Skip to content

ദുര്യോധന – 14

duryodhana-novel

അതെ…. ഈ മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്ന നിധി തേടിയുള്ള യാത്രയിൽ ആദ്യം ആയുധം വീഴേണ്ടത് കരനാഥന്റെ മുറ്റത്താണ്….

ജോൺ ആണ് അത് പറഞ്ഞത്… ബലരാമനും അരവിന്ദനും ഒന്നും മനസിലാകാത്തത് പോലെ ജോണിന്റെ മുഖത്തേക്ക് നോക്കി….

അതെ…. ആദ്യം കുഴിക്കേണ്ടത് വടയമ്പത്ത്കാവ് ക്ഷേത്രം നിൽക്കുന്ന സ്ഥലമാണ്…..

മാധവൻ അത് പറഞ്ഞതും ചെറുതോട്ടത്തിൽ വീടിന്റെ മേൽക്കൂര മുഴുവനായി ഇളകി തങ്ങളുടെ തലയിലേക്ക് വീഴുന്നതായി അരവിന്ദനും ബലരാമനും തോന്നി…

    ********** *********** ********

അരവിന്ദൻ മെല്ലെ കസേരയിലേക്ക് ഇരുന്നു…. ബലരാമൻ അരവിന്ദനെ ഒന്ന് നോക്കി….

മാധവൻ എന്നല്ലേ പേര് പറഞ്ഞത്….?

ബലരാമൻ മാധവനോട് ചോദിച്ചു….

അതെ….

ഞങ്ങൾക്ക് ഒന്ന് ആലോചിക്കണം… നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യം അത്ര എളുപ്പമല്ല….

അത് ഞങ്ങൾക്ക് അറിയാം മിസ്റ്റർ ബലരാമൻ… പക്ഷെ നിങ്ങൾ ഞങ്ങളെ സഹായിക്കുകയാണെങ്കിൽ… നിങ്ങളും ഞങ്ങളും ഈ നാടും രക്ഷപ്പെടും….

ജോൺ ബാലരാമനോടായി പറഞ്ഞു…

ജോൺ… നിങ്ങൾ പറഞ്ഞത് ഞങ്ങൾക്ക് മനസിലായി പക്ഷെ ഇത് പെട്ടെന്ന് തീരുമാനം എടുക്കാൻ കഴിയുന്ന ഒരു കാര്യമല്ല…. ഞങ്ങൾക്ക് ആലോചിക്കണം അന്വേഷിക്കണം….

ഓക്കേ ഓക്കേ ബലരാമൻ ഒരാഴ്ച സമയം മതിയാകും എന്ന് പ്രതീക്ഷിക്കുന്നു….

യെസ് ഒരാഴ്ച… ഒരാഴ്ച കഴിഞ്ഞ് തീരുമാനം അറിയിക്കാം….

ജോൺ ബലരാമന് നേരെ കൈ നീട്ടി… ബലരാമൻ തിരിച്ചും… മാധവൻ ബാലരാമനെയും അരവിന്ദനെയും തൊഴുതു…. അരവിന്ദൻ അവരെ നോക്കിയത് പോലുമില്ല….

ജോണും മാധവനും മിത്രയെയും കൂട്ടി കാറിൽ കയറി…. അകന്നു പോകുന്ന കാറിലിരുന്ന് മിത്ര ചെറുതോട്ടത്തിൽ വീട് നോക്കിയിരുന്നു….

അവർ പോയി കഴിഞ്ഞതും ബലരാമൻ അരവിന്ദന്റെ നേരെ എതിർവശത്തിരുന്നു….

നീ എന്താ ആലോചിക്കുന്നത്….?

നമ്മുക്ക് ഈ കച്ചവടം വേണ്ട രാമു…

ങേ….?

അരവിന്ദൻ പറഞ്ഞത് കേട്ട് ബലരാമൻ ഒന്ന് ഞെട്ടി….

ഇത് വേണ്ടെന്നോ… ഡാ… ഇതങ്ങനെ പെട്ടെന്ന് വേണ്ട എന്ന് വെക്കാൻ പറ്റിയ ഒരു ഓഫർ അല്ല….

ബലരാമൻ പറഞ്ഞത് കേട്ട് അരവിന്ദൻ മുഖമുയർത്തി…

നീ ഞാൻ പറയുന്നത് സമാധാനമായിട്ട്  കേൾക്കണം… ഈ ഗോൾഡ് ബിസിനസ് കൊണ്ട് എത്രകാലം മുൻപോട്ട് പോകാൻ പറ്റും… ഈ വടയമ്പാടിയിൽ മാത്രമേ നമ്മൾ രാജാക്കന്മാരായി വാഴുകയുള്ളു… അത് പോരാ… കേരളം, കർണ്ണാടക… ഈ രണ്ട് സംസ്ഥാനങ്ങളിൽ കൂടി നമ്മൾക്ക് രാജാക്കന്മാർ ആകണം… പിന്നെ സൗത്ത് ഇന്ത്യ, അത് കഴിഞ്ഞ് ഇന്ത്യ മുഴുവൻ… അങ്ങനെയങ്ങനെ…. നമ്മുക്ക് വളരണം… വേണ്ടേ…?

ബലരാമന്റെ ചോദ്യത്തിന് മുൻപിൽ അരവിന്ദൻ നിശബ്ദനായി…

വേണം….. അതിനു ദൈവമായി കൊണ്ട് വന്ന വഴിയാണ് ഇത്…. ഡ്രഗ്സ് ബിസ്സിനസ്സ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ നീ സമ്മതിച്ചില്ല… അത് നീ എതിർത്തു ന്യായമായ കാര്യം ഉന്നയിച്ചു കൊണ്ടാണ്… അത് സമൂഹത്തിനു ദോഷം ചെയ്യും… ഓക്കേ ഞാനും അത് അംഗീകരിച്ചു….

പക്ഷെ ഇത് നാടിനു ഗുണമുള്ള കാര്യമല്ലേ അരവിന്ദാ…

പക്ഷെ അത്…    അത് വിശ്വാസത്തിൽ കൈ വെച്ച് കൊണ്ട് വേണോ….?

അരവിന്ദേട്ടൻ പറയുന്നതിലും കുറച്ചു കാര്യമുണ്ട് രാമേട്ടാ….

ഇത്രയും നേരം എല്ലാത്തിനും മൂകസാക്ഷിയായി നിന്ന ഭാസ്കർ ആണ് അത് പറഞ്ഞത്…. ബലരാമൻ തിരിഞ്ഞു അവനെ നോക്കി…

നിന്നോട് ഇപ്പോൾ ഇവിടെ ആരെങ്കിലും അഭിപ്രായം ചോദിച്ചോ ഭാസി….?

ബലരാമന്റെ ചോദ്യം കേട്ട് ഇല്ല എന്നർത്ഥത്തിൽ ഭാസി ചുമൽ കുലുക്കി കാണിച്ചു…

എന്ന മോൻ ചെല്ല്… അകത്തേക്ക് പോ… വെറുതെ എന്റെ കൈക്ക് പണിയുണ്ടാക്കരുത്….

ബലരാമന്റെ വാക്കുകളിലെ താക്കീത് മനസിലായ ഭാസി ഒരു മൂളിപ്പാട്ടും പാടി അകത്തേക്ക് പോയി…

ഡാ… അമ്പലം പൊളിച്ചു അതിലും ഗംഭീരമായ ഒരെണ്ണം പണിത് കൊടുക്കാം…. വടക്കേ പുറത്തെ രണ്ട് ഏക്കർ സ്ഥലം അമ്പലകമ്മറ്റിക്ക് വെറുതെ കൊടുക്കാം ഞാൻ…

ദേ രാമു എന്റെ വായിന്നു വല്ലതും കേൾക്കും… അവിടുന്ന് പൊളിച്ചോണ്ട് വന്ന് ഇവിടെ വെക്കാൻ ഇത് വെറുമൊരു കെട്ടിടമല്ല… അമ്പലമാണ് അമ്പലം….

അതിന്…?

ഓ എടാ മരങ്ങോട… ഒരു അമ്പലം ഒരു സ്ഥലത്ത് വെറുതെ പണിയാൻ പറ്റുമോ… അതിന് ചില ശാസ്ത്രമൊക്കെ ഉണ്ട്….

എന്ത് ശാസ്ത്രം…?

അതറിയാമെങ്കിൽ ഞാൻ നിന്റെ കൂടെ ഈ പണിക്ക് നിൽക്കുമോ… ആ പണി കൊണ്ട് കാശുണ്ടാക്കില്ലേ…?

അരവിന്ദൻ അവസാനം പറഞ്ഞ വാക്കുകൾ ബലരാമന്റെ തലച്ചോറിൽ നന്നായി സ്ട്രൈക്ക് ചെയ്തു…

ആ പണി കൊണ്ട് കാശുണ്ടാക്കില്ലേ എന്ന്…. ഡാ ഈ പൂവള്ളി മനയ്ക്കലെ വിഷ്ണുദത്തൻ നബൂതിരിയല്ലെ നമ്മുടെ അമ്പലത്തിലെ ദേവപ്രശ്നം വെയ്ക്കുന്നത്….

അതെ… എന്താ…?

അപ്പോൾ തിരുമേനി പറഞ്ഞാൽ കാര്യം നടക്കും അല്ലെ…?

നടക്കും….

അരവിന്ദൻ സംശയത്തോടെ ബലരാമന്റെ മുഖത്തേക്ക് നോക്കി….

തിരുമേനി പറയും….

ങേ….

ബലരാമൻ പറഞ്ഞു തീർന്നതും അരവിന്ദൻ ഒന്ന് ഞെട്ടി…

ഡാ…. ഇത് നമ്മൾ ഇത്രയും നാൾ കളിച്ച കളികൾ പോലെയല്ല…. ഒരു ചെറിയ പിഴവ് വന്നുപോയാൽ ഞാനും ഇല്ല നീയുമില്ല….

അരവിന്ദന്റെ ശബ്ദത്തിൽ നേരിയ ഒരു ഭയം ഉടലെടുത്തിരുന്നു…. ബലരാമൻ അത് ശ്രദ്ധിക്കുകയും ചെയ്തു….

നീ പേടിക്കണ്ട…. പ്ലാൻ തയ്യാറാക്കുന്നതും നടപ്പാക്കുന്നതും ബലരാമനും അരവിന്ദനും ചേർന്നാണ്… പിഴക്കില്ല….

അരവിന്ദനെ ചേർത്ത് നിർത്തിക്കൊണ്ട് ബലരാമൻ പറഞ്ഞു…

അപ്പോൾ എങ്ങനെയാണു ബഷീറിനെ വിളിക്കട്ടെ….?

ബലരാമൻ പ്രതീക്ഷയോടെ അരവിന്ദന്റെ മുഖത്ത് നോക്കി ചോദിച്ചു…. അരവിന്ദന്റെ മറുപടി ഒരു പുഞ്ചിരി ആയിരുന്നു….

പിന്നെയുള്ള ഒരു മാസക്കാലം തിരക്കുകളായിരുന്നു ഇരുവർക്കും….. തിരുവനന്തപുരത്തും കണ്ണൂരുമൊക്കെ ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരങ്ങൾ അനുസരിച്ചു ജോൺ പറഞ്ഞതൊക്കെ സത്യമാണെന്നുള്ള റിപോർട്ടുകൾ ആണ് ലഭിച്ചത്…. അതോടെ ഇരുവരും ജോണിന് കൈ കൊടുത്തിരുന്നു….

അരവിന്ദൻ ഇതിനിടയിൽ മാധവനും കുടുംബവുമായി നല്ല അടുപ്പത്തിൽ ആയി കഴിഞ്ഞിരുന്നു…. പ്രേത്യേകിച്ചു മിത്ര….

ആ ഒൻപതു വയസ്സുകാരിയുമായി അരവിന്ദന് വല്ലാത്തൊരു അടുപ്പം വളർന്നു… അതോടൊപ്പം തന്നെ ബാലാമണിയും അരവിന്ദനുമായുള്ള പ്രണയവും ആരും അറിയാതെ ദൃഢമായി തുടർന്നു…

ഒരു മാസത്തിനു ശേഷം അമ്പലത്തിലെ ദേവപ്രശ്നം നടക്കാൻ പോകുന്നതിന്റെ തലേദിവസം….

അരവിന്ദൻ വല്ലാതെ അസ്വസ്ഥനായിരുന്നു…… കാശിനു വേണ്ടി ആരെയും ചതിക്കുന്ന രീതിയിലേക്ക് താനും ബലരാമനും അധഃപതിച്ചു എന്നൊരു തോന്നൽ അവനിൽ അപ്പോഴേക്കും വളർന്നിരുന്നു….

എന്നാൽ അതായിരുന്നില്ല അവന്റെ മനസ്സിനെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കിയത്….. ബാലാമണി രാവിലെ പറഞ്ഞ കാര്യങ്ങളായിരുന്നു…

അവൾ പറഞ്ഞ കാര്യം ഇപ്പോഴും അവനു വിശ്വസിക്കാൻ പ്രയാസം തോന്നി…

ബാലാമണി ഗർഭിണി ആണ്….

അത് ആലോചിക്കും തോറും അരവിന്ദന് തന്റെ തല പൊട്ടി പിളരുന്നത് പോലെ തോന്നി….എപ്പോഴോ മനസ്സിന്റെ നിയന്ത്രണം കൈ വിട്ടു പോയ നിമിഷം…..

അരവിന്ദൻ പുറത്തേക്കിറങ്ങി… ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു അമ്പലത്തിലേക്കാണ് അവൻ വണ്ടി വിട്ടത്…

ദീപാരാധന സമയം ആയതിനാൽ…. അമ്പലത്തിലും പരിസരപ്രേദേശങ്ങളിലും സാമാന്യം തിരക്കുണ്ടായിരുന്നു…. എന്നാൽ അരവിന്ദനെ അമ്പരപ്പിച്ചത് ആൽത്തറയോട് ചേർന്ന് കിടക്കുന്ന മാരുതി ജിപ്സി കണ്ടിട്ടാണ്…

3 മാസം മുൻപ് ബാംഗ്ളൂർ വെച്ച് കണ്ട് ഇഷ്ട്പ്പെട്ടു ഒരു മാർവാടിപയ്യന്റെ അടുത്ത് നിന്നും ബലരാമൻ വാങ്ങിയതാണ് ആ വണ്ടി…

കൂടുതൽ അടുത്തേക്ക് ചെന്നപ്പോഴാണ് അതിന്റെ മുൻപിലായി അമ്പലത്തിലേക്ക് നോക്കി കൈകൾ പിന്നിലേക്ക് കെട്ടി നിൽക്കുന്ന ബലരാമനെ അരവിന്ദൻ കണ്ടത്….

ആ നിൽപ് കണ്ടപ്പോഴേ ബലരാമന്റെ ഉള്ളിൽ കലങ്ങിമറിയുന്ന കടൽ അരവിന്ദന് തിരിച്ചറിയാൻ പറ്റി…

അവൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി ബലരാമന്റെ അരികിലെത്തി… അരവിന്ദൻ തന്റെ അരികിൽ എത്തിയത് പോലും ബലരാമൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല….

അരവിന്ദൻ മെല്ലെ ബലരാമന്റെ തോളിൽ കൈവെച്ചു…

ബലരാമൻ തിരിഞ്ഞു നോക്കി… അവന്റെ കണ്ണുകൾ വല്ലാതെ കലങ്ങിയിരുന്നു…

നീയോ… നിനക്കും വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ലല്ലേ….?

ബലരാമൻ ചോദിച്ചതിനോട് മറുപടിയായ് അരവിന്ദൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു….

നമ്മൾ മൃഗങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു അരവിയേയ്…. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മൃഗങ്ങൾ….

രാമു….

ബാലരാമനോട് എന്ത് പറയണം എന്നറിയാതെ അരവിന്ദൻ അവനെ വിളിച്ചു…

ഈ നാടിനും നാട്ടുകാർക്കും കൂടി വേണ്ടിയല്ലേടാ നമ്മൾ പണമുണ്ടാക്കാൻ ഇറങ്ങിയത്… ഇപ്പോൾ അതെ നമ്മൾ തന്നെ നാടിന്റെ വെളിച്ചം തല്ലിക്കെടുത്താൻ ശ്രമിക്കുന്നു…

ഡാ… അത് നാടിനും കൂടി ഗുണമുള്ള കാര്യമാണെന്ന് നീ തന്നെയല്ലേ പറഞ്ഞത്…. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകു രാമു… നീ ചുമ്മാ സെന്റി ആകല്ലേ… പരമബോറാണ്…

അരവിന്ദൻ പറഞ്ഞത് കേട്ട് ബലരാമൻ അവനെ ഒന്ന് നോക്കി…

ഭയങ്കര ബോറാണോ…..?

അതേടാ….

പോടാ നാറി….

ബലരാമൻ അരവിന്ദനെ നോക്കി ചിരിച്ചു കൊണ്ട് വിളിച്ചു….

നീ വാ… ഇരിട്ടിയിൽ നിന്നും അജ്മൽ നല്ല നാടൻ സാധനം കൊണ്ട് വന്നിട്ടുണ്ട്… നമുക്കൊന്നു കൂടിയേച്ചും പോകാം….

പറഞ്ഞു കൊണ്ട് ബലരാമൻ വണ്ടിയുടെ അടുത്തേക്ക് നടന്നു…

ഡാ… എനിക്ക് നിന്നോട് വേറൊരു കാര്യം പറയാനുണ്ട്….

എന്തോ ആലോചിട്ടു അരവിന്ദൻ പെട്ടെന്ന് പറഞ്ഞു…. ബലരാമൻ വണ്ടിയുടെ ഡോർ തുറന്നു കഴിഞ്ഞിരുന്നു…. അവൻ അത് വീണ്ടും അടച്ചിട്ട് അരവിന്ദനെ നോക്കി….

പറ…..

തന്റെ കണ്ണിൽ തന്നെ നോക്കികൊണ്ട്‌ ബലരാമൻ അത് പറഞ്ഞപ്പോൾ താൻ സംഭരിച്ചു വെച്ചിരിക്കുന്ന ധൈര്യം മുഴുവൻ ചോർന്നു പോകുന്നത് പോലെ അരവിന്ദന് തോന്നി….

ഡാ…. അത്…..

അരവിന്ദൻ വാക്കുകൾക്ക് വേണ്ടി പരതുന്നത് കണ്ടുകൊണ്ട് ബലരാമൻ നിന്നു…

മോനെ അരവി… നീ പറയാൻ പോകുന്നത് ബാലയുടെ കാര്യമാണെന്ന് എനിക്കറിയാം… ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നുണ്ട്…

ഡാ… അത്… അങ്ങനെ ഒന്ന് സംഭവിച്ചുപോയി….

ബലരാമൻ കൈ ഉയർത്തി അരവിന്ദനെ തടഞ്ഞു…

അത് നടക്കില്ല അരവിന്ദാ….

അറുത്ത്മുറിച്ചത് പോലെ ബലരാമൻ അത് പറഞ്ഞപ്പോൾ അരവിന്ദന്റെ മുഖം കരുവാളിച്ചത് പോലെ ആയിപോയി….

ബലരാമൻ മെല്ലെ നടന്ന് അരവിന്ദന്റെ അരികിലെത്തി…

ഡാ നിന്നെ എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടല്ല… ഒരു ഗ്യാരന്റിയും ഇല്ലാത്ത നമ്മുടെ ജീവിതത്തിലേക്ക് ബാലയെ കൂടി തള്ളിവിടണോ…? അവൾ എന്റെ അനിയത്തി അല്ലേടാ…. അവളെ….. അവളെ നിനക്ക് തന്നാൽ പിന്നെ എന്റെ മനസമാധാനം പോകും…. വേണ്ടടാ… നീ അവളെ കാര്യം പറഞ്ഞ് മനസിലാക്കു….

അത്രയും പറഞ്ഞിട്ട് ബലരാമൻ തിരിഞ്ഞു നടന്നു..  അരവിന്ദൻ പെട്ടെന്ന് ബലരാമന് വട്ടം കേറി നിന്നു….

ഡാ… ഞാൻ… ഞാൻ ഇതെല്ലാം ഉപേക്ഷിക്കാം… അപ്പോൾ പിന്നെ കുഴപ്പമില്ലല്ലോ…?

ഇത് വരെ ചെയ്തതൊന്നും ഉപേക്ഷിക്കാൻ പറ്റില്ലല്ലോ അരവിന്ദാ…. നീ മാറ്….

ബലരാമന്റെ ശബ്ദം മാറി തുടങ്ങിയിരുന്നു…. അവൻ അരവിന്ദനെ തള്ളി മാറ്റി മുൻപോട്ട് നടക്കാൻ ശ്രമിച്ചു… പക്ഷെ അരവിന്ദൻ വീണ്ടും അവന്റെ മുൻപിലേക്ക് കയറി നിന്നു…

രാമു… ഡാ… അവളെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം….

നടക്കാത്ത കാര്യത്തിന് വേണ്ടി എന്നോട് വഴക്കിടാൻ വരല്ലേ അരവി… നീ മാറി നില്ക്…. അല്ലെ തന്നെ മനുഷ്യന് ഇവിടെ പ്രാന്തെടുത്തു നിൽകുവാ….

ബലരാമൻ ശക്തമായി തന്നെ അരവിന്ദനെ തള്ളിമാറ്റി കൊണ്ട് പറഞ്ഞു….

എനിക്ക് അവളെ അങ്ങനെ ഉപേക്ഷിച്ചു കളയാൻ പറ്റില്ല…. ഒരു പെണ്ണിന് വയറ്റിലുണ്ടാക്കിയിട്ട് അവളെ തള്ളി പറയാൻ അരവിന്ദന് ഒന്നിലധികം തന്തമാരില്ല… ഒരൊറ്റ തന്തയെ ഉള്ളു….

അരവിന്ദൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞത് കേട്ട് ബലരാമൻ ഒരു നിമിഷത്തേക്ക് സ്തബ്ധനായി പോയി… അവൻ തിരിഞ്ഞു അരവിന്ദനെ നോക്കി…

നീ എന്താ പറഞ്ഞത്….?

ഡാ… ഡാ… അതങ്ങനെ പറ്റിപ്പോയി….

അരവിന്ദൻ കുറ്റവാളിയെ പോലെ തല കുനിച്ചു കൊണ്ട് ബലരാമന്റെ അടുത്തേക്ക് നടന്നു…

പ്ഫാ… ചെറ്റേ…. കൂട്ടത്തിൽ നിന്നു തരവഴിത്തരം കാണിക്കുന്നോടോ….

അരവിന്ദന്റെ കുത്തിന് പിടിച്ചുകൊണ്ടു ജിപ്സിയുടെ ബോണറ്റിലേക്ക് കിടത്തി ബലരാമൻ…

നിന്നെ എന്റെ കൂടപ്പിറപ്പുകളെക്കാൾ സ്നേഹിച്ചതെല്ലെടാ ഞാൻ… എന്നിട്ട് എന്റെ കുടുംബത്തിൽ കയറി തന്നെ പെറപ്പുകേട് കാണിക്കുന്നോടാ….

ബലരാമൻ അലറി കൊണ്ട് അരവിന്ദന്റെ ഇരു കവിളിലും മാറി മാറി അടിച്ചു….

രാമു അടിക്കരുത്… നിർത്ത്… ഞാൻ പറയുന്നത് നീ ഒന്ന് കേക്ക്….

ബലരാമന്റെ അടി തടയാൻ ശ്രമിച്ചു കൊണ്ട് അരവിന്ദൻ പറഞ്ഞു… പക്ഷെ ബലരാമന് ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു… അരവിന്ദനെ അത്രെയേറെ ബലരാമൻ സ്നേഹിച്ചിരുന്നു…. പക്ഷെ അതിലേറെ അയാൾ തന്റെ അനുജത്തിയേയും സ്നേഹിച്ചിരുന്നു…

ബലരാമൻ നിർത്തുന്നില്ല എന്ന് കണ്ടപ്പോൾ അരവിന്ദൻ അവനെ ശക്തമായി പിടിച്ചു തള്ളി…. അരവിന്ദന്റെ മേലുള്ള പിടിത്തം വിട്ട് ബലരാമൻ പിന്നിലേക്ക് മലർന്നടിച്ചു വീണു…

പരസ്പരം സ്നേഹിച്ചു പോയത് ഒരു കുറ്റമായി എനിക്ക് തോന്നുന്നില്ല…. പിന്നെ നീ പറഞ്ഞല്ലോ… എന്റെയും നിന്റെയും ജീവിതത്തിനു ഒരു ഗ്യാരന്റിയും ഇല്ലെന്നു… പണത്തോടുള്ള അത്യാർത്തി ആണ് നമ്മുടെ ജീവിതം ഇങ്ങനെയാക്കി തീർത്തത്… അത് കൊണ്ട് ഇപ്പോൾ ഈ നിമിഷം ഞാൻ അത് ഉപേക്ഷിക്കുകയായാണ്…. എന്റെ കുഞ്ഞ് ആണ് നിന്റെ പെങ്ങളുടെ വയറ്റിൽ കിടക്കുന്നതെന്നു എനിക്ക് നല്ല ഉറപ്പുള്ളത് കൊണ്ട് പറയുകയാണ്… അവളെ ഞാൻ കൊണ്ട് പോയിരിക്കും… ചുണയുള്ളവനെങ്കിൽ നീ തടയെടാ….

അരവിന്ദൻ ബലരാമനെ നോക്കി വെല്ലുവിളിച്ചു… കൈകരുത്തിലും നെഞ്ചുക്കിലും അരവിന്ദൻ ഒട്ടും മോശമല്ല….അത് ഏറ്റവും കൂടുതൽ അറിയുന്നത് ബലരാമന് തന്നെയാണ്…

ബലരാമൻ നിലത്ത് നിന്നും എഴുന്നേറ്റു ചുറ്റും നോക്കി… ഇരുവരുടെയും ചുറ്റും കാഴ്ചക്കാരെ കൊണ്ട് നിറഞ്ഞിരുന്നു…. പരസ്യമായി തമ്മിൽ തല്ലിയത് ബലരാമനും അരവിന്ദനും ആണ്… വടയമ്പാടിയുടെ അവസാനവാക്കാണ് ഇരുവരും…. അത് കൊണ്ട് തന്നെ പലർക്കും അത് വിശ്വസിക്കാനും പ്രയാസമായിരുന്നു….

നീ ഒറ്റതന്തക്ക് പിറന്നവനെങ്കിൽ അവളെ കൊണ്ട് പോയി നോക്ക്…. പക്ഷെ അതിന് നാളത്തെ സൂര്യോദയം കാണാൻ നീ ജീവനോടെ ഉണ്ടാകില്ല അരവിന്ദാ… ബാലരാമനാണ് ഈ പറയുന്നത്…..

അരവിന്ദന്റെ അടുത്ത് ചെന്ന് അവന്റെ മുഖത്തോടു തന്റെ മുഖം ചേർത്ത് കൊണ്ടാണ് ബലരാമൻ അത് പറഞ്ഞത്…. എന്നിട്ട് അവൻ ചെന്ന് വണ്ടിയിൽ കയറി….

ബലരാമന്റെ ദേഷ്യം മുഴുവൻ പ്രകടമാകും വിധം ജിപ്സി പിന്നിലേക്ക് ഇടിമിന്നൽ പോലെയാണ് കുതിച്ചത്… നിന്ന നില്പിൽ വെട്ടി തിരിഞ്ഞു മുന്നിലേക്ക് വെടിയുണ്ട കണക്കെ അത് കുതിച്ചു…. ജിപ്സിയുടെ കരുത്തിൽ ഉയർന്നു പൊങ്ങിയ പൊടിപടലങ്ങൾ അവിടെ ബാക്കിയായി….

അരവിന്ദനെ സമാധാനിപ്പിക്കാനും അവനോട് വിവരങ്ങൾ തിരക്കാനുമായി ചുറ്റും കൂടിയ ആൾക്കാർക്ക് മുഖം കൊടുക്കാതെ അരവിന്ദൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു മുൻപോട്ട് എടുത്തു….

അപ്പോഴേക്കും അരവിന്ദനും ബലരാമനും തമ്മിൽതല്ലിയത് നാട്ടിൽ കാറ്റിനേക്കാൾ വേഗത്തിൽ പടർന്നിരുന്നു….

എങ്ങോട്ട് പോകണമെന്ന് അരവിന്ദന് ഒരു രൂപവും ഇല്ലായിരുന്നു…. അവന്റെ മനസ്സ് കലങ്ങിമറിഞ്ഞ കടൽ പോലെയായിരുന്നു….

ജോണും മാധവനും മൈനിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മുന്നൊരുക്കത്തിനായി…വടയമ്പാടിയിൽ ഒരു വാടക വീട് എടുത്തിരുന്നു… കൂടെ കുറച്ച് പണിക്കരും ഉദ്യോഗസ്ഥരും ഒക്കെ ഉണ്ടായിരുന്നു… അരവിന്ദന്റെ ബുള്ളറ്റ് ചെന്ന് നിന്നത് ആ വീടിന്റെ മുറ്റത്താണ്….

മാധവൻ മുറ്റത്ത് കസേരയിൽ ഇരിപ്പുണ്ട്… അയാളുടെ മുൻപിൽ ഇട്ടിരിക്കുന്ന ടീപ്പോയിൽ ഒന്ന് രണ്ട് കാലികുപ്പികളും… ഒരു ഫുൾ ബോട്ടിലിന്റെ പകുതിയോളം മദ്യവും ഉണ്ടായിരുന്നു….

അരവിന്ദൻ ചെന്ന് മാധവന്റെ എതിർവശത്തുള്ള കസേരയിൽ ഇരുന്നു…

അല്ല… ആരിത് അരവിന്ദൻ മോനോ…. മുഖമൊക്കെ വല്ലതിരിക്കുന്നല്ലോ… എന്താ മോന് സങ്കടം വല്ലതും ഉണ്ടോ…? ഉണ്ടെങ്കിൽ ദേ അതിന്നു രണ്ടെണ്ണം എടുത്ത് വീശു മോനെ…. എല്ലാ സങ്കടങ്ങളും മാറും….

മാധവൻ നല്ല ഫോമിലായിരുന്നു…. അരവിന്ദൻ കൂടുതൽ ഒന്നും ആലോചിക്കാതെ ഗ്ലാസ്സിലേക്ക് മദ്യം പകർന്നു ഒറ്റ വലിക്ക് കുടിച്ചു…..

സായിപ്പ് എന്തിയെടോ…..?

ങേ…. സായിപ്പോ… ശ്ശ്….

അയാൾ ചുണ്ടിൽ വിരൽ ചേർത്ത് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു…

സായിപ്പ് അല്ല…. ജോൺ സാർ… അങ്ങനെയേ വിളിക്കാവൂ… അങ്ങേര് വലിയ ആളാണ്….

ആ ശരി ജോൺ സാർ പുള്ളിയെവിടെ….?

പുള്ളി… അങ്ങേരുടെ നാട്ടിൽ നിന്നോ കമ്പനിയിൽ നിന്നോ മറ്റോ ആരാണ്ടൊക്കെ വന്നിട്ടുണ്ട്…. അവരെ സൈറ്റ് കാണിക്കാൻ കൊണ്ടുപോയേക്കുവാ….

സൈറ്റോ….?

അരവിന്ദൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു….

മ്മ്… സൈറ്റ്… നമ്മുടെ അമ്പലം…. ശ്ശ് ശ്ശ്…. ഇങ്ങു അടുത്ത് വന്നേ ഞാനൊരു രഹസ്യം പറയാം….

മാധവൻ കൈ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് അരവിന്ദനെ അടുത്തേക്ക് വിളിച്ചു….

എന്താ…..?

അരവിന്ദൻ തന്റെ മുഖം അയാളുടെ അടുത്തേക്ക് കൊണ്ട് ചെന്നു….

മോൻ ആരോടും പറയരുത്…. ഈ മാധവൻ ചേട്ടന് മോനെ ഒരുപാട് ഇഷ്ടമാണ്… അത് കൊണ്ട് മാത്രം മോനോട് ഒരു രഹസ്യം പറയാം… മോന് ഗുണമുള്ള കാര്യമാണ്….

എന്താ….രഹസ്യം…?

മോൻ ആരോടും പറയരുത്…. തല പോകുന്ന കേസ് ആണ്….

പറ ചേട്ടാ…. ഞാൻ ആരോടും പറയില്ല….

മാധവൻ ചുറ്റും നോക്കി ആരും ഇല്ല എന്നുറപ്പ് വരുത്തിയ ശേഷം അരവിന്ദന് നേരെ നോക്കി….

ഇവിടെ വജ്രവും കോപ്പും ഒന്നുമില്ല മോനെ…. ഇതൊക്കെ വെറും പ്രഹസനങ്ങൾ ആണ്….

മാധവൻ അത് പറഞ്ഞതും ആകാശം പിളർത്തി കൊണ്ട് ഒരു മിന്നൽ പാഞ്ഞു…മഴയുടെ വരവറിയിച്ചു കൊണ്ട് ഇരുട്ടിനു കട്ടി കൂടുകയും തണുത്ത കാറ്റ് വീശാനും തുടങ്ങി…..

അരവിന്ദന്റെ നെറ്റി ചുളിഞ്ഞു….

പിന്നെ… പിന്നെ എന്തിനു വേണ്ടിയാണു ഇവിടം കുഴിക്കാൻ പോകുന്നത്…

മാധവൻ വീണ്ടും ചുറ്റും നോക്കി….

അശോക ചക്രവർത്തിയുടെ പുസ്തകത്തിനു വേണ്ടി…..

ഏത് അശോക ചക്രവർത്തി….?

മാധവൻ പറഞ്ഞത് കേട്ട് അരവിന്ദൻ ആശ്ചര്യത്തോടെ ചോദിച്ചു….

ഓ സ്കൂളിൽ പണ്ട് നമ്മൾ പഠിച്ചിട്ടില്ലേ… കലിംഗയുദ്ധത്തിൽ ജയിച്ചിട്ട് പിന്നെ ബുദ്ധമതം സ്വീകരിച്ചു…. നമ്മൾ ഈ നോട്ടിലൊക്കെ കാണുന്ന 3 സിംഹങ്ങൾ നിൽക്കുന്ന പടം…. അശോകസ്തഭം ഉണ്ടാക്കിയ ആളില്ലേ….. ആ അശോക ചക്രവർത്തി….

മാധവൻ പറയുന്നത്തൊക്കെ മുത്തശ്ശി കഥ കേൾക്കുന്നത് പോലെ കേട്ടിരുന്നു

അശോകചക്രവർത്തിയും വടയമ്പാടിയും തമ്മിൽ എന്ത് ബന്ധമാടോ…. അങ്ങേരുടെ പുസ്തകം എങ്ങനെ ഇവിടെ വരുമെടോ…..?  വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം…വെറുതെ മനുഷ്യനെ പ്രാന്താക്കരുത്….

അരവിന്ദൻ മാധവനോടായി പറഞ്ഞു….

ഞാൻ പറഞ്ഞത് സത്യമാണ് മോനെ…. ഈ ജോൺ ബെനഡിക്ടിട് എന്ന് കേൾക്കുമ്പോൾ പുള്ളി നല്ല നസ്രാണി ആണെന്നല്ലേ മോന് തോന്നു….. പക്ഷെ അങ്ങേര് ക്രിസ്ത്യാനി അല്ല….

പിന്നെ…

വേറെ എന്തോ ഒരു മതമാണ്…. ഇന്നുമിന്ന… ഇനുമി… ഛെ നമ്മളൊന്നും കേൾക്കാത്ത പേരാണ് മോനെ… വായിൽ കൊള്ളാത്ത പേരാണ്….

അരവിന്ദൻ നിവർന്നു ഇരുന്നു…. അവന്റെ ചിന്തകൾ ബാംഗ്ലൂർക്ക് പറന്നു… ഡ്രഗ്സ് ഡീലിങ് തുടങ്ങാമെന്നും പറഞ്ഞു തങ്ങളെ സമീപിച്ച അലക്സ്‌ ഫെർണാണ്ടസ് എന്ന ആളുടെ മുഖം അവനു ഓർമ വന്നു….

ആ ഓർമ മാധവൻ പറയാൻ വന്ന പേര് അവന്റെ ഓർമകളിൽ എത്തിച്ചു…

ഇല്യൂമിനാറ്റി… !

ആ അത് തന്നെ…. സത്യത്തിൽ ലോകത്ത് ഇങ്ങനെയും മതങ്ങൾ ഉണ്ടെന്നു മണികണ്ഠൻ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്…. ചെക്കൻ അമേരിക്കയിൽ പോയതിന്റെ ഗുണങ്ങളെ…. അവനിപ്പോൾ അതിന്റെ പുറകെയാണ്…. ഞങ്ങളും…. പക്ഷെ ഞാൻ അവൻ അറിയാതെ ഇപ്പോഴും അമ്പലത്തിലൊക്കെ പോകും കേട്ടോ….

അരവിന്ദന്റെ നാവിൽ നിന്നും ആ പേര് ഉതിർന്നു വീണതും മാധവന്റെ നാവിൽ നിന്നും അരവിന്ദന്റെ സമനില തെറ്റിക്കുന്ന വാക്കുകൾ ഉതിർന്നു വീഴാൻ തുടങ്ങി….

അല്ല മാധവേട്ടാ… അമേരിക്കയിൽ എവിടെയോ കിടക്കുന്ന മതക്കാർ എന്തിനാണ് അശോകചക്രവർത്തിയുടെ പുസ്തകം തേടി ഇവിടെ വരുന്നത്…

എന്റെ പൊന്നു മോനെ…. അന്ധവിശ്വാസം എല്ലാ മതത്തിലും ഉണ്ടല്ലോ…. അത് പോലെ തന്നെ… അവരുടെ ഒൻപതു വിശുദ്ധ പുസ്തകങ്ങൾ എഴുതിയത് അശോക ചക്രവർത്തി ആണത്രേ… അതിലൊന്നിന്റെ യഥാർത്ഥ പകർപ്പ് ഇവിടെ ഉണ്ടെന്നാണ് അവർ പറയുന്നത്…

ഓ അപ്പോൾ അതിന് വേണ്ടിയാണല്ലേ വജ്രം എന്നൊരു കള്ളക്കഥ ഉണ്ടാക്കിയത്……ഇതൊക്കെ മാധവൻ ചേട്ടന് എങ്ങനെ അറിയാം…?

അത് മോനെ അന്ന് പുരാവസ്തുകാര് അമ്പലത്തിനു അടുത്തുള്ള പറമ്പിന് എന്തൊക്കയോ തോണ്ടിയെടുത്തില്ലേ…. അപ്പോൾ അവരുടെ കൂടെ ഉണ്ടായിരുന്ന എന്റെ അനിയൻ മണികണ്ഠനു എന്തൊക്കയോ തെളിവുകൾ കിട്ടിയിരുന്നു…. അത് അവൻ അമേരിക്കക്കു അയച്ചു കൊടുത്തു… കുറച്ചൊക്കെ അവൻ എന്നോട് പറഞ്ഞു കുറെയൊക്കെ ഞാൻ അവൻ സംസാരിക്കുന്നത് ഞാൻ ഒളിച്ചിരുന്ന് കേട്ടു…..

മ്മ്….

അരവിന്ദൻ എന്തോ ആലോചിച്ചു ഒന്ന് മൂളി….

മോനെ അവർക്ക് അത് കിട്ടിയാൽ എനിക്ക് ഓഫർ ചെയ്തിരിക്കുന്നത് 50 കോടിയുടെ സ്വത്താണ്… അത് ഇവിടെയല്ല… മാൾട്ട എന്ന് പറയുന്ന രാജ്യത്ത് സെറ്റിൽഡ് ആകാനുള്ള വഴി ഒരുക്കി താരമെന്ന പറഞ്ഞത്… നമ്മളോ ഇങ്ങനെയായി…. നമ്മുടെ പിള്ളേരെങ്കിലും അടിച്ചു പൊളിച്ചു വളരട്ടെ… മോൻ കൂടെ നിന്നാൽ മോനും കിട്ടും ഇത് പോലെ കാശ്…?

ബലരാമന് ഇതറിയാമോ…?

ഓ… എനിക്ക് ആ മലരാമനെ ഇഷ്ടമല്ല… എനിക്ക് മോനെയാണ് ഇഷ്ടം… മോൻ രക്ഷപ്പെടണം…

മ്മ്…..

ഒന്നിരുത്തി മൂളികൊണ്ട് അരവിന്ദൻ എഴുന്നേറ്റു….. അവൻ മെല്ലെ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു….

അല്ല മോൻ പോകുവാണോ….?

അത്രയും ചോദിച്ചതും മാധവൻ പടവാൾ വെച്ച് കസേരയോടൊപ്പം മറിഞ്ഞു വീണതും ഒരുമിച്ചായിരിന്നു….

അരവിന്ദൻ അത് ശ്രദ്ധിക്കാതെ  ബുള്ളറ്റിൽ കയറി… അപ്പോഴേക്കും മഴ പെയ്തിറങ്ങി തുടങ്ങിയിരുന്നു….

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത അരവിന്ദന്റെ കണ്ണുകൾ തീക്കട്ട പോലെ ജ്വലിക്കുന്നുണ്ടായിരുന്നു…..

അവന്റെ അമ്മേടെ ഇല്യൂമിനാറ്റി……

തീ തുപ്പും പോലെ പറഞ്ഞു കൊണ്ട് അരവിന്ദൻ പല്ലുകൾ ഞെരിച്ചു….

                             തുടരും……

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!