Skip to content

ദുര്യോധന – 10

duryodhana-novel

ഈ കഥയിലെ ഹീറോയും വില്ലനും അവൻ തന്നെ….

മിശിഹായുടെ മുഖമുള്ള ചെകുത്താൻ…..

കേദാർനാഥ്….

കേദാർനാഥ് വിശ്വംഭരൻ….. 

        ******* ******** ********

ആ കട്ടിലിൽ ശരീരം ഒന്നും അനക്കാൻ പോലും ആകാതെ കേദാർ കിടന്നു….. അവന്റെ മനസ്സിൽ എങ്ങനെയും അതിൽ നിന്നും എഴുന്നേൽക്കാനുള്ള വെമ്പൽ ആയിരുന്നു…..

ചെങ്കല്ല് കൊണ്ട് കെട്ടിപ്പൊക്കിയ ആ ഇരുമുറി വീട്ടിനുള്ളിൽ പുറത്തേക്ക് മിഴികൾ പായിച്ചു കൊണ്ട് കേദാർ കിടന്നു…. തോൽക്കാൻ മനസ്സില്ലാത്തവൻ തോറ്റു പോയാൽ പിന്നെ വിജയം കാണും വരെ അവന്റെ ഉള്ളിൽ തീയായിരിക്കും…. ആർക്കും അണയ്ക്കാൻ പറ്റാത്ത തീ…..

തന്റെ പിന്നിൽ എന്തോ ശബ്ദം കേട്ട് കേദാർ തിരിഞ്ഞു നോക്കി….. 20വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവതി….

ഇരുനിറമാണ് അവൾക്ക്…. തിളങ്ങുന്ന മിഴികളും അവളുടെ മുഖത്തിനു ചെറുതല്ലാത്ത സൗന്ദര്യം നൽകി….

ഹായ്… അവന്തിക…..

ഹായ് മാഷേ … ഇപ്പോൾ എങ്ങനെയുണ്ട്…..?

നിനക്ക് കാണാൻ വയ്യേ…. ഇപ്പോൾ എങ്ങനെയുണ്ടെന്നു….?

ശരീരത്തിന്റെ കാര്യമല്ല ചോദിച്ചത്…. മനസ്സിന്റെ കാര്യമാണ്…..

ഇവിടുന്ന് എഴുന്നേറ്റു ഓടാൻ തോന്നുന്നുണ്ട്….പക്ഷെ നിവർത്തിയില്ലല്ലോ….?

എന്നെ സഹിക്കാൻ പറ്റാഞ്ഞിട്ടാണോ മാഷേ……

അല്ല…. ഇവിടുന്ന് എഴുന്നേറ്റിട്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്….

അത് പറഞ്ഞപ്പോഴുണ്ടായ അവന്റെ മുഖത്തെ ഭാവമാറ്റം അവൾ ശ്രദ്ധിച്ചു….

കിട്ടിയതൊന്നും പോരാ എന്ന് തോന്നുന്നു…..

അവൾ ശബ്ദം അടക്കി സ്വയം പറഞ്ഞു…

എന്തെങ്കിലും പറഞ്ഞായിരുന്നോ….?

ഹേയ്…. ഇല്ല….

അതും പറഞ്ഞു അവൾ പ്ലേറ്റിലേക്ക് പകർത്തിയ കഞ്ഞിയുമായി കേദാറിന്റെ അരികിൽ ഇരുന്നു…..

ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഇനിയെങ്കിലും ഉത്തരം തരുമോ….?

അവൾ കോരിക്കൊടുത്ത കഞ്ഞി മെല്ലെ ചവച്ചു ഇറക്കി കൊണ്ട് അവൻ ചോദിച്ചു….

മറുപടിയായി അവൾ മെല്ലെ ചിരിച്ചു….

സമയമാകുമ്പോൾ എല്ലാം പറഞ്ഞു തരാമെന്ന് അപ്പ പറഞ്ഞതല്ലേ മാഷേ… പിന്നെ എന്തിനാണ് ഈ തിടുക്കം…

എനിക്ക് തിടുക്കമുണ്ട് അവന്തിക…. തിടുക്കമുണ്ട്…. എനിക്ക് ഇങ്ങനെ ഈ കട്ടിലിൽ കിടക്കാൻ കഴിയില്ല….

അവൻ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു….. അവൾ അവനെ സഹതാപം നിറഞ്ഞ മിഴികളോടെ ഒന്ന് നോക്കി… എന്നിട്ട് മെല്ലെ അവന്റെ കവിളിൽ പിടിച്ചു കൊണ്ട് മുഖം തിരിച്ചു…. കേദാറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. ഒരിക്കലും ആർക്കും ഒരു ബുദ്ധിമുട്ട് ആകരുതെന്നു കരുതിയ ജീവിതമാണ്… പക്ഷെ… ഇപ്പോൾ….ജീവിതത്തിൽ ഇന്നേവരെ കാണാത്ത ആരൊക്കയോ ചേർന്നു തന്നെ ജീവിതലേക്ക് തിരികെ കൊണ്ട് വരാൻ ശ്രമിക്കുന്നു….

എന്റെ പൊന്നു മാഷേ… ഭയങ്കര ബോറാണ്… ഈ സെന്റി മാഷ്ക്ക് പറ്റിയ ഐറ്റം അല്ല….. ദേ ഈ കഞ്ഞി വേഗം അങ്ങ് കുടിക്ക്… എന്നിട്ട് മിടുക്കനായി കിടക്കു…. അപ്പ ഇപ്പോൾ വരും… ഞങ്ങൾ മാഷിനെ നേരെ നിർത്തും…. ബാക്കി വെച്ച കണക്കുകൾ അപ്പോൾ തീർക്കാം….

അവൾ അവസാനം പറഞ്ഞ വാക്കുകൾ കേട്ട് അവൻ അത്ഭുതം നിറഞ്ഞ മിഴികളോടെ അവളെ നോക്കി…

ബാക്കി വെച്ച കണക്കുകളോ….?

അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങലുകൾ ഉള്ളത് കൊണ്ടാണല്ലോ വെട്ടികൂട്ടി ഇവിടെ കൊണ്ട് വന്ന് ഇട്ടത്… അപ്പോൾ കിട്ടിയത് മുതലും പലിശയും ചേർത്ത് തിരികെ കൊടുക്കണ്ടേ മാഷേ… കൊടുക്കണം… ഒരു ദയയും ഇല്ലാതെ കൊടുത്തു തീർക്കണം….

അത് പറഞ്ഞപ്പോൾ അവന്തികയുടെ കണ്ണിൽ കണ്ട തിളക്കം കേദാർ വ്യക്തമായും കണ്ടു…. ഇവർ വെറുതെയല്ല തന്നെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് അവന് മനസിലായി…. താൻ ആരാണെന്നും തനിക് എന്താണ് സംഭവിച്ചതെന്നും വ്യക്തമായി അറിയാവുന്നവരാണ് ഇവർ…. തന്നെ പോലെ തന്നെ ബലരാമന്റെ ശത്രുക്കൾ….

ബലരാമനെ അറിയുമോ… ചെറുതോട്ടത്തിൽ ബലരാമൻ….

കേദാർ ആ പേര് പറഞ്ഞതും അവന്തികയിൽ ചെറുതായി ഒരു നടുക്കം ഉണ്ടായി… അവളുടെ കയ്യിലിരുന്ന കഞ്ഞി പാത്രം വിറച്ചു….

കേദാർ അവളെ സസൂക്ഷ്മം നീരിക്ഷിച്ചു….

അവന്തിക ഒന്നും മിണ്ടാതെ എഴുന്നേറ്റു….മഗ്ഗിൽ കൊണ്ട് വന്ന വെള്ളം കൊണ്ട് കേദാറിന്റെ മുഖം വൃത്തിയാക്കി…

എന്റെ ചോദ്യത്തിനുള്ള ഉത്തരം നീ എനിക്ക് തന്നു കഴിഞ്ഞു അവന്തിക….

എല്ലാ ഉത്തരങ്ങളും അവസാനം ഒരുപക്ഷെ നിങ്ങൾ പ്രതിക്ഷിച്ചതായിരിക്കില്ല മാഷേ….

അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദത്തിനു വല്ലാത്ത ഉറപ്പും കരുത്തും ഉള്ളതായി കേദാറിന് തോന്നി….

തൊട്ടടുത്ത നിമിഷം രണ്ട് പേർ ആ വീടിന്റ ഉള്ളിലേക്ക് കയറി വന്നു….

ഒരാൾക്ക് ഏകദേശം അൻപതു വയസ്സ് പ്രായം തോന്നിക്കും… കരുത്തുറ്റ ശരീരം… അതിന് തക്ക ഉയരം… പിന്നിലേക്ക് സമൃദ്ധമായി വളർന്നു കിടക്കുന്ന മുടി ഭംഗിയായി കെട്ടി വെച്ചിരിക്കുന്നു…. കട്ടിയുള്ള മേൽമീശയും ചുവന്നു തുടുത്ത കണ്ണുകളും അയാളുടെ മുഖത്തിനു അസാമാന്യമായ ഗാംഭീര്യം നൽകി….

മറ്റെയാൾ കറുത്ത് പൊക്കം കുറിഞ്ഞ ഒരു തടിയൻ ആയിരുന്നു….

ഇരുവരും കേദാറിന്റെ അരികിലേക്ക് വന്നതും അവന്തിക പിന്നിലേക്ക് മാറി…..

എങ്ങനെയുണ്ട് സാർ…. ഒരു ഉഷാർ ഓക്കേ തോന്നുന്നുണ്ടോ….

കേദാറിന്റെ നാഡിമിടിപ്പ് പരിശോധിച്ച് കൊണ്ട് അയാൾ ചോദിച്ചു…

ഞാൻ എന്ന് ഈ കട്ടിലിൽ നിന്നും എഴുന്നേൽക്കും….?

അത് നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത് കേദാർ….. എന്റെ കണക്ക് കൂട്ടകുട്ടലുകൾ ശരിയാണെങ്കിൽ എഴുപത് മുതൽ തൊണ്ണൂറ് ദിവസം വരെ പിടിക്കാം താങ്കൾ പഴയ പോലെയാകാൻ….

കേദാർ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് നിരാശയോടെ തിരിഞ്ഞു കിടന്നു…. അയാൾ അത് കണ്ട് പുഞ്ചിരിച്ചു…. മെല്ലെ കേദാറിന്റെ ചെവിയുടെ അടുത്തേക്ക് മുഖം ചേർത്തു….

ഉള്ളിൽ കനലുള്ളവന് അതിന്റെ പകുതി സമയം പോലും വേണ്ടി വരില്ല കേദാർ… പകുതി സമയം പോലും…. കനൽ കെട്ട് പോകാതെ സൂക്ഷിച്ചോളൂ….

അത് കെടില്ല അണ്ണാ… ആ കനൽ അണയണമെങ്കിൽ ചെറുതോട്ടത്തിൽ ബലരാമൻ എന്ന അതികായന്റെ തായ് വേര് അറുത്തതിന് ശേഷം മാത്രം….

കേദാർ അത് പറഞ്ഞപ്പോൾ അയാൾ തല തിരിച്ചു അവന്തികയെ നോക്കി പുഞ്ചിരിച്ചു… അയാളുടെ ആ ചിരിയിൽ ഒരുപാട് നിഗുഢതകൾ ഒളിഞ്ഞിരുപ്പുണ്ടായിരുന്നു….

കൃഷ്ണപ്പ ഹെഡിഗ എന്ന കരുത്തനായ ആ കന്നഡിഗൻ ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ച മനസ്സും മിഴികളുമായി തന്റെ കർമത്തിലേക്കു കടന്നു….

കേദാർനാഥ് എന്ന വീണുപോയ യോദ്ധാവിന്റെ ഉയർത്തെഴുനേൽപ്പിനു കരണഭൂതനാകുക എന്ന കർമത്തിലേക്ക്…..

     ***************************

മുഴുപ്പിലങ്ങാട് ബീച്ചിനു സമീപം പാർക്ക്‌ ചെയ്തിരുന്ന വണ്ടിക്ക് സമീപം കടലിലേക്ക് നോക്കി ഇനിയെന്ത് എന്നാലോചനയിൽ ആയിരുന്നു ശ്രീകലയും ആന്റണിയും….

ആന്റണി…. ഈ കടൽ കണ്ടോ…. ഇതുപോലെയാണ് നമ്മുടെ മുൻപിലുള്ള കേസും….. ഇതിനുള്ളിൽ പുളക്കുന്ന തിമിംഗലങ്ങൾ ആണ് നമ്മുടെ ഇരകൾ… പക്ഷെ അന്വേഷിച്ചു ചെല്ലും തോറും അവയുടെ എണ്ണം കൂടും… വലിപ്പവും…..

ശ്രീകല പറഞ്ഞത് കേട്ട് ആന്റണി ഒന്ന് ചിരിച്ചു…

മാഡം ഇന്ന് ഭയങ്കര മൂഡിലാണല്ലോ….? ഫിലോസഫി ഒക്കെ വരുന്നു….

ഫിലോസഫിയിൽ പി ജി കഴിഞ്ഞിട്ടാണ് ആന്റണി ഞാൻ സിവിൽ സർവീസ് എഴുതിയത്…. പോലീസ് സർവീസ് ആണെന്ന് കരുതി പഠിച്ചതൊക്കെ അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ….

ആന്റണിയുടെ മുഖത്ത് നോക്കി പറഞ്ഞിട്ട് ശ്രീകല വീണ്ടും കടലിലേക്ക് നോക്കി….

അനന്തുവിന്റെ ബാക്ക് ഗ്രൗണ്ട് മുഴുവൻ ഞാൻ തപ്പിയെടുത്തു….ഉബൈദ് എന്ന പേരിൽ അവൻ നടത്തി വന്ന ഇൻ ലീഗൽ ബിസിനസ്സിന്റെ മുഴുവൻ രേഖകളും…തെളിവുകളും… പക്ഷെ അവനെ ചോദ്യം ചെയ്തതിൽ നിന്നും മനസിലാക്കാൻ പറ്റിയ ഒരു കാര്യം… അവന് ബാലരാമനോട് മാത്രമേ പകയുള്ളു… ദേഷ്യമുള്ളൂ…. ബലരാമനെ വീഴ്ത്താനുള്ള വെമ്പലിൽ ബാലരാമനെക്കാൾ വലുതാകാൻ അവൻ ബലരാമൻ നടന്ന അതെ വഴിയിലൂടെ നടന്നു…..

ശ്രീകല ഒന്ന് നിർത്തി…. ആന്റണിയെ ഒന്ന് നോക്കി….

സിദ്ധുവിന്റെയും മേഘയുടെയും മരണത്തിനു പിന്നിൽ അനന്തുവാണെന്നു താൻ വിശ്വാസക്കുന്നുണ്ടോ…..?

ശ്രീകലയുടെ ആ ചോദ്യം ആന്റണിയെ ഒരല്പം ആശയകുഴപ്പത്തിലാക്കി…

മാഡം എ എസ് ഐ ജയറാമിന്റെ മൊഴി….

എ എസ് ഐ ജയറാം….. അനന്തുവിനു ഉബൈദ് എന്നൊരു മുഖംമൂടി ഉണ്ടെന്ന് വ്യക്തമായി അറിയാവുന്ന ആൾ…. അവന്റെ എല്ലാ ബിസ്സിനസ്സിലും തോളോട് തോൾ ചേർന്നു ഒപ്പം പ്രവർത്തിച്ചിരുന്ന ആൾ….?

ശ്രീകല ഒന്ന് നിർത്തി…

ഞാൻ ഒന്ന് ചോദിച്ചോട്ടെ ആന്റണി…. അനന്തു ഒരു ശിഖണ്ഡി ആണെങ്കിലോ….?

മാഡം….?

ശ്രീകല പറഞ്ഞത് മനസിലാകാതെ ആന്റണി സംശയത്തോടെ വിളിച്ചു…

അനന്തു എന്ന ഉബൈദിനെ മുന്നിൽ നിർത്തിക്കൊണ്ട് ജയറാമിന്റെ സഹായത്തോടെ മറ്റാരെങ്കിലും പ്ലാൻ ചെയ്തതാണെങ്കിലോ…? സിദ്ധുവിന്റെയും മേഘയുടെയും മരണത്തിന്റെ പുറകെ നമ്മൾ തൂങ്ങുമെന്നു ഇത് ചെയ്തവർക്ക് ഉറപ്പാണ്…. പ്രേത്യേകിച്ചും കേദാറും ഇതിൽ ഇൻവോൾട് ആയ സ്ഥിതിക്ക്…. അങ്ങനെ വരുമ്പോൾ നമ്മുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു മരുന്ന്…. അതാണ് അനന്തു എങ്കിൽ…?

മാഡം പറയുന്നത് ശരിയാണ്…. അങ്ങനെയാണെങ്കിൽ അനന്തു എല്ലാം സമ്മതിച്ചതെന്തിന്….?

ജനുസ്സിന്റെ ഗുണം…. തോൽവി സമ്മതിക്കാൻ മനസ്സില്ലാത്ത ചെറുതോട്ടത്തിലെ ചോരയാടോ അവന്റെ ഞരമ്പിൽ ഓടുന്നത്…. ശരിക്കും പറഞ്ഞാൽ ബലരാമന്റെ യഥാർത്ഥ പിൻഗാമി….

ഒക്കെ… മാഡം പറഞ്ഞതെല്ലാം ഞാൻ അംഗീകരിക്കാം…. അപ്പോൾ ഇതിന്റ പിന്നിലുള്ളത് ആരാണെന്നാണ് മാഡം പറയുന്നത്…..?

ആന്റണി…. കാർവാർ, ഉഡുപ്പി, മംഗലാപുരം… ഇവ അടങ്ങുന്ന പടിഞ്ഞാറൻ കർണാടകയും കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്…. അടങ്ങുന്ന മലബാറും പിന്നെ കുടകും മൈസൂരും…. പത്ത് വർഷം മുൻപ് വരെ ഈ ഒരു ഏരിയയിലെ മുഴുവൻ അണ്ടർ ഗ്രൗണ്ട് ബിസിനസും ബലരാമന്റെ കാൽ കീഴിൽ ആയിരുന്നു… അന്ന് തെന്നിന്ത്യൻ അധോലോകത്തിന്റെ അവസാനവാക്കായിരുന്ന ഹൈദരബാദിലെ റെഡ്ഢി ഗ്രുപ്പിന്റെ നിർദേശപ്രകാരം മൈസൂർ ആൻഡ് കുടക്…. ഈ പ്രേദേശങ്ങൾ മിത്ര തങ്കച്ചി എന്ന സ്ത്രീക്ക് കൈമാറാൻ ബാലരാമൻ തീരുമാനിച്ചു…. അന്ന് ഈ തങ്കച്ചിക്ക് പ്രായം വെറും 24 വയസ്…

വാട്ട്‌…. 24 വയസ്സുള്ള പെൺകുട്ടി….?

ദേ ഇപ്പോൾ തനിക്ക് ഉണ്ടായ അതെ അത്ഭുതമാണ് അന്ന് പലർക്കും ഉണ്ടായത്… പക്ഷെ സത്യമാണ്…. ആ ഒരു പൊസിഷനിൽ എത്താൻ അവൾ നൽകിയത് തന്റെ എട്ടു വർഷത്തെ ജീവിതമാണ്… അതിനുള്ളിൽ പ്രമുഖരും പ്രശസ്തരും ആയ പലർക്കും അവൾ പ്രിയപ്പെട്ട കാമുകിയായി മാറി കഴിഞ്ഞിരുന്നു….

ഓ… അങ്ങനെ…. !

അസാമാന്യമായ ധൈര്യമായിരുന്നു അവൾക്ക്…. മൈസൂരിലും കുടകിലും അവൾ അറിയാതെ ഒരു ഇല പോലും അനങ്ങില്ല എന്ന അവസ്ഥ വന്നപ്പോൾ… അവൾ ആവശ്യപ്പെട്ടത് ബലരാമന്റെ പടിഞ്ഞാറൻ കർണാടകയാണ്….. റെഡ്ഢി ബ്രദേഴ്സിനെ പോലും വെല്ലുവിളിച്ചു കൊണ്ട് അവൾ അതിനായി ബാലരമാനുമായി കോർത്തു…. അന്ന് തുടങ്ങി കർണാടകയിലെ ചോരക്കളി…. നീണ്ട ആറു വർഷം…..ഇന്ത്യയിൽ ഏറ്റവും ശക്തമായ ഗാങ് വാർ നടന്ന മുംബൈയെയും….. അധോലോക കൊട്ടേഷൻ സംഘങ്ങൾ ചോരപുഴ തീർത്ത നമ്മുടെ കൊച്ചിയെയും കവച്ചു വെക്കുന്ന രീതിയിൽ മംഗലാപുരം ചോരയിൽ മുങ്ങി…. അവസാനം 3 വർഷങ്ങൾക്ക് മുൻപ് ബലരാമൻ എല്ലാം അവസാനിപ്പിച്ചു മലബാറിലേക്ക് മാത്രമായി ഒതുങ്ങി…..

മാഡം…..?

അതെ ആന്റണി…. എല്ലാം അവസാനിപ്പിച്ച ബലരാമൻ വീണ്ടും കളിക്കാൻ ഇറങ്ങിയിട്ടുണ്ടെങ്കിൽ അയാൾ അതിന് നിര്ബന്ധിതനായിട്ടുണ്ടെങ്കിൽ….. അതിന് പിന്നിൽ തങ്കച്ചിയാണ്…. മിത്രതങ്കച്ചി…. കരുത്തരായ റെഡ്ഢി ഗ്രുപ്പിനെ വെല്ലുവിളിക്കാൻ അവൾക്ക് കരുത്തു നൽകിയത് അവളുടെ പിന്നിലുള്ള ഏതോ ഒരു സൂപ്പർ പവർ ആണെന്ന് അന്നേ എല്ലാവർക്കും ഒരു സംശയമുണ്ടായിരുന്നു…. കഴിഞ്ഞ ദിവസം വടയമ്പാടിയിൽ വെച്ചു നമ്മൾ കണ്ട ഇബ്രാഹിം ഹസനാരുടെ കൂടെ അവളുമുണ്ടായിരുന്നു…. തങ്കച്ചി… മിത്ര തങ്കച്ചി….

അപ്പോൾ….

ഇതെല്ലാം കൂടി ഒന്ന് കൂട്ടിവായിക്ക് എന്റെ ആന്റണി….. തന്റെ തലയിൽ ഒന്നും കത്തുന്നില്ലേ….?

ഇബ്രാഹിം ഹസ്സനാർ…. മിത്ര തങ്കച്ചി….. അപ്പോൾ മാഡം പറയുന്നത് അനന്തു എന്ന ഉബൈദ് ചോരത്തിളപ്പിന്റെ കരുത്തിൽ കഥ അറിയാതെ ആട്ടം കാണുന്ന ഒരു വിഡ്ഢിയാണെന്നാണോ….

ആയിരിക്കാം… ഞാൻ ഇപ്പോൾ പറഞ്ഞത് എന്റെ മനസ്സിന്റെ കണക്ക് കൂട്ടലുകൾ ആണ് ആന്റണി…. പിന്നെ ഈ പറഞ്ഞതിന്റെയൊക്കെ തെളിവുകൾ വേണമെങ്കിൽ കർണാടക പോലീസ് ഡിപ്പാർട്ടമെന്റ് മുഴുവൻ കുഴിച്ചു നോക്കേണ്ടി വരും…. മ്മ് പിന്നെ നമ്മുടെ ചെക്കനെ ഒന്ന് സൂക്ഷിച്ചോണം കേട്ടിടത്തോളം ബെഡിൽ നിന്നെണീറ്റാൽ കൈയിൽ ഒരു കൊച്ചു പിച്ചാത്തിയുമായി അവൻ ബലരാമനെ തപ്പി ഇറങ്ങും…. സിംഹങ്ങൾ അടക്കി ഭരിക്കുന്ന ഒരു കാട്ടിൽ നായകുട്ടിയുടെ വീറും വാശിയും ചെലവാകില്ല….

കേദാറിനെ നിങ്ങൾക്ക് അറിയില്ല മാഡം…. അവൻ നയകുട്ടിയാണെന്നൊക്കെ നിങ്ങൾക്ക് തോന്നും ബട്ട് അവൻ ശരിക്കുമൊരു പുലികുട്ടി തന്നെയാണ്…. സിംഹങ്ങൾക്കു കരുത്ത് കൂടുതലാണ്… പക്ഷെ വേഗവും ബുദ്ധിയും ശൗര്യവും പുലികൾക്ക് ആണ് കൂടുതൽ…..

ആന്റണി പറയുന്നത് കേട്ട് ശ്രീകല ഒന്ന് ചിരിച്ചു…..

തനിക്ക് ഈ കേദാറിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവണല്ലോടോ….?

അവനെ എനിക്കറിയാം മാഡം…. എന്റെ കുട്ടിയാണ് അവൻ…..

മ്മ്….

മാഡം എനിക്കൊരു സംശയം….. മാഡം ഈ പറഞ്ഞത് പോലെയാണ് സംഗതിയെങ്കിൽ… നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടുമോ…

ആന്റണി ചോദിച്ചതും ശ്രീകല ഒന്ന് ചിരിച്ചു….

തന്റെ പുലികുട്ടി ഒന്ന് തിരിച്ചു വരട്ടെടോ…. അവൻ കൂട്ടിചേർത്തലോ….?

മാഡം….. !

ആന്റണി തന്നെ ശ്രീകല ആക്കിയതാണല്ലേ എന്നർത്ഥത്തിൽ വിളിച്ചു….

ഞാൻ തമാശ പറഞ്ഞതല്ല ആന്റണി…. കേദാറിനെ ഞാനും ഇപ്പോൾ വിശ്വസിക്കുന്നു… ബലരാമൻ എന്ന വടവൃക്ഷത്തിന്റെ ചുവട്ടിൽ കോടാലി വെയ്ക്കാൻ ജനിച്ചവൻ അവൻ തന്നെയാണെന്നൊരു തോന്നൽ…

അപ്പോൾ നമ്മുടെ നെക്സ്റ്റ് പരിപാടി എന്താണ് മാഡം….?

തല്ക്കാലം അനന്തുവിനെയും ജയറാമിനെയും സുരക്ഷിതമായി സൂക്ഷിക്കുക…. നമ്മൾ കണക്കു കൂട്ടിയതൊക്കെ ശരിയാണോ എന്നറിയാൻ കുറച്ചു കൂടി കാത്തിരിക്കണം…. ശരിയാണെങ്കിൽ ബലരാമൻ അടുത്ത അടി കൊടുക്കാൻ പോകുന്നത് തങ്കച്ചിയുടെ നെഞ്ചത്താണ്…. മൈസൂരിൽ…..

അത് പറയുമ്പോൾ ശ്രീകലയുടെ കണ്ണുകൾ കുറുകിയിരുന്നു…. ഇരയുടെ നീക്കം വ്യക്തമായി നീരിക്ഷിക്കുന്ന വേട്ടക്കാരന്റെ കണ്ണുകൾ പോലെ….

    ***************************

കണ്ണൂരിൽ ശ്രീകല തന്റെ മനസ്സിൽ കണക്ക് കൂടിയതിന്റെ തൊട്ടടുത്ത നിമിഷം….

മൈസൂർ – ബാംഗ്ലൂർ ഹൈവേ….

മാണ്ട്യ ടൌൺ എത്തുന്നതിനു 2 കിലോമീറ്റർ മുൻപ്…..

മെയിൻ റോഡിൽ നിന്നും 100 മീറ്ററോളം ഉള്ളിലേക്ക് കടന്നു സ്ഥിതി ചെയ്യുന്ന ഒരു സ്ക്രാപ്പ് ഗോഡൗൺ….

പൊളിക്കാൻ കൊണ്ടുവന്ന വാഹനങ്ങളും വാഹനഭാഗങ്ങളും മറ്റു ഇരുമ്പ് പാഴ്വസ്തുക്കളും ഒക്കെ അതിന്റെ മുറ്റത്ത് വാരി കൂട്ടി ഇട്ടിരിക്കുന്നു….

തൊഴിലാളികൾ എല്ലാം പൊളിച്ചടുക്കുന്ന തിരക്കിലാണ്…..

പെട്ടെന്നാണ് വൈറ്റ് കളർ ഫോർച്യൂണറും അതിന്റെ തൊട്ട് പുറകിലായി ബ്ലാക്ക് പജീറോയും അവിടേക്ക് ഇരച്ചെത്തിയത്….

പണിയിൽ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ടിരുന്ന തൊഴിലാളികൾ തല ഉയർത്തി നോക്കി…..

വണ്ടികളിൽ നിന്നും ബലരാമനും യുനസും സംഘവും ഇറങ്ങി….

റെഡ് ടീ ഷർട്ടും ബ്ലു ജീൻസും അണിഞ്ഞിരുന്ന ബലരാമന്റെ മുഖത്ത് ടോം ഫോർഡ് എഫ് റ്റീ സീരിസിൽ പെട്ട സൺ ഗ്ലാസ്‌ ഉണ്ടായിരുന്നു…..

ബലരാമന്റെ തൊട്ട് പിന്നിൽ നിന്നിരുന്ന യൂനസ് അവന്റെ സ്ഥിരം വേഷമായിരുന്ന ബ്ലാക്ക് ആൻഡ് ബ്ലാക്ക് ആയിരുന്നു….

അവിടവിടെയായി ജോലി ചെയ്തുകൊണ്ടിരുന്നവർ എല്ലാം ബലരാമനും സംഘത്തിനും ചുറ്റും കൂടി…..

ഗോഡൗണിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്ന ഓഫീസിൽ നിന്നും… കറുത്ത് തടിച്ച ഒരാൾ ഇറങ്ങി വന്നു…..

ബലരാമൻ തല ചരിച്ചു അയാളെ നോക്കി…..

ബലരാമനെ തിരിച്ചറിഞ്ഞ നിമിഷം അയാളുടെ മുഖഭാവം മാറി….

തലൈവരെ നീങ്കളാ…..?

വിനായക……. !

ബലരാമന്റെ കരുത്തുറ്റ ശബ്ദം അവിടെ മുഴങ്ങി….. അത് കേട്ടതും അയാൾ നടന്നു ബലരാമന്റെ അടുക്കലേക്ക് വന്നു….

ഞാൻ പ്രതീക്ഷിച്ചു ഈ വരവ്…. വിവരങ്ങളൊക്കെ ഞാൻ അറിഞ്ഞായിരുന്നു….. നിങ്ങൾക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്….

പറഞ്ഞു കൊണ്ട് വിനായകൻ ചുറ്റും നോക്കി…. വിനായകൻ നോക്കുന്നത് അനുകരിച്ചു കൊണ്ട് യുനസും ചുറ്റും നോക്കി…. ബലരാമൻ മാത്രം വിനായകന്റെ മുഖത്തേക്ക് നോക്കി നിന്നു…..

ബലരാമൻ മുഖത്ത് നിന്നും തന്റെ സൺഗ്ലാസ് ഊരി യൂനസിന്റെ നേർക്ക് നീട്ടി…..

മോനെ വിനായക… പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് മേട്ടുപ്പാളയത്തു നിന്നും ധിംബം ചുരം കയറി മൈസൂർ എത്തി ഉടുതുണിക്ക് മറുതുണിയില്ലാതെ നടന്ന ഒരു ഞാവലി ചെക്കനെ നീ ഓർക്കുന്നുണ്ടോ….?

ബലരാമന്റെ തീഷ്ണതയോടെയുള്ള നോട്ടം സഹിക്കാൻ കഴിയാതെ അവൻ തല താഴ്ത്തി….

ഡാ പുല്ലേ…. ഈ മൈസൂർ ഞാൻ തങ്കച്ചിക്ക് കൊടുത്തിട്ട് പോകുമ്പോൾ നീ എന്നോട് പറഞ്ഞ വാക്കുകൾ ഓർക്കുന്നുണ്ടോ….. ചത്താലും എൻ ഉയിർ നിനക്ക് താൻ തലൈവരെ എന്ന്…..?

ബലരാമൻ ഒന്ന് നിർത്തി…. ചുറ്റും നോക്കി…..

എന്നിട്ട് നീ തങ്കച്ചിയുടെ ഇറച്ചിയുടെ സ്വാദും അറിഞ്ഞു വന്നു മംഗലാപുരത്തിട്ടു ദേ ഇവന്റെ നെഞ്ച് ലക്ഷ്യം വെച്ചു കാഞ്ചി വലിച്ചു…..

തൊട്ടടുത്ത് നിന്ന യൂനസിന്റെ നെഞ്ചിൽ തട്ടിക്കൊണ്ടാണ് ബലരാമൻ അത് പറഞ്ഞത്….

പക്ഷെ ചത്തില്ല…. ഇരട്ടചങ്കുള്ള നല്ല ഉപ്പാക്ക് പിറന്ന ഇവനെ കൊല്ലാനുള്ള വെടി മരുന്നൊന്നും നിന്റെ അറക്കുള്ളിലെ തോക്കിന്റെ അകത്തു ഇല്ലടാ അണ്ണാച്ചി കഴുവർടെ മോനെ…… അത് കൊണ്ട് തങ്കച്ചിയുടെ പറമ്പിൽ ഖനനം നടത്താനെ പറ്റു….. അന്ന് ഞാൻ എല്ലാം നിർത്തി പോയതല്ലേ…. എല്ലാം അവസാനിപ്പിച്ചു…. എല്ലാം ക്ഷമിച്ചു… ഞങ്ങൾ പിൻവാങ്ങിയതല്ലേ….. എന്നിട്ട് പിന്നെയും പിന്നെയും ചൊറിഞ്ഞോണ്ട് വന്നാൽ…. കൈയും കെട്ടി നോക്കി നില്കണോടാ വിനായക…..?

ബലരാമന്റെ അഗ്നി വർഷിക്കുന്ന ചോദ്യങ്ങൾക്ക് മുൻപിൽ വിനായകൻ നിശബ്ദനായി…

നീ എനിക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നു….. അത് കൊള്ളാം വിനായക… അത് എനിക്ക് ഇഷ്ട്പ്പെട്ടു…. ചെറുതോട്ടത്തിൽ ബലരാമന് തന്ത ആരാ എന്നറിയാത്ത തങ്കച്ചിയുടെ വാലാട്ടി പട്ടി സ്വീകരണം ഒരുക്കിയിരിക്കുന്നു…. എന്നാൽ അങ്ങനെ തന്നെ ആകട്ടെ…. തത്കാലം നീ പോ വിനായക……. !

പറഞ്ഞു തീർന്നതും തന്റെ വലംകാൽ ഉയർത്തി വിനായകന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി കഴിഞ്ഞിരുന്നു ബലരാമൻ…..

ഉപ്പുചാക്ക് തല്ലി അലച്ചു വീഴും പോലെ വിനായകൻ പിന്നിലേക്ക് അടിച്ചും തല്ലി വീണു….

ഈ കളി ബലരാമൻ തീർക്കാൻ വേണ്ടി തന്നെ കളിക്കുന്ന കളിയാണ്…. ഒന്നുകിൽ ഞാൻ…. അല്ലെങ്കിൽ തങ്കച്ചി…. ആരെങ്കിലും ഒരാളെ… ഇത് കഴിയുമ്പോൾ ബാക്കി ഉണ്ടാകു….

ഇടതു വശത്ത് നിന്നും ഓടിവന്ന ഒരുത്തന്റെ വെട്ടിൽ നിന്നും ഒഴിഞ്ഞു മാറികൊണ്ട് അവന്റെ കഴുത്തു പിടിച്ചു തിരിച്ചു ഓടിച്ചു കൊണ്ടാണ് ബലരാമൻ അത് പറഞ്ഞത്….

യൂനസ് വളരെ നിസ്സാരമായാണ് തന്നെ നേരിടാൻ വന്നവരെ കൈകാര്യം ചെയ്തു കൊണ്ടിരുന്നത്…. യൂനസിന്റെ അത്രക്ക് എളുപ്പത്തിൽ അല്ലെങ്കിലും ബാക്കിയുള്ളവർക്കും വിനായകന്റെ കൂലിപ്പടയെ എതിരിടാൻ വലിയ പ്രയാസം അനുഭവപ്പെട്ടില്ല…..

തികച്ചും ഏകപക്ഷിയമായ പോരാട്ടമായിരുന്നു അത് ഒരു ഇരുപത് മിനിറ്റ്…. അതിൽ കൂടുതൽ നീണ്ടു നിന്നില്ല ആ പോരാട്ടം…..

ചോരയിൽ കുളിച്ചു ബലരാമന്റെ മുന്നിൽ കിടന്ന് പിടയുകയായിരുന്നു വിനായകൻ…..

ബലരാമന്റെ തൊട്ട് പിന്നിലായി യൂനസ് വന്ന് നിന്നു….

ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ പൊട്ടി തെറിച്ചു ഗോഡൗൺ ഉടമയും തൊഴിലാളികളും അടക്കം എല്ലാവരും കൊല്ലപ്പെട്ടു….

വിനായകന്റെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞിട്ട് ബലരാമൻ യൂനസിന്റെ നേരെ കൈ നീട്ടി….. യൂനസ് സൺ ഗ്ലാസ്‌ എടുത്ത് ബലരാമന് നേർക്ക് നീട്ടി…. ബലരാമൻ അത് വാങ്ങി തന്റെ മുഖത്ത് ഫിറ്റ്‌ ചെയ്തു…..

വിനായക….. ശുഭയാത്ര……

അത്രയും പറഞ്ഞിട്ട് ബലരാമൻ തിരിച്ചു നടന്നു…. ആർക്കും തടയാൻ കഴിയാത്ത ചക്രവർത്തിയുടെ അങ്കപുറപ്പാട് ആയിട്ടാണ് അത് കണ്ടപ്പോൾ യൂനസിനു തോന്നിയത്…..

രാമേട്ടാ വേണ്ട…. യൂനസ് വേണ്ട… വേണ്ടടാ…. നീ എനിക്ക് തമ്പി മാതിരി…..

മിണ്ടരുത് നായെ…… !

യൂനസ് വലം കൈ ഉയർത്തി ഒന്ന് കൂടി കൊടുത്തു….

അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ഫോർച്യൂണറും പജീറോയും ഗേറ്റ് കടന്ന് പുറത്തേക്ക് നീങ്ങി….

അവർക്ക് പിന്നിൽ ആ വലിയ ഗോഡൗൺ കത്തിയെരിഞ്ഞു……

മിത്രതങ്കച്ചിയുടെ കൈയിലിരുന്ന മൊബൈൽ വിറച്ചു…..

ബലരാമൻ താണ്ഡവം തുടങ്ങി കഴിഞ്ഞിരിക്കുന്നു… എല്ലാം അവസാനിപ്പിക്കാനുള്ള സംഹാരതാണ്ഡവം…..

തങ്കച്ചിയുടെ ഉള്ളംകാൽ മുതൽ ഉച്ചി വരെ വിറയൽ പടർന്നു….

തുടങ്ങിയാൽ പിന്നെ കൂട്ടികെട്ടാതെ നിർത്തില്ല ബലരാമൻ…. അത് അവൾക്ക് വ്യക്തമായി അറിയാം….

അതറിയാവുന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്….

കർണാടക ഹോം ഡിപ്പാർട്ടമെന്റ്….

ബലരാമൻ എന്ന കൊടുംകാറ്റിനെ നിയന്ത്രിക്കാൻ മംഗലാപുരത്തേക്ക് ഒരു കടുവ കുട്ടിയെ നിയോഗിക്കാൻ ഒരു മണിക്കൂർ നേരം പോലും ചർച്ച ചെയ്യേണ്ടി വന്നില്ല അവർക്ക്….

അഭിമന്യു .. അഭിമന്യു അശോക്  ഐ പി എസ്……

മംഗലാപുരം സിറ്റി പോലീസ് കമ്മീഷണർ…..

                                തുടരും….

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!