Skip to content

നെഞ്ചോരം – ഭാഗം 4

Nenjoram Novel

പിറ്റേന്ന് ശനിയാഴ്ചയായതിനാൽ ഗായത്രിക്ക് കോളേജിൽ പോകേണ്ടിയിരുന്നില്ല.അവധി ദിവസമായതിനാലും സുഖമില്ലാത്തോണ്ടുമവൾ വൈകിയാണ് എഴുന്നേറ്റത്.കുളിച്ച അടുക്കളയിലേക്ക് ചെന്നതും രേവതി  ഉച്ചയ്ക്കത്തേക്കുള്ള സാമ്പാറിന് അരിയുകയായിരുന്നു.അവളെ കണ്ടതും  രേവതി ഒരു ചിരിയോടെ ചോദിച്ചു

“ഇപ്പൊ വയറു വേദന കുറവുണ്ടോ മോളെ?”

“മ്മ് കുഴപ്പമില്ല അമ്മേ..ലേശം ആശ്വാസമുണ്ട് “

” കാസ്റോളിൽ പുട്ടും കടല കറിയും ഇരിപ്പുണ്ട്,ചെല്ല്.. എടുത്ത് കഴിക്ക് ..ചായ വേണോ അതോ കട്ടൻ മതിയോ”

“കട്ടൻ മതിയമ്മേ ..ഞാനിട്ട് കുടിച്ചോളാം “

“സാരമില്ല ,നീ പോയിരുന്ന കഴിക്ക് ,പത്തു മണിയായി..ഞാനിട്ടോണ്ട് വരാം “

പിന്നെ തിരിച്ച കൂടുതൽ ഒന്നും പറയാതെ ഗായത്രി ഡൈനിങ് ടേബിളിന് അടുത്തേക്ക് നടന്നു.കാസറോളിൽ നിന്നും ആവി പറക്കുന്ന പുട്ടെടുത്ത പ്ലേറ്റിലേക്ക് വെച്ചു…കടല കറിയിരുന്ന പാത്രം തുറന്നപ്പോൾ തന്നെ മസാലയുടെയും കറിവേപ്പിലയൂടെയുമെല്ലാം  മണം മുക്കിലേക്ക് അടിച്ചു കയറി…

“അപ്പൊ ഇന്നും ആളെ പറ്റിക്കാനായി അമ്മ ചിക്കൻ മസാലയിട്ടാണ് കറിവെച്ചത്..”അടുക്കളയിലേക്ക് നോക്കി ചിരിച്ചുകൊണ്ടവൾ സ്വയം പറഞ്ഞു…വർഷങ്ങൾക്ക് മുൻപ് ഡിഗ്രിക്ക് ചേർന്ന സമയത്തെ ഒരു ദിവസം അവൾടെ ഓർമയിലേക്ക് വന്നു..ഇതുപോലെ അമ്മ ചിക്കൻ മസാലയിട്ട് രാവിലെ കടല കറി വെച്ചപ്പോ മണമടിച്ച ചിക്കൻ കറിയാണെന്ന് കരുതി അടുക്കളയിലേക്ക് ഓടി ചെന്നത്…കടല കറിയാണെന്ന് കണ്ടപ്പോ,ചിക്കൻ മസാലയിട്ട് ഉണ്ടാക്കിയത് പറഞ്ഞ  അമ്മയോട് പിണക്കത്തോടെ വഴക്കിട്ടത്..

“അയ്യേ..കടല കറിയോ…ചിക്കൻ കറിയാണെന്ന് കരുതിയാ ഞാൻ വേഗം എണീറ്റു പല്ലു തേച്ച് വന്നേ..എല്ലാം വേസ്റ്റ് ആയി”അവൾടെ മുഖഭാവവും സംസാരവും  കേട്ടത് രേവതി ചിരിച്ചു പോയി.

“അങ്ങനെയെങ്കിലും നീ ഒന്ന് നേരത്തെ എണീറ്റല്ലോ..”അവൾ കേറുവോടെ അമ്മയെ നോക്കി

“മസാലയിട്ട് കൂതറ കടല കറി ഉണ്ടാക്കി മനുഷ്യനെ പറ്റിച്ചതും പോര ..ഹും..”

“ഓഹോ …അങ്ങനാണേൽ  നീയെന്റെ കടല കറി കഴിക്കണ്ട അവിടെ വെച്ചേ “ഗായത്രിയുടെ  കൈയിലിരുന്ന പ്ലേറ്റിലെ കടല കറി ചൂണ്ടി പറഞ്ഞതും ,അതും കൊണ്ട് ഡൈനിങ് ടേബിളിന്റെ അരികിലെക്ക് ഓടവേ തിരിഞ്ഞു നോക്കി കൊണ്ടവൾ വിളിച്ച പറഞ്ഞു

“അയ്യടാ …അങ്ങനയിപ്പോ വേണ്ട “ന്ന് പറഞ്ഞതും പാത്രവും കൊണ്ടവൾ ആരുടെയോ നെഞ്ചിലേക്ക് തട്ടി.

തട്ടിയ ആളെകണ്ടതുമവൾ ഞെട്ടി നിന്നു

“അച്ചുവേട്ടൻ “

ഇട്ടിരുന്ന വെള്ള ഷർട്ടിലാകെ കടല കറി തൂവി വീണിരിക്കുന്നു..അവന്റെ മുഖത്ത് അരിശം പൂണ്ടു..

“നോക്കി നടന്നുടെ നിനക്ക് “

“സോറി ..ഞാൻ അറിയാതെ  “

അവനെ പേടിയോടെ നോക്കി കൊണ്ടവൾ പറഞ്ഞു.പക്ഷെ ഷർട്ടിലേക്ക് നോക്കി നിരാശയോടെയും വേദനയോടെയും നിൽക്കുകയായിരുന്നു അർജുൻ.

“ഞാൻ ….ഞാൻ… കഴുകി തരാം അച്ചുവേട്ടാ..ഞാൻ കണ്ടില്ലായിരുന്നു..”അവൾ വിക്കി വിക്കി പറഞ്ഞതും അവൻ അവളെ നോക്കി പറഞ്ഞു

“വേണ്ട …സാരമില്ല ,അമ്മാവനോട് പണിക്കാർ വന്നിട്ടുണ്ടെന്ന് പറഞ്ഞേക്ക്”അത്രയും പറഞ്ഞവൻ തിരിച്ചു നടന്നു…

വേദനയോടെ ഷർട്ടിലേക്ക് നോക്കുന്നത് കണ്ടപ്പഴേ തോന്നിയിരുന്നു ,അത് അവന് പ്രിയപ്പെട്ടതാണെന്ന്…

അച്ചുവേട്ടന്റെ മുഖത്തെ ചിരി കാണാൻ തന്നെ അന്നൊക്കെ  എന്ത് ഭംഗിയാരുന്നു…

നോക്കി നിന്നുപോയിട്ടുണ്ട്…

തമാശ പറയുമായിരുന്നു..ദേവുമ്മയെ ശുണ്ഠി പിടിപ്പിക്കാൻ ഓരോന്ന് പറഞ്ഞ കളിയാക്കുമായിരുന്നു..ദേവുമ്മ ചെവിക്ക് പിടിച്ച കറക്കുമ്പോൾ കുസൃതിയോടെ ചിരിക്കുമായിരുന്നു…

അമ്മയോടും വല്യ സ്നേഹമായിരുന്നു..അമ്മ ഉണ്ടാക്കുന്ന കടല കറിയും സാമ്പാറും വല്യ ഇഷ്ടാരുന്നു…ഉണ്ടാക്കുന്ന ദിവസങ്ങളിൽ  ഇവിടെ വന്ന്  കഴിച്ചിട്ട് പോകുമായിരുന്നോളൂ.അന്നൊക്കെ അച്ചുവേട്ടന് എല്ലാരോടും സ്നേഹമായിരുന്നു..

പക്ഷെ ഇന്നോ …ഇപ്പോൾ  ഒരുപാട് മാറിയിരിക്കുന്നു..

ചിരിക്കാറില്ല ..

ആരോടും അധികം സംസാരിക്കാറില്ല..എന്തിനേറെ ,ദേവുമ്മയോട് പോലും ആവശ്യത്തിന് മാത്രേ സംസാരിക്കാറുള്ളു ഇപ്പൊ …

എല്ലാരോടും ..എല്ലാത്തിനോടും..വെറുപ്പും ദേഷ്യവും മാത്രം..പണ്ടും നല്ല ദേഷ്യക്കാരനായിരുന്നെങ്കിലും ഇപ്പോൾ എപ്പോഴും അതിന്റെ നാലിരട്ടി ദേഷ്യം മാത്രമേയുള്ളു…. പഴയ അച്ചുവേട്ടൻ തന്നെയാണിത് എന്ന് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടാണ്.

മറ്റുള്ളവരെ വേദനിപ്പിക്കാൻ മാത്രംനോക്കുന്ന.. അതിലുടെ സന്തോഷിക്കാൻ ശ്രമിക്കുന്ന ,ക്രൂരതയാർന്ന ,ദയയില്ലാത്ത,

മനസാക്ഷിയില്ലാത്ത ,എല്ലാരിലും വെറുപ്പ് ഉളവാക്കുന്ന ഇപ്പോഴത്തെ അർജുൻ തനിക്കറിയാവുന്ന തന്റെ അച്ചുവേട്ടനിൽ നിന്നും ഒരുപാട് അകലെയാണ്…ഒരുപക്ഷെ താനും ഇന്ന് ഒരുപാട് മാറിയില്ലേ…

ഒരിക്കൽ ഇഷ്ടത്തോടെ വേണമെന്ന് തോന്നിയത് പലതും നിർദ്ധയം ഉപേക്ഷിച്ചില്ലേ..

വെറുത്തില്ലേ …അറപ്പല്ലേ….

ഗ്ലാസിൽ  ആവി പറക്കുന്ന കട്ടൻ ചായ കൊണ്ട് മുൻപിലേക്ക് വെച്ചപ്പോഴാണ് അവൾ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നത്..

“നീ എന്താ ആലോചിച്ചോണ്ട് ഇരിക്കുന്നെ ?കഴിക്കുന്നില്ലേ “

“ഏയ്യ് …ഒന്നുല്ല “

അവൾ മുൻപിലിരുന്ന കടല കറി കുറച്ച് കോരി  പുട്ടിന്  മീതെ ഒഴിച്ചു. പണ്ട് മുതലേ ഗായത്രിക്ക് അരി പുട്ടും കടല കറിയും ഇഷ്ടമാണ്.അതുകൊണ്ട് തന്നെ അവധി ദിവസങ്ങളിലും മറ്റും രേവതി അതെ ഉണ്ടാക്കാറുള്ളു.പുട്ട് ശകലം കൈ കൊണ്ട് അടർത്തിയിട്ട് പതിയെ കടല കറി കൂട്ടി ഒരു ഉരുള വായിലേക്ക് വച്ചതും എരിവ് തട്ടി അവൾക്ക് ചുണ്ട് നീറി.

“ഇപ്പോ നിങ്ങളെ കുറിച്ചേനിക്ക് ഓർക്കാൻ  നിങ്ങൾ തന്ന വേദനകൾ മാത്രേയുള്ളൂ അച്ചുവേട്ടാ ..”

അവൾ പുച്ഛത്തോടെ ഓർത്തു..

അപ്പോഴേക്കും രേവതി അത്ര പഴുത്തിട്ടില്ലാത്ത ഏത്തപ്പഴവും കൂടെ അവൾടെ അടുക്കലേക്ക് കൊണ്ട് വെച്ചു.അതുകണ്ടതും അവൾ വേണ്ടായെന്ന ഭാവത്തിൽ അമ്മയെ നോക്കി.

“മര്യാദക്ക് ഇതെല്ലാം കഴിച്ചിട്ട് എണീറ്റാൽ മതി”

എല്ലാ മാസവും വയ്യാതെയാവുമ്പോൾ രേവതി അത്ര പഴുക്കാത്ത ഏത്ത പഴം കൊടുക്കുന്നത് സ്ഥിരം ഏർപ്പാടാണ്.പിന്നെ കൂടുതൽ ഒന്നും പറയാതെ അവൾ പതിയെ ഇരുന്ന് കഴിക്കാൻ തുടങ്ങി.കഴിച്ച് കഴിഞ്ഞ് പാത്രം കഴുകി വെച്ചതും രേവതി ഒരു മോന്തയിൽ   കുടിക്കാനുള്ള വെള്ളവും രണ്ട് ഗ്ലാസും കൈയിലെടുത്തു കൊടുത്തിട്ട് പറഞ്ഞു

“അച്ഛനും ദേവകി ചേച്ചിയും താഴെ  പുരയിടത്തിൽ നിൽപ്പുണ്ട് ,നീ ഇത് അവർക്ക് കൊണ്ട് കൊടുത്തേ”

അമ്മേടെ കൈയിന്ന് അതും വാങ്ങിയവൾ പുരയിടത്തിലേക്ക് നടന്നു.ചെമ്പിലയും

വകഞ്ഞു മാറ്റി അവരെ നോക്കി  നടക്കവ്വേ ദേവകിയും ശ്രീധരനും വാഴ തോട്ടത്തിന് നടുക്കായി നിന്ന് വാഴ കൂമ്പ് ഒടിക്കുന്നതവൾ കണ്ടു.അവൾ അങ്ങോട്ടേക്ക് നടന്നു.തിരിഞ്ഞു നിൽക്കുന്നതിനാൽ അവൾ നടന്ന് വരുന്നത് അവർ കണ്ടിരുന്നില്ല.

“അച്ചു അവിടെയില്ലേ ..?രാവിലെ നോക്കിയപ്പോ ബൈക്ക് കണ്ടില്ല “ശ്രീധരൻ ദേവകിയോട് ചോദിച്ചു.

“ഞാനത് ഏട്ടനോട് അങ്ങോട്ട് പറയാൻ തുടങ്ങുവാരുന്നു,ഇന്നലെ രാത്രി ഒരുപാട് വൈകിയാ വീട്ടിലെത്തിയത്..കുടിച്ചിട്ടുണ്ടായിരുന്നു “

അത് കേൾക്കവേ അയാൾ അമർത്തിയൊന്ന് മൂളി.

“രാവിലെ ഒരു നാലുമണിയായപ്പോൾ ഒരു ബാക്ക് പാക്കും (ട്രാവൽ ബാഗ് )തൂക്കിയെന്നെ വന്ന് തട്ടിയുണർത്തിയിട്ട് പറഞ്ഞു കോഴിക്കോടേക്ക് പോകുവാ ,തിരിച്ചെത്താൻ ഒന്ന് രണ്ട് ആഴ്ച്ച കഴിയുമെന്ന്,ചോദിച്ചപ്പോ ഒരു ഫ്രണ്ടിന് ആക്സിഡന്റ് പറ്റിയെന്നെ  പറഞ്ഞോള്ളൂ..കൂടുതൽ ഒന്നും പറയാതെ ബൈക്കുമെടുത്ത ഇറങ്ങി പോയി”

അവർ പറഞ്ഞുനിർത്തിയതും ദേവകിയുടെ നേർക്ക് തിരിഞ്ഞുകൊണ്ട് ശ്രീധരൻ പറഞ്ഞു

“മ്മ്…സൂക്ഷിക്കണം ..അച്ചുവിന്റെ  മേൽ എപ്പോഴും ഒരു കണ്ണുവേണം”ശ്രീധരൻ പറഞ്ഞതും മകനെ കുറിച്ചോർത്ത് ദേവകി വേദനയോടെ കണ്ണീരോപ്പി.

അവര് ഇരുവരും പറയുന്നത് കേൾക്കെ ഗായത്രിക്ക് അർജുന്റെ സസ്‌പെൻഷന്റെ കാര്യം അവരാരും അറിഞ്ഞിട്ടില്ലെന്ന് മനസിലായി.അർജുനും പറഞ്ഞ കാണാൻ വഴിയില്ലെന്നവൾ ഊഹിച്ചു.താനായിട്ടിനി ആരെയും അറിയിക്കേണ്ടന്നവൾ മനസിലുറപ്പിച്ചു..

മൂടൽ മഞ്ഞിനെ കീറി മുറിച്ചുകൊണ്ട് ഹെയർ പിൻ വളവുകളും താണ്ടി അർജുന്റെ ബുള്ളറ്റ് മുഴക്കത്തോടെ  പാഞ്ഞു..കുറച്ച് ദൂരം ചെന്നതും ഒരു ചായ കടയുടെ മുന്നിലായി അവൻ വണ്ടി ഒതുക്കി.ഹെൽമെറ്റ്‌ ഊരി ഹാൻഡിലിൽ തൂക്കിയിട്ടുകൊണ്ട് ചായക്കടയിലേക്ക് നടന്നു.അവനു പിറകെ സച്ചിയും.അർജുന്റെ പത്താം ക്ലാസ്സ്‌ മുതലേയുള്ള കൂട്ടുകാരനാണ് സച്ചിൻ എന്ന സച്ചി.പ്ലസ് ടുവിലും കോളേജിലുമെല്ലാമവർ ഒരുമിച്ചായിരുന്നു..ഇപ്പൊ പി ജിക്കും അവർ ഒരുമിച്ച് തന്നെയാണ്.അർജുന്റെ വീടിന്നും രണ്ട് സ്റ്റോപ്പ്‌ അപ്പുറമാണ് സച്ചിയുടെ വീട്.സച്ചിയുടെ അച്ഛൻ സുരേന്ദ്രൻ ഗൾഫിലാണ്,അമ്മ ജയന്തി സഹകരണ ബാങ്കിൽ ക്ലാർക്കാണ്.അനിയത്തി ശ്രുതി ഇപ്പൊ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുകയാണ് .

ചായക്കടയിലേക്ക് കടന്നതും കപ്പിൽ നിന്നും ഗ്ലാസ്സിലേക്ക് വീശി ചായ ഒഴിക്കുന്ന ഏകദേശം അറുപതിനടുത്ത പ്രായം തോന്നിക്കുന്ന വലിഞ്ഞ ഷർട്ടിട്ട ,തലയിൽ തോർത്ത്‌ കെട്ടി നിൽക്കുന്ന മേല്ലിച്ച ശരീരമുള്ള ചായ കടക്കാരനെ നോക്കി അർജുൻ പറഞ്ഞു

“ചേട്ടാ ..രണ്ട് കട്ടൻ”

എന്നിട്ട് പതിയെ അടുത്തായി ഇട്ടിരുന്ന  ബെഞ്ചിലേക്ക് ചെന്നിരുന്നു.സച്ചിയും അവനരികിലേക്ക് വന്നിരുന്നു.

 “അപ്പൊ നിന്റെ സസ്പെൻഷന്റെ കാര്യം വീട്ടിലിതുവരെ അറിഞ്ഞില്ലല്ലേ “സച്ചി ചോദിച്ചു.

“ഇല്ല…ഞാനായിട്ട് പറയില്ല …അമ്മയുടെ മുന്നിലൂടെ പെണ്ണ് പിടിയനായി തല കുനിഞ്ഞു നിൽക്കാൻ വയ്യ”

“ഗായത്രി പറയോ അവരോട്  ?”

അർജുൻ ഒരു നിമിഷമൊന്ന് ആലോചിച്ച ഇരുന്നിട്ട് പറഞ്ഞു,

“ഇല്ല ..അവളും പറയില്ല “അത് പറയവേ അവനിൽ വല്ലാത്തൊരു ആത്മ വിശ്വാസം  പ്രതിഭലിച്ചിരുന്നു .

ചായ കടക്കാരൻ രണ്ട് ഗ്ലാസ്സിലായി  കട്ടൻ ചായ കൊണ്ട് വന്ന് ബെഞ്ചിൽ അവരിരുവരും ഇരിക്കുന്നതിന് ഇടയ്ക്കുള്ള അല്പ്പം അകലത്തിൽ കൊണ്ട് വെച്ചു.

ചായക്കടയുടെ മേൽക്കുര ചോരാതിരിക്കാൻ നീല  ടാർപ്പൊളിൻ കൊണ്ട് വലിച്ചു കെട്ടിയിരുന്നു. മുന്നിലായി അങ്ങിങ്  തടി ബെഞ്ചുകൾ ഇട്ടിട്ടുണ്ട്.അവിടെവിടെയായി ആളുകൾ ഇരുന്നും നിന്നും ഒക്കെ ചായ കുടിക്കുന്നു.കൂടുതലും വഴിയാത്രക്കാരാണ്.അവരുടെ വാഹനങ്ങളും മറ്റും ചായ കടയുടെ മുൻപിൽ ഒതുക്കി വെച്ചിട്ടുണ്ട്.കൂടുതലും ബൈക്കുകളാണ് ,കാറുകൾ ചായക്കട കഴിഞ്ഞ് ഒരൽപ്പം  മുന്നിലോട്ടായിട്ടാണ് പാർക്ക് ചെയ്തിരിക്കുന്നത്.ചായ കടക്കാരനും ഭാര്യയും കൂടി എല്ലായിടത്തും ഓടിയെത്താൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.പ്രായത്തിന്റെതായ ബുദ്ധിമുട്ടുകൾ അവരിൽ പ്രകടമായിരുന്നു . ചില സ്ഥിരം കക്ഷികളായ വയസ്സ്ന്മാരും അമ്മവന്മാരും പത്രവും നിവർത്തി ഇരുപ്പുണ്ട്.വരുന്നവരെയെല്ലാരേയും വിടാതെ വീക്ഷിക്കുന്നുണ്ട് ,ചിലര്  ഓരോന്ന് ചോദിച്ച  കുശലാന്വേഷണങ്ങളും നടത്തുന്നുമുണ്ട്.

അർജുൻ ചായ കടയുടെ അകത്തെ കണ്ണാടി പെട്ടിയിലേക്ക് നോക്കി.ഒരു സൈഡിൽ വറുത്ത കോരുന്ന ബോണ്ടയും പരിപ്പുവടയും ഭംഗിയായി അതിൽ അടുക്കി വെച്ചിട്ടുണ്ട്.

“ചേട്ടാ രണ്ട് പരിപ്പുവട കൂടി”അർജുൻ പറഞ്ഞതും ചായക്കടക്കാരന്റെ ഭാര്യ രണ്ട്  ചെറിയ കഷ്ണം ന്യൂസ്‌ പേപ്പർ എടുത്ത് ,അതുകൊണ്ട് ചില്ല് അലമാരയിൽ നിന്നും രണ്ട് പരിപ്പുവട എടുത്ത് അവർക്ക് നീട്ടി.ഒരു ചിരി നൽകാനുമവർ മറന്നില്ല.

“ഇനിയെന്താ പ്ലാൻ ?”

“ഈ യാത്ര കൊണ്ട് എല്ലാത്തിനും ഒരു അവസാനം കണ്ടെത്തണം.. അനുഭവിച്ച വേദന,അപമാനം എല്ലാത്തിനും ഒരു അറുതി വരുത്തണം “അർജുൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞുനിർത്തി…അവൻ പറയുന്നത് കേൾക്കെ സച്ചിയുടെ ഉള്ളിലും അതെ തീരുമാനം തന്നെ ഉടലെടുത്തു ..അതെ എല്ലാത്തിനും ഒരവസാനം കണ്ടെത്തണം..അവന്റെയുള്ളിലും ഉണ്ടായിരുന്നു അപമാനത്തിന്റെയും വേദനയുടെയും കുറ്റപ്പെടുത്തലുകളുടെയും  ഒരായിരം ശരങ്ങൾ…

“ഇനിയെങ്ങോട്ടാ ?എവിടെ തുടങ്ങും ?”

“നീ കേട്ടിട്ടില്ലേ

അത്രമേൽ സരസമാം ലക്ഷ്യങ്ങൾ

അത്രമേൽ കഠിനമാം മാർഗങ്ങൾ….

മുന്നോട്ട്.. മുന്നോട്ട്..”

അർജുൻ പതിയെ പറഞ്ഞു നിർത്തി കൊണ്ട് കട്ടൻ ചുണ്ടോട് അടുപ്പിച്ചു.

“അപ്പോ ഗായത്രി ?”സച്ചി ചോദ്യഭാവെനെ അർജുനെ നോക്കി ചോദിച്ചു.

അതിന് മറുപടിയെന്നോണം ചായക്കടയിൽ ശബ്‌ദിച്ചുകൊണ്ടിരുന്ന റേഡിയോയിൽ നിന്നും ഒഴുകിയെത്തി…

“ആരും കൊതിക്കുന്നോരാൾ വന്ന്

ചേരുമെന്ന് ആരോ സ്വകാര്യം പറഞ്ഞതാകാം…

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

പടികടന്നെത്തുന്ന പദനിസ്സ്വനം.. .

പടി കടന്നെത്തുന്ന പദനിസ്സ്വനം…”

വരികൾ കേൾക്കവേ അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു..

                                                  ( തുടരും )

                                                  ദേവാർദ്ര .ആർ

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നെഞ്ചോരം – ഭാഗം 4”

Leave a Reply

Don`t copy text!