Skip to content

ഒരു മാനിക്വിൻ കഥ 2 – അല്പം കുടുംബകാര്യം

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ

2 – അല്പം കുടുംബകാര്യം

പകൽ സുകുവേട്ടനെ കിട്ടാത്തതു കൊണ്ട് ചോദിക്കാനുള്ളതൊക്കെ ഒരു പഴയ അലൂമിനിയം കലത്തിൽ ജാനകി സൂക്ഷിക്കുകയും, അതൊക്കെ ഒന്നും വിട്ടു പോകാതെ ഓരോന്നോരോന്നായി വൈകുന്നേരം അവതരിപ്പിക്കുകയും ചെയ്തു.

“നിങ്ങളെന്നാ ഭാവിച്ചാ?”

“ഇങ്ങിനെ ഉത്തരവാദിത്വമില്ലാതെ പോയാൽ ?”

“പ്രായമിത്രേം ആയെന്റെ വിവേകം വേണ്ടേ?”

സുകു കണ്ണടച്ചിരുന്നു. മൂവായിരത്തി അഞ്ഞൂറ് കിലോമീറ്ററകലെ കശ്മീരിലെ കുന്നിൻ ചെരുവുകളിൽ കാറ്റു വീശിയടിക്കുന്നത് അയാളുടെ മുഖത്ത് തട്ടി.

കാശ്മീരും ലഡാക്കും ഇന്ത്യയുടെ ശിരസ്.

അതിനെ പടിഞ്ഞാറും വടക്കുമായി പൊതിഞ്ഞു നിൽക്കുന്ന ആസാദ് ജമ്മു കാശ്മീർ.

ജൈലം നദി ശ്രീനഗറിൽ നിന്ന് ബാരാമുലയിലെത്തുമ്പോഴേക്ക് അതിന്റെ സ്നേഹവും പ്രേമവും നഷ്ടപ്പെട്ടു ഭീതിയും ആശങ്കയുമായി .മാറും. പടിഞ്ഞാട്ടേക്കു മുസഫറാബാദിലേക്കു തോക്കുചൂണ്ടി കാവൽ നിൽകുമ്പോൾ മിക്കപ്പോഴും നാളെയെന്ന പ്രതീക്ഷ തന്നെയില്ല.

പന്ത്രണ്ടും പതിനാലും മണിക്കൂറുകൾക്കു ശേഷം നിശബ്ദരായി ബാരക്കുകളിലേക്കു തിരിച്ചുപോകുന്ന പട്ടാളക്കാർ…

കണ്ണെത്തും ദൂരെ നിശബ്ദമായി ആസാദ് കശ്മീരിലെ മുസഫറാബാദിലേക്കും പിന്നെ മംഗള ഡാമിലേക്ക് ഒഴുകിയകലുന്ന ജൈലം നദി

പ്രത്യേകിച്ച് ആ രണ്ടു വര്ഷങ്ങൾ ഓർമയിൽ ഒരു കിടുങ്ങലുമായ് മനസ്സിലുണ്ട്. അതിശൈത്യത്തിന്റെ എല്ലു മരവിച്ചു കയറുന്ന കിടുങ്ങൽ..

എപ്പോഴും തനിക്കു വേണ്ടി കരുതിയ ഒരു വെടിയുണ്ട തന്റെ നെഞ്ചോ തലയോ ലക്ഷ്യമാക്കി പാഞ്ഞു വരുന്നതിനെ ഓർത്തുള്ള കിടുങ്ങൽ..

ധാനേ ധാനേപ്പേ ലിഖാഹേ..

ഖാനെ വലേക്ക നാം ..

ഓരോ അരിമണിയിലും അത് കഴിക്കാൻ നിയോഗമുള്ള ആളുടെ പേര് എഴുതിയിട്ടുണ്ട്

ആസാദ് കശ്മീരിലെ, അറിഞ്ഞും അറിയാതെയും നടത്തുന്ന ആയുധ ഫാക്ടറികളിൽ നിന്നു പുറത്തുവരുന്ന വാൾനട്ട് തടിയിൽ കടഞ്ഞെടുത്ത തോക്കുകളുടെ പിടിയിൽ ഭംഗിയോടെ ചിന്നാർ മരത്തിന്റെ ഇലകളെ കോറി വച്ചിട്ടുണ്ടാകും. അവിടെ ജന്മമെടുക്കുന്ന ഓരോ വെടിയുണ്ടയുടെ കുണ്ഡലിയിൽ ഏതെങ്കിലും ഇന്ത്യൻ പട്ടാളക്കാരന്റെ പേരും എഴുതിയിട്ടുണ്ടാവും

ഒരു ദിവസം ചിന്നാർ മരങ്ങളുടെ പിന്നിൽ വെടിയൊച്ച കേട്ടെന്നു വിവരം ലഭിച്ചു. പിന്നാലെ ക്യാമ്പിൽ ഉറങ്ങിക്കിടന്നവരെക്കൂടി അവിടെയെത്തിച്ചു.

കാണാചെരുവിൽ നിന്ന് എട്ടോ പത്തോ വെടിയൊച്ച കേട്ടപ്പോൾ മറുപടിയായി പതിനഞ്ചു മിനുട്ടു നീളുന്ന വെടിമഴയായിരുന്നു.

ചിനാറിന്റെ ഒരു ഇല വീണിരുന്നെങ്കിൽ അത് നിലംപൊത്തും മുൻപേ നാലഞ്ചു ബുള്ളെറ്റുകളെങ്കിലും നെഞ്ചിലേറ്റിയേനെ!

ഇരുട്ടും മുൻപേ കുന്നിന്റെ അപ്പുറത്തെ കല്ലുകൾക്കും വേരുകൾക്കും ഇടയിൽ തകർന്നു കിടന്ന രണ്ടു താടിവെച്ച പിള്ളേരെ കണ്ടെടുത്തു.

വോട്ടവകാശത്തിനു പോലും പ്രായമാകാത്ത രണ്ടു പേർ ഇരുനൂറിനടുത്തുവരുന്ന പട്ടാളവുമായി ഏറ്റുമുട്ടി കടന്നു പോയി.

അവിടെ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്തു അടയാളപ്പെടുത്താത്ത ശവകുഴികൾ അവർക്കായൊരുങ്ങി.

ശരീരം വിട്ടുകൊടുത്താൽ പിന്നീട് അവരുടെ പേരിൽ വീണ്ടും മരിക്കാൻ ചിന്നാർ മരങ്ങളുടെ മറവിൽ യുവാക്കൾ തോക്കുമായെത്തും. ഫ്ലാസ്കിൽ കട്ടൻ ചായയും സഞ്ചിയിൽ ബിരിയാണി പൊതിയുമായി അവർ കാത്തിരിക്കുന്നത് വല്ലപ്പോഴും ആ വഴി കടന്നു പോയേക്കാവുന്ന പട്ടാള വണ്ടികളെയാണ്.

അവരുടെ തോക്കിൻ തുമ്പിലേക്കാണ് തങ്ങളുടെ ട്രക്ക് പോയ്കൊണ്ടിരിക്കുന്നതു എന്ന ചിന്ത ഇടയ്ക്കിടെ ഓർമിക്കാനെന്നവണ്ണം, ഇടയ്ക്കിടെ കൂടെയുള്ളവരിൽ ചിലർ ആശുപത്രിയിലാവും അല്ലെങ്കിൽ എന്നന്നേക്കുമായി യാത്ര പറയാതെ യാത്രപോകും. ഭാഗ്യമുള്ള ചിലർക്കു ഒരു ലക്ഷത്തി നാല്പതിനായിരം രൂപ വരെ വിലയിട്ട അമേരിക്കൻ അലൂമിനിയം പെട്ടി കിട്ടിയേക്കാം; പക്ഷെ ചിലർക്ക് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു കാർഡ്ബോർഡു ബോക്സിൽ കിടക്കാനാവും യോഗം ജാനകിയുടെ പരാതികൾ കൂടി വന്നു. പതിനഞ്ചു വർഷങ്ങൾ പട്ടാളത്തിൽ ജീവിച്ച സുകുവിന് അതൊന്നും വലിയ പ്രശ്നമായിരുന്നില്ല . ജാനകിയുടെ പരിദേവനങ്ങളെ സുകു നയപരമായി കൈകാര്യം ചെയ്തു

തന്റെ നേർക്കു വരുന്ന പരാതികളെ അതിനോട് ചേർന്ന് നിന്ന് നോക്കാനും പ്രതികരിക്കാനുമുള്ള തന്ത്രം പറഞ്ഞു തന്നത് ലെറ്റിനന്റ് റാം ദാസാണ്.

“നിങ്ങളെന്നാ ഭാവിച്ചാ?”

എതിരെ നിൽക്കുന്ന സുകു മുന്നോട്ടു വന്നു ജാനകിയുടെ അരികിൽ തോള് ചേർന്ന് നില്കും.

അതാണ് ആദ്യം ചെയ്യേണ്ടത്

പിന്നീട് അദൃശ്യനായ ആ പ്രശ്നത്തെ നോക്കി സംസാരിക്കുക

അതാണ് രണ്ടാമത് ചെയ്യേണ്ടത്

ഒരിക്കലും കണ്ണിൽ കണ്ണിൽ നോക്കി കുറ്റം പറയരുത്

പരസ്പരമുള്ള നോട്ടവും സ്പർശനവും സ്നേഹത്തിനും സൗഹൃദത്തിനും മാത്രം

“അതെ ജാനു .. ഇങ്ങിനെ പോയാൽ പറ്റില്ല”

“ഇങ്ങിനെ ഉത്തരവാദിത്വമില്ലാതെ പോയാൽ ?” ജാനു പരിദേവനങ്ങൾ തുടരുന്നു.

” നീ പറഞ്ഞത് ശരിയാ… മുന്നോട്ടു എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് ?. .” സുകു പറയുന്നതും ജാനു പറയുന്നതും ഏതാണ്ട് ഒന്നുതന്നെ

“പ്രായമിത്രേം ആയെന്റെ വിവേകം വേണ്ടേ?” ജാനു അയയുന്നില്ല

“ശരിയാ.. ജീവിതത്തിന്റെ നല്ല സമയം പട്ടാളത്തിൽ കളഞ്ഞു .ഇനിയെങ്കിലും പിടിച്ചു കയറണം. നമുക്കങ്ങിനെ തോൽക്കാൻ പറ്റില്ലല്ലോ?” സുകു ജാനുവിന്റെ ആവലാതികളിലൂടെ പിടിച്ചു കയറുകയാണ്

“എന്റെ ശാസ്താവേ .. എനിക്ക് വയ്യേ ..”

“എന്റെ ജാനൂ … ഞാനുണ്ടെടി നിനക്കും പിള്ളേർക്കും ..പേടിക്കേണ്ട ഒക്കേത്തിനും ഒരു വഴി തെളിയുന്നുണ്ട് “

“ഒരുപാടൊന്നും ഇല്ലെങ്കിലും ഒള്ള മണ്ണിൽ എന്തെങ്കിലും ചെയ്തുകൂടേ ?”

“ശരിയാ…ഞാനും അതു തന്നെയാ വി ചാരിക്കുന്നത് .. കുറച്ചു വാഴ വിത്ത് വാങ്ങണം..”

വഴക്കില്ലാത്ത വഴക്കുകൾ ..

അഭിപ്രായവ്യത്യാസമില്ലാത്ത അഭിപ്രായങ്ങൾ.

ജീവിതം സുന്ദരമല്ലേ ? ഒരു വാക്കിനു വേണ്ടി രണ്ടു വാക്ക് പറഞ്ഞു, അതിന്റെ തർക്കുത്തരം കേട്ട് കണ്ണ് മിഴിച്ചു, പിറുപിറുത്തു, പല്ലിറുമ്പി, തലമുടി വലിച്ചു പറിച്ചു, കലി കയറി ഒരു വൈകുന്നേരത്തെ നിഷ്കരുണം കൊല ചെയ്യുന്നത് സുകുവിന് സമ്മതമായിരുന്നില്ല.

വിശന്നു വടക്കോട്ടു നോക്കി ഉറക്കം നടിച്ചു കിടക്കുന്ന ജാനകി.

അടഞ്ഞ കണ്പോളകൾക്കിടയിലൂടെ അനുസരണയില്ലാത്ത കണ്ണീർ തുള്ളികൾ ഒഴുകിയിറങ്ങുന്നു. കൂടെ മൂക്കിലേക്ക് ഇടയ്ക്കിടെ വലിച്ചു കയറ്റുന്ന ഏങ്ങലടികളും.

അടുക്കളയിൽ ചോറും കറികളും വീട്ടുകാരെ കാണാതെ വീർപ്പുമുട്ടി , കലത്തിലും ചട്ടിയിലും കാതോർത്തു കിടക്കുന്നു.

“ജാനൂ ..”

നിശബ്ദം.

“ജാനൂ..”

അവൾ ചെറുതായൊന്ന് അനങ്ങി

“ജാനൂ.. എനിക്ക് വിശക്കുന്നു..”

ജാനകിക്ക് സ്വന്തം വിശപ്പു സഹിക്കാം; പക്ഷെ സുകുവേട്ടൻ വിശന്നു കിടക്കുന്നതു ഒരിക്കലും അനുവദിക്കാനാവില്ല. എത്ര ഉറക്കത്തിലും, എത്ര അസുഖത്തിലും, എത്ര വഴക്കിലും ജാനകി ഉണരുകയും ഭക്ഷണം വിളമ്പിത്തരുകയും ചെയ്യുമെന്ന് സുകുവിന് നന്നായറിയാം.

“നീയ്യും കഴിക്ക്…”

“എനിക്കു വേണ്ട..”

“കഴിക്കടീ പൊന്നേ ..”

“എനിക്ക് വേണ്ടന്നല്ലേ പറഞ്ഞേ ..”

“എന്റെ കൊച്ചല്ലേ.. നീയിത് കഴിച്ചേ…”

ഒരുരുള ചോറ് അല്പം സ്നേഹത്തിൽ ചാലിച്ചു അയാൾ വച്ചു നീട്ടും.

ഇരുൾ കെട്ടിയ ആകാശത്തു ചെറിയൊരു കുളിർകാറ്റാടിച്ചു.

മേഘങ്ങൾ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് ഒഴുകി മറയുന്നു. നറു നിലാവിന്റെ തെളിഞ്ഞ ആകാശം കുടപിടിക്കുന്ന ചെമ്പകപ്പൂക്കളുടെ മണമുള്ള രാവ്.

(തുടരും)

 

എബി ചാക്സ്

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Maniquin Kadha written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!