Skip to content

നെഞ്ചോരം – ഭാഗം 3

Nenjoram Novel

ഇതേസമയം ഗായത്രിയുടെ  വയറു വേദന കുറയാൻ വേണ്ടി  മരുന്നും അരച്ച് കൊണ്ട് വീടും പൂട്ടി  മേലെപ്പാട്ടേക്ക് ദേവകി നടന്ന്  വരുകയായിരുന്നു….

ശ്രീധരന്റെ വീടിനോട് ചേർന്ന് തന്നെയുള്ള അവരുടെ തറവാട്ടിലാണ് ദേവകി താമസം.ഭാഗം വെച്ചപ്പോൾ തറവാട് ദേവകിക്കാണ് കിട്ടിയത്,അനിയത്തിക്ക് തന്നെ തറവാട് കൊടുക്കണമെന്നതും ശ്രീധരന്റെ നിർബന്ധമായിരുന്നു.രണ്ട് വീടിനും ചുറ്റുമായി ഏകദേശം നാല് ഏക്കറോളം ഭൂമിയുണ്ട്.വീടുകൾക്ക് പിൻവശത്തായി ചേർന്ന് കിടക്കുന്ന രണ്ട് പേരുടെയും പുരയിടത്തിൽ  ചേനയും ചേമ്പും കാച്ചിലും  ഇഞ്ചിയും മഞ്ഞളുമെല്ലാം ശ്രീധരന്റെ മേൽനോട്ടത്തിൽ  നട്ടിട്ടുണ്ട്.അതിനും പുറകിലായി വാഴ കൃഷിയാണ്.ഏകദേശം അഞ്ഞൂറോളം വാഴ നട്ടിട്ടുണ്ട്, രണ്ട് പുരയിടത്തിനും ഇടയ്ക്കായിട്ട്  വാഴയ്ക്ക് മറ്റുമെല്ലാം വെള്ളം നനയ്ക്കാനായി ഒരു ചെറിയ കുളം കുത്തി അതിൽ പമ്പ് സെറ്റും വെച്ചിട്ടുണ്ട്.വൈകുന്നേരങ്ങളിൽ വെള്ളം നനയ്ക്കാൻ ചേട്ടനും അനിയത്തിയും കൂടെയാണ് ഇറങ്ങുന്നത് ,അതിനിടയ്ക്ക്  കുട്ടിക്കാലത്തെ ഓർമകളും കുറുമ്പുകളും ,മനോവിഷമങ്ങളുമെല്ലാമവർ  അങ്ങോട്ടും ഇങ്ങോട്ടും പങ്കുവെയ്ക്കും.ഇതൊക്കെ കൂടാതെ തന്നെ പുരയിടത്തിന് ചുറ്റുമായി തെങ്ങും മാവും പ്ലാവും പുളിയും ചാമ്പയും പോലുള്ള ഫലവൃക്ഷങ്ങളും,തേക്കും മഹാഗണിയും അക്കേഷ്യയും മറ്റുമെല്ലാം പുരയിടത്തിന് ചുറ്റുമുണ്ട്.

ദേവകി മരുന്നും കൊണ്ട്  ഗായത്രിയുടെ വീടിനോട് ചേർന്ന് നിൽക്കുന്ന മാവിൻ ചോട്ടിൽ നടന്നെത്തിയതും അർജുൻ നടന്നു വരുന്നത് കണ്ടു.സന്ധ്യ സമയമായതിനാൽ ചുറ്റും ഇരുട്ട് വീണിരുന്നു.

“അച്ചു നീയിതെപ്പോ വന്നു ?നീയെന്തിനായിപ്പോ  ഇങ്ങോട്ടേക്ക് വന്നത്?”അവനെയവിടെ  കണ്ടതും അതിശയത്തോടെയവർ ചോദിച്ചു.

ദേവകിയുടെ ചോദ്യംകേട്ടതും  അവനൊരു  ഉത്തരത്തിനായി ഉഴറി.ഞെട്ടൽ മറച്ചുകൊണ്ടവനവരോടായി പറഞ്ഞു

“അത് ഞാൻ അമ്മാവനെ കാണാനൊന്ന് കയറിയതാ”കൂടുതൽ അവരൊന്നും ഇങ്ങോട്ട് ചോദിക്കാതിരിക്കാനായി അവൻ പെട്ടെന്ന് തന്നെ ദേവകിയോടായി ചോദിച്ചു

“അമ്മ ഈ സമയം ഇതെങ്ങോട്ടാ ?”

“ഞാൻ ഗായുമോൾടെ അടുത്തേക്ക് പോകുവാ ,ഏട്ടനും നാത്തൂനും  കൂടെ കുടുംബ ക്ഷേത്രത്തിലേക്ക് പോയേക്കുവാ..ഗായു മോൾ അവിടെ ഒറ്റയ്‌ക്കെയുള്ളു ..”

“ഇതെന്താ കൈയ്യിൽ ?”

“ഇത് സ്വൽപ്പം വയറു വേദനയ്ക്കുള്ള  മരുന്ന് അരച്ചെടുത്തതാ,മോൾക്ക്‌ മാസകുളിയാ…എല്ലാ മാസവും നല്ല വയറുവേദനയും നടുവേദനയും വരും ,കഴിഞ്ഞ് മാസവും തലചുറ്റി വീണു “

ദേവകി പറഞ്ഞത് കേൾക്കവേ അർജുന്റെ ഹൃദയം പൊള്ളി…ആദ്യമായി ഋതുമതിയായ  ദിവസം വാടി കൊഴിഞ്ഞ താമരമോട്ട് പോലെ  കിടക്കുന്ന  പതിമൂന്നുകാരി ഗായത്രിയുടെ മുഖം അവന്റെ മനസിൽ തെളിഞ്ഞു.മാസക്കുളിയുടെ ദിവസങ്ങളിൽ വേദന കൊണ്ട് പിടഞ്ഞ കട്ടിലിൽ ചുരുണ്ടി കൂടി കിടക്കുന്നവൾടെ മുഖമോർക്കേ അവന് പിന്നെയും വേദനിച്ചു..

“അച്ചു നീ വീട്ടിലേക്ക് പോകുകയല്ലേ  ?ദാ വീടിന്റെ താക്കോൽ “

“ഇല്ല ഞാൻ പുറത്തോട്ട് പോകുവാ ,വരാൻ താമസിക്കും “അവരുടെ മുഖത്തേക്ക് നോക്കാതെ മറ്റെങ്ങോ നോക്കികൊണ്ട് അത്രയും പറഞ്ഞുകൊണ്ടവൻ  നടക്കാനൊരുങ്ങിയതും ദേവകി അവന്റെ കൈയിൽ പിടിച്ചു നിർത്തികൊണ്ട് ചോദിച്ചു

“നീയിന്നും കുടിച്ചുവല്ലേ ?”

മറുപടിയായി വിഷാദം കലർന്ന ഒരു ചിരിയവർക്കേകി..കൈയിലെ പിടി വിടുവിച്ചുകൊണ്ട് അവൻ നടന്നതും ദേവകി പിറകീന്ന് വിളിച്ചുപറഞ്ഞു

“കുടിക്ക് ..കുടിച്ചു കുടിച്ചു സ്വയം നശിക്ക് നീ”ശബ്ദം ഇടറിക്കൊണ്ടവർ പറഞ്ഞു.ഒഴുകിയിറങ്ങിയ കണ്ണുനീർ പുറം കൈ കൊണ്ട് തുടച്ചുകൊണ്ടവർ മേലെപ്പാട്ടേക്ക് നടന്നു..

ബൈക്കിനടുത്ത് എത്തിയതും അർജുൻ മുഖമൊന്ന് അമർത്തി തുടച്ചു.ബൈക്കുമെടുത്ത് ചെമ്പക കുന്ന്  ലക്ഷ്യമാക്കി കുതിച്ചു.കണ്ണുനീർ അവന്റെ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു .മനസ്സും ബൈക്കും പാളുന്നുണ്ടെന്ന് തോന്നിയതും അവൻ ബൈക്കിന്റെ വേഗത ഒന്നുകൂടെ കൂട്ടി ….                                                                            

കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടതും ഗായത്രി നിലത്ത് നിന്ന് ഞെട്ടി പിടഞ്ഞെണീറ്റു..

പലവിധ ചിന്തകൾ അവൾടെ ഉള്ളിലേക്ക് ഇരച്ചെത്തി..

“ആരായിരിക്കും ..അമ്മയും അച്ഛനും തിരിച്ചെത്താനുള്ള സമയമായിട്ടില്ല..ദേവുമ്മയായിരിക്കോ?അതോ വീണ്ടും അച്ചുവേട്ടൻ വന്നതായിരിക്കോ..”അത് ഓർക്കവേ നെഞ്ചിലൂടെയൊരു മിന്നൽ പിണർ പാഞ്ഞു..എന്തായാലും വാതിൽ തുറക്കാൻ തന്നെയവൾ തീരുമാനിച്ചു..എഴുന്നേറ്റു നിന്നതുമവൾ വേച്ചു  പോയിരുന്നു…ദേഹമാസകലം വേദനിക്കുന്നുണ്ട്…ഇവിടെ അച്ചുവേട്ടൻ വന്നതോ നടന്നതോ ഒന്നും തത്കാലം ആരുമറിയണ്ട…അവൾ വേച്ച് വേച്ച് ബാത്ത് റൂമിലേക്ക് നടന്നു..അപ്പോഴും വയറ് കുത്തിവലിക്കുന്ന പോലെ വേദനിക്കുന്നതിനാൽ അവൾക്ക് നേരെ നില്കാൻ പോലുമാവുന്നില്ലായിരുന്നു.വളഞ്ഞുകുത്തി നിന്നവൾ  പൈപ്പ് തുറന്ന് മുഖം കഴുകിയതും  ചുണ്ടു നീറി…നീറ്റൽ സഹിച്ചുകൊണ്ട്  വീണ്ടും വെള്ളം കോരി മുഖവും വായും കഴുകി.കുറച്ച് വെള്ളം കൈയിലെടുത്ത് പിൻ കുത്തിക്കയറിയിടത്തു  തേവി ഒഴിച്ചുതുമവൾ കരഞ്ഞു പോയി..വേദനയും നീറ്റലും കൊണ്ടവൾ പുളഞ്ഞു.അവിടുത്തെ രക്തം കഴുകി കളഞ്ഞ ശേഷമവൾ കൈയും കാലും കഴുകി.അർജുൻ പിടിച്ചു ഞെരിച്ചതിന്റെ പാടുകൾ കൈയിൽ ചുവന്ന് തിണിർത്ത് കിടപ്പുണ്ട്..പിന്നെയും പിന്നെയും  വെള്ളം മുഖത്തേക്കടിച്ച്  കഴുകിയവൾ  പുറത്തേക്ക് ഇറങ്ങി മുഖം തുടച്ചു.ഉലഞ്ഞു കിടന്ന മുടിയഴിച്ചു ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചുകൊണ്ട് അർജുൻ വലിച്ചെറിഞ്ഞിട്ട് പോയ ഷാളെടുത്ത് ചുറ്റിക്കൊണ്ട് പുറത്തേക്കിറങ്ങി വാതിൽ തുറന്നു.

പുറത്ത് നിൽക്കുന്ന ദേവുമ്മയെ കണ്ടതുമവൾക്ക്  ആശ്വാസം തോന്നി.

“എന്താ മോളെ കതക് തുറക്കാൻ താമസിച്ചേ ?”അകത്തേക്ക് കടന്നുകൊണ്ടവർ ചോദിച്ചു

“ഞാൻ കിടക്കുവാരുന്നു ദേവുമ്മേ “

“ഇതെന്തുപ്പറ്റിയതാ മോളെ ചുണ്ടൊക്കെ മുറിഞ്ഞിരിക്കുന്നല്ലോ ?”താടിതുമ്പിൽ പിടിച്ചുയർത്തി കൊണ്ട് ദേവകി ചോദിച്ചതുമവൾ ഞെട്ടി.

“അത് നല്ല വയറുവേദനയുണ്ടായിരുന്നു… ബാത്ത്റൂമിൽ പോകാൻ നേരം തലചുറ്റി വീണു.. ചുണ്ടിടിച്ചാ വീണത്”

“അയ്യോ എന്നിട്ട് വേറെ വല്ലതും പറ്റിയോ ?തലയോ മറ്റോ ഇടിച്ചോ ?”

“ഇല്ല ദേവുമ്മേ ..ചുണ്ട് ഇടിച്ചതേയുള്ളു “

“മോൾടെ മുഖമെന്താ വല്ലാണ്ടിരിക്കുന്നെ ?കരഞ്ഞോ കുട്ടി നീ ..?”

പിടിക്കപ്പെടുമോയെന്ന് ഭയമവളിൽ നിറഞ്ഞു..

” അത് നല്ല വേദനയുണ്ടായിരുന്നു ..അതാ..പിന്നെ ഞാനിപ്പോ മുഖം കഴുകിയിറങ്ങിയതേയുള്ളു “

വേദന കൊണ്ടായിരിക്കുമെന്ന് അവരും ധരിച്ചു ..

“ഇതാ ..മോൾ ഈ മരുന്ന് അങ്ങ് കുടിച്ചേ.. വയറുവേദന കുറയും”

മിക്കപ്പോഴും താൻ ഇത് പോലെ വേദനയെടുത്ത് കിടക്കുമ്പോൾ ദേവുമ്മ ഇതുപോലെ മരുന്ന് അരച്ചുകൊണ്ട് വരാറുണ്ട്..അമ്മയുടെ അരിഷ്ടത്തിൽ നിൽകാത്ത വേദന  ദേവുമ്മയുടെ മരുന്നിൽ തീരാറുണ്ട്.കരിപ്പോട്ടിയും മഞ്ഞളും മറ്റും ചേർത്തരയ്ക്കുന്ന മരുന്നിന് ചെറിയൊരു എരിവും കയ്പ്പും മധുരവും ചേർന്ന രുചിയാണ്.കുടിയ്ക്കാനൽപ്പം ബുദ്ധിമുട്ടാണെങ്കിലും കുടിച്ചു കഴിഞ്ഞാൽ വേഗം വേദന കുറയും.ഗായത്രി അവൾക്ക് നേരെ നീട്ടിപ്പിടിച്ചിരുന്ന ഗ്ലാസ്സ് വാങ്ങി മുഖം ചുളിച്ചുകൊണ്ട് ഒറ്റ വലിക്ക് കുടിച്ചു തീർത്തു.

വയറിലും നടുവിലും ഇടയ്ക്കിടെ കൈ കൊണ്ട് അമർത്തി പിടിക്കുന്ന ഗായത്രിയെ കണ്ടതും ദേവകി അവളോടായി പറഞ്ഞു

“വാ മോളെ ..ഞാനൊരൽപം തൈലം നടുവിൽ പുരട്ടി തരാം”

റൂമൊന്നും നേരെയാക്കാതെയാണ് ഇങ്ങോട്ടേക്ക് വന്നത്,ചിലപ്പോ അവിടെ അലങ്കോലപ്പെട്ട് കിടക്കുന്ന കണ്ടാൽ ദേവുമ്മയ്ക്ക് സംശയം തോന്നും,പോരാത്തേന് വയറ്റിലെയും കൈയിലെയും പാടുകൾ കൂടി കണ്ടാൽ സംശയത്തിന്റെ ആക്കം കൂടും.നടന്നതൊക്കെ പറയേണ്ടി വന്നാൽ പിന്നെ എന്താ സംഭവിക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല..

“വേണ്ട ദേവുമ്മേ ,മരുന്ന് കുടിച്ചിട്ടുണ്ടല്ലോ ..എന്നിട്ടും കുറവില്ലെങ്കിൽ ഞാൻ പറയാം..”

“എന്നാലും കുഴമ്പ് കൂടെ പുരട്ടിയാൽ വേഗം ഭേദാവും കുട്ടി “

“സാരയില്ല്യ ദേവുമ്മേ…”ന്ന് പറഞ്ഞുകൊണ്ടവൾ ടിവി ഓൺ ചെയ്തു.

” ദേവുമ്മയിപ്പോ തത്കാലം സുഖായിട്ട്  ഇവിടെയിരുന്ന് ടിവി കാണ്..എന്തെങ്കിലും ആവശ്യമുണ്ടേൽ ഞാൻ അങ്ങോട്ട് പറഞ്ഞോളാം ..എന്താ പോരെ “

ഗായത്രിയുടെ തലയിൽ തഴുകി കൊണ്ടവർ പറഞ്ഞു

“മതി ..മോള് പോയി കിടന്നോ “

അവരെ നോക്കിയൊന്ന് ചിരിച്ചുകൊണ്ടവൾ തിരിഞ്ഞ് പതിയെ പതിയെ റൂമിലേക്ക് നടന്നു.അകത്തുകയറി കതക് അടച്ചിട്ട് കട്ടിലിലേക്ക് വീണവൾ പൊട്ടി കരഞ്ഞു..

അവൾടെ മനസിലേക്ക് അർജുന്റെ ക്രൂരമാർന്ന മുഖം തെളിഞ്ഞു വന്നു…

ജുവലിനെ കീഴ്പ്പെടുത്താൻ ശ്രേമിക്കുന്നയവന്റെ മുഖം…

തന്നെ വേദനിപ്പിച്ചയവന്റെ മുഖം…

തന്റെ വേദന ആസ്വദിക്കുന്നയവന്റെ മുഖം….ഷാൾ വലിച്ചു പറിച്ചെറിഞ്ഞ തന്റെ നേർക്ക് അടുത്തതും താൻ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നത് കണ്ട് പതിയെയാ പിടിയയഞ്ഞത്…തന്നെ തറയിലേക്ക് ചുഴറ്റി എറിഞ്ഞുകൊണ്ട് ദേഷ്യത്തോടെ ഇറങ്ങി പോയത്..

തനിക്കറിയാവുന്ന അച്ചുവേട്ടന്റെ മുഖം ഇതിൽ നിന്നൊക്കെ അന്യമാണ് …അവളുടെ കണ്ണുകളിൽ പിന്നെയും നീർ കുമിളകൾ ഉരുണ്ടു കൂടി…

പാറക്കെട്ടുകളോട് കൂടിയ നടപ്പാതയുള്ള വലിയൊരു കുന്നാണ് ചെമ്പക കുന്ന്.വേണമെങ്കിൽ ചെറിയ ഒരു മലയെന്നും പറയാം .കുന്ന് കയറുന്ന വഴിയാകെ പാറക്കെട്ടും വലിയ പുല്ലും പിടിച്ചു കിടപ്പുണ്ട്.എപ്പോഴും ചെറിയ മൂടൽ മഞ്ഞുള്ള ചെമ്പക കുന്നിൽ നല്ല തണപ്പാണ്.കുന്ന് കയറി ചെല്ലുമ്പോൾ കാണുന്നത് പാറക്കെട്ടിനോട് ചേർന്ന് എപ്പോഴും പൂത്ത നിൽക്കുന്ന രണ്ട് ചെമ്പകത്തെയാണ്.അതുകൊണ്ടാണ് ചെമ്പക കുന്നെന്ന് പേര് വരാൻ തന്നെ കാരണം.ഇതുവരെയും ആരും ഒരു പൂവ് പോലുമില്ലാതെ ആ രണ്ട് ചെമ്പകവും നിൽക്കുന്നത് കണ്ടിട്ടില്ല…

അർജുന്  ഒറ്റയ്ക്കിരിക്കാൻ തോന്നുമ്പോൾ ,വിഷമങ്ങൾ ആരോടെങ്കിലും വിളിച്ചു പറയാൻ തോന്നുമ്പോൾ ,പൊട്ടി കരയാൻ തോന്നുമ്പോൾ, സ്വയം വേദനിക്കുമ്പോൾ ,ദേഷ്യം തോന്നുമ്പോഴൊക്കെയും ചെമ്പക കുന്നിലെത്താറുണ്ട്..അവിടെ എത്തി മനസൊന്നു ശാന്തമാക്കിയിട്ടെ തിരിച്ചിറങ്ങു.ഒരുപക്ഷെ അവനേറ്റവും ഇഷ്ടമുള്ള സ്ഥലവും അത് തന്നെയാണ്. താൻ ഓടിയെത്തി മാറോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നയിടം..

ചെമ്പക കുന്നെത്തിയതുമവൻ ബൈക്കിൽ നിന്നിറങ്ങി കുന്നിൻ മുകൾ ലക്ഷ്യമാക്കി വേഗം നടന്നു കയറാൻ തുടങ്ങി ..ആരെയോ തോൽപ്പിക്കാനെന്ന പോലെയവൻ വേഗത്തിൽ ഓടിയോടി കയറി…

കുന്നിൻ മുകളിലെത്തിയതും പാറക്കെട്ടിൽ  മുട്ടുകുത്തി നിന്നവൻ ആർത്തുവിളിച്ചു കരഞ്ഞു..

അവന്റെ ആർത്തനാദം നിശബ്ദമായി കിടക്കുന്ന ചെമ്പക കുന്നിൽ പ്രതിധ്വനിച്ചു കേട്ടുകൊണ്ടിരുന്നു…

അവന്റെ മനസിലേക്ക് പെണ്ണുപിടിയനായി മുദ്ര കുത്തി എല്ലാരുടെയും മുന്നിൽ തല കുനിച്ചു നിന്നത് കടന്ന് വന്നു…

കണ്ണീരൊലിപ്പിച്ചു നിന്ന ജുവലിന്റെ മുഖം…

വെറുപ്പോടെ തന്നെ നോക്കി കൂസലന്യയെ പെണ്ണുപിടിയനെന്ന് വിളിച്ച ഗായത്രിയുടെ മുഖം…

ഉണ്ണികൃഷ്ണൻ സാർ വേദനയോടെ തന്നെ ശകാരിച്ചത്…

ചുറ്റും കൂടി നിന്ന് പലരിലുംതന്നോടുള്ള  പേടിയോടൊപ്പം അവജ്ഞതയും സ്ഥാനം പിടിച്ചത്..

അത്രമേൽ തന്റെ ഹൃദയത്തിൽ കൊണ്ട് നടന്നവർ തന്നെ അത്രമേൽ ആഴത്തിൽ മുറിവേല്പിച്ചിരിക്കുന്നു…

വേദനിപ്പിച്ചിരിക്കുന്നു…

അവൻ തല മുടി കൊരുത്ത വലിച്ചു..

അർജുൻ പതിയെ നിലത്തേക് ചാഞ്ഞു.വലത്തേ കൈ പിന്നിലേക്ക് മടക്കി വെച്ചതിൽ തല ചായ്ച്ച് ആകാശത്തേക്ക് കണ്ണും നട്ട് കിടന്നു…

തന്നെ അപമാനിച്ച..വേദനപ്പിച്ച ഗായത്രിയുടെ മുഖമോർക്കേ അവൻ ദേഷ്യം കൊണ്ട് വിറച്ചു…ദേവകി അവൾക്ക് സുഖമില്ലെന്ന് പറഞ്ഞത് ഓർക്കേ അവന്റെയുള്ളിൽ വേദന നിറഞ്ഞു…

അവന്റെ ഹൃദയം തരളമായി..

വേദനയെടുത്ത പിടഞ്ഞുകൊണ്ടിരുന്നവളെയാണ് താൻ അത്രയേറെ ഉപദ്രവിച്ചത്..ഇടയ്ക്കിടെ വയറിൽ അമർത്തിപിടിച്ച വേദന കടിച്ചുപിടിക്കുന്നയവൾടെ മുഖം മനസിലേക്ക് വന്നതും അവന്റെ നെഞ്ചോന്ന് വിങ്ങി…അവന്റെ കണ്ണുകൾ ചുവന്നു..ഞരമ്പുകൾ പിടച്ചു…കണ്ണുനീർ ചെന്നിയിലൂടെ ഒഴുകിയിറങ്ങി..

ഗായത്രിയുടെ മുഖം കൂടുതൽ മിഴിവോടെ അവന്റെയുള്ളിൽ തെളിഞ്ഞു വന്നു..

തന്റെ ദേഷ്യം തീർക്കാൻ അവൾടെ ശരീരം ഉപയോഗിച്ചു…

വേദനപ്പിച്ചു…

അവൾ കൈയിൽ കിടന്ന്പിടഞ്ഞത് ….

കേണപേക്ഷിച്ചത്…

നിസ്സഹായയായി നോക്കിയത്…വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചത്….ഹൃദയത്തിലേക്ക് ആയിരം കാരമുള്ളുകൾ തറഞ്ഞു കയറുന്ന പോലെ…

ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതിനെയല്ലേ താനിന്ന് നശിപ്പിക്കാൻ നോക്കിയത്…അനുവാദമില്ലാതെ അവൾടെ ശരീരത്തെ മുറിപ്പെടുത്തിയില്ലേ…മാനത്തിന് വേണ്ടി പിടഞ്ഞവൾടെ മുഖം കണ്ട് ആനന്ദിച്ചില്ലേ…ആസ്വദിച്ചില്ലേ.. കരഞ്ഞുകലങ്ങിയവൾടെ കണ്ണുകൾ അവനെ  കൊളുത്തി വലിച്ചു….

ഹൃദയത്തിൽ നിന്ന് രക്തം വാർന്നൊലിക്കുന്നു…

പിന്നെയും പിന്നെയും മുറിപ്പെടുത്തുന്നു….

അവൻ നെഞ്ചിലൊന്ന് തടവി..

“ദൂരെനിന്ന് ചാറിവന്നു

ആകെ നനയിച്ചു പോം മഴപോൽ

കരയിച്ചുപോവുന്നു നിൻ്റെയോർമ.”

                                അഷിത

                                (പറയാതിരുന്നത്)

ആകാശത്തിനു താഴെ രാത്രിയുടെ ഇരുട്ടിനൊപ്പം ഓർമകളുടെ ഭാണ്ഡക്കെട്ടിൽ  രണ്ട്  ഹൃദയങ്ങൾ പരസ്പരം വേദനിച്ചുകൊണ്ടേയിരുന്നു…..

                                          (തുടരും )

                                          ദേവാർദ്ര .ആർ

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നെഞ്ചോരം – ഭാഗം 3”

Leave a Reply

Don`t copy text!