിയയുടെ ചെറുക്കനെ കാണാൻ അവർ അറിയാത്ത മട്ടിൽ അവിടവിടെ നിന്നിട്ടുണ്ടായിരുന്നെന്നു  മരിയ പിന്നീട് എന്നോട് പറഞ്ഞു

ആർസുവും അനഘയും ഞാൻ വരുമ്പോൾ താഴെ ഉണ്ടായിരുന്നു.

സ്റ്റെയർകേസ് കയറുമ്പോൾ എതിരെ വന്നവരാണ് ഗീതാലിയും ഉർമിയും.

സമോസ കൊണ്ടുവന്നത് ഖുശി.

തിരിച്ചു ഇറങ്ങുമ്പോൾ വരാന്തയിൽ നിന്നതു വിഭയും തേജലും …

ഹധീരയും ഗുൽനാറും ലസ്നയും അപ്പോൾ പുറത്തു പോയിരിക്കുകയായിരുന്നു

കോലികൾക്കിടയിലുള്ള  സൗഹൃദവും   സഹകരണവും  ഏറ്റവും  സുന്ദരമായ  കാഴ്ചയായിരുന്നു .

മതം , ജാതി, ഭാഷ  ഒന്നും    ഈ  മനുഷ്യരെ  ബാധിച്ചില്ല . ഉത്സവങ്ങൾ എല്ലാവര്ക്കും വേണ്ടിയാണ്. ഓണവും ഹോളിയും, ദീവാലിയും, ഗണേഷ് ചതുർത്ഥിയും ഈദും, ക്രിസ്മസും എല്ലാവര്ക്കും ആഘോഷങ്ങളുടെ ദിവസങ്ങളാണ് ഒരു കോലിയിലെ ആഘോഷം എല്ലാവരുടേതുമായിരുന്നു.

ഫീനിക്സ്  മില്ലിന്റെ  ചിമ്മി നി  ആകാശത്തോളം  ഉയർന്നു  നിന്നു..

നാലു  നിലകളിലായി  പരന്നു  കിടന്ന  മില്ലിനെ  ചുറ്റി ഏഴായിരത്തഞ്ഞൂറു   തൊഴിലാളി  കുടുംബങ്ങൾ  ജീവിച്ചു .  റുയ്യ കുടുംബം  1905 ൽ തുടങ്ങിയതാണ് ഫീനിക്സ് മിൽ ..

എത്രയായിരം കുടുംബങ്ങൾ  ഈ മില്ലു  കൊണ്ട് ജീവിച്ചു..

എത്ര തലമുറകളെ കണ്ടതാണ് ഫീനിക്സിന്റെ ചിമ്മിനി

 

“പീറ്റർ… വീട്ടിലാരൊക്കെയുണ്ട്? “

ലൂയിസ് എന്നെപ്പറ്റി അറിയാൻ ചോദിച്ചു

ഞാൻ കാനകോനയിലെ ഞങ്ങളുടെ ഫ്രാൻസിസ് സാറിനെ പറ്റിയും  മമ്മയ് പറ്റിയും പറഞ്ഞു.

പോർത്തോ യിൽ  ബിസിനസുകാരനായ  എന്റെ ജ്യേഷ്ഠൻ ഫ്രഡിയെപ്പറ്റിയും, പോർത്തോ യിലുള്ള എന്റെ സഹോദരി ലിസയെപ്പറ്റിയും വീട്ടിൽ അപ്പായിക്കും മമ്മയ്ക്കുംകൂടെ നിൽക്കുന്ന അനുജൻ ആഗ്നേലോയെപ്പറ്റിയും പറഞ്ഞു.

“കഴിക്കു.. ഇത് കൂടി കഴിക്കൂ .. “

“പുരം പോളി  മരിയ ഉണ്ടാക്കിയതാണ് .. “

“ഒരു സമോസ കൂടി കഴിക്കൂ .. നല്ല ചൂടുണ്ട് “.

മരിയയുടെ മമ്മി ഇടയ്ക്കിടെ എന്നെ സത്കരിക്കുവാൻ ശ്രമിച്ചു .

ജീവിതത്തിൽ ഒരുപാടു കഷ്ടപ്പെട്ട ഒരാളാണ് ലൂയിസ് . രണ്ടു ദശാബ്ദക്കാലം ജോലി ചെയ്തിട്ടും ഒന്നും മിച്ചം പിടിക്കാനാവാത്തതിനെ പറ്റി  അദ്ദേഹം ഇടയ്ക്കു പറഞ്ഞു.

“മില്ലുകൾ നഷ്ടമാണെന്ന് റുയ്യാ കുടുംബം പറയുന്നു. ശമ്പളം കൂട്ടണമെന്ന് യൂണിയൻ ആവശ്യപെടുന്നു

നിവേദനങ്ങൾ കുറെ കൊടുക്കുന്നുണ്ട്. പക്ഷെ അവരതിനൊന്നിനും അടുക്കുന്നില്ല.

ഇപ്പോൾ ഗിർണി   കാംകർ    സങ്കർഷ്    സമിതിയാണ്   മില്ല് മുതലാളിമാരോട് സംസാരിക്കുന്നത്..

ഡോക്ടർ സാഹേബിനോട്‌ അവരുടെ അടവ് നടക്കത്തില്ല.”

“ആരാണ് ഡോക്ടർ സാഹേബ് ?? “

‘ദത്താ സാമന്ത് സാഹേബ് .. ഞങ്ങളുടെ  ഡോക്ടർ സാഹേബ്.. ‘

അദ്ദേഹമാണ് ഞങ്ങളുടെ നേതാവ്.

ലൂയിസ് പേഴ്‌സ് തുറന്ന് എന്നെ ഡോക്ടർ സഹബിന്റെ ഫോട്ടോ കാണിച്ചു തന്നു. വലിയ ഉയരവും തടിയുമുള്ള ഒരാൾ.  ധീരനായ ഒരു നേതാവിന്റെ എല്ലാ ഭാവങ്ങളുമുള്ള മുഖം.

ഡോക്ടർ ജോലി ഉപേക്ഷിച്ചു തൊഴിലാളികൾക്ക് വേണ്ടി ഈ മനുഷ്യൻ എന്തിനു വന്നു?

ആ ഫോട്ടോയുടെ കൂടെയിരുന്ന  മറ്റൊരു ഫോട്ടോ കൂടി  ഞാൻ ശ്രദ്ധിച്ചു.  കഷണ്ടിയും ഫ്രഞ്ച് താടിയുമുള്ള  ഒരു വെള്ളക്കാരന്റെ ഫോട്ടോ.

ഞാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞു .

ലെനിൻ .. റഷ്യയുടെ വ്ലാഡിമിർ ലെനിൻ.. .

ഏകാന്ത വാസത്തിനു ശിക്ഷിക്കപ്പെട്ട് കിഴക്കൻ സൈബീരിയയിലെ കൊടും തണുപ്പിൽ മൂന്നു  വര്ഷം ജീവിച്ച ലെനിന്റെ കഥ  ലൂയിസുമായി പങ്കുവച്ചു.

ലെനിൻ എന്നത് അദ്ദേഹത്തിന്റെ പേരേ അല്ലായിരുന്നു. 32 ആം വയസ്സിൽ തിരഞ്ഞെടുത്ത തൂലികാനാമമാണത്.

യഥാർത്ഥ പേര്  വ്ലാഡിമിർ ഇലിച് ഉല്യനോവ്.

സൈബീരിയയിൽ താമസിക്കുമ്പോൾ അദ്ദേഹം രഹസ്യ കത്തുകൾ എഴുതിയിരുന്നത് വെള്ള കടലാസ്സിൽ പാലു കൊണ്ടെഴുതി ഉണക്കിയെടുത്തായിരുന്നു.

ലൂയിസിന് ലെനിന്റെ കഥ ഇഷ്ടപ്പെട്ടു

ഇരുട്ടുന്നതിനു മുൻപേ ഞാൻ യാത്ര പറഞ്ഞിറങ്ങി. പുറത്തേക്കിറങ്ങുമ്പോൾ മരിയ കണ്ണുകൊണ്ടു ചിരിച്ചു; നിശബ്ദമായി യാത്ര പറഞ്ഞു.

വരാന്തയിൽ എന്നെ കാണാനെന്നോണം ഖുഷിയും കൂടെ വേറെയും മൂന്നു പെൺകുട്ടികൾ നിന്നിരുന്നു. അവർ തമ്മിൽ അടക്കം പറഞ്ഞത് എന്നെ പറ്റി യാണെന്ന് ഞാൻ ഊഹിച്ചു.

ആകാശം മുട്ടി നിന്ന ചിമ്മിനിയുടെ താഴെ നൂറു കണക്കിനു മനുഷ്യർ വരുകയും പോകുകയും ചെയ്യുന്നു.

എത്ര  കൂട്ടിയിട്ടും   കൂട്ടാത്ത  കുടുംബത്തിന്റെ കണക്കു പുസ്‌തകങ്ങൾ നെഞ്ചിലേറ്റി നടക്കുന്നവർ ….

ചിമ്മിനിയെ വട്ടം ചുറ്റി അലയുന്ന കറുത്ത മേഘങ്ങൾ അനേകായിരം തൊഴിലാളികളുടെ ദീർഘ നിശ്വാസങ്ങളാണെന്നു എനിക്ക് തോന്നി

ഞാൻ നടന്നകലുമ്പോൾ പിന്നിൽ ക്രിക്കറ്റ് ബാറ്റുമായി ഒച്ചയിടുന്ന സിൽവസ്റ്ററിന്റെ  ശബ്ദം കേൾക്കാമായിരുന്നു.

∞  ∞ ∞  ∞  ∞  ∞  ∞  ∞ ∞  ∞  ∞  ∞

(തുടരും ….)   അടുത്ത ലക്കം :  കാനകോനയിലെ യാത്രയയപ്പ്

എബി  ചാക്സ്

 

Title: Read Online Malayalam Novel Fallen Apples written by  Aby Chacs

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!