Skip to content

ഒരു മാനിക്വിൻ കഥ 3 – പറയാത്ത സർവീസ് ദുരന്തങ്ങൾ

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ

3 – പറയാത്ത സർവീസ് ദുരന്തങ്ങൾ

ജയ് ജവാൻ എന്നൊക്കെ ജനങ്ങൾ ഭംഗിവാക്ക് പറയുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ പ്രത്യേകിച്ച് പരിഗണനയെന്നും ഇല്ലെന്ന യാഥാർഥ്യം ഏതാനും മാസങ്ങൾക്കുള്ളിൽ സുകു മനസ്സിലാക്കി.

ഞാൻ ജവാനാണ്.. നാട് കാത്തവനാണ്…ശമ്പളം കിട്ടിയിട്ടല്ലേ എന്ന് ചിലർ ചോദിച്ചേക്കാം. ദാൽ തടാകത്തിൽ പെണ്ണുമ്പിള്ളേനെ കാശ്മീരി ഡ്രെസ്സിടിപ്പിച്ചു ഫോട്ടോ എടുക്കുന്നത് കണ്ടു ശിക്കാറയിൽ ഇരുന്നു കാവ കുടിക്കുന്നത് പോലെ എളുപ്പമാണെന്നാണ് ചിലരുടെ ധാരണ!!. പുൽവാമയിലൂടെ ഒരു മണിക്കൂർ മാർച്ച് ചെയ്യാൻ എത്ര ശമ്പളം കിട്ടിയാലും പോരാ. തിരിച്ചു ക്യാമ്പിൽ എത്തുമ്പോഴാണ് ശ്വാസം വീഴുന്നത്..

കുറച്ചു പച്ചക്കു പറഞ്ഞാൽ “ഗാണ്ട് ഫടേഗാ…”

പുൽവാമയിൽ പ്രശ്നങ്ങളില്ലാത്ത ദിവസങ്ങളുണ്ടോ? ഒരിക്കൽ ഒരു വെടിവയ്പ്പിനെ പ്രതിഷേധിച്ചു തെരുവിലിറങ്ങിയ ജനം ആരാന്റെ കാറും കടയും തീയിട്ടപ്പോൾ വീണ്ടും തോക്കുകൾ തീ തുപ്പി. തിരിഞ്ഞോടുന്ന യുവാക്കളുടെ മുതുകിൽ തന്റെ വെടിയുണ്ടകൾ തുളച്ചുകയറിയതും നാലുപേർ ചരടറ്റ പട്ടം പോലെ കറങ്ങി വഴിയിൽ വീണതുമൊന്നും സുകു ആരോടും പറഞ്ഞു വീമ്പിളക്കാറില്ല.

കറുത്ത ഉരുളൻ കുപ്പികൾ കാലിയാക്കി ആ രാത്രി ക്യാമ്പിൽ കിടക്കുമ്പോൾ നിർജീവമായ ജഡങ്ങൾ ആരുമറിയാത്ത കുഴിമാടങ്ങളിലേക്കു മാറ്റപ്പെട്ടതോർത്തു ഉള്ളിലെവിടെയോ ഇനിയും മരിക്കാത്തതെന്തോ വേദനിച്ചു.

ഡൽഹിയിലും അഹമ്മദ്ബാദിലും മറ്റൊരു രൂപത്തിൽ ഇതൊക്കെതന്നെ സംഭവിച്ചു.

ജനക്കൂട്ടം തിരിഞ്ഞോടി തെരുവ് വിജനമായപ്പോൾ ആരും ശ്രദ്ധിക്കാതെ ഓടയിലെ കറുത്ത വെള്ളത്തിൽ കമഴ്ന്നു കിടന്നിരുന്ന മൂന്നു പൗരന്മാർ… പിന്നിലൂടെ കയറിയ ബുള്ളറ്റുകൾ അവരുടെ നെഞ്ച് തുളച്ചു കടന്നു പോയിരുന്നു.

ഛത്തിസ്ഗർഹിലെ ബസ്റ്റർ ജില്ലയും ഉറങ്ങാനാവാത്ത ഓർമ്മകൾ കെട്ടിയേല്പിക്കും. ദന്തെവാഡയിൽ മാവോയിസ്റ്റുകൾ ഇറങ്ങിയെന്ന രഹസ്യവിവരത്തിലാണ് ഞങ്ങൾ പോയത്.

ആദിവാസി ഗ്രാമത്തിലെ ഒരു കുടിലിന്റെ പിന്നിലെ കോഴിക്കൂടിനടുത്തു ചാക്കിനടിയിൽ ഒളിച്ചു കിടന്നിരുന്ന രണ്ടു കാക്കിക്കാരെ അന്ന് പിടികൂടി.

സ്ക്വാഡിൽ ഉണ്ടായിരുന്ന രാംദാസ് അന്ന് ഭാര്യയുമായി ഫോണിൽ വഴക്കടിച്ച കലിപ്പിലായിരുന്നു. അയാൾ തന്റെ ദേഷ്യങ്ങളൊക്ക തന്റെ കൈയ്യിലിരുന്ന തോക്കിൻപാത്തിയിൽ ആവേശിച്ചു, അവരുടെ വാരിയെല്ലുകൾ ഇടിച്ചുപൊട്ടിച്ചു..

മരണത്തിന്റെ വാതിൽക്കൽ കിടന്ന അവരെ സുകു സൂക്ഷിച്ചു നോക്കി. തിളങ്ങുന്ന കണ്ണുകളല്ലാതെ മറ്റൊന്നിനും ജീവ ചൈതന്യം ഉണ്ടായിരുന്നില്ല. അപ്പോഴാണ് എന്റെ ചെവിക്കരികിൽ തന്നെ രാംദാസ് വെടിയുതിർത്തത്. 150 – 160 ഡെസിബലിൽ സുകുവിന്റെ ഇടത്തെ ചെവിക്കല്ലു തകർന്നു കാണണം; ആ ഞെട്ടൽ പിന്നൊരിക്കലും വിട്ടുപോവാത്തൊരു മൂളലായി എന്നും സുകുവിന്റെ ഇടത്തെ ചെവിയിൽ സ്ഥിരതാമസം തുടങ്ങി .

കാട്ടിൽ ക്യാമ്പടിച്ചപ്പോൾ, ഊരിലെ ആണുങ്ങൾ ഉൾകാടുകളിലേക്കും പാറക്കെട്ടുകളിലേക്കും ഓടി രക്ഷപെട്ടതിനാൽ, വിശദമായ ചോദ്യം ചെയ്യലിന് അർധപ്രാണികളായ കറുത്ത പെണ്ണുങ്ങളെ പട്ടാളക്കൂടാരങ്ങളിലേക്ക് നയിച്ചതും, രാത്രി ചെവിവേദന മൂലം ഉറങ്ങാനാവാതെ കഷ്ടപ്പെട്ടതുമൊക്കെ ഇപ്പോഴും നല്ല ഓർമയുണ്ട്.

രാംദാസ് ഭാര്യയുമായി വഴക്കിട്ടതിന്റെ ശിക്ഷ കിട്ടിയത് എന്റെ ഇടത്തെ ചെവിക്കായിരുന്നു. ബസ്റ്റർ ക്യാമ്പിന്റെ ഓർമ്മക്ക് ആ മൂളൽ എത്ര ചികിത്സക്കും വഴങ്ങാതെ എന്റെ കൂടെപ്പോന്നു.

ക്യാമ്പ് വിട്ടു പോകുമ്പോൾ രാംദാസ് സുകുവിന്റെ അടുത്തുവന്നു. ചെവിക്കരികെ വെടിപൊട്ടിച്ചത് മനഃപൂർവ്വമല്ലെന്നു പറഞ്ഞു.

“ആ ദിവസം എല്ലാംകൊണ്ടും ഒരു ശപിച്ച ദിവസമായിരുന്നു. ഓരോന്നു പറഞ്ഞു ഭാര്യയുമായി ഫോണിൽ വാക്കേറ്റമായി. മുന്നിൽ കിട്ടിയിരുന്നെങ്കിൽ അടിച്ചു മുഖം പരത്തിയേനെ ഞാൻ. ഒക്കെ എന്റെ മുൻകോപം കാരണം തന്നെ. ഇപ്പോൾ ബിപി കൂടുതലാണ്. മരുന്നു തുടങ്ങി.”

രാംദാസ് പോയി.

ബസ് മെയ് മാസത്തിന്റെ ചൂടിൽ ദന്തെവാഡ – സുക്മ റോഡിലൂടെ ഇരച്ചു പോകുന്നത് സുകു നോക്കി നിന്നു

പാവം രാംദാസിനു ഭാര്യയെ കണ്ടു പിണക്കം മാറ്റാൻ കഴിഞ്ഞില്ല.

രാംദാസ് പോയ ബസിനെ കാത്തു സുക്മ റോഡിൽ മൈനുകൾ നിരത്തി വച്ചിരുന്നു. മുപ്പത്തഞ്ചു ജവാന്മാരും പതിനഞ്ചു നാട്ടുകാരും തിരിച്ചറിയാനാവാത്ത വിധം പൊട്ടിത്തെറിച്ചു.

ശ്രീരാമൻ കാനനവാസം ചെയ്ത ദണ്ഡാരണ്യത്തിൽ ജീവൻ നഷ്ടപ്പെട്ട രാംദാസ്!

“ഗ്രീൻ ഹണ്ട് ” ഓപ്പറേഷനെതിരെയുള്ള കിഷൻജിയുടെ മറുപടി ആയിരുന്നു അത്. മുപ്പത്തഞ്ചു ജവാന്മാരുടെ ഭാര്യമാർ അന്ന് വിധവകളായി.

അടുത്ത വർഷം നവംബറിൽ കിഷൻജിയും കൊല്ലപ്പെട്ടു. ദേഹം മുഴുവൻ മുറിവുകളും, ഒടിവുകളും, പൊള്ളലുമായി മൃതദേഹം അയാളുടെ അമ്മയെ ഏല്പിച്ചു. ഏറ്റുമുട്ടൽ മരണത്തിന്റെ ഒരു കണക്കുകൂടി എഴുതിച്ചേർക്കപ്പെട്ടു.

പെന്ഷനു വേണ്ടി അഞ്ചുവർഷങ്ങൾ കാത്തിരിക്കാനാവില്ലെന്നു സുകു അന്ന് തീർച്ചയാക്കി

ജയ് ജവാൻ എന്ന ഭംഗി വാക്കിന് കാര്യമായ പരിഗണനയൊന്നുമില്ലെന്നു നാട്ടിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സുകുവിന് മനസ്സിലായി.

സ്കൂൾ ഫീസ്, ബസ്സ് കൂലി, ഓട്ടോക്കൂലി ……ജവാനും എല്ലാവര്ക്കും ഒന്നുപോലെ

പലചരക്കുകട, മീൻകട, മരുന്നു കട, ആശുപത്രി ….ജവാനും എല്ലാവര്ക്കും ഒന്നുപോലെ

ടൗണിൽ ഹോട്ടൽ നടത്തുന്നയാൾ

വിദേശത്തു ജോലി ചെയ്യുന്നയാൾ

സ്വർണം പണയമെടുത്തു ജനനന്മ ചെയ്യുന്നയാൾ

ശമ്പളം, കിമ്പളം നിലക്കാതെ കിട്ടുന്നയാൾ

ആ കൂട്ടത്തിൽ പട്ടാളത്തിൽ നിന്ന് തിരിച്ചെത്തിയ ആൾ മുഖമില്ലാത്ത ആൾക്കൂട്ടത്തിലെ അപരിചിതനായി

ചെലവുകൾക്ക് സോഷ്യലിസം .. എല്ലാവര്ക്കും ഒരുപോലെ

വരുമാനത്തിന് മുതലാളിത്ത സ്വഭാവം … ഇല്ലാത്തവനും ഉള്ളവനും.

നെയ്മീനിനു വിലചോദിച്ചിട്ട് മത്തി വാങ്ങുന്ന സുകുവിന് ജയ് ജവാൻ വിളിയുടെ പൊരുൾ തിരിഞ്ഞില്ല .

“അച്ഛാ എനിക്ക് സൈക്കിൾ വാങ്ങി തരുവോ?” അജയൻ കെഞ്ചി നിന്നു

“എനിക്കും വേണം സൈക്കിൾ ..” രഘു ചിണുങ്ങി

“ഇങ്ങിനെ പോയാൽ മതിയോ? പിള്ളാർക്ക് ഫീസ് കൊടുക്കേണ്ടേ ?”

ജാനകിയുടെ ചോദ്യം

“ഇങ്ങിനെ പോയാൽ പറ്റുകയില്ല… ഉറപ്പായും പറ്റുകയില്ല”

സുകുവിന്റെ ആത്മഗതം..

ഒന്ന് തിരക്കിയിറങ്ങിയപ്പോൾ ലോകം മുഴുവൻ അയാളെ സഹായിക്കാൻ ഒത്തുകൂടിയതുപോലെ എല്ലാം പെട്ടെന്ന് സാധിച്ചു.

(തുടരും)

 

എബി ചാക്സ്

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Maniquin Kadha written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!