ശിവപാർവതി – ഭാഗം 4

1330 Views

shivaparvathi novel

“നിനക്ക് അവളെ ഇഷ്ട്ടം ആണ് അല്ലെ?” അവളുടെ ചോദ്യം

“ആണെങ്കിലും അതിൽ കാര്യം ഒന്നും ഇല്ല.. അവൾക്ക് വേറെ ആരോ ഉണ്ട്…”

ഞാൻ അത് പറഞ്ഞു ചിരിച്ചപ്പോൾ ആനിയുടെ മുഖം ഒരു നിമിഷം മ്ലാനം ആയി..

***

അവളുടെ ഡാൻസ് സ്കൂൾ ഉദ്ഘടനം നന്നായി നടന്നു… അവൾ ഒത്തിരി നന്ദി പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നി..

***

ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് അവിടം വരെ പോയി.. അവൾക്ക് കുറച്ചു കുട്ടികളെ കിട്ടിയിട്ടുണ്ട്.. ഞാൻ ചെന്നപ്പോൾ അവൾ അടക്കാൻ തുടങ്ങുകയായിരുന്നു..

“ടീച്ചറെ.. എന്തൊക്കെ ഉണ്ട് വിശേഷം….”

“സുഖം ആയി പോകുന്നു സാറെ…”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

“സാറോ?”

“ങേ എന്താ ടീച്ചറോ?”

“ഓഹോ ആക്കിയതാണല്ലേ?”

“ഏയ് ഞാൻ അങ്ങനെ ചെയ്യുമോ? ശ്രീക്കുട്ടി എന്നൊരു പേര് ഉണ്ടല്ലോ എനിക്ക്….”

“അതിനു നിന്നെ കണ്ടാൽ കുട്ടി ആയി തോന്നുന്നില്ല… അതാ….”

“ഓഹോ.. അപ്പോൾ എന്തായിട്ടാണ് തോന്നുന്നത്?”

“ദേവി…”

അവൾ ഒന്ന് നിശബ്ദം ആയി.. കണ്ണുകൾ പിടച്ചു…

“ദേവിയോ?”

അവൾ അവിശ്വാസത്തോടെ ചോദിച്ചു…

“മ്മ്മ് സാക്ഷാൽ പാർവതി ദേവി…”

അവൾ എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി.. എന്റമ്മേ.. എന്റെ ഹൃദയം നിലച്ചത് പോലെ..

“കളിയാക്കുവാ.. അല്ലെ?”

“അല്ല.. എന്നാൽ അതെ…”

ഞാൻ ചിരിയോടെ പറഞ്ഞു..

“ദുഷ്ടൻ… ചുമ്മാ പ്രതീക്ഷ തന്നു…”

അവൾ അത് പറഞ്ഞു പൊട്ടിച്ചിരിച്ചു.. എനിക്കും ചിരി വന്നു…

അവളുടെ വെളുത്ത പല്ലുകളിൽ നീണ്ട രണ്ടെണ്ണം കാണാൻ നല്ല രസം ഉണ്ട്.. അവൾ ചിരിക്കുമ്പോൾ..

ഞാൻ ഡോർ അടച്ചു..

“എന്നെ ഒന്ന് ടൗണിൽ കൊണ്ടുപോകുമോ?”

“എന്തിനാ ചോദിക്കുന്നത്.. വാ…”

ഞാൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു.. അവൾ വേഗം വന്നു കയറി.. ഞാൻ മെല്ലെ വണ്ടി എടുത്തപ്പോൾ അവളുടെ ഒരു കൈ എന്റെ തോളിൽ അമർന്നു..

എന്റെ മനസ്സിൽ അതൊരു കുളിർ നിറച്ചു..

“ടൗണിൽ എങ്ങോട്ടാ?”

“തുണിക്കടയിൽ…അമ്മക്ക് ഒരു സാരി, അച്ഛന് ഒരു മുണ്ടും ഷർട്ടും… “

“അപ്പൊ തനിക്ക് ഒന്നും വേണ്ടേ?”

“അത് പിന്നെ വാങ്ങാം..

ആ പൈസ ഞാൻ ഏട്ടന് തരാൻ വേണ്ടി ഒരു അക്കൗണ്ടിൽ ഇട്ടോളാം.. ഇപ്പൊ തന്നെ പൈസ ഒരു പാട് ആയില്ലേ… എന്നയാലും തിരിച്ചു തരേണ്ടെ…”

“ആ പൈസ നിന്റെ മറ്റവന് കൊടുത്തോ…

അല്ല പിന്നെ.. അകെ ഒരു ആഴ്ചയേ ആയുള്ളൂ.. അപ്പോഴേക്കും പെണ്ണ് തുടങ്ങി….”

“മറ്റവനോട് തന്നെയാണ് പറഞ്ഞത്…”

അവൾ ശബ്ദം താഴ്ത്തി പറഞ്ഞു… എന്നാൽ ഞാൻ അത് കേട്ടു.. എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു.. വണ്ടി ഒന്ന് പാളി…

അവൾ തോളിൽ ഒന്ന് കൂടി അമർത്തി പിടിച്ചു..

“എന്താ പറഞ്ഞെ?”

ഞാൻ ഒന്ന് കൂടി ചോദിച്ചു…

“മറ്റവന് കൊടുക്കാൻ മാറ്റി വച്ചിട്ടുണ്ട് എന്ന്…”

ഒരു കുണുങ്ങി ചിരി ഒപ്പം… എനിക്ക് അകെ കൺഫ്യൂഷൻ ആയി.. എന്നെ ഇവൾ വട്ടു കളിപ്പിക്കുകയാണ്..

ഇവൾക്ക് ഒരു ആൾ ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ..

ഞാൻ കല്യാൺ സിൽക്സിലേക്ക് വണ്ടി വിട്ടു..

“അയ്യോ.. ഇത് വലിയ കട അല്ലെ?”

“അതിനെന്താ? ഇവിടെ എല്ലാ വിലയുടേതും കിട്ടും…”

“മ്മ്മ്..  എനിക്ക് പേടി ആണ്…”

“ഞാൻ വരാം….”

“സത്യം? “

“അല്ല നുണ.. ഇറങ്ങു പെണ്ണെ…”

“അയ്യോ സോറി.. “

അവൾ ചാടി ഇറങ്ങിയതും അവളുടെ ബാലൻസ് പോയി.. എന്നാലും നേരെ നിന്നു..

എനിക്ക് ചിരി വന്നു.. അവൾ എന്നെ നോക്കി ചുണ്ടു കോട്ടി..

അകത്തു കയറി സാരി സെക്ഷനിൽ ചെന്നു. അവൾ അവളുടെ അമ്മക്ക് ഒരു സാരി വാങ്ങി.. ഞാൻ ഒരു സാരി തിരഞ്ഞു..

“ആർക്കാ സാരി?”

അവൾ എന്നോട് ചോദിച്ചു..

“ആനിക്ക്.. നീ ഒന്ന് സെലക്ട് ചെയ്തു തരുമോ?”

“ഓഓഓ…”

അവൾ തിരഞ്ഞു ഒരു കിളിപ്പച്ച സാരി എടുത്തു.. അവളുടെ നെഞ്ചിൽ വച്ച് നോക്കി ഉറപ്പിച്ചു..

അതിനു ബ്ലൗസ് പീസും എടുത്തു. അത് വേറെ പാക്ക് ചെയ്തു ബില് ആക്കാൻ ഞാൻ പറഞ്ഞു..

അവൾ അച്ഛനുള്ള സാധനങ്ങൾ കൂടി എടുത്തു.. അവളുടെ ബില്ല് അവൾ തന്നെ ആണ് കൊടുത്തത്.. അഡ്വാൻസ് കിട്ടിയ പൈസ എങ്ങാണ്ടു ആണ്..

ഞാൻ എന്റെ ബില് കാർഡ് എടുത്തു കൊടുത്തു..

പുറത്തിറങ്ങി..

“ഞാൻ പോട്ടെ?”

“എങ്ങോട്ട്?”

അവൾ എന്നെ കൂർപ്പിച്ചു നോക്കി..

“നീ കയറു.. ഒരു ചായ കുടിക്കാം… “

“മ്മ്മ്.. “

അവൾ വേഗം കയറി..

നേരെ ഇന്ത്യൻ കോഫി ഹൗസിൽ.. അവിടെ ഇരുന്നു ഞാൻ രണ്ടു മസാല ദോശ പറഞ്ഞു. രണ്ടു ചായയും..

അവൾ ചിരിച്ചു.. മസാല ദോശ മിക്ക പെൺപിള്ളേരുടെയും ഒരു വീക്ക്നെസ് ആണല്ലോ…

അവൾ അത് ആസ്വദിച്ചു കഴിച്ചു.. ഞാനും ആദ്യമായി ആണ് ഒരു പെണ്ണിന്റെ ഒപ്പം ഇരുന്നു മസാല ദോശ കഴിക്കുന്നത്..

“ഇനി വേണോ?”

അവൾ ചട്ണി വിരലിൽ തൊട്ടു നീളൻ നാക്കു വച്ച് നക്കി നോക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു.

“പിന്നെ മതി…”

അവൾ ഒരു ചിരിയോടെ പറഞ്ഞു..

ബില് കൊടുത്തു ഞാൻ അവളെ ഒരു ഓട്ടോയിൽ കയറ്റി വിട്ടു.

“ഇനി ഞാൻ ബൈക്കിൽ കൊണ്ടുവിട്ടു ആരെങ്കിലും എന്തെങ്കിലും പറയേണ്ട…”

ഞാൻ ചിരിയോടെ അത് പറഞ്ഞു..

“പറഞ്ഞാലും എനിക്ക് കുഴപ്പമൊന്നും ഇല്ല…”

ഓട്ടോ നീങ്ങി തുടങ്ങിയപ്പോൾ അവൾ തല പുറത്തിട്ട് പറഞ്ഞു..

ഇവൾക്ക് എന്താ ഇത് ദൈവമേ എന്ന് സ്വയം ചോദിച്ചു ഞാൻ ബൈക്കിൽ കയറി..

വീട്ടിലേക്ക് വിട്ടു. പകുതി ദൂരം ആയപ്പോൾ ഫോൺ ശബ്‌ദിച്ചു..

വണ്ടി ഒതുക്കി നിർത്തി ഫോൺ എടുത്തു നോക്കി..

പാർവതി..

അവൾ വിളിക്കുന്നത് എന്തിനാണ് എന്ന് എനിക്ക് നന്നായി അറിയാം..

ഞാൻ ഫോൺ എടുത്തു..

“ഏട്ടാ എവിടെയാ?”

“എന്താ ശ്രീമോളെ?”

“അതെ.. ഈ സാരി എന്റെ കയ്യിൽ…”

“ഏത് സാരി?”

“ഛെ.. ആനി ചേച്ചിക്ക് വാങ്ങിയ സാരി? ഇത്ര വേഗം മറന്നോ?”

“ഓഹോ അതോ.. അത് ആനിക്ക് വാങ്ങിയതല്ല…”

“പിന്നെ? “

“പാർവതി എന്ന് പേരുള്ള ഒരാൾക്ക്…”

അത് പറഞ്ഞു തീരാലും മറുവശത്തു നിശബ്ദത… അവൾ ഒന്നും മിണ്ടുന്നില്ല..

“അല്ല.. എനിക്ക്.. ഞാൻ…” അവൾ വിക്കി..

“വേഗം വീട്ടിൽ പോ പെണ്ണെ നിന്ന് കൊഞ്ചാതെ…”

അതും പറഞ്ഞു ഞാൻ ഫോൺ വച്ചു..

നേരെ വീട്ടിലേക്ക് വിട്ടു.. അവളുടെ മുഖഭാവം എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു..

വീട്ടിൽ എത്തി ഒരു കുളി കഴിഞ്ഞു ഞാൻ പുറത്തെ റോസാപൂക്കളുടെ അടുത്ത് വന്നു ഇരുന്നു.. നല്ല രസം ആണ് പൂക്കളുടെ അടുത്ത് ഇരിക്കാൻ..

ഫോണിൽ ഒരു മെസ്സേജ് വന്നു.. ഞാൻ അത് തുറന്നു നോക്കി..

എന്റെ ഹൃദയം പിടച്ചു പോയി.. ആ പച്ച സാരി അണിഞ്ഞു പാർവതി ഒരു ഫോട്ടോ എടുത്തു അയച്ചിരിക്കുന്നു.. കറുത്ത ബ്ലൗസ് ആണ് ഇട്ടിരിക്കുന്നത്.. എന്നാലും എന്തൊരു ഭംഗി…

ഞാൻ ആ ഫോട്ടോ നോക്കി ഇരിക്കുന്നത് കണ്ടാണ് അച്ഛൻ വന്നത്..

“ഇതാരാ? ആ പാർവതി അല്ലെ ഇത്?”

“അതെ പപ്പ…”

“നല്ല കുട്ടി.. അല്ലെ?”

“അതെ…”

“നിനക്ക് അവളോട് എന്തോ ഒരു സോഫ്റ്റ് കോർണർ ഉണ്ടല്ലോ…?”

“ങേ.. ഏയ് അങ്ങനെ ഒന്നും ഇല്ല…”

“ഡാ മോനെ.. ഞാൻ ഇരുപതാം വയസിൽ അങ്ങ് പാരിസിൽ പോയതാണ്..

പല പെണ്ണുങ്ങളെയും കണ്ടിട്ടുണ്ട്.. എന്നാലും നിന്റെ അമ്മയെ കണ്ടപ്പോൾ പിടിച്ചു അങ്ങ് കെട്ടി… അതാണ്.. ഇഷ്ട്ടം തോന്നിയാൽ വിടരുത്.. മാധവികുട്ടി പറഞ്ഞത് പോലെ ഇഷ്ടമുള്ളതിനെ ഫ്രീ ആക്കി വിട്ടാൽ വേറെ ആൺപിള്ളേര് കൊണ്ട് പോകും..”

എനിക്ക് ചിരി വന്നു.. ഈ പപ്പയുടെ ഒരു കാര്യം..

“എന്നാലും നിന്റെ അമ്മ ഭദ്രകാളി ഇങ്ങോട്ടു ഒരു ഹിന്ദുപെണ്ണിനെ കൊണ്ടുവരാൻ സമ്മതിക്കില്ല..”

അതെനിക്കും അറിയാം.. അതിപ്പോൾ അവളുടെ വീട്ടിലും അങ്ങനെ ആയിരിക്കും..

“അമ്മയെ നമുക്ക് നാടുകടത്താം പപ്പ…”

ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചു..

“എന്നിട്ടു വേണം എനിക്കൊരു ഫിലിപ്പൈൻസ് കാരിയെ കെട്ടാൻ… നീ അതിനുള്ള കാര്യം നോക്ക്…”

പപ്പ ഉഷാർ ആയി..

“ദേ മനുഷ്യ.. എന്നൊക്കൊണ്ടൊന്നും പറയിപ്പിക്കരുത്… അപ്പനും മോനും കൂടിയാൽ പിന്നെ കണക്കാണ്..”

അയ്യോ അമ്മ.. ഇതെവിടെ നിന്ന് വന്നു?

പപ്പ അകെ പെട്ടു.. വേഗം ഫോൺ കയ്യിൽ എടുത്തു പുറത്തേക്ക് പോയി.. അമ്മ എന്റെ നേരെ തിരിയുന്നതിനു മുൻപേ ഞാനും ഓടി…

***

റൂമിൽ കിടന്നു ടീവിയിൽ vh1  കാണുമ്പോൾ ആണ് ആനി വന്നത്..

“എന്റെ സാരി എവിടെ?”

“ഏത് സാരി?”

“അല്ല.. എനിക്കാണെന്ന് പറഞ്ഞു നീ അവളെ കൊണ്ട് വാങ്ങിപ്പിച്ച സാരി?”

“ഓ അതോ.. അപ്പോഴേക്കും വിളിച്ചു അറിയിച്ചോ? നീയാരാ അവളുടെ ചേച്ചിയോ?”

“അതെ.. ചേച്ചി തന്നെയാണ്.. സംശയം ഉണ്ടോ?”

“ഇപ്പൊ ഞാൻ ആരായി ശശിയോ?

എന്റെ കണ്ണ് ടീവിയിലേക് പോയി..

“നീ ഈ ഇംഗ്ലീഷുകാരികൾ കുലുക്കുന്നതും കണ്ടു കൊണ്ടിരുന്നോ.. കെട്ടിച്ചു വിടാൻ സമയം ആയി എന്ന് അമ്മയോട് പറയട്ടെ..”

അവൾ ദേഷ്യപ്പെട്ട് റൂമിൽ നിന്നും പോയപ്പോൾ എനിക്ക് ചിരി വന്നു.. കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോൾ പാർവതിയുടെ മുഖം ആണ് മനസ്സിൽ വന്നത്… നെഞ്ചിൽ എന്തോ ഒരു വേദന വന്നു…

ഒരിക്കലും സ്വന്തമാകാത്ത ഒരു സ്വപ്നംപോലെ അവൾ..

***

ഇടക്ക് പാർവതിയെ കാണാറുണ്ടായിരുന്നു.. അതുപോലെ ചെറിയ ഫോൺ വിളികളും തുടങ്ങി.. ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു..

“അന്ന് ഒരാൾ ഉണ്ടെന്നു പറഞ്ഞില്ലേ? ആരാ അത്..”

“പേര് പറയുന്നില്ല.. ഒരാൾ ഉണ്ട്.. ചെറുപ്പം മുതലേ ഉള്ള ഇഷ്ട്ടം ആണ്.. പിരിയില്ല..”

എനിക്ക് വല്ലാത്ത സങ്കടം തോന്നി.. എന്തിനാ എന്നറിയില്ല.. എന്നാലും അവൾക്ക് ഒരാളെ ഇഷ്ടമാണെന്നു ആലോചിക്കുമ്പോൾ വരുന്ന ഒരു പിടപ്പ്..

ഇപ്പൊ ദേ അത് കൂടി..

“കണ്ടാൽ ആരും നോക്കും.. അത്ര പൗരുഷം ആണ് .. നല്ല പൊക്കം.. പിന്നെ ക്രിസ് ഹെംസ്വോർത് ഇല്ലേ? ഇംഗ്ലീഷ് നടൻ…?”

“മ്മ്മ് അറിയാം..”

“അങ്ങേരെ പോലെ ആണ് ബോഡി.. “

അത് കേട്ടപ്പോൾ എനിക്ക് അസൂയ കൂടി…

“പിന്നെ മുടി.. തിക്ക് മുടി തോൾ വരെ ഉണ്ടാകും..”

അവൾ കൂടുതൽ വർണിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ദേഷ്യം വന്നു..

“നിർത്തുന്നുണ്ടോ? ഞാൻ ചോദിച്ചോ അവന്റെ വിശേഷം?”

“ഉവ്വല്ലോ.. ഏട്ടൻ അല്ലെ ചോദിച്ചേ ആരാണ് എന്ന്?”

“അത്.. ഞാൻ.. അഹ് മതി.. നിനക്ക് ഒരാൾ ഉണ്ട് അവനെ മാത്രം മതി.. വച്ചിട്ടു പോ…!”

എനിക്ക് ദേഷ്യം വന്നു ഞാൻ ഫോൺ കട്ട് ആക്കി..

ഫോൺ അടുത്തുള്ള ബിൻ ബാഗിലേക്ക് എറിഞ്ഞു ഞാൻ കണ്ണാടിയുടെ മുൻപിൽ പോയി നിന്നു…

കണ്ണ് നിറഞ്ഞിരിക്കുന്നു.. ഇതെങ്ങനെ? ഞാൻ അവളെ ഇഷ്ടപെടുന്നുണ്ടോ?

എല്ലാം അറിഞ്ഞിട്ടും അങ്ങനെ ഒരു ഇഷ്ട്ടം തോന്നിയെങ്കിൽ അതെന്റെ തെറ്റല്ലേ?

എനിക്ക് വല്ലാതെ ദേഷ്യം വന്നു.. സത്യം പറഞ്ഞാൽ ഒരു പെണ്ണിനെ സ്നേഹിക്കണം എന്ന് കൊതി തോന്നുന്നു…

അവളെ ചേർത്ത് പിടിച്ചു അവളുടെ ചെഞ്ചുണ്ടിൽ മുത്തുന്നതും.. കെട്ടിപിടിച്ചു വണ്ടിയിൽ പോകുന്നതും.. അവൾ സ്നേഹത്തോടെ ഭക്ഷണം വായിൽ വച്ച് തരുന്നതും…

മഴ പെയ്യുന്ന രാത്രിയിൽ അവളെ ചേർത്ത് പിടിച്ചു ബ്ലാങ്കറ്റിന്റെ ഉള്ളിൽ അവളുടെ കഴുത്തിൽ മുഖം ചേർത്ത് കിടക്കുന്നതും..

ഒരുമിച്ചു പോയി മഴ നനയുന്നതും..

തണുക്കുന്നു എന്ന് പറഞ്ഞു അവൾ എന്റെ നെഞ്ചിലേക്ക് ചായുന്നതും ഞാൻ ഒന്ന് ആലോചിച്ചു നോക്കി…

എന്തൊരു രസം ആയിരിക്കും?

ഞാൻ ഭിത്തിയിലേക്ക് നോക്കി..

ആഫ്രോഡൈറ്റി വല്ലാത്തൊരു ലാസ്യ ഭാവത്തോടെ നിൽക്കുന്നു… ഞാൻ അവളുടെ അടുത്ത് ചെന്നു…

“ആ അരപ്പട്ട ഒന്ന് കടം തരുമോ ദേവി? അതാകുമ്പോൾ നല്ലൊരു കുട്ടിയുടെ അടുത്ത് പോയി അതങ്ങു ഇട്ടാൽ അവൾക്ക് എന്നോട് പ്രേമം തോന്നില്ലേ? “

“അപ്പൊ നിനക്ക് പാർവതിയെ വേണ്ടേ?”

ങേ? ഇതാര്? ഞാൻ തിരിഞ്ഞു നോക്കി.. അഥീന എങ്ങാനും ആണോ? ഏയ് അല്ല.. അല്ല.. ആനി ആണ്..

“നീയെന്താ ശവമേ ഇവിടെ?”

എനിക്ക് പിന്നെയും ദേഷ്യം വന്നു..

വാതിൽ പടിയിൽ ചാരി ഇളിച്ചു കൊണ്ട് നിൽക്കുന്ന അവൾ ഇതൊക്കെ കേട്ടിരിക്കുന്നു… എന്റെ ചോദ്യം കൂടെ കേട്ടതോടെ അതൊരു പൊട്ടിച്ചിരി ആയി മാറി..

ഞാൻ നിസഹായതയോടെ അവളെ നോക്കി..

സംഗതി ഒത്തിരി കളിയാക്കുമെങ്കിലും അവൾ എന്റെ ജീവൻ ആണ്..

ഒരുപക്ഷെ എന്റെ അമ്മയെക്കാളും ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്.. അവളുടെ കണ്ണെങ്ങാനും നിറഞ്ഞാൽ എന്റെ ചങ്കു പൊട്ടും..

അതുകൊണ്ടു സഹിക്കുക തന്നെ…

എനിക്ക് ശരിക്കും പ്രാന്ത് ആയി..

ഞാൻ വേഗം ഒരു ജീൻസും ബനിയനും ഇട്ടു അതിന്റെ മുകളിൽ കാവസാക്കി ജാക്കറ്റും ഇട്ടു. വാലറ്റ് എടുത്തു ജീൻസിന്റെ പോക്കറ്റിൽ തിരുകി..

ഒരു സ്പോർട്സ് ഷൂസും എടുത്തിട്ട് ബൈക്കിന്റെ താക്കോൽ എടുത്തു.. കാവസാക്കി z1000 കീ ആണ് എടുത്തത്..

ഫോണും എടുത്തു പോക്കറ്റിൽ ഇട്ടു..

ഞാൻ ആനിയെ തള്ളി മാറ്റി പുറത്തു വന്നു വണ്ടി മൂടിയിരുന്ന കവർ വലിച്ചു പൊക്കി മാറ്റി ഇട്ടു.. വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു..

വല്ലാത്ത മുരൾച്ചയോടെ വണ്ടി സ്റ്റാർട്ട് ആയപ്പോൾ ഞാൻ അത് മുൻപോട്ടു പായിച്ചു..

കുറെ നാളായി ഇത് ഓടിച്ചിട്ടു… ഞാൻ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ വിട്ടു.. എങ്ങോട്ട് എന്നൊന്നും ഇല്ലാതെ ഒരു പോക്ക്..

അവസാനം ഏതോ ഒരു മൊട്ടകുന്നിൽ എത്തി അവിടെ വണ്ടി നിർത്തി ഇറങ്ങി.. ഒരു പാറയുടെ മുകളിൽ കയറി ഇരുന്നു..

ഞാൻ ഇപ്പൊ കാണിച്ചു കൂട്ടിയത് എന്താണ്? എനിക്ക് തന്നെ പിടുത്തം ഇല്ല.. ചെറിയ പിള്ളേരെ പോലെ.. അയ്യേ.. എനിക്ക് തന്നെ നാണക്കേട് തോന്നി…

സത്യത്തിൽ ഈ പ്രേമം ഒരു പ്രാന്ത് ആണ്..

യുദ്ധം കഴിഞ്ഞു ചോരയിൽ കുളിച്ചു വിശ്രമിക്കാൻ ഇരുന്ന ഏരീസിനെ ആഫ്രോഡൈറ്റി കണ്ടപ്പോൾ അവൾക്ക് വല്ലാത്ത പ്രേമം തോന്നി..

അവൾ മുൻപോട്ടു ചെന്നു അവനെ വൃത്തിയാക്കാൻ സഹായിച്ചപ്പോൾ ഏരീസിനു അത്ഭുതം ആയിരുന്നു.. എല്ലാവരും ഭയപ്പെടുന്ന എന്റെ അരികിലേക്ക് വന്ന ദേവതയെ കൗതുകത്തോടെ നോക്കിയ അവന്റെ ഉള്ളിൽ പ്രേമം ജനിച്ചു..

അതാണല്ലോ ആഫ്രോഡൈറ്റിയുടെ കഴിവും…

അതാണ് പ്രേമം.. ഭർത്താവുണ്ടായിട്ടും, പ്രേമത്തിന്റെയും വികാരത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവത ആയിട്ടു കൂടി അവൾക്ക് ഈ പ്രേമം നിഷേധിക്കാൻ ആയില്ല…

ആരെയും പ്രാന്തൻ.. പ്രാന്തി ആക്കുന്ന പ്രേമം.. എനിക്ക് ചിരി വന്നു..  ചിരിച്ചു… ഉച്ചത്തിൽ..

“എന്താ മാഷെ ഒറ്റക്ക് ഇരുന്നു ചിരിക്കുന്നത്? “

വേറൊരു കിളിനാദം…ഇനി ആഫ്രോഡൈറ്റി വന്നോ?

ഞാൻ തിരിഞ്ഞു നോക്കി..

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply