Skip to content

ശിവപാർവതി – ഭാഗം 14

shivaparvathi novel

“നിന്നെ ഒഴിവാക്കി അലീഷയെ അങ്ങ് കെട്ടിയാലോ?”

ഞാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു..

“കൊല്ലും ഞാൻ.. രണ്ടിനെയും. എന്നിട്ടു ഇവിടുന്നു ചാടി ചാകും…”

കണ്ണുനീർ ഒഴുകി കൊണ്ടിരിക്കുന്നു..

“നിനക്ക് എവിടുന്നാ പെണ്ണെ ഇത്ര കണ്ണീർ ?”

“എന്നാലും എന്നോട് പോണം എന്ന് പറഞ്ഞില്ലേ?”

“അത് പോകണം.. അതിൽ ഒരു മാറ്റവും ഇല്ല…!”

ഞാൻ തീർത്തു പറഞ്ഞപ്പോൾ അവൾ മുഖം കുനിച്ചിരുന്നു കരഞ്ഞു..

“എനിക്ക് വയ്യ ഇനിയും കാണാതെ ഇരിക്കാൻ.. ഒരു വർഷം നൂറു വർഷം പോലെ ആണ് പോയത്…”

അതിനു നീ ഒറ്റക്കാണ് പോകുന്നതെന്ന് ആര് പറഞ്ഞു?”

“ങേ? പിന്നെ?”

അവൾ വീണ്ടും അടുത്ത് വന്നിരുന്നു.. എന്നെ ആകാംഷയോടെ നോക്കി..

“നിന്റെ ഭാവി വരന്റെ ഒപ്പം ആണ് നീ പോകുന്നത്…!”

“ശരിക്കും?”

അവൾ എണീറ്റ് നിന്ന് എനിക്ക് അഭിമുഖം ആയി നിന്ന് എന്റെ മടിയിൽ ഇരുന്നു..

എന്നിട്ടു രണ്ടു കൈകളും എന്റെ കഴുത്തിൽ കൂടി ഇട്ടു..

“മ്മ്മ്.. ഒരുമിച്ചു പോകാം… “

ഉമ്മ

്ഹ..”

അവൾ എന്റെ ചുണ്ടിൽ ഉമ്മ

വച്ചു…

“പിന്നെ.. “

“മ്മ്മ്?”

“അന്ന് തീരുമാനം എടുത്തത് പോലെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടു എടുത്തു ചാടിയാൽ.. മോളെ.. കിട്ടും നിനക്ക്… അന്ന് നീ എന്നോട് ഇതൊക്കെ വെക്തമായി പറഞ്ഞിരുന്നെങ്കിൽ നമ്മൾ ഒരുമിച്ചു തന്നെ പോയേനെ.. അപ്പോഴേക്കും അവളുടെ ഒരു സത്യം ചെയ്യൽ… വിളിക്കാൻ പാടില്ല.. കാണാൻ പാടില്ല… അയ്യേ…”

അവൾ നാണിച്ചു തല താഴ്ത്തി..

“ശരിയാ.. ഞാൻ ഒരു മണ്ടി ആണ്.. “

“ആഹാ.. സമ്മതിച്ചല്ലോ എന്റെ മുത്ത്..”

ഞാൻ അവളെ നോക്കി ചിരിച്ചു.. അവളും..

“നീ എന്റെ പെണ്ണ് ആണ്.. ആർക്കും കൊടുക്കില്ല നിന്നെ.. കേട്ടല്ലോ? അത് കൊണ്ട്.. നമ്മൾ പോകുന്നു.. പ്രേമിച്ചു തകർക്കും നമ്മൾ…”

അതും പറഞ്ഞു ഞാൻ അവളുടെ നനുത്ത ചുണ്ടുകളെ വീണ്ടും ചുംബിച്ചു..

“മ്മ്മ്മ്മ്…”

എന്ന് മൂളിക്കൊണ്ട് അവൾ എന്നെ ആഞ്ഞു പുണർന്നു ചുംബനങ്ങൾ കൊണ്ട് മൂടി…

“ഇങ്ങനെ ഉമ്മവച്ചാൽ കൺട്രോൾ പോവുംട്ടോ..” 

അവൾ എത്ര നേരം ഇരുന്നത് എന്റെ കയ്യിൽ ആണ്.. 

“വഷളൻ.. മിണ്ടാതെ അവിടെ ഇരുന്നോ.. ”

അവൾ ചിരിച്ചു കൊണ്ട് എന്നെ വീണ്ടും ചുംബിച്ചു…

അവളെ മുറുകി പുണർന്നു ഞാനും..

***

കുറച്ചു മാസങ്ങൾ കൂടി…

ഞാനും പാർവതിയും ആനിയും എയർ പോർട്ടിൽ നിൽക്കുകയാണ്…

പാപ്പയോടും അമ്മയോടും അവളുടെ അച്ഛൻ അമ്മ അവരോടും യാത്ര പറഞ്ഞു ഞങ്ങൾ അകത്തേക്ക് ചെന്നു..

ഒരു വർഷം കഴിഞ്ഞു വരുമ്പോൾ കല്യാണം നടത്താൻ ആണ് പ്ലാൻ..

ചെക്കിങ് എല്ലാം കഴിഞ്ഞു വിമാനത്തിൽ കയറി…

ചിറകുകൾ വിരിച്ചു റൺവേയിൽ നിന്നും ഞങ്ങളെയും വഹിച്ചു ആ വിമാനം ആകാശത്തേക്ക് കുതിച്ചു ഉയർന്നു…

“അവിടെ എത്തിയിട്ട് വേണം എനിക്കൊരു ഡുക്കാട്ടി ഡയാവൽ വാങ്ങാൻ…”

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു..

അവൾ എന്നെ കലിപ്പിച്ചു നോക്കി…

“തല്ക്കാലം ഓടിക്കാൻ ഞാൻ മൂന്ന് ചക്രം ഉള്ള വല്ലതും തരാം… ഇനി ബൈക്ക് എന്ന് എങ്ങാനും പറഞ്ഞാൽ കൊല്ലും ഞാൻ… “

“എന്നാൽ വേറെ ബൈക്ക് ഓടിക്കാം…?!”

“പോടാ… നിന്നെ ഞാൻ ഇന്ന് കൊല്ലും… “

അവൾ എന്റെ തോളിൽ കടിച്ചു.. എനിക്ക് ചിരി വന്നു… ആനി ഇതൊക്കെ കേട്ടില്ല എന്ന ഭാവത്തിൽ ഇരിക്കുന്നുണ്ടായിരുന്നു…

അവൾ എന്റെ കൈവിരലുകളിൽ അവളുടെ കൈവിരലുകൾ കൊരുത്തു വച്ചിരിക്കുകയായിരുന്നു… ഇനി നിന്നെ ആർക്കും വിട്ടു കൊടുക്കില്ല എന്ന ഭാവത്തോടെ….

വിമാനം ഓസ്‌ട്രേലിയയിലെ വൻ നഗരം ആയ സിഡ്നി ലക്ഷം ആക്കി കുതിച്ചു കൊണ്ടിരുന്നു….

പ്രണയത്തിന്റെ പുതിയ മേച്ചിൽപുറങ്ങളിലേക്ക്…..

വിമാനം സിഡ്നി ലക്‌ഷ്യം ആക്കി കുതിച്ചു കൊണ്ടിരുന്നു..

ഞങ്ങൾ മൂന്ന് പേരുടെയും തമാശകൾ കളികൾ എല്ലാം അടുത്തിരുന്ന ഒരു സായിപ്പും അങ്ങേരുടെ പെണ്ണും നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

ഞാൻ ഒരു സുന്ദരി എയർ ഹോസ്റ്റസിനോട് സംസാരിച്ചു.. അവൾ എനിക്ക് രണ്ടു മൂന്ന് പ്രാവശ്യം ഹെയ്‌നിക്കെൻ ബിയർ കൊണ്ടുവന്നു തന്നു..

പാർവതി അത് നോക്കി ഇരിക്കുന്നുണ്ടായിരുന്നു..

അവൾ എവിടെ ആണ് ജോലി എന്നൊക്കെ ചോദിച്ചു..

“ഹി ഈസ് മൈ ഫിയാൻസെ….”

എന്ന് പറഞ്ഞു പാർവതി ഉടനെ എന്റെ കൈ കോർത്തു പിടിച്ചു…

“കുശുമ്പി പാറു…”

ആനി അവളെ കളിയാക്കി ചിരിച്ചു കൊണ്ട് ഒരു പിച്ച് വച്ച് കൊടുത്തു… എനിക്കും ചിരി വന്നു..

“നീ ഇതിനെ കൊണ്ട് വെള്ളം കുടിക്കും മോനെ..”

എന്ന അർത്ഥത്തിൽ തരുണി ഒന്ന് ചിരിച്ചിട്ട് പോയി…

കുറെ നേരം പലപല വർത്തമാനം പറഞ്ഞു ഇരുന്നെങ്കിലും കുറച്ചു കഴിഞ്ഞു എല്ലാവരും ഉറക്കം ആയി.

ഇടക്ക് ഉണർന്നെങ്കിലും വളരെ നീണ്ട യാത്ര…

ശരിക്കും നീണ്ട വിമാന യാത്ര വിരസം ആണ്.. 

“ലേഡീസ് ആൻഡ് ജന്റിൽമെൻ ദിസ് ഈസ് യുവർ ക്യാപ്റ്റൻ സ്പീക്കിങ്.. വി ഹാവ് ജസ്റ്റ് ക്ലിയർഡ് ടു ലാൻഡ് അറ്റ് സിഡ്നി ഇന്റർനാഷണൽ എയർപോർട്ട്…”

ഈ അന്നൗൺസ്‌മെന്റ് ആണ് ഞങ്ങളെ ഉണർത്തിയത്… സീറ്റ് ബെൽറ്റ് മുറുക്കി ഒന്ന് റെഡി ആയി ഇരുന്നു..

ഹോസ്റ്റസ് നേരത്തെ കൊണ്ടുവന്ന വെറ്റ് ടിഷ്യു എടുത്തു മുഖം തുടച്ചു…

വിമാനം റൺ വായിൽ ഇറങ്ങി കുറച്ചു ദൂരം ഓടി വന്നു നിന്നു.. ഞങ്ങൾ പുറത്തിറങ്ങി…

ഇവിടെ നല്ല തണുപ്പ് ഉണ്ട്.. വൈകുന്നേരം ആകുന്നു..

എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ കുറച്ചു സമയം ആയി.

പുറത്തു അളിയൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

ഗ്ലാഡ്‌സൺ എന്നാണ് പുള്ളിയുടെ പേര്.

ഒരു സുന്ദരൻ ആണ്. ആനിക്ക് ഇവനെ ഇഷ്ട്ടം ആയിരുന്നു. ഞാൻ ആണ് മുൻകൈ എടുത്തു ഈ കല്യാണം നടത്തിയത്.

നല്ല ചെക്കൻ ആണ്. ഇന്ന് എല്ലാവരും ഇവരുടെ വീട്ടിൽ കൂടാം എന്ന് വച്ചു.. പാർവതി വല്ലാതെ ക്ഷീണിച്ചു. നല്ല തലവേദന ഉണ്ടെന്നു പറഞ്ഞു..

എല്ലാവരും അവൻ കൊണ്ടുവന്ന വണ്ടിയിൽ കയറി..

എയർ പോർട്ടിൽ നിന്നും പതിനഞ്ചു മിനുട് ഓടിയാൽ എത്തുന്ന സ്ഥലം ആണ് അലക്സന്ദ്രിയ.

അവിടെ ആണ് ഗ്ലാഡ്‌സൺ താമസിക്കുന്നത്. ഇന്ന് അവിടെ കൂടും..

എൻമോർ എന്ന സ്ഥലത്താണ് പാർവതിയുടെ താമസസ്ഥലം ഒപ്പം ഡാൻസ് സ്കൂളും അവിടെ ആണ്..

ഇവിടെ ഇന്ത്യൻ ഡാൻസ് പഠിക്കുന്ന കുറെ പിള്ളേർ ഉണ്ട്. പാർവതി വളരെ കുറച്ചു കാലം കൊണ്ട് തന്നെ സ്വന്തമായി ഒരു പേര് ഉണ്ടാക്കി എടുത്തു..

അവളുടെ നടനവൈഭവം തന്നെ ആണ് കാരണം. പിന്നെ കാണാനുള്ള ഭംഗിയും.

ക്യാമ്പെർഡൗണിൽ  ആണ് ഞാൻ..

ഈ ടൗണുകൾ തമ്മിൽ അത്ര ദൂരവ്യത്യാസം ഒന്നും ഇല്ല..

പത്തോ ഇരുപതോ മിനുട് മതി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ..

എനിക്ക് ഇടക്ക് ബാങ്ക്സ്ടൌൺഇൽ ഉള്ള ഓഫീസിൽ പോകേണ്ടി വരും.

അത് പാർവതിയുടെ വീട്ടിൽ നിന്നും ഒരു നാല്പതു മിനുട് വരും.. എന്തായാലും എല്ലാവരും അടുത്ത് തന്നെ..

ഞാൻ വീട്ടിലേക്ക് വിളിച്ചു, ആനിയും പാർവതിയും സംസാരിച്ചു.

ഉടനെ അവളുടെ വീട്ടിലേക്കും വിളിച്ചു. മക്കൾ വിമാനത്തിൽ കയറി പോകുന്നത് എന്നും മാതാപിതാക്കൾക്ക് ടെൻഷൻ ആയിരിക്കും..

ഗ്ലാഡ്സന്റെ വീട്ടിൽ എത്തി.

ഞാൻ മുകളിലെ നിലയിൽ ഇടക്ക് വന്നു നിൽക്കാറുള്ള റൂമിൽ ചെന്നു ഒന്ന് കുളിച്ചു.. ഡ്രസ്സ് മാറി താഴേക്ക് വന്നു..

പാർവതി കുളിച്ചു വന്നു പാമ്പ് കൊത്തിയത് പോലെ തൂങ്ങി ഇരിക്കുന്നുണ്ട്..

“നിനക്ക് വയ്യേ?”

ഞാൻ അവളുടെ അടുത്തിരുന്നു കഴുത്തിൽ കൈ വച്ചു.. കണ്ണുകൾ കൂമ്പി അവൾ എന്നെ നോക്കിയപ്പോൾ ഒരു ഉമ്മ കൊടുത്താലോ എന്ന് തോന്നി..

“മതി പ്രേമിച്ചത്… വിമാനത്തിൽ വച്ച് രണ്ടെണ്ണം കൂടെ എന്തായിരുന്നു…”

ആനി ഓടി വന്നു ഇടയിൽ തിക്കി ഇരുന്നപ്പോൾ എനിക്ക് ചിരി വന്നു…

ഗ്ലാഡ്‌സൺ ഒരു ഗുളിക കൊണ്ടുവന്നു പാർവതിക്ക് കൊടുത്തു..

“തലവേദന മാറും ചേച്ചി.. “

“ചേച്ചിയോ…? “

ഞാനും ആനിയും ഒരുമിച്ചു ചോദിച്ചു…

“അല്ല അതുപിന്നെ.. ഒരു ബഹുമാനം ഒക്കെ കൊടുക്കണ്ടേ…?”

അവൻ തല ചൊറിഞ്ഞു പറഞ്ഞപ്പോൾ ഞങ്ങൾ ചിരിച്ചു…

അന്ന് വേഗം ഭക്ഷണം കഴിച്ചു എല്ലാവരും കിടന്നു..

രാവിലെ ഞാൻ ബാഗ് ഒക്കെ ഗ്ലാഡ്സന്റെ വണ്ടിയിൽ കയറ്റി പാർവതിയെ എൻമോറിൽ കൊണ്ട് പോയി..

അവളുടെ റൂമിന്റെ അകത്തു കയറിയപ്പോൾ എനിക്ക് അലീഷാ പറഞ്ഞ കാര്യം ഓർമ വന്നു..

“നിന്റെ ഫോട്ടോ ആണ് അവളുടെ റൂമിൽ നിറയെ…”

ശരിയാണ്.. എന്റെ സോഷ്യൽ മീഡിയയിൽ ഉള്ള ചിത്രങ്ങൾ ഒക്കെ പ്രിന്റ് ചെയ്തു ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്നു…

അത് ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ കള്ളചിരിയോടെ എന്റെ അടുത്ത് വന്നു…

“കരഞ്ഞ ചരിത്രം മാത്രമേ ഈ റൂമിനു അറിയുള്ളു ഏട്ടാ…”

അവൾ മെല്ലെ പറഞ്ഞപ്പോൾ എനിക്ക് ഒരു കുറ്റബോധം തോന്നി..

ഞാൻ നാട്ടിൽ കള്ളുകുടിച്ചു നടന്നപ്പോൾ ഇവൾ എന്നെ മനസ്സിൽ താലോലിച്ചു കരയുകയായിരുന്നു…

അതും എന്റെ അഭിമാനം കാത്തുസൂക്ഷിക്കാൻ വേണ്ടി…

“ഇനി കരയണ്ടല്ലോ… എന്റെ ശ്രീക്കുട്ടി…”

ഞാൻ അവളുടെ മുഖം കോരി എടുത്തു ചെഞ്ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു…

അവൾ എന്നെ പുണർന്നു കൊണ്ട് ഒരു നിമിഷം നിന്നു..

അവളെ അവിടെ വിട്ടു ഞാൻ എന്റെ ജോലി സ്ഥലത്തേക്ക് ചെന്നു.. നേരത്തെ പരിചയം ഉള്ള സ്ഥലം ആയതു കൊണ്ട് ഒരു ടെൻഷനും ഇല്ലായിരുന്നു..

അവിടെ നിന്നും ഒരു താൽക്കാലിക താമസസ്ഥലം ഒരുക്കിയിരുന്നു.. അങ്ങോട്ടു മാറി..

ഒരു മാസം കഴിഞ്ഞാൽ എല്ലാവരും കൂടെ ഒരു വീട് എടുത്തു മാറാൻ ആണ് പ്ലാൻ..

അത് വരെ ചെറിയ അഡ്ജസ്റ്മെന്റ്…

തല്ക്കാലം ഞാൻ അളിയന്റെ കാർ ഉപേയാഗിക്കും.. ഇനി പെട്ടെന്ന് കാറ് വാങ്ങൽ നടക്കില്ല.. അല്ലെങ്കിൽ ശമ്പളം കിട്ടണം..

ഞങ്ങൾ എല്ലാവരും ഒന്ന് സെറ്റ് ആകാൻ കുറച്ചു ദിവസം എടുത്തു..

എനിക്കും ആനിക്കും ആയിരുന്നു ശരിക്കും ഇഷ്യൂ..

ഞങ്ങൾക്ക് അങ്ങനെ കാണാതിരിക്കാൻ ആകില്ല..

ആക്‌സിഡന്റിനു ശേഷം എനിക്ക് അവളെ തീരെ കാണാതിരിക്കാൻ പാടില്ലാത്ത അവസ്ഥ ആയി…

അവൾക്കും അതുപോലെ തന്നെ..

എല്ലാ ദിവസവും ഞങ്ങൾ മൂണും ഒത്തു കൂടും..

വേറെ വീട് നോക്കി വച്ചിരുന്നു. രണ്ടു നില ഉള്ള ഒരു സുന്ദരൻ വില്ല.. അതിലേക്ക് മാറാൻ പ്ലാൻ ചെയ്തു..

ഒരു ലീവ് ദിവസം രാവിലെ മിഷേൽ എന്നെ കാണാൻ വന്നു..

അവൾ വേറെ എവിടെയോ പോകുന്ന വഴി എന്റെ റൂമിൽ കയറിയതാണ്..

ഒരു ബെഡ്‌റൂം ഹാൾ കിച്ചൻ ഉള്ള ഒരു കൊച്ചു സെറ്റപ്പ് ആണ് എന്റെ..

കുറച്ചു നേരം വർത്തമാനം പറഞ്ഞു അവൾ എനിക്കൊന്നു കുളിക്കണം എന്ന് പറഞ്ഞു എന്റെ ടവൽ എടുത്തു ചുറ്റി അവളുടെ ഡ്രസ്സ് മൊത്തം അഴിച്ചു എന്റെ ബെഡിൽ ഇട്ടു..

ഞങ്ങൾ അങ്ങനെ ആണ്.. ചില സന്ദർഭങ്ങളിൽ നഗ്നത അങ്ങോട്ടും ഇങ്ങോട്ടും കണ്ടിട്ടുണ്ട് എന്നാലും അവൾ ഒരു ലെസ്ബിയൻ ആണ്..

അത് കൊണ്ട് തന്നെ അവൾക്കോ എനിക്കോ ഒന്നും തോന്നാറില്ല..

അവൾ പാട്ടും പാടി കുളിക്കാൻ തുടങ്ങി…

കുറച്ചു കഴിഞ്ഞപ്പോൾ ഇന്ന് തിരക്കിൽ ആണെന്ന് പറഞ്ഞ പാർവതി തള്ളി കയറി എന്റെ റൂമിലേക്ക് വന്നു…

“ഏട്ടാ ഞാൻ സമയം ഉണ്ടാക്കി ഏട്ടനെ….”

അവൾ അത്രയും പറഞ്ഞപ്പോൾ ആണ് അവളുടെ നോട്ടം എന്റെ ബെഡിൽ കിടന്ന മിഷേലിന്റെ ഡ്രെസ്സിൽ ഉടക്കിയത്..

അവൾ ഇതുവരെ മിഷേലിനെ കണ്ടിട്ടും ഇല്ല..

ഞാൻ ബെഡിൽ കിടന്നു ഐപാഡിൽ ഒരു ഫോട്ടോ എഡിറ്റ് ചെയ്യുക ആയിരുന്നു…

അവൾ എന്നെ സംശയത്തോടെ നോക്കിയപ്പോൾ ഉടനെ മിഷേൽ കുളി കഴിഞ്ഞു പാട്ടും പാടി എന്റെ ടവൽ ചുറ്റി ബാത്‌റൂമിൽ നിന്നും പുറത്തു ഇറങ്ങി..

പാർവതിയുടെ മുഖം ചുവന്നു തുടുത്തു…

“എന്നെ.. എന്നെ ചതിക്കുകയായിരുന്നു അല്ലെ??”

അതും ചോദിച്ചു കരഞ്ഞു കൊണ്ട് അവൾ ഒറ്റ ഓട്ടം ആയിരുന്നു..

“വാട് വാസ് ദാറ്റ്?”

മിഷേൽ എന്നെ പകച്ചു നോക്കി..

പാർവതിയെ അവൾക്ക് അറിയാം…

ഞാൻ തലക്ക് കൈ കൊടുത്ത് ഇരുന്നുപോയി…

ഞാൻ വേഗം പുറത്തിറങ്ങി നോക്കി.. ഇല്ല അവളെ കാണാൻ ഇല്ല..

ഒരു പൊട്ടി പെണ്ണ് ആണ്.. വളരെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നവൾ…

ഞാൻ അവളെ ഫോണിൽ ട്രൈ ചെയ്തു.. ആദ്യം റിങ് പോയി.. കട്ട് ആക്കി പിന്നെയും വിളിച്ചു..

നോട് അവൈലബിൾ എന്ന മെസേജ് ആണ് കിട്ടിയത്… അതോടെ എനിക്ക് വല്ലാതെ പേടി തോന്നി…

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!