വീട്ടിൽ എത്തിയ എന്നെ ആനി ചൂഴ്ന്നു നോക്കി..
ഇവൾ ആണ് ഇതിന്റെ ഒക്കെ പുറകിൽ എന്ന് എനിക്ക് നന്നായി അറിയാം..
അവൾക്ക് ഇഷ്ടപെട്ട ചെക്കനെ അങ്ങോട്ടു പോയി തപ്പി പിടിച്ചു പെണ്ണ് കാണാൻ കൊണ്ടുവന്നു കല്യാണം നടത്തി അവനെ ഓസ്‌ട്രേലിയയിൽ വരെ എത്തിച്ച ഈ ഏട്ടനെ പിന്നെ അനിയത്തി മറക്കുമോ?
എന്നോടുള്ള സ്നേഹം കൊണ്ടാണ് അവൾ നാട്ടിൽ വന്നത് തന്നെ..
ഞാൻ അവളുടെ കവിളിൽ ഒരു പിച്ച് കൊടുത്തു റൂമിലേക്ക് പോയി…
നേരെ ബെഡിൽ കിടന്നു… എന്തോ ഒരു സ്വപ്നത്തിൽ പോലെ…
എന്നാലും അവൾ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞത്… വിശ്വസിക്കാൻ വയ്യല്ലോ…
ഞാൻ കമിഴ്ന്നു കിടന്നു തല തലയിണ വച്ച് മൂടി… പുറകിൽ ആരോ തോണ്ടി..
തല പൊക്കി നോക്കിയപ്പോൾ ആനി ആണ്…
“അനിയത്തിയെ കണ്ടോ ഏട്ടൻ?”
എല്ലാം അറിഞ്ഞിട്ടുള്ള കളി ആണ്..
“അഹ് നീ എന്റെ മുൻപിൽ ഇരുന്നിട്ട് പിന്നെ കാണാതിരിക്കാൻ എന്റെ കണ്ണിനു കുഴപ്പം ഒന്നും ഇല്ല… “
“ഛെ ഞാൻ അല്ല.. പാർവതി..”
“അയ്യേ.. അവൾ അനിയത്തി ആണെന്ന് ഞാൻ പറഞ്ഞോ?”
“ഡാ നീ വാക്കു മാറ്റിയോ?”
“വാക്കോ എന്ത് വാക്ക്..? നീ എന്താ ആനി ഈ പറയുന്നത്…?”
“പോടാ പ്രാന്ത…. നീ ഇവിടെ കിടന്നു കാണിച്ചു കൂട്ടിയതിനു ഏക സാക്ഷി ഞാൻ ആണ്..”
ഞാൻ ഒന്ന് ആലോചിച്ചു.. സംഗതി ശരിയാണ്..
“അതെ.. അതൊക്കെ ആരോടും പറയാതിരിക്കാൻ എന്താ വേണ്ടത്?”
അവൾ ചിരിച്ചു… ഞാനും… പൊട്ടിച്ചിരി ആയി..
“എനിക്ക് ഒന്നും വേണ്ട.. പുറത്തു കൊണ്ട് പോയി എന്തെങ്കിലും വാങ്ങി തരണം… നാളെ വൈകുന്നേരം.. ഏറ്റോ?”
“സമ്മതം…!”
ഞാൻ ചിരിയോടെ പറഞ്ഞു.
“എന്നാൽ അനിയത്തീടെ ചക്കര ഏട്ടൻ ചാച്ചിക്കോ ട്ടോ..”
അതും പറഞ്ഞു കവിളിൽ ഒരു ഉമ്മ
തന്നു അവൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി..
ഞാൻ ഫോൺ എടുത്തു പാർവതിയെ വിളിച്ചു..
“ഏട്ടാ…”
എനിക്ക് പെട്ടെന്ന് എന്താ പറയേണ്ടത് എന്ന് കിട്ടിയില്ല…
“ഏട്ടോ…?”
“അഹ് ഇവിടെ ഉണ്ട്….”
“എന്താ ചെയ്യുന്നേ?”
“നിന്നെ ആലോചിച്ചു കിടക്കുകയായിരുന്നു…”
“മ്മ്മ്.. എന്നിട്ടു?”
“എന്നിട്ടെന്താ ആലോചിച്ചു ആദ്യ രാത്രി വരെ എത്തി….”
“വഷളൻ…”
കുണുങ്ങി ചിരി..
“എന്താ ആദ്യ രാത്രി വേണ്ടേ?”
“മ്മ്മ് വേണം… എന്താ?”
“എന്ത് എന്താണെന്നു ഞാൻ കിടന്നു ഉറങ്ങും…”
“മ്മ്മ് എന്നാൽ നെഞ്ചിൽ കയറി ഞാൻ ശിവതാണ്ഡവം കളിക്കുകയും ചെയ്യും…”
“ഡീ ദുഷ്ടെ നീ അതും ചെയ്യും.. “
“ഉറപ്പായും ചെയ്യും ഏട്ടാ…” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
സംഭാഷണം അങ്ങനെ നീണ്ടുപോയി..
എന്നാൽ അവൾ കൊഞ്ചി കുഴയാത്തത് എന്നെ അതിശയപ്പെടുത്തി.. പക്വത ഉള്ളവൾ ആണ്..
***
പിറ്റേ ദിവസം ആനി പാർവതിയെ വിളിച്ചു കൊണ്ടാണ് ട്രീറ്റിന് വന്നത്.. ഞാൻ അലീഷയെ വിളിച്ചു.. ആദ്യം വന്നത് ആനിയും പാർവതിയും ആണ്..
നല്ലൊരു റസ്റ്ററന്റിൽ ആയിരുന്നു ഞങ്ങൾ..
പാർവതി അന്ന് ഞാൻ വാങ്ങി കൊടുത്ത സാരി ആയിരുന്നു ഉടുത്തത്.. ഭംഗിയുടെ കാര്യം പറയാൻ ഇല്ലല്ലോ..
എന്നാൽ അവൾ എന്റെ ഓപ്പോസിറ് ഇരുന്നു ഒരു ഭാവ മാറ്റവും ഇല്ലാതെ സംസാരിച്ചത് എനിക്ക് വീണ്ടും അത്ഭുതം ഉണ്ടാക്കി..
എന്നാൽ അലീഷാ വന്നു എന്നെ ഒന്ന് ഹഗ് ചെയ്തപ്പോൾ ആ മുഖം ഒന്ന് വാടി..
“ഇതാരാ ജെറി ഈ സുന്ദരിക്കുട്ടി?”
അലീഷാ അവളെ കണ്ടു എന്നോട് ചോദിച്ചു.. മുഖം അല്പം വാടി ഇരുന്ന അവളെ ഒന്ന് ഹാപ്പി ആക്കണ്ടേ..
“എന്റെ എല്ലാം എല്ലാം ആയ ഭാവി വധു ആണ്… പാർവതി….”
ഞാൻ അങ്ങനെ പറയും എന്ന് ആനിയും പാർവതിയും വിചാരിച്ചില്ല..
ആനിയുടെ മുഖത്തു ചിരിയും പാർവതിയുടെ മുഖത്തു നാണവും വന്നു..
“വൗ.. നൈസ് ക്യാച്ച്.. , കോൺഗ്രാറ്സ്…”
എന്ന് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…
ഓരോരുത്തരും ഇഷ്ടമുള്ള ഫുഡ് ഓർഡർ ചെയ്തു..
ഞാൻ ഓർഡർ ചെയ്ത അതെ ഫുഡ് പാർവതി ഓർഡർ ചെയ്തപ്പോൾ അലീഷയും ആനിയും അവളെ കളിയാക്കി…
നല്ല രസം ആയിരുന്നു എല്ലാവരും കൂടി.. അന്ന് അങ്ങനെ പോയി..
**
വീട്ടിൽ ഇതും പറഞ്ഞു ആനി എന്നെ കളിയാക്കുമ്പോൾ അമ്മക്ക് വരുന്ന ദേഷ്യം ഞാൻ ശ്രദിച്ചിരുന്നു..
അമ്മ പണി ആക്കുമോ എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു.. പിന്നെ ഞാൻ പൊതുവെ എടുക്കുന്ന തീരുമാനങ്ങൾ ആരും ക്രോസ്സ് ചെയ്യാറില്ല.. അങ്ങനെ സമാധാനിച്ചു..
ഒരു ദിവസം എന്നെ ബാങ്കിൽ കാണാൻ വന്ന ആളെ കണ്ടു ഞാൻ ഞെട്ടി.. അവളുടെ അമ്മയും അച്ഛനും..
ഞാൻ അവരെ പുറത്തേക്ക് കൊണ്ടുവന്നു അടുത്തുള്ള ഒരു ജ്യൂസ് ഷോപ്പിൽ കയറി.. ഓരോ ജ്യൂസ് ഓർഡർ ചെയ്തു ഞങ്ങൾ അവിടെ ഇരുന്നു..
“എന്നെ കാണാൻ വന്നതാണോ?”
ഞാൻ തുടക്കം ഇട്ടു ചോദിച്ചു..
“അതെ…”
അവളുടെ അമ്മ ആണ് പറഞ്ഞത്…
അവർ എന്നിട്ടു അയാളെ നോക്കി..
“മോനെ.. എന്റെ മകളെ നന്നായി അറിയാമല്ലോ.. അവൾ വീട്ടിൽ ഒരു കാര്യം പറഞ്ഞു…”
എനിക്ക് ഇത് പണി ആയോ എന്നൊരു സംശയം തോന്നി… പിന്നെ വരുന്നത് നേരിടണമല്ലോ…
“പാർവതി എന്താണ് പറഞ്ഞത്? എന്റെ കാര്യം ആണോ?”
“അതെ.. ഒരു കല്യാണ കാര്യം ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ കെട്ടുകയാണെങ്കിൽ മോനെ മാത്രമേ കെട്ടുകയുള്ളു എന്ന് പറഞ്ഞു.. അല്ലെങ്കിൽ എവിടെ എങ്കിലും പോയി ചാടി ചത്ത് കളയും എന്നാണ് പറഞ്ഞത്…..”
അയാൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്കൊരു ഞെട്ടൽ തോന്നി..
“മോൻ വലിയ വീട്ടിലെ അല്ലെ? അതും ക്രിസ്ത്യാനികൾ… മോൻ കാര്യമായിട്ടാണോ? അകെ ഉള്ളൊരു മോൾ ആണ്… അവളുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്തത് മോൻ ആണ്.. എന്നാലും.. “
അവർ കണ്ണ് തുടച്ചു.. ഒരു നിമിഷം എനിക്ക് സങ്കടം തോന്നി.. ഞാൻ ഇവരെ വിഷമിപ്പിച്ചോ…?
ഞാൻ അവളുടെ അച്ഛന്റെ കൈ പിടിച്ചു..
“പാർവതിയെ എനിക്ക് ഇഷ്ടമാണ്.. അവൾ അല്ലാതെ വേറൊരു പെണ്ണ് ഈ ജീവിതത്തിൽ എനിക്ക് ഉണ്ടാകില്ല അച്ഛാ.. വാക്കാണ്…”
അവർ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. ചെറിയൊരു സമാധാനം ഞാൻ അവിടെ കണ്ടു…
എന്റെ കണ്ണും നിറഞ്ഞിരുന്നു..
അവർ സമാധാനത്തോടെ ആണ് പോയത്.. ഇനി എന്റെ പപ്പ.. പിന്നെ അമ്മ.. അതൊരു വലിയ തലവേദന ആകും എന്ന് എനിക്ക് തോന്നി..
അന്ന് വൈകുന്നേരം ഞാൻ പപ്പയുടെ അടുത്ത് ചെന്നു.. അടുത്തിരുന്നു.. പപ്പ ഫോൺ മാറ്റി വച്ചു..
“എന്താടാ ഒരു വിഷമം..”
“ഏയ് വിഷമം ഒന്നും അല്ല.. ഒരു കാര്യം….”
അത് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല..
“പാർവതിയുടെ കാര്യം ആണോ?”
ഞാൻ പപ്പയുടെ മുഖത്തു നോക്കി.. ചിരി ആണ്..
“അറിയാം അല്ലെ?”
“എന്റെ മോൻ അല്ലെ നീ? പ്രേമിച്ചേ കേട്ടുള്ളൂ എന്നെനിക്കറിയാം.. “
“ഒന്ന് പോ പപ്പ…”
എനിക്ക് നാണം വന്നു..
“ഡാ എനിക്ക് അവൾ ഇങ്ങോട്ടു വരുന്നതിൽ സന്തോഷമേ ഉള്ളു.. എന്നാൽ നിന്റെ അമ്മ സമ്മതിക്കുമോ എന്ന് കണ്ടറിയണം…”
പപ്പക്കും ആ സംശയം ഉണ്ട്..
“എന്ത് ചെയ്യും പപ്പ?”
“നോക്കാം…. ഞങ്ങൾ ഒക്കെ ഇല്ലേ.. ഡോണ്ട് വറി. അതെ.. പോയി രണ്ടെണ്ണം അടിച്ചാലോ? ബാറിൽ പോകാം. അതാകുമ്പോൾ നല്ല ഫുഡ് കിട്ടും….”
എനിക്ക് ചിരി വന്നു..
“പിന്നെന്താ പപ്പ. ഞാൻ ഒന്ന് കുളിക്കട്ടെ.. പപ്പ റെഡി ആയി നിക്ക്…”
അതും പറഞ്ഞു ഞാൻ അങ്ങേരുടെ കവിളിൽ ഒരു ഉമ്മ
കൊടുത്തു അകത്തേക്ക് ഓടി..
ഓടിയ ഓട്ടം ആനിയുടെ ദേഹത്ത് ഇടിച്ചാണ് നിന്നതു.. അവൾ തെറിച്ചു പോയപ്പോൾ ഞാൻ കൈ കൊണ്ട് പിടിച്ചു വലിച്ചു അവളെ പൊക്കി എടുത്തു വട്ടം ചുറ്റിച്ചു..
“അയ്യോ.. ഏട്ടാ.. വിടാടാ.. തല ചുറ്റുന്നു” എന്നൊക്കെ പറഞ്ഞു ഒച്ച ഇട്ടെങ്കിലും അവൾ എന്റെ തോളിൽ കിടന്നു ചിരിച്ചു മറിഞ്ഞു…
ഞാൻ അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു.. ആനിക്ക് ഒത്തിരി സന്തോഷം..
പാർവതി എന്നെ ഇഷ്ടപ്പെടാൻ കാരണം ഒരു ആൾ ആണ് ആനി..
എല്ലാം ശിവന്റെ മായ ആകാം…
**
ഞാൻ രാത്രി കിടക്കുമ്പോൾ പാർവതിയെ വിളിച്ചു…
“ഏട്ടാ….”
“മ്മ്മ് കഴിച്ചോ? “
“മ്മ്മ് ഏട്ടൻ കഴിച്ചോ?”
“നന്നായി കഴിച്ചു…. “
“എന്ത്?”
“ഞാനും പപ്പയും ബാറിൽ പോയി..”
“കള്ളു കുടിച്ചോ?”
“മ്മ്മ് കുറച്ചു.. അതികം കുടിക്കാറില്ല…”
“മ്മ്മ്… നല്ല പപ്പയും മോനും… ഹിഹി…”
“ഇന്ന് നിന്റെ അച്ഛനും അമ്മയും എന്നെ കാണാൻ വന്നിരുന്നു….”
“പറഞ്ഞു.. ഏട്ടനെ വലിയ ഇഷ്ട്ടം ആണ്…”
“അല്ല…? നീ ചാടി ചാകും എന്ന് പറഞ്ഞോ അവരോടു?”
“അതൊക്കെ ഒരു നമ്പർ അല്ലെ ഏട്ടാ…”
അവൾ അത് പറഞ്ഞു ചിരിച്ചപ്പോൾ എനിക്കും ചിരി വന്നു..
***
ഇന്നത്തെ ദിവസത്തിന് ഒരു പ്രേതെകത ഉണ്ട്.. ഞാൻ അതി രാവിലെ എണീറ്റു..
പാർവതിയുടെ ബർത്ത്ഡേ ആണ്..
രാത്രി വിളിക്കാതിരുന്നത് അവൾ ഒരു കൊച്ചു വീട്ടിൽ ആണ്..
അവർ കേട്ടാൽ പെണ്ണ് പാതിരാത്രി ഫോൺ ചെയ്യുക എന്നൊക്കെ പറഞ്ഞാൽ മോശം ആകില്ലേ?
അവളെ വിളിച്ചു..
ഉണർന്നു കിടന്നതു പോലെ ഫോൺ ഒറ്റ റിങ്ങിനു തന്നെ എടുത്തു..
“ഏട്ടാ….”
“എന്റെ പാർവതികുട്ടിക്ക് സ്നേഹത്തിൽ പൊതിഞ്ഞ ജന്മദിന ആശംസകൾ
.. ഉമ്മ
….”
“ഒത്തിരി സന്തോഷം ഉണ്ട്ട്ടോ ഏട്ടാ…. മറന്നില്ലല്ലോ…”
“എങ്ങനെ ആടി മറക്കുക? നീയല്ലേ എന്റെ എല്ലാം?”
“അപ്പൊ അന്ന് ആനിചേച്ചി ആണ് എല്ലാം എന്ന് പറഞ്ഞതോ?”
ആഹാ കുശുമ്പ് തുടങ്ങിയോ പെണ്ണിന്…
“അവൾ എന്റെ അനിയത്തി അല്ലെ? “
“അപ്പൊ ഞാനോ?”
“എല്ലാം… എന്റെ പകുതി… “
“മ്മ്മ്… “
ഒരു കുണുങ്ങി ചിരി…
“ഇന്ന് വൈകുന്നേരം ഞാൻ അങ്ങോട്ടു വരും.. നമ്മൾ നിന്റെ.. അല്ല.. നമ്മുടെ മഹാദേവന്റെ അടുത്ത് പോകുന്നു…”
“മ്മ്മ്.. ശരി.. ഞാൻ എന്താ ഇടണ്ടേ?”
“ഒന്നും ഇടാതെ വന്നാലും എനിക്ക് കുഴപ്പം ഒന്നും ഇല്ല…”
“അയ്യടാ.. പൂതി കൊള്ളാം…”
“നിന്റെ കഴുത്തിൽ ഒരു മിന്നു കെട്ടി കഴിയട്ടെ എന്നിട്ടു കാണാം…”
“ഹിഹി….”
“മ്മ്മ്.. അപ്പൊ ശരി.. കാണാം.. ലവ് യു…..”
“ലവ് യു ടൂ ഏട്ടാ….”
***
അന്ന് ഞാൻ ഉച്ചക്ക് ബാങ്കിൽ നിന്നും ഇറങ്ങി.. നേരെ പോയത് ആലുക്കാസിലേക്ക് ആണ്.
അവളുടെ ജന്മനാളിനു ചേർന്ന കല്ല് വച്ച സ്വർണ മോതിരം വാങ്ങി.. റൂബി വച്ച നല്ലൊരു മോതിരം..
അവളുടെ വിരലിന്റെ അളവ് ഞാൻ ആനി വഴി വാങ്ങിയിരുന്നു..
അവിടുന്ന് നേരെ സാംസങ് സ്റ്റോറിൽ പോയി.
അവൾ ഒരു പഴയ ഫോൺ ആണ് ഉപയോഗിക്കുന്നത്. ലേറ്റസ്റ്റ് മോഡൽ സാംസങ് s20 ആണ്.. അത് വാങ്ങി.
ഇനി കൂടിപ്പോയാൽ അവളുടെ കലിപ്പ് കാണേണ്ടി വരും.. അല്ലെങ്കിലേ എന്നോട് പൈസ വെറുതെ കളയരുത് എന്നൊക്കെ പറയുന്നുണ്ട്..
വീട്ടിൽ വന്നു ഒരു വെള്ള ബനിയനും ഇളം നീല ജീൻസും ഇട്ടു. കറുത്ത നൈക്കി ഷൂസും.. കുറച്ചു പെർഫ്യൂമും അടിച്ചു വണ്ടി എടുത്തു..
നേരെ അവളുടെ ഡാൻസ് സ്കൂളിലേക്ക്..
അവൾ ഡോർ അടച്ചു കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവൾക്കുള്ള സാധനങ്ങൾ ഒരു ബാക്പാക്കിൽ ആണ് വച്ചിരുന്നത്.
ഒരു ചുവന്ന സാരി ഉടുത്തു സാക്ഷാൽ പാർവതി ദേവിയെ പോലെ എന്റെ ദേവി…
തുടരും
മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ
ദുർഗ്ഗ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Shivapartvathy written by Malakhayude Kamukan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission