Skip to content

ശിവപാർവതി – ഭാഗം 1

shivaparvathi novel

ഞായർ രാവിലെ 7..

വല്ലാത്തൊരു സ്വപ്നം ആണ് എന്നെ ഉണർത്തിയത്.. പാഞ്ഞു പോകുന്ന ബൈക്ക്.. വഴിയിലേക്ക് ഓടി വരുന്ന പശുക്കുട്ടി…

അതിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്ന ബൈക്ക് നിയന്ത്രണം വിട്ടു കാട്ടിലേക്ക് കയറുന്നു.. ഒരു വെട്ടി നിർത്തിയ മരത്തിന്റെ കുറ്റിയിൽ ഇടിച്ചു നിന്ന ബൈക്കിൽ നിന്നും ഞാൻ തെറിച്ചു പൊങ്ങി ഒരു പാറക്കെട്ടിലേക്ക് വീഴുന്നു…

“അമ്മെ…..!”

അലറി കൊണ്ടാണ് ഞാൻ ചാടി എണീറ്റത്…

സ്വപ്നം ആണെന്ന് മനസിലാക്കാൻ കുറച്ചു നിമിഷങ്ങൾ എടുത്തു..

ഈ സ്വപ്നം ഞാൻ കുറെ നാളായി കാണുന്നു…

ഫോണിന്റെ റിങ്ങിങ് ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്..

ഇന്ന് ഞായർ ആണ്. 7:30 വരെ എങ്കിലും കിടക്കാം എന്ന് കരുതിയത് ആയിരുന്നു.

പള്ളിയിൽ പോകണം എന്ന് ഇന്നലെ അമ്മ പറഞ്ഞിരുന്നു..

9 മണിക്കാണ് പള്ളി..

ഫോൺ എടുത്തു..സ്‌ക്രീനിൽ അതിമനോഹരമായ ഇളം നീല കണ്ണുകളും സ്വർണ നിറമുള്ള മുടിയും ഉള്ളൊരു സുന്ദരിയുടെ മുഖം തെളിഞ്ഞു..

മിഷേൽ കാളിങ്…

മിഷേൽ എന്റെ കൂട്ടുകാരി ആണ്. ബാംഗ്ലൂരിൽ പഠിക്കുമ്പോൾ എന്റെ ഒപ്പം പഠിച്ച ഒരു ഓസ്‌ട്രേലിയൻ ബ്ലോണ്ട് ഗേൾ..

വർഷങ്ങൾ കഴിഞ്ഞിട്ടും ആ സൗഹൃദം ഇന്നും നിലനിൽക്കുന്നു.. അവൾ തന്നെ ആണ് പഠന ശേഷം എന്നെ ഓസ്‌ട്രേലിയയിൽ കൊണ്ട് പോയത്..

അവിടെ ഒരു ബാങ്കിൽ ജോലി ചെയ്ത ഞാൻ പത്തു വർഷം കഴിഞ്ഞു തിരിച്ചു വരികയായിരുന്നു..

ഇപ്പോൾ വന്നിട്ടു ഒരു വർഷം ആകുന്നു..

നാട്ടിൽ ഒരു നാഷണൽ ബാങ്കിൽ ലോൺ ഓഫീസർ ആയി ജോലി ചെയ്യുന്നു..

വെറുതെ ഇരിക്കാൻ ഇഷ്ടമല്ലാഞ്ഞിട്ടാണ്..

മിഷേൽ ഞാനും ആയി പങ്കു വെക്കാത്ത ഒരു രഹസ്യവും ഇല്ല..

അവളെ മലയാളം വരെ ഞാൻ പഠിപ്പിച്ചു.. പൊതുവെ മലയാളികളുടെ സ്വഭാവം ആണല്ലോ മറ്റു രാജ്യക്കാരെ മലയാളം പഠിപ്പിക്കുക എന്നത്..

അവൾ ഇപ്പോൾ അത്യാവശ്യം മലയാളം പറയും..

സൗഹൃദത്തിന്റെ ഗ്രീക്ക്  ദേവത ആയ ഫിലോത്തീസ് എന്നെ വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട്..

ധാരാളം സുഹൃത്തുക്കൾ ഉള്ളൊരു ആളാണ് ഞാൻ… അതല്ലേ ഏറ്റവും വലിയ അനുഗ്രഹം?

ഞാൻ ഫോൺ എടുത്തു..

“എടാ പൊട്ടാ.. എണീറ്റില്ലേ?”

വല്ലാത്തൊരു മലയാളത്തിൽ അവൾ എന്നോട് ചോദിച്ചു..

“ഇല്ലേടീ പ്രാന്തി….”

എന്ന് ഞാനും മറുപടി കൊടുത്തു..

അവളോട് സംസാരിച്ച ശേഷം ഞാൻ ഫോൺ വച്ച് എണീറ്റു…

രാവിലെ എണീറ്റാൽ ആദ്യം ചെയ്യുന്ന കാര്യം നിലക്കണ്ണാടിയുടെ മുൻപിൽ നിൽക്കുക എന്നതാണ്..

ഈ ജിമ്മിൽ ഒക്കെ സ്ഥിരം പോകുന്ന ആണുങ്ങൾ എല്ലാ ദിവസവും ചെയ്യുന്ന കാര്യം ആണ് അത്..

ഇവിടെ ഒക്കെ ജിമ്മിൽ പോകുന്നു എന്നൊക്കെ പറഞ്ഞാൽ വലിയ കാര്യം ആണ്.. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ അതൊരു ദിനചര്യ ആണ്..

നമ്മൾ കൂടുതലും അരി ആഹാരം കഴിച്ചു വയറു ചാടി നടക്കുമ്പോൾ അവരുടെ വയറൊക്കെ സിക്സ് പാക്ക് ആയിരിക്കും..

ആഹ്ഹ അതൊക്കെ പോട്ടെ..

ഞാൻ എന്റെ നെഞ്ചിൽ അടിച്ച ടാറ്റൂ ഒന്ന് വായിച്ച നോക്കി..

“Love is powerful. It can bring the gods to their knees…”

പ്രണയം അതി ശക്തം ആണ്.. ദേവന്മാരെപോലും മുട്ടുകുത്തിക്കാനുള്ള ശക്തി അതിനുണ്ട്..

ശരിയാണ്.. ഗ്രീക്കിലെ ദേവത ആയ ആഫ്രോഡൈറ്റിയെ എനിക്ക് ഓര്മ വന്നു..

അതി സുന്ദരി.. മരണം ഇല്ലാത്തവൾ.. സൗന്ദര്യത്തിന്റെയും വികാരങ്ങളുടെയും പ്രണയത്തിന്റെയും ദേവത..

ആരെയും വശീകരിക്കാൻ തക്ക സൗന്ദര്യവും കഴിവും ഉള്ളവൾ..

ഭർത്താവ് ഉണ്ടായിരുന്നെങ്കിലും അവളുടെ അടക്കാൻ ആകാത്ത വികാരം അവളെ പുരുഷന്മാരിലേക്ക് അടുപ്പിച്ചിരുന്നു..

അങ്ങിനെ ആണ് അവൾ ഗ്രീക്ക് ഗോഡ് ഓഫ് വാർ ആയ.. അതിശക്തൻ ആയിരുന്ന എരീസിനെ കാണുന്നത്..

ആരെയും പേടി ഇല്ലാത്തവൻ അന്ന് അവളുടെ ഭംഗിയുടെ മുൻപിലും ലാസ്യ ഭാവത്തിന്റെ മുന്നിലും മുട്ടുകുത്തി…

ആഫ്രോഡൈറ്റി ഇതാണ് എന്റെ ശരിക്കും ഉള്ള പ്രണയം എന്ന് മനസിലാക്കി അവനെ ചേർത്ത് പിടിച്ചു.. രഹസ്യമായി…

അതിൽ രണ്ടു കുട്ടികളും ഉണ്ടായി..

എന്നാൽ ഒരു ദിവസം ഇവളുടെ ഭർത്താവ് ഇവരെ കിടപ്പറയിൽ വച്ച് ഒരു മാന്ദ്രിക വല ഇട്ടു പിടിച്ചു..

അതിനു ശേഷം അവരെ ഒളിമ്പിയൻ പർവതത്തിന്റെ മുകളിൽ വിചാരണക്ക് കൊണ്ടുപോയി… കുറെ നാളുകൾക്കു ശേഷം അവരെ വല തുറന്നു വിട്ടു എന്നാണ് കഥ…

അപ്പോൾ പറഞ്ഞു വന്നത്.. പ്രണയത്തിന് മുൻപിൽ ദേവത എന്നോ ദേവൻ എന്നോ ഇല്ല.. അവർ മുട്ടുകുത്തി പോകും…

അതിശക്തൻ ആയ തോർ ഓഡിന്സൻ വരെ ഒരു സാധാരണ പെണ്ണിനെ പ്രേമിച്ചു പോയില്ലേ?

അതാണ് പ്രേമം.. എന്നാൽ ഈ പറയുന്ന എനിക്ക് ഇതുവരെ പ്രേമം ഉണ്ടായോ എന്ന് ചോദിച്ചാൽ ജീവിതത്തിൽ എന്തിനോടെങ്കിലും പ്രേമം തോന്നാത്തവർ മനുഷ്യർ അല്ല എന്നാണ് എന്റെ അഭിപ്രായം…

ആദ്യ പ്രണയം എമ്മ വാട്സൺ ആയിരുന്നു.. ഹാരി പോട്ടറിലെ നായിക..

പിന്നെ അത് ആഞ്‌ജലീന ജോളി ആയി മാറി… പിന്നെ നമ്മുടെ സ്വന്തം സുമലത..

പിന്നെ മേഗൻ ഫോക്സ്.. അതുപോലെ കുറച്ചു പെർ.. പിന്നെ ജീവിതത്തിൽ ചിലരോട്..

മിഷേൽ അതിൽ ഒന്നാണ്..

എന്നാൽ അവൾ ഒരു ലെസ്ബിയൻ ആണ്.. അവൾക്ക് ഒരിക്കലും എന്നെ ഇഷ്ടപ്പെടാൻ കഴിയില്ല..

എന്നാൽ അവൾ എന്നോടുള്ള ഫ്രണ്ട്ഷിപ് അവസാനിപ്പിക്കില്ല..

പിന്നെ കല്യാണം വരെ എത്തുന്ന പ്രണയം ഉണ്ടായിട്ടില്ല..

അതിനും വേണം ഒരു ഭാഗ്യം.. ഇവിടെ ടിക് ടോക് തുറന്നാൽ കൊട്ടും കുരവയും ഇല്ലെങ്കിലും എന്ന പാട്ടും വച്ച് 17 വയസുള്ള കുട്ടികൾ കല്യാണം കഴിച്ചു വീട്ടിൽ വിളക്കും കൊണ്ട് കയറുന്നതൊക്കെ കാണുമ്പോൾ എന്തോ പോലെ ആണ്…

അതൊക്കെ അവിടെ നിൽക്കട്ടെ..

ഞാൻ ഒന്ന് കുളിച്ചു ഒരു വെളുത്ത ഷർട്ടും കറുത്ത ജീൻസും വെളുത്ത ഷൂസും ഇട്ടു റൂമിൽ നിന്നും ഇറങ്ങി..

രണ്ടു നില വീട് അല്ല..

എന്നാൽ നീളം കൂടിയ ഒരു വീട് ആണ് ഞങ്ങളുടെ.. രണ്ടു ഭാഗം ആയുള്ള ഒരു സുന്ദര വീട്.. നടുക്ക് ഒരു കൊച്ചു കുളം.. അതിൽ ആമ്പൽ..

ചുറ്റിനും ഓർക്കിഡുകൾ.. പല വർണത്തിൽ.. അച്ഛൻ ഒരു ഇന്റിരിയർ ഡിസൈനർ ആയിരുന്നു.. പല രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട് എന്റെ പപ്പ..

അതിന്റെ കഴിവുകൾ വീട്ടിൽ മൊത്തം കാണാം..

രണ്ടു ഭാഗം ഉള്ള വീടിന്റെ ഒരു അറ്റത്തു ഞാനും മറ്റേ അറ്റത്തു അച്ഛനും അമ്മയും.. ഇടയ്ക്കു ഉള്ള റൂമിൽ എന്റെ അനിയത്തിയും..

അവളുടെ കല്യാണം കഴിഞ്ഞത് ആണ്.. ഏയ്ഞ്ചൽ നാൻസി ജോൺ..

25 വയസ് ആകുന്നു അവൾക്ക്..

അവളുടെ ഭർത്താവ് ഓസ്‌ട്രേലിയയിൽ ആണ്. അവനെ ഞാൻ ആണ് കൊണ്ടുപോയത്.

ഇവൾ രണ്ടു വർഷം നിന്ന് തിരിച്ചു നാട്ടിൽ വന്നു.. ഇപ്പോൾ ഒരു കോളേജ് അദ്ധ്യാപക ആണ് അവൾ.. കുട്ടികൾ ആയിട്ടില്ല..

അച്ഛൻ ജോൺ.. 65 വയസ് ആയി.. ഇപ്പോൾ ഫ്രീ ആണ്.. ഫോണിൽ പബ്ജി ഒക്കെ കളിച്ചു ഇരിക്കലും ക്ലബ്ബിൽ പോകലും ഒക്കെ ആണ് മെയിൻ ഹോബ്ബി..

അമ്മ ആഞ്ജലീന ജോൺ. 54 വയസ്.

അയൽക്കൂട്ടം, പഴയ ഫ്രണ്ട്സിന്റെ മീറ്റ് അപ്പ് എന്നൊക്കെ പറഞ്ഞു ഫുൾ ടൈം ബിസി ആയി നടക്കുന്നു..

ഞാനും ചുമ്മാ കുതിര കളിച്ചു നടക്കുകയാണ് കെട്ടി കുട്ടികൾ ആകേണ്ട സമയം ആയി എന്നൊക്കെ ആണ് നാട്ടുകാർ പറയുന്നത്..

അവനു ഓസ്‌ട്രേലിയയിൽ വേറെ ഭാര്യയും പിള്ളേരും ഉണ്ടെന്നു വരെ ഒരു പറച്ചിൽ ഉണ്ട്.. ടൗണ് ഏരിയ ആണെങ്കിലും ഈ പറച്ചിലിന് മാത്രം എവിടെയും ഒരു കുറവും ഉണ്ടാകില്ലല്ലോ…

രാവിലെ അനക്കം ഒന്നും ഇല്ലല്ലോ എന്ന് കരുതി വന്ന ഞാൻ നേരെ അടുക്കളയിൽ ചെന്നു..

അനിയത്തി അടുക്കളയിൽ നിന്ന് രാവിലെ ഉപ്പുമാവ് ഉണ്ടാക്കുകയാണ്..

“ആനി ഉപ്പുമാവാണോ ഇന്ന്? നിനക്കു വേറെ വല്ലതും ഉണ്ടാക്കിയാൽ എന്താ?”

“ഒന്ന് പോയെ മനു.. അല്ലെങ്കിലേ സമയം ഇല്ല….”

അവളെ ആനി എന്നും എന്നെ മനു എന്നും ആണ് വീട്ടിൽ വിളിക്കുന്നത്..

“ഓ അല്ലെങ്കിലും നീ എന്ത് ഉണ്ടാക്കിയാലും കണക്കാ..”

“ഡാ ദുഷ്ട… ഇന്നലെ രാത്രി നീ ഞാൻ ഉണ്ടാക്കിയ ചിക്കൻ കഴിച്ചു അനിയത്തി ആയാൽ ഇങ്ങനെ വേണം എന്ന് പറഞ്ഞതോ?”

“ഓ അത് വയറ്റു സൂക്കേട് വരാതിരിക്കാൻ പറഞ്ഞതാ…”

“നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ടടാ… ഇങ്ങനെയും ഉണ്ടോ.. ചേട്ടൻ ആണ് പോലും ചേട്ടൻ…”

ഞാൻ ചിരിച്ചു..

“രാവിലെ രണ്ടെണ്ണവും കൂടി തുടങ്ങിയോ?”

അമ്മ എന്നെ ഒന്ന് നോക്കി അടുക്കളയിലേക്ക് വന്നു..

“ഇവന് ഉപ്പുമാവ് വേണ്ട എന്ന്…”

ആനി കൂട്ടിച്ചേർത്തു…

“തല്ക്കാലം കഴിക്കെടാ…. ഇന്ന് പള്ളിയിൽ പോകേണ്ടതല്ലേ?”

“മ്മ്മ് കഴിക്കില്ല എന്നൊന്നും പറഞ്ഞില്ല…. “

ഞാൻ സംഗതി അവിടെ അവസാനിപ്പിച്ചു..

ആനി എന്നെ നോക്കി ചിരിച്ചു. അടിപിടി ഒക്കെ കൂടുമെങ്കിലും ഞങ്ങൾ എല്ലാത്തിനും ഒറ്റക്കെട്ട് ആണ്.

നല്ല പൊക്കമുള്ള ഒത്ത തിങ്ങിയ മുടിയുള്ള നല്ല വെളുപ്പും നീണ്ട കണ്ണുകളും ഉള്ളൊരു സുന്ദരി ആണ് ആനി..

ഇവൾക്ക് വേണ്ടി ഞാൻ എത്ര അടി ഉണ്ടാക്കിയിരിക്കുന്നു.. ഒരു കുറുമ്പി ആണ്.

ഇപ്പൊ ടീച്ചർ ആയ ശേഷം കുറച്ചു ഒതുക്കം വന്നിട്ടുണ്ട്..

അച്ഛൻ അടുക്കളയിൽ വന്നു..

“ഇതെന്തോന്ന്? ജെയിംസ് ബോണ്ടോ?”

ഒരു നീളൻ കോട്ടും ഇട്ടു പള്ളിയിൽ പോകാൻ ഒരുങ്ങി വന്ന അച്ഛനെ കണ്ടു ഞാൻ ചോദിച്ചു..

“ഡാ ഡാ നിനക്കൊക്കെ ഫാഷനെ കുറിച്ച് എന്തറിയാം? നീ പാരീസ് കണ്ടിട്ടുണ്ടോ?? എന്നാൽ ഞാൻ അവിടെ ജീവിച്ചവൻ ആണ്.. ”

അച്ഛൻ ഗമയിൽ പറഞ്ഞു.

“എന്നാ പപ്പ അവിടെ ഒക്കെ ആളുകൾ ഇതുപോലെ മഴ കോട്ടും ഇട്ടാണോ പള്ളിയിൽ പോകുന്നെ?”

ആനി അതും ചോദിച്ചു ചിരി തുടങ്ങി..

“കെട്ടിച്ചു വിട്ട നിനക്ക് എന്താടി ഇവിടെ കാര്യം?” പോ പോ…”

അച്ഛൻ ട്രാക്ക് മാറ്റി പിടിച്ചു.

“നിങ്ങൾക്ക് നല്ല ഷർട്ട് അങ്ങ് ഇട്ടാൽ പോരെ? എന്താ മനുഷ്യ ഇത്? “

“ഇങ്ങനെ സെൻസ് ഇല്ലാത്ത കുറെ എണ്ണം.. ഓ മാറിയേക്കാം…”

എന്ന് പറഞ്ഞു അച്ഛൻ വന്ന വഴിക്ക് പോയപ്പോൾ ഞങ്ങൾ പൊട്ടിച്ചിരിച്ചു..

ഭക്ഷണം കഴിഞ്ഞു ഞാൻ വീട്ടിലെ ഹോണ്ട സിവിക് ഒന്ന് തുടച്ചു വൃത്തി ആക്കി..

എല്ലാവരും പള്ളിയിലേക്ക് പോയി. പള്ളി കഴിഞ്ഞു അവിടെ ചായ ഒക്കെ ഉണ്ട്. അവിടെ കുറച്ചു തരുണികളും ആയി കത്തിയടിച്ചു നിന്ന് മെല്ലെ വീട്ടിലേക്ക് തിരിച്ചു..

ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ടാണ് വന്നത്..

വന്നു കിടന്നുറങ്ങി വൈകുന്നേരം ഞാൻ എന്റെ ബുള്ളറ്റ് എടുത്തു പുറത്തു പോയി..

കൂട്ടുകാരെ കണ്ടു കുറെ സമയം കത്തി അടിച്ചു തിരിച്ചു വന്നു..

ആനിയും അമ്മയും ബീഫ് റോസ്റ്റും ചപ്പാത്തിയും ഉണ്ടാക്കി വച്ചിരുന്നു..

ആനിയെ ഞാൻ കളിയാക്കും എങ്കിലും അവൾ പാചകത്തിൽ ഒരു പെൺപുലി ആണ്.

അമ്മ തനി കോട്ടയം അച്ചായത്തി ആണ്..

അതിന്റെ അവൾക്കും കിട്ടിയിട്ടുണ്ട്..

ഞങ്ങൾ ഒരുമിച്ചു ഇരുന്നു കഴിച്ചു.

അച്ഛൻ ഒരു ജാക്ക് ഡാനിൽസിന്റെ കുപ്പി കൊണ്ടുവന്നു..

ഞാനും അച്ഛനും ഓരോ പെഗ് അടിച്ചപ്പോൾ ആനി എന്നെ നോക്കി…

“വേണോ നിനക്ക്?”

അവൾ ചിരിച്ചു..

ഞാൻ ഒരു കൊച്ചു പെഗ് ഒഴിച്ച് അവൾക്ക് കൊടുത്തു.

“നീ ഇവളെ വഷളാക്കിക്കൊ ചെക്കാ…കെട്ടിയ പെണ്ണാണ്…”

അമ്മ എന്നെ നോക്കി ദേഷ്യപ്പെട്ടു..

“ഓ പിന്നെ.. ഇനി എന്ത് വഷളാവാൻ ആണ് അമ്മയുടെ പുന്നാര മോൾ?”

അച്ഛന്റെ വക ആണ്.. ഇനി ബാക്കി അവർ ആയിക്കോളും.. ഞാനും അവളും അത് നോക്കി ചിരിച്ചു..

ഇതാണ് ഞങ്ങളുടെ കുടുംബം.. സന്തോഷം മാത്രമേ ഉള്ളു ഇവിടെ.. നല്ല തനി കോട്ടയം ജീവിതം.

***

തിങ്കൾ ശിവരാത്രി ആയിരുന്നു.

ക്രിസ്ത്യാനി ആണെങ്കിലും എനിക്ക് ഈ അമ്പലങ്ങളോട് വല്ലാത്തൊരു അടുപ്പം ആണ്..

കെട്ടുകയാണെങ്കിൽ ഒരു ഹിന്ദു കൊച്ചിനെ കെട്ടണം എന്ന് ഞാൻ എപ്പോഴും പറയും.

അതിരാവിലെ എഴെന്നേറ്റ് കുളിച്ചു സാരി ഉടുത്തു തുളസിത്തറ ചുറ്റി അതിൽ നിന്നും ഒരു ഇല എടുത്തു മുടിയിൽ ചൂടി ചന്ദനം തൊട്ടു വരുന്നവൾ വീട്ടിൽ ഉണ്ടെങ്കിൽ എന്തൊരു ഐശ്വര്യം ആയിരിക്കും…?

നമ്മുടെ അച്ചായത്തിമാർ പൊതുവെ മടിച്ചികൾ ആണ്.. അതിരാവിലെ എണീക്കുന്ന കാര്യത്തിൽ ആണ് കേട്ടോ? എല്ലാവരും അല്ല..

അച്ഛന് അങ്ങനെ ഒന്നും ഇല്ല. ഞാൻ ഏത് പെണ്ണിനെ കെട്ടിയാലും അങ്ങേരു ഓക്കേ ആണ്.

എന്നാൽ അമ്മക്ക് അത് പറയുമ്പോൾ ദേഷ്യം വരും..

അപ്പോൾ ഇന്ന് ഉറക്കം ഇല്ലാത്ത രാത്രി ആണ്..

ഞാൻ വൈകുന്നേരം ആയപ്പോൾ എന്റെ ബൈക്കും എടുത്തു അമ്പലപ്പറമ്പിലേക്ക് വിട്ടു..

എന്റെ കൂട്ടുകാർ അവിടെ കാത്തു നിൽക്കുന്നുണ്ട്.. ബൈക്ക് നിർത്തി അവരുടെ അടുത്തേക്ക് ചെന്നു..

താലപ്പൊലി ഒകെ കഴിഞ്ഞു അമ്പലത്തിലെ ഗ്രൗണ്ടിൽ കുറച്ചു പരിപാടികൾ തുടങ്ങി..

രാത്രി ഇതിനൊക്കെ ശേഷം ഗാനമേള ഉണ്ട്.

കൂട്ടുകാരുടെ ഒപ്പം നിൽക്കുമ്പോൾ ആണ് ഒരു അനൗൺസ്‌മെന്റ് കേട്ടത്..

“അടുത്തതായി സ്റ്റേജിൽ അരങ്ങേറുന്നത് പാർവതി..”

എന്തോ എനിക്കൊരു ഉൾവിളി തോന്നി ഞാൻ സ്റ്റേജിന്റെ അടുത്തേക്ക് നടന്നു..

ആരാണ് അരങ്ങേറ്റം നടത്തുന്നത് എന്നറിയാൻ.. ശിവപത്നി നാമം ഉള്ള പെൺകൊടി ആരാണാവോ…

ശിവതാണ്ഡവം മുഴങ്ങിയപ്പോൾ സ്റ്റേജിലെ കർട്ടൻ പൊങ്ങി…

“എന്റെ ഈശോയെ..”

എന്റെ വായിൽ നിന്നും വന്ന വാക്കുകൾ ആണ് അത്….

സാക്ഷാൽ പാർവതി ദേവിയുടെ ഭാവവും ഭംഗിയും ഉള്ള ഒരു പെൺകൊടി.. വലിയ കണ്ണുകളിൽ ശിവന്റെ ഭാവം നിറഞ്ഞു നിന്നിരുന്നു..

അവളുടെ ഓരോ ചലനങ്ങളും എന്റെ നെഞ്ചിൽ വലിയ തിരകൾ ഉണ്ടാക്കി..

ഞാൻ കണ്ണും മിഴിച്ചു വായും പൊളിച്ചു അവളെ മാത്രം നോക്കി നിന്നു..

സൈഡിലെ സ്റ്റാന്റുകളിൽ അടുക്കി വച്ച സ്പീക്കറുകളിൽ നിന്നും മുഴങ്ങുന്ന ശിവതാണ്ഡവം…

അതിനൊത്തു ഉറച്ച ചുവടു വെപ്പുകളും അതിശയിപ്പിക്കുന്ന വേഗതയും ആയി അവൾ…

ഞാൻ മറ്റൊരു ലോകത്തിൽ ആണെന്ന് തോന്നിപോയി… ആരും ഇല്ല…

ഞാനും അവളും മാത്രം…. എനിക്ക് അവളോട് അതിശക്തമായ ആരാധന തോന്നി…

ഈ നോട്ടം കണ്ടിട്ടായിരിക്കണം ആ മാൻപേട കണ്ണുകൾ ഒന്നോ രണ്ടോ തവണ എന്നിൽ കൂടിയും കടന്നു പോയി… അതെന്റെ നെഞ്ചിൽ തീ കോരി ഇട്ടു..

ശരീരം ചുട്ടു പൊള്ളുന്നു. പനി പിടിച്ചോ? വല്ലാത്ത ഒരു പരിഭ്രമം പോലെ..

ശിവതാണ്ഡവം അവസാനിച്ചപ്പോൾ അവിടെ നീണ്ട കയ്യടി മുഴങ്ങി..

എനിക്ക് അനങ്ങാൻ ആയില്ല…

അവൾ സ്റ്റേജിൽ നിന്നും ഇറങ്ങി പോകുന്ന വഴിക്ക് ആ കണ്ണുകൾ എന്നെ ഒന്ന് നോക്കി…

പകച്ചു നിന്നുപോയി ഞാൻ.. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ…

അവൾ എന്നെ നോക്കികൊണ്ട്‌ നീണ്ടു കിടന്ന മുടി മുൻപിലേക്ക് ഇട്ടു ആരുടെയോ കൂടെ വല്ലാത്തൊരു താളത്തിൽ ആൾക്കൂട്ടത്തിൽ നടന്നു മറഞ്ഞു…

എന്റെ ശിവനെ.. എന്റെ കർത്താവേ എന്നൊക്കെ ഞാൻ ഒരുമിച്ചു വിളിച്ചു.. എന്താ ഇങ്ങനെ ഒരു ഫീൽ?

തോളത്തു അമർന്ന ഒരു കൈ ആണ് എന്നെ ഉണർത്തിയത്.. എന്റെ കൂട്ടുകാരൻ എന്നെ കാണാതെ വന്നതാണ്..

“നീ ഇവിടെ എന്താകുകയാണ്? നിനക്ക് ഇതിലൊന്നും താല്പര്യം ഇല്ലാത്തതല്ലേ?”

“ഞാൻ ഞാൻ….” എനിക്ക് വിക്കി..

“പനി ഉണ്ടോ?”

അവൻ എന്നെ തൊട്ടു നോക്കി.. എന്റെ ഭാവം കണ്ടിട്ടായിരിക്കണം… അന്ന് മൊത്തം ഞാൻ അങ്ങനെ തന്നെ ആയിരുന്നു..

പാർവതി… ആ കണ്ണുകൾ.. ദൈവമേ… എന്തൊരു കണ്ണുകൾ ആണ് അവളുടെ… കുറഞ്ഞ നേരം കൊണ്ട് മനസ്സിൽ ഇടിച്ചു കയറി ആ കണ്ണുകൾ…

ഞാൻ അവിടെ മൊത്തം ചുറ്റിക്കറങ്ങി നോക്കി. ഇല്ല കണ്ടില്ല.. അവളെ കാണുന്നില്ല..

വീട്ടിൽ വന്നും ടെൻഷൻ ആയിരുന്നു.. അതെന്തു കൊണ്ടാണെണ് എനിക്കറിയില്ല..

ഞാൻ മിഷേലിനെ വിളിച്ചു ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു..

അവൾ ഒന്നും കാര്യമായി പറഞ്ഞില്ല.. എന്നാലും

“ഇനിയും കാണാൻ കഴിയട്ടെ…”

എന്ന് മാത്രം പറഞ്ഞു…

കുറച്ചു ദിവസങ്ങൾ കടന്നു പോയി.. ഞാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു..

ഒരു ദിവസം ബാങ്കിൽ ഇരിക്കുമ്പോൾ മാനേജർ എന്നെ വിളിച്ചു.

രണ്ടു പേര് വരുന്നുണ്ട്.. ലോൺ ആണ്.. അത് നടക്കുമോ എന്നൊന്നും അറിയില്ല.. നീ ഒന്ന് മാനേജ് ചെയ്യ് എന്ന് പറഞ്ഞു..

ഇയാൾ ഇതെന്തിനാണ് എന്റെ തലയിൽ ഇടുന്നത്..

ലോൺ അപ്പ്രൂവ് ചെയ്യേണ്ടത് അയാൾ  തന്നെ ആണ്. ബാക്കി കാര്യങ്ങൾ ആണ് ഞാൻ നോക്കേണ്ടത്..

ഡോർ തുറന്നു ആദ്യം ഒരു 45-48 വയസുള്ള ഒരു സ്ത്രീ ആണ് വന്നത്.. നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം.. അതിന്റെ പുറകെ കയറി വന്ന ഇളം നീല ചുരിദാറുകാരി എന്നെ ഞെട്ടിച്ചു..

അവൾ.. പാർവതി…

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!