Skip to content

ദുര്യോധന – 13

duryodhana-novel

അവിടെ കൂടി നിന്നവർ ബഹുമാനത്തോടെ പറയുന്നത് വന്ന് നിന്നയാൾ അത്ഭുതത്തോടെ കേട്ടു…..

ബുള്ളറ്റ് മെല്ലെ വന്ന് കാറിന്റെ അരികിലായി നിന്നു…. അരവിന്ദൻ ഒരു പുഞ്ചിരിയോടെ കാറിന്റെ അടുക്കൽ നിന്ന യുറോപ്യനെ നോക്കി…

ഹായ് സാർ….. ഐ ആം അരവിന്ദൻ……

സ്വയം പരിചയപ്പെടുത്ത് കൊണ്ട് അരവിന്ദൻ അയാൾക്ക് നേരെ കൈ നീട്ടി…..

ജോൺ…. ജോൺ ബെനഡിക്ട്….

തിരിച്ചു അത് പറഞ്ഞു കൊണ്ട് അരവിന്ദന്റെ നേരെ കൈ നീട്ടുമ്പോൾ അയാളുടെ കണ്ണുകൾ കുറുകി വന്നു….. കൊതിയോടെ അയാൾ വടയമ്പാടിയുടെ മണ്ണിലേക്ക് വീണ്ടും തന്റെ നോട്ടം മാറ്റി…..

       ****************************

അരവിന്ദൻ ജോണിനെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന സമയത്ത് കടയിൽ നിന്ന ആൾ അരവിന്ദന്റെയടുത്തേക്കു ഓടിയെത്തി….

നമസ്കാരം…. ഞാൻ മാധവൻ ഷൊർണുരാണ് വീട്… അത് ജോൺ സാർ… ജോൺ ബെനഡിക്ട്… സ്കോട്ലൻഡിൽ നിന്നും വന്നതാണ്… അരവിന്ദൻ സാറല്ലേ….?

അയാളുടെ ചോദ്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അരവിന്ദന്റെ കണ്ണുകൾ കാറിന്റെ അടുക്കൽ അത്ഭുതം നിറഞ്ഞ മിഴികളോടെ ചുറ്റും നോക്കി നിൽക്കുന്ന ഒൻപത് വയസ്സുകാരിയുടെ മുഖത്തായിരുന്നു…

അതെ അരവിന്ദൻ ഞാൻ ആണ്…. ഈ കുട്ടി…

എന്റെ മോളാണ്… മിത്ര… ഞങ്ങൾ ഇങ്ങോട്ട് ഇറങ്ങിയപ്പോൾ അവൾക്കും ഒരേ നിർബന്ധം… കൂടെ വരണമെന്ന്… ഞാൻ കൂടെ കൂട്ടി…. കുറച്ചു ശാഡ്യം കൂടുതൽ ഉള്ള കൂട്ടത്തിലാണ്… ഇതിന് താഴെ ഒരാൾ കൂടിയുണ്ട് മിഥുൻ… ഒരു വയസ്സേ ആയിട്ടുള്ളു…

മാധവൻ പറഞ്ഞത് കേട്ട് അരവിന്ദൻ മിത്രയെ നോക്കി പുഞ്ചിരിച്ചു…. അവൾ തിരിച്ചും പുഞ്ചിരിച്ചു…

നിങ്ങൾ വന്നതിന്റെ ഉദ്ദേശം….?

അത് ഇവിടെ പറയാനുള്ളതല്ല…. ബലരാമൻ എന്നൊരാൾ കൂടിയില്ലേ…. നിങ്ങൾ രണ്ടാളോടും കൂടി പറയാറുള്ളതാണ്….

മാധവൻ പറഞ്ഞത് കേട്ട് അരവിന്ദൻ ഒരു നിമിഷം അയാളെ അടിമുടിയൊന്നു നോക്കി… ശേഷം ജോണിനെയും….

ജോൺ അവർ പറയുന്നതൊന്നും ശ്രദ്ധിക്കാതെ… വടയമ്പാടിയുടെ മണ്ണിലൂടെ കൊതിയോടെ തന്റെ കണ്ണുകൾ ഓടിക്കുകയായിരുന്നു… അരവിന്ദൻ അത് ശ്രദ്ധിക്കുകയും ചെയ്തു…

ശരി നിങ്ങൾ ബലരാമന്റെ വീട്ടിലേക്ക് വിട്ടോ ഇവിടുന്ന് നേരെ പോയി രണ്ടാമത്തെ ലെഫ്റ്റ്…. സംശയം തോന്നുകയാണെങ്കിൽ വഴിയിൽ ആരോടെങ്കിലും ചെറുതോട്ടത്തിൽ വീട് ചോദിച്ചാൽ മതി….

അല്ല അത് രണ്ട് പേരോടും കൂടി പറയേണ്ടതാണ്….

ഹാ… താൻ ഈ സായിപ്പിനെയും കൂട്ടി അങ്ങോട്ട് പൊയ്‌ക്കോടോ… ഒരു പത്ത് മിനിറ്റിനുള്ളിൽ ഞാൻ അങ്ങ് എത്തും…

എന്നാൽ അങ്ങനെയാവട്ടെ….

മാധവൻ പെട്ടെന്ന് തന്നെ കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങി…

ഡോ… ധാ സാധനത്തെ കൂടി എടുത്ത് അകത്തിട്…

കിളി പോയപോലെ നിൽക്കുന്ന ജോണിനെ നോക്കികൊണ്ട് അരവിന്ദൻ മാധവനോട് പറഞ്ഞു…

ഓ… അത് ഞാൻ ഓർത്തില്ല… എവിടെങ്കിലും നിന്നാൽ അവിടെ നിന്നോളും…. സാറെ… ജോൺ സാറെ…

നമ്മുക്ക് വന്ന കാര്യം നടത്തണ്ടേ….

മാധവൻ വിളിച്ചപ്പോൾ ജോൺ ഉറക്കത്തിൽ നിന്നെന്ന പോലെ ഞെട്ടി ഉണർന്നു…

ഓ… സോറി… സോറി… ഐ ആം റിയലി സോറി… മിസ്റ്റർ….

അരവിന്ദന്റെ നേർക്ക് നോക്കികൊണ്ട് പേര് മറന്നത് പോലെ ജോൺ നിന്നു….

അരവിന്ദൻ….

അരവിന്ദൻ തന്റെ പേര് ഓർമിപ്പിച്ചു….

ആ യെസ് യെസ്… അരവിന്ദൻ….. നിങ്ങളുടെ നാട് വളരെ മനോഹരമാണ്….

ജോൺ മലയാളത്തിൽ പറഞ്ഞത് കേട്ട് അരവിന്ദൻ തലകുലുക്കി…

ഉവ്വ് ഉവ്വേ… ഇയാൾ ഇപ്പോൾ പോയി ബലരാമനെ കാണ്… ചെല്ല്…. വിളിച്ചോണ്ട് പോടോ….

സംശയവും ഇഷ്ടക്കേടും നിറഞ്ഞു നിൽക്കുന്ന ശബ്ദത്തിൽ അരവിന്ദൻ മാധവനോടായി പറഞ്ഞു…

മാധവനും ജോണിനും അരവിന്ദന്റെ ശബ്ദത്തിലെ ഭാവവ്യത്യസം പെട്ടെന്ന് മനസിലായി ഇരുവരും വണ്ടിയിലേക്ക് കയറി…. പുറകിലെ ഡോർ തുറന്നു അകത്തേക്കു കയറിയ മിത്രയുടെ കണ്ണുകൾ അപ്പോഴും അരവിന്ദന്റെ മുഖത്തായിരുന്നു….

അരവിന്ദൻ അവളെ നോക്കി ഒരു കണ്ണടച്ച് കാണിച്ചു… മറുപടിയായി അവൾ രണ്ട് കണ്ണും അടച്ചു കാണിച്ചു…. ഒപ്പം മനോഹരമായ ഒരു പുഞ്ചിരിയും സമ്മാനിച്ചു….

അരവിന്ദൻ തിരിച്ചും പുഞ്ചിരിച്ചു… ആ സമയത്ത് തന്നെ ജോൺ വണ്ടി മുൻപോട്ട് എടുത്തു…. തന്നിൽ നിന്നും അകന്നു പോകുന്ന ആ വണ്ടിയെ നോക്കി അരവിന്ദൻ നിന്നു…. അവന്റെ കണ്ണുകളിൽ ഒരായിരം ചോദ്യങ്ങൾ ഉണർന്നിരുന്നു….

ആരാ അരവിന്ദാ അത്….?

തന്റെ തൊട്ടടുത്തു നിന്നും ഉയർന്ന ചോദ്യം കേട്ട് അരവിന്ദൻ ഞെട്ടി തിരിഞ്ഞു നോക്കി…

ആ… പരമുഏട്ടനോ….? അത് എന്നെയും ബാലരാമനെയും തപ്പി വന്നതാണ്…. രണ്ട് പേരുടെയും പിരി എവിടെയോ ലൂസ് ആണ്…. പണിയാകുമെന്ന തോന്നുന്നേ…..

അല്ല എന്നാലും സായിപ്പന്മാരൊക്കെ നിന്നെയൊക്കെ തപ്പി വരുന്നത് എന്തിനാടാ മക്കളെ…. ഉണ്ട തിന്നേണ്ടി വരുമോ…?

പരമു ചോദിച്ചത് കേട്ട് അരവിന്ദൻ അയാളെ സൂക്ഷിച്ചു നോക്കി….

വെറുതെയല്ലോടാ കള്ളപരമു തന്റെ പെണ്ണുംപിള്ള കറവക്കാരന്റെ കൂടെ ഒളിച്ചോടി പോയത്…. ദുഷിച്ച ചിന്തകളെ തന്റെ മനസ്സിൽ വരൂ…. ഒരടിക്ക് ഇല്ല എന്നിട്ട് കൈപാങ്ങിനു വന്ന് നിന്ന് മറ്റേടത്തെ വർത്തമാനവും… മാറി നിൽക്ക് അങ്ങട്….

അരവിന്ദൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു… പരമു പേടിയോടെ കുറച്ചകലത്തിലേക്ക് മാറി നിന്നു….

അരവിന്ദൻ ബുള്ളറ്റ് മുൻപോട്ട് എടുത്തു…. വടയമ്പാത് കാവ് അമ്പലം എത്തുമ്പോഴേ അരവിന്ദൻ കണ്ടു… ആൽതറയിൽ അക്ഷമയോടെ തന്നെ നോക്കിയിരിക്കുന്ന ബാലാമണിയെ….

ബാലാമണി….

ബാലരാമന്റെയും ബാലഭാസ്കറിന്റെയും അനുജത്തി…. ബാലചന്ദ്രന്റെ ചേച്ചി… ചെറുതോട്ടത്തിൽ ബ്രദേഴ്‌സിന്റെ ഒരേയൊരു സിസ്റ്റർ….

ദാവണി ഉടുത്ത് മുല്ലപ്പൂ തലയിൽ ചൂടി നെറ്റിയിൽ ചന്ദന കുറി തൊട്ട് നിൽക്കുന്ന അവളെ കണ്ടപ്പോഴേ തനിക്ക് ചുറ്റും കുളിർകാറ്റ് അടിക്കുന്നത് പോലെയാണ് അരവിന്ദന് തോന്നിയത്….

ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അവൾ മുഖമുയർത്തി നോക്കി….

അരവിന്ദൻ അടുത്ത് എത്തിയതും ബാലാ മുഖം വീർപ്പിച്ചു…

നീ മുഖം വീർപ്പിക്കണ്ട… കവലയിൽ വെച്ച് ഒരു സായിപ്പ്… നിന്റെ വലിയേട്ടനെ കാണാൻ വന്നതാണ്… അയാളോട് സംസാരിച്ചു സമയം പോയി….

നുണ പറയല്ലേ അരവിന്ദേട്ടാ…. സായിപ്പിനോട് സംസാരിച്ചു പോലും… അതിന് ഇയാൾക്ക് മലയാളം അല്ലാതെ വേറെ ഏതെങ്കിലും ഭാഷ അറിയാമോ….?

സായിപ്പിന് മലയാളം അറിയാമെടി…. അത് പോരെ….

അരവിന്ദൻ പറഞ്ഞത് കേട്ട് അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കി…

ഞാൻ പോകുവാ…

അത്രയും പറഞ്ഞു കൊണ്ട് ബാല മുൻപോട്ട് നടക്കാൻ തുടങ്ങി…

അയ്യോ അങ്ങനെ പോകല്ലേ….

അരവിന്ദൻ അവളുടെ കൈയിൽ കയറി പിടിച്ചു….

അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി…

കയ്യിന്നു വിട് അരവിന്ദേട്ടാ… ആരേലും കാണും….

അരവിന്ദൻ അവളുടെ കയ്യിൽ നിന്നും പിടി വിട്ടു….

അതെ എന്താ താങ്കളുടെ ഉദ്ദേശം….? ഇങ്ങനെ തന്നെ മുൻപോട്ട് പോകാനാണോ….?

അവൾ ഗൗരവത്തിലാണ് ചോദിച്ചത്….

കട്ട് തിന്നുന്നതിന്റെ സുഖം…. അതൊന്നു വേറെ തന്നെയല്ലേ ബാല….

അരവിന്ദൻ ചിരിച്ചു കൊണ്ട് ചോദിച്ചു… ബാലയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറി….

അതെ എന്റെ കൂടെ കൂട്ടിനു രണ്ട് കുട്ടികൾ വന്നിട്ടുണ്ട്… അവരെ വീടുകളിൽ അന്വേഷിക്കും… ഞാൻ പോകുന്നു….

അത്രയും പറഞ്ഞിട്ട് കയ്യിലിരുന്ന ഇലതുണ്ടിൽ നിന്നും ചൂണ്ട്വിരലിൽ ചന്ദനം തൊട്ടടുത്തു അരവിന്ദന്റെ നെറ്റിയിൽ ചാർത്തി ബാല….

അവൾ തന്നോട് ചേർന്ന് നിന്നപ്പോൾ അരവിന്ദൻ തന്റെ കണ്ണുകൾ അടച്ചു പിടിച്ചു….

ഹാ…. നല്ല മണം….

അരവിന്ദൻ പറഞ്ഞത് കേട്ട് അവൾ പെട്ടെന്ന് അകലേക്ക് മാറി…

നീ നന്നാകില്ലെടാ….

അത്രയും പറഞ്ഞിട്ട് അവൾ തിരിച്ചു നടന്നു…

ഡി…രണ്ട് മാസം കൂടി ക്ഷമിക്ക് ഞാൻ രാമുനോട് സംസാരിക്കാം….

പോടാ…..

അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞിട്ട് വേഗം നടന്നു….

എന്തേ അരവിന്ദാ ചെറുതോട്ടത്തിലെ കുട്ടി കെറുവിച്ചു പോകുന്നെ…?

അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന വഴി ഒരാൾ അവനോട് ചോദിച്ചു….

വാര്യർക്ക് ഇപ്പോൾ തന്നെ കാര്യം അറിയണം എന്ന് നിർബന്ധമുണ്ടോ….?

അരവിന്ദന്റെ ചോദ്യം കേട്ടതും സംഗതി പന്തിയല്ലെന്ന് വാര്യർക്ക് തോന്നി…

അല്ല…. വേണ്ട… ഞാൻ ചോദിച്ചെന്നേയുള്ളു…

അയാൾ അതിവേഗം മുൻപോട്ട് നടന്നു…

കിന്നാരം ചോദിക്കാൻ വന്നേക്കുന്നു….

അയാൾ ചോദിച്ചത് ഇഷ്ടപെടാത്ത രീതിയിൽ പറഞ്ഞു കൊണ്ട് അരവിന്ദൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും പിന്നിൽ നിന്നും വിളിയെത്തി…

അരവിന്ദാ… പൂയ്….

വിളികേട്ട് അരവിന്ദൻ തിരിഞ്ഞു നോക്കി….

അല്ല ഇതാര് മണ്ഡലം പ്രസിഡന്റോ… ഇതെന്ന ഖദർ ഇന്ന് കഞ്ഞി മുക്കിയില്ലേ….

കളിയാക്കിക്കോടാ… നീ കളിയാക്കിക്കോ….

അയാൾ അടുത്ത് വന്ന് നിന്നുകൊണ്ട് പറഞ്ഞു…

എന്താണ് ബൈജു സാർ പതിവില്ലാതെ….?

അരവിന്ദൻ സംശയത്തോടെ ചോദിച്ചു….

ഡാ…. ഇലക്ഷൻ അടുത്ത് വരുവല്ലേ… വടയമ്പാടിയിലെ വോട്ട് മുഴുവൻ നീയും ബലരാമനും കൂടി കസ്റ്റഡിയിൽ വെച്ചേക്കുവല്ലേ….?

ഉവ്വ മനസിലായി… ആ കാവുംതാഴെത്തെക്കുള്ള റോഡിന്റെ കാര്യം എന്തായി….?

ഡാ പഞ്ചായത്ത് ഭരണം… ഇവിടുത്തെ എം ൽ എ… സംസ്ഥാന ഭരണം ഇതൊക്കെ നിന്റെ പ്രസാദേട്ടന്റെ പാർട്ടിക്കാർ അല്ലെ…

ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എം പി, കേന്ദ്രഭരണം ഇതൊക്കെ ആർക്കാണ് ബൈജുവേട്ടാ….?

ഡാ അത്….?

അപ്പോൾ വേണമെന്ന് വെച്ചാൽ ആവാം…. ചെയ്യില്ല… പത്തിരുപത് വീട്ടുകാർ ഉണ്ട് ബൈജുവേട്ടാ… അതുങ്ങൾക്കു ഒരുപാട് ഉപകാരമാവും….

എടാ അതിവിടെ എല്ലാവര്ക്കും അറിയാം…. പക്ഷെ മെയിൻ റോഡ് തുടങ്ങുന്നിടത്ത് നിന്നും ആദ്യത്തെ നൂറ് മീറ്ററാണ് പ്രശ്നം… മത്തായി മാപ്പിളയുടെ തോട്ടത്തിന്റെ നടുക്ക് കൂടിയാണ് നിലവിലെ വഴി പോകുന്നത്… അത് വീതി കൂട്ടണമെങ്കിൽ…..

ബൈജു പകുതിക്ക് വെച്ച് നിർത്തി….

നിങ്ങൾ പ്രസാദ് ചേട്ടനെയും കൂട്ടി അവിടെ പോയി അങ്ങേരോട് സംസാരിക്ക്… അങ്ങേർക്കും ഗുണമുള്ള കാര്യമാണ് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക്… ഭാവിയിൽ സ്ഥലമൊക്കെ കഷ്ണം കഷ്ണമായി മുറിച്ചായിരിക്കും കച്ചവടം…..

ഡാ അത്….

മത്തായി മാപ്പിള പാർട്ടി ഫണ്ടിലേക്ക് തരുന്നതിന്റെ കാൽഭാഗം പോലും കാവുംതാഴത്തെ ഇരുപത് വീട്ടിൽ നിന്നും കിട്ടില്ല…. അതാണ് കാര്യം… പക്ഷെ ഒന്നോർത്തോ… മത്തായി മാപ്പിളയുടെ വീട്ടിൽ അഞ്ചു വോട്ടേയുള്ളു…. കാവുംതാഴത്ത് എല്ലാം കൂടി പത്തമ്പത് വോട്ട് ഉണ്ട്….

അരവിന്ദൻ ആ സംഭാഷണത്തിന് തീർപ്പു കല്പിക്കും പോലെയാണ് പറഞ്ഞത്…

ഡാ… നീ പിണങ്ങല്ലേ….

ബൈജു അത് പറഞ്ഞതും അകലെ നിന്നും സൈക്കിളിൽ ഒരാൾ വരുന്നതിലായി അരവിന്ദന്റെ ശ്രദ്ധ…

ആ എൽ സി വരുന്നുണ്ട് ഇനി ഇവിടെ നിന്നാൽ ശരിയാവില്ല…

അത്രയും പറഞ്ഞിട്ട് അരവിന്ദൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തിട്ട് മുൻപോട്ട് എടുത്തു…

ഡാ അപ്പോൾ ഇലക്ഷൻ…. !

ആദ്യം റോഡ് ശരിയാക്കു….

വിളിച്ചു പറഞ്ഞു കൊണ്ട് അരവിന്ദൻ വണ്ടി വിട്ടു… എതിരെ വന്ന സൈക്കിൾ യാത്രികൻ കൈ കാണിച്ചു….

അരവിന്ദൻ ബുള്ളറ്റ് സ്ലോ ആക്കി…

പറയാനുള്ളത് അവിടെ പറഞ്ഞിട്ടുണ്ട് സഖാവെ…. ചോദിച്ചാൽ മതി പറഞ്ഞു തരും….

അരവിന്ദൻ ഇത്രയും പറഞ്ഞപ്പോഴേക്കും ബുള്ളറ്റ് വേഗത ആർജിച്ചിരുന്നു….

അല്ല… ഇലക്ഷൻ…. എം ൽ എ…. അരവിന്ദാ….

പ്രസാദ് എന്തോ പറയാൻ തുടങ്ങിയൊപ്പേഴേക്കും ബുള്ളെറ്റ് അയാളുടെ കണ്ണിൽ നിന്നും മറഞ്ഞിരുന്നു…

പ്രസാദ് ബൈജുവിനെ നോക്കി എന്തായി എന്ന് കൈകൊണ്ട് ആംഗ്യത്തിൽ ചോദിച്ചു… ബൈജു ഗോപി വരച്ചു കാണിച്ചു കൊടുത്തു…. പ്രസാദ് നിരാശയോടെ തലക്ക് കൈ കൊടുത്തു….

അരവിന്ദന്റെ ബുള്ളറ്റ് ചെറുതോട്ടത്തിൽ വീടിന്റെ ഗേറ്റ് കടന്നു മുറ്റത്തെത്തി നിന്നു….

ബലരാമനും ജോണും മാധവനും ഉമ്മറത്ത് ഇരുന്നു സംസാരിക്കുന്നുണ്ട്… ഭാസ്കർ അവർക്കരികിൽ നിൽപ്പുണ്ട്…

മിത്ര മുറ്റത് കളിയിലാണ്…

ഹായ് മിത്രേച്ചി….

അരവിന്ദൻ വണ്ടിയിൽ നിന്നും ഇറങ്ങി കൊണ്ട് അവളെ വിളിച്ചു… അവൾ വിളി കേട്ട് തിരിഞ്ഞു നിന്നു…

മാമൻ എന്താ എന്നെ വിളിച്ചത്… ചേച്ചീന്നോ… ഞാൻ കുഞ്ഞല്ലേ…

എന്നാൽ മിത്രകുഞ്ഞേ… ഞങ്ങളുടെ നാടൊക്കെ ഇഷ്ടപ്പെട്ടോ…

മ്മ്… ഇഷ്ടപ്പെട്ടു…

അരവിന്ദന് മറുപടി കൊടുത്ത് കൊണ്ട് അവൾ അവന്റെ അടുത്തേക്ക് വന്നു….

എന്നെ ഇതിൽ ഒന്ന് കേറ്റുമോ?

അവൾ ബുള്ളറ്റിലേക്ക് കൈ ചൂണ്ടി കാണിച്ചു കൊണ്ട് നിഷ്കളങ്കമായി ചോദിച്ചു….

പിന്നെന്താ… പിന്നീടൊരിക്കൽ ആവാം… ഇപ്പോൾ മോളുടെ അച്ഛന്റെ പ്രശ്നം തീർക്കണ്ടേ….

ആം…

അവൾ സമ്മതമെന്ന രീതിയിൽ തല കുലുക്കി…..

അരവിന്ദൻ ചിരിച്ചു കൊണ്ട് മുൻപോട്ട് നടന്നു…. അവൻ ഉമ്മറത്തേക്ക് കയറി….

എന്തായി….?

അവൻ ബാലരാമനോട് ചോദിച്ചു…. ബലരാമൻ ഒന്നും മിണ്ടാതെ അരവിന്ദന്റെ മുഖത്തേക്ക് നോക്കിയിരുന്നു….

അരവി… ഇയാൾ പറയുന്നത് ഇത്തിരി കൂടിയ ഐറ്റം ആണ് മോനെ… വജ്രം…. അതും നമ്മുടെ വടയമ്പാടിയിൽ…

ങേ…..?

ബലരാമൻ പറഞ്ഞത് കേട്ട് അരവിന്ദൻ ഞെട്ടി….

വജ്രമോ… ഇവിടെയോ….?

അതേടാ…. കഴിഞ്ഞ വർഷം  നമ്മുടെ അമ്പലത്തിന്റെ അടുത്ത് നിന്നും കിണർ കുഴിച്ചപ്പോൾ കുറച്ചു പാത്രങ്ങളും പ്രതിമകളുമൊക്കെ കിട്ടിയിരുന്നല്ലോ…? അന്ന് ആർക്കിയോളജി ഡിപ്പാർട്മെന്റ് വന്ന് ആ പറമ്പ് മുഴുവൻ കുഴിച്ചു നോക്കിയായിരുന്നല്ലോ….?

ഓ…. ടിപ്പുവിന്റെ കാലത്തെ എന്തോ കുന്ത്രാണ്ടമൊക്കെ കിട്ടിയെന്നും പറഞ്ഞു അവരത് കൊണ്ട് പോകുകയും ചെയ്തു….

അത് തന്നെ…. അന്ന് നമ്മുടെ ആർക്കിയോളജി വകുപ്പിനെ മൈനിങ്ങിനു സഹായിച്ചത് ഒരു അമേരിക്കൻ കമ്പനിയാണ്…. അവിടുത്തെ ജീവനക്കാരൻ ആണ് ഈ ജോൺ….

ബലരാമൻ ജോണിനെ നോക്കി കൊണ്ട് അരവിന്ദനോട് പറഞ്ഞു…. അരവിന്ദൻ ജോണിനെ നോക്കി….

ഈ ഇരിക്കുന്ന മാധവന്റെ അനിയൻ മണികണ്ഠൻ ആ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ ആണ് അന്നത്തെ മൈനിങ്ങിനു നേതൃത്വം കൊടുത്തത് ഈ മണികണ്ഠൻ ആണ്…. അന്ന് അയാൾക്ക് ഒരു സംശയം തോന്നി അവിടുത്തെ ഏറ്റവും താഴ്ചയിൽ നിന്നും കുറച്ചു മണ്ണെടുത്ത് അമേരിക്കയിൽ കൊണ്ട് പോയി ടെസ്റ്റ് ചെയ്തു…..

ബലരാമൻ പറഞ്ഞു നിർത്തി…. എന്നിട്ട്  മെല്ലെ എഴുന്നേറ്റ് അരവിന്ദന്റെ അരികിലെത്തി….

ആ പരിശോധന ഫലത്തിൽ നമ്മുടെ മണ്ണിന്റെ അടിയിൽ വജ്രം ഉണ്ടെന്ന് ചെറിയൊരു സംശയം….

ബലരാമൻ പറഞ്ഞത് കേട്ട് വിശ്വാസം വരാത്തത് പോലെ അരവിന്ദൻ ബലരാമന്റെ മുഖത്തേക്ക് നോക്കി….

ഇപ്പോൾ മധ്യപ്രേദേശിൽ നിന്ന് മാത്രമാണ് ഈ സാധനം കുഴിച്ചെടുക്കുന്നത്… നമ്മുടെ മണ്ണിന്റെ അടിയിൽ അത് ഉണ്ടെങ്കിൽ…..

ബലരാമൻ പറഞ്ഞു നിർത്തി…. അരവിന്ദൻ തിരിഞ്ഞു ജോണിനെ നോക്കി…

ഇതൊക്കെ ഉള്ളത് തന്നെ ആണോടെ….?

യെസ് സാർ…. ജോൺ ഒരു ബ്രീഫ്കേസ് എടുത്ത് തുറന്നു… അതിൽ നിന്നും ഒരു ഫയൽ എടുത്ത് അരവിന്ദന് നേരെ നീട്ടി…

സാർ… നിങ്ങൾ ഈ ഫയൽ ഒന്ന് റീഡ് ചെയ്ത് നോക്കു…. ലാബ് റിപ്പോർട്ട് മുഴുവൻ ഇതിലുണ്ട്… 

ജോൺ പറഞ്ഞത് കേട്ട് ബലരാമനും അരവിന്ദനും പരസ്പരം നോക്കി….

അതിൽ ഇംഗ്ലീഷ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി ഇരുവർക്കും ഉണ്ടായിരുന്നു…. പക്ഷെ അത് വായിക്കുക എന്നത് അവരെ സംബന്ധിച്ചു നടപ്പുള്ള കാര്യം ആയിരുന്നില്ല….

സാർ…. ഈ മൈനിങ്ങിനു വേണ്ടി വരുന്ന ഒഫീഷ്യൽ കാര്യങ്ങൾ എല്ലാം ഞങ്ങളുടെ കമ്പനി ചെയ്യുന്നുണ്ട്…ഞങ്ങൾക്ക് വേണ്ടത് ലോക്കൽ സപ്പോർട്ട് ആണ്….

ജോൺ ഇരുവരുടെയും മുഖത്തേക്ക് നോക്കി…

സാർ… ഈ പ്രോജക്ട് നടക്കുകയാണെങ്കിൽ ഇവിടേ വരാൻ പോകുന്ന ഡയമണ്ട് മൈനിങ് കമ്പനിയിൽ 50 ശതമാനം ഷെയർ ഞങ്ങളുടെ കമ്പനിക്ക് ആയിരിക്കും…. അതിന്റെ ഇരുപത് ശതമാനം ആണ് ഈ പ്രോജക്ട് വിജയിച്ചാൽ നിങ്ങൾക്കുള്ള കമ്പനിയുടെ ഓഫർ…. അതായത് മൊത്തം ഷെയറിന്റെ പത്ത് ശതമാനം….

ജോൺ പറഞ്ഞു തീർന്നതും ബലരാമനും അരവിന്ദനും പരസ്പരം നോക്കി….

അല്ല സായിപ്പെട്ടാ…. ഗവർമെന്റ് ഇൻവോൾട് ആയ പ്രോജക്ട് ആണ് ഇത്…. നിങ്ങൾ ഈ പറഞ്ഞ സംഗതിയൊക്കെ ശരിയാണെങ്കിൽ ഈ നാടിനു ഗുണമുള്ള കാര്യമാണ്…. ആരും എതിർക്കാൻ സാധ്യതയില്ല…. പിന്നെ വെറും ലോക്കൽ സപ്പോർട്ടിന് വേണ്ടി കമ്പനിയുടെ പത്ത് ശതമാനം ഷെയർ ഓഫർ ചെയ്യുക എന്നൊക്കെ പറഞ്ഞാൽ….?

അരവിന്ദൻ തന്റെ സംശയം ജോണിനോട് ചോദിച്ചു….

അവിടെയാണ് അരവിന്ദാ ഒരു പ്രശ്നമുള്ളത്…. ഞങ്ങൾ ഇങ്ങനെയൊരു കാര്യത്തിനായി നിങ്ങളെ തേടി വരികയും ഇത്രക്കും വലിയൊരു ഓഫർ നിങ്ങളുടെ മുൻപിൽ വെക്കുകയും ചെയ്യുമ്പോൾ കാര്യം നിസ്സാരമാവില്ല എന്ന് ഊഹിക്കാമല്ലോ….?

മാധവനാണ് അത് പറഞ്ഞത്…. ബലരാമന്റെയും അരവിന്ദന്റേയും ശ്രദ്ധ മാധവനിലേക്കായി….

നിങ്ങൾ വിചാരിക്കുന്നത് പോലെ അത്ര നിസ്സാര കാര്യമല്ല ഇത്…. ആയിരുന്നെങ്കിൽ ജോൺ സാർ നിങ്ങളെ തേടി വരില്ലായിരുന്നു…. ഇത് നിങ്ങളെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്….

ഞങ്ങളെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യമോ….?

ബലരാമൻ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു….

അതെ…. ഈ മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്ന നിധി തേടിയുള്ള യാത്രയിൽ ആദ്യം ആയുധം വീഴേണ്ടത് കരനാഥന്റെ മുറ്റത്താണ്….

ജോൺ ആണ് അത് പറഞ്ഞത്… ബലരാമനും അരവിന്ദനും ഒന്നും മനസിലാകാത്തത് പോലെ ജോണിന്റെ മുഖത്തേക്ക് നോക്കി….

അതെ…. ആദ്യം കുഴിക്കേണ്ടത് വടയമ്പത്ത്കാവ് ക്ഷേത്രം നിൽക്കുന്ന സ്ഥലമാണ്…..

മാധവൻ അത് പറഞ്ഞതും ചെറുതോട്ടത്തിൽ വീടിന്റെ മേൽക്കൂര മുഴുവനായി ഇളകി തങ്ങളുടെ തലയിലേക്ക് വീഴുന്നതായി അരവിന്ദനും ബലരാമനും തോന്നി…

                                   തുടരും….

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!