Skip to content

ശിവപാർവതി – ഭാഗം 3

shivaparvathi novel

“ആ ബിൽഡിംഗ് എന്റെ ചേട്ടൻ വാങ്ങിക്കോളും.. അതിൽ പാർവതിക്ക് ക്ലാസ് നടത്താം.. ഭാവിയിൽ ഉണ്ടാകുമ്പോൾ പണം കൊടുത്താൽ മതി….”

ആനി അത് പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു.. ഞാൻ ഒന്ന് ഞെട്ടി..

ആ ഒരു നിമിഷം എന്റെ അനിയത്തിയെ എടുത്തു പൊക്കി വട്ടം കറക്കാൻ എനിക്ക് തോന്നി…

എത്ര ഈസി ആയാണ് അവൾ ഇതിനൊരു പരിഹാരം കണ്ടത്? എന്റെ വാക്കു തെറ്റുകയും ഇല്ല..

“സാർ അത്?”

അയാൾ എന്നെ നോക്കി…

“ഇവൾ പറഞ്ഞത് പോലെ.. ഒരു കുഴപ്പവും ഇല്ല…”

ഞാൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..

എന്നാലും അവരുടെ മുഖത്തു ഒരു സംശയം നിന്നിരുന്നു.. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നായിരിക്കണം..

“പാർവതിയുടെ ഡാൻസ് ഞാൻ കണ്ടതാണ്.. നല്ല കഴിവുള്ള കുട്ടി ആണ്.. ആ കഴിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഞങ്ങൾ ഒന്ന് ചെറുതായി സഹായിക്കുന്നു എന്ന് മാത്രം.. അല്ലാതെ ഇതിൽ വേറെ ഒരു ഉദ്ദേശവും ഇല്ലാട്ടോ…”

ഞാൻ അത് കൂടി പറഞ്ഞപ്പോൾ അവളുടെ അമ്മ നെഞ്ചത്ത് കൈവച്ചു

“കൃഷ്ണാ.. നീ കാത്തു…”

എന്ന് പറഞ്ഞു…

ആരും എതിര് പറഞ്ഞില്ല.. കാര്യങ്ങൾ വളരെ വേഗം ആയിരുന്നു.. ബിൽഡിംഗ് എടുത്തു അതൊക്കെ പെയിന്റിംഗ് ചെയ്തു ലൈസൻസ് അടക്കം എടുത്തു പരസ്യം വരെ കൊടുത്തത് ആനി ആണ്..

അവൾക്ക് പാർവതിയെ നന്നായി ബോധിച്ചിരുന്നു.. അവർ തമ്മിൽ ഇപ്പോൾ നല്ല കൂട്ടും ആണ്..

ഡാൻസ് സ്കൂളിന്റെ പേര്

“ ശിവപാർവതി..” എന്നായിരുന്നു.. അവൾ തന്നെ ഇട്ട പേരാണോ അതോ ആരോ പറഞ്ഞതാണോ എന്ന് അറിയില്ല.

ഞാൻ ഇതുവരെ അവളോട് ഒന്നും സംസാരിച്ചിട്ടില്ല എന്നതും സത്യം ആണ്.. അവളുടെ അടുത്ത് പോയി സംസാരിക്കാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു..  ഉദ്ഘടനത്തിന്റെ രണ്ടു ദിവസം മുൻപേ ഞാൻ ഒന്ന് അവിടെ കാണാൻ ചെന്നു..

ആരെയും കണ്ടില്ല.. ഡോർ തുറന്നു കിടന്നിരുന്നത് കൊണ്ട് അകത്തു കയറി..

ചിലങ്കയുടെ ശബ്ദം കേട്ടാണ് തിരിഞ്ഞത്.. അവൾ എന്റെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു.. ഒരു മഞ്ഞ ചുരിദാർ ആണ് വേഷം..

ഷാൾ അരക്ക് ചുറ്റി കാലിൽ ചിലങ്ക കെട്ടി അവൾ പ്രാക്ടീസ് ചെയ്യുകയായിരുന്നു എന്ന് എനിക്ക് തോന്നി.. നന്നായി വിയർത്തിട്ടുണ്ടായിരുന്നു..

“ഏട്ടാ.. ഈ വഴി ഒക്കെ മറന്നോ എന്ന് വിചാരിച്ചു….”

അവൾ നിറഞ്ഞ ചിരിയോടെ എന്റെ അടുത്ത് വന്നു.. ങേ ഇവൾ ഇങ്ങനെ സംസാരിക്കുമോ? മുഖം മൊത്തം മാറി സന്തോഷം ആണ് പെണ്ണിന്..

“അല്ല.. ഞാൻ…”

ഏയ് ഇവൾക്കല്ല പ്രശ്‌നം.. എനിക്കാണ്.. ഞാൻ ആണ് ഇവളെ കാണുമ്പോൾ ഓടി ഒളിക്കുന്നത്…

“ഞാൻ വിചാരിച്ചു ഇനി ഇങ്ങോട്ടൊന്നും വരില്ല എന്ന്.. നന്ദി എത്ര പറഞ്ഞാലും ഈ കടപ്പാട് തീരില്ല എന്നെനിക്കറിയാം..”

അവൾ എന്റെ കണ്ണിൽ നോക്കി.. എന്റെ താടിയുടെ അത്ര പൊക്കം ഉണ്ട് അവൾക്ക്.. വിയർത്ത മുഖം.. അവളുടെ വിയർപ്പിന്റെ നേരിയ ഗന്ധം എന്റെ ഉള്ളിലേക്കു തുളച്ചു കയറി..

പെണ്ണിന്റെ വിയർപ്പിന് വല്ലാത്തൊരു ഗന്ധം ആണ്..

പെട്ടെന്ന് ആഞ്ചലിന്റെ മുഖം എന്റെ മനസിലേക്ക് ഓടി വന്നു..

ഞാൻ അവളുടെ തുണികൾ ഇടക്ക് മണത്തു നോക്കി കെട്ടിപിടിച്ചു കിടക്കും.. വല്ലാത്ത ഒരു ഫീൽ ആണ്…

“ഹലോ… ഇവിടെ ഒന്നും അല്ലെ മനസ്??”

അവളുടെ ചോദ്യം എന്നെ ഉണർത്തി… ഞാൻ ഒന്ന് ചിരിച്ചു…

“ഏതാ അവൾ?”

“ങേ? ആര്?”

“അല്ല.. ഏട്ടൻ എപ്പോൾ ചിന്തിച്ചു കൊണ്ടിരുന്ന പെണ്ണ് ആരാണ് എന്ന്….?”

അവൾ ചിരിച്ചു കൊണ്ട് അത് ചോദിച്ചപ്പോൾ എനിക്ക് എന്തോ പോലെ ആയി… ഇവൾക്ക് മനസ് വായിക്കാനുള്ള കഴിവ് ഉണ്ടോ?

“മനസ് വായിക്കാൻ അറിയുമോ? “

ഞാൻ അവളോട് ചോദിച്ചു…

“ഇല്ല.. പക്ഷെ ഞാൻ കുറെ വർഷം ആയി ഡാൻസ് പഠിക്കാൻ തുടങ്ങിയിട്ട്… മുഖത്തു വരുന്ന ഭാവങ്ങൾ എനിക്കറിയാം…..”

അവൾ ചിരിച്ചു..

ഞാനും…

“ആരാണ് ആ ഭാഗ്യവതി?”

അവൾ വിടാനുള്ള ഭാവം ഇല്ല…

“ഭാഗ്യവതി ഒക്കെ ആണ്.. എന്നാലും ആരുടെയോ ഭാര്യാ ആണ് ഇപ്പോൾ…..”

ഞാൻ അവളെ നോക്കി അത് പറഞ്ഞപ്പോൾ അവളുടെ ചിരി മഞ്ഞു..

“ഓഹോ.. ആരാ തേച്ചത്?”

“രണ്ടുപേരും തേച്ചൊന്നും ഇല്ല.. അങ്ങനെ ഒരു സാഹചര്യം ആയിരുന്നു… സമയം പോലെ പറഞ്ഞു തരാം…”

“ഓ.. എനിക്ക് അതൊക്കെ കേൾക്കാൻ ഇഷ്ടമാണ്….”

“അല്ല..? ഭവതിക്ക് ആരും ഇല്ലേ അങ്ങനെ?”

ചോദിച്ചു കഴിഞ്ഞപ്പോൾ വേണ്ട എന്ന് തോന്നി..

“ഉണ്ട്….ചെറുപ്പം മുതൽക്ക് ഒരാൾ ഉണ്ട്…”

അവൾ തെല്ലു നാണത്തോടെ പറഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു നിരാശ വന്നു…

“രണ്ടും കൂടി ഇവിടെ നിന്ന് കൊഞ്ചിക്കൊ.. ബാക്കി ഉള്ളവളുടെ നടു ഒടിഞ്ഞു….”

അശരീരി പോലെ ഈ ശബ്ദം കെട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി.. ആനി.. എളിക്ക് കൈ കുത്തി കപട ദേഷ്യത്തോടെ അവൾ ഞങ്ങളെ നോക്കി നിൽക്കുന്നു..

“നീ എവിടെ ആയിരുന്നു?”

ഞാൻ അവളോട് തിരക്കി…

“ധാ.. ഈ സുന്ദരികുട്ടിക്ക് കുറച്ചു ഡ്രസ്സ് എടുക്കാൻ പോയതാണ്….”

അവൾ പാർവതിയെ ചേർത്ത് പിടിച്ചു..

“എനിക്കോ?”

അവൾ ആകാംഷയോടെ ചോദിച്ചു..

“അതെ.. നല്ല ഒരു ഡ്രസ്സ് പോലും ഇല്ല.. ഉള്ളതൊക്കെ ഡാൻസിന് ഇടാൻ പാകത്തിന്… “

ആനി അതും പറഞ്ഞു ഒരു ബാഗ് അവൾക്ക് കൊടുത്തു.. അവൾ അത് തുറന്നു നോക്കിയ ശേഷം ആനിയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി… സന്തോഷം കൊണ്ടായിരിക്കാം..

ആ കരച്ചിൽ കാണാനുള്ള ശേഷി ഇല്ലാതെ ഞാൻ പുറത്തേക്ക് നടന്നു.. എന്നാലും അവളോട് ഇത്രയൊക്കെ സംസാരിക്കാൻ പറ്റും എന്ന് എനിക്ക് അറിയില്ലായിരുന്നു..

നെഞ്ചിൽ ഒരു വേദന.. അവൾക്ക് ഒരാൾ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ മുതൽ ആണല്ലോ.. അല്ലെങ്കിലും ഞാൻ അവളെ ആഗ്രഹിച്ചിരുന്നോ? അതോ ആരാധനയോ…

ആ.. വേണ്ടാത്തതൊന്നും ആഗ്രഹിക്കണ്ട… എന്നാലും എന്റെ ഹൃദയം പിടച്ചു കൊണ്ടിരുന്നു… 

***

പിറ്റേ ദിവസം അവൾ വീട്ടിൽ വന്നു എല്ലാവരെയും വിളിച്ചു.. അവളെയും കൊണ്ട് ആനി റൂമിൽ വന്നപ്പോൾ ഞാൻ കുളിച്ചു വന്ന് ട്രിം ചെയ്ത താടി മിനുക്കുകയായിരുന്നു.. കുറച്ചു മീശയും താടിയും ട്രിം ചെയ്തു നിർത്താറുണ്ട്..

പുറകിൽ ഒരു ചിരി കേട്ടു തിരിഞ്ഞപ്പോൾ ആണ് ഇവളുമാർ റൂമിൽ വന്നത് ഞാൻ അറിഞ്ഞത്.. ഒരു ചമ്മലോടെ ഞാൻ വേഗം ബനിയൻ ധരിച്ചു..

ആനി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.. എന്നാലും കാണിച്ചില്ല..

“ശ്രീക്കുട്ടി….”

എന്ന് വിളിച്ചപ്പോൾ അവൾ ചെറുതായി ഒന്ന് നാണിച്ചു..

“പെണ്ണിന്റെ നാണം കണ്ടില്ലേ? “

എന്ന് പറഞ്ഞു ആനി അവളെ കളിയാക്കി…

“നിനക്കാണെങ്കിൽ ആ പറഞ്ഞ സാധനം ഇല്ലല്ലോ…”

ഞാൻ ആനിയെ നോക്കി പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

അതിനു ശേഷം ഭിത്തിയിൽ ഉള്ള ചിത്രങ്ങൾ ഒക്കെ ഒന്ന് നോക്കി.. ആഫ്രോഡൈറ്റിയും ഏരീസും ഒരുമിച്ചു നിൽക്കുന്ന കുറച്ചു പെയിന്റിങ്ങുകൾ ഉണ്ട്..

തല വെക്കുന്ന ഭാഗത്തു അഥീന ദേവി യുദ്ധ വേഷത്തിൽ അവളുടെ ആയുധങ്ങൾ ആയ സ്പെയർ, പിന്നെ സീയൂസിന്റെ അതി ശക്തമായ ആയുധം തണ്ടർബോൾട് കയ്യിൽ ഏന്തി നിൽക്കുന്ന ചിത്രം… 

“ഗോഡ്ഡെസ് ഓഫ് വാർ, അഥീന.. “

അവൾ അതിലേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ ഞാൻ പേര് പറഞ്ഞു കൊടുത്തു..

“മ്മ്മ്.. “ അവൾ ഒന്ന് ചിരിച്ചു..

“നീ അതൊന്നും നോക്കണ്ട.. ഇവന് പ്രാന്താണ്…”

ആനി അത് പറഞ്ഞു എനിക്കിട്ടു ഒന്ന് താങ്ങി… ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു..

പുറത്തു വന്നപ്പോൾ അച്ഛൻ അങ്ങേരുടെ ഐപാഡിൽ പബ് ജി കളിച്ചു കൊണ്ട് ഇരിക്കുന്നു..

“കൊല്ലടാ അവനെ ..”

എന്നൊക്കെ അലറുന്നുണ്ട്.. കലികാലം എന്നല്ലാതെ എന്തുപറയാൻ?

അത് കണ്ടു ചിരിച്ചു നിന്ന എന്നെ ആനി വിളിച്ചു..

“ഇവളെ ഒന്ന് കൊണ്ടുപോയി വിട് ഏട്ടാ…”

അവൾ ഏട്ടാ എന്ന് വിളിക്കുന്നത് അപൂർവം ആണ്…

ഞാൻ എതിർപ് ഒന്നും പറഞ്ഞില്ല.. എന്നാൽ അവൾക്ക് എന്ത് തോന്നും എന്ന് കരുതി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ എന്റെ ബൈക്കും നോക്കി നിൽക്കുകയാണ്…

ബുള്ളറ്റ് ആണ് നോക്കുന്നത് എന്ന് കരുതിയ എനിക്ക് തെറ്റി.. അവൾ നോക്കുന്നത് വേറൊരു വണ്ടിയിലേക്ക് ആണ്..

എനിക്കൊരു സ്പോർട്സ് ബൈക്ക് കൂടി ഉണ്ട്. കാവസാക്കി Z1000. അതങ്ങനെ അപൂർവം ആയെ എടുക്കാറുള്ളു..

അതിലേക്കാണ് അവൾ നോക്കുന്നത്..

“അത് ഓടിക്കണോ?”

ഞാൻ അവളോട് തമാശ ആയി ചോദിച്ചു..

“സാരി അല്ലെ? അല്ലെങ്കിൽ നോക്കാമായിരുന്നു…”

അവളുടെ മറുപടി കെട്ട് ഞാനും ആനിയും വാ പൊളിച്ചു…

തമാശക്ക് പറഞ്ഞതാണോ അതോ കാര്യമായി പറഞ്ഞതാണോ എന്ന് മനസിലായില്ല..

തല്ക്കാലം ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി. 1970 വണ്ടി ആണ്. അച്ഛൻ പണ്ട് വാങ്ങിയത്..

പടപടാ എന്നൊരു ശബ്ദത്തോടെ വണ്ടി കിക്കർ ചവുട്ടി ഓൺ ആക്കിയപ്പോൾ അവൾ ഒരു മടിയും കൂടാതെ ബാക്കിൽ കയറി ഇരുന്നു..

ഞാൻ വണ്ടി മെല്ലെ മുൻപോട്ടു എടുത്തു..

അന്ന് അമ്പലപ്പറമ്പിൽ വച്ച് അവളുടെ നോട്ടം കൊണ്ട് ചങ്കു മുറിഞ്ഞപ്പോൾ ഇവൾ ഇങ്ങനെ എന്റെ ബൈക്കിൽ കയറി ഇരിക്കും എന്ന് ഒരിക്കലും വിചാരിച്ചത് അല്ല..

യാത്രയിൽ ആരും ഒന്നും മിണ്ടിയില്ല.. എന്നാൽ ഞാൻ നന്നായി ആസ്വദിച്ചു..

അവളുടെ വീട്ടിൽ എത്തിയപ്പോൾ ആണ് അവിടെ ഒരു മുടി വളർത്തിയ ചെറുപ്പക്കാരൻ നിൽക്കുന്നുണ്ടായിരുന്നു.. ഒരു സിഗരറ്റും വലിച്ചു..

അവനെ കണ്ടതും പാർവതി പേടിച്ചു എന്റെ പുറകിലേക്ക് മാറി..

“ഓഹോ വന്നല്ലോ നിന്റെ പുതിയ ഇടപാട്… നീ ഇവന്റെ ഒപ്പം കിടന്നിട്ടല്ലേടീ ഇവൻ നിനക്ക് ഡാൻസ് സ്കൂൾ തുടങ്ങാൻ പൈസ തന്നത്?”

അവൾ അത് ചോദിച്ചു മുൻപോട്ടു വന്നതും കേട്ട കാര്യം അത്ര നല്ലതും അല്ലാത്തതായതു കൊണ്ടും അവൻ എടുത്തടിച്ചതു പോലെ അവരുടെ ഭിത്തിയിൽ അടിച്ചു നിലത്തു വീണു..

എന്റെ ചവിട്ട് അവന്റെ നെഞ്ചിൽ തന്നെ ആണ് കൊണ്ടത്..

ഞാൻ അവന്റെ അടുത്ത് ചെന്നു വലിച്ചു പൊക്കി മുഷ്ടി ചുരുട്ടി

“അനാവശ്യം പറയുന്നോ നായെ?”

എന്ന് ചോദിക്കലും അവൾ ഓടി വന്നു എന്നെ പിടിച്ചു.. അത് കൊണ്ട് മാത്രം ഇടിച്ചില്ല..

അവളുടെ അമ്മ ഓടി വന്നു…

അവൻ നന്നായി കള്ളു കുടിച്ചിട്ടുണ്ടായിരുന്നു.. മെല്ലെ കൈ കുത്തി എണീറ്റ് അവൻ അവളെ രോഷത്തോടെ നോക്കി..

“നിന്റെ അനാശാസ്യം ഞാൻ നാട്ടിൽ പാട്ടാക്കും.. .. നിന്നെ ആരെങ്കിലും കെട്ടുന്നത് എനിക്കൊന്നു കാണണം..”

അവൻ അതും പറഞ്ഞു അവന്റെ ആർഎക്സ് 100 സ്റ്റാർട്ട് ആക്കി പോയി.. അതിനിടയിൽ എന്നെ രൂക്ഷം ആയി നോക്കി..

“എന്തിനാ മോനെ അവനെ അടിച്ചേ? അവൻ എന്റെ കൊച്ചിന്റെ ജീവിതത്തിൽ എന്നും തടസം ആണ്.. ഇനി ഇപ്പോൾ ഇതും കൂടി ആയാൽ?”

അവർ   ഉമ്മറത്ത് ഇരുന്നു.. ഞാൻ ഒന്നും മനസിലാകാതെ പാർവതിയെ നോക്കി.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു..

“ആരാ അമ്മെ അവൻ?”

ഞാൻ സഹി കെട്ട് ചോദിച്ചു..

“എന്റെ പെങ്ങളുടെ മകൻ ആണ്. കഞ്ചാവും പെണ്ണുകേസും അടിപിടിയും ഒക്കെ ആയി നടക്കുന്നവൻ ആണ്..

അവനു ഇവളെ വേണം എന്ന്.. ഇവളുടെ കല്യാണം എത്ര വട്ടം മുടക്കി അറിയുമോ? ഇനി ഇതൊക്കെ നാട്ടിൽ മൊത്തം പറഞ്ഞു ആരെങ്കിലും ഈ വഴിക്ക് വരുമോ?”

എനിക്ക് കുറ്റബോധം തോന്നി.. അടിക്കണ്ടായിരുന്നു.. എന്നാലും..

“നിനക്ക് ഞാൻ അവനെ അടിച്ചതിൽ തെറ്റായിപ്പോയി എന്ന് തോന്നിയോ?”

ഞാൻ പാർവതിയെ നോക്കി..

“ഒരു തെറ്റും ഇല്ല.. അമ്മക്ക് വലുത് എന്റെ കല്യാണം ആയിരിക്കും.. എന്നാൽ എനിക്ക് എന്റെ അഭിമാനം ആണ് വലുത്.. കുറഞ്ഞു പോയി കൊടുത്തത്… “

അതും പറഞ്ഞു അവൾ അകത്തേക്ക് കയറി പോയി..

അവർ കരച്ചിൽ നിർത്തി അവളെ അതിശയിച്ചു നോക്കി…

“അവൻ അത്ര മോശം കാര്യം ആണ് പറഞ്ഞത് അമ്മെ…”

അവർ ഒന്നും പറഞ്ഞില്ല.. ഞാൻ കുറ്റബോധത്തോടെ തിരിച്ചു നടന്നു ബൈക്കിൽ കയറി..

ഉടൻ പാർവതി ഓടി വന്നു..

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..

“നന്ദി… പ്രതികരിച്ചതിന്….” അവൾ അത് പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു..

“അവൻ ഇനി ശല്യപെടുത്തില്ല… “

ഞാൻ അതും പറഞ്ഞു ബൈക്ക് എടുത്തു.. എന്റെ ഉള്ളിൽ ഞാൻ ഒതുക്കി വച്ച ഒരു സ്വഭാവം ഉണ്ട്.. വന്യമായ ഒരുത്തൻ..

ഞാൻ വെടിച്ചില്ലു പോലെ ബുള്ളറ്റ് പായിച്ചു.. അവനെ തപ്പി എങ്കിലും കിട്ടിയില്ല… നിരാശയോടെ ഞാൻ വീട്ടിൽ എത്തി..

ആനി അടുക്കളയിൽ എന്തോ ചെയ്യുകയായിരുന്നു.. ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു റൂമിൽ കൊണ്ടുപോയി കതകടച്ചു..

“എന്താടാ? എന്ത് പറ്റി?”

ഞാൻ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു.. അവൾ തലക്ക് കൈ കൊടുത്തു അവിടെ ഇരുന്നു..

അവൾ ഫോൺ എടുത്തു അവളെ വിളിച്ചു.. കുറച്ചു നേരം സംസാരിച്ച ശേഷം അവൾ ഫോൺ വച്ചു..

“ഡാ അവൾക്ക് പ്രോബ്ലം ഒന്നും ഇല്ല.. നിന്നോട് സങ്കടപെടണ്ട എന്ന് പറഞ്ഞു… “

“മ്മ്മ്.. എന്നാലും ഇനി ഞാൻ കാരണം അവളുടെ കല്യാണം എങ്ങാനും മുടങ്ങിയാൽ?”

“അതൊന്നും അവൾ പറഞ്ഞില്ല. അവളുടെ കല്യാണം അവൻ മുടക്കിയിട്ടുണ്ട്… അവനു വേണം പോലും അവളെ…”

“അവനെ ഞാൻ തപ്പി.. കിട്ടിയില്ല..”

ഞാൻ ദേഷ്യത്തോടെ ഭിത്തിയിൽ ഇടിച്ചു പറഞ്ഞു… അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“നിനക്ക് അവളെ ഇഷ്ട്ടം ആണ് അല്ലെ?” അവളുടെ ചോദ്യം

“ആണെങ്കിലും അതിൽ കാര്യം ഒന്നും ഇല്ല.. അവൾക്ക് വേറെ ആരോ ഉണ്ട്…”

ഞാൻ അത് പറഞ്ഞു ചിരിച്ചപ്പോൾ ആനിയുടെ മുഖം ഒരു നിമിഷം മ്ലാനം ആയി..

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ശിവപാർവതി – ഭാഗം 3”

Leave a Reply

Don`t copy text!