Skip to content

ദുര്യോധന – 19

duryodhana-novel

വില്യമിന്റെ മുഖത്ത് ഒരു ചിരി വിടർന്നു…. കേദാറിന്റെ മുഖത്ത് തെളിയാറുള്ള അതെ ചിരി…..

അയച്ചുകൊടുക്കണം… ഈ തല മാത്രം… കേദാർനാഥിന് വില്യംജോണിന്റെ സ്നേഹസമ്മാനം….

ഇത് ചെകുത്താന്മാർ തമ്മിലുള്ള യുദ്ധം…. ഈ കളിക്കളത്തിന്റെ നിറം ഇനി ചുവപ്പ് മാത്രം…. ഒഴുകുന്ന ചോരയുടെയും വീഴുന്ന ശവങ്ങളുടെയും കണക്ക് എടുക്കാൻ ചിത്രഗുപ്തന് പോലും ഭയം തോന്നി തുടങ്ങിയിരുന്നു…..

          *********************

ആകെ മരവിച്ച അവസ്ഥയിലായിരുന്നു അനന്തു….

ചെറുതോട്ടത്തിൽ വീട്ടിൽ അവനു ഏറ്റവും അടുപ്പവും സ്വാതന്ത്ര്യവും ഉള്ള ആളായിരുന്നു ബാലചന്ദ്രൻ….ബാലരാമനോട് തോന്നിയ പക ഒരിക്കലും അനന്തുവിനു ബാലചന്ദ്രനോട്‌ തോന്നിയിട്ടുമില്ല….

ബാലാമണി ഗർഭിണി ആണെന്ന് അറിഞ്ഞ അന്നുമുതൽ അനന്തുവിനെ പ്രസവിക്കാനും വളർത്താനും ഒക്കെ ബാലാമണിക്ക് താങ്ങും തണലുമായി നിന്നത് ബാലചന്ദ്രനായിരുന്നു….

തലക്ക് കൈ കൊടുത്തു ഒന്ന് കരയാൻ പോലും മറന്നു ഇരിക്കുന്ന അനന്തുവിന്റെ തോളത്ത് ഡേവിഡിന്റെ കൈ പതിഞ്ഞു….

അനന്തു…. !

ഡേവിഡ് പതിഞ്ഞ സ്വരത്തിൽ വിളിച്ചു…. അവൻ ഡേവിഡിനെ മുഖമുയർത്തി നോക്കി….

നെഞ്ചിനുള്ളിൽ നിന്നും ഉയർന്നു വന്ന ഒരു തേങ്ങലോടെ അനന്തു ഡേവിഡിന്റെ ദേഹത്തേക്ക് തന്റെ മുഖം ചേർത്തു…. ഡേവിഡ് അവന്റെ തലയിൽ തഴുകി….

അവന്തിക ഈ കാഴ്ച കണ്ട് അല്പം അകലേക്ക്‌ മാറി നിന്നു….

കേദാർ അവരുടെ അടുത്തേക്ക് വന്ന് ചുറ്റും നോക്കി….

അവൻ അനന്തുവിനെ അടുത്തേക്ക് ചെന്ന് അവന്റെ താടിക്ക് പിടിച്ചു മുഖം ഉയർത്തി…. പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘം പോലുള്ള അവന്റെ മുഖത്തേക്ക് കേദാർ പുച്ഛത്തോടെ നോക്കി….

നീ ഒരു ആണാണോഡാ പന്നി….? കെട്ടിയോൻ ചത്ത പെണ്ണിനെ പോലിരുന്നു മോങ്ങുന്നു….

കേദാർ പറഞ്ഞത് കേട്ട് ഡേവിഡും അവന്തികയും അമ്പരന്നു അവന്റെ മുഖത്തേക്ക് നോക്കി….

ഇതൊരു യുദ്ധക്കളമാണ്… രക്തം വീണു കഴിഞ്ഞ ഈ ഭൂമികയിൽ ഇനിയും തലകൾ അറ്റു വീഴും…. ഇവള്ടെ…. ഇവന്റെ… നിന്റെ…. എന്റെ… ബന്ധങ്ങളുടെ കെട്ടുപാടുകളിൽ മനസ്സൊന്ന് ചാഞ്ചാടി പോയാൽ… നമ്മുടെ നാടിനെ തുരന്ന് തിന്നാൻ വന്ന സായിപ്പ് കഴുവേറിയും അവന്റെ ശിങ്കിടികളും അനുനിമിഷം കൊണ്ട് നമ്മുടെ മേൽ വിജയം കൈവരിക്കും…. അറ്റു പോയ നിന്റെ ചന്തുമാമയുടെ തല കാണുമ്പോൾ കണ്ണ്നീരല്ല അഗ്നിയാണ് നിന്റെ കണ്ണുകളിൽ എരിയേണ്ടത്… നെഞ്ചിലും കണ്ണിലും അണയാതെ നമ്മൾ കൊണ്ട് നടക്കുന്ന അഗ്നിയിൽ പച്ചക്ക് കത്തിക്കണം ആ നായിന്റെ മക്കളെ…. ഒരു ദയയും അവനൊന്നും അർഹിക്കുന്നില്ല…. കൊല്ലണം… പട്ടിയെ പോലെ ഓടിച്ചിട്ട്‌ തല്ലി കൊല്ലണം…. ഇരുന്ന് മോങ്ങതേ എഴുന്നേറ്റു വാടാ കഴുവേറി…..

ഇടിമുഴക്കം പോലുള്ള കേദാറിന്റെ ശബ്ദം അവിടെ മുഴങ്ങിയപ്പോൾ അനന്തുവിന്റെയടക്കം എല്ലാവരുടെയും മുഖഭാവം മാറി…. വില്യം കേദാറിനായി അയച്ചു കൊടുത്ത സമ്മാനം കണ്ടത് മുതൽ ഡൌൺ ആയി പോയ എല്ലാവരിലും വീണ്ടും അണഞ്ഞു പോയ ഫയർ ആളിക്കത്തി….

നാളെ കഴിഞ്ഞു മറ്റന്നാൾ രാമേട്ടനെ  കോടതിയിൽ ഹാജരാക്കും… ഇത്തവണ ജാമ്യം ഉറപ്പാണെന്നാണ് വക്കീൽ പറഞ്ഞത്…. ഇറങ്ങി വരുമ്പോൾ അങ്ങേർക്ക് ഒരു സമ്മാനം കൊടുക്കണം…. ബലരാമൻ എന്ന അതികായൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു സമ്മാനം…. അഭിമന്യു….

കേദാർ അത് പറഞ്ഞപ്പോൾ ബാക്കി 3 പേരുടെയും മുഖം വികസിച്ചു….

കൊല്ലാനും ചാകാനും ഉറപ്പിച്ചു ഇറങ്ങിയ ചാവേറുകളാണ് നമ്മൾ…. ആ മനസ്സൊന്നും ഐ പി എസ് കുമാരന് ഉണ്ടാകാൻ പോകുന്നില്ല…. നാളെ  അവൻ തങ്കച്ചിയുടെ പിള്ളേരുടെ മടികുത്ത് അഴിക്കാൻ പോകുവല്ലേ… നമ്മുക്കും ആ കാഴ്ച ഒന്ന് കണ്ട് രസിക്കാം….

ആവേശം ആപത്ത് വിളിച്ചു വരുത്തും കേദാർ…..

ഗാംഭീര്യം നിറഞ്ഞ ശബ്ദം അവിടെ മുഴങ്ങിയതും നാലുപേരും അങ്ങോട്ട് നോക്കി….

വിശ്വംഭരൻ…..

ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായ സ്ഥിതിക്ക് അവൻ നാളെ ഊട്ടിക്ക് വരുമെന്ന് എന്താണ് ഉറപ്പ്…? നാളെ ഊട്ടിയിൽ നിങ്ങളെ കാത്തിരിക്കുന്നത് റാം മനോഹറിന്റെയോ ഇബ്രാഹിം ഹസനാരുടെയോ കുഞ്ഞാടുകൾ ആയിരിക്കും….

വിശ്വംഭരൻ പറഞ്ഞത് കേട്ട് കേദാർ ഒന്ന് ചിരിച്ചു….

അവൻ സ്ഥലമേ മാറു….. പോഗ്രാം മാറ്റില്ല… ഇന്ന് രാത്രി അവൻ വയനാട് എത്തും… ബത്തേരിക്ക് സമീപമുള്ള കാസിനോ ഗ്രുപ്പിന്റെ റിസോർട്ടിൽ അവൻ റൂം ബുക്ക്‌ ചെയ്തു കഴിഞ്ഞു… ഒന്നല്ല രണ്ടെണ്ണം….

കേദാർ പറഞ്ഞത് കേട്ട് വിശ്വംഭരൻ അത്ഭുതത്തോടെ അവനെ നോക്കി….

ഈ വിവരം നിനക്ക് എങ്ങനെ കിട്ടി….

സി ബി…..

അവൻ മറുപടി പറഞ്ഞിട്ട് അച്ഛന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു…

ചെറുതോട്ടത്തിൽ ബലരാമൻ മംഗലാപുരത്തിന്റെ സുൽത്താനാണ് മിസ്റ്റർ കേണൽ…. താങ്കൾ അതു മറന്നു പോകുന്നു…. അഭിമന്യുവിന്റെ ഒപ്പം നിഴൽ പോലെയുണ്ട് സി ബിയോട് കൂറുള്ള ചുണകുട്ടന്മാർ….

കേദാർ പറഞ്ഞത് കേട്ട് വിശ്വംഭരന്റെ നെറ്റി ചുളിഞ്ഞു…

ബലരാമന്റെ നെറ്റ്‌വർക്ക്…?

ആക്ടിവ് ആണ് അച്ഛാ… പഴയതിലും സ്ട്രോങ്ങ്‌ ആയി… പവർഫുള്ളായി… മംഗലാപുരം ഇപ്പോഴും ബലരാമന്റെ കൈയിൽ ഭദ്രമാണ്….

വിശ്വംഭരന്റെ സംശയത്തിന് മറുപടി നൽകി കൊണ്ട് കേദാർ അദ്ദേഹത്തിന്റെ അടുത്തെത്തി തോളത്ത് കൈ വെച്ചു…

ഇതിപ്പോൾ അച്ഛൻ എന്നെ ഏല്പിച്ച ഒരു ജോലിയല്ല…. എന്റെ വാശി കൂടിയാണ്… എന്നെ വെല്ലുവിളിച്ച ആ വെളുത്ത പന്നി കുട്ടിയെ എനിക്ക് ജയിക്കണം ജയിച്ചേ പറ്റു….

തന്റെ കണ്ണുകളിൽ നോക്കി അത് പറയുന്ന കേദാറിന്റെ കണ്ണുകളിലെ കനൽ വിശ്വംഭരൻ തിരിച്ചറിഞ്ഞു…. 9 വർഷം മുൻപ് തൂത്തുകൂടി നോർത്ത് ആറാം നമ്പർ പോലീസ് സ്റ്റേഷന്റെ ലോക്കപ്പിൽ കിടന്ന ഇരുപത്തിയോന്നുകാരന്റെ  കണ്ണുകളിൽ കണ്ട അതെ കനൽ….

നീ ജയിക്കും കേദാർ… നീയേ ജയിക്കു….

വിശ്വംഭരൻ അഭിമാനത്തോടെ തന്റെ മകനോട് പറഞ്ഞു…

പിന്നെ പ്രായമൊക്കെ കൂടി വരികയാണ് വിശ്രമം ആവശ്യമുള്ള സമയം…. പഴയ ശിഷ്യൻ വന്ന് കഴിയുമ്പോൾ അങ്ങേരുടെ കൂടെ ആവേശം കാണിക്കാൻ പോകാൻ നിൽക്കണ്ട… രാമേട്ടന്റെ ഇടവും വലവുമായി ഞങ്ങൾ ഉണ്ടാകും… ഒരു നുള്ള് മണ്ണ് ബലരാമന്റെ ദേഹത്ത് വീഴില്ല… അങ്ങനെ വീണാൽ കേദാർ തീർന്നു എന്ന് കരുതിയാൽ മതി….

വിശ്വംഭരനോട് പറഞ്ഞിട്ട് കേദാർ തിരിഞ്ഞു അനന്തുവിനെയും ഡേവിഡിനെയും നോക്കി….

കരളിന് ഉറപ്പും കൈക്ക് കരുത്തും ഉണ്ടെന്ന് ഉറപ്പുമുണ്ടെങ്കിൽ എന്റെ കൂടെ വരാം… അഭിമന്യുവിന് അന്ത്യകൂദാശ കൊടുക്കാം….

അത്രയും പറഞ്ഞു കൊണ്ട് കേദാർ പുറത്തേക്ക് നടന്നു പുറകെ അനന്തുവും ഡേവിഡും അവന്തികയും……

അവിടെ കേദാറിനായി വിശ്വംഭരൻ വരുത്തിച്ച ബ്ലാക്ക് ടാറ്റാ സഫാരി ഡൈക്കോർ അവനെയും കാത്ത് കിടപ്പുണ്ടായിരുന്നു…. നാലുപേരും ഉള്ളിലേക്ക് കയറിയതും….. മുക്രയിട്ട് പായുന്ന കാളക്കൂറ്റനെ പോലെ അവൻ കുതിച്ചു…. ലക്ഷ്യം….

ചരിത്രം സാക്ഷ്യപ്പെടുത്തിയ  ഒരു യോദ്ധാവിന്റെ പേര് സ്വന്തം പേരിനോട് കൂട്ടിച്ചേർക്കപ്പെട്ട വയനാടൻ മണ്ണിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനായി നിൽക്കുന്ന….. നഗരം….

സുൽത്താൻ ബത്തേരി…..

           ********** ***********

സുൽത്താൻ ബത്തേരി…..

നഗരത്തിന് മുകളിൽ ഇരുട്ട് തന്റെ കരിമ്പടം പുതപ്പിച്ചു തുടങ്ങിയിരുന്നു….

മൂടൽമഞ്ഞിന്റെ നേർത്ത പാളികൾ നഗരവീഥികളെ തേടി എത്തി കഴിഞ്ഞു….

മൈസൂർ ഭാഗത്ത് നിന്നും പ്രാഡോ പ്രൗഢിയോടെ ബത്തേരി ലക്ഷ്യമാക്കി കുതിച്ചു….

അതിനെയുള്ളിൽ പതിവിലും സുന്ദരനായി അഭിമന്യു ഉണ്ടായിരുന്നു…..

വണ്ടിക്കുള്ളിൽ കന്നഡയിലെ തട്ട് പൊളിപ്പൻ ഗാനങ്ങൾ കാതടപ്പിക്കുന്ന ശബ്ദത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു….

പെട്ടെന്നാണ് റിവ്യൂ മിററിലൂടെ തന്റെ തൊട്ട് പുറകിൽ വരുന്ന ആംബുലൻസ് അഭിമന്യുവിന്റെ ശ്രദ്ധയിൽ പെട്ടത്….

അയാൾ വണ്ടി ഇടത് വശത്തേക്ക് ചേർത്തു….. ആംബുലൻസ് കടന്നു പോയതും തൊട്ടു പുറകെ ബ്ലാക്ക് കളർ സഫാരിയും പ്രാഡോയെ ഓവർ ടേക്ക് ചെയ്തു….

അഭിമന്യുവിന്റെ നാവിൽ കന്നഡഭാഷയിലെ മുഴുത്ത തെറി വിരിഞ്ഞു….

സഫാരിയുടെ വേഗത അത്രത്തോളം ആയിരുന്നു…. ആംബുലന്സിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ആ വണ്ടി അഭിമന്യുവിന്റെ വണ്ടിയെ മറികടന്നത്….

പ്രാഡോയുടെ മുന്നിൽ കടന്നതും ഏകദേശം 200മീറ്റർ കൂടി മുന്നിലേക്ക് ഓടിയ സഫാരി വെട്ടിത്തിരിഞ്ഞു റോഡിനു കുറുകെ നിന്നു….

അഭിമന്യുവിന് അപകടം മണത്തു…

ഓ ഷിറ്റ്…..

അയാൾ വണ്ടി ബ്രേക്ക് ചെയ്തു നിർത്തി…

തൊട്ടടുത്ത നിമിഷം പ്രാഡോയുടെ പിന്നിൽ ശക്തമായി എന്തോ വന്നിടിച്ചു…. ഇടിയുടെ ആഘാതത്തിൽ അഭിമന്യു മുന്നിലേക്ക് ആഞ്ഞു പോയി….

അവന്റെ തല സ്റ്റീയറിങ് വീലിൽ ഇടിച്ചു….

ഒരു നിമിഷത്തേക്ക് തല മറവിക്കുന്നത് പോലെ അഭിമന്യുവിന് തോന്നി… കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ…..

തൊട്ടടുത്ത നിമിഷം പ്രാഡോയുടെ ഫ്രണ്ട് ഗ്ലാസ്‌ വലിയൊരു ശബ്ദത്തോടെ പൊട്ടി തകർന്നു…..

എന്താണ് സംഭവിക്കുന്നെതെന്നു അഭിമന്യുവിന് ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല….

അവനു റിലേ തിരിച്ചു കിട്ടിയപ്പോഴേക്കും നെറ്റിയിൽ മുട്ടി നിൽക്കുന്ന ലോഹകുഴലിന്റെ തണുപ്പ് അഭിമന്യുവിന് തിരിച്ചറിയാൻ സാധിച്ചു…..

ഉടായിപ്പ് ഒന്നും കാണിക്കാൻ നില്കാതെ പുറത്തേക്കിറങ്ങണം കമ്മീഷണർ….

ശബ്ദം കേട്ട അഭിമന്യു പുറത്തേക്ക് നോക്കി… ജ്വലിക്കുന്ന രണ്ട് കണ്ണുകളാണ് അഭിമന്യു ആദ്യം കണ്ടത്….

പുറത്തേക്ക് ഇറങ്ങാട…. തീർക്കാൻ തീരുമാനിച്ചു തന്നെയാണ് വന്നത്… തീർത്തിട്ടെ പോകു… പറഞ്ഞത് അനുസരിച്ചാൽ ഒരു ചെറിയ ഇളവ് പ്രതീക്ഷിക്കാം….

കാഞ്ചിയിൽ അമരുന്ന വിരലുകൾ അഭിമന്യു വ്യക്തമായി കണ്ടു… അവൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി…

പിന്നെയെല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞു….

അഭിമന്യു സഫാരിക്കുള്ളിലേക്ക് എറിയപ്പെട്ടു… സഫാരി സുൽത്താൻ ബത്തേരി ലക്ഷ്യമാക്കി കുതിച്ചു….

പ്രാഡോയും അതിന്റെ പിന്നിലേക്ക് ഇടിച്ചു കയറി തവിടുപൊടിയായി പോയ ബൊലേറോയും മാത്രം അവിടെ അവശേഷിച്ചു….

            ******* ******* ********

കേരള – കർണാടക പോലീസ് ഫോഴ്സ് മുഴുവൻ അലർട് ആയിരുന്നു…

മിസ്സ്‌ ആയിരിക്കുന്നത് ഒരു സിറ്റി പോലീസ് കമ്മീഷണർ ആണ്…. അതും അത്യാവശ്യം തിരക്കുള്ള ഒരു റോഡിൽ വെച്ച് ആരോ അദ്ദേഹത്തെ കിഡ്നാപ്പ് ചെയ്തിരിക്കുന്നു…..

ഡി ഐ ജി ശ്രീകല തന്റെ വീട്ടിലിരുന്നു ടീവിയിൽ ന്യൂസ്‌ കാണുകയായിരുന്നു….

മമ്മി….. വിശക്കുന്നു…..

പുറത്തു നിന്നും കളി കഴിഞ്ഞ് വിയർത്തു കുളിച്ചു കയറി വന്ന ശ്രീകലയുടെ മകൻ അപ്പു വന്നപാടെ സെറ്റിയിലേക്ക് വീണു കൊണ്ട് പറഞ്ഞു….

അപ്പു പോയി മേല് കഴുക്… അടുക്കളയിൽ മേരിചേച്ചിയുണ്ട് ചെല്ല്… മമ്മിയുടെ മൂഡ് ഇപ്പോൾ ശരിയല്ല….

ശ്രീകല പറഞ്ഞത് കേട്ട് അപ്പു ടീവിയിലേക്കു നോക്കി… ടീവിയിലെ ന്യൂസ്‌ കണ്ട് ആദ്യം ഒന്നമ്പരന്ന അപ്പു… പിന്നെ ചിരിച്ചു…

വന്ന് വന്ന് പോലീസുകാർക്കൊന്നും ഒരു വിലയുമില്ലാണ്ടായി…. ഇനി മമ്മിയെയും അവർ തട്ടികൊണ്ട് പോകുവോ….?

അപ്പു പറഞ്ഞത് കേട്ട് ശ്രീകല ദേഷ്യത്തോടെ സെറ്റിയിൽ കിടന്ന പില്ലോയെടുത്തു അവനെ എറിഞ്ഞു…..

എണിറ്റു പോടാ…. മനുഷ്യൻ ഇവിടെ നട്ടപ്രാന്ത് എടുത്ത് നിൽകുവാ… അപ്പോഴാ അവന്റെയൊരു ഓഞ്ഞ തമാശ….

അപ്പു ചാടിയെഴുന്നേറ്റു…. ശ്രീകലയുടെ അടുത്തേക്ക് വന്നു…

വിവരം മാത്രം പോരാ… ബുദ്ധിയും കൂടി വേണം മിസ്സിസ് ശ്രീകല മേനോൻ…. അന്ന് ഈ ഐ പി എസ് എടുത്ത് തലയിൽ വെക്കണ്ടേ വല്ല കാര്യവും ഉണ്ടായിരുന്നോ… എന്നെ പോലെ ചിന്തിക്കു… എനിക്ക് സിവിൽ സർവീസ് കിട്ടിയാൽ ഐ എ എസ്…. റിസ്ക് കുറവാണു….

പറഞ്ഞിട്ട് അവൻ അകത്തേക്ക് നടന്നു….

സിവിൽ സർവീസ് എഴുതണമെങ്കിൽ മിനിമം ഗ്രാജുവേറ്റ് എങ്കിലും ആകണം മോനെ…. നീ ആദ്യം ഈ പ്ലസ് ടു പാസാക്…. എന്നിട്ട് നോക്കാം… ഐ എ എസ് വേണോ ഐ പി എസ് വേണോ എന്ന്….

എന്റെ കാര്യം ഞാൻ നോക്കിക്കോളാം….. ആദ്യം ആ കമ്മീഷണറെ തപ്പി കണ്ടു പിടിക്കാൻ നോക്ക്…

ശ്രീകല പറഞ്ഞതിന് അകത്തു നിന്നും മറുപടി അവൻ വിളിച്ചു പറഞ്ഞു…. തൊട്ടടുത്ത നിമിഷം ശ്രീകലയുടെ ഫോൺ ശബ്‌ദിച്ചു…

ഡി ജി…..

അവൾ കാൾ അറ്റൻഡ് ചെയ്തു…

ശ്രീകല…… എനിക്ക് ഇവിടെ ഇരിക്കപ്പൊറുതി ഇല്ല…. അഭിമന്യു വെറുമൊരു പോലീസ് ഓഫീസർ മാത്രമല്ല…. കർണാടക പൊളിറ്റിക്സിലെ കീരീടം വെക്കത്ത രാജാവായ അശോക് കുമാറിന്റെ മകൻ കൂടിയാണ്…. എന്തെങ്കിലും ഉടനെ ചെയ്യണം….

സാർ….എന്നെയും എന്റെ ഫോഴ്സിനെയും കൊണ്ട് ആവും വിധം പരിശ്രമിച്ചു നോക്കാം… പക്ഷെ അഭിമന്യുവിനെ കിട്ടാൻ സാധ്യതയില്ല… കിട്ടണമെങ്കിൽ തലശ്ശേരി സബ് ജയിലിലെ റിമാൻഡ് തടവുകാരനായ ബലരാമൻ വാ തുറക്കണം….

താൻ എന്തൊക്കയാടോ ഈ പറയുന്നത്….? കഴിഞ്ഞ 13 ദിവസമായി ജയിലിൽ കിടക്കുന്ന ബലരാമൻ എങ്ങനെയാണു ഇതൊക്കെ ചെയ്യുന്നത്….?

ബലരാമൻ എന്ന വ്യക്തിയെ നിങ്ങളൊക്കെ എന്നാണ് സാർ മനസിലാക്കുന്നത്…? ഓക്കേ സാർ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല… ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം…

ശ്രീകല ഫോൺ കട്ട്‌ ചെയ്തിട്ട് പിന്നിലേക്ക് ചാരി കിടന്നു….

അവൾക്ക് അറിയാമായിരുന്നു… ഇനി ഒന്നും ചെയ്യാനില്ല എന്ന്… പക്ഷെ ഡി ജി പി ചോദിച്ച ചോദ്യം ശ്രീകലയുടെ ഉള്ളിൽ ഒരു ചെറിയ അസ്വസ്ഥത ഉണ്ടാക്കി…

13 ദിവസമായി ജയിലിൽ കിടക്കുന്ന ബലരാമൻ എങ്ങനെ ഇത്ര കൃത്യമായി ഒരു പദ്ധതി പ്ലാൻ ചെയ്യും….? ബത്തേരിക്ക് അടുത്ത് ആക്സിഡന്റും കിഡ്നാപ്പിംഗും നടന്നതിന് രണ്ട് മണിക്കൂറിനു ശേഷമാണ്… കിഡ്നാപ്പ് ചെയ്യപ്പെട്ടത് അഭിമന്യു ആണെന്ന് പോലീസ് പോലും തിരിച്ചറിഞ്ഞത്…. അത്രയും രഹസ്യമായാണ് അയാൾ വയനാട്ടിൽ എത്തിയത്…

അപ്പോൾ പിന്നെ ബലരാമൻ ഇതൊക്കെ എങ്ങനെ കൃത്യമായി പ്ലാൻ ചെയ്തു നടപ്പാക്കി….? ഒരു പക്ഷെ ബലരാമന് വേണ്ടി മറ്റൊരാൾ….

മറ്റൊരാൾ….

ആ ചിന്തയിൽ ശ്രീകലയുടെ മനസ്സ് ഉടക്കി നിന്നു….

ബലരാമന് വേണ്ടി മറ്റൊരാൾ…

കേദാർ… കേദാർനാഥ്…

ഡാമിറ്റ്….

ആ പേര് മനസ്സിൽ ഉയർന്നതും ശ്രീകല ചാടിയെഴുന്നേറ്റു….

അവൾ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു…. ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്ന മറുപടി ലഭിച്ചതും ശ്രീകല നിരാശയോടെ ഫോൺ കട്ട്‌ ചെയ്തു….

അവൾ വേറൊരു നമ്പറിലേക്ക് കാൾ ചെയ്തു…

അപ്പുറത്ത് കാൾ കണക്ട്ടായി….

ഹലോ കണ്ട്രോൾ റൂം…. ദിസ്‌ ഈസ്‌ ശ്രീകല മേനോൻ ഡി ഐ ജി…. നോർത്ത് സോൺ ലോ ആൻഡ് ഓർഡറിലെ  5 എസ്പിമാരും കാലിക്കറ്റ്‌ കമ്മീഷണറും എന്റെ ലൈനിൽ ഉണ്ടാകണം 5 മിനിറ്റുള്ളിൽ…..

നിമിഷങ്ങൾക്കുള്ളിൽ എല്ലാവരും ശ്രീകലയുമായി ഫോണിൽ ബന്ധപ്പെട്ടു….

ആ കോൺഫറൻസ് കോളിൽ ഒരൊറ്റ പേരെ ശ്രീകല അവരോട് പറഞ്ഞുള്ളു….

കേദാർ… കേദാർനാഥ്… ട്രെയ്‌സ് ഹിം…..

വടക്കൻ കേരളത്തിലും ദക്ഷിണ കർണാടകയിലും പോലീസ് അഭിമന്യുവിനും കേദാറിനും വേണ്ടി മണിക്കൂറുകൾക്ക് ഉള്ളിൽ  വല വിരിച്ചു കാത്തിരുന്നു…… എന്നാൽ അപ്പോഴേക്കും ആ സഫാരി…. കേരത്തിന്റെ മഹാനഗരത്തിന്റെ അതിർത്തിക്കുള്ളിൽ എത്തി കഴിഞ്ഞിരുന്നു….

കൊച്ചി….

അങ്കമാലി പിന്നിട്ടു സഫാരി കൊച്ചി ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു….

        ******* ******* ********

ഒരു പകലും ഒരു രാത്രിയും കൂടെ പിന്നിട്ടു….

പാതിനാല് ദിവസത്തെ റിമാൻഡ് കാലാവധിക്ക് ശേഷം ബലരാമനെ കോടതിയിൽ ഹാജരാക്കി…

വടയമ്പാടി കലാപവുമായി ബന്ധപ്പെട്ട് പൊലീസിന് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ല എന്ന കാരണത്താൽ ബലരാമന് ജാമ്യം അനുവദിച്ചു…

കോടതിക്ക് പുറത്ത് പാർക്ക്‌ ചെയ്തിരുന്ന കാറിന്റെ അടുത്തേക്ക് ബലരാമനും ബഷീറും വിശ്വംഭരനും കൂടി നടന്ന് അടുത്തതും ശ്രീകല അവർക്കെന്ന പോലെ അവിടെ കാത്ത് നിന്നു….

മിസ്റ്റർ ബലരാമൻ… ചോദിച്ചിട്ട് കാര്യമൊന്നുമില്ല… എങ്കിലും ചോദിക്കുകയായാണ്… കേദാറും അഭിമന്യുവും എവിടെ….?

ബലരാമൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

എന്റെ അനിയൻ ബാലചന്ദ്രൻ എവിടെ…..?

ബലരാമൻ ചോദിച്ചത് കേട്ട് ശ്രീകല ഉത്തരമില്ലാതെ നിന്നു…

കണ്ണൂർ എസ് പി ഓഫീസിൽ ചന്തുവിനെ കാണ്മാനില്ല എന്ന കംപ്ലയിന്റ് കൊടുത്തിട്ട് ഇന്നേക്ക് ആറു ദിവസമാകുന്നു മാഡം…. !

ബഷീർ ആണ് അത് പറഞ്ഞത്….

ബലരാമൻ ശ്രീകലയുടെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിന്നു….

അഭിമന്യുവിനെ ഇനി നിങ്ങൾക്ക് കിട്ടില്ല മാഡം… അവന്റെ ശവം പോലും നിങ്ങൾക്ക് കിട്ടില്ല….

കത്തുന്ന മിഴികളോടെയാണ് ബലരാമൻ മുരണ്ടത്…..

ബലരാമൻ… നിങ്ങൾ തീക്കളിയാണ് കളിക്കുന്നത്….

ശ്രീകല പറഞ്ഞത് കേട്ട് ബലരാമൻ തിരിഞ്ഞു നിന്നു….

ബലരാമൻ കളിച്ച കളിയും… ഇനി കളിക്കാൻ പോകുന്ന കളിയും… നിങ്ങൾക്കൊന്നും സ്വപ്നം കാണാൻ പോലും കഴിയില്ല മാഡം…തീയിൽ കുരുത്തവനാണ് ബലരാമൻ… തീക്കളിയാണ് കൂടുതൽ ഇഷ്ടവും….

ശ്രീകലയുടെ കണ്ണിൽ നോക്കി ഉറച്ച ശബ്ദത്തിൽ മുരണ്ടിട്ടു ബലരാമൻ കാറിനുള്ളിലേക്ക് കയറി… പുറകെ വിശ്വംഭരനും ബഷീറും….

വണ്ടി കോടതി വളപ്പിൽ നിന്നും പുറത്തേക്കിറങ്ങി…

എങ്ങോട്ടാ രാമേട്ടാ… വടയമ്പാടിക്കോ അതോ…?

കൊച്ചി….. ആ നായിന്റെ മോനിൽ നിന്നും എനിക്ക് തുടങ്ങണം….

ബലരാമൻ മുരണ്ടു….

KL- 13 BM……

വെളുത്ത എസ് ക്ലാസ്സ്‌ ബെൻസിന്റെ നമ്പർ…. രണ്ട് വഴികളിലൂടെ ഒരുപാട് പേരുടെ മുൻപിലേക്ക് എത്തി…

ഒന്ന്….. ശ്രീകല പോലീസ് കൺട്രോൾ റൂമിലേക്കു വിളിച്ചു പറഞ്ഞത്…. രണ്ട് വില്യം ജോണിന് വേണ്ടി കൂലിക്ക് പണിയെടുക്കുന്നവരുടെ ഫോണുകളിലേക്ക് കോടതി മുറ്റത്തെ ഒരു ഫോണിൽ നിന്നും….

കണ്ണൂരിൽ നിന്നും ബലരാമന്റെ കാർ പുറപ്പെട്ടത് മുതൽ ആ വണ്ടി പല കണ്ണുകളുടെയും കനത്ത നീരിക്ഷണത്തിൽ ആയിരുന്നു….

വടയമ്പാടിക്ക് പോകാതെ വണ്ടി കോഴിക്കോട് ലക്ഷ്യമാക്കി കുതിച്ചപ്പോൾ തന്നെ പലരുടെയും നെറ്റി ചുളിഞ്ഞു….

കോഴിക്കോടും പിന്നിട്ടു ആ കാർ തൃശൂർ ഭാഗത്തേക്ക് പോകുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ പോലീസ് ഡിപ്പാർട്മെന്റും വില്യം ജോണും കൂടുതൽ ജാഗരൂകരായി….

ശ്രീകലയും വില്യമും ബലരാമന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയുന്നുണ്ടായിരുന്നു….

കാർ കുന്നംകുളത്ത് നിന്നും തൃശൂർ ഭാഗത്തേക്ക്‌ പോകാതെ ചാവക്കാട് ലക്ഷ്യമാക്കി നീങ്ങുന്നു എന്ന വിവരം കിട്ടിയതോടെ… ബലരാമന്റെ ലക്ഷ്യം കൊച്ചി തന്നെയെന്ന് വില്യമും ശ്രീകലയും ഉറപ്പിച്ചു…

എന്നാൽ എല്ലാവരുടെയും സകല കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട് പതിനഞ്ചു മിനിട്ടുകൾക്ക് ശേഷം ആ വണ്ടി ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ശ്രീവത്സം ടുറിസ്റ്റ് ഹോമിന്റെ പാർക്കിംഗിലേക്ക് എത്തി…

ആ വിവരം അറിഞ്ഞതും ശ്രീകലയുടെയും വില്യമിന്റെയും നെറ്റി ഒരേ സമയം ചുളിഞ്ഞു….

ശ്രീകല കണ്ട്രോൾ റൂമിലെ ചെയറിലേക്ക് ഇരുന്ന് തന്റെ നെറ്റി തടവി….. വില്യം ഹോട്ടലിലെ തന്റെ റൂമിൽ നിന്നും ആർത്തലക്കുന്ന കടലിലേക്ക് മിഴികൾ നീട്ടി….

ശ്രകല പെട്ടെന്ന് എന്തോ ഓർമ വന്നത് പോലെ ചാടി എഴുന്നേറ്റു….

ഗുരുവായൂർ സി ഐയെ ഉടൻ കണക്‌ട് ചെയ്യണം…

നിമിഷങ്ങൾക്കുള്ളിൽ ഗുരുവായൂർ സർക്കിൾ ഇൻസ്‌പെക്ടർ പ്രദീപ് കുമാർ ലൈനിൽ എത്തി….

ഗുഡ്‌ ഈവെനിംഗ്  മാഡം…

അത്ര നല്ല സായാഹ്നം അല്ല പ്രദീപേ ഇത്… ഞാൻ ഇപ്പോൾ ഒരു വിവരം അറിയാൻ വേണ്ടി വിളിച്ചതാണ് നമ്മൾ പാസ്സ് ചെയ്ത നമ്പറിലുള്ള വണ്ടി ഇപ്പോൾ ഗുരുവായൂർ ടെമ്പിളിന് അടുത്തുള്ള ഒരു ടുറിസ്റ്റ് ഹോമിൽ ഉണ്ട്….

യെസ് മാഡം ഞാൻ ആ വിവരം കണ്ട്രോൾ റൂമിൽ എത്തിച്ചിരുന്നു…

ഓക്കേ ഗുഡ്‌ ജോബ് പ്രദീപ്‌… ഒരു കാര്യം കൂടി ചെയ്യണം… ആ വണ്ടിയിൽ എത്തി അവിടെ റൂമെടുത്തവരുടെ വിവരം കൂടി ഒന്ന് കളക്ട് ചെയ്യണം… പെട്ടെന്ന്…

ഓക്കേ മാഡം… ഒരു 5 മിനിറ്റ്…

കാൾ കട്ട്‌ ആയി കൃത്യം 3 മിനിറ്റ് പ്രദീപ് തിരികെ ലൈനിൽ എത്തി…

മാഡം ഒരു കേണൽ വിശ്വംഭരനും അയാളുടെ ഡ്രൈവർ ബഷീറും…. ഐഡി എല്ലാം ചെക്ക് ചെയ്തു… എല്ലാം ഒക്കെയാണ് മാഡം…

രണ്ട് പേരേയുള്ളു…

യെസ്… രണ്ട് പേർ…. രണ്ട് പേരേയുള്ളു മാഡം….

ഷിറ്റ്…..

ഒരൊറ്റ അലർച്ചയായിരുന്നു ശ്രീകല…. അവൾ തീർത്താൽ തീരാത്ത കലിപ്പോടെ തന്റെ പല്ലുകൾ ഇറുമി…

    “ബലരാമൻ കളിച്ച കളിയും… ഇനി കളിക്കാൻ പോകുന്ന കളിയും… നിങ്ങൾക്കൊന്നും സ്വപ്നം കാണാൻ പോലും കഴിയില്ല മാഡം…തീയിൽ കുരുത്തവനാണ് ബലരാമൻ… തീക്കളിയാണ് കൂടുതൽ ഇഷ്ടവും….”

ബലരാമൻ പറഞ്ഞ വാക്കുകൾ ശ്രീകലയുടെ തലച്ചോറിനുള്ളിൽ വീണ്ടും വീണ്ടും മുഴങ്ങി….

ഇതേ സമയം ഹോട്ടൽ മുറിയിൽ വില്യമിന്റെ ഫോൺ തറയിൽ വീണു ഉടഞ്ഞു….

വില്യം മുകളിലേക്ക് നോക്കി ഭ്രാന്ത് പിടിച്ചവനെ പോലെ അലറി…..

തൃശൂരിൽ നിന്നും ചാലക്കുടിക്ക് പുറപ്പെട്ട കെ എസ് ആർ ടി സി ബസിലെ കണ്ടക്ടർ ബസിലെ ഇടത് സൈഡിലെ വിൻഡോ സീറ്റിൽ ഇരുന്ന ആളോട് ടിക്കറ്റ് ചോദിച്ചു….

ഒരു ചാലക്കുടി…..

ബലരാമൻ കണ്ടക്ടർക്ക് നേരെ പൈസ എടുത്ത് നീട്ടി…

കണ്ടക്ടർ നൽകിയ ടിക്കറ്റ് പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് ബലരാമൻ പുറത്തെ കാഴ്ചകളിലേക്ക് മടങ്ങി….

തൊട്ട് അപ്പുറത്ത് ഇരുന്ന ആളുടെ കൈയിലെ സായാഹ്നപത്രത്തിലെ തലക്കെട്ടിൽ ഏതോ ഒരു കളിയിൽ ഇന്ത്യ തോറ്റ വാർത്ത ബലരാമന്റെ കണ്ണിൽ പെട്ടു…

പിന്നെയും തോറ്റല്ലേ….?

ബലരാമൻ അയാളോട് ചോദിച്ചു….

ഇപ്പോഴത്തെ പിള്ളേർക്കൊന്നും തല കൊണ്ട് കളിക്കാൻ അറിയില്ലെന്നേ വെറും ആവേശം മാത്രമേയുള്ളു… അതൊക്കെ പഴയ കളിക്കാർ…. എന്ന കളിയാണ് കളിച്ചുകൊണ്ടിരുന്നത്….

അയാൾ ബാലരാമനോട് പറഞ്ഞു….

അതൊക്കെ വെറുതെ തോന്നുന്നത്… നല്ല മെനക്ക് കളിക്കുന്ന കളിക്കാർ ഉണ്ട് പക്ഷെ അവന്മാരെ തപ്പി പിടിച്ചു നമ്മുടെ ടീമിൽ കളിപ്പിക്കണം… അപ്പോൾ അറിയാം വിവരം….

ബലരാമൻ ഇത് പറയുന്ന സമയം ബ്ലാക്ക് കളർ സഫാരി കറുകുറ്റി പാസ്സ് ചെയ്തു ചാലക്കുടി ലക്ഷ്യമാക്കി ഇടിമിന്നൽ പോലെ കുതിച്ചു…..

                                 തുടരും…..

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!