Skip to content

ദുര്യോധന – 11

duryodhana-novel

ബലരാമൻ എന്ന കൊടുംകാറ്റിനെ നിയന്ത്രിക്കാൻ മംഗലാപുരത്തേക്ക് ഒരു കടുവ കുട്ടിയെ നിയോഗിക്കാൻ ഒരു മണിക്കൂർ നേരം പോലും ചർച്ച ചെയ്യേണ്ടി വന്നില്ല അവർക്ക്….

അഭിമന്യു .. അഭിമന്യു അശോക്  ഐ പി എസ്……

മംഗലാപുരം സിറ്റി പോലീസ് കമ്മീഷണർ…..

      *************************

അഭിമന്യു അശോക് ഐ പി എസ്…..

കർണാടക പൊളിറ്റിക്സിലെ അതിശക്തനായ അശോക് രാജ്  എന്ന രാഷ്ട്രീയ നേതാവിന്റെ മകൻ….

കരണകയിലെ ബീജാപ്പൂർ മേഖല അശോക് രാജിന്റെ ശക്തി കേന്ദ്രമാണ്…. ശരിക്കും പറഞ്ഞാൽ നാട്ടുരാജാവ് എന്നൊക്കെ പറയുന്നത് പോലെ….

അഭിമന്യുവിന്റെ ഒപ്പം മസൂറിയിൽ നിന്നും ട്രെയിനിങ് കഴിഞ്ഞിറങ്ങിയ ആരും ഇത് വരെ കമ്മീഷണർ പോസ്റ്റിൽ എത്തിയിട്ടില്ല… പക്ഷെ കർണാടക പൊളിറ്റിക്സിലെ അച്ഛന്റെ സ്വാധീനം…. അതൊന്ന് മാത്രമാണ് ഇത്ര ചെറുപ്പത്തിലേ മംഗലാപുരം പോലൊരു നഗരത്തിന്റെ ചുമതല അഭിമന്യുവിന് ലഭിക്കാൻ കാരണം…

വെളുത്ത് തുടുത്ത് ക്‌ളീൻ ഷേവ് ചെയ്ത മുഖം….എപ്പോഴും ആത്മവിശ്വാസം തുളുമ്പുന്ന കണ്ണുകൾ…. ചുണ്ടിൽ സദാസമയം തത്തി കളിക്കുന്ന കള്ളചിരി…. ബോളിവുഡ് സുന്ദരൻമാർ തോറ്റു പോകുന്ന സൗന്ദര്യമുള്ള അഭിമന്യുവിന്റെ വീക്നെസ്സ് അറിഞ്ഞു കൊണ്ട് തന്നെ ദൈവം അവനീ സൗന്ദര്യം കൊടുത്തതാണെന്നു തോന്നും….

പെൺകുട്ടികൾ….

അഭിമന്യുവിന്റെ വീക്നെസ്…..

നല്ല സൗന്ദര്യമുള്ള പെൺകുട്ടികളെ കണ്ടാൽ ആൾ ലോക്ക് ആയി പോകും…

അഭിമന്യു ചാർജ് എടുത്തപ്പോഴേ പണി തുടങ്ങി….. തുടക്കത്തിൽ തന്നെ അവൻ തന്റെ ലക്ഷ്യം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു…

ബലരാമൻ…..

അതൊന്ന് മാത്രമാണ് ഈ നിയമനത്തിന് പിന്നിലുള്ള ലക്ഷ്യം….

അഭിമന്യു ചാർജ് എടുത്തതിന്റെ പിന്നാലെ…കർണാടക ഹോം മിനിസ്റ്ററും അശോക് രാജും ഉൾപ്പെടെയുള്ള പൊളിറ്റിക്കൽ സിംഹങ്ങൾക്കു തങ്കച്ചിയുടെ കൊട്ടാരത്തിൽ കിടക്കയും തയ്യാറായി കഴിഞ്ഞിരുന്നു…..

ബലരാമനെ നിയമത്തിന്റെ വഴിക്ക് പൂട്ടാമെന്നു കരുതിയിട്ടല്ല ഇബ്രാഹിമും തങ്കച്ചിയും ആ വഴി തിരഞ്ഞെടുത്തത്…. അഭിമന്യു വഴി ഒരു സമ്മർദ്ദം ഉണ്ടായാൽ ബലരാമന്റെ പകുതി ശ്രദ്ധ അവിടേക്ക് തിരിയും എന്ന കണക്ക് കൂട്ടൽ…. അത് മാത്രമാണ് അവരെ കൊണ്ട് അത് ചെയ്യിച്ചത്….

തങ്കച്ചിയുടെ മുറിയിൽ ആയിരുന്നു ഇബ്രാഹിമും തങ്കച്ചിയും….. ഇബ്രാഹിന്റെ വലത് കൈയിലെ ഗ്ലാസിൽ മദ്യം പകുതിയായി കുറഞ്ഞിരുന്നു…

ഇബ്രാഹിമിന്റെ മുഖത്ത് പതിവിൽ കവിഞ്ഞ സന്തോഷമുണ്ടായിരുന്നു….

കണ്ടോ മിത്ര…. വഴികൾ നമ്മുക്ക് മുൻപിൽ തെളിയുന്നത്….. നമ്മളും  ബലരാമനും തമ്മിലുള്ള കളിയുടെ ഇടക്ക് കേരളത്തിലും അവനെതിരെ പടയൊരുക്കം… അതും സ്വന്തം കുടുംബത്തിൽ നിന്നും…. ഉബൈദ് എന്ന അനന്തലാൽ…. ഹോ….

അതോർത്തിട്ട് എന്ന പോലെ ഇബ്രാഹിം വീണ്ടും വീണ്ടും ചിരിച്ചു… മിത്ര പ്രേത്യേകിച്ചു ഭാവഭേദമൊന്നുമില്ലാതെ അത് നോക്കി നിന്നു…

എന്നാലും ആ ചെക്കനെ സമ്മതിക്കണം…. ഹോം മിനിസ്റ്ററെ വരെ കൂട്ടത്തിൽ കൂട്ടിയില്ലേ… അപാര ചങ്കുറ്റം തന്നെ… പക്ഷെ ബുദ്ധി കുറവാണു…. അല്ലെങ്കിൽ ബലരാമന്റെ കരുത്ത് അളക്കാതെ അവൻ അയാൾക്കെതിരെ പടപുറപ്പാടിന് ഇറങ്ങുവോ….?

അതിപ്പോൾ നമ്മളും ആ കാര്യത്തിൽ മോശക്കാരല്ലല്ലോ….?

ഇബ്രാഹിം പറഞ്ഞു നിർത്തിയതും മിത്ര പ്രതികരിച്ചു….

അത് ശരിയാ…. നിനക്ക് സൗന്ദര്യം മാത്രമല്ല ബുദ്ധിയും ഉണ്ട്…. നീ പറഞ്ഞത് ശരിയാണ്….. എപ്പോഴും ബാലരാമനോട് ഏറ്റുമുട്ടി പരാജയപ്പെടാനാണ് നമ്മുടെ വിധി…. 3 വർഷം മുൻപ് ബലരാമൻ എല്ലാം നിർത്തി കേരത്തിലേക്ക് പിൻവലിഞ്ഞപ്പോൾ കർണാടകയിലെ ടാബ്ലോയിഡുകൾ അത് നിന്റെ വിജയവും ബലരാമന്റെ തോൽവിയുമായി വാഴ്ത്തി പാടി…. പക്ഷെ സത്യം നമ്മുക്ക് ഇരുവർക്കും അറിയാമായിരുന്നു….

അത്രയും പറഞ്ഞു കൊണ്ട് അയാൾ ഒറ്റ വലിക്ക് ഗ്ലാസ്‌ കാലിയാക്കി മിത്രയുടെ നേർക്ക് നീട്ടി…. അവൾ അത് വാങ്ങി അടുത്ത ഡ്രിങ്ക് മിക്സ്‌ ചെയ്യാൻ ഒരുങ്ങി…

നമ്മുടെ രണ്ട് പേരുടെയും ആവിശ്യം ബലരാമന്റെ പതനമല്ല… അവസാനമാണ്….. അതാണ് നമ്മുടെ യഥാർത്ഥ വിജയം…. അവന്റെ മണ്ണിൽ…. വടയമ്പാടിയിൽ വരെ നമ്മൾ ചോരപുഴ തീർത്തു….. ജയറാമിന്റെയും മുജീബിന്റേയും സഹായത്തോടെ…. അനന്തലാൽ എന്ന ശിഖണ്ഡിയെ മുൻ നിർത്തി…

ഇനി ഈ കളിയിൽ അനന്തലാലും ജയറാമും വേണ്ട….

ഇബ്രാഹിം പറഞ്ഞത് കേട്ട് തങ്കച്ചി ഒരു നടുക്കത്തോടെ മുഖമുയർത്തി….

അതേടോ… ആദ്യം നമ്മൾ കളിച്ചു…. പിന്നെ ബലരാമൻ തിരിച്ചു കളിച്ചു… അതങ്ങനെയാണ്…. അതായാളുടെ ഊഴമായിരുന്നു…. ഇനി വീണ്ടും നമ്മുടെ ഊഴം… മംഗലാപുരത്ത് അഭിമന്യു ബലരാമന് മൂക്ക് കയറിടുമ്പോൾ വടയമ്പാടിയിൽ അവന്റെ മണ്ണിൽ…. അവന്റെ കൂടപ്പിറപ്പുകളിൽ ഒരുത്തൻ ചോരയിൽ കുളിക്കണം….

പക്ഷെ ഭായ്…. അതിന് ഇപ്പോൾ നമ്മുക്ക് ചുണ്ടയിൽ കൊളുത്താൻ ഒരു സിദ്ദാർഥ് ഇല്ല…. ഫസൽ എവിടെയാണെന്ന് പോലും അറിയില്ല….

അതിന് ചതിയും ഒളിപ്രയോഗവുമൊക്കെ കഴിഞ്ഞില്ലേ മിത്ര…. ഇനി നേർക്ക്നേർ നിന്നുള്ള യുദ്ധമാണ്….. ദി റിയൽ fight സ്റ്റാർട്ടഡ് നൗ….. റാം മനോഹറും അവന്റെ കുട്ടികളും കണ്ണൂർ എയർപോർട്ടിൽ ലാൻഡ് ചെയ്തതിട്ടുണ്ട് ഇപ്പോൾ….

റാം മനോഹർ….

അതേടോ… മഹാരാഷ്ട്രയിലെ ഏറ്റവും വിലപ്പിടിപ്പുള്ള കൊലയാളി സംഘം….. നമ്മുടെ ഊഴത്തിൽ നമ്മൾ മാക്സിമം സ്കോർ ചെയ്യണ്ടേ മിത്ര…. !

പക്ഷെ അപ്പോഴും ഒരു മിസ്സിംഗ്‌ ലിങ്ക് ഉണ്ട് ഭായ്…. ആ ഇൻസ്‌പെക്ടർ…

നിന്റെ മൂക്കിൻ തുമ്പിനു താഴെയല്ലേ മിത്ര അവനുളളത്….. വിരാജ്പേട്ടക്ക് സമീപമുള്ള കൊപ്പറ്റി…. ഒരു നാല് പേരെ അങ്ങോട്ട് വിട്… എഴുന്നേൽക്കാൻ പറ്റാത്ത അവനെ തീർക്കാൻ അത് തന്നെ ധാരാളം…..

ഇബ്രാഹിം അത് പറഞ്ഞു തീർത്തപ്പോഴേക്കും തങ്കച്ചിയുടെ കണ്ണുകൾ തിളങ്ങി….. അവൾ എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ തലയാട്ടി….

         ************************

മംഗലാപുരം…….

സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ്….

മംഗലാപുരം സിറ്റിയിലെ എസ് ഐ മുതൽ മേല്പോട്ട് ഉള്ള എല്ലാ പോലീസ് ഓഫീസേഴ്‌സും അഭിമന്യു വിളിച്ചു ചേർത്ത ആ അർജെന്റ് മീറ്റിംഗിന് എത്തിയിരുന്നു…..

അഭിമന്യു തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞവസാനിപ്പിക്കാൻ തുടങ്ങിയിരുന്നു….

സൊ ഗയ്‌സ്….. അപ്പോൾ ഞാൻ പറഞ്ഞതിന്റെ ചുരുക്കം ഇത്രേയുള്ളൂ…. ഇനിയും ഈ സിറ്റിയിൽ ചോരപുഴ ഒഴുകാൻ പാടില്ല…. അതിന് സി ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബൽറാം നമ്മുടെ കസ്റ്റഡിയിൽ ആകണം…. കേരള ഡി ഐ ജി ശ്രീകല മേനോൻ ഐ പി എസ് നമ്മുടെ ഡിപ്പാർട്മെന്റിനു നൽകിയ റിക്വസ്റ്റ് പ്രകാരം….. ഒരു പോലീസ് സ്റ്റേഷൻ കത്തിച്ചതും പോലീസുകാരടക്കം ഒരുപാട് പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത കലാപത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് സംശയിക്കുന്ന ചെറുതോട്ടത്തിൽ ബലരാമൻ എന്ന ആൾ കേരളപോലീസിന്റെ കണ്ണ് വെട്ടിച്ചു മംഗലാപുരത്ത് എവിടെയോ ഒളിവിൽ താമസിക്കുന്നു അയാളെ കണ്ടെത്തി കസ്റ്റഡിയിൽ എടുത്ത് അവർക്ക് ഹാൻഡ് ഓവർ ചെയ്യണം… എഫ് ഐ ആർ വരെ ഇട്ട കേസ് ആണ്….. അപ്പോൾ ബലരാമനെ പൊക്കണം കേരള പൊലീസിന് കൈമാറും മുൻപ് ഒരു രാത്രി ബലരാമൻ നമ്മോടൊപ്പം ഉണ്ടും ഉറങ്ങിയും കഴിയണം…. പിന്നെ യൂനസ് അലി…. കുന്താപുര ഷൂട്ട്‌ ഔട്ടിലെ പ്രധാന പ്രതിയെന്നു സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ സംശയിക്കുന്ന ആൾ….. ഇവർ രണ്ട് പേരെയും എത്രയും പെട്ടന്ന് നമ്മൾ പൊക്കിയിരിക്കണം…. എത്രയും പെട്ടെന്ന്…..

അഭിമന്യു പറഞ്ഞു നിർത്തിയിട്ട്….. തന്റെ മുൻപിലിരിക്കുന്ന പോലീസ് ഓഫീസേഴ്സിനെ എല്ലാവരെയും നോക്കി…. അവർ എല്ലാവരും പരസ്പരം നോക്കിയിട്ട്…. എന്തൊക്കെയെ അടക്കം പറഞ്ഞു…..

ഫ്രണ്ട്സ്…… ഇവിടെ…. നിങ്ങൾക്ക് പറയാനുള്ളത് ഇങ്ങോട്ട് പറയു….. എന്നോട്……

അഭിമന്യു അത്രയും പറഞ്ഞിട്ട് നിർത്തി…. പെട്ടെന്ന് ഹാൾ നിശബ്ദമായി… ആരും ഒന്നും പറയുന്നില്ല…. അഭിമന്യു ഒന്ന് രണ്ട് നിമിഷം വെയിറ്റ് ചെയ്തു…. പക്ഷെ ആർക്കും ഒന്നും പറയാനുണ്ടായില്ല….

ഓക്കേ ഗയ്‌സ്…. നമ്മൾക്ക് പിരിയാം… പിന്നെ ചോർ ഇവിടെയും കൂർ അവിടെയും ആയിട്ടുള്ള ആൾക്കാർ എല്ലായിടത്തും ഉണ്ടാകും… ഇവിടെയും ഉണ്ടാകുമെന്ന് എനിക്കറിയാം…. അങ്ങനെയുള്ളവർ അവർക്ക് ആവും വിധം സി ബി യെ സംരക്ഷിക്കാൻ ശ്രമിക്കാം…. പക്ഷെ ഞാൻ രണ്ടും കൽപ്പിച്ചാണ്… പൂട്ടുമെന്ന് പറഞ്ഞാൽ പൂട്ടിയിരിക്കും…. ഇത് അഭിമന്യു ആണ് അഭിമന്യു അശോക്……

അയാൾ പറഞ്ഞു നിർത്തിയതും മറ്റുള്ളവർ അയാളുടെ മുഖത്തേക്ക് നോക്കി…. ഉറച്ച മനസ്സിൽ നിന്നും വന്ന അതിലും ഉറപ്പുള്ള വാക്കുകളാണ് അതെന്നു അഭിമന്യുവിന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു….

ദിസ്‌ മീറ്റിംഗ് ഈസ്‌ ഓവർ……

കൗശലം നിറഞ്ഞ കുറുക്കൻ കണ്ണുകളോടെ അഭിമന്യു അത് പറഞ്ഞു കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റു അഭിമന്യുവിനെ സല്യൂട്ട് ചെയ്തു…. പുറത്തേക്ക് നടന്നു തുടങ്ങി…

വൺ മിനിറ്റ് ഫ്രണ്ട്സ്….

പിന്നിൽ നിന്നും അഭിമന്യുവിന്റെ ശബ്ദം ഉയർന്നു…..

രാജേഷ് നാരായണ… പ്രഭുലാൽ… ശിവകുമാർ… എഡ്വിൻ തോമസ്…. നിങ്ങൾ നാല് പേർ പ്ലീസ് സ്റ്റേ ഹീയർ…. ബാക്കിയുള്ളവർക്ക് പോകാം….

അഭിമന്യുവിന്റെ മുഴക്കമുള്ള ശബ്ദം അവസാനിച്ചതും… നാല് ചെറുപ്പക്കാരായ പോലീസ് ഓഫീസേഴ്‌സ് ഒഴിച്ച് ബാക്കിയെല്ലാവരും പുറത്തേക്കിറങ്ങി……

നാല് പേരിൽ ഒരാൾ എ സി പി യും ബാക്കി 3 പേർ സി ഐ റാങ്കിൽ ഉള്ളവരുമായിരുന്നു……

നിങ്ങളാണ് എന്റെ ടീം…. സി ബി… എന്ന ചെറുതോട്ടത്തിൽ ബലരാമനെ  മംഗലാപുരത്തിന്റെ പഴയ സുല്ത്താനെ വേട്ടയാടാൻ ഞാൻ നിയോഗിക്കുന്ന എന്റെ ടീം….

സാർ…..

നാലുപേരും ഒരേ സമയത്ത് തന്നെ അഭിമന്യുവിനെ സല്യൂട്ട് ചെയ്തു…..

അഭിമന്യു നിവർന്നു നിന്ന് കൊണ്ട് ഇരുകൈകളും എളിയിൽ കുത്തി…..

ചെറുതോട്ടത്തിൽ ബലരാമൻ….

അവന്റെ ചുണ്ടിൽ നിന്നും ചവച്ചു തുപ്പിയത് പോലെ ആ പേര് പുറത്തേക്ക് വന്നു….

ഇതേ സമയം കണ്ണൂർ എയർപോർട്ടിൽ നിന്നും മട്ടന്നൂർ പാസ്സ് ചെയ്തു കുതിച്ച ഇന്നോവ ക്രിസ്റ്റക്കുള്ളിൽ ആ നാൽവർ സംഘം ഇരുന്നു….

റാം മനോഹറും സംഘവും….

ജയറാമിന്റെയും അനന്തുവിന്റെയും തലക്ക് വില പറഞ്ഞു ഉറപ്പിച്ച് ഇബ്രാഹിം ഹസനാരും സംഘവും കേരളത്തിലേക്ക് കയറ്റി അയച്ച മഹാരാഷ്ട്രയിലെ അൾട്ടിമേറ്റ് ക്രിമിനൽസ്….

ശ്രീകല മേനോൻ ഐ പി എസിന്റെ മൂക്കിന് തുമ്പത്ത് കൂടി തങ്കച്ചി നീട്ടിയ എച്ചിൽ കാശിനു വേണ്ടി ജയറാമിനെയും അനന്തുവിനെയും കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന സ്ഥലം വ്യക്തമായി ഒറ്റിക്കൊടുത്ത ഡി ഐ ജി യുടെ ഡ്രൈവർ രതീഷിന്റെ സഹായത്തോടെ ആ വണ്ടി തലശ്ശേരി ലക്ഷ്യമാക്കി കുതിച്ചു…..

തലശ്ശേരി ടൗണിൽ റൂമെടുത്ത് താമസിച്ച സംഘം ടൗണിൽ നിന്നും ഏകദേശം 8 കിലോമീറ്ററോളം മാറി ജയറാമിനെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന…. ഇരുനില വീടിന്റെ ചുറ്റുപാടും സുരക്ഷ സംവിധാനങ്ങളും നോക്കി മനസ്സിലാക്കി…..

രാത്രി 11 മണിയോട് കൂടി…. കർണാടകയുടെ ഉറക്കം കെടുത്തുന്ന ഗാങ് വാറിന്റെ യഥാർത്ഥ കരുത്ത് അറിയാതെ വെറും 3 പൊലീസുകാരെ മാത്രം ജയറാമിന്റെ സുരക്ഷക്ക് നിയോഗിച്ച ശ്രീകല മേനോൻ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ അമിത ആത്മവിശ്വാസത്തിനു ഏറ്റ തിരിച്ചടിയെന്ന പോലെ ജയറാമിന്റെ ബോഡി ആ വീടിനുള്ളിൽ തൂങ്ങിയാടി…… കാവൽ നിന്ന 3 പോലീസുകാരുടെ ജീവനറ്റ ശരീരവും കൊണ്ട് ഒരു വാൻ മാഹി പോർട്ട്‌ ലക്ഷ്യമാക്കി കുതിച്ചു…..

ഇതേ സമയം മറ്റു രണ്ട് പ്രധാന സംഭവങ്ങൾ കൂടി രണ്ടിടത്തായി നടന്നു….

അതിൽ ആദ്യത്തേത് മംഗലാപുരത്തായിരുന്നു…..

ഓൾഡ് പോർട്ട്‌ റോഡിൽ ഉള്ള ഗേറ്റ് വേ ഇന്റർനാഷണൽ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ബാറിൽ…..

ഒറ്റക്കിരുന്നു രണ്ടെണ്ണം അടിച്ചു കൊണ്ടിരുന്ന അഭിമന്യുവിന്റെ നേരെ എതിർവശത്തെ സീറ്റിൽ വൈറ്റ് ഷർട്ടും വൈറ്റ് പാന്റ്സും ധരിച്ച ഒരു മനുഷ്യൻ വന്നിരുന്നു…. അയാളുടെ തൊട്ട് പിറകിലായി കറുപ്പ് വസ്ത്രത്തിൽ മാത്രം പുറത്തേക്കിറങ്ങുന്ന അയാളുടെ നിഴലും….

ഹായ് കമ്മീഷ്ണർ ഹൗ ആർ യൂ…..?

ഒറ്റ നോട്ടത്തിൽ തന്നെ അഭിമന്യുവിന് ആളെ പിടികിട്ടി…..

ബലരാമൻ…..

അഭിമന്യു പറഞ്ഞത് കേട്ട് ബലരാമൻ ഒന്ന് പുഞ്ചിരിച്ചു….

എന്നെ പൂട്ടാൻ വന്ന പുലിക്കുട്ടിയെ ഒന്ന് നേരിൽ കാണാൻ വന്നതാണ്…. കൂടെ ഫ്രീയായി ഒരുപദേശവും താരാമല്ലോ എന്ന് കരുതി…. പൂട്ടാൻ തുടലുമായി ഇറങ്ങുമ്പോൾ എതിരെ നിൽക്കുന്നത് ആരാണെന്ന് ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ് കുഞ്ഞേ…. നീ ചെറുപ്പമാണ്… ഇനിയും ഒരുപാട് ജീവിതം ബാക്കിയുണ്ട്…..

ബലരാമൻ അഭിമന്യുവിന്റെ കണ്ണുകളിൽ തന്നെ തുറിച്ചു നോക്കികൊണ്ട് പറഞ്ഞു…..

ഞാൻ ഇത്രയും കാലം കൃത്യമായി ഭൂമിയിൽ കഴിഞ്ഞോളാമെന്നു ഇങ്ങോട്ട് പോകാൻ നേരം അങ്ങേർക്ക് എഴുതി ഒപ്പിട്ടു കൊടുത്തിട്ടില്ല ബലരാമാ… അതുകൊണ്ട് ബാക്കിയുള്ള ജീവിതത്തിന്റെ കണക്ക് പറയുന്നത് നീ വിട്…. അതിപ്പോൾ എന്റെ ആയാലും നിന്റെ ആയാലും നമ്മുടെ കൈയിൽ നിൽക്കുന്ന കാര്യമല്ലല്ലോ….?

നിന്റെ ജീവിതത്തിന്റെ കണക്ക് പുസ്തകം ഈ ബലരാമാനേ കൊണ്ട് എഴുതിക്കാൻ നിൽക്കരുത് മോനെ… ബാലൻസ് ഷീറ്റിൽ ഒന്നും ബാക്കി കാണില്ല….

ബലരാമൻ പറഞ്ഞത് കേട്ട് അഭിമന്യു ഒന്ന് ചിരിച്ചു…..

പക്ഷെ നിന്റെ ബാലൻസ് ഷീറ്റ് ഞാൻ എഴുതി കഴിഞ്ഞല്ലോ ബാലരാമാ…. !

അഭിമന്യു അത് പറയുമ്പോൾ അവന്റെ മുഖത്ത് വിജയിച്ചവന്റെ ഭാവമായിരുന്നു… കാരണം ഹോട്ടൽ മുഴുവൻ വൻ പോലീസ് സന്നാഹത്താൽ വലയം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു….

ബലരാമൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു….

ബീജാപൂർ നിന്റെ അച്ഛന്റെ കോട്ടയാണ് അല്ലെ അഭിമന്യു….? അശോക് രാജ് എന്ന പൊളിറ്റിക്കൽ പിമ്പ് അറിയാതെ അവിടെ ഒരു ഈച്ച പോലും പറക്കില്ല അല്ലെ….?

ബലരാമൻ അങ്ങനെ ചോദിച്ചതും അഭിമന്യുവിന്റെ മുഖം മാറി….

ബലരാമൻ….

അവന്റെ ശബ്ദത്തിൽ നേരിയൊരു വിറയൽ ഉണ്ടായിരുന്നു….

23 പേരുള്ള ഒരു കൂട്ട്കുടുംബം… അവിടെ ഇപ്പോൾ ഇല്ലാത്തത് ഗൃഹനാഥൻ അശോക് രാജും അദ്ദേഹത്തിന്റെ ഏറ്റവും ഇളയ പുത്രൻ അഭിമന്യു അശോകും മാത്രം….

ബലരാമൻ എന്റെ ഫാമിലിയെ തൊട്ട് കളിക്കരുത്… നിനക്ക് എന്നെ ശരിക്കും അറിയില്ല….

അഭിമന്യു ചാടി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു…

കളി തുടങ്ങിയിട്ടില്ല മിസ്റ്റർ കമ്മീഷണർ…. കളിക്കാർ വൈറ്റിംഗിൽ ആണ്… അവരോടു ഗ്രൗണ്ടിൽ ഇറങ്ങാൻ ഞാൻ പറയണം…. പക്ഷെ അത് തീരുമാനിക്കേണ്ടത് അഭിമന്യു ആണ്….

ബലരാമനും എഴുന്നേറ്റു കൊണ്ട് പറഞ്ഞു….

എന്നെ അളക്കാൻ നിൽക്കരുത് മോനെ…. നിനക്ക് അത് ദോഷം ചെയ്യും…. വലിയ ദോഷം….

അഭിമന്യുവിന്റെ മുഖത്തോട് തന്റെ മുഖം ചേർത്തുകൊണ്ട് ബലരാമൻ പറഞ്ഞു….

ഞാൻ വന്നത് പോലെ തിരിച്ചു പോകും…. വിസിൽ എന്റെ കൈയിലാണ്… പക്ഷെ ഞാൻ അത് ഊതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നീയാണ്….

ബലരാമൻ പറഞ്ഞു കഴിഞ്ഞതും അഭിമന്യു മൊബൈൽ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു ചെവിയോട് ചേർത്തു…. ബലരാമനും യുനസും തിരിച്ചു നടന്നു….

ഏകദേശം രണ്ട് ബറ്റാലിയൻ പോലീസ് കാവൽ നിൽക്കുന്ന ആ ഹോട്ടൽ കോമ്പൗണ്ടിൽ നിന്നും ഫോർച്യൂണറും പജീറോയും ഗേറ്റ് കടന്നു പുറത്തേക്കിറങ്ങി….

ആ കാഴ്ച കണ്ട് അകത്ത് നിന്ന അഭിമന്യുവിന്റെ കണ്ണുകൾ തിളങ്ങി….

ബാലരാമാ…. ധർമ്മയുദ്ധത്തിൽ അധർമ്മമാണ് ജയിച്ചത്… മാർഗമല്ല ലക്ഷ്യമാണ് പ്രധാനം…. കളിയിലെ നിയമങ്ങൾ മറികടന്നു നിന്റെ തുടക്ക്‌ അടിച്ചു വീഴ്ത്തണമെങ്കിൽ അതും ചെയ്യും ഈ ഞാൻ… എനിക്ക് ഇവിടെ ജയിച്ചേ പറ്റു….. തോൽവി എനിക്ക് മരണത്തിനു സമം ആണ്….

പല്ലുകൾ അമർത്തി ഞെരിച്ചു കൊണ്ട് അഭിമന്യു പറഞ്ഞു…. അവൻ തന്റെ മൈബൈലെടുത്ത് ചെവിയോട് ചേർത്തു…

എഡ്വിൻ…. പ്ലാൻ എ പരാജയപ്പെട്ടു… പ്ലാൻ ബി സ്റ്റാർട്ട്‌ ചെയ്യുക…. വൈറ്റ് ഫോർച്യൂണർ…… നമ്പർ KA 19 ……

അത്രയും പറഞ്ഞിട്ട് അഭിമന്യു ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലിട്ടു…. അവന്റെ മുഖത്ത് അപ്പോഴും ഒരു ചിരിയുണ്ടായിരുന്നു….

ഓൾഡ് പോർട്ട്‌ റോഡിൽ ആരെയോ കാത്ത് എന്ന പോലെ ആ ടിപ്പർ ലോറി കിടന്നു…. അതിന്റെ എഞ്ചിൻ ചോരകൊതി പൂണ്ട പോലെ ശക്തമായി ഇരമ്പി….

ഇതേ സമയത്ത് തന്നെ രണ്ടാമത്തെ സംഭവവും അരങ്ങേറുകയായിരുന്നു…

വിരാജ്പേട്ടക്ക് സമീപം കൊപ്പറ്റി എന്ന ചെറു ഗ്രാമത്തിൽ ഇരുളിന്റെ മറപറ്റി അവർ എട്ടു പേർ….

കേദാർ വിശ്രമത്തിൽ കഴിയുന്ന വീട് ലക്ഷ്യമാക്കി അവർ നീങ്ങി…. എല്ലാവരുടെയും കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നു….

ചുറ്റും കനത്ത ഇരുട്ടും…. അതിലും കനത്ത നിശബ്ദതയും….

തന്നെ സമീപിച്ചു കൊണ്ടിരിക്കുന്ന അപകടം അറിയാതെ കേദാർ നല്ല ഉറക്കത്തിലായിരുന്നു….

കേദാറിനെ ഇല്ലാതെയാക്കാൻ മിത്ര അയച്ച എട്ട് പേർക്കും അവരുടെ നിശ്വാസം വളരെ വ്യക്തമായി കേൾക്കാമായിരുന്നു….

അവർ വളരെ സൂക്ഷ്മതയോടെ കേദാർ കിടക്കുന്ന വീട് ലക്ഷ്യമാക്കി നീങ്ങി….

പെട്ടെന്ന് ഏറ്റവും മുൻപിൽ പോയവൻ നിന്നു…

തന്റെ തൊട്ടു മുൻപിൽ എന്തോ ഒരു നിഴൽ അനങ്ങിയത് പോലെ…

തൊട്ടടുത്ത നിമിഷം ഏറ്റവും പുറകിൽ നിൽക്കുന്നവനും അതെ ഫീലിംഗ് അനുഭവപ്പെട്ടു….

തൊട്ടു പുറകിൽ എന്തോ ഒരു നിഴൽ അനങ്ങിയത് പോലെ….

തൊട്ടരികിൽ ഇരുളിന്റെ മറവിൽ എന്തൊക്കയോ ശബ്ദം മുഴങ്ങിയത് പെട്ടെന്നാണ്….

കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്നവന് പെട്ടെന്ന് അപകടം മണത്തു….

ഫുൾ ലോഡായ ഗണിന്റെ ലോക്ക് വിടിവിക്കുന്ന ശബ്ദമാണ് മുഴങ്ങിയത്….

ഒന്നിന് പുറകെ ഒന്നായി അനേകം തവണ ആ ശബ്ദം ആ മുഴങ്ങി….

തങ്ങൾ കെണിയിൽ അകപ്പെട്ടു എന്ന് ആ എട്ടുപേർക്കും മനസിലായപ്പോഴേക്കും ഒരുപാട് താമസിച്ചു പോയിരുന്നു….

നിമിഷനേരം കൊണ്ട് ആ പ്രേദേശം വെളിച്ചത്തിൽ കുളിച്ചു….

തങ്ങളുടെ കണ്ണിലേക്കു തുളച്ചു കയറുന്ന ശക്തമായ പ്രകാശരശ്മികൾക്ക് ഇടയിലൂടെ അവർ എല്ലാവരും വ്യക്തമായി കണ്ടു….

നീട്ടിപ്പിടിച്ച തോക്കുമായി തങ്ങളെ വലയം ചെയ്തിരിക്കുന്നു…. ഏകദേശം ഇരുപത് പേരോളം ഉണ്ട്….

ഏറ്റവും മുൻപിൽ നിൽക്കുന്നവന്റെ അടുത്തേക്ക് തോക്ക് ചൂണ്ടി നിന്നവരിൽ ഏറ്റവും പൊക്കം കുറഞ്ഞ ആൾ നടന്നെത്തി….

അവൾ അടുത്തെത്തി കഴിഞ്ഞപ്പോഴാണ് അതൊരു പെണ്കുട്ടിയാണെന്നു അവർക്ക് മനസിലായത്….

അവന്തിക… അവന്തിക ഷെട്ടി…. പ്ലീസ് ഗെറ്റ് ഡൌൺ യുവർ വെപ്പൺസ് മൈ ഫ്രണ്ട്സ്…. പ്ലീസ്… വെറുതേ വെടി ശബ്ദം മുഴക്കി ഉറങ്ങി കിടക്കുന്നവരുടെ ഉറക്കം കളയണോ…..

അവളുടെ കരുത്തുള്ള ശബ്ദം അവിടെ മുഴങ്ങി….

നിങ്ങൾ…. നിങ്ങളൊക്കെ ആരാണ്….?

ബലരാമന്റെ ആൾക്കാരാണോ…?

നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം നൽകാൻ ഇപ്പോൾ ആളെത്തും…. അതിന് മുൻപ് പറഞ്ഞത് അനുസരിക്കുക…. പ്ലീസ്….

അവളുടെ ശബ്ദത്തിനു ഒരു മയവും ഇല്ലായിരുന്നു…. കേദാറിനെ പരിചരിക്കുമ്പോൾ കണ്ട പെൺകുട്ടിയെ ആയിരുന്നില്ല അവന്തിക അപ്പോൾ….

എട്ടുപേർക്കും രക്ഷയില്ല എന്ന് മനസിലായി…. അവർ ആയുധങ്ങൾ താഴേക്ക് ഇട്ടു….

ഗുഡ്‌ബോയ്സ്‌…..

ഇടിമുഴക്കം പോലെ ഗാംഭീര്യമുള്ള ശബ്ദം അവിടെ ഉയർന്നു…. എല്ലാവരും ശബ്ദം കേട്ടാ ഭാഗത്തേക്ക് നോക്കി….

ആറരയടിലധികം പൊക്കവും അതിന് തക്കവണ്ണം കരുത്തുള്ള ശരീരവും ഉള്ള ഒരാൾ…. തലയിൽ അണിഞ്ഞിരിക്കുന്ന ഹാറ്റ് കാരണം ആളുടെ മുഖം വ്യക്തമല്ല…

അയാൾ നടന്നു വന്ന് അവന്തികയുടെ ഒപ്പം നിലയുറപ്പിച്ചു….

നിങ്ങൾക്ക് ഞങ്ങൾ ആരാണെന്നു സംശയം ഉണ്ടാകും… പറയാം… പക്ഷെ അതിന് ശേഷം ഞങ്ങളുടെ ചോദ്യങ്ങൾക്ക് നിങ്ങളും കൃത്യമായി ഉത്തരം പറയണം… ഓക്കേ….

അത്രയും പറഞ്ഞിട്ട് അയാൾ തന്റെ തലയിൽ നിന്നും തൊപ്പി ഊരി…

കഷണ്ടിയും നരയും കയറി തുടങ്ങിയ തലയും…. പൂച്ച കണ്ണുകളും… പിരിച്ചു വെച്ച മേൽ മീശ…. താടി ഷേവ് ചെയ്തു മിനുസപ്പെടുത്തി വെച്ചരിക്കുന്നു….

എന്റെ പേര് വിശ്വംഭരൻ…. റിട്ട : കേണൽ : വിശ്വംഭര പണിക്കർ… അകത്ത് കിടക്കുന്ന കേദാർനാഥ് എന്ന മുതലിന്റെ പ്രൊഡ്യൂസർ… അതായത് അവന്റെ അച്ഛൻ… ഇതൊക്കെ എന്റെ സൈനികർ…..

അത്രയും പറഞ്ഞിട്ട് വിശ്വംഭരൻ മുൻപിൽ നിൽക്കുന്നവന്റെ അടുത്തേക്ക് നടന്നെത്തി….

അവന്റെ തലക്ക് പിന്നിലൂടെ കൈ ഇട്ട് തന്റെ വലം കൈയിൽ ഇരുന്ന ഗൺ അവന്റെ വായിലേക്ക് അയാൾ തിരുകി കേറ്റി…..

അകത്ത് കിടക്കുന്നവന്റെ അപ്പനാണ് ഞാൻ… എനിക്ക് അവന്റെ അത്ര പോലും ക്ഷമയില്ല… അതുകൊണ്ട് വേഗം പറഞ്ഞോ…. നിന്നെയൊക്കെ ആരാ ഇങ്ങോട്ട് പറഞ്ഞു വിട്ടത്…

ഗൺ അണ്ണാക്കിലേക്ക് തിരുകി കേറ്റി വെച്ചുകൊണ്ട് തന്റടുത്ത് ചോദ്യം ചോദിക്കുന്നവന്റെ പൂച്ച കണ്ണിൽ തെളിഞ്ഞ പൈശാചിക ഭാവം കൂടി കണ്ടതോടെ ആ വിധിക്കപ്പെട്ടവൻ പകുതി ചത്തത് പോലെയായി തീർന്നിരുന്നു….

ഒരുത്തന്റെ വായിൽ ഗൺ തിരുകി കേറ്റി വിശ്വംഭരൻ ഈ ചോദ്യം ചോദിക്കുന്ന അതെ നേരത്ത് തന്നെ…. മംഗലാപുരത്ത് ആ വൈറ്റ് ഫോർച്യൂണറിലേക്ക് ടിപ്പർ ഇടിച്ചു കയറിയിരുന്നു…

കണ്ണൂരിൽ അനന്തുവിനെ സൂക്ഷിച്ചിരുന്ന വീടിന്റെ മുറ്റത്തേക്ക് ഒരു ടാറ്റാ നെക്‌സോൺ പൊടിപറത്തി ഇരച്ചു കുത്തി വന്ന് നിന്നു…

അതിന്റെ ഉള്ളിൽ നിന്നും ബ്ലാക്ക് ഷൂ ധരിച്ച കരുത്തുറ്റ ആ കാൽ ഭൂമിയിൽ ശക്തിയായി പതിച്ചു…..

                                  തുടരും…..

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!