Skip to content

നെഞ്ചോരം – ഭാഗം 15 (അവസാന ഭാഗം)

Nenjoram Novel

പ്രിയ അവിടുന്ന് വേഗം സ്റ്റാഫ്‌ റൂമിലിരിക്കുന്ന  ഗായത്രിയുടെ അടുത്തേക്ക് നടന്നു.അച്ചു നിരപരാധിയാണെന്ന് തെളിഞ്ഞ സന്തോഷത്തിലായിരുന്നു ഗായത്രി …അതെ സമയം തന്നെ അവനെ തെറ്റിദ്ധരിച്ചത് ഓർത്ത് വേദനിക്കുന്നുമുണ്ടായിരുന്നു അവ ൾ…ഇത്രയും കാലം  അനുഭവിച്ച മനോവേദന..ജയിലിൽ കിടന്നത്..അപമാനം.. അന്ന് ഓഫിസ് റൂമിൽ വെച്ച് എല്ലാരുടെയും മുന്നിൽ അവനെ നിഷ്കരുണം പരിഹാസിച്ചത്..  വാക്കുകൾ കൊണ്ട് അവനെ ക്രൂരമായി മുറിവേൽപ്പിച്ചത്..

ഓരോന്നും അവളെ അന്നേരം ചുട്ടു പൊള്ളിച്ചു…

അപ്പോഴാണ്  പ്രിയ അങ്ങോട്ടേക്ക് തിടുക്കപ്പെട്ട് വന്ന്  ഗായത്രിയുടെ കൈയും പിടിച്ച് വലിച്ച് വേഗം പുറത്തേക്ക് നടന്നത് ,

“എന്താ ടീച്ചർ ..എങ്ങോട്ടാ എന്നെയും വലിച്ചോണ്ട് പോകുന്നേ ?”

ഗായത്രിയുടെ ചോദ്യം കേട്ടതും അവരുടെ അടുക്കലേക്ക് നടക്കവേ തന്നെ പ്രിയ ചുരുക്കം വാക്കുകളിൽ അവിടെ നടന്നതൊക്കെ അവളോട് പറഞ്ഞു.അവർ വേഗം അർജുനും കൂട്ടരും നിക്കുന്നിടത്തേക്ക് നടന്ന് അവർ കാണാതെ മറഞ്ഞു നിന്ന് അവർ പറയുന്നത് കേൾക്കാനായി കാത് കൂർപ്പിച്ചു….

“അജുവേട്ടനെ ശല്യപ്പെടുത്താൻ ഞാനിനി ഒരിക്കലും വരില്ല..അന്ന് ഞാൻ അജുവേട്ടനെ നേടിയെടുക്കാൻ വേണ്ടിയാണ് ഗായത്രി ടീച്ചറോട് കള്ളം പറഞ്ഞത്.എന്നോട് ക്ഷമിക്കണം എല്ലാത്തിനും ..എന്റെ മമ്മ മരിച്ചു ..ഞാൻ ഇന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിൽ പപ്പയോടൊപ്പം  അമേരിക്കയിലേക്ക് പോകുകയാ..ഇനിയൊരിക്കലും ഇങ്ങോട്ടേക്ക് തിരിച്ചു വരില്ല .. “

കണ്ണീരോലിപ്പിച്ച് ജുവൽ പറഞ്ഞതും  അർജുന് അവളോട് സഹതാപം തോന്നി..

“നാട്ടിൽ നിന്ന് കോഴ്‌സൊക്കെ കംപ്ലീറ്റ് ആക്കിയിട്ട് പോയാൽ പോരായിരുന്നോ “

“ഇവിടെ ഞങ്ങൾക്ക് പറയത്തക്ക ബന്ധുക്കൾ ആരുമില്ല,പപ്പേടേം മമ്മേടേം ലവ് മാര്യേജ് ആയിരുന്നു.മമ്മ ഓർഫനാണ്,പിന്നെ പപ്പേടെ റിലേറ്റീവ്സും ചാച്ചൻമാരുമെല്ലാം അമേരിക്കയിൽ സെറ്റിൽഡ് ആണ് ..”

ഒരു ചിരിയോടെ ശാന്തമായി ജുവൽ പറഞ്ഞുനിർത്തി.

“ചെയ്യാത്ത കുറ്റമാ ഞാൻ അജുവേട്ടന്റെ തലയിൽ ആക്കിയത്…ഞാൻ ..അന്നവിടെ നടന്നതൊക്കെ …ഗായത്രി ടീച്ചറോടും എല്ലാരോടും.. സത്യങ്ങൾ എല്ലാം ഞാൻ പറയാം ..”

അവൾ വിക്കി വിക്കി പറഞ്ഞ് നിർത്തിയതും അർജുൻ അവളോടായി പറഞ്ഞു.

“സാരമില്ല ഇനി താൻ ഒന്നും ആരോടും പറയണ്ട..ചെയ്യാത്ത കുറ്റമൊക്കെ തലയിൽ വീണ് എനിക്ക് ശീലമായി ,പിന്നെ ഒരു പെൺകുട്ടി മനപ്പൂർവം അങ്ങനെയൊക്കെ പറഞ്ഞെന്ന് പുറത്ത് അറിയുന്നത് മോശമാണ്,ഇതിങ്ങനെ തന്നെ ഇരിക്കട്ടെ…പിന്നെ ഇപ്പോ നീയിവിടെ നിൽക്കുന്നത് കണ്ടാൽ ഇനിയും ചീത്തപേരാകും. “

അർജുൻ പകുതി കളിയായും പകുതി കാര്യമായും ഒരു ചിരിയോടെ പറഞ്ഞു.

അത്‌ കേൾക്കവേ ജുവൽ അവന്റെ മുഖമാകെ കണ്ണുകൾ കൊണ്ടൊന്ന് പരതി  നോക്കി..പിന്നെ സാവധാനം  ചിരിച്ചുകൊണ്ട് പറഞ്ഞു

“എനിക്ക് അജുവേട്ടനെ ഒത്തിരി ഇഷ്ടമായിരുന്നു …എന്റെ ആദ്യ പ്രണയം..അജുവേട്ടനെ ഞാൻ ഒരിക്കലും മറക്കില്ല…പിന്നെ ..അജുവേട്ടന്റെ മനസ്സിൽ ഉള്ള പെൺകുട്ടിയെ തന്നെ അജുവേട്ടന് കിട്ടട്ടെ..ഇനിയും പറഞ്ഞുകൊണ്ട് നിന്നാൽ ഞാൻ ചിലപ്പോ കരഞ്ഞു പോകും..പോട്ടെ..”

അർജുന്റെയും സച്ചിയുടെയും മുഖത്ത് നോക്കി യാത്ര പറയുന്ന പോലെയവൾ  ചിരിയോടെ തലയാട്ടി  അവിടുന്ന് നടന്നു നീങ്ങി..

എന്നാൽ ഇതെല്ലാം കേട്ടുകൊണ്ട് നിന്ന  ഗായത്രിയുടെ ഉള്ളിൽ മരവിപ്പായിരുന്നു..

പ്രിയേടെ മാറത്തു വീണവൾ പൊട്ടി  കരഞ്ഞു..വേദന കൊണ്ടവളുടെ ഹൃദയം നുറുങ്ങി…അവിടമാകെ മുറിവെറ്റിരിക്കുകയാണ്…ചോര ചീന്തുകയാണ്…

“ഞാനാ തെറ്റുകാരി..എല്ലാം ഞാൻ കാരണമാ..എന്റെ അച്ചുവേട്ടനെ എല്ലാരുടെയും മുന്നിൽ തെറ്റുകാരനാക്കിയത് ഞാനാ…നാണംകെടുത്തിയത്…എല്ലാം …

എല്ലാം എന്റെ തെറ്റാ..ഞാൻ തോറ്റുപോയി ടീച്ചറെ…ഞാൻ ഒരിക്കൽ പോലും എന്റെ അച്ചുവേട്ടനെ മനസിലാക്കിയിട്ടില്ല ….”

പ്രിയ അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ കുഴങ്ങി..ഗായത്രിയുടെ തോളിൽ തട്ടിയും മറ്റുമവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…ഇപ്പോൾ ഗായത്രിക്ക്   ആവശ്യം വേദനയിൽ  വീണു പോകാതെ താങ്ങി നിർത്തി ഇങ്ങനൊരു  ചേർത്ത് പിടിക്കലാണെന്ന് പ്രിയക്ക് തോന്നി…ഏറെ നേരം അങ്ങനെ നിന്ന് പതം പറഞ്ഞവൾ കരഞ്ഞുകൊണ്ടേയിരുന്നു.. ഗായത്രി പ്രിയയെ വിട്ട് അകന്ന്  വേഗം പൈപ്പിൻ ചുവട്ടിലേക്ക് ഓടി മുഖം കഴുകി..പ്രിയ അവൾടെ പിന്നാലെ ചെന്ന് അവളെ പിടിച്ച് നിർത്തി ചോദിച്ചു

“എന്താ ഗായത്രി..താൻ എങ്ങോട്ടാ പോകുന്നെ”

“എനിക്ക് …എനിക്കെന്റെ  അച്ചുവേട്ടനെ ഇപ്പോ കാണണം ..മാപ്പ് പറയണം..എനിക്ക് കണ്ടേ പറ്റു ടീച്ചർ …ഇല്ലെങ്കിൽ ഞാനിപ്പോ ഹൃദയം പൊട്ടി മരിച്ചു പോകും…”

ഗായത്രിയുടെ ഉള്ളിലെ വേദന പ്രിയക്ക് മനസിലാകുന്നുണ്ടായിരുന്നു.അവൾ ചിരിയോടെ ഗായത്രിയുടെ കൈയിലെ പിടിയയച്ചു..

ഗായത്രി അർജുനെ കാണാനായി മാവിൻ ചുവട്ടിലേക്ക്  ഓടി ചെന്നതും അവൾ അവനടുത്ത് എത്തുന്നതിന് മുൻപ് തന്നെ അർജുൻ ബൈക്കും എടുത്ത് കൊണ്ട്  പോയിരുന്നു… അവൾക്ക് പിന്നെയും സങ്കടം വന്നു..അവൾടെ കണ്ണുകൾ നിറഞ്ഞു തൂവി…ഒരു കൈയകലത്തു    നിന്നും പിന്നെയും പിന്നെയും അകന്നു പോകുന്നു..

ഇതെല്ലാം കണ്ടുകൊണ്ട് നിന്ന് സച്ചി ഗായത്രിയുടെ  അടുത്തേക്ക് ബൈക്ക് കൊണ്ട് നിർത്തി,

“വാ കയറ് …അവൻ ചെമ്പക കുന്നിൽ കാണും ..”

അവൾ ഒരു നിമിഷം നിറഞ്ഞ കണ്ണുകളോട് കൂടി അവന്റെ മുഖത്തേക്ക് നോക്കി..പിന്നെ കൂടുതൽ ഒന്നും പറയാതെ അവന്റെ ബൈക്കിന്  പിന്നിൽ കയറി.. അവൾക്ക് എത്രയും പെട്ടെന്ന് ഒന്ന് അർജുന്റെയടുത്തേക്ക്  എത്തിയാൽ മതിയായിരുന്നു..

ബൈക്കിലിരിക്കവേ സച്ചി ഗായത്രിയോടായി  പറഞ്ഞു

” ഗായത്രി അന്ന് നീ ജുവലിനൊപ്പം അജുവിനെയാ ക്ലാസ്സ്‌ മുറിയിൽ കണ്ട് തെറ്റിദ്ധരിച്ചതാണ്..അവൻ തിരിഞ്ഞു നിന്ന്തുകൊണ്ട് നീയവന്റെ മുഖം കണ്ടില്ല..അവൻ അവളുടെ മുഖത്തോട് മുഖം അടുപ്പിച്ച് ദേഷ്യത്തോടെ  സംസാരിച്ചതായിരുന്നു.അല്ലാതെ നീ ഉദ്ദേശിക്കുന്നത് പോലെ അവിടെ വേറെയൊന്നും നടന്നിട്ടില്ല ..”

അവൾ മനസ്സിൽ നിറയുന്ന കുറ്റബോധത്തോട് കൂടി നിറഞ്ഞ കണ്ണുകളാൽ അതിന് മറുപടിയായി ഒന്ന് മൂളി..

“എന്തോ അത്യാവശ്യമായി അവനോട്‌ സംസാരിക്കുനുണ്ടെന്ന് പറഞ്ഞവൾ അവിടെയവനെ വിളിച്ചു വരുത്തിയതാണ് …വന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നൊരു ഭീഷണിയും..അവൾക്കിട്ട് രണ്ട് പൊട്ടിക്കാനാ അവൻ പോയത് ,അതിനിടയ്ക്കാണ് ആ സജീവ് നിന്നെ അങ്ങോട്ട് പറഞ്ഞ് അയച്ചത് ..നിന്നെ കണ്ടതും ജുവൽ തന്ത്രപൂർവ്വം കാര്യങ്ങൾ വളച്ചൊടിച്ച്  അങ്ങനെയൊക്കെയാക്കി..”

അവൻ പറയുന്നതെല്ലാം എങ്ങലോടെ അവൾ കേട്ടുകൊണ്ടിരുന്നു…

“നിനക്ക് അജുവിനെ ഒരുപാട് ഇഷ്ടമാണല്ലേ “

“മ്മ് “

അവൾ കൊച്ചുകുട്ടികളെ പോലെ തലകുമ്പിട്ടിരുന്ന മൂളി..

“അവന്റെ മനസ്സിലും വർഷങ്ങളായി  ഒരു പെൺകുട്ടിയുണ്ട്…എന്നോടല്ലാതെ മറ്റാരോടും അവനത് പറഞ്ഞിട്ടില്ല ..”

സച്ചി പറഞ്ഞ വാക്കുകളിൽ തന്നെ കുരുങ്ങി കിടക്കുകയായിരുന്നു ഗായത്രി ..അച്ചുവേട്ടന്റെയുള്ളിൽ മറ്റൊരു പെണ്ണുണ്ട്…വർഷങ്ങളായി..അന്ന് പ്രിയ ടീച്ചറും പറഞ്ഞു ..ഇന്ന് ജുവലും അച്ചുവേട്ടനോട് പറഞ്ഞു…ഇപ്പോ സച്ചിയേട്ടനും പറയുന്നു ..അച്ചുവേട്ടന്റെ മനസ്സിൽ ഒരു  പെൺകുട്ടിയുണ്ടെന്ന്… അവൾക്കും തിരിച്ച് ഇഷ്ടം കാണുമായിരിക്കും..അവർ ഒന്നിച്ചിരുന്നിട്ടുണ്ടാവും..ഒരുപാട് സ്വപ്‌നങ്ങൾ നെയ്ത കൂട്ടിയിട്ടുണ്ടാവും…അച്ചുവേട്ടൻ അവൾക്കു വേണ്ടി ചിരിക്കുമായിരിക്കും..അവൾടെ കൈകളുമായി കോരുത്തു പിടിച്ചിട്ടുണ്ടായിരിക്കും…പിന്നെ…അവളെ നെഞ്ചോട് ചേർത്ത് അടക്കി നിർത്തിയിട്ടുണ്ടായിരിക്കും…ഗായത്രിക്കവിടെ ഒരു സ്ഥാനവുമില്ല..വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ച ..അപമാനിച്ച…അമ്മാവന്റെ മകൾ…അത്രേയുള്ളൂ ഗായത്രിക്ക് സ്ഥാനം..വെറുപ്പോടെ മാത്രം അച്ചുവേട്ടൻ ഓർക്കുന്ന മുഖം….ഒരു പതിമൂന്നുകാരിയുടെ പൊട്ട ബുദ്ധിയിൽ തോന്നിയ പ്രേമം…അച്ചുവേട്ടനോട്‌ എന്റെ പ്രണയത്തെ പറ്റി പറഞ്ഞാൽ പൊട്ടി ചിരിക്കുമായിരിക്കും…കളിയാക്കും..അവജ്ഞതയോടെ അതിലുപരി വെറുപ്പോടെ പുച്ഛത്തോടെ നിർദ്ധയം തള്ളി കളയും..അത് എനിക്ക് സഹിക്കാൻ പറ്റാതെ ആ നിമിഷം ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും….

ഉള്ളം നീറി പുകഞ്ഞുകൊണ്ട് ആ പെണ്ണ് ഇരുന്നു..ഉള്ളിലെ പുകച്ചിലിന്റെ ഫലമെന്നോണം അവളുടെ  കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു..

“അവന്റെ മനസ്സിൽ വർഷങ്ങളായി  കൊണ്ട് നടക്കുന്ന പെണ്ണ് നീയാണ് ഗായത്രി… നീയവനെ സ്നേഹിക്കുന്നതിന്റെ ആയിരമായിരം  ഇരട്ടി അവൻ നിന്നെ സ്നേഹിക്കുന്നുണ്ട് ഗായത്രി ….”

കുറച്ച് നേരത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് സച്ചിയത് പറഞ്ഞു നിർത്തിയതും ഗായത്രി  ഞെട്ടലോടെയവനെ  നോക്കി..അച്ചുവേട്ടനും എന്നെ സ്നേഹിക്കുന്നുണ്ടെന്നോ..മനസ്സിൽ ഞാനാണെന്നോ…ഇത്രയും നേരം നിലയില്ലാ കയത്തിലേക്ക് മുങ്ങിക്കൊണ്ടിരുന്ന അവളുടെ  ഹൃദയം കുതിച്ചു പൊന്തി..ഇത്രയും കാലം കേൾക്കാൻ കൊതിച്ചത്…അച്ചുവേട്ടന് ഗായത്രിയെ ഇഷ്ടമാണ്….ഗായത്രിയോട് പ്രണയമാണ്…ഹൃദയം ശക്തമായി മിടിക്കുന്നു…സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു തൂവുന്നു…

പക്ഷെ അച്ചുവേട്ടന്റെ ഇഷ്ടം  ഒരിക്കൽ പോലും മനസിലാക്കിയില്ലല്ലോ….ഉള്ളിൽ നിരാശ വന്ന് മൂടി അവൾക്ക് പിന്നെയും കരച്ചിൽ വന്നു…അതിനൊപ്പം  അവനെ കാണാനുള്ള കൊതിയേറി ഏറി വന്നു..

അപ്പോഴേക്കും സച്ചിയുടെ ബൈക്ക് ചെമ്പകകുന്നിലെത്തിയിരുന്നു.അവൻ ബൈക്ക് നിർത്തിയതും  ഗായത്രി വേഗമിറങ്ങി  മുകളിലേക്ക് ഓടിയോടി കയറി…കുറച്ച് ദൂരം ചെന്ന ശേഷമാണ് അവൾക്ക് സച്ചിയെ പറ്റി ഓർമ വന്നത്.അവൾ വേഗം തിരിഞ്ഞു നോക്കിയതും അവളെ  കൗതുകത്തോടെ നോക്കി കൊണ്ട്  ബൈക്കിലിരിക്കുന്ന സച്ചിയെയാണ് കണ്ടത് .അവൻ ഒരു ചിരിയോടെ അവളെ നോക്കി പറഞ്ഞു

“ചെല്ല് …”

മറുപടിയായി നന്ദിയോടെ അവനെ നോക്കിയൊരു പുഞ്ചിരിയേകി കൊണ്ട് വീണ്ടും വേഗത്തിൽ മുന്നോട്ടേക്ക് കയറി.അവൾക്ക് എത്ര നടന്നിട്ടും ദൂരം കുറയാത്ത പോലെ തോന്നി..കാലുകൾക്ക് വേഗതിയില്ലാത്ത പോലെ…അവൾ വീണ്ടും വേഗത്തിൽ ഓടിയോടി കയറവേ കല്ലിൽ തട്ടി നെറ്റിയും കൈമുട്ടും ഇടിച്ചു വീണു..രാവിലെ വീണപ്പോൾ മുറിഞ്ഞയിടം തന്നെ വീണ്ടും മുറിഞ്ഞ ചോര വന്നു.എന്നാൽ അതൊന്നും വകവെയ്ക്കാതെ നിലത്ത് നിന്ന് വേഗം പിടഞ്ഞെണീറ്റ് കൊണ്ടവൾ ഓടി..

ഹൃദയത്തിനേറ്റ മുറിവുകൾ ഇതിനേക്കാൾ എത്രയോ ആഴമേറിയതാണ്..

ആ നോവിനുള്ള മരുന്ന് തേടിയല്ലേ ഇപ്പോ ഓടുന്നത്..

അവിടെ ചെമ്പകത്തിനടുത്തായി ദൂരേക്ക് എങ്ങോ നോക്കി തിരിഞ്ഞു നിൽക്കുകയായിരുന്നു അർജുൻ…

അർജുനെ  കണ്ടതും അവൾ ഓടി ചെന്ന് പിന്നിലൂടെയവനെ  മുറുകെ  കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു..

” ഞാനിനി ഒരിക്കലും അച്ചുവേട്ടനെ  വേദനിപ്പിക്കില്ല …എന്നെ ഉപേക്ഷിക്കല്ലേ.. എനിക്കത്   സഹിക്കാൻ പറ്റില്ല ….എന്നോട് ക്ഷമിക്കോ… എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ ..എന്നെ വേണ്ടെന്ന് പറയല്ലേ ..എന്നെ വെറുക്കല്ലേ അച്ചുവേട്ടാ…”

അന്നേരമവൾ ഗായത്രി ടീച്ചർ അല്ലായിരുന്നു ..പ്രണയത്താൽ മൂടപ്പെട്ട.. മുറിവേറ്റ.. വേദനിക്കുന്ന ഗായത്രിയായിരുന്നു..

അവളന്നേരമൊരു പതിമൂന്നുകാരി  പെൺകുട്ടിയെ പോലെ അവന്റെ ഷർട്ടിൽ മുഖമിട്ട് ഉരുട്ടി എങ്ങിയെങ്ങി കരഞ്ഞു..അവൻ അവന്റെ ദേഹത്ത് മുറുകിയിരുന്ന അവളുടെ കൈ വിടുവിച്ച് അവൾക്ക് നേരെ തിരിഞ്ഞു..അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു..അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കവേ അവന്റെ ഹൃദയം ആർദ്രമായി…

“എന്നെ സ്നേഹിക്കാൻ കൊള്ളില്ലേ അച്ചുവേട്ടാ …വെറുത്തു പോയോ…”

ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് അവനെ നോക്കിയവൾ ചോദിച്ചതും ആ വാക്കുകൾ അവന്റെ ഹൃദയത്തിന്റെ അടിത്തട്ട് വരേക്കും തറഞ്ഞു കയറി…എന്റെ ഗായത്രിയെ അല്ലാതെ മറ്റാരെയും എനിക്ക്‌ ഒരു നിമിഷം പോലും സ്നേഹിക്കാൻ കഴിയില്ല..എന്റെ ഗായത്രിയെ ഞാനെങ്ങനെ വെറുക്കും..? അവന്റെ നിശബ്ദത അവളെ വല്ലാതെ  വീർപ്പ് മുട്ടിച്ചു…

“ഞാൻ സുന്ദരിയല്ലാത്തോണ്ടാണോ..”

ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കമായി അവൾ ചോദിക്കുമ്പോൾ അവനവളോട് അലിവ് തോന്നി.ഇത്രേയുള്ളൂ എന്റെ ഗായത്രി..ഒരു പൊട്ടി പെണ്ണ്.അവന്റെ കണ്ണുകൾ അവളുടെ മുഖത്താകെയൊന്ന് ഉഴിഞ്ഞു..കരഞ്ഞ കരഞ്ഞ കണ്ണാകെ ചുവന്നിട്ടുണ്ട്…നെറ്റിയിലെ പൊട്ട് മാഞ്ഞിട്ടുണ്ട്..കണ്ണുകളിൽ നിസ്സഹായത.. അവന്റെ നോട്ടം അവൻ മുറിവേൽപ്പിച്ച അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ വന്ന് പതിച്ചു…

അവൻ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു കൊണ്ടു പറഞ്ഞു

“എന്റെ ഗായത്രിയെ ഒരിക്കലും എനിക്ക് വെറുക്കാൻ കഴിയില്ല…ഗായത്രിയെന്നും എന്റെയാ …അർജുന്റെ  “

ഇത്രയും നാൾ കാത്തിരുന്നത്..കൊതിച്ചത്..ഈ വാക്കുകൾക്ക് വേണ്ടിയായിരുന്നില്ലേ.. ഗായത്രിക്ക് അന്നേരം ലോകം കീഴടക്കിയ സന്തോഷം തോന്നി..

“മുത്തശ്ശി നിന്നെ എനിക്കുവേണ്ടി ആലോചിച്ച കാലം തൊട്ടേ നീയെന്റെയുള്ളിൽ കയറികൂടിയതാ..അമ്മാവനും അമ്മക്കൊന്നും താല്പര്യം ഇല്ലാത്തതിനാൽ ഞാനും എന്റെയുള്ളിലെ പ്രണയം കുഴിച്ചു മൂടാൻ ഒരുപാട്  നോക്കി..പക്ഷെ അത്‌ ദിനം പ്രതി കൂടികൊണ്ടേയിരുന്നു…നീയെന്നെ കാണുമ്പോൾ ഓടി ഒളിക്കുന്നത് കാണുമ്പോൾ ചിലപ്പോ എനിക്ക്‌ ചിരി വരും…ദേഷ്യം വരും…പിന്നെ ഓടി വന്ന് നിന്നെ നെഞ്ചോട് അണയ്ക്കാൻ തോന്നും.. നീയന്ന് സെറ്റ് സാരീയുടുത്ത എന്റെ കൂടെ ബൈക്കിൽ കയറിയില്ലേ ,അന്നെന്റെയുള്ളിൽ ഉടലെടുത്ത വികാരം എന്തെന്ന് എനിക്കിന്നും മനസിലായിട്ടില്ല ഗായത്രി ..നിന്നെയൊന്ന് ഇറുകേ കെട്ടിപ്പിടിക്കാൻ  തോന്നി..കൂടുതൽ എന്നോട് ചേർത്ത് നിർത്താൻ തോന്നി.. സച്ചിക്കല്ലാതെ മറ്റാർക്കും എനിക്ക് നിന്നെ ഇഷ്ടമാണെന്ന്  അറിയില്ലായിരുന്നു..അന്ന് സച്ചിയുടെ നിർബന്ധത്തിന് വഴങ്ങി നിന്നോട് വൈകുന്നേരം എന്റെയുള്ളിലെ ഇഷ്ടം പറയാനിരുന്നതാ ..പക്ഷെ വിധി മറ്റൊന്നായിരുന്നു..അന്ന് പോലീസ് പിടിച്ചപ്പോ നീയെന്നെ വെറുപ്പോടെ നോക്കിയത് കാണേ എന്റെ നെഞ്ച് തകർന്നു പോയി ഗായത്രി .അമ്മയും തള്ളി പറഞ്ഞതോടെ ഞാൻ തോറ്റുപോയി. ജയിലിന്ന് ഇറങ്ങിയ ശേഷം നിന്റെ മുഖത്തെ വെറുപ്പ് കാണേ എനിക്ക് ദേഷ്യമായിരുന്നു,നീ ഒരിക്കലുമെന്റെ സ്വന്തമാവില്ലെന്ന് മനസിലായി

അന്ന് സസ്പ്പെൻഷൻ കിട്ടിയ ദിവസം ഞാൻ മൊത്തത്തിൽ തകർന്നു പോയിരുന്നു.നീ പറഞ്ഞതോർക്കേ..നിന്നോട് ചെയ്‍തത് ഓർക്കേ …അന്നും ഞാൻ തകർന്ന് ഇവിടെ വന്നിരുന്നപ്പോഴാണ്  അമ്മാവൻ എന്നെ തേടി വന്നത് ..തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സത്യം തെളിയിക്കാൻ പറഞ്ഞത് ..അമ്മയോടുള്ള എന്റെ ദേഷ്യം മാറ്റിയത്,അമ്മ ഞാൻ ജയിലിൽ ആയിരുന്നപ്പോൾ ഉരുകി ഉരുകി കഴിഞ്ഞത് ഓരോന്നായി  പറഞ്ഞത് …പിന്നെ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിച്ചാൽ  എന്റെ ഈ ഗായത്രി പെണ്ണിനെ എനിക്ക്  തരാന്ന് പറഞ്ഞത്.”

ഗായത്രിക്ക് അതൊരു പുതിയ അറിവായിരുന്നു..അച്ഛനാണ്  അച്ചുവേട്ടന്റെ തകർച്ചയിൽ താങ്ങായതെന്ന്..ചേർത്ത് നിർത്തിയതെന്ന്..പിന്നെ അച്ചുവേട്ടന് എന്നെ കൈപിടിച്ച് ഏൽപ്പിക്കാമെന്ന് പറഞ്ഞതെന്ന്..പണ്ടും അങ്ങനെയാ അച്ഛനോളം എന്നെയോ അച്ചുവേട്ടനയോ മനസിലാക്കിയ മറ്റാരുമില്ല.

ഗായത്രി അർജുനെ  ഇറുകെ പുണർന്നു..

പതിയെ അവന്റെ കൈകളും അവളെ പൊതിഞ്ഞു പിടിച്ചു…അവരിരുവരും പരസ്പ്പരം ഇത്രയും കാലത്തെ പ്രണയവും പരിഭവങ്ങളും പറഞ്ഞു തീർത്തു…. ഇണപിരിയാത്ത രണ്ട് ചെമ്പകവും അവർക്കൊപ്പം  അതിനെല്ലാം സാക്ഷിയായി

മൂന്ന് വർഷങ്ങൾക്കിപ്പുറം അവരിരുവരും രാത്രിയിൽ  തൊള്ളായിരം കണ്ടിയിലെ കേവ് ഹൗസിനുള്ളിലിരുന്ന് തീ കായുകയാണ്…വള്ളിപടർപ്പുകളുള്ള ഗുഹയ്ക്കുള്ളിൽ തണുപ്പ് തിങ്ങി നിന്നു..കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെയവൻ ബൈക്കിൽ ഗായത്രിയേം കൂട്ടി നേരെ ഇങ്ങോട്ടാണ് വന്നത്..

“അന്ന് രാത്രി ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചല്ലേ ഗായത്രി…അറിയാമെനിക്ക് പൊറുക്കാൻ കഴിയാത്ത തെറ്റാ ചെയ്‍തതെന്ന്…അന്നേരത്തെ ദേഷ്യത്തിൽ ചെയ്ത് പോയതാണ്….സോറി.. “

അവന്റെ ഓരോ വാക്കിലും കുറ്റബോധവും വേദനയും നിഴലിച്ചിരുന്നു..

“എനിക്കത് ഒരിക്കലും മറക്കാൻ കഴിയില്ല…എന്റെ ശരീരവും മനസ്സുമന്ന് ഒരുപോലെ അച്ചുവേട്ടൻ വേദനിപ്പിച്ചു “

പെട്ടെന്നുള്ള അവളുടെ മറുപടി കേൾക്കെ അവന് നെഞ്ചിലൊരു ഭാരം തോന്നി..തലയ്ക്കുള്ളിൽ ഒരു പെരുപ്പ് പോലെ..

“അച്ചുവേട്ടനൊരു കാര്യമറിയോ..പെണ്ണിനവളെ  വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ കഴിയും..അച്ചുവേട്ടൻ ചെയ്‍തത് ഞാൻ മരണം വരെ മറക്കില്ല…അത്‌ ഓർമ വരുമ്പോഴൊക്കെയും എനിക്ക് അച്ചുവേട്ടനോട് ദേഷ്യം തോന്നും  ..ചിലപ്പോ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കും..അത്‌ പറഞ്ഞ് കുറ്റപെടുത്തും..ദേഷ്യപ്പെടും..പക്ഷെ എനിക്ക്‌ അച്ചുവേട്ടനെ സ്നേഹിക്കാതിരിക്കാനാവില്ല…വെറുക്കാൻ പറ്റില്ല…”

അവൾ പറഞ്ഞ് നിർത്തിയതും അവനവളെ തന്നോട് ചേർത്ത് ഇരുത്തി.

“നീ പറയുന്നതെല്ലാം എനിക്ക് മനസിലാവുന്നുണ്ട്..ഞാൻ അതെല്ലാം അർഹിക്കുന്നുമുണ്ട് …”

അവരിരുവർക്കുമിടയിൽ കുറച്ച് നേരത്തേക്ക് നിശബ്ദത പരന്നു..

“പെണ്ണെ നിന്നെയും കൊണ്ടിവിടെ വന്ന് എന്റെ നെഞ്ചോട് ചേർത്ത് ഇരുത്തണമെന്നത് എന്റെ ആഗ്രഹമായിരുന്നു..”

“എന്നിട്ടെന്തേ ട്രിപ്പ്‌ പോവുമ്പോഴൊക്കെയും എനിക്ക്‌ മാത്രം ഒന്നും കൊണ്ട് വരാതിരുന്നത്.ബാക്കിയെല്ലാർക്കും കൊണ്ട് വരുമായിരുന്നല്ലോ..”

അവൾ ചിണുങ്ങി കൊണ്ട് പിണക്കത്തോടെ അവനോട് ചോദിച്ചു.

“അതോ …എന്റെ ഗായത്രിയെയും ഒപ്പം കൂട്ടി ഇഷ്ടമുള്ളതൊക്കെ വാങ്ങി കൊടുത്ത് ഒരുപാട്  യാത്ര  ചെയ്യണമെന്നായെന്റെ ആഗ്രഹം..എല്ലാരേയും പോലെയല്ല എനിക്കെന്റെ ഗായത്രി …”

അവൻ പതിയെ അവളുടെ കാതോരം രഹസ്യം പോലെ പറഞ്ഞുകൊണ്ട് അവന്റെ താടി രോമങ്ങൾ കൊണ്ട് അവളുടെ ഇരുകവിളിലും ഉരസി..അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ അവൻ കൈ കൊണ്ട് പിന്നിലേക്ക് ഒതുക്കി വെച്ചു..

“പെണ്ണെ …..ഈ ജന്മം മാത്രമല്ല …അടുത്ത ജന്മവും എന്റെ നെഞ്ചോരം ചൂട് പറ്റി നീയുണ്ടാവണം….”

അവൾ പ്രണയത്തോടെ അർജുനെ നോക്കി മൂളിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക്  ചാഞ്ഞു അവൾക്കായി മിടിക്കുന്നവന്റെ നെഞ്ചിടിപ്പ് കേട്ട് കിടന്നു….ഒരിക്കലും വിട്ടു കൊടുക്കില്ലെന്ന് പോലെ അവനുമവളെ തന്റെ നെഞ്ചോരം ചേർത്തു….

അവസാനിച്ചു.

കഥ ഇന്നത്തോടെ അവസാനിക്കുകയാണ്.

എന്റെ ആദ്യത്തെ തുടർകഥയായൊണ്ട് ഒരുപാട് പോരായ്മകൾ ഉണ്ടെന്ന് അറിയാം. തുടക്കം മുതൽ അവസാനം വരെ കൂടെ നിന്ന വായനക്കാരോടും തിരക്കി വന്നവരോടുമെല്ലാം ഒരുപാട് സ്നേഹം.  ഇന്ന് super ,nice ,sticker commentin പകരം കഥയെ പറ്റി രണ്ട് വാക്ക് പറയണേ..ഒത്തിരി സ്നേഹം.

4.2/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

8 thoughts on “നെഞ്ചോരം – ഭാഗം 15 (അവസാന ഭാഗം)”

  1. അനശ്വര 💖💙💜💛

    ആദ്യത്തെയായാലും വളരെയധികം നന്നായിട്ടുണ്ട് .ആദ്യം മുതൽ അവസാനം വരെ സ്റ്റോറി വളരെയധികം ഇന്ട്രെസ്റ്റിംഗ് ആയിരുന്നു. ഇതുപോലെ തന്നെ ഇനിയും ഒരുപാട് സ്റ്റോറികൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു .അടുത്ത സ്റ്റോറിക്കായി കാത്തിരിക്കുന്നു……..

    എന്ന് സ്വന്തം അനശ്വര💙💜

  2. Valare nannaayit thanne ezhuthit ind tta.. iniyum other stories and novels ezhuthanm. .waiting and will give full support 😍💗

  3. Good story and well presented. It seems a story from an experienced writer and it didn’t felt like first attempt…Keep writing !!! 😊

  4. അധികം ബോർ അടിപ്പിക്കാത്ത ഒരു കഥ ആയിരുന്നു. ചെറിയ റൊമാന്റിക് ആണേലും നമ്മുടെ കഥാപാത്രം okk വളരെ നല്ലതായിരുന്നു..

  5. ആദ്യത്തെ രചന ആണെന്ന് ഒരിക്യലും പറയിക്കത്ത വിധം നന്നായി എഴുതി……. നന്നായിരുന്നു കേട്ടോ…..
    വഴി പിഴച്ചു പോകുമായിരുന്ന അർജുൻ നു താങ്ങാവൻ, നേർവഴി കാട്ടാൻ അമ്മാവന് കഴിഞ്ഞത് കൊണ്ട് അവൻ രക്ഷപെട്ടു ….
    ഇതുപോലെ നേർവഴി നയിക്യൻ ഇല്ലത്തവരയിരികും അല്ലേ thanthonnikalayi പോകുന്നത്……..
    സമൂഹം എപൊഴും മുഖം തിരിക്യുന്നവരയി മാറിപോകുന്നത്…….

    Anyway nice ending……
    Twist kal kure ഇല്ലെങ്കിലും വന്ന twist super…….
    Orikyalum പ്രതീക്ഷിക്കാത്ത വില്ലൻ……
    👌👌👍👍

  6. Adipoli story 👌👌👌.. cheriya katha athu nalla bhangiyaayi avatharipichu.🧡🧡🧡❤️❤️❤️

Leave a Reply

Don`t copy text!