Skip to content

ദുര്യോധന – 21

duryodhana-novel

3 മിനിട്ടുകൾക്ക് ശേഷം ബലരാമൻ പുറത്തേക്ക് വന്നു….

ബ്ലാക്ക് ടീഷർട്ടും ബ്ലാക്ക് ജീൻസുമായിരുന്നു വേഷം….. ഉറച്ച ചുവടുകളോടെ…. ആർക്കും മുന്നിലും അടിയറവ്‌ പറയാത്ത തലയെടുപ്പോടെ…. കണ്ണിൽ അണയാത്ത പകയുടെ കനലുമായി അയാൾ നടന്നടുത്തപ്പോൾ.. ഡേവിഡിന്റേയും അവന്തികയുടെയും കണ്ണുകൾ വിടർന്നു….

സി ബി…….

കേദാറിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു പോയി….

ബലരാമനും കേദാറും ഒരുമിച്ച് അങ്കപ്പുറപ്പാടിന് ഇറങ്ങുന്ന സമയത്ത് ഇവിടെ വടയമ്പാടിയിൽ ബലരാമന്റെ സ്വന്തം മണ്ണിൽ….. ഒരു അരക്കില്ലം ഒരുക്കി റാം മനോഹർ കാത്തിരുന്നു….

റാം മനോഹർ എന്ന ചിലന്തി മനോഹരമായി നെയ്‌തെടുത്ത മരണത്തിന്റെ വലയിലേക്ക് അനന്തുവും വിശ്വംഭരനും അതിവേഗം പറന്നടുത്തു….

      ************* *************

വടയമ്പാടി

ചെറുതോട്ടത്തിലേക്ക് പോകാതെ വിശ്വംഭരനും അനന്തുവും നേരെ അനന്തുവിന്റെ വീട്ടിലേക്കാണ് പോയത്….

ഒറ്റ നിലയിൽ തീർത്ത ഒരു മിഡിൽ ക്ലാസ്സ്‌ ഹൗസ്…. അങ്ങനെയാണ് ആ വീട് കണ്ടപ്പോൾ വിശ്വംഭരന് തോന്നിയത്….

അനന്തു ബെൽ മുഴക്കി കുറച്ചു നേരം കാത്തിരുന്നു….

ബാലാമണി വന്ന് ഡോർ തുറന്നു…. പുറത്തെ ഇരുട്ടിൽ നിൽക്കുകയായിരുന്ന വിശ്വംഭരനെ ബാല കണ്ടില്ല… പക്ഷെ വിശ്വംഭരൻ കാണുകയായിരുന്നു അവളെ…..

കാൽ നൂറ്റാണ്ടിനു മുൻപ് ദാവണി ഉടുത്ത്… കിലുക്കാം പെട്ടി പോലെ വടയമ്പാടിയുടെ വാനമ്പാടിയായി നടന്നവൾ…..

കാലം ശരീരത്തിലും മനസ്സിലും ഏല്പിച്ച ആഘാതങ്ങളിൽ തളരാതെ…. അവയെല്ലാം മുന്പോട്ടുള്ള ജീവിതത്തിന് ഉർജ്ജമാക്കി മാറ്റിയവൾ…..

പഴയ വെളുത്ത തുടുത്ത മുഖം കരുവാളിച്ചിരുന്നു എങ്കിലും ആ മുഖത്തെ ഐശ്വര്യത്തിനു കുറവൊന്നുമുണ്ടായിരുന്നില്ല…. സമൃദ്ധമായി വളർന്നു കിടന്നിരുന്ന കാർകൂന്തലിന്റെ പകുതിയും പൊഴിഞ്ഞു പോയതായി വിശ്വംഭരന് തോന്നി… ബാക്കി പകുതിയിൽ നരയും….

ബാലരാമനോടുള്ള പക ഒന്ന് കൊണ്ട് മാത്രം… ദുരിതങ്ങളെയും ദുരന്തങ്ങളെയും ഒറ്റക്ക് നേരിട്ടവൾ….

ബാല അനന്തുവിനെ ശകാരിക്കുകയായിരുന്നു…. അവൻ അമ്മയെ സമാധാനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്….

വിശ്വംഭരൻ പെട്ടെന്ന് ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു….. ആ സിറ്റൗട്ടിലേക്ക് കയറി…..

പെട്ടെന്ന് ബാലക്കു ആളെ മനസ്സിലായില്ല…. പതിയെ മനസ്സിലാക്കി വന്നപ്പോഴേക്കും അവളുടെ മുഖഭാവം മാറി

മേജർ……

മ്മ്…..

വിശ്വംഭരൻ പതിയെ മൂളി….

മേജർ ഒക്കെ പണ്ട് ഇപ്പോൾ ആള് റിട്ടയേഡ് കേണൽ വിശ്വംഭരൻ സാബ് ആണ്… അമ്മ അകത്തേക്ക് കയറി എന്തെങ്കിലും തിന്നാൻ എടുത്തേ… വിശന്നിട്ടു വയ്യ… ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്….

അനന്തു അമ്മയെ അകത്തേക്ക് തള്ളിക്കൊണ്ട് പറഞ്ഞു….

കേണൽ സാബും വാ…. അകത്തേക്ക് കയറി ഇരിക്ക്….

മൂവരും അകത്തെത്തി…

സാർ ഇരിക്ക്… ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം….

പറഞ്ഞു കൊണ്ട് ബാലാമണി അകത്തേക്ക് പോയി…..

ആ വീടിന്റെ ഹാളിൽ ഭിത്തിയിൽ അരവിന്ദന്റെ ചിരിക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു…. വിശ്വംഭരൻ അതിൽ തന്നെ നോക്കി നിന്നു….

എന്റെ അച്ഛൻ ഒരു പുലി ആയിരുന്നു അല്ലെ സാർ…

അരവിന്ദന്റെ ഫോട്ടോയിലേക്ക് തന്നെ നോക്കി നിൽക്കുന്ന വിശ്വംഭരനോട് അനന്തു ചോദിച്ചു….

മ്മ്…. അവൻ ശക്തനായിരുന്നു… ഒരുപക്ഷെ ബാലരാമനെക്കാളും ശക്തൻ… നീ പക്ഷെ ഒരു മണകൊണാഞ്ചൻ ആയി പോയല്ലോടാ അനന്തു….

വിശ്വംഭരൻ പറഞ്ഞതിന് അനന്തു മറുപടി പറയാൻ തുടങ്ങിയതും അടുക്കളയിൽ എന്തോ പത്രം നിലത്തു വീഴുന്ന ശബ്ദം അനന്തു കേട്ടു…..

അമ്മേ….. എന്തുവാ അടുക്കളയിൽ തല്ലി പൊട്ടിക്കുന്നേ….?

അനന്തു വിളിച്ചു ചോദിച്ചു…. പക്ഷെ മറുപടി ഒന്നും ഉണ്ടായില്ല…..

വിശ്വംഭരന്റെയും അനന്തുവിന്റെയും നെറ്റി ചുളിഞ്ഞു……

ഞാൻ ഒന്ന് നോക്കിയിട്ട് വരാം….

അനന്തു വിശ്വംഭരനോട് പറഞ്ഞു കൊണ്ട് അടുക്കളയിലേക്കു നടന്നു…

അടുക്കളവാതിൽ കടന്നതും കണ്ട കാഴ്ചയിൽ അനന്തു അടിമുടി വിറച്ചു പോയി….

ഇടതു കൈ കൊണ്ട് ബാലാമണിയുടെ വായും മൂക്കും പൊത്തിപിടിച്ചു കൊണ്ട് വലത് കൈയിലെ കത്തി അവളുടെ കഴുത്തിൽ ചേർത്ത് വെച്ച് കൊണ്ട് ഒരുത്തൻ….

ഡാ….. !

അലറി കൊണ്ട് അനന്തു മുൻപോട്ടു ആഞ്ഞതും ബാലാമണിയുടെ കഴുത്തിൽ കത്തി ഒന്ന് കൂടി അമർന്നു….

മണ്ടത്തരം കാണിക്കല്ലേ അനന്തു…. എനിക്ക് കൊല്ലൻ ഒരു മടിയുമില്ല… പിന്നെ ഈ അമ്മ…. പാവം ഇതിന്റെ ജീവൻ എന്തിനാ നമ്മൾ തമ്മിലുള്ള കളിക്കിടയിൽ കളയുന്നത്…..

ആരാ നീ…..?

അനന്തു സൂക്ഷ്മതയോടെ ചുറ്റും കണ്ണുകൾ പരതികൊണ്ട് അവനോട് ചോദിച്ചു…

റാം…. റാം മനോഹർ….

അവൻ പുഞ്ചിരിയോടെയാണ് മറുപടി പറഞ്ഞത്….

ഇതേസമയം അടുക്കളയിൽ നിന്നും എന്തോ ഒരു സൗണ്ട് കേട്ട വിശ്വംഭരൻ അങ്ങോട്ട് പോകാൻ തുടങ്ങിയതും 3 പേർ ആ വീടിന്റെ ഉള്ളിലേക്ക് കുതിച്ചെത്തിയതും ഒരുമിച്ചായിരുന്നു….

അവരുടെ കൈയിലെ നീട്ടിപ്പിടിച്ച തോക്കുകൾ വിശ്വംഭരനെ നിശ്ചലമാക്കി കളഞ്ഞു….

അനന്തലാൽ അരവിന്ദൻ….. അഥവാ ഉബൈദ് മുസ്‌തഫ കമാൽ…. പശ്ചാത്തപിച്ച പാപി… പക്ഷെ ആയുസ്സ് കുറഞ്ഞു പോയല്ലോടാ നിനക്ക്….

റാം പറഞ്ഞു തീരും മുൻപേ വെള്ളം നിറച്ചു വെച്ചിരുന്ന സോസ്പാൻ റാമിന്റെ കവിളടക്കം അതിശക്തമായി പതിച്ചതും നിമിഷം നേരം കൊണ്ട് കഴിഞ്ഞു…..

അനന്തുവിന്റെ സോസ്പാൻ കൊണ്ടുള്ള അപ്രതീക്ഷിത ആക്രമണത്തിൽ പിന്നിലേക്ക് വീണുപോയ റാം വീഴും മുൻപ് കത്തി ബാലയുടെ കഴുത്തിലൂടെ ഒന്ന് വരഞ്ഞു…..

ബാലയെ വിട്ട് റാം പിന്നിലേക്ക് മറിഞ്ഞു….. മുൻപോട്ടു ആഞ്ഞു വീഴാൻ പോയ ബാലയെ അനന്തു താങ്ങി നിർത്തി….. താഴെ വീണു കിടക്കുന്ന റാമിനെ എരിയുന്ന കണ്ണുകളോടെ അനന്തു നോക്കി… പിന്നെ അമ്മയുടെ മുഖത്തേക്കും….

കൊന്ന് കളയാടാ…. ആ പട്ടിയെ….

പറഞ്ഞു തീർന്നതും ബാല ശക്തി ക്ഷയിച്ചെന്ന പോലെ താഴേക്ക് ഇരുന്നു….

അപ്പോൾ മാത്രമാണ് അമ്മയുടെ കഴുത്തിൽ നിന്നും കുതിച്ചൊഴുകുന്ന ചോര അനന്തു കണ്ടത്….

അമ്മേ……?

താഴേക്ക് കുഴഞ്ഞു വീണ ബാലക്കൊപ്പം അനന്തുവും മുട്ട് കുത്തിയിരുന്നു….

കരയുന്നോടാ ചെക്കാ…. നീ അരവിന്ദന്റെ മകനാണ്…. കരയുകയല്ല… അവനെ കരയിപ്പിക്കേടാ….

റാമിന്‌ നേരെ വിരൽ ചൂണ്ടി കൊണ്ട് ബാല പറഞ്ഞു….അവളുടെ ശബ്ദത്തിന്റെ ഉറപ്പ് റാമിനെ അത്ഭുതപ്പെടുത്തി കളഞ്ഞു….

അനന്തു എരിയുന്ന ഒരു നോട്ടം റാമിന് നേരെ നോക്കി….

ഇതേ സമയം ഹാളിൽ 3 പേരുടെ തോക്കിൻ മുനയിൽ നിന്നു കൊണ്ട് വിശ്വംഭരൻ ഒന്ന് ചിരിച്ചു…..

പത്തറുപത് വയസ്സായ എന്റെ നേരെ തോക്ക് ചൂണ്ടാൻ 3 പേർ….. അപ്പോൾ നിനക്കൊക്കെ എന്നെ അറിയാം…. ഞാൻ കേദാറിന്റെ അപ്പൻ ആണ് എന്ന് അറിയാം…. അല്ലേടാ നായ്ക്കളെ…..

നിമിഷനേരം കൊണ്ടായിരുന്നു വിശ്വംഭരന്റെ ആക്രമണം… ഇടം കാൽ ഒരുത്തന്റെ മുഖമടക്കം പതിച്ചു കഴിഞ്ഞതും വലതു കൈമുട്ട് അടുത്ത് നിന്നവന്റെ മൂക്ക് ചതച്ചു…. മൂന്നാമന്റെ തലയിൽ ഹാളിൽ കിടന്ന ടീപോയാണ് വന്ന് പതിച്ചത്….

ഒരു അറുപതുകാരന്റെയടുക്കൽ നിന്നും ഇത്രയ്ക്കു വേഗതയും കരുത്തും അവന്മാർ പ്രതീക്ഷിച്ചിരുന്നില്ല….

തൊട്ടടുത്ത നിമിഷം… റാം അന്തരീക്ഷത്തിൽ പറന്നെന്ന പോലെ ഹാളിൽ വന്ന് നടു അടിച്ചു വീണു….

പുറത്തു നിന്നും വീണ്ടും ആളുകൾ അകത്തേക്ക് കുതിച്ചെത്തി….

പിന്നെ അടിയോടടി ആയിരുന്നു….

ഹാളും കഴിഞ്ഞ് മുറ്റത്തേക്ക് എത്തിയതോടെ റാമും പിള്ളേരും അക്ഷരാർത്ഥത്തിൽ പുലിമടയിൽ കൊണ്ട് തല വെച്ചുകൊടുത്ത മുയൽ കൂട്ടത്തിന്റെ അവസ്ഥയിൽ എത്തിച്ചേർന്നിരുന്നു….

അടി എന്ന് പറഞ്ഞാൽ ഇജ്ജാതി അടി ജീവിതത്തിൽ അവന്മാർ കൊണ്ട് കാണില്ല… അനന്തുവും വിശ്വംഭരനും ചേർന്ന് റാമിനെയും പിള്ളേരെയും നിലം തോടിച്ചില്ല….

പെട്ടെന്ന് മഹിന്ദ്ര കമാണ്ടർ വന്ന് ആ മുറ്റത്തു പൊടി പറത്തി നിന്നു…. ബഷീർ അതിന്റെ ഉള്ളിൽ നിന്നും ഇറങ്ങി…

ബഷീറിന് ആദ്യം സംഗതി ഒന്നും മനസിലാകാത്തത് പോലെ നിന്നു…. പിന്നെ മുൻപോട്ടു കുതിക്കാൻ ഒരുങ്ങിയ ബഷീറിനെ വിശ്വംഭരൻ തടഞ്ഞു നിർത്തി….

അക്ഷരാർത്ഥത്തിൽ വിശ്വംഭരനും ബഷീറും അരവിന്ദനെ വീണ്ടും നേരിൽ കാണുകയായിരുന്നു…. അനന്തുവിലൂടെ….

റാമിന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു ആ നിമിഷത്തിൽ അനന്തു…. റാം മലർന്നടിച്ചു വീണു… അവൻ ആകെ അവശനായി കഴിഞ്ഞിരുന്നു…

അനന്തു മെല്ലെ നടന്നു ചെന്നു റാമിന്റെ നെഞ്ചിൽ കാൽ വെച്ചു….

അരവിന്ദന്റെ മോനാടാ ഞാൻ…. അരവിന്ദന്റെ മോൻ… ഇതെന്റെ മണ്ണാണ്… ഈ മണ്ണിൽ ചുവടുറപ്പിച്ചാണ് ഞാനും എന്റെ അച്ഛനുമൊക്കെ രണ്ട് കാലിൽ നിവർന്നു നില്കാൻ പഠിച്ചത്… ആ എനിക്കിട്ട് ഇവിടെ വന്ന് ഉണ്ടാക്കാമെന്ന് വിചാരിച്ചോടാ നാറി….

അനന്തു മുറിവേറ്റ സിംഹത്തെ പോലെ റാമിനെ നോക്കി മുരണ്ടു….

ചുണ്ടിലെ പാല്മണം മാറാത്ത അഞ്ചാറു പിള്ളേരേം കൊണ്ടു വന്നേക്കുന്നു…. നമ്മുക്കിട്ടു ഉണ്ടാക്കാൻ… തീർത്തേക്കട…. കൂടുതൽ ഡയലോഗ് അടിച്ചു ചളമാക്കണ്ട….

വിശ്വംഭരൻ പറഞ്ഞു തീർന്നതും അനന്തുവിന്റെ മുഖഭാവം മാറിയതും പെട്ടെന്നാണ്…. അവൻ പൈശാചികമായ ഒരു ഭാവത്തോടെ റാമിനെ നോക്കി…

എന്റെ അമ്മ…. എന്റെ ചന്തുമാമ…. കൊന്ന് കളഞ്ഞില്ലേടാ പന്നി…..

അത്രയും പറഞ്ഞു കൊണ്ട് അനന്തു ചുറ്റും നോക്കി… അടുത്ത് കിടന്നിരുന്ന ഒരു വലിയ കല്ല് അവൻ എടുത്ത് തന്റെ തലയ്ക്കു മീതെ ഉയർത്തി പിടിച്ചു അനന്തു….

കൊല്ല്… കൊല്ലവനെ അനന്തു… കൊല്ല്…

വിശ്വംഭരൻ ഭ്രാന്ത് മൂത്തത് പോലെ അലറി….

റാമിന്റെ കണ്ണുകൾ ഭയം കൊണ്ട് വികസിച്ചു… അയാൾ അവിടെ കിടന്നു ഞരങ്ങി…

ഒരു നിമിഷം….

ഒരൊറ്റ നിമിഷം….

അനന്തു…..

വിശ്വംഭരന്റെ വിളി കേട്ട് അനന്തു തിരിഞ്ഞു നോക്കി…. അവിടെ കണ്ട കാഴ്ച വിശ്വസിക്കാനാകാതെ അനന്തുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി….

വിശ്വംഭരന്റെ മുതുക് തുരന്ന കത്തി പുറത്തേക്ക് വലിച്ചൂരുന്ന ബഷീർ….

വലിച്ചൂരിയ കത്തി ബഷീർ വീണ്ടും കേണലിന്റെ ദേഹത്തേക്ക് കുത്തി കയറ്റി…..

ബഷീറിക്ക….. !

അലറി കൊണ്ട് അനന്തു തിരിഞ്ഞു നിന്നു… അവൻ ആ കല്ല് താഴേക്ക് ഇട്ടുകൊണ്ട് താഴേക്ക് വീഴാനൊരുങ്ങിയ കേണലിന്റെ അടുത്തേക്ക് കുതിച്ചു…

ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ റാം കണ്ണുകൾ ഇറുക്കിയടച്ചു….

കേണൽ സാബ്…സാബ്….

അനന്തു കേണലിനെ താങ്ങി കൊണ്ട് താഴെക്കിരുന്നു… കേണൽ അനന്തുവിന്റെ കവിളിൽ തൊട്ടു…

അരവിന്ദന്റെ മോനാണ് നീ… തോല്കരുത്….

ബഷീറിക്കാ….?

അനന്തു വിശ്വാസം വരാത്തത് പോലെ ബഷീറിനെ നോക്കി….

എന്താടാ ചെക്കാ…. ബഷീർ തന്നെയാണ്…. കൊല്ലം കുറെ ആയെടാ ബലരാമന്റെ കൂടെ നിന്നു ചെരപ്പു തുടങ്ങിയിട്ട്…. ആദ്യം നിന്റെ അച്ഛൻ…. അരവിന്ദൻ… ഞാൻ ആഗ്രഹിച്ച പെണ്ണിനേയും ഞാൻ സ്വപ്നം കണ്ട സ്ഥാനവും തട്ടിയെടുത്തു…. അവനെ കൊന്നത് ഞാൻ തന്നെയാണ്….

അനന്തുവിന്റെ കണ്ണുകൾ വികസിച്ചു….

അതേടാ… സായിപ്പിന്റെ കുത്ത് കൊണ്ട് ചാകാറായ നിന്റെ അച്ഛനെ പാറമടകയത്തിലേക്ക് എടുത്ത് എറിഞ്ഞത് ഞാനാണ്…..

ഡാ……

അലറി കൊണ്ട് ചാടി എഴുന്നേറ്റ അനന്തുവിന്റെ തലയുടെ പിന്നിൽ വിറക് മുട്ടികൊണ്ട് അതി ശക്തമായ അടി കൊടുത്തു റാം….

അനന്തു മുട്ട് കുത്തിയിരുന്നുപോയി…

പിടക്കല്ലേട….. ചെക്കാ…. മുഴുവൻ പറയട്ടെ….. അരവിന്ദൻ പോയതോടെ ആ സ്ഥാനം കൊതിച്ച എന്റെ കണ്മുൻപിൽ കൂടെ ദേ ഈ കിടക്കുന്നവനും പിന്നെ തലശ്ശേരി മാർകറ്റിൽ തെണ്ടി തിരിഞ്ഞു നടന്ന ഏതോ ഒരു ചെറ്റയും… യൂനസ് അലി… ത്ഫൂ…..

ബഷീർ വെറുപ്പോടെ കാറി തുപ്പി…

ഡാ…അതും ഞാൻ ക്ഷമിച്ചു… സഹിച്ചു… ഒരു പട്ടിയെ പോലെ ബലരാമന്റെ കാൽകീഴിൽ കിടന്നു…. അവസാനം നീയും പിന്നെ ഇന്നലെ കേറി വന്ന ഏതോ ഒരു സബ് ഇൻസ്‌പെട്ടറും കൂടി എന്റെ നെഞ്ചത്ത് തിരുവാതിര കളിക്കാൻ തുടങ്ങിയപ്പോഴും അയാൾ ബലരാമൻ പറഞ്ഞു… ക്ഷമിച്ചു കള ബഷീറേ എന്ന്….

ബഷീറും മുട്ട് കുത്തി അനന്തുവിന്റെ ഒപ്പം ഇരുന്നു….

ഞാനും ഒരാണ് ആണെടാ…. എനിക്കും ആഗ്രഹങ്ങൾ ഉണ്ട്… ഇരുപത്തിയേഴു വർഷം… ഇരുപത്തിയേഴു വർഷം ഞാൻ ഒരു നായയെ പോലെ അയാളുടെ കാൽകീഴിൽ കിടന്നിട്ട് ഇന്നലെ വന്ന ഒരു കേദാർ ഇപ്പോൾ ബലരാമന്റെ വലംകൈ…. ഞാൻ മോഹിച്ച പെണ്ണിനെ തട്ടിയെടുത്ത അരവിന്ദന്റെ മകൻ…. നീ… എന്നെക്കാളും മുകളിൽ… സഹിക്കാൻ പറ്റുമോ മോനെ അനന്തു….

അനന്തു ബഷീറിന് നേരെ ഒന്ന് നോക്കി…

ഇല്ല…. സഹിക്കാൻ പറ്റില്ല…. ഓരോ പ്രവിശ്യവും ബലരാമൻ എന്നെ ഏല്പിച്ച ജോലികൾക്ക് നീ തടസ്സം വരുമ്പോഴും എന്റെ ഉള്ളം പക കൊണ്ട് നീറി… പക്ഷെ ബലരാമൻ തടുത്തു… ഞാൻ ക്ഷമിച്ചു… കാത്തിരുന്നു… ഒരവസരത്തിനായി… അപ്പോഴാണ് അവൻ വരുന്നത് കേദാർ… എന്റെ ദേഹത്തവൻ കൈ വെച്ചു… അതും ക്ഷമിക്കാൻ പറഞ്ഞു പൊന്നു തമ്പുരാൻ… അതോടു കൂടി എനിക്ക് ഒരു കാര്യം മനസിലായി… ഞാൻ വെറും പട്ടിയാണെന്നു….

ബഷീർ പറഞ്ഞു തീർത്തതും അനന്തു ചിരിച്ചു…

ആണ്… നീ പട്ടിയാണെടാ… നന്ദിയില്ലാത്ത പട്ടി….

അനന്തു ബഷീറിന്റെ കണ്ണുകളിൽ തന്നെ നോക്കിയാണ് അത് പറഞ്ഞത്…

പക്ഷെ ഇപ്പോൾ ഞാൻ പട്ടിയല്ല… രാജാവാണ്…. ഈ വടയമ്പാടിയുടെ രാജാവ്…. നിനക്കറിയാമോ മാരാരുടെ ചെറുമകൾ മേഘയെ കൊന്ന് പാറമടക്കയത്തിൽ എറിഞ്ഞത് ഞാൻ ആണ് എന്റെ ഈ കൈ കൊണ്ട്…. നിന്റെ അനിയൻ സിദ്ധാർത്ഥിനെ കൊന്നതും ഞാൻ ആണ്… ഈ കൈ കൊണ്ട്… ബലരാമന്റെ ഒപ്പം നിന്നുകൊണ്ട് ബലരാമൻ പോലും അറിയാതെ കലാപം ഉണ്ടാക്കിയതും പോലീസ് സ്റ്റേഷൻ കത്തിച്ചതും ഞാൻ ആണ്…. നിന്റെ ചന്തുമാമയെ ദേ ഇവന് തിന്നാൻ കൊടുത്തതും ഞാൻ ആണ്…. ഇപ്പോൾ നിന്നെ കൊല്ലാൻ പോകുന്നതും ഞാൻ ആണ്…

പറഞ്ഞു തീർന്നതും ബഷീറിന്റെ കൈയിലിരുന്ന കത്തി അനന്തുവിന്റെ വയറിനുള്ളിൽ പുളഞ്ഞ്‌ കയറി…

അനന്തുവിന്റെ കണ്ണുകൾ ചുവന്നു…. പക്ഷെ ആ വേദനയിലും അവൻ ചിരിച്ചു….

നീ ഇതിനു ദുഖിക്കും ബഷീറേ… എന്നെ കൊല്ലുന്നതിൽ അല്ല…. ദേ താഴെ വീണു കിടക്കുന്ന ഈ മനുഷ്യൻ…. അങ്ങേരെ നിനക്ക് അറിയില്ല… അങ്ങേർക്ക് പിറന്ന ഒരു മകൻ ഉണ്ട്…. അവനെയും….

കേദാറിനെ ഇവിടെ കൊണ്ട് വന്ന് പട്ടിയെ കൊല്ലുന്നത് പോലെ ഞാൻ തല്ലികൊല്ലും…. ബലരാമനെ വില്യമിന് തിന്നാൻ കൊടുക്കും….

അനന്തുവിന്റെ ചെവിയോട് ചേർന്ന് രഹസ്യം പറയുന്നത് പോലെ പറഞ്ഞിട്ട്… കത്തി ഒരുപ്രാവശ്യം കൂടി തിരിച്ചു ബഷീർ…

അനന്തുവിന്റെ വായിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകി…

അവൻ ഇരു കൈകൾ കൊണ്ടും ബഷിറിന്റെ ഷർട്ടിൽ പിടിച്ചു…

നീ തീർന്നു ബഷീറേ നീ തീർന്നു….

അനന്തു അത്രയും പറഞ്ഞതും ബഷീർ വീണ്ടും കത്തി തിരിച്ചു…

അമ്മാ……….

അനന്തു താഴേക്ക് വീണു…

ബഷീർ എഴുന്നേറ്റു… അവൻ കത്തി റാമിന് നേരെ നീട്ടി…

ബലരാമനും കേദാറും… വില്യമിനെ വിളിച്ചു പറഞ്ഞേക്ക്… അവന്മാർ എല്ലാം അറിയും മുൻപ് രണ്ടും തീർന്നിരിക്കണം….

കൊടും ചതിയുടെ ചോരപ്പുഴ ഒഴുക്കി ബഷീർ തിരിച്ചു നടക്കുമ്പോൾ അയാൾ അറിഞ്ഞില്ല… കാലന്റെ കണക്കു പുസ്തകത്തിൽ നിന്നും അയാളുടെ പേര് വെട്ടിയ കാര്യം….

ശരീരത്തിൽ നിന്നും പ്രാണൻ വിട്ടകന്ന വിശ്വംഭരന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോണിൽ അപ്പോഴും കാൾ കട്ട്‌ ആയിരുന്നില്ല….

അനന്തു അടുക്കളയിലേക്ക് പോയതിന്റെ തൊട്ട്പുറകെ കേദാർ വിശ്വംഭരനെ വിളിച്ചിരുന്നു…. അടി തുടങ്ങിയപ്പോഴേക്കും ഒരു രസമുണ്ട് നീ ലൈവ് ആയി കേട്ടോ…. എന്നും  പറഞ്ഞു ലൗഡ് സ്പീക്കറിൽ ഫോൺ പോക്കറ്റിൽ നിക്ഷേപിച്ചരുന്നു കേണൽ…

ഫോണിന്റെ അങ്ങേ തലക്കൽ ഒരിറ്റ് കണ്ണുനീർ കേദാറിന്റെ കവിളിനെ ചുട്ട് പൊള്ളിച്ചു കൊണ്ട് ഒഴുകിയിറങ്ങി….

        ********* ******** ********

തിരുപ്പതി…. ആന്ധ്രപ്രേദേശ്….

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തരിശുഭൂമിയുടെ നടുവിൽ ഉള്ള കെട്ടിടത്തിന്റെ ഉള്ളിൽ ബലരാമൻ ഇരുന്നു…..

അയാളുടെ മുൻപിൽ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിൽ അവൾ ഇരുന്നു…

മിത്ര….

മിത്ര തങ്കച്ചി….

ബലരാമന് അറിയേണ്ടത് ഒരൊറ്റ കാര്യം മാത്രമായിരുന്നു…

വില്യമും ഇബ്രാഹിം ഹസനാരും എവിടെയാണെന്ന്….

പക്ഷെ തോൽക്കാൻ മനസ്സില്ലാത്ത പെൺപുലിക്ക് മുൻപിൽ ബലരാമന്റെ ചോദ്യങ്ങൾ ഒന്നുമല്ലായിരുന്നു…അവൾ ബലരാമന് നേർക്ക് നോക്കിയ ഓരോ നോട്ടത്തിലും… അവൾ അയാളോട് പറഞ്ഞ ഓരോ വാചകത്തിലും നിറഞ്ഞു നിന്നത് പുച്ഛവും പകയും മാത്രം….

ഡേവിഡും അവന്തികയും മാറിമാറി മിത്രയോട് സംസാരിച്ചു…എല്ലാം കേട്ടശേഷവും മിത്രയുടെ മറുപടി പുച്ഛം കലർന്ന ഒരു ചിരി മാത്രമായിരുന്നു…

കേദാർ മാത്രം ഒന്നിലും ചേരാതെ കുറച്ചകലെയായി മാറി നിന്നു ഇതൊക്കെ വീക്ഷിക്കുക ആയിരുന്നു….

ഹോയ്… കേദാർ… എന്താ അവിടെ മാറിനിൽക്കുന്നെ…. വാ ഇങ്ങോട്ട് അടുത്ത് വന്ന് ചോദിക്ക്….

മിത്ര കേദാറിനെ നോക്കി അവനെ അടുത്തേക്ക് വിളിച്ചു… കേദാർ അവളെ തന്നെ നോക്കി കൊണ്ടിരുന്നു ഇരുന്നു…

ഡോ കേദാറേ… തനിക്ക് അറിയാമോ… എന്റെ പതിനാലാമത്തെ വയസ്സിൽ ഹസ്സനാർ എന്റെ മുറിയിലേക്ക് കയറ്റി വിട്ട എഴുപതു വയസ്സുകാരൻ പട്ടാണി നേരം വെളുത്ത് പുറത്തേക്ക് പോയപ്പോൾ ഞാൻ രക്തത്തിൽ കുളിച്ചിരുന്നു…. എന്റെ ശരീരം മുഴുവൻ മുറിവുകളായിരുന്നു…. പക്ഷെ ഞാൻ കരഞ്ഞില്ല… എന്റെ ബോധവും പോയില്ല… മനസ്സ് നിറയെ ഈ മുഖമായിരുന്നു… ചെറുതോട്ടത്തിൽ ബലരാമൻ എന്ന ഈ പരമചെറ്റ എന്റെ മുൻപിൽ ജീവന് വേണ്ടി പിടയുന്ന നിമിഷം… ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ എത്ര രാത്രികൾ അങ്ങനെ എനിക്ക് ഉണ്ടായിട്ടുണ്ടെന്ന് നിനക്കറിയാമോ കേദാർ…..

മിത്ര ഒരു നിമിഷം നിർത്തി…. അവളുടെ കണ്ണിൽ കണ്ണുനീരല്ല പകരം അഗ്നിയാണ് ജ്വലിക്കുന്നതെന്നു കേദാറിനും മറ്റുള്ളവർക്കും തോന്നി….

നിങ്ങൾക്കറിയാമോ….. ഒന്നും രണ്ടും മൂന്നും തവണ കഴിഞ്ഞിട്ടും ആവതില്ലാതെ ബീയർ കുപ്പി പോലും……

അവൾ ബാക്കി പറയാനാകാതെ നിർത്തി…. ബാലരമനടക്കം അതു കേട്ട് വല്ലാതെയായി….

സഹിച്ചു ക്ഷമിച്ചു…. ഒറ്റ രാത്രിയിൽ പതിനഞ്ചു പേര് എന്നെ കടിച്ചു കീറിയപ്പോഴും മരണത്തെ പോലും തങ്കച്ചി വെല്ലുവിളിച്ചു…. കാരണം എനിക്ക് ജീവിക്കണമായിരുന്നു…. ബലരാമനെ കൊല്ലാൻ….

അവൾ പറയുന്ന ഓരോ വാക്കിനും… ഒരായുസ്സിൽ ഒരു പെണ്ണ് അനുഭവിച്ച വേദനയുടെയും കഷ്ടപ്പാടിന്റെയും നനവുണ്ടായിരുന്നു….

പക്ഷെ കേദാർ…. തങ്കച്ചി ഒരിടത്ത് തോറ്റു പോയി… അതു നിന്റടുത്തു അടുത്താണ് കേദാർ… നീ എന്നെ തൊട്ട നിമിഷം… എന്റടുത്തു വന്ന് എന്നെ വരിഞ്ഞു മുറുക്കിയ നിമിഷം…. നീ അന്ന് പറഞ്ഞത് പോലെ… ഞാൻ ഒരു പെണ്ണായി മാറി… വെറുമൊരു പെണ്ണ്….ബലരാമനെ തീർത്ത ശേഷം ഒരു ജീവിതം ബാക്കിയുണ്ടായിരുന്നെങ്കിൽ അത് നീ എന്ന ആണിന് വേണ്ടി മാത്രമായിരിക്കും എന്ന് ഞാൻ വെറുതെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു വെച്ചിട്ടുണ്ട്….

മിത്ര പറഞ്ഞു നിർത്തിയതും കേദാർ ഒന്നും മിണ്ടാതെ എഴുന്നേറ്റു പുറത്തേക്ക് നടന്നു… കരിങ്കല്ല് പോലും തോറ്റു പോകുന്ന ആ ചങ്കിനുള്ളിൽ എവിടെയോ ഒരു നീറ്റൽ അവനു അനുഭവപ്പെട്ടു….

ബലരാമനും മിത്രയുടെ മുൻപിൽ തല കുനിച്ചിരുന്നു…. അയാൾക്ക് അവളോട് എന്ത് പറയണം എന്നറിയില്ലായിരുന്നു….

മിത്ര… മോളെ.. ഞാൻ അല്ല… നീ ഇനിയെങ്കിലും വിശ്വസിക്ക്….

മിണ്ടരുത് നായെ…… !

ബലരാമൻ എന്തോ പറയാൻ തുടങ്ങിയതും മിത്ര അലറി….

ചില വിശ്വാസങ്ങൾ അങ്ങനെയാണ്… മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ അടിയുറച്ചു പോയാ വിശ്വാസങ്ങൾ പിന്നെ തിരുത്തിയെഴുതാൻ കഴിയില്ല….

എന്റെ നേരെ നിന്ന് സംസാരിക്കണമെങ്കിൽ നിനക്ക് എന്റെ കൈകൾ കെട്ടിയിടണം… അല്ലേടാ നാണം കെട്ടവനെ…. ഒരൊറ്റ കുത്തിന് ഞാൻ തീർക്കും നിന്നെ… ആണാണെങ്കിൽ എന്നെ അഴിച്ചു വിടാടാ…..

മിത്ര അലറുകയായിരുന്നു… അവളുടെ ഭാവം കണ്ട ബലരാമന് പോലും അല്പം ഭയം തോന്നി…

ഇതേ സമയം പുറത്തേക്കിറങ്ങിയ കേദാർ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു….

അപ്പുറത്ത് ഫോൺ എടുത്ത വിശ്വംഭരൻ…. ആദ്യം തന്നെ പറഞ്ഞത് ഇങ്ങനെയാണ്…

ഡാ… ഒരൊറ്റ മിനിറ്റെ…. ഒരു രസമുണ്ട് നീ കട്ട്‌ ചെയ്യല്ലേ ലൈവ് ആയി കേട്ടോ….

പിന്നെ വടയമ്പാടിയിൽ അനന്തുവിന്റെ വീടിന്റെ മുറ്റത്ത് നടന്നതെല്ലാം കേദാർ കേട്ടുകൊണ്ടിരുന്നു….

അവസാനം ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിനെ ചുട്ട് പൊള്ളിച്ചു കൊണ്ട് ഒഴുകിയിറങ്ങി….

അകത്ത് മിത്ര അപ്പോഴും അലറുകയായിരുന്നു… ബലരാമൻ തലക്ക് കൈ കൊടുത്തിരിക്കുകയും ചെയ്യുന്നു….

മനസ്സും ശരീരവും മരവിച്ച അവസ്ഥയിൽ കേദാർ അകത്തേക്ക് കയറി…. അവൻ വെച്ചു പോയി… വീഴാതിരിക്കാൻ ഒരു കസേരയിൽ പിടിച്ചെങ്കിലും ബാലൻസ് കിട്ടാതെ കേദാർ കസേരയോടൊപ്പം മറിഞ്ഞു വീണു…

ഡേവിഡും അവന്തികയും ഓടി വന്ന് കേദാറിനെ താങ്ങി എഴുന്നേൽപ്പിച്ചു…. അവന്റെ മുഖം ശാന്തമായിരുന്നു എങ്കിലും ചുവന്നു കലങ്ങിയ കണ്ണുകൾ നിറഞ്ഞിരുന്നു…

ബലരാമൻ ഒന്നും മനസിലാകാതെ കേദാറിന്റെ അടുത്തേക്ക് വന്നു…

ഹ… ഹ… ഹ…. പോയാച്ചാ കേദാർ… ഉന്നുടെ അപ്പ…. കേണൽ സാബ്… പോയാച്ചാ…. അയ്യോ… അയ്യോ…. ഹ… ഹ….

കേദാറിന്റെ അവസ്ഥ കണ്ട തങ്കച്ചി പൊട്ടിചിരിച്ചു കൊണ്ട് ചോദിച്ചു….

ഒരൊറ്റ നിമിഷം….

ഇടിമുഴക്കം പോലെ മൂന്ന് പ്രാവിശ്യം കാതടിപ്പിക്കുന്ന ശബ്ദം മുഴങ്ങി….. തങ്കച്ചിയുടെ ശരീരം ചലനമറ്റു തറയിലേക്ക് വീണു…..

നീട്ടി പിടിച്ച തോക്കിൻമുനയുടെ പിന്നിലുള്ള കേദാറിന്റെ കണ്ണുകളിൽ അപ്പോൾ കണ്ണുനീർ ഉണ്ടായിരുന്നില്ല… അഗ്നിയായിരുന്നു…. ബഷീറിനെയും റാമിനെയും അടക്കം പച്ചക്ക് കൊളുത്താനുള്ള അഗ്നി….

നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങികഴിഞ്ഞില്ലേ രാമേട്ടാ…. ഇനി എന്നെ നിയന്ത്രിക്കാൻ വരരുത്….. മുൻപിൽ തടസ്സം നിൽക്കുന്നത് ആരായാലും കത്തിക്കും ഞാൻ….

കടുവ മുരളുന്നത് പോലെ കേദാർ അതു പറഞ്ഞപ്പോൾ അവന്റെ മുഖഭാവം കണ്ട ബലരാമന് ഒന്നുറപ്പായി കഴിഞ്ഞിരുന്നു….

കഥയുടെ ക്ലൈമാക്സിലേക്ക് ഇനി അധികം ദൂരമില്ല….

                              തുടരും….

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!