Skip to content

കൊഴിഞ്ഞു വീണ ആപ്പിളുകൾ അധ്യായം – 5 : കാനകോനയിലെ  യാത്രയയപ്പ്

fallen apples

കൊഴിഞ്ഞു വീണ ആപ്പിളുകൾ

ഗോവയിൽ വളർന്ന പീറ്റർ ഡിസൂസയെയും, ബോംബെയിൽ വളർന്ന മരിയയെയും ഞാൻ ഇംഗ്ലണ്ടിലെ വാറ്റ്ഫോഡിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ അവർ പറഞ്ഞു തന്ന അവരുടെ കഥയാണിത് .

അവരിലൂടെ ഞാനറിഞ്ഞ പോർട്ടുഗീസ് ഗോവയുടെയും, ബോംബെ ടെക്സ്സ്റ്റൈൽ തൊഴി ലാളി സമരത്തിന്റെയും, ജീവിക്കാനുള്ള   ഓട്ടത്തിൽ ശിഥിലമായിപ്പോകുന്ന പ്രവാസികളുടെ കുടുംബബന്ധങ്ങളുടെയും കഥകൾ……

എബി  ചാക്സ്

***************

അധ്യായം – 5 : കാനകോനയിലെ  യാത്രയയപ്പ്

 

തിരിഞ്ഞു നോക്കുമ്പോൾ ജീവിതം ഇത്ര പെട്ടെന്ന് കടന്നു പോയല്ലോ എന്നോർക്കും. ബോംബയിലെ ജീവിതത്തിനു നിറവും മണവും അർത്ഥവും പ്രതീക്ഷയും മോഹങ്ങളും സ്വപ്നങ്ങളും നൽകിയത് മരിയയാണ്.

ഇതിനിടയിൽ രണ്ടു വി വാഹങ്ങൾ  പോർട്ടുഗലിൽ നടന്നു.

ഫ്രഡ്‌ഡി  പോര്ടുഗിസ് വധുവിനെ കണ്ടെത്തി. സുഹൃത്തുക്കളുടെ  ഒരു ചെറിയ സദസ്സിൽ   ആ വിവാഹം പോർത്തോയിൽ നടന്നതിന്റെ   ഫോട്ടോകൾ വീട്ടിലേക്കയച്ചു കൊടുത്തു.

തന്റെ മകന് ഒരു പോർട്ടുഗീസ് വധുവിനെ കിട്ടിയതിൽ   ആപ്പായി   സന്തോഷിച്ചു

അധികം താമസിയാതെ  ലിസയുടെ വിവാഹവും  അവിടെ നടന്നു. അവിടെ ജോലി ചെയ്യുന്ന ഒരു തനി ഗോവൻ യുവാവ് .

മമ്മയ് ക്കു ആ വിവാഹത്തിനെങ്കിലും കൂടണമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. രണ്ടു മാസങ്ങൾ കഴിഞ്ഞു  അവർ അവധിയിലെത്തി  നാട്ടുനടപ്പ് പോലെ ഗ്രാമത്തിലെ എല്ലാവര്ക്കും കണക്കില്ലാതെ വിസ്കി വിളമ്പി,  പാർട്ടി നടത്തി തിരിച്ചു പോയി

ലോവർ പരേലിലെ മരിയയുടെ വീട്ടിൽ പോയി തിരിച്ചെത്തിയതിനു ശേഷം  ഞാൻ അപ്പായി ക്കു എഴുതി.

ഞാൻ സ്നേഹിക്കുന്ന മരിയയെപ്പറ്റി.

അപ്പായി  വലിയ എതിരിനൊന്നും വന്നില്ല. ഉള്ളിലെ നിരാശ പുറത്തു കാണിച്ചില്ല.

മമ്മായിയോട് പറഞ്ഞത്രേ

“പഠിപ്പുള്ള പീറ്റർ ‌ ലിസ്ബണിൽ പോയിരുന്നെങ്കിൽ ഒരു വെളുത്ത പോർട്ടുഗീസുകാരിയെ വിവാഹം കഴിച്ചു കുടുംബത്തിന്  സൽപ്പേര് സമ്പാദിക്കാമായിരുന്നു. “

“ചിലർക്ക് പഠിപ്പുണ്ടെങ്കിലും തലയിൽ ബുദ്ധിയില്ല. ചെരുപ്പ് തൂക്കി   വഴിയേ നടക്കാനാണ് വിധി”

എല്ലാം പെട്ടെന്നു  നടന്നു. വിവാഹം കാനകോനയിൽ ആഘോഷപൂർവം നടത്തി. മുകളിലത്തെ മുറി ഞങ്ങൾക്കായി ഒരുക്കിത്തന്നു. ആഘോഷങ്ങളുടെയും ആവേശങ്ങളുടെയും നാളുകൾ പെട്ടെന്ന് കടന്നു പോയി.

ഞങ്ങൾ ജനാലയുടെ അരികിലിരുന്നും,  മാവിൻ കൊമ്പുകളിൽ  തൊട്ടും, തല്പന നദിയുടെ കരയിൽ ഉലാത്തിയും ഒരാഴ്ച കടന്നു പോയത് പെട്ടെന്നായിരുന്നു.

ഒരു ദിവസം ഞങ്ങൾ കാർലയിൽ പോയി. ആറ്റൂർ പള്ളിയിൽ മെഴുകുതിരി കത്തിച്ചു സെൻറ് ലോറെൻസിനോട് പ്രാർത്ഥിച്ചു.

ആ യാത്രയിൽ ഞങ്ങൾ മരിയയുടെ അങ്കിളിന്റെ വീടും  സന്ദർശിച്ചു .. അന്നാണ് ഞങ്ങൾ ഒടുവിൽ ലവിയെ കണ്ടത് .. അന്നവൾ സ്‌കൂൾ കഴിഞ്ഞിട്ടേ ഉള്ളു

ഞങ്ങൾ തിരിച്ചു ബോംബയിലെത്തി.

വിവാഹം  ജീവിതത്തിനു വേഗത കൂട്ടുമെന്ന് പറയുന്നത് എത്ര ശരി.

വിദേശ യാത്രകൾക്കു മുഖം തിരിഞ്ഞു നിന്ന എന്റെ മുന്നിൽ  അവസരങ്ങൾ വന്നപ്പോൾ മരിയ പറഞ്ഞു

“ ഞാൻ ബോംബേക്കു പുറത്തു പോയിട്ടേയില്ല. സിനിമകളിൽ മാത്രം നമ്മൾ കാണുന്ന വിദേശ രാജ്യങ്ങളിൽ എന്നെങ്കിലും നമുക്കു പോകാൻ കഴിയുമോ ? “

ട്രെയിനിലും ബസിലും കൂട്ടിയിടിച്ചു യാത്ര ചെയ്തു പോകുന്നതാണ് ഒരു ശരാശരി ബോംബെവാലയുടെ ജീവിതം

“പീറ്റർ…….ജീവിച്ചിരിക്കുമ്പോൾ നമുക്കും പുറം നാടുകളൊക്കെ കറങ്ങാൻ  ഭാഗ്യമുണ്ടാവുമോ?”

പതിയെ എന്റെ മനസ്സ് മാറിത്തുടങ്ങി ..

മരിയയുടെ  ബ്രേസ്‌ലെറ്റിൽ  നിരവധി ചാംസുകൾ  ഉണ്ടായിരുന്നു .

സൂര്യൻ

ചന്ദ്രക്കല

പൂക്കൾ

ചെറു വളയങ്ങൾ

കുരിശ് ..

അങ്ങിനെ പലതും. തലയിണയിൽ ചെരിഞ്ഞുകിടന്ന അവളുടെ കൈത്തണ്ടയിലൂടെ ഞാൻ ആ ചാംസുകളിലൂടെ വിരലോടിക്കുമ്പോൾ മരിയയുടെ ആഗ്രഹം ന്യായമാണെന്ന് ചിന്തിച്ചു

ഞങ്ങൾ  പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തപ്പോൾ ഫലം കിട്ടി. ഇംഗ്ലണ്ടിലേക്കു പോകാൻ സാധിച്ചത് സെന്റ്റ് ലോറൻസിന്റെ കൃപയാണെന്നു മരിയ ഇപ്പോഴും പറയും.

ബ്രിക്ക് ലൈനിലെ കുറെ മാസങ്ങൾക്കുശേഷം ഞങ്ങൾ  വാറ്റ്ഫോഡിലെത്തി.

ഈ വീട്ടിൽ ….

ഈ വീട്ടിലാണ് ഞങ്ങൾക്ക് കുട്ടികളുണ്ടായത്.  മൂന്ന് ആൺകുട്ടികൾ

കെന്നഡി

നിക്സൺ

ലെനിൻ

അവർ ഇന്ന് വരും.. എല്ലാ  വീക്കെണ്ടിലും അവർ ഇങ്ങോട്ടു  വരും.

പീറ്റർ സമയം നോക്കി..   മരിയ ഇനിയും വന്നിട്ടില്ലല്ലോ..

എബിക്ക് ഒരു ചായ കൂടി വേണോ?

ഞാൻ വേണ്ടെന്നു തലയാട്ടി.

“എബി  ഗോവയിൽ പോയിട്ടുണ്ടോ?”

“ഉണ്ട്‌ .. രണ്ടു പ്രാവശ്യം. പഴയ ഗോവയിലെ ചില സ്ഥല ങ്ങൾ പോയിക്കണ്ടു. പഞ്ചിമിൽ  ഒരു റസ്റ്ററന്റിൽ നിന്ന് പോർക്ക്   സർപോത്തൽ ചൂട് വൈറ്റ് റൈസുമായി കഴിച്ചത് ഇപ്പോഴും നല്ല ഓർമയുണ്ട്”

പീറ്റർ ചിരിച്ചു

“ഗോവ മറ്റൊരു സംസ്ഥാനം  പോലെയേയല്ല .. 450 വര്ഷങ്ങളാണ് പോര്ടുഗീസുകാർ അവിടം ഭരിച്ചത് . ‘കിഴക്കൻ ലിസ്ബൺ’ എന്നാണ് ഗോവ അറിയപ്പെട്ടിരുന്നത്. എത്ര തലമുറകൾ മാറിമാറിയാണ്‌ ഒടുവിൽ 61 ൽ അവർ പോയത്. വേഷം, മതം. ഭാഷ ഒക്കെ അവർ മാറ്റിയെടുത്തു .. ഒരു തലമുറയ്ക്ക് 30 വർഷങ്ങൾ കൊടുത്താൽ ഏതാണ്ട് 15 തലമുറകൾ പോർട്ടുഗലിന് കീഴിൽ കഴിഞ്ഞു

ഇപ്പോൾ നോക്കുമ്പോൾ എല്ലാമൊന്നും നല്ലതല്ല ..

എന്റെ  അനുജൻ അഗ്നേലോയുടെ ജീവിതം നോക്കിയാൽ മതി.

മദ്യമില്ലാതെ അവനു  ഒരു ദിവസം പോലും ജീവിക്കാൻ പറ്റുമായിരുന്നില്ല. ഗോവയിലെ മനുഷ്യരുടെ സ്ഥിതിയാണിത്..

അവൻ മരിക്കുന്നത്തിനു തലേദിവസം വരെ കുടിച്ചു. ആശുപത്രിയിലായപ്പോൾ ട്രൗസറിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു കുപ്പികൾ  കൂട്ടുകാർ  അവനു എത്തിച്ചു കൊടുത്തു.”

“കേരളത്തിലും ഇങ്ങിനെയൊക്കെത്തന്നെ .. “      ഞാൻ പറഞ്ഞു

“ഞാനും കുടിക്കുമായിരുന്നു എബി.. പക്ഷെ നമ്മുടെ ഉത്തരവാദിത്വങ്ങൾ മറക്കാമോ?”

“അഗ്നേലോ ഞങ്ങളിലേറ്റവും ഇളയവനായിരുന്നു. ഒടുവിലൊക്കെ അവനെ കണ്ടാൽ ഞങ്ങളുടെ മൂത്തയാളാണന്നേ ആരും പറയുമായിരുന്നുള്ളു

ജോലിയുണ്ടെങ്കിൽ ആഘോഷങ്ങളുടെ കുടി.

ജോലിയില്ലെങ്കിൽ പരാജിതന്റെ കുടി.

വിവാഹ വാർഷികത്തിന്റെ കുടി..

ഭാര്യ ചീത്ത പറഞ്ഞതിന്റെ കുടി..

കാരണം കണ്ടെത്താൻ എളുപ്പമല്ലേ ?

 

പീറ്റർ തുടർന്നു

“രണ്ടോ മൂന്നോ ബിയർ കുടിക്കുന്ന പതിവുണ്ടായിരുന്നു എനിക്ക്. അത് കൂടിക്കൂടി വന്നപ്പോൾ മരിയ പ്രശ്നമുണ്ടാക്കി കൂട്ടത്തിൽ ഞങ്ങളുടെ ഡോക്ടറും ..

“അങ്ങിനെ പബ്ബിലെ പോക്ക് നിർത്തി .. വല്ലപ്പോഴും വൈൻ കഴിക്കും.. അതും മരിയയുടെ കൂടെ.

“ഞാനിപ്പോൾ ജോലി വിട്ടിട്ട് ഏഴു വർഷങ്ങളായി ..മരിയക്ക് ജോലിയുണ്ട് .   അവൾക്കു ശനിയാഴ്ച്ചയും ജോലിക്കു പോകണം.. ചിലപ്പോൾ കുറെ വൈകും..  ഒക്കെ എല്ലായിടത്തെയും പോലെ.. കഷ്ടപ്പെടാതെ പറ്റില്ലല്ലോ”

“കുറച്ചു സേവിങ് ഉണ്ട് .. ജീവിതം ഇങ്ങനെയൊക്കെ മുൻപോട്ടു പോകും. വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. ചിലതൊക്കെയുണ്ട് പക്ഷെ സാരമില്ല “

“ചിലപ്പോൾ തല്പന നദി കാണണമെന്ന് തോന്നും.

പുതിയ ബ്രിഡ്ജ് വന്നു.. സഡോൾസം ബ്രിഡ്ജ് …തല്പനയുടെ കുറുകെ.  എ   ബ്യൂട്ടിഫുൾ  ബ്രിഡ്ജ് … നടക്കാനും ടു വീലറുകളും മാത്രമേയുള്ളു എന്നാണ് കേട്ടത്

“ചിലപ്പോൾ എന്റെ കാനകോനയിലെ മുറിയുടെ ജനാലക്കരുകിൽ ഇരിക്കാൻ തോന്നും

“പഞ്ചിം ആർട് കോളജിന്റെ കോമ്പൗണ്ടിലെ തണൽ മരങ്ങൾക്കു കീഴിൽ നടക്കണമെന്ന് തോന്നും ..

“ബോം ജീസസിന്റെ ബസിലിക്കയിൽ ഒരു ചാര് ബെഞ്ചിൽ ഒറ്റക്കിരിക്കണമെന്നു തോന്നും ..

“സെൻട്രൽ സ്ക്വയറിലൂടെ നടന്നു ചെന്നാൽ   ഹിൽ-ടോപ്പിലെ വെർജിൻ മേരി യുടെ പള്ളി. അതിനു പുറത്തെ റസ്റ്ററൻറ് ബാറിന്റെ  ടെറസ്സിലെ സീറ്റിൽ ചാരിയിരുന്നു പൈന്റ് ബിയർ  കഴിച്ചങ്ങിനെ ഇരിക്കുക .. വഴിയിലെ കുട്ടികളെയും സ്ത്രീകളെയും യാത്രക്കാരെയുമൊക്കെ ഒരു സേഫ് ഡിസ്റ്റൻസിലിരുന്ന് കണ്ടുകൊണ്ടിരിക്കുക..

“ഇനി അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല.

എനിക്ക് കാണാൻ ഇവിടെ രണ്ടു ആപ്പിൾ മരങ്ങളുണ്ട്.

നാലു സീസണിലും രൂപമാറ്റം വന്നു ഇലയും പൂവും കായുമൊക്കെയായി ഓരോ വർഷവും പുനർജനിക്കുന്ന ഞങ്ങളുടെ ആപ്പിൾ മരങ്ങൾ ..

പീറ്റർ എന്തോ ഉള്ളിലോർത്തു സ്വയം ചിരിച്ചു.

ജീവനില്ലാത്ത ഒരു തണുത്ത ചിരി.

“എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ പോയേനെ. പെട്ടെന്നൊരു നെഞ്ച് വേദന വന്നു .. ആംബുലന്സിലാണ് ആശുപത്രിയിലെത്തിച്ചത്.

മൂന്നു ബ്ലോക്ക്..

ആഞ്ജിയോയും മരുന്നുകളും ഒരാഴ്ച്ച ആശുപത്രിയിലെ വിശ്രമവും കഴിഞ്ഞു ഞാൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഒന്നും പഴയതു പോലെ ആയിരുന്നില്ല.

“റോബർട്സൺ ….. മരിയയുടെ ബോസ്   കുറെ സഹായിച്ചു.

“മെ ഗോഡ് ബ്ലസ് ഹിം ..

“പറന്നു നടക്കുന്ന ചിത്ര ശലഭത്തെ ഒരു കുപ്പിക്കുള്ളിൽ അടച്ചതു പോലെയായി എന്റെ കാര്യം

“ഞങ്ങളുടെ വിവാഹത്തിന്റെ കാലത്താണ്  ‘ലാവാരിസ്’  സിനിമ ഇറങ്ങിയത്.. അമിതാബ് ബച്ചന്റെ ലവാരിസ് .. അതിൽ ഒരു പാട്ടുണ്ട് .. വെരി    ടച്ചിങ്   സോങ്

പീറ്റർ പതിയെ മൂളി..

ജിസ്ക ‌ കോയി നഹി…

ഉസ്‌ക തോ …ഖുദാ  ഹെ.. യാരോ”

 

പറഞ്ഞു പറഞ്ഞു കാടു കയറുന്നെന്ന് എനിക്കു തോന്നി.

പക്ഷെ പീറ്റർ കഥ തുടർന്നു

അപ്പായി  മരിച്ചപ്പോൾ,  മക്കളിൽ അഗ്നേലോ മാത്രമേ  വീട്ടിലുണ്ടായിരുന്നുള്ളു . അവൻ ഫെനിയും വിസ്കിയും കഴിച്ചു വെളിവില്ലാതെ കിടന്ന ഒരു രാത്രിയിൽ ആപ്പായി വിഷമം പറഞ്ഞു.

മമ്മയ് നിലവിളിച്ചു എല്ലാവരെയും ഉണർത്തി.

മഗ്‌ദ തന്റെ നാലു കുട്ടികളുമായി കട്ടിലിനു ചുറ്റും നിന്നു  വെള്ളം കൊടുക്കാനും വീശിക്കൊടുക്കാനും മമ്മായെ സഹായിച്ചു.

അവരുടെ കൂട്ടക്കരച്ചിൽ പോലും അഗ്നേലോയെ ഉണർത്തിയില്ല .

അപ്പായി   കാനകോനയും ഗോവയും ഉപേക്ഷിച്ചു യാത്രയായി. വിസയും വിമാനവും ഇല്ലാതെ    ഫ്രാൻസിസ് സർ    ലിസ്ബോണിലേക്കു ആ രാത്രിയിൽ പോയിരിക്കാം

ഫ്രഡിയും ലിസയും പോയില്ല. എനിക്ക് ലീവ് കിട്ടി വരുമ്പോഴേക്ക് ആഴ്ച ഒന്ന് കഴിഞ്ഞിരുന്നു.

ലീവ് മാത്രമായിരുന്നില്ല പ്രശനം.

ലോകത്തെ ഏറ്ററ്വും വലിയ ധനികരുടെ നഗരത്തിലാണ്, ഈ ലോകത്തെ ഏറ്റവും ദരിദ്രരായ ചെറിയ മനുഷ്യർ താമസിക്കുന്നത്.

ലോകം മുഴുവൻ ബ്രിട്ടീഷ് രാജ്ഞി യുടെ അധികാര ദണ്ഡിന്റെ കീഴിലായിരുന്നപ്പോൾ കൂട്ടിവച്ചതൊക്കെ  ഒലിച്ചു പോകാൻ തുടങ്ങിയിരുന്നു. വെള്ളക്കാരുടെ ഈ സ്വപ്നനഗരത്തിൽ  പുറം ലോകം കരുതുന്നത്ര തിളക്കവും ഊർജവും അവസരങ്ങളും എല്ലാവര്ക്കും ലഭിക്കാറില്ല എന്നതാണ് സത്യം.

“പീറ്റർ പോയി വരൂ… എല്ലാവര്ക്കും കൂടി ഹോളിഡേ ക്കു പറ്റിയ സമയമല്ലിത്.” മരിയക്ക്  ഇക്കാര്യങ്ങളിലൊക്കെ എന്നെക്കാളും ധൈര്യമുണ്ട്; പെട്ടെന്ന് പ്രായോഗികമായി ചിന്തിക്കുവാൻ അവൾക്കു കഴിയും . ബോംബെ പെൺകുട്ടികളെ പറ്റി  പൊതുവെ ഇങ്ങനെ  ഒരു നിരീക്ഷണം  പറഞ്ഞു കേൾക്കാറുണ്ട്

ഇവിടുന്ന് യാത്രയിറങ്ങുമ്പോൾ മരിയ ഓർമിപ്പിച്ചു

“കാർലയിൽ പോയി  ആറ്റൂർ പള്ളിയിൽ മെഴുകുതിരി കത്തിക്കണം”

“പിന്നെ..പറ്റുമെങ്കിൽ അങ്കിളിനെ കാണുക .. “

 

ഡാബോളിൻ എയർപോർട്ടിന് പുറത്തു അഗ്നേലോ, യാത്രയിൽ കുഴഞ്ഞുപോയ എന്നെ കാത്തു നില്പുണ്ടായിരുന്നു.

ഹൈവേയിൽ നിന്ന് കാന കോന യുടെ വഴിയിലേക്ക് കാർ തിരിഞ്ഞു കുറെ ചെന്ന് വീണ്ടും വലത്തേക്കെടുത്തപ്പോൾ എനിക്ക് ഞങ്ങളുടെ വീട് ഒരു  അനാഥനെ പ്പോലെ നിൽക്കുന്നതു കാണാമായിരുന്നു .

വീടിന്റെ പുറം ചുവരുകളിൽ പായൽ ഉണങ്ങി വിണ്ടു കീറിയിരിക്കുന്നു .

ചെടിചട്ടികൾ ചിലതു പോട്ടിയതും  ചില ചെടികൾ അശ്രദ്ധമായി വളർന്നു പടർന്നതും,  പുറത്തെ പുൽനാമ്പുകൾ മുറ്റം കൈയ്യേറിയതൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല .  ഏതാണ്ട് ഒരു വർഷമായി എല്ലാത്തിലും വിരക്തിയായാണ് ആപ്പായി ജീവിച്ചിരുന്നത്. വീടിന് പെയിന്റ് ചെയ്യാനോ ചെടികൾ ക്രോപ് ചെയ്യാനോ ഒന്നിനും താല്പര്യം കാണിച്ചില്ല.

മുടങ്ങാതെ നടന്നിരുന്നത് വൈകിട്ടത്തെ ഫെനി കൂട്ടായ്‌മ മാത്രമായിരുന്നു.

ആഗ്നെലോക്കു സ്‌കൂളിലും പള്ളിയിലുമൊക്കെ ചെറിയ ജോലികൾ അപ്പായി ഏല്പിക്കുമായിരുന്നു. ഒക്കെ നാലു ദിവസ്സങ്ങൾക്കപ്പുറം പോകാറില്ല. എല്ലായിടത്തും മദ്യമായിരുന്നു പ്രശനം.

അപ്പായി യുടെ ചീത്ത കേട്ട് പേടിച്ചിരുന്ന  ആഗ്നെലോ പതിയെ തിരിച്ചു ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് അപ്പായി തളർന്നു.

ചീത്ത വിളികൾ നിന്നു . അവൻ ഒരു അബദ്ധ ജന്മമാണെന്നു അപ്പായി പറയാൻ  തുടങ്ങി ..

അവർക്കിടയിലെ പോർമുഖത്തു നിന്ന് മമ്മയ് ഉള്ളിലേക്കു വലിഞ്ഞു.

എന്നെ  കണ്ടപ്പോൾ മമ്മയ്  കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു.  അവരുടെ തേങ്ങലുകൾക്കിടയിൽ  മമ്മയ് പറയുന്നുണ്ടായിരുന്നു

” പോയി…..   നമ്മുടെ അപ്പായി എല്ലാം വിട്ടിട്ടു പോയി..”

ആഗ്നെലോയുടെ കുട്ടികൾ  ഞാൻ കൊടുത്ത ചോക്ലേറ്റുകളുമായി ഓടിപ്പോയി.

മഗ്ദ   പതിയെ ചോദിച്ചു

“മരിയയും കുട്ടികളും സുഖമായിരിക്കുന്നോ ?”

സെമിത്തേരിയിൽ പാപ്പായിയുടെ കുഴിമാടത്തിൽ ഞാൻ കുറെ നേരം നിന്നു.

ഈ മണ്ണിലേക്കു പോയ അപ്പായി കുട്ടിക്കാലത്തു എന്റെ കൈ പിടിച്ചു നടന്നിട്ടുണ്ട്. ലിസ്ബണിന്റെ കുറെ കഥകൾ പറഞ്ഞു തന്നിട്ടുണ്ട്. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ തൽപന നദിയിൽ കൊണ്ടുപോയിട്ടുണ്ട്.

പോർട്ടുഗലിന്റെ മഹത്വത്തെപ്പറ്റിയും  ലിസ്ബണിലെ കാഴ്ചകളെ പറ്റിയും പറയുമ്പോള് അപ്പായി യുടെ കണ്ണുകൾ തിളങ്ങുകയും, ശബ്ദത്തിൽ ഒരു  പ്രത്യേക   ദേശഭക്‌തി മുഴങ്ങുകയും ചെയ്യുമായിരുന്നു.

കുട്ടികൾ കുട്ടികളായിരിക്കുമ്പോഴാണ് അവരെ  മാതാ പിതാക്കൾക്ക് സ്വന്തമായി കിട്ടുന്നത്.

വളരും തോറും അവർ അകലുന്നു. ഓരോ അവസരങ്ങളിലും  സ്നേഹിക്കുന്നതിനേക്കാൾ  കൂടുതൽ  ഉപദേശങ്ങളും   ശാസനകളുമാവുമ്പോൾ      ആ അകൽച്ച   വലുതായി  ഒരിക്കലും പഴയതു പോലെ   തിരിച്ചെത്താൻ  കഴിയാതെ  ആവുന്നു. ഞങ്ങളിക്കിടയിൽ അതാണ് സംഭവിച്ചത്.

സദസ്സിനു മുൻപിൽ കിട്ടിയ ഓരോ ശകാരവും കേട്ട് മുകളിലെ എന്റെ മുറിയിൽ ഞാൻ രോഷാകുലനായി നടന്നിട്ടുണ്ട്. പിന്നെ ജനാലയിലൂടെ, പുറത്തേക്കു നോക്കിയിരിക്കും. മാവിൻ കൊമ്പുകൾക്കു മേലെ മുറിഞ്ഞു കിടക്കുന്ന ആകാശം നക്ഷത്രങ്ങളെ മറച്ചു പിടിച്ചു.

അപ്പായി യുടെ   സെമിത്തേരിയിലേക്കുള്ള  യാത്രയുടെ ചിത്രങ്ങൾ കൂട്ടിവെച്ചു ആഗ്നെലോ  ഒരു ഫോട്ടോ ആൽബം ആക്കിയിരുന്നു.

സ്യുട്ടും ടൈ യും ധരിച്ചു,   ഒരു പാർട്ടിക്കു ഒരുങ്ങിയതു പോലെയാണ്  അപ്പായി   പെട്ടിക്കുള്ളിൽ കിടന്നിരുന്നത്.

ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കാനകൊനയിലെ പരിചിത വഴികളിലൂടെ അദ്ദേഹം യാത്രയായി .

പോർട്ടുഗീസ് ‘ഫ്യൂണറൽ ഡ്രസ്സ് കോഡിൽ’ ധാരാളം കറുത്ത സൂട്ടുകളും ഗൗണുകളും ഫ്രാൻസിസ് സാറിനെ അനുഗമിച്ചിരുന്നു. എഴുപതു വർഷങ്ങളിൽ തമ്മിൽ അറിഞ്ഞവരും, സഭ കൂടിയവരും, കൂടെ ജോലി ചെയ്തവരും , സഹായം സ്വീകരിച്ചവരും, സ്നേഹിച്ചവരും, പിണങ്ങിയവരും, രാഷ്ട്രീയ എതിരാളികളും, പോർട്ടുഗീസ് ഭക്‌തന്മാരും ഒക്കെ അദ്ദേഹത്തിന്റെ യാത്ര അയപ്പിനു ണ്ടായിരുന്നു.

പോർട്ടുഗലിന്റെ അചഞ്ചലനായ ദേശസ്നേഹിയുടെ വിയോഗത്തിൽ ലിസ്ബണിൽ കോടി താഴ്ത്തി കെട്ടേണ്ടതായിരുന്നു

ഫ്രഡിയും  ലിസയും ചാമുസാ കച്ചവടത്തിന്റെയും പ്രാരാബ്ധത്തിന്റെയും ഇടയിൽ നിന്ന് അദ്ദേഹത്തിന് അയച്ചു കൊടുത്ത   വിലകൂടിയ ഒരു റീത്തു  അപ്പോഴും നശിക്കാതെ മണ്ണിനു മുകളിലുണ്ടായിരുന്നു .

അതിൽ വലുപ്പത്തിൽ അവരുടെ പേരും; അതിനു താഴെ ഒരു പോർട്ടുഗീസ് മെസ്സേജും എഴുതിയിരുന്നു

സിന്റൊ   സ്വാ   ഫാൽറ്റാ   പാപ്പായ്  .. മിസ് യു പാപ്പായ്

കൈയിൽ ഒരു പിടി മണ്ണ് വാരിയെടുത്തു ഞാൻ പ്രാർത്ഥിച്ചു

വോയേസ്പൊ

എസ്പാനാർ വോസി  വൈവോൾട്ടാർ

നീ മണ്ണാകുന്നു .. മണ്ണിലേക്ക് തിരികെ പോകുന്നു

ദേവ്‌സ്  സാൽവി , ത്ചൗ

ദൈവം നിന്റെ ആത്മാവിനെ രക്ഷിക്കട്ടെ

ഗുഡ് ബൈ

ഒരുപിടി മണ്ണ് ആ കൂനയിലേക്കു വിതറി ഞാൻ തിരിച്ചു നടന്നു

 

ലണ്ടനിലേക്ക് തിരിക്കും മുമ്പ് മമ്മയ് ക്കു കുറെ രൂപ കൊടുക്കാൻ ഞാൻ  ശ്രമിച്ചു.

മമ്മയ്  അത് വാങ്ങിയില്ല

“എനിക്കെന്തിനാണ് പണം പീറ്റർ.. ഇത് ആഗ്നെലോ ക്കു കൊടുത്തേക്കു.. അല്ലെങ്കിൽ മഗ്ദയുടെ   കൈയ്യിൽ കൊടുത്തേക്കു.”

ഞാനിറങ്ങുമ്പോൾ  മഗ്ദ, തന്റെ നാലു കുട്ടികളെയും ചേർത്ത് പിടിച്ചു  യാത്ര പറഞ്ഞു. അവളുടെ കണ്ണുകളിൽ ഭാവിയുടെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ആധികൾ നിഴലിച്ചു കിടന്നു

ആഗ്നെലോ പെട്ടിയെടുത്തു കാറിനുള്ളിൽ വെച്ചു എന്റെ കൈപിടിച്ചു കുലുക്കി.

” ബൈ പീറ്റർ….. ടേക്ക് കെയർ..     ഗോഡ് ബ്ലസ് യു ആൻഡ് ഫാമിലി”

ഞാൻ ആഗ്നെലോയുടെ കൈകൾക്കുള്ളിലേക്ക് കുറെ നോട്ടുകൾ തിരുകി വെച്ചു, അവനെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു  ആലിംഗനം ചെയ്തു.

എന്റെ ചെവിയിൽ അവൻ പതിയെ പറഞ്ഞു..

“താങ്ക് യു  മാൻ ..  കാൾ മി… സം ടൈംസ് ”

പരിചിതമായ കാനകോനയുടെ വഴികളിലൂടെ എന്റെ വണ്ടി  തൽപന നദിയുടെ ഓരത്തു കൂടി മുന്നോട്ടു പോയി.

ഹൈവേയിലേക്ക് എത്തുമ്പോൾപ്പോൾ തൽപന വായ തുറന്നു കടലിലിനെ  ആവേശപൂർവം ആലിംഗനം ചെയ്യുന്നുണ്ടായിരുന്നു. കാർ  ഹൈവേയിലെ  പാലവും  പാലോലിമും  കടന്നു പോകുമ്പോൾ ഞാൻ ആരെയോ ഒക്കെ  ഉപേക്ഷിച്ചു പോകുന്നതായി  തോന്നി.

പോരാനിറങ്ങിയപ്പോൾ  മമ്മയ്  കെട്ടിപ്പിടിച്ചു എന്നെ ചുംബിച്ചു..

എവിടെയായാലും നന്നായി ഇരിക്കുക. … . . ബോം  ജീസസ് ഏപ്പോഴും കൂടെയുണ്ടാവും .

മമ്മയ് യുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

 

തിരശീലക്കു പിറകിലേക്ക് പോകുന്നവരിൽ ചിലർ ഇനി ഒരിക്കലും തിരിച്ചെത്തില്ല  എന്നും,    ഇനി ഒരു കൂടിക്കാഴ്ച  ഉണ്ടാവില്ല എന്നും  നാം അറിയുന്നതേയില്ല.

ജീവിതം മുന്നറിയിപ്പില്ലാത്ത യാത്രകളാണ് .

ഓർമ്മകളോ അവ ഒരിക്കലും  നശിക്കുന്നില്ല;

ഒരു  വിളിച്ചുണർത്തലും  കാത്ത്,  അവ ഉള്ളിൽ ഉറങ്ങിക്കിടക്കുകയാണ്

 

 

∞  ∞ ∞  ∞  ∞  ∞  ∞  ∞ ∞  ∞  ∞  ∞

(തുടരും ….)   അടുത്ത ലക്കം :  മരിയ

എബി  ചാക്സ്

 

 

Title: Read Online Malayalam Novel Fallen Apples written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!