Skip to content

ദുര്യോധന – 12

duryodhana-novel

കണ്ണൂരിൽ അനന്തുവിനെ സൂക്ഷിച്ചിരുന്ന വീടിന്റെ മുറ്റത്തേക്ക് ഒരു ടാറ്റാ നെക്‌സോൺ പൊടിപറത്തി ഇരച്ചു കുത്തി വന്ന് നിന്നു…

അതിന്റെ ഉള്ളിൽ നിന്നും ബ്ലാക്ക് ഷൂ ധരിച്ച കരുത്തുറ്റ ആ കാൽ ഭൂമിയിൽ ശക്തിയായി പതിച്ചു…..

      ********* ******** ********

ഡേവിഡ് ജോൺ….

മാഹിയിലെ മസിൽമാൻ….. അനന്തുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ….

അവന്റെ പുറകെ അഞ്ചു പേർ കൂടി ആ വണ്ടിയിൽ നിന്നും ഇറങ്ങി…

വണ്ടി ഇരമ്പി നിന്ന ശബ്ദം കേട്ട് കാവൽ നിന്നിരുന്ന പോലീസുകാർ വളരെ വേഗം മുറ്റത്തേക്കെത്തി…

ആരാടാ നിങ്ങളൊക്കെ….

തന്റെ നേരെ സർവീസ് റിവോൾവർ ചൂണ്ടി അലറിയ സബ് ഇൻസ്‌പെക്ടറേ ഡേവിഡ് അടിമുടി ഒന്ന് നോക്കി…

ഏകദേശം നാല്പത്തിയഞ്ചു  വയസ്സ് പ്രായം തോന്നിക്കും അയാൾക്ക്…. ഡേവിഡിന്റെ നെറ്റിക്ക് നേരെ ചൂണ്ടിയിരിക്കുന്ന ചൂണ്ടിയിരിക്കുന്ന തോക്ക് പിടിച്ചിരിക്കുന്ന അങ്ങേരുടെ വലത് കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു….

അറിയാത്ത കാര്യം ചെയ്യാൻ ശ്രമിക്കരുത്….

മുരണ്ടു കൊണ്ട് ഡേവിഡ് നിന്ന നില്പിൽ ഒന്ന് വട്ടം കറങ്ങി…. അവന്റെ ഇടംകാൽ അയാളുടെ കരണത്ത് തന്നെ അതിശക്തമായി പതിച്ചു….

അയാളുടെ തൊണ്ടയിൽ നിന്നും ഉത്ഭവിച്ച ആർത്തനാദം പകുതിക്ക് വെച്ച് മുറിഞ്ഞു പോയി… കാരണം അപ്പോഴേക്കും ബോധം നശിച്ചു ഉപ്പ്ചാക്ക് വീഴും പോലെ അയാൾ നിലംപറ്റിയിരുന്നു…

പുറകിൽ നിന്നിരുന്നവരിൽ ഒരുത്തൻ ഡേവിഡിന് നേരെ കുതിച്ചു…. അവൻ തൊട്ടടുത്ത് എത്തിയതും ഡേവിഡ് പൊടുന്നനെ താഴേക്ക് മുട്ടുകുത്തിയിരുന്നു…..

ടൺ കണക്കിന് വെയിറ്റ് ഉള്ള അത്യുഗ്രൻ പഞ്ച് തന്നെയാണ് തന്റെ വലം കൈ കൊണ്ട് ഡേവിഡ് ഓടിവന്നവന്റെ അടിവയറ്റിൽ സമ്മാനമായി കൊടുത്തത്….

ഒരു ചെറിയ നിലവിളിയോടെ അവൻ ഡേവിഡിന്റെ തോളിലേക്ക് ചാഞ്ഞു…. ഈ സീനിൽ എപ്പോഴും സംഭവിക്കുന്നത് പോലെ തന്നെ ഇവിടെയും സംഭവിച്ചു… അവന്റെ വായിൽ നിന്നും കൊഴുത്ത ചോര ഒഴുകിയിറങ്ങി….

ഡേവിഡ് ഇടത് കൈ കൊണ്ട് അവനെ മെല്ലെ താഴേക്ക് തട്ടിയിട്ടു…. അപ്പോഴേക്കും രണ്ട് പേർ ഡേവിഡിന്റെ തൊട്ടു മുൻപിൽ എത്തിയിരുന്നു…. മുട്ട് കുത്തിയിരുന്ന തന്റെ നേർക്ക് വായുവിലൂടെ പറന്നു വരുന്ന ഒരു കാലിൽ നിന്നും ഞൊടിയിട നിമിഷം കൊണ്ട് പിന്നിലേക്ക് മലർന്നു കൊണ്ട് ഡേവിഡ് ഒഴിഞ്ഞു മാറി… അതെ വേഗത്തിൽ തിരിച്ചു പൊസിഷനിൽ എത്തിയ ഡേവിഡ് ഒറ്റക്കാലിൽ കുത്തി നിൽക്കുകയായിരുന്നവന്റെ ആ കാലിനിട്ട് വലതുകൈ മടക്കി അതിശക്തമായി തന്നെ ഒരു വെട്ട് കൊടുത്തു….

ഡേവിഡിന്റെ ഉരുക്കു പോലുള്ള കൈകളുടെ പവർ താങ്ങാനാവാതെ അവന്റെ മുട്ട് മടങ്ങി പോയിരുന്നു… താഴേക്ക് വന്ന അവന്റെ മുഖത്ത് ഡേവിഡിന്റെ ചുരുട്ടി പിടിച്ച ഇടത് മുഷ്ടി… ബലം പരീക്ഷിച്ചു കഴിഞ്ഞിരുന്നു….

ഡേവിഡിന്റെ തൊട്ട് മുൻപിൽ എത്തിയ രണ്ടാമത്തെ ആളെ അപ്പോഴേക്കും ഡേവിഡിന്റെ കൂടെ വന്നവരിൽ ഒരുത്തൻ നേരിട്ടു കഴിഞ്ഞിരുന്നു….

ബാക്കിയുള്ളവർ പരസ്പരം ഏറ്റുമുട്ടിയ സമയം കൊണ്ട് ഡേവിഡ് അതിവേഗം വീടിന്റെ ഉള്ളിലെത്തി…..

അനന്തു…..

ഡേവിഡ് അലറി…..

അനന്തു….

ഡേവിഡ് വീണ്ടും അലറി…. ഇത്തവണ ഏതോ ഒരു മുറിയിൽ നിന്നും ഡേവിഡിന്റെ വിളിക്ക് മറുപടി ലഭിച്ചു….

അനന്തു…..

ഡേവിഡ് ഒരിക്കൽ കൂടി വിളിച്ചു….

ഡേവി… ഡേവി… ഞാൻ ഇവിടെയുണ്ട്….

ഇത്തവണ അനന്തുവിന്റെ ശബ്ദം ഏത് മുറിയിൽ നിന്നാണ് വന്നതെന്ന് ഡേവിഡിന് കൃത്യമായി തിരിച്ചറിയാൻ പറ്റി…. അവൻ ആ മുറിയുടെ മുൻപിൽ എത്തി…..

ഒന്ന്…. രണ്ട്…. മൂന്ന്….. ഡേവിഡിന്റെ കരുത്തു നിറഞ്ഞ മൂന്ന് ചവിട്ടുകൾ പ്രതിരോധിക്കാനുള്ള കഴിവേ പൂട്ടിക്കിടന്ന ആ വാതിലിനു ഉണ്ടായിരുന്നുള്ളു…. ഒരു വലിയ ശബ്ദത്തോടെ അത് പിന്നിലേക്ക് പൊളിഞ്ഞു വീണു….

ഡേവിഡ് അകത്തേക്കു കടന്നതും ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നിരുന്ന അനന്തു ഡേവിഡിന്റെ അടുത്തേക്ക് എത്തി…. ഡേവിഡിന്റെ ഇരുതോളുകളിലും അമർത്തി പിടിച്ചു കൊണ്ട് അനന്തു നന്ദിയോടെ അവന്റെ മുഖത്തേക്ക് നോക്കി….

ഡാ… നീ… നീ ഇതെങ്ങനെ ഇവിടെ എത്തി…. നിനക്ക് ഇതിനൊക്കെയുള്ള ധൈര്യം ഉണ്ടായിരുന്നോ…

വിശ്വസം വരാത്തത് പോലെ അനന്തു അവനോടു ചോദിച്ചു….

ഡേവിഡ് മറുപടി ഒന്നും പറയാതെ അനന്തുവിനെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു….

അതിപ്പോൾ എന്തായാലും കുഴപ്പമില്ല നീ വേഗം വാ… എന്നെയൊന്നു ബാംഗ്ളൂരോ ഗോവയിലോ എത്തിക്ക്.. ബാക്കി ഞാൻ നോക്കിക്കോളാം…..

പറഞ്ഞു കൊണ്ട് അനന്തു പുറത്തേക്ക് നടന്നു….

മുറ്റത്തേക്ക് എത്തിയ അനന്തു ചുറ്റും നോക്കി…. അടി കൊണ്ട് നിലത്ത് കിടന്നു പരുങ്ങുന്ന പൊലീസുകാരെ കണ്ട് അവൻ അത്ഭുതത്തോടെ പുറകിലേക്ക് തിരിഞ്ഞു നോക്കി….

ഡേയ് ഡേവി…. ഇതൊക്കെ ചെയ്തത് നീ തന്നെ…. നിന്റെ കൈയിൽ ഈ ജ്ജാതി പെടാപ്പൊക്കെ ഉണ്ടായിരുന്നോ അളിയാ…. ങേ….? എന്തായാലും നീ പൊളിച്ചു… ഈ ഒരു സീനിൽ അളിയനും കൈയടി മേടിച്ചു….

അനന്തു പറയുന്നതൊക്കെ കേട്ട് നിന്ന ഡേവിഡിന്റെ മുഖത്ത് ഒരു ചിരി വിടർന്നു… എതിരെ നിന്ന അനന്തുവിനു അവന്റെ ആ ചിരി അത്രക്ക് പന്തിയുള്ളതായി തോന്നിയില്ല…..

ഡേവി… നീ….

അനന്തു പറഞ്ഞു തീരും മുൻപ് തന്നെ ഡേവിഡ് തന്റെ വലതു കൈ പിന്നിലേക്ക് കൊണ്ട് പോയി…. തിരികെയെത്തിയ ഡേവിഡിന്റെ കൈയിലേക്ക് നോക്കിയ അനന്തുവിന്റെ മുഖഭാവം മാറി…. അവിശ്വാസം നിറഞ്ഞ മുഖത്തോടെ അനന്തു ഡേവിഡിന്റെ കണ്ണുകളിലേക്ക് നോക്കി….

അനന്തുവിന്റെ നെറ്റിയിലേക്ക് തന്നെ ടാർഗറ്റ് ചെയ്തു പിടിച്ചിരിക്കുന്ന പിസ്റ്റളിൽ ഡേവിഡ് ഒന്നുകൂടി അമർത്തി പിടിച്ചു…..

സോറി മിസ്റ്റർ ഉബൈദ് മുസ്തഫ കമാൽ…..

ഡേവിഡിന്റെ ശബ്ദം പാടെ മാറിയിരുന്നു…. ഇന്ന് വരെ അനന്തു കാണാത്ത ഒരു മുഖമായിരുന്നു ഡേവിഡിന് അപ്പോൾ….

ഡേവിഡ് ഫോൺ എടുത്ത് ഡയൽ ചെയ്തു ചെവിയോട് ചേർത്തു….

രണ്ട് നിമിഷങ്ങൾ…. രണ്ടേരണ്ട് നിമിഷങ്ങൾ….

അപ്പുറത്ത് കാൾ കണക്ട് ആയി…

ഗൺ പോയിന്റിൽ ആണ് സാബ്…. തീർത്തേക്കട്ടെ….?

അനന്തുവിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടാണ് ഡേവിഡ് ഫോണിൽ കൂടി അത് ചോദിച്ചത്…..

നോ…. എനിക്ക് വേണം അവനെ ജീവനോടെ….. നാളെ നേരം വെളുക്കും മുൻപ് അവൻ ഇവിടെ എത്തിയിരിക്കണം….

മറുപടി പറഞ്ഞ ശബ്ദം കേണൽ വിശ്വംഭരന്റെതായിരുന്നു…. അയാളുടെ കാൽകീഴിൽ അപ്പോൾ കേദാറിനെ കൊല്ലാനായി വന്നവരിൽ ഒരുത്തൻ പിടയുകയായിരുന്നു….

ഡേവിഡ് ഫോൺ കട്ട്‌ ചെയ്തുകൊണ്ട് അത് പോക്കറ്റിലേക്ക് നിക്ഷേപിച്ചു….

ഡാ നീ….. !

അനന്തു ഡേവിഡിന് നേരെ കൈ ചൂണ്ടിക്കൊണ്ട് അലറി…..

വെറുതേ ഒച്ചയുണ്ടാക്കണ്ട മിസ്റ്റർ…..

കള്ളപ്പേരിൽ ഞാൻ പോലും അറിയാതെ നീ അധോലോക സാമ്രാജ്യം കെട്ടിപ്പെടുത്തപ്പോൾ ഒരു കാര്യം മറന്നു…. ഞാനും നീയും ഒരേ കളരിയിൽ നിന്നും അഭ്യാസം പഠിച്ചു ഇറങ്ങിയതാണെന്നു….. ഒന്നുകിൽ ഞാൻ പറയുന്നത് അനുസരിക്കുക…. അല്ലെങ്കിൽ മരിക്കുക….

ഡേവിഡിന്റെ ശബ്ദത്തിനു ഒരു മയവും ഇല്ലായിരുന്നു…. അവൻ അത് പറഞ്ഞു തീർന്നതും ഡേവിഡിന്റെ കൂടെ വന്നവർ എല്ലാവരും അനന്തുവിന്റെ തലക്ക് നേരെ തോക്ക് ചൂണ്ടി കഴിഞ്ഞിരുന്നു…. അതിലൊരുത്തൻ വണ്ടിയുടെ ബാക്ക് ഡോർ തുറന്നിട്ടു….

ഡേവിഡ് ഗൺ മെല്ലെ ചലിപ്പിച്ചു കൊണ്ട് അനന്തുവിനോട് ഉള്ളിലേക്ക് കയറാൻ നിർദേശിച്ചു….

അനന്തു ഡേവിഡിനെ തന്നെ രൂക്ഷമായി നോക്കികൊണ്ട് വണ്ടിയുടെ ഉള്ളിലേക്ക് കയറി…. തൊട്ട് പുറകെ ഡേവിഡും സംഘവും മിന്നൽ പോലെ വണ്ടിക്കുള്ളിലേക്കു കയറി…. ചെമ്മണ് നിറഞ്ഞ മണ്ണിൽ പൊടിപടലങ്ങൾ ഉയർത്തി കൊണ്ട് നെക്‌സോൺ എന്ന കരുത്തൻ അവിടെ വട്ടം കറങ്ങി ഒരു കാളക്കൂറ്റനെ പോലെ മുരണ്ടു കൊണ്ട് പുറത്തേക്ക് കുതിച്ചു….

നെക്‌സോൺ പോയി രണ്ട് മിനിട്ടുകൾക്ക് ശേഷം ക്രിസ്റ്റ ആ മുറ്റത്തേക്ക് വന്ന് ഇരച്ചു നിന്നു…..

റാമും സംഘവും വണ്ടിയിൽ നിന്നും ഇറങ്ങുന്നത് കണ്ട്… അടികൊണ്ട് നിലത്തു കിടക്കുന്ന പോലീസുകാർ പരസ്പരം നോക്കി….

റാം മെല്ലെ നടന്നു ഒരു പോലീസുകാരന്റെ അടുക്കൽ എത്തി…. അപ്പോഴേക്കും ബാക്കിയുള്ളവർ വീടിന്റെ അകത്തേക്ക് കുതിച്ചു…. റാം മെല്ലെ മുട്ട് മടക്കി ആ പോലീസുകാരന്റെ അടുത്തേക്ക് മുഖം ചേർത്തു…

എന്റെ പൊന്നു സാറേ…. അവനെ ആരോ കൊണ്ട് പോയി… ഇനി നിങ്ങളുടെ കൂടെ താങ്ങാനുള്ള കരുത്ത് ഈ ശരീരത്തിന് ഇല്ല…

റാം അയാളെ സഹതാപപൂർവം നോക്കികൊണ്ട് അവിടെ നിന്നും എഴുന്നേറ്റു… അപ്പോഴേക്കും അകത്ത് പോയവർ തിരികെയെത്തി….

ഭായ്… അവൻ മിസ്സിംഗ്‌ ആണ്….

അയാൾ പറഞ്ഞത് കേട്ട് റാം നിരാശയോട് കൂടി തല കുടഞ്ഞു….. അവൻ ഫോൺ എടുത്ത് ചെവിയോട് ചേർത്തു….

ഇതേ സമയം മംഗലാപുരം…..

ടിപ്പറിന്റെ ശക്തമായ ഇടിയേറ്റു ബോണറ്റ് തകർന്ന ഫോർച്യൂണറിൽ നിന്നും ബലരാമൻ ഇറങ്ങി…. അയാളുടെ വലത് കൈയിൽ ചൂണ്ടി പിടിച്ച പിസ്റ്റൾ ഉണ്ടായിരുന്നു…..

തന്റെ നേരെ പിസ്റ്റൾ ചൂണ്ടി നിൽക്കുന്ന ബലരാമനെ കണ്ട് ടിപ്പറിന്റെ ഡ്രൈവർ സീറ്റിലിരുന്നവൻ അടിമുടി വിറച്ചു പോയി…..

ബലരാമന്റെ മുഖത്ത് യാതൊരു വിധ ഭാവമാറ്റവും ഉണ്ടായിരുന്നില്ല… അയാൾ ഡ്രൈവറോട് പുറത്തേക്കിറങ്ങാൻ നിർദേശിച്ചു….

ഡ്രൈവർ ഭയത്തോടെ ഡോർ തുറക്കാൻ ഒരുങ്ങി…..

ഗുഡ് ഈവിനിംഗ് മിസ്റ്റർ ബലരാമൻ….

ശബ്ദം കേട്ട് ബലരാമൻ തിരിഞ്ഞു നോക്കി….

യൂനസിനെ ഗൺപോയിന്റിൽ നിർത്തി കൊണ്ട് ഒരു പോലീസ് ഓഫീസർ….

എഡ്വിൻ തോമസ്….. സർക്കിൾ ഇൻസ്‌പെക്ടർ…..

അവൻ തന്നെ സ്വയം പരിചയപ്പെടുത്തിയതും….. അവർ നിന്ന ഭാഗത്തിന് ഇരുവശത്തും നിന്നും വൻ പോലീസ് സന്നാഹം അവിടം വളഞ്ഞു…..

ബലരാമൻ തോക്ക് ഡ്രൈവറിൽ നിന്നും മെല്ലെ എഡ്വിനെ ലക്ഷ്യമാക്കി തിരിച്ചു….. ഒരു ഭാവമാറ്റവും ഇല്ലാതിരുന്ന ബലരാമന്റെ മുഖത്ത് പെട്ടെന്ന് ക്രൂരമായ ഒരു ചിരി വിടർന്നു…..

ഗുഡ് ബൈ മൈ ഫ്രണ്ട്……. !

കെണിയിൽ അകപ്പെട്ട സിംഹത്തെ പോലെ ബലരാമൻ മുരണ്ടു…. തനിക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ബലരാമന്റെ ഭാവമാറ്റം കണ്ട എഡ്വിൻ ഒരു നിമിഷത്തേക്ക് അടിമുടി വിറച്ചു പോയി..

തൊട്ടടുത്ത നിമിഷം തോക്ക് ചൂണ്ടി പിടിച്ചു കൊണ്ടിരുന്ന ബലരാമന്റെ കൈയിൽ അതി ശക്തമായി എന്തോ വന്ന് ഇടിച്ചു…..

ബലരാമൻ മുൻപിലേക്ക് വേച്ചു പോയി…..

ബലരാമന്റെ തൊട്ട് പിന്നിൽ…. അവൻ….

അഭിമന്യു അശോക് ഐ പി എസ്…..

ബലരാമൻ അവന്റെ നേരെ തിരിഞ്ഞു വലതു കൈ പൊക്കിയതും അവന്റെ സർവീസ് പിസ്റ്റൾ ബലരാമന്റെ നെറ്റിയിൽ തൊട്ടു…..

കൂൾ ഡൌൺ മിസ്റ്റർ ബലരാമൻ….. ബീജാപ്പൂർ എന്റെ അപ്പന്റെ മണ്ണാണ്…. അവിടെ കളിക്കാനിറങ്ങിയ ബൽറാം സാബിന്റെ കുട്ടികൾ ഇപ്പോൾ തലകീഴായി തൂങ്ങിയാടുന്നുണ്ട്…..

ബലരാമൻ ചുറ്റും നോക്കി….. വൻ പോലീസ് സന്നാഹമാണ് ചുറ്റും…. ഭൂരിഭാഗം പേരും തോക്കും ചൂണ്ടിയാണ് നിൽക്കുന്നത്…. അഭിമന്യുവിന്റെ കാര്യത്തിൽ തന്റെ കണക്ക് കൂട്ടലുകൾക്ക് ചെറിയ പിഴവ് സംഭവിച്ചു പോയെന്നു ബലരാമന് മനസിലായി….

ഡാ….

ഒരു അലർച്ച കേട്ട് ബലരാമനും അഭിമന്യുവും അടക്കം എല്ലാവരും നടുങ്ങി……

യൂനസ് നോ….

ബാലരാമൻ അലറി കൊണ്ട് യൂനസിനെ തടയാൻ നോക്കി…. പക്ഷെ അപ്പോഴേക്കും അഭിമന്യുവിന്റെ നെഞ്ചിൽ യൂനസിന്റ വലം കാൽ പതിഞ്ഞിരുന്നു……

യൂനസിന്റെ കരുത്ത് മുഴുവൻ നിറഞ്ഞു നിന്ന ആ ചവിട്ടേറ്റ് അഭിമന്യു പുറകിലേക്ക് തെറിച്ചു…. അതിന്റെ പുറകെ യൂനസ് തന്റെ പിന്നിൽ ഒളിപ്പിച്ചിരുന്ന പിസ്റ്റൾ ഊരികൊണ്ട് അഭിമന്യുവിനെ ലക്ഷ്യമാക്കി കുതിച്ചു….

ബലരാമൻ പകച്ചു ചുറ്റും നോക്കി…. യൂനസിനെ ലക്ഷ്യം വെക്കുന്ന ലോഹകുഴലുകളുടെ തിളക്കം ബലരാമന്റെ കണ്ണുകളിൽ പ്രതിഫലിച്ചു…..

യൂനസ്… വേണ്ട….

പക്ഷെ അപ്പോഴേക്കും യൂനസ്  അഭിമന്യുവിന്റെ നെഞ്ചിൽ കയറി ഇരുന്ന് കഴിഞ്ഞിരുന്നു…. അവന്റെ വായുടെ ഉള്ളിലേക്ക് യൂനസ് തന്റെ പിസ്റ്റൾ തിരുകി കയറ്റി……

രാമേട്ടനെ കൈ വെക്കുന്നോടാ പന്ന പു….. മോനെ….. !

യൂനസ് ദേഷ്യം കൊണ്ട് അലറുകയായിരുന്നു…  അക്ഷരാർത്ഥത്തിൽ ദേഷ്യം കൊണ്ട് സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു അവന്…..

തൊട്ടടുത്ത നിമിഷം….

അവിടമാകെ കിടുക്കി കൊണ്ട് വെടി ശബ്ദം മുഴങ്ങി….. ഒന്നല്ല പലവട്ടം…..

യൂനസിനെ ലക്ഷ്യം വെച്ച ലോഹക്കുഴലുകളിൽ നിന്നും തീയുണ്ടകൾ അവന്റെ ശരീരം തുളച്ചു പാഞ്ഞു…..

യൂനസ്………

ബലരാമൻ അലറി കൊണ്ട് അവന്റെ അടുത്തേക്ക് കുതിക്കാൻ ഒരുങ്ങി….. എന്നാൽ അയാളുടെ തലക്ക് ചുറ്റും നീട്ടി പിടിച്ച തോക്കിൻ മുനകൾ ബലരാമനെ നിശ്ചലനാക്കി കളഞ്ഞു…..

യൂനസ് ഇരുന്ന ഇരുപ്പിൽ തിരിഞ്ഞു ബലരാമനെ നോക്കി….. അവന്റെ കണ്ണുകളിൽ കണ്ണുനീരിന്റെ തിളക്കമുണ്ടായിരുന്നു…. ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരിയും….

രാമേട്ടാ……

മന്ത്രിക്കും പോലെ യൂനസ് വിളിച്ചു….

നിനക്ക് എന്നതിന്റെ കഴപ്പായിരുന്നെടാ നാറി….. കുറച്ചു നേരം ഒന്ന് ക്ഷമിക്കാമായിരുന്നില്ലെടാ……?

അലറി കരഞ്ഞു കൊണ്ടാണ് ബലരാമൻ അത് ചോദിച്ചത്…..

ആർക്കും…. ഒന്നിനും…. ഒരായുധത്തിനും തകർക്കാൻ കഴിയാത്ത ബലരാമൻ എന്ന മഹാമേരു അടിമുടി ആടിയുലഞ്ഞു പോയി…..

20 വർഷങ്ങൾക്ക് മുൻപ് തലശ്ശേരി ടൗണിൽ വെച്ച് ഇക്കാ വിശക്കുന്നു…. ഒരു ചായ മേടിച്ചു തരുമോ എന്ന് ചോദിച്ച പന്ത്രണ്ടുകാരന്റെ മുഖം ബലരാമന്റെ മനസ്സിൽ തെളിഞ്ഞു…..

അന്ന് തൊട്ട് ഇന്ന് വരെ…. ഈ നിമിഷം വരെ….. ബലരാമന്റെ നിഴൽ ആയിരുന്നു യൂനസ് അലി…. അല്ലെങ്കിൽ അങ്ങനെ ജീവിക്കാനായിരുന്നു അവന് ഇഷ്ടം….

നിഴലിന്റെ നിറം കറുപ്പാണ് എന്നും പറഞ്ഞാണ് അവൻ എപ്പോഴും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞിരുന്നത്…..

ബലരാമൻ എന്ന വടവൃക്ഷത്തെ താങ്ങി നിർത്തിയിരുന്ന തായ് വേരായിരുന്നു യൂനസ് അലി….

ഉമ്മ

ാ…….

താഴേക്കു വീണ യൂനസിന്റെ നാവ് അവസാനമായി ഒന്നുകൂടി ശബ്‌ദിച്ചു….

അഭിമന്യു ചാടി എഴുന്നേറ്റു…. അയാൾ തന്റെ നെഞ്ച് ശക്തമായി തിരുമ്മി…..

മരണത്തിന്റെ വായിൽ നിന്നും അവസാനനിമിഷം തിരിച്ചു വന്നവന്റെ ആശ്വാസം അഭിമന്യുവിന്റെ മുഖത്ത് ഉണ്ടായിരുന്നു…..

ബലരാമന്റെ കണ്ണുകളിൽ അഭിമന്യുവിന്റെ രൂപം പതിഞ്ഞതും ആ കണ്ണുകൾ അഗ്നികുണ്ഠങ്ങളായി മാറി….

ജീവനോടെ…. ജീവനോടെ നീ എന്നെ പുറംലോകത്ത് തിരിച്ചെത്തിച്ചാൽ…. കഴുകന്മാർക്ക് തിന്നാൻ പോലും നിന്റെ ശവം ഞാൻ കൊടുക്കില്ലെടാ നായെ….. ഓർത്തു വെച്ചോ…. ഇത് ബാലരാമനാണ് പറയുന്നത്…. ചെറുതോട്ടത്തിൽ ബലരാമൻ…..

അഗ്നി എരിയുന്ന കണ്ണുകളുമായി ബലരാമൻ അത് പറഞ്ഞപ്പോൾ അഭിമന്യുവിന് ഉള്ളിൽ നേരിയ ഒരു ഭയം ഉടലെടുത്തു…. അയാൾ എഡ്വിനെ നോക്കി….

എഡ്വിൻ ബലരാമനെ കൊണ്ട് പോകാൻ പോലീസുകാർക്ക് നിർദേശം കൊടുത്തു….

ബലരാമനെ പോലീസുകാർ കൊണ്ട് പോയതും അഭിമന്യു എഡ്വിന്റെ അടുത്തെത്തി….

തല്ക്കാലം ബലരാമൻ കസ്റ്റഡിയിൽ ആയ കാര്യം പുറത്ത് അറിയണ്ട…..

അത്രയും പറഞ്ഞിട്ട് അഭിമന്യു യൂനസിന്റെ ബോഡി കിടക്കുന്നിടത്തേക്ക് പോയി….

എഡ്വിൻ യൂനസിന്റെ മുഖത്തേക്ക് നോക്കി….. അയാളുടെ മുഖത്ത് ഒരു കുറ്റബോധം തെളിഞ്ഞു…. പിന്നെ മെല്ലെ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു…..

മംഗലാപുരത്തിന്റെ സുൽത്താൻ പോലീസ് കസ്റ്റഡിയിൽ ആയ വിവരം…. മാധ്യമങ്ങൾക്കിടയിൽ ഹോട് ന്യൂസ്‌ ആയി കാട്ടുതീ പോലെ പടർന്നു…..

      ***************************

തൂങ്ങിയാടി നിൽക്കുന്ന ജയറാമിന്റെ ശരീരത്തിന് മുൻപിൽ നിൽക്കുമ്പോൾ തന്റെ ശരീരം മുഴുവൻ എരിതീയിൽ പെട്ടത് പോലെ ശ്രീകലക്ക് തോന്നി…..

ബലരാമൻ ആയാലും ഇബ്രാഹിം ആയാലും… പോലീസ് ഒരറ്റത്തു തൊടുമ്പോഴേ അവർ ആ ഭാഗം വെട്ടിമാറ്റുമെന്നു ശ്രീകലക്ക് ഉറപ്പായി…..

മാഡം….. അനന്തുവിനു സെക്യൂരിറ്റി നിന്ന പോലീസുകാരിൽ ഒരാൾക്ക് ബോധം വന്നിട്ടുണ്ട് ആന്റണി സാർ ഹോസ്പിറ്റലിലേക്ക് പോയിട്ടുണ്ടെന്ന് മാഡത്തെ അറിയിക്കാൻ പറഞ്ഞു….

ഒരു പോലീസുകാരൻ ശ്രീകലയെ സല്യൂട്ട് ചെയ്തു കൊണ്ട് പറഞ്ഞു….

മ്മ്…..

ശ്രീകല ഒന്ന് മൂളുക മാത്രം ചെയ്തു….

മാഡം ബലരാമൻ കർണാടക പോലീസിന്റെ കസ്റ്റഡിയിൽ ആയിട്ടുണ്ട്….

വാട്ട്‌….?

ശ്രീകല വിശ്വസിക്കാൻ കഴിയാത്തതു എന്തോ കേട്ടപോലെ അത് വന്ന് പറഞ്ഞ പോലീസുകാരന്റെ മുഖത്തേക്ക് നോക്കി…

യെസ് മാഡം… ന്യൂസ്‌ ചാനലുകളിൽ ഇപ്പോൾ അതാണ് പ്രധാന ഹെഡ് ലൈൻ…..

ശ്രീകലക്കു നേരിയ ഒരു ആശ്വാസം തോന്നി….. വീണ്ടും ഒരു നേരിയ പ്രകാശ കിരണം കണ്ടത് പോലെ….

ഈ നടന്നതിന് പിന്നിലോക്കെ ബലരാമൻ ആണെങ്കിൽ അയാളെ കൊണ്ട് തന്നെ അത് പറയിപ്പിക്കാമെന്നു അവൾക്ക് ഉറപ്പുണ്ടായിരുന്നു….

      **************************

കൊപ്പറ്റി…..

കേദാർ ഭിത്തിയിൽ ചാരി ഒന്നും മനസിലാകാതെ ഇരുന്നു…..

തന്റെ മുൻപിൽ കുറ്റവാളികളെ പോലെ തലയും കുനിച്ചു നിൽക്കുന്ന അനന്തുവിനെയും ബാക്കി എട്ടു പേരെയും കേദാർ മാറിമാറി നോക്കി…. പിന്നെ തന്റെ അച്ഛന്റെ മുഖത്തേക്കും….

അച്ഛൻ നടക്കുന്ന വഴി ശരിയല്ല എന്നും പറഞ്ഞു ഞാനുമായുള്ള ബന്ധം അറുത്ത് മുറിച്ചു ആറുവർഷം മുൻപ് നീ വീട് വിട്ട് ഇറങ്ങിയപ്പോൾ മുതൽ നിഴൽ പോലെ ഞാൻ നിന്റെ പിന്നാലെയുണ്ട് കേദാർ….കാരണം എനിക്ക് ശേഷക്രിയ ചെയ്യാൻ നീ വേണം…. നീയേ ഉള്ളു അതിന്….

കേണൽ പറഞ്ഞത് കേട്ട് കേദാർ മുഖം കുനിച്ചു….

നിനക്ക് ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്നതിന്റെയൊക്കെ പിന്നിലുള്ള യഥാർത്ഥ രഹസ്യങ്ങൾ അറിയേണ്ടേ…. അറിയണം…. അതിന് ആദ്യം നിന്റെ ജീവന്റെ വില പറഞ്ഞു ഉറപ്പിച്ചിരിക്കുന്നത് ആരാണെന്നും നീ അറിയണം….

കേണൽ പറഞ്ഞു നിർതിയിട്ട് തങ്കച്ചിയുടെ ആൾക്കാരുടെ നേരെ നോക്കി….

നീ ആയിട്ട് പറയുന്നോ അതോ ഞാൻ പറയിപ്പിക്കണോ….?

അത്… അത്… തങ്കച്ചിയാണ്…. മിത്ര തങ്കച്ചി…..

ആ പേര് കേട്ടതും അനന്തു അവിശ്വസനീയതയോടെ അത് പറഞ്ഞവന്റെ മുഖത്തേക്ക് നോക്കി….

നീ അത്ഭുതപ്പെട്ടു നോക്കണ്ട…. നിന്റെ അനിയൻ സിദ്ധാർത്ഥിന്റെയും…. പിന്നെ നീ ബിനീഷിനെ കൊണ്ട് ചെയ്യിപ്പിച്ചതെന്ന് വിശ്വസിക്കുന്ന മേഘയുടെയും കൊലപാതകത്തിന് പിന്നിൽ ഒറ്റ പേരേയുള്ളു അവന് പറയാൻ…. തങ്കച്ചി… മിത്ര തങ്കച്ചി….

കേണൽ പറഞ്ഞത് കേട്ട് അനന്തുവും കേദാറും ഒന്നും മനസിലാകാത്തത് പോലെ കേണലിന്റെ മുഖത്തേക്ക് നോക്കി…

ഒരുപാട് ചോദ്യങ്ങൾ നിങ്ങളുടെ രണ്ട് പേരുടെയും മുഖത്ത് ഞാൻ കാണുന്നുണ്ട്…. അതിനുള്ള ഉത്തരവും ഞാൻ പറഞ്ഞു തരാം….. അതൊരു കഥയാണ്…..ഒരൊറ്റ മനസും രണ്ട് ശരീരവും ആയി നടന്ന രണ്ട് സുഹൃത്തുക്കളുടെ കഥ….. ബാലരാമന്റെയും അരവിന്ദന്റേയും കഥ…..

കേണൽ പറഞ്ഞത് കേട്ടതും അനന്തുവിന്റെ മുഖം തെളിഞ്ഞു….

24 വർഷങ്ങൾക്കു മുൻപ് കൊൽക്കത്തയിൽ വെച്ചാണ് ഞാൻ ആദ്യമായി അവരെ കാണുന്നത്…. ഞാൻ അന്ന് ബംഗ്ലാദേശ് അതിർത്തിയിൽ ആണ്…. വീക്കെന്റുകളിൽ കൊൽക്കത്തക്ക് വരും…. വിരസമായ ജീവിതത്തിന്റെ ഇടയിൽ ചെറിയ ചില ആഘോഷങ്ങൾക്കായി…. അങ്ങനെ കൊൽക്കത്തയിൽ എത്തിയ ഞാൻ വളരെ അവിചാരിതമായിട്ടാണ് അവരെ കണ്ട് മുട്ടുന്നത്….. പുതിയ ആകാശവും പുതിയ ഭൂമികയും തേടുന്ന….. മുകളിലേക്ക് കുതിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന രണ്ട് ചെറുപ്പക്കാർ….. അവരുടെ കണ്ണിലെ പ്രതീക്ഷയുടെ തിളക്കവും നെഞ്ചിൽ എരിയുന്ന നെരിപ്പോടും എനിക്ക് മനസിലായി….. അത് എന്നെ അവരിലേക്ക് ആകർഷിച്ചു….

വിശ്വംഭരൻ ഒരു നിമിഷം നിർത്തി….

കൊൽക്കത്തയിൽ നിന്നും മടങ്ങിയ അവർ സന്തോഷത്തോടെയാണ് മടങ്ങിയത്…. ബിഷ്‌ണോയി ചാറ്റർജി എന്ന എന്റെ സുഹൃത്ത് വഴി സൗത്ത് ഇന്ത്യയിലേ ഗോൾഡ് ബിസിനസ്സിന്റെ അണ്ടർ കവർ ഓപ്പറേഷന്റെ കുറച്ചു ഭാഗം അവരെ ഏല്പിച്ചു ബിഷ്‌ണോയി…. എന്റെ ഒറ്റ ഉറപ്പിന്റെ പുറത്ത്….

പിന്നെ നടന്നതിന് കാലവും ചരിത്രവും സാക്ഷിയാണ്….. ബലരാമനും അരവിന്ദനും തെന്നിന്ത്യൻ അധോലോകത്തിലെ ശ്രദ്ധിക്കപ്പെടുന്ന പേരുകളായി….

കേണലിന്റെ ഓർമ്മകൾ വർഷങ്ങൾ പിന്നിലേക്ക് ചൂളം കുത്തി പാഞ്ഞു….. വടയമ്പാടിയിലേക്കു…. കൃത്യമായി പറഞ്ഞാൽ 25 വർഷം പിന്നിലേക്ക്….

അരവിന്ദന്റേയും ബാലരാമന്റെയും വടയമ്പാടിയിലേക്കു….

1995….. ഒരു ഡിസംബർ മാസം…..

അന്നും പതിവ് പോലെ വടയമ്പാടി ഉറക്കമുണർന്നത് സന്തോഷത്തിലേക്കാണ്…..

പക്ഷെ വരാൻ പോകുന്ന ദുരന്തങ്ങളുടെ കേളികൊട്ട് എന്ന പോലെ ഒരു കറുത്ത അംബാസിഡർ കാർ വടയമ്പാടിയുടെ മണ്ണിൽ വന്ന് നിന്നു…..

അതിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും കത്തുന്ന ചുരുട്ട് ചുണ്ടിൽ തിരുകി ഗ്രേ കളർ കോട്ടും വട്ടത്തൊപ്പിയും ധരിച്ചു… വെളുത്തു തുടുത്ത ആ ചെമ്പൻ മുടിക്കാരൻ ഇറങ്ങി…. അയാളുടെ കണ്ണുകൾക്ക് നീല നിറമായിരുന്നു… വല്ലാത്തൊരു നിച്ഛയദാർഢ്യം ആ മുഖത്ത് ഉണ്ടായിരുന്നു….

ഇടത് സൈഡിലെ ഡോർ തുറന്നു മുണ്ടും ഷർട്ടും ധരിച്ച 30 വയസ്സ് തോന്നിക്കുന്ന മറ്റൊരാളും പുറത്തിറങ്ങി….

അയാളുടെ പുറകെ ബാക്കിലെ ഡോർ തുറന്നു ഒരു ഒൻപതു വയസ്സുകാരിയും പുറത്തേക്കിറങ്ങി….

ആ ചെറുകവലയിൽ കൂടി നിന്നവരൊക്കെ കാറിൽ നിന്നും ഇറങ്ങിയ സായിപ്പിനെ അത്ഭുതത്തോടെ നോക്കി…

സാർ…. ഞാൻ അവിടെ അവരോട് ഒന്ന് ചോദിക്കട്ടെ…

പറഞ്ഞു കൊണ്ട് അയാൾ നടന്ന് അവിടെ അടുത്ത് കണ്ട ഒരു പെട്ടി കടയിലേക്ക് ചെന്നു….

ചേട്ടാ ഇവിടെ ഈ ചെറുതോട്ടത്തിൽ വീട്…..

അയാൾക്ക് അത് മുഴുമിക്കാൻ കഴിയും മുൻപ് തന്നെ ഇടിമുഴക്കം പോലെ ബുള്ളറ്റിന്റെ ശബ്ദം ഉയർന്നു….

അവിടെ ഇരുന്നവരൊക്കെ എഴുന്നേറ്റു…. അവരുടെ മുണ്ടുകളുടെ മടക്കി കുത്തൊക്കെ ബഹുമാനത്തോടെ അഴിച്ചു താഴേക്കിട്ടു….

അവിടെ പുതിയതായി വന്നയാൾ അത്ഭുതത്തോടെ ബുള്ളറ്റിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി….

വെള്ള ഷർട്ടും കാവി മുണ്ടും ധരിച്ചു…. ആത്മവിശ്വാസം തുളുമ്പുന്ന കണ്ണുകളും രാജകീയ ഭാവം നിഴലിക്കുന്ന മുഖഭാവവും ഉള്ള മുപ്പതു വയസ്സുകാരൻ…..

അരവിന്ദേട്ടൻ…..

അവിടെ കൂടി നിന്നവർ ബഹുമാനത്തോടെ പറയുന്നത് വന്ന് നിന്നയാൾ അത്ഭുതത്തോടെ കേട്ടു…..

ബുള്ളറ്റ് മെല്ലെ വന്ന് കാറിന്റെ അരികിലായി നിന്നു…. അരവിന്ദൻ ഒരു പുഞ്ചിരിയോടെ കാറിന്റെ അടുക്കൽ നിന്ന യുറോപ്യനെ നോക്കി…

ഹായ് സാർ….. ഐ ആം അരവിന്ദൻ……

സ്വയം പരിചയപ്പെടുത്ത് കൊണ്ട് അരവിന്ദൻ അയാൾക്ക് നേരെ കൈ നീട്ടി…..

ജോൺ…. ജോൺ ബെനഡിക്ട്….

തിരിച്ചു അത് പറഞ്ഞു കൊണ്ട് അരവിന്ദന്റെ നേരെ കൈ നീട്ടുമ്പോൾ അയാളുടെ കണ്ണുകൾ കുറുകി വന്നു….. കൊതിയോടെ അയാൾ വടയമ്പാടിയുടെ മണ്ണിലേക്ക് വീണ്ടും തന്റെ നോട്ടം മാറ്റി…..

                          തുടരും…….

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!