Skip to content

ദുര്യോധന – 1

duryodhana-novel

സമയം രാത്രി 12 മണി കഴിഞ്ഞു കാണും…. നിർത്താതെയുള്ള ഫോൺ ബെൽ കേട്ട് മേശമേൽ തല വെച്ച് കിടന്നിരുന്ന സിവിൽ പോലീസ് ഓഫീസർ രാമകൃഷ്ണൻ തന്റെ ശുഭനിദ്രക്ക് തടസ്സം നേരിട്ടതിന്റെ ഈർഷ്യയോടെ ഫോൺ എടുത്തു ചെവിയോട് ചേർത്തു….

ഹലോ….. വടയമ്പാടി പോലീസ് സ്റ്റേഷൻ….. !

അപ്പുറത്തു നിന്നും പറയുന്നത് രാമകൃഷ്ണൻ ശ്രദ്ധയോടെ കേട്ടിരുന്നു…..

ഒക്കെ ഞങ്ങൾ ഇപ്പോൾ എത്താം…. !

ഫോൺ കട്ട്‌ ചെയ്തിട്ട് രാമകൃഷ്ണൻ എഴുന്നേറ്റു… തന്റെ യൂണിഫോം ശരിയാക്കി…. ശേഷം മേശമേൽ ശക്തിയായി തട്ടി ശബ്ദം ഉണ്ടാക്കി…

രാജേഷേ…. ഹബീബേ… വേഗം എഴുന്നേറ്റെ… ഹൈവേയിൽ ഒരാക്സിഡന്റ് നടന്നിട്ടുണ്ട്…. വേഗം റെഡിയാക്….

പെട്ടെന്ന് തന്നെ അകത്തു നിന്നും ഉറക്കം നഷ്ടപ്പെട്ട പോലെ കണ്ണും തിരുമ്മി രണ്ട് പോലീസുകാർ കൂടി അവിടേക്കെത്തി….

എന്താ രാമകൃഷ്ണൻ സാറേ….?

അതിൽ ചെറുപ്പക്കാരനായ പോലീസ്കാരൻ ചോദിച്ചു…

വാടാ ഹൈവേയിൽ ഒരപകടം…. നമുക്കൊന്നു പോയി നോക്കിയിട്ട് വരാം….

ജയറാം സാറും ബാക്കിയുള്ളവരുമൊക്കെ എവിടെ….?

ജയറാം സാറും ജോസഫ് സാറും അനുരാജിനെയും വെങ്കിടേഷിനെയും കൂട്ടി ബീറ്റിനു പോയേക്കുവാ….

ബാക്കിയുള്ളവരൊക്കെയോ….?

എന്റെ പൊന്നു രാജേഷേ ഇന്ന് നൈറ്റ്‌ നമ്മൾ ആകെ പത്ത് പേരെ ഇവിടെ ഉള്ളു…. ബെന്നിയും രമേശും ഇവിടെ നിൽക്കട്ടെ നമ്മുക്ക് നാലുപേർക്കും കൂടി പോയി നോക്കാം എന്താ സംഭവമെന്ന്….?

രാമകൃഷ്ണനും രാജേഷും സംസാരിച്ചോണ്ട് ഇരിക്കുന്ന സമയത്ത് ഹബീബ് ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു പോകാൻ റെഡിയായി കഴിഞ്ഞിരുന്നു….

വിമൽ സാറേ വേഗം വാ….?

രാമകൃഷ്ണനും…. രാജേഷും പുറത്തേക്കിറങ്ങിയ സമയത്ത് തന്നെ മറ്റൊരാളും ഓടിയിറങ്ങി വന്ന് ജീപ്പിൽ കയറി….

എവിടെയാ സാറേ സ്ഥലം…?

നമ്മുടെ പത്താംമൈൽ വളവിനടുത്താണ്….. നൈറ്റ്‌ കട നടത്തുന്ന പ്രകാശൻ വിളിച്ചു പറഞ്ഞതാണ്….

ഏതാ വണ്ടി….?

കാർ ആണ്…. ഫാമിലി ആണെന്ന തോന്നുന്നേ….

ജീപ്പ് അതിവേഗം അപകടസ്ഥലം ലക്ഷ്യമാക്കി കുതിച്ചു…. അതിന്റെ ഇടയിൽ രാമകൃഷ്ണൻ asi ജയറാമിനെയും സംഘത്തെയും വിവരം അറിയിച്ചിരുന്നു….. രാമകൃഷ്ണനും സംഘവും സ്പോട്ടിൽ എത്തിയ ഏതാണ്ട് അതെ സമയത്ത് തന്നെ ജയറാമും സംഘവും അവിടെ എത്തി ചേർന്നു….

അവർ എത്തിചേർന്നപ്പോഴേക്കും പൂർണമായും തകർന്ന മാരുതി സുസുക്കി എറിട്രിഗാ കാറിൽ നിന്നും നാട്ടുകാർ വണ്ടി വെട്ടിപ്പൊളിച്ചു രണ്ട് പേരെ പുറത്തെടുത്തിരുന്നു….

പോലീസ് സംഘത്തെ കണ്ടതും കുറച്ചു പേർ കാര്യങ്ങൾ വിശദീകരിക്കാൻ അവർക്കു ചുറ്റും കൂടി….. അപകടദൃശ്യം കാണുവാനായി യാത്രക്കാർ പലരും അവരുടെ വാഹനങ്ങൾ നിർത്തിയതിനാലും അപകടം സൃഷ്ട്ടിച്ച കാറും ലോറിയും റോഡിൽ തന്നെ കിടന്നിരുന്നതിനാലും ആ അർദ്ധരാത്രിയിലും അവിടെ സാമാന്യം നല്ലൊരു ഗതാഗതകുരുക്ക് രൂപപ്പെട്ടിരുന്നു…..

ആരും ജീവനോടെയില്ലെന്ന സാറെ തോന്നുന്നേ…. ലോറി റോങ് സൈഡ് കേറി വന്നു ഇടിക്കിക്കുകയായിരുന്നു… വലിയ ശബ്ദം കേട്ടാണ് ഞങ്ങൾ നോക്കുന്നത്…. കാർ തവിടുപൊടിയായി പോയി സാറെ… രണ്ട് വണ്ടിയും ഓവർ സ്പീഡ് ആയിരുന്നു എന്ന് തോന്നുന്നു…

നൈറ്റ്‌ കട നടത്തുന്ന പ്രകാശൻ ജയറാമിന് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു…

മ്മ്….

ജയറാം അമർത്തിയൊന്നു മൂളി…. നാല്പത്തഞ്ചു വയസ്സ് ഉണ്ട് ജയറാം വാസുദേവ് എന്ന അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക്…. ഇരു ചെന്നിയിലും നര കേറി തുടങ്ങിയ പുള്ളിയുടെ മീശയും നരച്ചു തുടങ്ങിയിട്ടുണ്ട്…. ചെറുതായി വയറും ചാടി തുടങ്ങിയിട്ടുണ്ട്….

രാജേഷും വിമലും കൂടി ഗതാഗതകുരുക്ക് അഴിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു…. രാമകൃഷ്ണൻ വേറെ രണ്ട് പോലീസ്‌കാർക്കൊപ്പം രക്ഷാപ്രവർത്തത്തിനു നേതൃത്വം കൊടുക്കുന്നു….

സാർ…..

പേടിച്ചു വിറങ്ങലിച്ച പോലത്തെ ശബ്ദം കേട്ട ഭാഗത്തേക്ക് ജയറാം നോക്കി…. ഹബീബ് ആണ്…. അപകടമുണ്ടാക്കിയ ലോറിയുടെ അരികിൽ നിന്നുമാണ് ഹബീബ് വിളിച്ചത്…. ഹബീബിന്റെ വിളിയിൽ പന്തികേട് തോന്നിയ ജയറാം അയാളുടെ അടുത്തേക്ക് നടന്നു…. ഹബീബിന്റെ മുഖത്തു ചെറുതല്ലാത്ത ഒരു പരിഭ്രമം ജയറാം ശ്രദ്ധിച്ചു…

എന്താ ഹബീബേ….?

സാർ…. വണ്ടി….. !

വണ്ടി….?

പറയാൻ വന്നത് പൂർത്തിയാക്കാതെ ഹബീബ് പേടിച്ചത് പോലെ നിന്നു…. അതിന് ശേഷം… ലോറിയുടെ മുൻഭാഗത്തേക്ക്‌ നോക്കി….

KL  13 G 1313……..

വണ്ടിയുടെ നമ്പർ കണ്ടതും തന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയത് പോലെ ജയറാമിന് തോന്നി… അയാൾ തല ഉയർത്തി…. വണ്ടിയുടെ ഗ്ലാസ്സിലേക്കു നോക്കി….

കൊമ്പന് നെറ്റിപ്പട്ടം ഒരു അലങ്കാരമെന്ന പോലെ ആ ലൈലാൻഡ് ലോറിയുടെ തിരുനെറ്റിയിൽ തന്നെ ആ പേര് എഴുതി ചേർത്തിരുന്നു…..

ചെറുതോട്ടത്തിൽ റോഡ്‌ലൈൻസ് …

ജയറാം തിരിഞ്ഞു പ്രകാശനെ നോക്കി…. അയാളുടെ മുഖത്തു  അപ്പോൾ ഒരുപാട് അർഥങ്ങൾ ഉള്ള ചിരി വിടർന്നു….

ജയറാം രാമകൃഷ്ണനെ നോക്കി…. അതെ സമയത്ത് തന്നെ….. കാറിൽ നിന്നും കിട്ടിയ ഐഡി കാർഡിൽ നിന്നും കണ്ണുകൾ പറിച്ചെടുത്തു രാമകൃഷ്ണനും ജയറാമിനെ നോക്കി….

സാർ…. ഇത്…. പി ഡബ്ലിയു അസിസ്റ്റന്റ് എൻജിനീയർ ബിനീഷും ഫാമിലിയും ആണ്…. ആരും ജീവനോടെയില്ല സാർ….

അത് പറയുമ്പോൾ രാമകൃഷ്ണന്റെ ശബ്ദം വിറച്ചിരുന്നു… അയാളുടെ മുഖത്തു എന്തെന്നില്ലാത്ത ഭയം പത്തി വിരിച്ചാടുന്നത് ജയറാം വ്യക്തമായി കണ്ടു…. അയാൾ നിരാശയോടെ താൻ അണിഞ്ഞിരിക്കുന്ന യൂണിഫോമിലേക്കു നോക്കി….

ജയറാമിന് തന്നോട് തന്നെ പുച്ഛം തോന്നി….

രാമകൃഷ്ണൻ ജയറാമിന്റെ അടുക്കലേക്കു വന്നു….

സാറെ…. ഞാൻ സി ഐ സാറിനെ വിവരമറിയിച്ചിട്ടുണ്ട്… നമ്മളെ കൊണ്ട് ഈ രാത്രി കൂട്ടിയാൽ കൂടില്ല സാറേ…. !

വിറയ്ക്കുന്ന ശബ്ദത്തോടെ രാമകൃഷ്ണൻ അത് പറഞ്ഞപ്പോൾ ജയറാം രാമകൃഷ്ണന്റെ മുഖത്തേക്ക് നോക്കി….

ചത്തവന്റെ ചങ്കിൽ കുത്തിയിറക്കിയ നിലയിൽ ഉണ്ടായിരുന്ന പിടിയിൽ വ്യഘ്രമുദ്രയുള്ള ഇരുതല മൂർച്ചയുള്ള കത്തി താൻ മാറ്റിയോ….?

ജയറാം പതിഞ്ഞ ശബ്ദത്തിൽ രാമകൃഷ്ണനോട് ചോദിച്ചു….

മാറ്റി സാർ…..

കുനിഞ്ഞ ശിരസ്സോടെ നിന്ന് രാമകൃഷ്ണൻ മറുപടി പറഞ്ഞു….

ആണും പെണ്ണും കെട്ടു ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ് നല്ലത് രാമകൃഷ്ണ…. ഈ യൂണിഫോമിനോട് നീതി പുലർത്തുന്ന രീതിയിൽ ഒരു ദിവസമെങ്കിലും പണിയെടുത്തിട്ട് അന്തസായി മരിക്കണം…..

ജയറാം പറഞ്ഞു തീർന്നതും അയാളുടെ മൊബൈൽ റിങ് ചെയ്തു… സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട ജയറാമിന്റെ കണ്ണുകൾ ഭയം കൊണ്ട് വികസിച്ചത് രാമകൃഷ്ണൻ വ്യക്തമായി കണ്ടു….

ബലരാമൻ….. ചെറുതോട്ടത്തിൽ ബലരാമൻ….

ജയറാം ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു….

ജയരാമാ…… !

മരണം പോലും മരവിച്ചു പോകുന്ന ശബ്ദം ജയറാമിന്റെ കാതുകളിലേക്കു ഒഴുകിയെത്തി….

എനിക്ക് എതിരെ പോരാടി ആണായി മരിക്കാൻ തീരുമാനിക്കുന്നതിന് മുൻപ് നീ ഒന്നോർക്കണം…. നിന്റെ മരണം അത്ര പെട്ടെന്ന് സംഭവിക്കില്ല…. ആദ്യം നിന്റെ കുടുംബം നിന്റെ കണ്മുന്നിൽ കിടന്ന് ഇല്ലാതെയാകുന്നത് നീ കാണും…. ആ കാഴ്ച കാണാനാകാതെ നീ കണ്ണ് അടക്കാതിരിക്കാൻ ആദ്യം നിന്റെ കൺപോളകൾ അറുത്തു മുറിച്ചു കളഞ്ഞിട്ടെ ഞാൻ അത് ചെയ്യൂ…. ഇട്ടിരിക്കുന്ന കാക്കിയോട് നീതി പുലർത്തണം എന്ന് തോന്നുമ്പോൾ ഒന്നോർക്കണം…. നീ ചവിട്ടി നിൽക്കുന്ന മണ്ണ് വടയമ്പാടിയാണ്….. ചെറുതോട്ടത്തിൽ ബലരാമന്റെ സാമ്രാജ്യം…. നിന്റെ ഒരു നിശ്വാസം പോലും ഞാൻ അറിയും ജയരാമ….. മറന്നു പോയെങ്കിൽ അതൊന്ന് ഓർമ്മിപ്പിക്കാൻ വിളിച്ചതാണ്…..

അപ്പുറത്തു ഫോൺ കട്ട്‌ ആയി….നിരാശയും സങ്കടവും നിസ്സഹായതയും കൂടി ചേർന്ന് വല്ലാത്ത ഒരാവസ്ഥയിലേക്ക് ജയറാം എത്തിച്ചേർന്നു….

സാർ…..

രാമകൃഷ്ണൻ മെല്ലെ വിളിച്ചു…..

വയ്യെടോ…. ഇനിയും എനിക്ക് ഇവിടെ പറ്റത്തില്ല…. രണ്ടാഴ്ചയായി നാഥനില്ലാ കളരി പോലെ നമ്മുടെ സ്റ്റേഷൻ…. ആരെങ്കിലും ഒന്ന് വന്ന് ചാർജ് എടുത്തിരുന്നെങ്കിൽ സ്റ്റേഷൻ ചാർജ് എന്ന ഈ തലവേദന ഒഴിഞ്ഞു കിട്ടിയേനെ….

ആര് വന്നിട്ട് എന്ത് കിട്ടാനാ സാറെ….. ആദ്യം കുറെ വിറപ്പിക്കലൊക്കെ കാണിക്കും പിന്നെ തീർന്നു….. ബലരാമന്റെ കാൽച്ചോട്ടിൽ പട്ടിയെ പോലെ പോയി കിടക്കും… അല്ലെങ്കിൽ സർവീസ് മാത്രമല്ല ജീവിതവും നായ നക്കുമെന്നു ആദ്യം അവർക്ക്  മനസിലാക്കി കൊടുക്കുക  നമ്മുടെ ഡിപ്പാർട്മെന്റിലെ തന്നെ തമ്പുരാക്കന്മാരല്ലേ….?

രാമകൃഷ്ണൻ പറഞ്ഞത് കേട്ട് ജയറാം അയാളെ നോക്കി…. ജയറാമിന്റെ മുഖത്ത് വാടിയ ഒരു പുഞ്ചിരി വിടർന്നു….

താൻ ചെല്ല്…. ബാക്കി കാര്യങ്ങളൊക്കെ ചെയ്യൂ….

ജയറാം പറഞ്ഞത് കേട്ട് രാമകൃഷ്ണൻ തിരിഞ്ഞു നടന്നു…. മനുഷ്യർ അങ്ങനെയാണ്…. സ്വന്തം ജീവൻ മാത്രമല്ല…. ജീവിതം തന്നെ സംരക്ഷിക്കാൻ ബാധ്യതപെട്ടവർ… താനും തനിക്ക് ചുറ്റും തന്നെ ആശ്രയിച്ചു നിൽക്കുന്ന ഒരുപിടി ജീവനുകളും ചേർന്ന ജീവിതമെന്ന സത്യത്തിനു മുൻപിൽ അന്യയങ്ങൾക്കും അനീതികൾക്കും എതിരെ കണ്ണുകളും കാതുകളും കൊട്ടിയടിക്കാൻ അവർ നിർബന്ധിതരാകുന്നു….. ബന്ധങ്ങൾ ബന്ധനങ്ങൾ ആവുമ്പോൾ നമ്മുക്ക് ചുറ്റുമുള്ള സാഹചര്യങ്ങളോട് നമ്മൾ സമരസപ്പെട്ടു പോകുന്നു…. ഇവിടെ ജയറാമും രാമകൃഷ്ണനും അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും അങ്ങനെയൊക്കെ തന്നെ…..

യൂണിഫോം അഴിച്ചു വെച്ചാൽ അവരും മനുഷ്യർ…. വെറും മനുഷ്യർ…. എന്നാൽ സാധാരണ ജനങ്ങൾക്ക് അവർക്ക്  നീതിയുടെ കാവൽ മാലാഖയുടെ മുഖമാണ്…. പക്ഷെ ചില സമയങ്ങളിൽ… ചില യാഥാർഥ്യങ്ങൾക്കു മുൻപിൽ അനീതികൾ കാണുമ്പോൾ  അവരും നിശ്ശബ്ദരാകുന്നു…..

വടയമ്പാടി ഗ്രാമം…..

കണ്ണൂർ – കാസർഗോഡ് ജില്ലകളുടെ അതിരിലായി കർണ്ണാടകയുമായി ചേർന്ന് കിടക്കുന്ന ഒരു ഗ്രാമം….. തീർത്തും കുഗ്രാമം എന്ന് പറയാൻ കഴിയില്ലെങ്കിലും…. വികസനം അത്രയ്ക്കു അങ്ങട് എത്തി ചേർന്നിട്ടില്ല എന്നും പറയാം….

ചെറുതോട്ടത്തിൽ ബലരാമൻ എന്ന കരുത്തന്റെ കാൽകീഴിലാണ് ഇന്ന് ആ മണ്ണ്…. കേരള – കർണാടക -തമിഴ് നാട് – മഹാരാഷ്ട്ര… എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന വമ്പൻ ബിസിനസ് ഗ്രുപ്പ് ആയ ചെറുതോട്ടത്തിൽ ഗ്രുപ്പിന്റെ അമരക്കാരനാണ് ബലരാമൻ….. അനുജന്മാർ…. ബാലഭാസ്കർ, ബാലചന്ദ്രൻ…..

ഈ മൂവർസംഘമാണ് ചെറുതോട്ടത്തിൽ ഗ്രുപ്പിന്റെ എല്ലാ വളർച്ചയുടെയും പിന്നിൽ… കേരളത്തിലെയും കര്ണാടകയിലെയും രാഷ്ട്രീയത്തിലും ബലരാമന് അത്യാവശ്യം പിടിപാടുണ്ട്….. വടയമ്പാടിയിലെയും സമീപ ഗ്രാമങ്ങളിലെയും കൂടി ഏകദേശം എഴുപത്തിഅയ്യായിരം ജനങ്ങൾ തിരഞ്ഞെടുപ്പിൽ ബലരാമൻ കുത്താൻ പറയുന്നിടത്ത് കുത്തും…. കർണാടകയിലും സ്ഥിതി വ്യത്യസ്തമല്ല…. അതിർത്തിഗ്രാമമായ പാഞ്ചാലിപുരവും സമീപഗ്രാമങ്ങളും ഉൾപ്പെടുന്ന പ്രേദേശങ്ങളും ഏറെക്കുറെ ബലരാമന്റെ സ്വാധീനമേഖലയാണ്…..

കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ബലരാമനുള്ള പങ്ക് പോലീസ് വൃത്തങ്ങൾക്കുള്ളിൽ പരസ്യമായ രഹസ്യമാണ്…. പക്ഷെ തെളിവുകളും സാക്ഷികളും ഉൾപ്പെടെ കുറ്റം ഏറ്റു പറഞ്ഞു ജയിലിൽ പോയി കിടക്കാൻ  മടിയില്ലാത്തവരെ പൊന്നും വിലക്ക് എടുത്ത് പൊലീസിന് മുൻപിൽ ഇട്ട് കൊടുക്കും ബലരാമൻ…..

ക്രൂരനും കണ്ണിൽ ചോരയില്ലാത്തവനെന്നും അധികാരവൃന്ദങ്ങളും പോലീസും മാധ്യമങ്ങളും ചേർന്ന് പട്ടം  ചാർത്തി കൊടുത്തെങ്കിലും…. വടയമ്പാടിയിലെ സാധാരണജനങ്ങൾക്ക്‌ തങ്ങളുടെ ഉടയോൻ ആണ് ബലരാമൻ…. ബലരാമൻ പറഞ്ഞാൽ എന്തിനും ഏതിനും അവർ തയ്യാറാണ്….

തനിക്കെതിരെ ഉയരുന്ന ഏതു ശബ്ദവും ബലരാമൻ ഒരു ദാക്ഷിണ്യവും ഇല്ലാതെ ഇല്ലായ്യ്മ ചെയ്യും…. അതും പരസ്യമായ രഹസ്യം….

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ബലരാമനെതിരെ പരസ്യമായി ശബ്‌ദിക്കുന്ന ഒരാൾ ഉണ്ട് വടയമ്പാടിയിൽ….. ബലരാമനെതിരെ ശബ്ദമുയർത്തിയിട്ടും ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരേയൊരാൾ….

അനന്തു  എന്ന് സ്നേഹപൂർവ്വം വടയമ്പാടിക്കാർ വിളിക്കുന്ന…. അനന്തലാൽ….

സഖാവ് അനന്തലാൽ…..

അനന്ദു ഇപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നുമല്ല…. ബലരാമന്റെ സ്വന്തം പെങ്ങൾ ബാലാമണിയുടെ മകനാണ് അനന്ദു….

ബലരാമന്റെ എല്ലാ ഉയർച്ചക്കും അയാളുടെ ഒപ്പം തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിച്ച അരവിന്ദൻ എന്ന ബലരാമന്റെ ആത്മമിത്രത്തിൽ ബാലാമണിക്ക് ഉണ്ടായ മകൻ…

ബാലാമണിയും അരവിന്ദനുമായുള്ള ബന്ധം ബലരാമൻ അറിഞ്ഞതിന്റെ മൂന്നാം പക്കം അരവിന്ദന്റെ ജഡം വടയമ്പാടിക്ക് സമീപമുള്ള പാറമട കയത്തിൽ പൊങ്ങി….

അന്നും ഇന്നും ബാലാമണി വിശ്വസിക്കുന്നത് അത്‌ ചെയ്തത് ബലരാമൻ ആണാനാണ്….. അതിന്റെ ഫലം തന്നെയാണ് അമ്മാവനോട് അനന്തിരവനുള്ള ദേഷ്യവും പകയും….

അരവിന്ദന്റെ കുഞ്ഞിനെ  ബലരാമനോടുള്ള ദേഷ്യം പോലെ പ്രസവിച്ചു വളർത്താൻ ബാലാമണിയെ സഹായിച്ചത് ഇരട്ടിയിൽ ഉള്ള ഒരു അബ്‌ദുള്ള കുട്ടിയും….

അനന്ദുവിന് 20 വയസ്സുള്ളപ്പോൾ ബാലാമണി തിരിച്ചു വടയമ്പാടിയിൽ എത്തി…. സ്വത്തിനു വേണ്ടി സഹോദരന്മാർക്ക് എതിരെ കേസും കൊടുത്തു…. ബാലാമണിയും അനന്ദുവും ഇത്രയൊക്കെ ചെയ്തിട്ടും ബലരാമൻ അവരെ ഒന്നും ചെയ്യാത്തത്…. അരവിന്ദനെ കൊന്നതിലുള്ള പശ്ചാത്താപം കൊണ്ടാണെന്നാണ് വടയമ്പാടിയിലെ കരക്കമ്പി…. മാത്രവുമല്ല…. മക്കളില്ലാത്ത ബലരാമന്റെ ഭാര്യ മീനാക്ഷിക്ക് അനന്ദു സ്വന്തം മകനെ പോലെയാണ്…. ബാലഭാസ്കറിന്റെ മക്കളായ സിദ്ധാർത്ഥനും ശ്രീ ലക്ഷ്മിക്കും അനന്ദു സ്വന്തം ഏട്ടൻ തന്നെയാണ്….

ബലരാമന്റെ പ്രവർത്തികളെ എതിർക്കുകയും ബലരാമനെതിരെ സംസാരിക്കുകയും ചെയ്യുമെങ്കിലും ചെറുതോട്ടത്ത് വീട്ടിൽ അനന്ദുവിന്‌ എപ്പോൾ വേണമെങ്കിലും കയറി ചെല്ലാം…

ഇങ്ങനെയൊക്കെ വടയമ്പാടിയിലെ കീരീടം വെക്കാത്ത രാജാവായി ബലരാമൻ വാഴുമ്പോൾ അയാളുടെ ശത്രുക്കൾ ബലരാമൻ എന്ന വടവൃക്ഷത്തെ കടയോടെ വെട്ടി മാറ്റാൻ പദ്ധതികൾ തയ്യാറാക്കുകയായിരുന്നു…. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ അനന്തപുരിയിൽ….

കേരളത്തിന്റെ ആഭ്യന്തരമന്ത്രി പൂവത്തുങ്കൽ ശശിധരൻ…. പ്രതിപക്ഷത്തെ ശക്തനായാ നേതാവും മലയോര കോൺഗ്രസിന്റെ ചെയർമാനുമായ ജേക്കബ് വർഗീസ്…. വ്യവസായ പ്രമുഖനായ രാധ ഗ്രുപ്പ് രാജശേഖരൻ…. ഇവർ മൂന്നുപേരും ആരെയോ പ്രതീക്ഷിച്ചതു പോലെ ഹോട്ടൽ പ്രൊവിഡൻസിലെ അന്പത്തിയൊന്നാം നമ്പർ സ്യൂട്ട് റൂമിൽ ഇരുന്നു….

എന്റെ പൊന്നു രാജശേഖര… ഉബൈദ് പറഞ്ഞ കാര്യം നടക്കണമെങ്കിൽ ഇച്ചിരി പാടാണ്… ആഭ്യന്തരമന്ത്രിയെന്ന പേര് മാത്രമേയുള്ളു…. ഒന്ന് പെടുക്കണമെങ്കിൽ കൂടി മുഖ്യന്റെയും പാർട്ടി സെക്രട്ടറിയുടെയും അനുവാദം വേണം… അതാണ് അവസ്ഥ…

ഗ്ലാസ്സിലേക്കു ഒഴിച്ച് വെച്ച മദ്യം മെല്ലെ നുകർന്നു കൊണ്ട് ശശിധരൻ പറഞ്ഞു…

ദേ…. മിനിസ്റ്ററെ എന്ന് വിളിക്കുന്ന നാവു കൊണ്ട് വേറെ ഒന്നും വിളിപ്പിക്കല്ലേ….? ഒരു സബ് ഇൻസ്പറ്ററെ വടയമ്പാടിക്ക് എത്തിക്കാൻ പറ്റില്ലെങ്കിൽ പിന്നെ താൻ ഏതു **……*** ത്തിലെ ആഭ്യന്തരമന്ത്രിയാടോ….?

എന്റെ രാജേട്ടാ നിങ്ങൾ ഇങ്ങനെ പ്രഷർ കൂട്ടല്ലേ….? ഇപ്പോഴത്തെ അവസ്ഥ അറിയാമല്ലോ…. രണ്ട് സൈഡിൽ നിന്നുമാണ് പ്രതിപക്ഷക്രമണം…. കൂടാതെ ഭരണത്തിൽ കൂടെയുള്ള പിശാചുക്കൾ വേറെയും…. സൂക്ഷിച്ചും കണ്ടും കളിച്ചില്ലെങ്കിൽ കൈ പൊള്ളും….

ശശിധരൻ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി…

അല്ല രാജേട്ടാ…. നിങ്ങളും മുജീബും കൂടി വടയമ്പാടിക്ക് സബ് ഇൻസ്‌പെക്ടർ വേണം എന്ന് വാശി പിടിക്കുന്നതാണ് എനിക്ക് മനസിലാകാത്തത്…. ബലരാമനെ ഒതുക്കാൻ മിനിമം കണ്ണൂർ എസ് പി യെ എങ്കിലും  മാറ്റി നിയമിക്കണ്ടേ…..?

ജേക്കബിന്റെ ചോദ്യം കേട്ട് രാജശേഖരൻ എന്ന വൃദ്ധൻ ചിരിച്ചു…. ചുക്കി ചുളിഞ്ഞ മുഖത്തെ കണ്ണുകൾ കുറുകി….

നിങ്ങളൊക്കെ എങ്ങനെ രാഷ്ട്രീയക്കരയെടാ പോങ്ങന്മാരെ…? വടയമ്പാടിയിലേക്കു ഏതെങ്കിലും ഒരുത്തനെ അയക്കണമെന്നല്ല മുജീബ് പറഞ്ഞത്… നല്ല തന്തക്കു പിറന്ന… ജീവനും ജീവിതത്തിനും പുല്ല് വില കല്പിക്കുന്ന ഒരുത്തൻ…. വടയമ്പാടി എന്ന ഇട്ടവട്ടത്തിൽ കിടന്ന് ബലരാമൻ ശ്വാസം മുട്ടുമ്പോൾ അതിന് പുറത്തുള്ള അവന്റെ സാമ്രാജ്യം തകർക്കാൻ സാധിക്കും….

എന്നാലും ഒരു സദാ എസ് ഐയെ കൊണ്ട് ബലരാമനെ പോലൊരുത്തനോട് മുട്ടി നിൽക്കാൻ പറ്റുമോ…?

ജേക്കബിന് എന്നിട്ടും ഒരു വിശ്വാസം വന്നില്ല….

പറ്റും…. പറ്റണം…. അങ്ങനെ ഒരുത്തൻ ഉണ്ട് കേരള പോലീസിൽ…. നല്ല തന്തക്കു പിറന്ന ആണൊരുത്തൻ….

അത് പറയുമ്പോൾ എഴുപത്തഞ്ചു പിന്നിട്ട രാജശേഖരൻ എന്ന വൃദ്ധൻ പതിനേഴുകാരന്റെ ആവേശത്തിലേക്കു എത്തിയിരുന്നു….

അതരണപ്പാ….? രാജേട്ടൻ ഇങ്ങനെ പുകഴ്ത്തുന്ന മഹാൻ….?

ശശിധരൻ അത്ഭുതത്തോടെ ചോദിച്ചു….

അതെ നിമിഷം തന്നെ പുറത്തു നിന്നും ഡോർ തുറന്നു മുപ്പത്തിഅഞ്ചു വയസ്സ് തോന്നിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കയറി വന്നു…. മുഖത്തേക്ക് ചാഞ്ഞു കിടക്കുന്ന നീളൻ മുടി അവൻ ഇടം കൈ കൊണ്ട് വകഞ്ഞു മാറ്റി….

ആ പേര് ഞാൻ പറയാം… പക്ഷെ ഞെട്ടരുത്…. !

മുഴങ്ങുന്ന ശബ്ദത്തിൽ അവൻ പറഞ്ഞതും ശശിധരനും ജേക്കബും അവന്റെ മുഖത്തേക്ക് നോക്കി….

നീ ഇങ്ങനെ ഓവർ സസ്പെൻസ് ഇട്ട് വെറുതെ ടെൻഷൻ അടിപ്പിക്കാതെ ആളുടെ പേര് പറ മുജീബേ….?

ശശിധരൻ അക്ഷമയോടെ അവനോട് പറഞ്ഞു….

ആ പേര് അങ്ങനെ വെറുതെ പറയാൻ പറ്റില്ല ശശിധരൻ സാറെ…. സെലക്ഷൻ എന്റെയാണ്…. മുജീബ് റഹ്മാന്റെ….. ചെകുത്താൻ സെലക്ട് ചെയ്യുന്നത് പിശാചിന്റെ സന്തതിയെ ആയിരിക്കും എന്നറിയില്ലേ സാറെ…. !

മുജീബ് പറഞ്ഞത് കേട്ട് ജേക്കബും ശശിധരനും പരസ്പരം നോക്കി…

എന്റെ പൊന്നു ശശിധരൻ സാറെ… സാറിന്റെ ഡിപ്പാർട്മെന്റിലെ ഏറ്റവും ഹെവി ആയിട്ടുള്ള സാധനം…. പുലികുട്ടി എന്ന് തന്നെ പറയാം….

മുജീബ് ഒരു നിമിഷം നിർത്തി…. ഇരുവരുടെയും മുഖത്തേക്ക് ഒന്ന് നോക്കി….. ഇരുവരും ആകാംക്ഷഭരിതരായി മുജീബിന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്….

കേദാർനാഥ്…..

കേദാർനാഥ് വിശ്വംഭരൻ….

ആ പേര് കേട്ടതും ശശിധരനും ജേക്കബും അവർ അറിയാതെ തന്നെ ഉമിനീർ ഇറക്കി….

നീയെന്ത് ഭ്രാന്തണ് മുജീബേ ഈ പറയുന്നത്….. ആ വട്ടനെയോ…. പട്ടാപകൽ നടുറോഡിൽ വെച്ച് കൊടുങ്ങല്ലൂർ എം ൽ എക്കെതിരെ തോക്കെടുത്തതാണ് അവൻ…. അവനെ വടയമ്പാടിക്ക് വിടണോ….? അതിലും ഭേദം ഞാൻ രാഷ്ട്രീയം വിട്ട് വേറെ വല്ല പണിക്കും പോകുന്നതാണ്….

ശശിധരന്റെ ഉള്ളിലെ ടെൻഷൻ മുഴുവൻ അയാളുടെ വാക്കുകളിൽ ഉണ്ടായിരുന്നു….

എന്റെ ശശിധരൻ സാറെ….. ഈ കേദാർനാഥ് നിങ്ങൾക്ക് നിത്യതലവേദനയാണ്…. വടയമ്പാടിയിൽ പോയി ബലരാമനോട് മുട്ടി കേദാർനാഥ് ജയിച്ചാലും ബലരാമൻ ജയിച്ചാലും നിങ്ങൾക്ക് ഒരു തലവേദന ഒഴിഞ്ഞു കിട്ടും..

മുജീബ് അത് പറഞ്ഞപ്പോൾ ശശിധരൻ ഒരു നിമിഷം ചിന്തിച്ചു…. മുജീബ് പറയുന്നതിലും കാര്യമുണ്ടെന്നു അയാൾക്ക് തോന്നി….. ആരൊഴിവായാലും നേട്ടം തനിക്ക് തന്നെയാണ്….

മുജീബേ നീ പറയുന്നതിലും കാര്യമുണ്ട്… പക്ഷെ… ഈ കേദാർനാഥ്  ബലരാമനെ മുട്ട് കുത്തിക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ….?

ബലരാമനെ അങ്ങനെയങ്ങു അണ്ടർ എസ്റ്റിമേറ്റ് ചെയ്യാൻ മുജീബ് വിഡ്ഢിയോന്നുമല്ല മിനിസ്റ്റർ സാറേ… പക്ഷെ ബലരാമനെ കുറച്ചു കാലം വടയമ്പാടിയിൽ തന്നെ തളച്ചിടാൻ കേദാർനാഥിന് കഴിയും…. അതെനിക്ക് ഉറപ്പുണ്ട്… അത് മതി എനിക്ക്….. സൗത്തിൽ മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന ബലരാമന്റെ കഴുകൻ കണ്ണുകളുടെ ഫോക്കസ് കുറച്ചു കാലം വടയമ്പാടി എന്ന കൊച്ച് ഗ്രാമത്തിൽ മാത്രമായി ഒതുങ്ങണം…. ആ സമയം മതി എനിക്ക് ചിറകുകൾ അരിഞ്ഞു ബലരാമനെ താഴെയിടാൻ…..

മുജീബിന്റെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു…. അടങ്ങാത്ത പക അവന്റെ മനസ്സിൽ നുരച്ചു പൊന്തി….

ജേക്കബും ശശിധരനും പരസ്പരം നോക്കി….

ഒക്കെ സമ്മതിച്ചു…. അങ്ങനെ ബലരാമന് ചെക്ക് വെക്കാൻ നമ്മൾ ബലി കൊടുക്കുന്ന കാലാൾപടയാളി…. കേദാർനാഥ്…..

മനസ്സിൽ എന്തൊക്കെയെ കണക്കുകൾ കൂട്ടി കൊണ്ട് ശശിധരൻ മൊഴിഞ്ഞു….

   ************ ********** ********

വടയമ്പാടി പോലീസ് സ്റ്റേഷൻ

മുറ്റത്ത് കുറച്ചു ചെറുപ്പക്കാർ കൂട്ടം കൂടി നിന്ന് കൊണ്ട് പോലീസുകാരുമായി തർക്കിക്കുകയായിരുന്നു….

പറ്റത്തില്ല സാറെ…. ഞങ്ങൾക്ക് സി ഐയെ കാണണം… കണ്ടേ പറ്റു….

എബി… നിങ്ങൾ ഇങ്ങനെ നിന്ന് ബഹളം ഉണ്ടാക്കരുത്…. സി ഐ സാർ ഇവിടെയില്ല….

ജയറാം ഒരു വിധത്തിൽ അവരെ പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കി….

പിന്നെ ഏതു മറ്റെടുത്തു പോയി ഒളിച്ചിരിക്കുവാടോ തന്റെ ഏമാൻ….? ബലരാമൻ ഒരുക്കി കൊടുത്ത മണിയറയിൽ കണ്ട തേവിടിശികളുടെ *****……***** ലോ…?

കുറച്ചു കൂടി മാന്യമായി സംസാരിക്കണം ഇതൊരു പോലീസ് സ്റ്റേഷൻ ആണ്….

തന്റെ മറ്റെടുത്തെ പോലീസ് സ്റ്റേഷൻ…. ജനറൽ ഹോസ്പിറ്റലിലെ മോർച്ചറിയിൽ തണുത്ത് മരവിച്ചു കിടക്കുന്നതു എന്റെ കുടുംബം ആണ്…. അത് ആരാണ് ചെയ്തെന്നു വ്യക്തമായി അറിയാവുന്ന കാര്യവുമാണ്…. നിങ്ങൾ പോലീസുകാർ ചേർന്ന് ഇനി ഒരു തിരക്കഥ ഉണ്ടാക്കാൻ നോക്കിയാൽ പച്ചക്ക് കത്തിക്കും ഞാൻ…..

മരിച്ച ബിനീഷിന്റെ അനിയൻ ബിനോയ്‌ സർവ്വതും നഷ്ടപ്പെട്ടവനെ പോലെ അലറി…. പെട്ടെന്നാണ് ബിനോയിയുടെ തോളിൽ ഒരു കൈ വന്നു വീണത്….

ആരെ കത്തിക്കുമെന്നാണ് നീ പറഞ്ഞത്…..?

ബിനോയിയും എബിയും ഉൾപ്പെടെ അവിടെ കൂടി നിന്ന സകലരും ഒരു നിമിഷത്തേക്ക് നിശബ്ദരായി….

ആരെ കത്തിക്കുന്ന കാര്യമാട നായിന്റെ മോനെ നീ പറഞ്ഞത്…..?

കറുത്ത് ഇരുണ്ടു മീശ പിരിച്ചു വെച്ച കാരിരുമ്പിന്റെ കരുത്തുള്ള ആ മുഖത്ത് നിന്നും പുറത്തേക്കു വന്ന ചോദ്യത്തിന് മുൻപിൽ അവിടെ കൂടി നിന്നവരെല്ലാം ഒരു നിമിഷത്തേക്ക് സ്തബ്ധരായി പോയി….

ബഷീറേ…. പ്രശ്നമുണ്ടാക്കണ്ട…. അവൻ കൊച്ചല്ലേ….? അവന്റെ വിഷമം കൊണ്ട് പറഞ്ഞതാകും….

ജയറാം മുന്പോട്ട് വന്നുകൊണ്ട് പറഞ്ഞു….

ജയറാം സാർ ഇതിൽ ഇടപെടേണ്ട…. ഇവൻ ആരെ കത്തിക്കുമെന്നാണ് പറഞ്ഞതെന്ന് ഇപ്പോൾ എനിക്ക് അറിയണം….?

ബിനോയിയുടെ കഴുത്തിൽ ബഷീറിന്റെ ഉരുക്കു മുഷ്ടി പിടിമുറുക്കിയിരുന്നു….

ബഷീറിക്ക…. വേണ്ട ഇക്കാ… അവനെ വിട്ടേക്ക്….

എബി ബഷീറിന്റെ കൈയിൽ പിടുത്തമിട്ടു….

മാറിനിൽക്കട അങ്ങോട്ട്….

ബഷീർ ഇടതു കൈ കൊണ്ട് എബിയെ ആഞ്ഞു തള്ളി….

എബി തെറിച്ചു വീണ നിമിഷം തന്നെ സർവ്വശക്തിയും സംഭരിച്ചു കൊണ്ട് ബിനോയ്‌ ബഷീറിന്റെ കൈ തട്ടി മാറ്റി….

നിന്റെയൊക്കെ വലിയബ്രാൻ…. ചെറുതോട്ടത്തിൽ ബലരാമനെ കത്തിക്കുന്ന കാര്യം തന്നെയാടാ ഞാൻ പറഞ്ഞത്…..

ബിനോയ്‌ പുലിയെ പോലെ ചീറിക്കൊണ്ട് പറഞ്ഞതും…. ബഷീറിന്റെ കാൽ അവന്റെ നെഞ്ചത്ത് പതിച്ചതും ഒരുമിച്ചായിരുന്നു….

തെറിച്ചു വീണ ബിനോയിയുടെ നേരെ ബഷീർ മെല്ലെ നടന്നു….നടക്കുന്നതിടയിൽ തന്നെ വലതു കൈ കൊണ്ട് മുതുകത്തിരുന്ന വടിവാൾ ബഷീർ ഊരിയെടുത്തു….

തടയാൻ ശ്രമിച്ച പോലീസുകാരെയും ചെറുപ്പക്കാരെയും ബഷീറിന്റെ കൂടെ വന്ന ഗുണ്ടകൾ നേരിട്ടു…. ബിനോയ്‌ പേടിച്ചു പുറകിലേക്ക് നിരങ്ങി നീങ്ങി….

ബഷീർ ബിനോയിയുടെ തൊട്ടു മുൻപിലെത്തി നിന്ന നിമിഷത്തിൽ തന്നെ….. റോയൽ എൻഫീൽഡ് ബുള്ളറ്റ് ബിനോയിയുടെ പുറകിലെത്തി നിന്നു….

അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് ബഷീർ ഒന്ന് പതറി….. ചുവപ്പ് കളർ ഷർട്ടും…. വെള്ള മുണ്ടും ധരിച്ച ആ ചെറുപ്പക്കാരന് ഇരുപത്തിഅഞ്ചു വയസ്സ് പ്രായം തോന്നിക്കുമായിരുന്നു… താടിയും മീശയും വൃത്തിയായി വെട്ടി ഒതുക്കി വെച്ച ചൈതന്യം നിറഞ്ഞ മുഖത്ത് നിർവികാരമായ ഭാവമായിരുന്നു… പക്ഷെ ആ കണ്ണുകൾക്ക്‌ വല്ലാത്തൊരു ആജ്ഞശക്തിയുണ്ടായിരുന്നു…

അവൻ മെല്ലെ ബിനോയിയെ പിടിച്ചെഴുനേൽപ്പിച്ചു….

അനന്ദു… നീ ഇതിൽ ഇടപെടരുത് മാറി നിൽക്കു…. ഇത് രാമേട്ടൻ എന്നെ ഏല്പിച്ച ജോലിയാണ് അത് ഞാൻ ചെയ്തിരിക്കും….

ബഷീർ പറഞ്ഞത് കേട്ടു ബിനോയിയുടെ ശരീരത്തിലെ പൊടി തട്ടി കളഞ്ഞു കൊണ്ടിരിക്കുകയിയരുന്ന അനന്ദു ബഷീറിനെ നോക്കി….

ഇക്കാ….. നിങ്ങൾക്ക് ഇവനെ തൊടണമെങ്കിൽ ആദ്യം എന്നെ ഇല്ലാതെയാക്കണം….. എന്നിട്ട്…. എന്നിട്ട് മാത്രം…. !

ബഷീർ ശരിക്കും ധർമസങ്കടത്തിലായി…. അനന്ദുവിന്റെ ശരീരത്തിൽ ഒരു പോറൽ പോലും ഏല്പിക്കാൻ പാടില്ല എന്നത് ബലരാമന്റെ ഉത്തരവാണ്…. അതെ ബലരാമന് വേണ്ടിയാണു ഇപ്പോൾ ബിനോയിയെ കൊല്ലാൻ വാളെടുത്തതും….

അനന്ദു നീ മാറ്…. ഇത് കുട്ടിക്കളി കളിക്കാനുള്ള സമയമല്ല….. !

ഇക്കയ്ക്ക് ഞാൻ പറഞ്ഞത് മനസിലായില്ല എന്നുണ്ടോ….? ഇവന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വീഴാൻ ഞാൻ അനുവദിക്കില്ല….

ബഷീർ…. അനന്തുവിനെ കണ്ണുകളിലേക്കു നോക്കി…. ഉറച്ച തീരുമാനമാണ് അവന്റേതെന്നു അയാൾക്ക് മനസിലായി….

നീ അതിരുകൾ ലംഘിക്കുന്നു അനന്തു…. രാമേട്ടന്റെ അനന്തിരവൻ എന്നൊരു രക്ഷ എല്ലാ കാലത്തും നിനക്ക് ഉണ്ടാകില്ല…. ഒന്ന് ഓർത്തു വെച്ചോ….

ബലരാമന്റെ അനന്തിരവൻ എന്ന ലേബൽ എനിക്ക് വേണ്ട ഇക്കാ…. അതിലും നല്ലൊരു പേരുണ്ട് എനിക്ക്… സഖാവ് അനന്തലാൽ….  ആണായി പിറന്നവനാണെങ്കിൽ വാ… ഇപ്പോൾ തീർക്കാം നമ്മുക്ക്….

അനന്തു മുണ്ട് മടക്കികുത്തി കൊണ്ട് ബഷീറിന്റെ മുൻപിൽ നിന്നു… പല്ലിറുമ്മി കൊണ്ട് ബഷീർ തിരിച്ചു നടന്നു….. കൂടെ ഗുണ്ടകളും….

എന്റെ അനന്തു…. നീ ഇപ്പോൾ വന്നത് നന്നായി ഞാൻ ആകെ വിഷമവൃത്തത്തിലായി പോയി….?

നെഞ്ചിൽ കൈവെച്ചു കൊണ്ട് ജയറാം ആശ്വാസത്തോടെ പറഞ്ഞു….

എന്തിനാ സാറെ കഷ്ടപ്പെട്ട് ഈ വിഴുപ്പ് ചുമക്കുന്നത്…. ഊരി കളയാൻ പാടില്ലേ…?

ചോരത്തിളപ്പിന്റെ ബലത്തിൽ നിനക്ക് അത് പറയാം… എനിക്കെ രണ്ട് പെൺപിള്ളേരാണ്…. ചുമ്മാ അങ്ങനെ ഊരികളായാൻ പറ്റില്ല…

ജയറാം പറഞ്ഞത് കേട്ട് അനന്തു നിശബ്ദനായി….

അനന്തു സൂക്ഷിക്കണം…. നിന്റെ അമ്മാവന് നീ നിത്യതലവേദന ആയി കൊണ്ടിരിക്കുവാണ്…. ഏതു നിമിഷവും ഒരു മരണവാറന്റിൽ ബലരാമൻ ഒപ്പ് വെക്കും….

അങ്ങനെയങ്ങു എന്നെ ഇല്ലാതെയാക്കാൻ അയാൾക് പറ്റില്ല ജയറാം സാറെ…. എന്റെ അച്ഛന്റെ മരണത്തിനു ഉത്തരം അയാളെ കൊണ്ട് പറയിപ്പിച്ചിട്ടേ അനന്തു ഈ ഭൂമി വിട്ട് പോകത്തുള്ളൂ….

നടന്നത് തന്നെ….

ജയറാം മുകളിലേക്കു നോക്കി പറഞ്ഞു….

നടക്കും ജയറാം സാറെ…. ആകാശത്തിൽ ഇരകളെ തേടി വട്ടമിട്ടു പറക്കുന്ന ബലരാമന്റെ ചിറകുകൾ എന്നെങ്കിലും ആരെങ്കിലും ഒരുത്തൻ അരിഞ്ഞു തള്ളും….. അത് ഒരുപക്ഷെ ഞാനാകാം അല്ലെങ്കിൽ അതിന് വിധിക്കപ്പെട്ട മറ്റാരെങ്കിലും ആവാം…. ആരായാലും ബലരാമന്റെ സമയം അടുത്തു എന്നൊരു തോന്നൽ….

വിദൂരതയിലേക്ക് നോക്കി അനന്തു അത് പറയുന്ന സമയത്ത് തന്നെ മാഹിപ്പാലം കടന്ന് വെളുത്ത ബൊലേറോ കൊടുംകാറ്റിന്റെ കരുത്തോടെ കണ്ണൂർ ലക്ഷ്യമാക്കി വെടിയുണ്ട കണക്കെ കുതിച്ചു….

അതിനുള്ളിൽ അവനുണ്ടായിരുന്നു……

മിശിഹായുടെ മുഖമുള്ള ചെകുത്താൻ…..

കേദാർനാഥ് വിശ്വംഭരൻ….

വടയമ്പാടി എന്ന കുരുക്ഷേത്രഭൂമിയിലേക്ക്…. പാർത്ഥന്റെ തേർ തെളിച്ചു വരുന്ന പാർത്ഥസാരഥിയെ പോലെ….. ചെറുതോട്ടത്തിൽ ബലരാമൻ എന്ന ദുര്യോധനന്റെ കൗരവപടയെ നേരിടാൻ നിയോഗിക്കപ്പെട്ടവൻ….

ചതിയും കള്ളച്ചൂതും നിറഞ്ഞ ഇന്നിന്റെ കുരുക്ഷേത്രയുദ്ധത്തിനായി കാത്തിരിക്കാം…..

                                 തുടരും…..

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ദുര്യോധന – 1”

Leave a Reply

Don`t copy text!