Skip to content

ശിവപാർവതി – ഭാഗം 6

shivaparvathi novel

“എന്നാലും അവളെ അനിയത്തി എന്നൊക്കെ വിളിച്ചാൽ എങ്ങനെ ശരിയാകും?”

“ആ ഇനി മുതൽ അനിയത്തി തന്നെ ആണ്…”

ഞാൻ അതും പറഞ്ഞു അകത്തേക്ക് നടന്നു റൂമിൽ കയറി..

***

റൂമിൽ കയറി പത്തു മിനുട് കഴിഞ്ഞില്ല.. പാർവതി വിളിക്കുന്നു…

“എന്താ അനിയത്തി?”

“ഏട്ടാ..? എന്താ ഇത്? എന്തിനാ അനിയത്തി എന്ന് വിളിക്കുന്നത്?”

“പിന്നെ നീ എന്റെ അനിയത്തി അല്ലെ? ആനിക്ക് നീ അനിയത്തി ആണല്ലോ?”

“അത്.. ഏട്ടാ വേണ്ട.. അങ്ങനെ വിളിക്കണ്ട…”

“അതെന്താ? നിന്റെ മറ്റവൻ പറഞ്ഞോ ഞാൻ നിന്റെ ചേട്ടൻ അല്ല എന്ന്?”

“പറഞ്ഞു…”

“എന്ത് പറഞ്ഞു എന്ന്? ആരാ നിന്റെ ഈ മറ്റവൻ? ഞാൻ കല്യാണം നടത്തി തരട്ടെ?”

“കല്യാണം നടത്താൻ ഇയാൾ എന്താ ബ്രോക്കർ ആണോ.. പോ അവിടുന്ന്….കള്ളും കുടിച്ചു കല്യാണം നടത്താൻ നടക്കുന്നു…”

അതും പറഞ്ഞു അവൾ ഫോൺ കട്ട് ആക്കി…

എനിക്ക് ചിരി വന്നു.. ഞാൻ ഫോണും മാറ്റി വച്ച് ചുരുണ്ടു കിടന്നു ഉറങ്ങി…

രാത്രി അമ്മ വന്നു വിളിച്ചപ്പോൾ ആണ് ബോധം വന്നത്..

“കഴിക്കാൻ വാടാ…”

“മ്മ്മ്..”

ഞാൻ വേഗം കുളിച്ചു ഒരു മുണ്ട് എടുത്തു ചുറ്റി ഒരു ബനിയനും ഇട്ടു ചെന്നു..

എല്ലാവരും മേശയിൽ ഉണ്ട്.. ഞാനും ഇരുന്നു ചപ്പാത്തിയും ചിക്കൻ കറിയും എടുത്തു..

“എന്നാലും നീ ചെയ്തത് ശരി ആയില്ല..”

പപ്പ ആണ്..

“എന്താ പപ്പ?”

“നീ എന്നെ കൂട്ടാതെ ബാറിൽ പോയില്ലേ..? “

എനിക്ക് ചിരി വന്നു.. അമ്മയും അനിയത്തിയും തലയിൽ കൈ വച്ച് പപ്പയെ നോക്കി ചിരിച്ചു..

“ഇങ്ങനെ ഒരു അപ്പനും മോനും….”

***

പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോൾ എന്നെ പാർവതി വിളിച്ചു..

“പെങ്ങളെ.. എന്താ വിശേഷം?”

അപ്പുറം മൗനം…

“പെങ്ങളെ വേറെ ആരെങ്കിലും ശല്യം ചെയ്തോ?”

വീണ്ടും മൗനം…

“നിന്റെ നാവ് ഇറങ്ങി പോയോഡീ കോപ്പേ?”

“ആഹാ.. ഇത് കൊള്ളാം.. “

“എന്ത് കൊള്ളാം എന്ന്? “

“എന്ത് വേണമെങ്കിലും വിളിച്ചോ അനിയത്തി ഒഴികെ…”

“നീ എന്റെ അനിയത്തി തന്നെ ആണ്…”

“ഏട്ടൻ കാര്യമായിട്ടാ?”

“അല്ലാതെ പിന്നെ? നിനക്ക് ഒരുത്തൻ ഉണ്ടല്ലോ.. അപ്പൊ എന്നെപോലെ ഒരു ചേട്ടൻ വേണ്ടേ നിനക്ക്?”

“ഒന്ന് കാണാൻ പറ്റുമോ?”

“എന്തിന്?”

“പ്ളീസ്?”

“മ്മ്മ്.. ഇന്നോ?

“അതെ.. അഞ്ചു മണിക്ക് സ്കൂളിൽ വരാമോ?”

“ശരി പെങ്ങളെ…”

എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു.. എനിക്ക് ചിരി വന്നിട്ട് വയ്യായിരുന്നു…

ഇവൾക്ക് എന്തിനാണ് ഇത്ര ടെൻഷൻ? എന്തായാലും ഒരു ലവർ ഉള്ളതല്ലേ?

അതാലോചിച്ചപ്പോൾ നെഞ്ചിൽ എന്താ ഒരു വേദന?

***

അഞ്ചു മണിക്ക് ഞാൻ അവളുടെ സ്കൂളിൻറെ അങ്ങോട്ടു ചെന്നു..

അവൾ സ്കൂൾ അടച്ചു കാത്തു നിൽക്കുന്നുണ്ടായിരുന്നു..

റോസ് ചുരിദാറിൽ അവളുടെ സൗന്ദര്യം ഇരട്ടി ആയി തോന്നി..

എന്നാലും യോഗമില്ല അമ്മിണിയെ എന്നെ വാചകം മനസ്സിൽ മുഴങ്ങി..

അവൾ എന്റെ അടുത്ത് വന്നു..

“ഒന്ന് കാണണം എന്ന് പറഞ്ഞു…”

“അതല്ലേ ഞാൻ വന്നത്?”

“ഞാൻ അല്ല….”

“പിന്നെ…? “

“അന്ന് ഞാൻ പറഞ്ഞില്ലേ ഒരാൾ? അയാൾ….”

ഞാൻ ഞെട്ടി..

“അവൻ.. അവൻ എന്തിനാ എന്നെ കാണുന്നത്? പിന്നെ ഞാൻ ആരാ അവനെ കാണാൻ പോകാൻ?”

എനിക്ക് ദേഷ്യം വന്നു..

“ഒന്ന് കാണുന്നതിന് എന്താ ഏട്ടാ? തിരക്കുള്ള ആളാണ്.. അത് കൊണ്ടാണ്.. അല്ലെങ്കിൽ ഇങ്ങോട്ടു വന്നേനെ..”

“എന്നാലും ഞാൻ അവനെ എന്തിനു കാണണം? അവൻ നിന്റെ കാമുകൻ അല്ലെ? വാട്ട് ഇറ്റ് ഗോട് റ്റു ടു വിത്ത് മി?”

“ഞാൻ കാല് പിടിക്കാം ഏട്ടന്റെ…. പ്ളീസ്?”

ഞാൻ ഒന്ന് തണുത്തു… പോയാലോ?

ഇവരുടെ കല്യാണം ഇനി ഞാൻ നടത്തി കൊടുക്കേണ്ടി വരും..

അതിനൊക്കെ ഉള്ള ശക്തി എനിക്കുണ്ടോ? എന്തൊരു കഷ്ട്ടം ആണ് എന്റെ ദൈവമേ…..

എന്റെ നെഞ്ച് വിങ്ങിപ്പൊട്ടി…

അവൾ എന്റെ കണ്ണിൽ നോക്കി നിൽക്കുകയാണ്.. ഭാവ വെത്യാസം ഒന്നും വരുത്താതെ ഞാൻ അവളെ നോക്കി..

“ശരി പോകാം… “

“മ്മ്മ്.. നല്ല കുട്ടി…”

അവൾ ഒന്ന് ചിരിച്ചു..

എന്നാൽ അവളുടെ മുഖത്തും കണ്ണിലും ഞാൻ കണ്ടത് പേടി ആയിരുന്നു..

അകാരണമായ വല്ലാത്തൊരു പേടി…

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ കയറി ബാക്കിൽ ഇരുന്നു..

“എവിടെ ആണ് നിന്റെ മറ്റവൻ?”

ഞാൻ ചോദിച്ചു..

“നേരെ പൊയ്ക്കോ.. ഞാൻ പറയാം വഴി..

“മ്മ്മ്..”

എന്നൊന്ന് അമർത്തി മൂളി ഞാൻ വണ്ടി എടുത്തു.. അവൾ അല്പം വിട്ടാണ് ഇരുന്നത്..

അവൻ കണ്ടിട്ട് ഇനി എന്തെങ്കിലും പറഞ്ഞാൽ എന്ന് കരുതി ആകും.. വണ്ടി ഞാൻ മെല്ലെ ആണ് വിട്ടത്..

“എന്നെ പറ്റി എല്ലാം പറഞ്ഞിട്ടുണ്ടോ?”

“‘മ്മ്മ്.. പറഞ്ഞില്ലെങ്കിലും അറിയാം…”

“അവനാര് ദൈവമോ?”

ഞാൻ പുച്ഛിച്ചു..

അവൾ ഒന്നും മിണ്ടിയില്ല…

കണ്ണാടിയിലൂടെ അവളുടെ മുഖം ഞാൻ കണ്ടു.. ആശയകുഴപ്പമോ പേടിയോ എന്തൊക്കെയോ ചേർന്ന ഒരു ഭാവം…

അവളുടെ മനസ്സിൽ എന്തായിരിക്കും?

ഞാൻ ആരാ അവൾക്ക്…. ആ എന്നെയും കൊണ്ട് കാമുകനെ കാണാൻ പോകുന്നതിൽ എന്തോ ഒരു ചേരായ്ക ഉണ്ടല്ലോ…

പണി ആകുമോ ദൈവമേ…. ഇതൊക്കെ ആലോചിച്ചപ്പോൾ ഞാൻ ടെൻഷനിൽ ആയി.. വണ്ടി ഒരു കയറ്റം കയറി തുടങ്ങി…

“ഇവിടെ നിർത്തിക്കോ..”

അവളുടെ ശബ്ദം കെട്ട് ഞാൻ വണ്ടി ഒതുക്കി നിർത്തി.. അവൾ ഇറങ്ങി റോഡിൻറെ അടുത്തുള്ള ഒരു ഇടവഴിയിൽ ചെന്നു നിന്ന് എന്നെ കാത്തു നിന്നു..

ഞാൻ വണ്ടി ലോക്ക് ചെയ്തു അവളുടെ പുറകെ പോയി.. ഒരു ഇടത്തരം മല ആണ് ഈ ഭാഗം..

മുകളിലേക്ക് ഒരു ചെറിയ വഴി..

അവൾ ഒന്നും മിണ്ടാതെ വഴിയിലൂടെ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു…

എന്റെ കണ്ണ് അവളുടെ മുടിയിൽ തങ്ങി.. തിക്കുള്ള കറുത്ത മുടി.. മെടഞ്ഞു വച്ചിരിക്കുന്നു..

രാവിലെ എപ്പോഴോ ചൂടിയ തുളസിക്കതിർ വാടിയിരിക്കുന്നു..

മുടി നിതംബം വരെ ഉണ്ട്.. ഒരു നിമിഷം എന്റെ കണ്ണുകൾ അവളുടെ നിതംബത്തിൽ തങ്ങി…

ഞാൻ വേഗം കണ്ണ് മാറ്റി.. അവളുടെ ശരീരം ഞാൻ ഇതുവരെ ശ്രദിച്ചിട്ടില്ല…

അല്ലെങ്കിലേ ഈ കണ്ണുകൾ കണ്ടാൽ ഹൃദയം പിടക്കും.. പിന്നെ അല്പം ജാഡ ഒക്കെ ഇട്ടു നടക്കുന്നു എന്ന് മാത്രം.. ഉള്ളിൽ പേടി ഉണ്ട്..

അവൾ സ്ഥിരം ഈ വഴി വരുന്നുണ്ട് എന്ന് എനിക്ക് മനസിലായി.. വേഗത്തിൽ ആണ് പെണ്ണ് മല കയറുന്നത്.. ചുറ്റിനും കാട്..

അന്ന് അവനെ കാണാൻ പോയി വന്നു എന്ന് പറഞ്ഞ ദിവസം അവൾ കിതച്ചത് എനിക്ക് ഓർമ വന്നു..

പെണ്ണ് കൈ വിട്ടു പോയി കേട്ടോ എന്ന് എന്റെ മനസ് എന്നോട് തന്നെ പറഞ്ഞു..

അല്ലെങ്കിൽ കൈവിട്ടു പോകാൻ അവൾ എന്റെ അല്ലല്ലോ…?

“ഫക്ക് ദാറ്റ് ഷിറ്…!

പറഞ്ഞത് അല്പം ഉച്ചത്തിൽ ആയിപോയി..

“ങേ?”

അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു.. പറഞ്ഞത് കേട്ടു എന്ന് വ്യക്തം.. 

“അല്ല.. ഞാൻ.. നല്ല കയറ്റം..”

“ഓഹോ.. വലിയ ജിം ഒക്കെ അല്ലെ? ഇങ്ങനെ കിതക്കാമോ ചക്കരെ?”

ചക്കര നിന്റെ മറ്റവൻ ആടി..

അവളുടെ ഒരു കൊഞ്ചൽ.. അവളുടെ മറ്റവനെ കാണിക്കാൻ പോകുമ്പോൾ ആണ് അവളുടെ… ഒരു… !

അങ്ങനെ ഒക്കെ പറയാൻ തോന്നി എങ്കിലും പറഞ്ഞില്ല.. പറയാൻ പറ്റിയില്ല.. അത് തന്നെ..

അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി..

അവസാനം മല കയറി എത്തിയത് ഒരു ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്ര മുറ്റത്താണ്… ഒരു ആൽമരം.. പൊളിഞ്ഞ ക്ഷേത്രം..

ഒരു മനുഷ്യ കുട്ടി പോലും ഇല്ല.. പക്ഷെ അവിടുന്ന് നോക്കുമ്പോൾ നല്ല വ്യൂ ഉണ്ട്..

അവൾ ആ പൊളിഞ്ഞ ക്ഷേത്രത്തിന്റെ മറു വശത്തു പോയി… ഞാനും പുറകെ പോയി..

ഇനി കൊല്ലാൻ കൊണ്ട് പോകുകയാണോ ആവൊ..

അവിടെ പകുതി തകർന്ന എന്നാൽ ഇപ്പോഴും വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാത്ത ഒരു ശിവ പ്രതിമ.. കല്ലിൽ കൊത്തിയത് ആണ്..

അവൾ അതിന്റെ മുൻപിൽ കൈ കൂപ്പി നിന്നു… ഞാൻ ചുറ്റിനും നോക്കി.. ആരും ഇല്ല.

അപ്പൊ അവൻ എവിടെ?

“വിശ്വാസം ഉണ്ടെങ്കിൽ ഒന്ന് പ്രാർത്ഥിക്കാം കേട്ടോ?”

അവൾ തിരിഞ്ഞു എന്നോട് പറഞ്ഞു.. എനിക്ക് അങ്ങനെ ഒരു കുഴപ്പവും ഇല്ല..

ഞാൻ അവളുടെ പുറകിൽ കൈ കൂപ്പി നിന്ന് കണ്ണടച്ചു.. എന്ത് പ്രാർത്ഥിക്കും?

“ശിവ ഭഗവാനെ..  ഇവളെ പോലെ ഒരു പാർവതിയെ എനിക്ക് തരണേ…”

“അവളെ പോലെ ഒരാളെ മതിയോ അതോ അവളെ തന്നെ വേണോ?”

ങേ..? എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും വന്ന ഒരു ശബ്ദം… ഞാൻ കണ്ണ് തുറന്നു നോക്കി..

എന്നെ നോക്കി നിൽക്കുന്ന പാർവതി.. വേറെ ആരും ഇല്ല.. അപ്പോൾ ആ ശബ്ദം?

“അല്ല..? എവിടെ ആൾ?”

ഞാൻ അവളോട് ചോദിച്ചു…

അവൾ ഒന്ന് പുഞ്ചിരിച്ചു…

“ഞാൻ ഇവിടെ ഉണ്ട്…”

വീണ്ടും ഒരു പുരുഷസ്വരം മുഴങ്ങി.. ഞാൻ ഒന്ന് ഞെട്ടി..

“ആളുടെ മുൻപിൽ നിന്നിട്ടാണോ ഈ ചോദിക്കുന്നത് ഏട്ടൻ?”

“ങേ?”

ഞാൻ നിൽക്കുന്നത് ശിവ പ്രതിമയുടെ മുൻപിൽ ആണ്… അപ്പോൾ?

അവൾ പറഞ്ഞ കാര്യം ഞാൻ ഒന്ന് ഓർത്തു നോക്കി..

ആരും നോക്കുന്ന പൗരുഷം.. നല്ല ഉയരം.. ഉറച്ച ശരീരം.. തോളോളം കിടക്കുന്ന മുടി.. ദൈവമേ ഇവൾ ശിവനെ ആണോ ഇത്ര നാളും സ്നേഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടിരുന്നത്…

അപ്പോൾ? അവൾ അനിയത്തി എന്ന് വിളിക്കേണ്ട എന്ന് പറഞ്ഞതിൽ… എന്റമ്മേ..

എന്റെ നെഞ്ച് ഉച്ചത്തിൽ അടിക്കാൻ തുടങ്ങി.. എന്റെ കൈകാലുകൾ തളരുന്നത് പോലെ തോന്നി…

“കണ്ടോ? എന്റെ എല്ലാം എല്ലാം ആയ ആളെ?”

അവൾ ഒരു കുസൃതിയോടെ ചോദിച്ചു…

“എന്റെ മഹാദേവാ….. “

അത് വിളിച്ചു ഞാൻ എന്റെ കൈകൾ കൂപ്പിപ്പോയി…

അവൾ അതും നോക്കി ഒരു നിമിഷം നിന്നു.. എന്നിട്ടു എന്റെ മുൻപിൽ വന്നു..

“എന്റെ ചെറുപ്പം തൊട്ടേ ഉള്ള ആഗ്രഹം നടത്തി തരാൻ അച്ഛനോ അമ്മക്കോ കഴിഞ്ഞില്ല.. അത് നടത്തി തന്ന ആൾക്ക് തരാൻ വേറെ ഒന്നും ഇല്ല എന്റെ കയ്യിൽ… ഏട്ടന് ഇഷ്ടമാണെങ്കിൽ കളങ്കം പറ്റാത്ത ഈ മനസും ശരീരവും മാത്രമേ ഉള്ളു എന്റെ കയ്യിൽ….”

അവൾ അത് പറഞ്ഞു താഴ്ത്തേക്കു നോക്കി..

“എനിക്ക് അതിനുള്ള യോഗ്യത ഇല്ല എന്നറിയാം… ഇപ്പോൾ തന്നെ ഏട്ടൻ എനിക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്തു… ഇഷ്ടമാണ് ഏട്ടാ… ഒത്തിരി ഇഷ്ട്ടം… ഇഷ്ട്ടം തുറന്നു പറഞ്ഞത് കൊണ്ട് വെറുക്കരുത്… തെറ്റാണെങ്കിൽ മാപ്പാക്കണം….”

ഞാൻ ഒരു സ്വപ്നത്തിൽ ആണെന്ന് തോന്നി.. മനസ്സിൽ അറിയാതെ കയറിയവൾ.. ഹൃദയത്തിൽ ഇട്ട് താലോലിച്ചവൾ.. എന്റെ അല്ല എന്ന് ആയിരം പ്രാവശ്യം എന്നോട് തന്നെ പറഞ്ഞതാണ്..

അവൾ ഇതാ എന്നെ ഇഷ്ട്ടം ആണെന്ന് പറയുന്നു… ദൈവമേ.. ആഗ്രഹിച്ച കാര്യങ്ങൾ ഇങ്ങനെ നടക്കുമോ?

അവൾ എന്റെ നേരെ കൈ കൂപ്പി.. ഞാൻ അവളെ പിടിച്ചു തിരിച്ചു മഹാദേവന് നേരെ തിരിച്ചു..

“കൈ കൂപ്പുന്നതൊക്കെ അങ്ങോട്ടു മതി…”

ഞാൻ ആ മലയുടെ വക്കിൽ പോയി നിന്നു..

എനിക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറം ആണ് കാര്യങ്ങളുടെ കിടപ്പ് എന്ന് എനിക്ക് മനസിലായി.. ആരാധനാ തോന്നിയവൾ ഇതാ ഇപ്പോൾ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞിരിക്കുന്നു..

എനിക്ക് ഇപ്പോൾ തോന്നുന്ന വികാരം എന്താണ് എന്ന് കൂടി മനസിലാക്കാൻ പറ്റാത്ത ഒരു അവസ്ഥ..

അവളോട് എന്ത് പറയണം…? എന്റെ മനസ്സിൽ ഒന്നും വരുന്നില്ലല്ലോ ദൈവമേ…

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെയും നോക്കി നിൽക്കുന്നു..

കണ്ണുകൾ നനഞ്ഞിരിക്കുന്നു.. മുഖത്തു സങ്കട ഭാവം..

ഞാൻ അവളുടെ അടുത്തേക്ക് നടന്നു.. അവളുടെ മുൻപിൽ പോയി നിന്നപ്പോൾ അവൾ മുഖം കുനിച്ചു..

“എന്നെ ആദ്യമായി കണ്ടത് എവിടെ വച്ചാണ്? “

ഞാൻ അവളോട് ചോദിച്ചു…

“അന്ന് ഡാൻസ് ചെയ്തപ്പോൾ നോക്കി നിന്നില്ലേ? അപ്പോൾ…”

അവൾ മെല്ലെ പറഞ്ഞു..

“അന്ന് സ്റ്റേജിൽ വച്ച് കണ്ടപ്പോൾ മനസ്സിൽ കയറിയതാണ് നീ…”

ഞാൻ അതും പറഞ്ഞു ചൂണ്ടു വിരൽ കൊണ്ട് അവളുടെ താടിയിൽ തൊട്ടു മുഖം പൊക്കി…

കണ്ണ് നിറഞ്ഞു ഒഴുകുന്നു..

“എല്ലാം ഭഗവാന്റെ മായ… അത് കൊണ്ട് ഈ പാർവതികുട്ടി ജനിച്ചത് എനിക്ക് വേണ്ടി ആണെന്ന് വിശ്വസിച്ചോട്ടെ?”

ഞാൻ അവളോട് ചോദിച്ചു..

ഒരു പൊട്ടിക്കരച്ചിലോടെ എന്റെ നെഞ്ചിലേക്ക് വീണുകൊണ്ടായിരുന്നു അവളുടെ മറുപടി..

ഞാൻ അവളെ ചേർത്ത് പിടിച്ചു അവളുടെ മുടിയിൽ മുഖം മുട്ടിച്ചു.. കാച്ചിയ എണ്ണയുടെ മണം….

എന്റെ ഹൃദയം പൊട്ടി തെറിക്കും എന്നെനിക്ക് തോന്നി…

എന്റെ നെഞ്ച് അവളുടെ കണ്ണീരു വീണു നനഞ്ഞു തുടങ്ങി..

“അതെ….?”

ഞാൻ അവളെ തട്ടി വിളിച്ചു..

“ഇനി ഇങ്ങനെ കരഞ്ഞാൽ ശിവദേവൻ കോപിക്കും.. പാർവതി ദേവിയെ കരയിച്ചതിന്… “

ഞാൻ അത് പറഞ്ഞപ്പോൾ അവൾ മുഖം ഉയർത്തി.. കണ്ണുനീരിൽ കുതിർന്ന ഇളം മാനിന്റെ കണ്ണുകൾ..

അതിൽ പ്രേമവും സന്തോഷവും അധരങ്ങളിൽ പുഞ്ചിരിയും ഒരുമിച്ചു കണ്ടപ്പോൾ എന്റെ ഹൃദയം പൊട്ടി പോകും എന്ന് എനിക്ക് വീണ്ടും  തോന്നി…

“എന്റെ മഹാദേവൻ ആണേ സത്യം.. ഈ ജീവിതത്തിൽ ഏട്ടൻ അല്ലാതെ വേറെ ഒരു ആണ് ഉണ്ടാക്കില്ല.. സത്യം…”

അതും പറഞ്ഞു അവൾ കാലിൽ കുത്തി പൊങ്ങി എന്റെ ചുണ്ടിൽ ഒരു മുത്തം തന്ന ശേഷം തിരിഞ്ഞു ഒറ്റ ഓട്ടം ഓടി…

ഞാൻ നാണത്തോടെ ശിവനെ ഒന്ന് തിരിഞ്ഞു നോക്കി…

“എന്റെ കൊച്ചിനെ പൊന്നു പോലെ നോക്കിക്കോണം…”

മഹാദേവൻ എന്നോട് അങ്ങനെ പറയുന്നതായി എനിക്ക് തോന്നി..

“തീർച്ചയായും.. നന്ദി ഈ പാർവതി കുട്ടിയെ എനിക്ക് തന്നതിന്… “

ഞാൻ അതും പറഞ്ഞു കൈ കൂപ്പി..

എന്നിട്ടു അവൾ ഓടിയ വഴിയേ നടന്നു..

പെണ്ണിന്റെ പൊടി പോലും ഇല്ല.. ഓടി ഇറങ്ങി ബൈക്കിന്റെ അടുത്തെത്തിയപ്പോൾ അവിടെയും ഇല്ല.. ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഒരു കുറിപ്പ്..

“എനിക്ക് നാണം വരുന്നു.. അത് കൊണ്ട് പിന്നെ കാണാംട്ടോ.. “

അത് വായിച്ച എനിക്കും നാണം തോന്നിയോ? എന്റെ ആഫ്രോഡൈറ്റി… ഇതാണോ പ്രേമം?

ഞാൻ പുഞ്ചിരിച്ചു കൊണ്ട് ബൈക്കിൽ കയറി കിക്കർ ചവുട്ടി

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ദുർഗ്ഗ

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!