നെഞ്ചോരം – ഭാഗം 11

6726 Views

Nenjoram Novel

അർജുനും സച്ചിയും  മീര പറയാൻ പോകുന്നത് കേൾക്കാനായി ആകാംഷയോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു.ഇത്രയും നാൾ മനസ്സിനെ അലട്ടിയ,തങ്ങൾ തേടി നടന്നതാണ് കേൾക്കാൻ പോകുന്നത്…

“എന്റെ പേര് നിങ്ങൾക്ക് അറിയാമായിരിക്കും.. മീര..മീര വാസുദേവ്,എന്റെ  ഹസ്ബന്റിന്റെ പേര്  പറഞ്ഞാൽ നിങ്ങൾ അറിയും.. ഞാൻ നിങ്ങളുടെ കോളേജിലെ ഫിസിക്സ്‌ ഡിപ്പാർട്മെന്റിലെ അധ്യാപകനായ  സജീവ് സാറിന്റെ ആദ്യ ഭാര്യയാണ്…”

അത്‌ കേട്ടതും അർജുനൊന്ന്  ഞെട്ടി..ഇവർ ഫിസിക്സിലെ സജീവ് സാറിന്റെ ഭാര്യയായിരുന്നോ…

“നിങ്ങളെയന്ന് കുടുക്കിയതും, നിങ്ങളുടെ ജീവിതം നശിപ്പിച്ച് നിങ്ങൾ രണ്ടുപേരെയും ജയിലിലാക്കിയതും അയാളാണ്…സജീവ്..”

അവരിരുവരും അത്‌ കെട്ട്  ഒരുപോലെ ഞെട്ടി.. ഒരു നിമിഷം തങ്ങൾ കേട്ടത് ശരിക്കുള്ള പേര് തന്നെയാണോയെന്ന് അവർ ഒന്നുകൂടി ആലോചിച്ചു…ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ..ഇവരിനി കള്ളം പറയുന്നതാണോ..സജീവ് സാറിന് ഞങ്ങളോട് അങ്ങനെ ചെയ്യേണ്ട എന്ത് ആവശ്യമാണുള്ളത് ?അർജുൻ പലവിധ ചിന്തകളാൽ ഉഴറി..

“സജീവ് സാറോ ..എന്തിന് ..അതിന് സാറും ഞങ്ങളുമായി യാതൊരു പ്രശ്നവുമില്ലല്ലോ..”

സച്ചി ഞെട്ടലോടെ തന്നെ മീരയോട് ഒറ്റ ശ്വാസത്തിൽ ചോദിച്ചു..

“പറയാം ..നിങ്ങൾ പുറമേ കാണുന്ന പോലെയുള്ള ഒരാളല്ല അയാൾ..അയാളെ ഏറ്റവും നന്നായിട്ട് അറിയാവുന്നത് ഒരുപക്ഷെ  എനിക്കാണ്…അത്രത്തോളം അയാളെ കൊണ്ട് ഞാൻ അനുഭവിച്ചിട്ടുണ്ട്..എന്റെ അച്ഛനൊരു സ്കൂൾ മാഷ് ആയിരുന്നു.ചെറുപ്പത്തിലേ തന്നെ അച്ഛൻ എന്നേ പാട്ടും ഡാൻസും എല്ലാം പഠിപ്പിച്ചിരുന്നു.പെൺകുട്ടികൾ  നല്ല തന്റേടത്തോട് കൂടി വളരേണ്ടവർ ആണെന്ന് പറഞ്ഞാണ് എന്നെ വളർത്തിയത്.തെറ്റുകൾ കണ്ടാൽ ആരോടുമത്  ചൂണ്ടി കാട്ടി സംസാരിക്കാനും,എതിർപ്പ് പ്രകടിപ്പിക്കാനുമൊക്കെ എന്നെ അച്ഛനാണ് പഠിപ്പിച്ചത്.സ്കൂളിലും കോളേജിലുമെല്ലാം ഞാൻ നല്ല ആക്റ്റീവ് ആയിരുന്നു.ഞാൻ പിജി കഴിഞ്ഞിരിക്കുന്ന സമയത്താണ് ഒരു ബ്രോക്കർ വഴി അയാളുടെ  ആലോചന വരുന്നത്.കോളേജ് അധ്യാപകൻ ,കാണാനും സുന്ദരൻ ,ഒറ്റമകൻ, യാതൊരുവിധ ദുശീലങ്ങളും ഇല്ലെന്നൊക്കെ അറിഞ്ഞപ്പോൾ എല്ലാർക്കും ആ ബന്ധത്തോട് താല്പര്യമായി.ജോലി കിട്ടിയിട്ട് മതി കല്യാണമെന്ന എന്റെ ആഗ്രഹം അയാളുടെ ആലോചനയിൽ വീട്ടുകാരെല്ലാം മനഃപൂർവം മറന്നു.കൂട്ടിന് ജാതക ദോഷം കൂടിവന്നു..ആദ്യമൊന്നും കല്യാണത്തിന് താല്പര്യമില്ലാതിരുന്ന ഞാൻ പിന്നെ പിന്നെ അതുമായി പൊരുത്തപ്പെടാൻ തുടങ്ങി..സ്വപ്‌നങ്ങൾ  നെയത് കൂട്ടാൻ തുടങ്ങി..

അയാളുടെ വീട്ടിൽ അമ്മ മാത്രമേ ഉണ്ടായിരുന്നോളൂ

ഒരു പാവം സ്ത്രീ,അച്ഛൻ നേരത്തെ മരിച്ചതാണ്.അയാൾ അധികമൊന്നും ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു. പെണ്ണുകാണാൻ വന്നപ്പോഴും എന്നോട് ഒന്നോ രണ്ടോ വാക്കിൽ  കൂടുതൽ ഒന്നും സംസാരിച്ചിരുന്നില്ല..ആലോചന വന്ന് ഏകദേശം ഒരു മാസത്തിനുള്ളിൽ തന്നെ ഞങ്ങൾ വിവാഹിതരായി.കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ എനിക്ക് അയാളുടെ പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഒരു പൊരുത്തക്കേട് തോന്നി.അയാളെ എതിർത്തു സംസാരിക്കുന്നതോ എന്റെ  അഭിപ്രായങ്ങൾ പറയുന്നതോ ഒന്നും ഇഷ്ടമായിരുന്നില്ല..കല്യാണം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞതും അയാളുടെ അമ്മ മരിച്ചു. അതോടെ അയാൾ എന്നെയും കൂട്ടി നിങ്ങളുടെ കോളേജിനടുത്ത് ഒരു വീടെടുത്തു   താമസമായി. അതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായത്.ആദ്യമൊക്കെ ഞാൻ കരുതിയത് എന്നെ ആക്സെപ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടായിരിക്കുമെന്നാണ്.പിന്നീട് എനിക്ക് മനസിലായി  സ്ത്രീകൾ അയാൾ ചെയ്ത്  ഒരു ചെറിയ തെറ്റ്  പോലും ചൂണ്ടി കാണിക്കുന്നതോ ,എതിർത്തു പറയുന്നതോ ,കൂടുതൽ സ്മാർട്ട്‌ ആവുന്നതോ ഒന്നുമയാൾക്ക് ഇഷ്ടമായിരുന്നില്ലെന്ന്.. അയാളുടെ ധാരണയിൽ കൂടുതൽ ആക്ടിവായ പെൺകുട്ടികളൊക്കെ കുഴപ്പക്കാരികൾ ആണെന്നായിരുന്നു.ഞാൻ എന്റെ ആൺ സുഹൃത്തുക്കളോടോ കസിൻസിനോടോ  പോലും സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നു.അയാളെന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു ,പിന്നെ പിന്നെ എന്നെ വീട്ടിൽ പൂട്ടിയിടാൻ തുടങ്ങി.ദേഹോപദ്രവം തുടങ്ങി…എന്റെ നെറ്റിയിലെ ഈ പാട് കണ്ടോ അയാൾ തീക്കോള്ളി കൊണ്ട് കുത്തിയതാണ്..

എന്റെ വയറ്റിൽ അയാൾ ചൂടു വെള്ളം ഒഴിച്ചിട്ടുണ്ട് ..ഇനിയും ഒരുപാട് ഉണ്ട് എന്റെ ദേഹത്തെല്പിച്ച മുറിവുകൾ…

ഒരിക്കൽ അയാളെന്നെ ഉപദ്രവിച്ചത് രജനിയെന്നൊരു സ്ത്രീയുടെ പേരും പറഞ്ഞാണ്.അയാളുടെ അച്ഛനെ അമ്മയിൽ  നിന്ന് വശീകരിച്ചെടുത്ത ഒരു വേലക്കാരി സ്ത്രീയുടെ പേര് പറഞ്ഞ് ..അവരും നല്ല ചുണയും തന്റെടവുമുള്ള സ്ത്രീയായിരുന്നു ,അയാളുടെ അച്ഛനും അവരും തമ്മിൽ അരുതാത്ത ബന്ധമുണ്ടായിരുന്നു,അച്ഛൻ അമ്മയെ ഉപേക്ഷിച്ച അവരുടെയൊപ്പം പോയി.അന്ന് മുതൽ അയാൾക്ക് കൂടുതൽ ധൈര്യം കാണിക്കുന്ന , ഊർജ്ജസ്വലരായ സ്ത്രീകളോട് വെറുപ്പായി…”

സജീവിനെ പറ്റി കേട്ടതൊക്കെ വിശ്വസിക്കാനാവാതെ അവരിരുവരും അന്ധിച്ചിരിക്കുകയാണ്..സജീവ് സാറിന് ഇങ്ങനൊരു മുഖം ഉണ്ടായിരുന്നോ….

“പക്ഷെ ഞങ്ങളോട് സജീവ് സാറെന്തിന് അങ്ങനെ ചെയ്യണം ?”സച്ചി ഇടയ്ക്ക് കയറി ചോദിച്ചു..

“പറയാം..നിങ്ങളുടെ ബാച്ചിൽ അന്ന് സ്വപ്ന എന്നൊരു പെൺകുട്ടി പഠിച്ചിരുന്നില്ലേ..നിങ്ങൾ ജയിലിലായി ഒരാഴ്ച്ചയ്ക്ക് ഉള്ളിൽ അവൾ ആത്മഹത്യ ചെയ്തിരുന്നു “

അർജുനും സച്ചിക്കും സ്വപ്നയെ ഓർമ വന്നു..ഫിസിക്സിലെ തന്റേടിയായ പെൺകുട്ടി..ആരെയും കൂസാത്ത ,നന്നായി പഠിക്കുന്ന ഫിസിക്സ്‌ ഡിപ്പാർട്മെന്റ് സെക്രട്ടറിയായ പെൺകുട്ടി..ജയിലിലെ പത്രത്തിൽ അവൾടെ ആത്മഹത്യയുടെ ന്യൂസ്‌ കണ്ടപ്പോ ഞെട്ടി പോയിരുന്നു..അവൾ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..സ്വപ്നയും ഒരിക്കൽ അർജുനോട്‌ ഇഷ്ടം പറഞ്ഞിട്ടുണ്ട്..

“അവിചാരിതമായാണ് ഞാൻ അയാളുടെ മേശയ്ക്കുളിൽ നിന്ന് അവളുടെ ഒരു ചിത്രം വരച്ചിട്ട് അതിൽ അവളുടെ മുഖത്ത് അയാൾ പേന കൊണ്ട്  കുത്തി വരച്ചിട്ടിരിക്കുന്നത് കണ്ടത്.എനിക്കെന്തോ അത്‌ കണ്ട് സംശയം തോന്നി..ഞാനവിടമാകെ തപ്പിയപ്പോൾ അവൾടെ ഒരു റെക്കോർഡ് ബുക്ക്‌ കിട്ടി ..അതിൽ മുഴുവൻ അയാൾ മഷി ഒഴിച്ചിരിക്കുന്നു,അതിന്റെ ലാസ്റ്റ് പേജിൽ അയാളോട് അവൾ എതിർത്ത് സംസാരിച്ചതും അവളോടുള്ള വെറുപ്പുമൊക്കെ അയാൾ എഴുതിയിട്ടിരിക്കുന്നു.അതിൽ അവസാനം  അയാൾ ഇങ്ങനെ എഴുതിയിരുന്നു.

“നിന്നെ ഞാൻ കൊല്ലാകൊല ചെയ്യുമെന്ന്”

അത്‌ കണ്ടപ്പോഴേ എനിക്കെന്തോ പന്തികേട് തോന്നി.കാരണം എനിക്ക് അയാളുടെ സ്വഭാവം നന്നായിട്ടറിയാം.. അങ്ങനെയിരിക്കെയാണ് നിങ്ങടെ കോളേജിൽ കലോത്സവം വരുന്നത്.അന്ന് എന്നെ കാണാനായി എന്റെ വീട്ടിൽ നിന്ന് എന്റെ ഒരു കസിൻ ഹരിയും എന്റെ അനിയൻ നന്ദുവും വരുമെന്ന് വിളിച്ചു പറഞ്ഞു,കലോത്സവം ആയതിനാൽ അയാൾക്ക് ലീവ് എടുക്കാൻ പറ്റിയില്ല ,അയാളന്ന് മാക്സിമം ശ്രമിച്ചിരുന്നു ലീവ് എടുക്കാൻ  പക്ഷെ കിട്ടിയില്ല .എനിക്ക് ഫോണില്ലായിരുന്നതിനാൽ അയാളുടെ സ്വഭാവത്തെ കുറിച്ചോ ഒന്നും തന്നെ ആരോടും പറഞ്ഞിട്ടില്ലായിരുന്നു ,വീട്ടുകാർ അയാളുടെ ഫോണിലാണ് വിളിക്കുമായിരുന്നത് ,അവരൊക്കെ  എന്നോട് ഫോണിൽ സംസാരിക്കുമ്പോൾ അയാൾ കൈയിലൊരു കത്തിയും കൊണ്ട് എന്റെ  കഴുത്തിൽ ചേർത്ത് തൊട്ടടുത്തിരിക്കും . ലൗഡ് സ്പീക്കറും ഓണാക്കിയാണ് സംസാരിക്കാൻ തന്നിരുന്നത്.

അവർ വരുമെന്ന് അറിഞ്ഞ അയാൾ അന്ന് വീട് പൂട്ടാതെ പോയി ,ഇവിടെ നടക്കുന്നത് വല്ലതും വീട്ടുകാരോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് അയാൾ പോയത്.. കൊല്ലുമെന്ന് പറഞ്ഞാൽ അയാളത് ചെയ്യുമെന്നെനിക്ക് അറിയാമായിരുന്നു പക്ഷെ ഞാൻ അയാളെ പേടിച്ച ഇനിയും അവിടെ തന്നെ കഴിഞ്ഞാലും എന്റെ മരണം ഉറപ്പായിരുന്നു..അത്രത്തോളം ക്രൂരമായിരുന്ന അയാളുടെ ഉപദ്രവങ്ങൾ ഓരോന്നും..അന്നൊക്കെ നേരം ഇരുട്ടരുതേയെന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്..രാത്രികളിൽ ഒരു മനുഷ്യ ജീവിയെന്ന പരിഗണന പോലും തരാതെ അയാളുടെ കാമം എന്നിൽ തീർക്കുമായിരുന്നു…ശ്വാസം കിട്ടാതെ പിടഞ്ഞിട്ടുണ്ട്…എന്റെ വയറ്റിലും മാറത്തുമെല്ലാം കുപ്പി ചീളുകൾ കൊണ്ട് വരയുമായിരുന്നു..എന്റെ ദേഹത്ത് നിന്ന് രക്തം പൊടിയുന്നത് അയാൾ ഉന്മാദത്തോടെ നോക്കുമായിരുന്നു …”

അത്രയും പറഞ്ഞതും മീരയുടെ സ്വരം ചിലമ്പിച്ചിരുന്നു…കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി..

മീര പറഞ്ഞത് കേട്ട് തരിച്ചിരിക്കുകയായിരുന്നു അർജുനും സച്ചിയും..മീര അനുഭവിച്ചതൊക്കെയും ഓർക്കേ അവരിലും വേദന നിറഞ്ഞു..

സച്ചിയുടെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞു..തനിക്കുമുണ്ടൊരു പെങ്ങൾ..ഒരുപാട് പ്രതീക്ഷയോടെ വളർത്തുന്ന.. മറ്റൊരാളുടെ കൈയിൽ സുരക്ഷിതമായി ഏൽപ്പിക്കാൻ ആഗ്രഹിക്കുന്ന…അതുപോലെ ഒരുപാട് പ്രതീക്ഷകളോടെ ഏല്പിച്ച ഒരു മകളും സഹോദരിയുമൊക്കെയായിരുന്നില്ലേ മീരയും …

സാരീ തുമ്പു കൊണ്ട് കണ്ണീരോപ്പി മുഖംഅമർത്തി  തുടച്ചു കൊണ്ട് മീര അവരിരുവരെയും നോക്കി.

  “അന്ന് ഹരിയും നന്ദുവും  വന്നപ്പോ വൈകുന്നേരമായി.വന്നതും ഞാൻ അവരോട് ചെറുതായി അയാളെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം വിശദികരിച്ച്  വേഗം അവിടുന്ന് എന്റെ സാധനങ്ങളും എടുത്തുകൊണ്ട് അവരുടെ കൂടെ ഇറങ്ങി..പക്ഷെ തിരിച്ചു പോകുന്ന വഴിക്കൊക്കെയും സ്വപ്നയുടെ മുഖമെന്നേ അലട്ടിക്കൊണ്ടിരുന്നു … അങ്ങനെ ഞാൻ നിങ്ങളുടെ കോളേജിൽ വന്ന് ആ കുട്ടിയെ കണ്ടോന്ന്  സംസാരിച്ചിട്ട് പോകാൻ  തീരുമാനിച്ചു.കോളേജിൽ വന്ന്  സ്വപ്നയെ ഒന്ന് രണ്ട് കുട്ടികളോടൊക്കെ തിരക്കിയപ്പോൾ ഫിസിക്സ്  ലാബിനടുത്തേക്ക് പോകുന്നത് കണ്ടെന്നു പറഞ്ഞു.ഞാൻ ലാബ് തിരക്കി അവിടെ ചെന്നതും അത്‌ അടച്ചിട്ടിരിക്കുകയായിരുന്നു.ഞാൻ വെറുതെയെങ്കിലും ജനൽ പാളി തുറന്ന് അകത്തേക്ക് നോക്കി.. പക്ഷെ അവിടെ ഞാൻ കണ്ടത് അയാൾ സ്വപ്നയെ ഉപദ്രവിക്കുന്നതായിരുന്നു..

അവളുടെ കൈ രണ്ടും  ഷാൾ കൊണ്ട്  പിന്നിലേക്ക് കൂട്ടി കെട്ടിയിരുന്നു..അവളുടെ മുഖത്തൊക്കെ അയാൾ കടിച്ചു മുറിക്കുകയായിരുന്നു …അവളുടെ മാറിടത്തിൽ കൈ കൊണ്ട്  അമർത്തി ഞെരിക്കുന്നു..ആ കാഴ്ച്ച കാണേ  എന്റെ സമനില തെറ്റിപ്പോയി..ഞാൻ ജനലിലും വാതിലിലും  ആഞ്ഞ ആഞ്ഞ അടിച്ചു…ശബ്ദം കേട്ട് നോക്കിയതും അയാളെന്നെ  കണ്ടു..കുറച്ച് കഴിഞ്ഞതും അയാൾ വാതിൽ തുറന്നു.അയാളെ തള്ളി മാറ്റി ഞാൻ അകത്തേക്ക് ഓടി   സ്വപ്നയുടെ  കൈയിലെ കെട്ട് അഴിച്ചു വിട്ടു.. അവളെന്നെ കെട്ടിപ്പിടിച്ച് തോളിൽ മുഖമർത്തി വാവിട്ടു  കരഞ്ഞു..ഞാനും കരഞ്ഞുപോയിരുന്നു..പെട്ടെന്നവൾ എന്റെ ദേഹത്ത് നിന്ന് വിട്ട് മാറി  അവിടെന്ന് ഇറങ്ങിയോടി…ഞാനുമവൾടെ പിറകെ ഓടി..അപ്പോഴാണ് അതിലെ നടന്നു വന്ന അർജുന്റെ നെഞ്ചിലേക്ക് അവൾ വന്ന് ഇടിച്ചത് “

അർജുന് അന്ന് നടന്നത് ഓർമ വന്നു..സ്വപ്ന തന്റെ നെഞ്ചിലേക്ക് വന്നിടിച്ചത്..അവൾടെ കരയുന്ന മുഖം കണ്ടത്.

“എന്തുപറ്റി സ്വപ്ന …നീയെന്തിനാ കരയുന്നെ .കാര്യം പറ “

എന്നുപറഞ്ഞു അവൾടെ തോളത്തേക്ക് തൊടാൻ ആഞ്ഞതും അവളെന്റെ കൈ തട്ടിയെറിഞ്ഞു..

“തൊട്ട് പോകരുത്.. ആരാ നിങ്ങൾ …എന്നെ തൊടരുത് …പോ ദൂരെ. “

അവൾ പുറകോട്ട് നടന്നു ..എന്നിട്ട്  കണ്ണീരും തുടച്ചു അവിടുന്ന് ഓടി പോയി..ഞാൻ അവൾടെ പിറകെ ഓടിയപ്പോഴാണ് സച്ചി അത്യാവശ്യമായി എന്തോ പറയാനുണ്ടെന്ന് പറഞ്ഞ എന്നെ വഴിക്ക് വെച്ച കൂട്ടികൊണ്ട് പോയത്..അത്‌ കഴിഞ്ഞ് കുറച്ച് സമയത്തിനുള്ളിൽ തന്നെ  ഞങ്ങളെ പോലീസ് പിടിച്ചിരുന്നു..

“അന്ന് അർജുൻ അവളോട് കാര്യം തിരക്കുന്നതും പിറകെ ഓടുന്നതും അയാളും കണ്ടിരുന്നു..അർജുനെ അയാൾ ഭയന്നു..പിടിക്കപ്പെടുമോയെന്ന് എന്ന് പേടിച്ചു ..അപ്പോഴാണ് പോലീസ് വന്ന കാര്യം അറിയിച്ചുകൊണ്ട് പ്രിൻസിപ്പിൽ അയാളെ വിളിച്ചത്..മാവിൻ ചുവട്ടിൽ ഇരിക്കുന്ന ഏതോ ബൈക്കിലാണെന്ന് പ്രിൻസിപ്പിൽ പറഞ്ഞിരുന്നു.അന്നേരം അവിടെ ഗോകുലിന്റെയും അർജുന്റെയും ബൈക്ക് മാത്രമേ ഉണ്ടായിരുന്നോളൂ ,അയാൾ അത്‌ ഗോകുലിന്റെ ബൈക്കിൽ നിന്ന് കണ്ടെടുത്തു.അർജുനെ കുടുക്കിയാൽ അയാൾ രക്ഷപ്പെടുമെന്ന് അയാൾക്കറിയാമായിരുന്നു,അതുകൊണ്ടാണ് ഗോകുലിന്റെ ബൈക്കിൽ നിന്ന് അതെടുത്ത്  മാറ്റി അർജുന്റെ ബൈക്കിൽ വെച്ചത്,ഞാൻ അയാൾ പോകുന്നതിൽ സംശയം തോന്നി പിറകെ പോയിരുന്നു ,അന്നേരം എന്റെ കൈയിൽ ഭാഗ്യം പോലെ നന്ദുവിന്റെ ഫോൺ ഉണ്ടായിരുന്നു.ഞാൻ സംശയം തോന്നി അയാൾ പൊതി മാറ്റി അർജുന്റെ ബൈക്കിൽ വെക്കുന്നത്  വീഡിയോ എടുത്ത് അപ്പോൾ തന്നെ അവിടുന്ന് ഇറങ്ങി തിരിച്ച് നാട്ടിലേക്ക് മടങ്ങി.ഇത്രയും കാലം അനുഭവിച്ചതിന്റെയും അന്ന് അവിടെ കണ്ടത്തിന്റെയും ഷോക്കിൽ ഞാൻ മാനസികമായി ഒരുപാട് തളർന്നു പോയിരുന്നു.ഏകദേശം ഒരു മാസത്തോളം ഞാനൊരു ഹോസ്പിറ്റലിൽ സൈക്കാട്രിസ്റ്റിന്റെ ട്രീറ്റ്മെന്റിൽ ആയിരുന്നു. അതിന് ശേഷമാണ് ഞാൻ അർജുനും സച്ചിയും പിടിക്കപ്പെടുന്നതുമെല്ലാം അറിയുന്നത്..അപ്പോഴേക്കും നിങ്ങൾ ജയിലിൽ ആയി കഴിഞ്ഞിരുന്നു…അന്നത്തെയാ സംഭവം നടന്ന്  ദിവസങ്ങൾക്കുള്ളിൽ സ്വപ്നയും ആത്മഹത്യ ചെയ്തു..പിന്നെ എനിക്ക് ആ സമയം യാതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല..എന്റെ വീട്ടുകാരോട്  അന്നവിടെ  സ്വപ്നയ്ക്ക് സംഭവിച്ചത് ഒഴിച്ച് ബാക്കിയെല്ലാം  ഞാൻ  പറഞ്ഞു..അതുകഴിഞ്ഞ ഞാൻ ഡിവോഴ്സിന് അപ്ലൈ ചെയ്തു.ഞാൻ സ്വപ്നയുടെ കാര്യം പുറത്ത് പറയുമെന്ന് പേടിച്ചിട്ടായിരിക്കണം കൂടുതൽ എതിർപ്പൊന്നും കാണിക്കാതെ അയാൾ ഡിവോഴ്സിന് സമ്മതിച്ചത്.ഇപ്പോൾ ഞങ്ങൾ ഡിവോഴ്‌സായിട്ട് മൂന്ന് വർഷമായി..

അയാൾ 2വർഷത്തേക്ക് കോളേജിൽ നിന്ന്  ലീവ് എടുത്ത് ബാംഗ്ലൂരിലേക്ക് പോയി.ഇപ്പോൾ  വീണ്ടും കോളേജിൽ  ജോയിൻ ചെയ്തിട്ട് രണ്ട് വർഷമാകുന്നേയുള്ളു .അതിനുശേഷം അയാൾ വീണ്ടും വിവാഹിതനായി,പക്ഷെ അവരും  അയാളെ ഉപേക്ഷിച്ചു പോയി..ആർക്കും പൊരുത്തപ്പെടാൻ സാധിക്കില്ല അയാളോട് ..അയാളൊരു സൈക്കോയാണ്. “

മീര അന്ന് ഫോണിലെടുത്ത്  വീഡിയോ സഹിതം അർജുനും സച്ചിക്കും കാണിച്ചു കൊടുത്തു.രാത്രിയുടെ ഇരുട്ടിൽ ഗോകുലിന്റെ ബൈക്കിൽ നിന്നും ആരും കാണാതെ തന്റെ ബൈക്കിലേക്ക് എടുത്ത് വെക്കുന്ന സജീവ് സാർ….ആട്ടിൻ തോലിട്ട ചെന്നായയാണയാൾ…അർജുൻ മനസ്സിൽ ഓർത്തു..അന്നേരം അവന്റെയുള്ളിൽ സജീവിനെ പച്ചയ്ക്ക് കത്തിക്കാനുള്ള ദേഷ്യം കുമിഞ്ഞുകൂടി…

അല്പസമയം കൂടി മീരയോട് സംസാരിച്ചിരുന്ന ശേഷം  അവളുടെ  കൈയിൽ നിന്നുമാ  വീഡിയോ സെന്റ് ചെയ്ത് വാങ്ങിയിട്ടാണ്   അവരിരുവരും അവിടുന്ന് തിരിച്ചത് ..

                                                  (തുടരും )

                                           ആർദ്ര ബി. എസ്

ഇതൊരു കുഞ്ഞ് കഥയാണ് .വലിയ സസ്‌പെൻസോ സംഭവങ്ങളോ ഒന്നും  കാണില്ലഇനി ഒരു പാർട്ട്‌ കൂടിയേ കാണു,അതോടെ കഥ തീരും

ഒത്തിരി സ്നേഹം

3/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നെഞ്ചോരം – ഭാഗം 11”

Leave a Reply