Skip to content

ദുര്യോധന – 15

duryodhana-novel

ഒന്നിരുത്തി മൂളികൊണ്ട് അരവിന്ദൻ എഴുന്നേറ്റു….. അവൻ മെല്ലെ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു….

അല്ല മോൻ പോകുവാണോ….?

അത്രയും ചോദിച്ചതും മാധവൻ പടവാൾ വെച്ച് കസേരയോടൊപ്പം മറിഞ്ഞു വീണതും ഒരുമിച്ചായിരിന്നു….

അരവിന്ദൻ അത് ശ്രദ്ധിക്കാതെ  ബുള്ളറ്റിൽ കയറി… അപ്പോഴേക്കും മഴ പെയ്തിറങ്ങി തുടങ്ങിയിരുന്നു….

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത അരവിന്ദന്റെ കണ്ണുകൾ തീക്കട്ട പോലെ ജ്വലിക്കുന്നുണ്ടായിരുന്നു…..

അവന്റെ അമ്മേടെ ഇല്യൂമിനാറ്റി……

തീ തുപ്പും പോലെ പറഞ്ഞു കൊണ്ട് അരവിന്ദൻ പല്ലുകൾ ഞെരിച്ചു….

       ****** ******* *********

തകർത്തു പെയ്യുന്ന മഴക്ക് ഭീകരത കൂട്ടാനെന്ന പോലെ ആകാശത്ത് മിന്നൽ പിണറുകൾ ഇടിമുഴക്കം സൃഷ്ട്ടിച്ചു കൊണ്ട് പാഞ്ഞു….

ആ മഴയത്ത് ഭൂമിയിലെ മിന്നൽ പോലെ ഇടിമുഴക്കം സൃഷ്ട്ടിച്ചു കൊണ്ട് അരവിന്ദന്റെ ബുള്ളറ്റ് അമ്പല മുറ്റത്ത് വന്ന് നിന്നു….

അമ്പലത്തിന്റെ മുൻവശം വിജനമായിരുന്നു…. എന്നാൽ പിൻവശത്ത് ആളുണ്ട് എന്നതിന്റെ തെളിവ് പോലെ പ്രകാശത്തിന്റെ നേരിയ ഒരു കിരണം അവിടെ നിന്നും തല നീട്ടി….

ഒരു കൊടുംകാറ്റിന്റെ കരുത്തോടെ അരവിന്ദൻ അമ്പലത്തിന്റെ പിന്നിലേക്ക് നടന്നു….

അവൻ പിൻവശത്ത് എത്തിയത്തും കണ്ടു രണ്ട് പെട്രോമാസ്‌ ലൈറ്റുകളുടെ വെട്ടത്തിൽ അമ്പലകുളത്തോട് ചേർന്ന് മണ്ണ് കുഴിച്ചു കൊണ്ടിരിക്കുന്ന അഞ്ചോളം തൊഴിലാളികൾ…. ജോണിനൊപ്പം അത് വീക്ഷിച്ചു കൊണ്ട് നിൽക്കുന്ന നാല് വിദേശികൾ… അതിൽ 3 പേർ സ്ത്രീകളാണ്….

ജോൺ…..

മഴയുടെ ഇരമ്പത്തിനു മേലെ കടലിരമ്പം പോലെ അരവിന്ദന്റെ ശബ്ദം ജോണിന്റെ കാതുകളിൽ വന്ന് പതിച്ചു…

ഹലോ മിസ്റ്റർ അരവിന്ദൻ…. എന്താ ഈ രാത്രിയിൽ….?

അരവിന്ദനെ അപ്പോൾ അവിടെ കണ്ട അത്ഭുതത്തിൽ ജോൺ അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു….

താനെന്താ ഇവിടെ….?

അരവിന്ദന്റെ ശബ്ദത്തിലെ ഭാവവ്യത്യസം ജോൺ വ്യക്തമായി തിരിച്ചറിഞ്ഞു….

ഞാൻ അവരെ എല്ലാം ഒന്ന് കാണിക്കാൻ വേണ്ടി വന്നതാണ്….

താൻ കാണിച്ചതൊക്കെ മതി…ബാക്കി ഇനി ഞാൻ കാണിച്ചോളാം…

ജോണിന്റെ കണ്ണുകളിൽ നോക്കിയാണ് അരവിന്ദൻ അത് പറഞ്ഞത്….

മാധവനെ കണ്ടിരുന്നു അല്ലെ…. ഇതാണ്… ഇതാണ് മദ്യം വിഷമാണെന്ന് പറയുന്നത്…. ലുക്ക്‌ മിസ്റ്റർ അരവിന്ദൻ… ആ ബഫൂൺ പറയുന്നതൊന്നും വിശ്വസിക്കരുത്…. അയാൾക്ക് ഒന്നും അറിയില്ല….

എന്നാൽ എല്ലാം അറിയാവുന്ന താൻ പറ എന്താ തന്റെ ഉദ്ദേശ്യം….?

അരവിന്ദൻ എല്ലാം അറിഞ്ഞിട്ട് തന്നെയാണ് സംസാരിക്കുതെന്നു ജോണിന് മനസിലായി….

അരവിന്ദൻ… ഈ ലോകം മുഴുവൻ കാൽകീഴിലാക്കാൻ കൊതിക്കുന്ന ഒരു സംഘടനയിൽ അവരുടെ നിയമങ്ങളും  വിശ്വാസപ്രമാണങ്ങളും അനുസരിച്ചു ജീവിക്കുന്ന ഒരു പാവപ്പെട്ട ബിസിനെസ്സ് മാൻ… അതാണ് ഞാൻ….

താൻ ആരാണെന്നല്ല ഞാൻ ചോദിച്ചത്… വടയമ്പാടിയിൽ തനിക്കെന്താ കാര്യമെന്നാണ്…?

യെസ്… യെസ്… മിസ്റ്റർ അരവിന്ദൻ… ഞാൻ അതിലേക്കാണ് വരുന്നത്… ഈ ലോകത്ത് മുഴുവനായി ഞങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ആവിശ്യമായ ഒന്ന്…എന്നെപ്പോലുള്ള കോടിക്കണക്കിനു വിശ്വാസികൾക്കു അമൂല്യമായ നിധി… അതീ മണ്ണിൽ എവിടെയോ ഉണ്ട്….

ജോൺ പറഞ്ഞു തീർന്നതും അരവിന്ദൻ അയാളുടെ തൊട്ട് മുൻപിലെത്തി നിന്നു…

അപ്പോൾ വജ്രത്തിന്റെ പേര് പറഞ്ഞു ഞങ്ങളെ പൊട്ടന്മാരാക്കുകയിരുന്നു അല്ലേടാ…..

സോറി മിസ്റ്റർ അരവിന്ദൻ…. ഞാൻ ഒരു ചരിത്രം പറയാം… ഭാരതത്തിന്റെ ചരിത്രം തന്നെയാണ്… മൗര്യരാജവംശം എന്ന് കേട്ടിട്ടുണ്ടോ മിസ്റ്റർ അരവിന്ദൻ…. ക്രിസ്തുവിനും ഏകദേശം മൂന്നുറു നാന്നൂറ് വർഷം മുൻപ് ഭാരതത്തിലെ ഏറ്റവും ശക്തമായ രാജവംശം…. ഈ ലോകം കീഴടക്കാനുള്ള അമിതമായ ആഗ്രഹം ഉള്ള ഒരു ചക്രവർത്തി ഉണ്ടായിരുന്നു മൗര്യ വംശത്തിൽ…

ചന്ദ്രഗുപ്ത മൗര്യ…..

അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രൻ ബിന്ദുസാരനും അതിനു ശേഷം പൗത്രനായ അശോകനും  ചക്രവർത്തിയായി… അച്ഛനെക്കാളും മുത്തശ്ശനെക്കാളും  കരുത്തും ശൗര്യവും ബുദ്ധികൂർമതയും ഉള്ള ആ മകൻ ഭാരതം ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും പ്രഗത്ഭനും കരുത്താനുമായ ഭരണാധികാരിയായി തീർന്നു….

ദി ഗ്രേറ്റ്‌ എംപറർ അശോക…..

അശോക ചക്രവർത്തി എന്ന് നിങ്ങൾ ചരിത്ര പുസ്തകളിൽ വായിച്ചു പഠിക്കുന്ന മനുഷ്യൻ….

കലിംഗയുദ്ധത്തിൽ വിജയം കൈവരിച്ച അദ്ദേഹം യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ മനംനൊന്ത് പിന്നീടുള്ള കാലം അഹിംസവാദിയായി ബുദ്ധമതം സ്വീകരിച്ചു….

ഇന്ത്യൻ ഗവർമെന്റിന്റെ ഔദ്യോഗികചിഹ്നമായ അശോകസ്തഭം സ്ഥാപിച്ച ആൾ…. പിന്നെ ദേശിയപതാകയിലെ 24 ആരക്കാലുകൾ ഉള്ള അശോക ചക്രം…. അത്രേയുള്ളൂ നിങ്ങളെ പോലുള്ള വിഡ്ഢികൾക്കു അദ്ദേഹം….

പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല…. കലിംഗയുദ്ധത്തിന് ശേഷം…. ഈ ലോകത്തെ സംബന്ധിച്ച് അന്ന് വരെ ഉണ്ടായിരുന്ന എല്ലാ ശാസ്ത്രസത്യങ്ങളും അടങ്ങിയ ഒൻപത് മഹത്തായ ഗ്രന്ഥങ്ങൾ എഴുതിയ ആളാണ് അദ്ദേഹമെന്ന് നിങ്ങളിൽ എത്രപേർക്ക് അറിയാം….? ഈ ലോകത്തിന്റെ ഓരോ സ്പന്ദനവും കൃത്യമായ രീതിയിൽ നിർവചിക്കുന്ന ഒൻപതു ഗ്രന്ഥങ്ങൾ…. അവ ലോകം ഇന്ന് വരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒൻപതു ദൂതരുടെ കൈകളിൽ ലോകത്തിനു പകർന്നു നൽകാൻ അദ്ദേഹം കൊടുത്തയച്ചു…. ആരും അത് അംഗീകരിച്ചില്ല… ഇവിടെ അദ്ദേഹത്തിന്റെ സ്വന്തം ഭാരതത്തിൽ പോലും അത് തിരസ്കരിക്കപ്പെട്ടു….

എന്നാൽ അംഗീകരിക്കുന്ന ചിലർ ഉണ്ടായിരുന്നു…. നൂറ്റാണ്ടുകളോളം പല തലമുറകളായി കാലത്തിനു അനുസരിച്ചു എംപറർ അശോക എന്ന മഹാനായ മനുഷ്യൻ പകർന്നു നൽകിയ ശാസ്ത്ര സത്യങ്ങൾ ഞങ്ങൾ പരിഷ്കരിച്ചു കൊണ്ടിരുന്നു…. ഏകദേശം 300 വർഷങ്ങൾക്കു മുൻപ് ഞങ്ങൾ വിജയിച്ചു തുടങ്ങി… ഇന്ന് ഈ ലോകം ഞങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങാൻ പോകുന്നു…. ദി ഗ്രേറ്റ്‌ ഇല്യൂമിനാറ്റി……

ആകാശത്തേക്ക് നോക്കി കൈകൾ വിടർത്തി കൊണ്ട് ജോൺ ആവേശം കൊണ്ട് അലറി…. സമനില തെറ്റിയവനെ പോലെയായി മാറി കഴിഞ്ഞിരുന്നു അപ്പോൾ അയാൾ….

ബുദ്ധിശൂന്യരായ അവിശ്വാസികൾ ഞങ്ങളെ സാത്താൻ സേവകരെന്നു വിളിച്ചു…. ലൂസിഫർ എന്ന തിരസ്കരിക്കപ്പെട്ട മാലാഖയെ ഞങ്ങളുടെ ആരധാനരൂപമാക്കി ചിത്രീകരിച്ചു….. ഈ ലോകത്തിൽ അവശേഷിക്കുന്ന അവിശ്വാസികൾ മനസിലാക്കുന്നില്ല ഞങ്ങൾ ആരാണെന്നും എന്താണെന്നും…. ഞങ്ങൾ ഈ ലോകത്തിന്റെ ഭരണാധികാരികൾ ആകാൻ പോകുന്ന കാര്യം അവർ തിരിച്ചറിയുന്നില്ല… പക്ഷെ…. പക്ഷെ… അതിന് ഞങ്ങൾക്ക് ആ ഒൻപതാമത്തെ ഗ്രന്ഥം വേണം… എംപറർ അശോകയുടെ സ്വന്തം കൈപ്പടയിലുള്ള ദി റിയൽ കോപ്പി…. അതിവിടെയുണ്ട്… ഈ വടയമ്പാടിയുടെ മണ്ണിൽ… അത് കിട്ടും വരെ ഈ നാട് മുഴുവൻ ഞാൻ കുഴിച്ചു നോക്കും…. അതിന്റെ ഒരു തുടക്കം മാത്രമാണ് ഇത്….

ആവേശം കൊണ്ട് അലറി വിളിക്കുന്ന ജോണിനെ അരവിന്ദൻ സഹതാപത്തോടെ നോക്കി… എന്നിട്ട് മെല്ലെ നടന്നു ചെന്നു അയാളുടെ തോളത്ത് കൈ വെച്ചു…

മോനെ സായിപ്പേ…. വിശ്വാസം മൂത്ത് മനോരോഗികളായവരെ കൊണ്ട് ഇപ്പോഴേ ഈ നാട് നിറഞ്ഞിരിക്കുവാ… ഇനി നിന്നെ പോലുള്ള മുതലുകളെ കൂടി താങ്ങാനുള്ള കരുത്ത് ഈ നാടിനുണ്ടാകില്ല… അത് കൊണ്ട് നാളത്തെ ഫസ്റ്റ് വണ്ടിക്ക് സ്ഥലം വിട്ടോ….

വളരെ ശാന്തമായാണ് അരവിന്ദൻ അത് പറഞ്ഞതെങ്കിലും അവന്റെ ശബ്ദത്തിന് കരിങ്കല്ലിന്റെ ഉറപ്പുണ്ടായിരുന്നു…

നോ… നോ… മാൻ… എനിക്കത് വേണം….

ജോൺ അരവിന്ദനെ നോക്കി വികൃതമായി ചിരിച്ചു കൊണ്ട് പറഞ്ഞു…. അരവിന്ദൻ എന്തോ തമാശ കേട്ടത് പോലെ ചിരിച്ചു….

ഡാ… പന്ന കാവടി മോനെ…. ഇത് നിന്റെ യൂറോപ്പോ അമേരിക്കയോ ഒന്നും അല്ല.. കേരളമാണ്… കണ്ണൂരാണ്…. നിന്നെക്കാളും വലിയ കാവടിയാട്ടക്കാരൻ വന്നിട്ട് അവന്റെ ആട്ടവും അസുഖവും തീർത്തു കൊടുത്ത നാട്… നിനക്കറിയില്ല ഈ മണ്ണിനെ പറ്റി…. ഇവിടുത്തെ ആൺപിള്ളേരുടെ തണ്ടെല്ലിന്റെ ബലത്തിനെ പറ്റി…. അറിയണമെന്ന് വാശി പിടിക്കല്ലേ…. നീ താങ്ങൂല…. അത് കൊണ്ട് എന്റെ മോൻ നല്ല കുട്ടിയായി പറഞ്ഞത് അനുസരിക്ക്….

ജോണിന്റെ ചുമലിൽ തട്ടി ചിരിച്ചു കൊണ്ടാണ് അരവിന്ദൻ അത്രയും പറഞ്ഞത്…. പെട്ടെന്നാണ് അരവിന്ദന്റെ മുഖഭാവം മാറിയത്….

അതല്ല…. ഇനിയും ഇല്ലാകഥകളുടെ പേരിൽ ഈ മണ്ണിൽ കിടന്നു നിന്റെ പ്രാന്ത്കളി കാണിക്കാനാണ് ഉദ്ദേശമെങ്കിൽ നിന്റെ കിടുങ്ങാമണി ചെത്തി ഞാൻ ഉപ്പിലിടും…. കേട്ടോടാ പട്ടിടെ മോനെ…..

അത് പറഞ്ഞപ്പോൾ അരവിന്ദന്റ കണ്ണുകളിൽ ജ്വലിക്കുകയായിരുന്നു…. ജോണിന്റെ ജീവിതത്തിൽ ആദ്യമായാണ് ആണൊരുത്തൻ  ഇങ്ങനെ മുഖത്തോടു മുഖം നോക്കി നിന്നു വെല്ലുവിളിക്കുന്നത്…. അക്ഷരാർത്ഥത്തിൽ അയാൾക്ക് അടിമുടി ഒരു വിറയൽ ബാധിച്ചു…

ഹേയ്… കൂൾ മാൻ… കൂൾ… നമ്മുക്ക് സംസാരിക്കാം….

ജോൺ ഒരു വിധം പറഞ്ഞൊപ്പിച്ചു….

നിന്നോട് വാ കൊണ്ട് പറഞ്ഞിട്ട് കാര്യമില്ലന്നാ തോന്നുന്നേ…. നീ എന്നെ കൊണ്ട് തല്ലിക്കും…

പറഞ്ഞു തീർന്നതും അരവിന്ദൻ കാലുയർത്തി ജോണിന്റെ നെഞ്ചത്ത് ചവിട്ടിയതും ഒരുമിച്ചായിരുന്നു….

ഒരു കൂടം വന്ന് നെഞ്ചത്ത് വീണത് പോലെയാണ് ജോണിന് അനുഭവപ്പെട്ടത്…. അയാൾ പിന്നിലേക്ക് തെറിച്ചു വീണു…. മഴ പെയ്തത് മൂലം നിലത്ത് തളം കെട്ടി നിന്ന വെള്ളം 80 കിലോയോളം വരുന്ന സായിപ്പ് നടുവടിച്ചു വീണതിന്റെ കരുത്തിൽ ചിതറി തെറിച്ചു….

ഹേയ്…..?

ജോൺ അരവിന്ദിന്റെ ചവിട്ടേറ്റ് വീണത് കണ്ട് കുഴിയെടുത്ത് കൊണ്ടിരുന്ന തമിഴന്മാരായ തൊഴിലാളികൾ അത് നിർത്തി അരവിന്ദന് നേരെ തിരിഞ്ഞു…

കാരിരുമ്പിൽ തീർത്ത കരുത്ത് എന്ന് തോന്നുന്ന വിധത്തിലുള്ള അഞ്ചു ഭീമന്മാർ അരവിന്ദന് മുൻപിൽ  വന്ന് നിരന്നു നിന്നു….

കടത്തനാടൻ ചേകവന്മാരുടെ മേയ്ക്കരുത്തും കൈകരുത്തുമായി വടയമ്പാടിയുടെ മണ്ണിൽ കാലുറപ്പിച്ചു അവൻ നിന്നു….

അരവിന്ദൻ….

മഴയിൽ നനഞ്ഞൊട്ടി അഴിഞ്ഞു പോയ മുണ്ട് എടുത്ത് അവൻ മടക്കി കുത്തി…. അതെ സമയം തന്നെ ആകാശത്ത് നിന്നും ഒരു വെള്ളിടി അരവിന്ദന്റെ പിന്നിൽ വന്ന് ഭൂമിയെ തൊട്ട് പൊട്ടിചിതറി….

ആ മിന്നലിന്റെ പ്രകാശത്തിൽ എതിരെ നിൽക്കുന്നവർ വ്യക്തമായി അവന്റെ കണ്ണുകളിലെ ഭാവം കണ്ടു….

ഇത് വരെ ആരും കാണാത്ത അരവിന്ദന്റെ ഭാവം…. ചോര കൊതി പൂണ്ട ചെകുത്താന്റെ ഭാവം….. 

അരവിന്ദൻ പോരാട്ടത്തിന് തയ്യാറെടുക്കുന്ന സമയത്ത് ചെറുതോട്ടത്തിൽ വീടിന്റെ ഉമ്മറത്ത് വിശ്വംഭരനുമായി മദ്യസേവയിലായിരുന്നു ബലരാമൻ….

എല്ലാ കാര്യങ്ങളും അപ്പപ്പോൾ വിശ്വംഭരനെ അറിയിച്ചു ഉപദേശം തേടാനും… അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിക്കാനും ബലരാമനും അരവിന്ദനും എപ്പോഴും ശ്രദ്ധിച്ചിരുന്നു….

നാളത്തെ ദേവപ്രശ്നത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് വിശ്വംഭരൻ തലേ ദിവസം തന്നെ എത്തിയത്…

ബലരാമനും അരവിന്ദനുമായുള്ള പ്രശ്നം അറിഞ്ഞപ്പോൾ തന്നെ ബാലചന്ദ്രൻ ബാലാമണിയേയും കൂട്ടി ഇരിട്ടിയിലുള്ള തന്റെ ചെറിയമ്മയുടെ വീട്ടിലേക്ക് മാറിയിരുന്നു….

മേജർ സാബ്…. അവൻ…. ആ അരവിന്ദൻ…. എന്റെ ചങ്കായിരുന്നു…. ചങ്ക്…. പക്ഷെ മുൻപിൻ നോക്കാതെ…ഒന്നും ചിന്തിക്കാതെ  അവൻ കാണിച്ച തന്തയില്ലായ്മ ഞാൻ ക്ഷമിക്കണമെന്നാണോ നിങ്ങൾ പറയുന്നത്….

ബലരാമൻ നല്ല രീതിയിൽ തന്നെ ഫോമിൽ എത്തി കഴിഞ്ഞിരുന്നു….

എന്നല്ല രാമ ഞാൻ പറഞ്ഞത്….. തെറ്റ് അരവിന്ദന്റെ ഭാഗത്ത് മാത്രമല്ലല്ലോ…. ബാലയുടെ ഭാഗത്തുമില്ലേ….? അവൻ ബലമായി ഒന്നും ചെത്തിട്ടല്ലല്ലോ അവൾ ഗർഭിണിയായത്…. അവൾക്കും അവനെ ഇഷ്ടമാണ്… നീ ഈ ദുർവാശി കള എന്റെ രാമ….

വിശ്വംഭരൻ പറഞ്ഞത് കേട്ട് ബലരാമൻ പിന്നിലേക്ക് നിവർന്നിരുന്നു….

നമ്മുടെ അരവിന്ദനും ബാലയും അല്ലെ….

വിശ്വംഭരൻ വീണ്ടും പറഞ്ഞു….

മ്മ്…. ഇനി ഇപ്പോൾ ഞാൻ വാശി പിടിച്ചിട്ട് എന്തിനാ…?  അങ്ങനെയെങ്കിൽ അങ്ങനെ…. പക്ഷെ അവളെ അവനെ പിടിച്ചേൽപ്പിച്ചു കഴിഞ്ഞാൽ രണ്ട് പേരെയും ഇവിടെ നിർത്തരുത് സാബ്…. പറഞ്ഞു വിടണം…ഞങ്ങൾ അകപ്പെട്ട അഴുക്ക് ചാലിലെ രോഗം പകർത്തുന്ന അണുക്കൾക്ക് എത്തിപ്പെടാൻ കഴിയാത്ത അത്ര അകലത്തിലേക്ക്…

അത് നമ്മുക്ക് ശരിയാക്കാം….

വിശ്വംഭരൻ പറഞ്ഞു തീർന്നതും ബഷീർ നനഞ്ഞു കുളിച്ചു ഓടി വന്നതും ഒരുമിച്ചായിരുന്നു….

അമ്പലമുറ്റത്തെ സംഭവം കഴിഞ്ഞതും അരവിന്ദന്റെ മേൽ ഒരു കണ്ണ് വേണമെന്ന് ബലരാമൻ ബഷീറിനെ അറിയിച്ചിരുന്നു….

അതനുസരിച്ചു അരവിന്ദനെ തേടിയിറങ്ങിയ ബഷീർ ചെന്നെത്തിയത് മാധവനും ജോണും താമസിക്കുന്ന വീട്ടിലും…. മാധവനും അരവിന്ദനും തമ്മിൽ സംസാരിച്ചത് മുഴുവൻ ബഷീർ ബലരാമനെ പറഞ്ഞു കേൾപ്പിച്ചു…. എല്ലാം കേട്ട ബലരാമനും വിശ്വംഭരനും ഒരുപോലെ ചാടിയെഴുന്നേറ്റു….

എന്നിട്ട് അരവിന്ദൻ എവിടെടാ….?

അമ്പലത്തിലേക്കാണെന്നു തോന്നുന്നു പോയിട്ടുണ്ട്….

അവനെ ഒറ്റക്ക് വിട്ടോടാ നാറി…..

ബഷീറിനെ കുത്തിന് പിടിച്ചു തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് ബലരാമൻ അലറി….

അവന്റെ ദേഹത്ത് ഒരു പോറൽ വീണാൽ ഒരുത്തനും ജീവനോടെ ഈ മണ്ണ് വിട്ട് പോകില്ല….

ബഷീറിനെ ആഞ്ഞു തള്ളി കൊണ്ട് ബലരാമൻ പുറത്തേക്ക് കുതിച്ചു….

രാമ….

വീഴാൻ പോയ ബഷീറിനെ താങ്ങി നിർത്തികൊണ്ട് വിശ്വംഭരൻ അലറി വിളിച്ചു….

ബഷീറും വിശ്വംഭരനും ഓടി മുറ്റത്തേക്ക് എത്തിയപ്പോഴേക്കും മിന്നൽ പോലെ ഇരുളിനെ കീറിമുറിച്ചു കൊണ്ട് ജിപ്സി മുൻപോട്ട് കുതിച്ചു കഴിഞ്ഞിരുന്നു…..

ഇതേ സമയം… അരവിന്ദൻ എന്ന ഒറ്റയാന്റെ കരുത്ത് കണ്ട് ജോണും കൂട്ടുകാരും അന്തം വിട്ട് നിൽക്കുകയായിരുന്നു…..

ഉരുക്കിന്റെ കരുത്തുള്ള അഞ്ചു തമിഴന്മാരെ അരവിന്ദൻ ഒറ്റക്ക് നേരിട്ടു…..

ഇടതു വശത്ത് നിന്നും തന്നെ ആക്രമിക്കാൻ വന്നവനെ തോൾ കൊണ്ട് തടഞ്ഞു നിർത്തി തലക്ക് മുകളിൽ കൂടി എടുത്തുയർത്തി നിലത്തേക്ക് തൂക്കി അടിച്ചു അരവിന്ദൻ….. തമിഴന്റെ വാരിയെല്ലുകൾ ഒടിയുന്ന ശബ്ദം ശക്തമായ മഴയുടെ ഇരമ്പത്തിലും ജോൺ വ്യക്തമായി കേട്ടു….

അഞ്ചു പേരെയും അടിച്ചു താഴെയിട്ട അരവിന്ദൻ ജോണിന് നേരെ തിരിഞ്ഞു….

ജോൺ ഭയത്തോടെ പിന്നിലേക്ക് നീങ്ങി…. അരവിന്ദൻ ജോണിന് നേരെ മെല്ലെ നടന്നു ചെന്നു….

ജോണിന്റെ കൂടെ വന്ന 3 സ്ത്രീകളും പേടിച്ചു പിന്നിലേക്ക് മാറി… പുരുഷൻ അരവിന്ദനെ തടയാനായി മുന്പോട്ട് കുതിച്ചു….

തന്റെ തൊട്ടടുത്തു എത്തിയ അവന്റെ കഴുത്തിലേക്ക് അരവിന്ദന്റെ കരുത്ത് നിറഞ്ഞ വലംകൈ ഞൊടിയിട കൊണ്ടാണ് എത്തിയത്….. തന്റെ കഴുത്തിൽ അമർന്ന കൈയുടെ ശക്തി അറിഞ്ഞ സായിപ്പിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു….

അയാളെ അങ്ങനെ തന്നെ പിടിച്ചു കൊണ്ട് അരവിന്ദൻ ജോണിനെ സമീപിച്ചു….

ഡാ… സായിപ്പിന്റെ മോനെ… നീ മരണത്തെ കണ്ടിട്ടുണ്ടോ… ദാ… ഇങ്ങനെ തൊട്ടു മുൻപിലെത്തി നിൽക്കുന്ന മരണത്തെ…..ഇല്ല നീ കണ്ടിട്ടില്ല…. നീ വിറക്കുന്നത് കാണുമ്പോഴേ അറിയാം… നീ അത് കണ്ടിട്ടില്ല എന്ന്…. നിന്നോട് ഞാൻ പറഞ്ഞതല്ലേ… വേണ്ട… വേണ്ട… ഈ മണ്ണ് വിട്ടേക്കെന്നു…. അപ്പോൾ നീ ഒരുമാതിരി ഷോ…..

അരവിന്ദൻ അത്രയും പറഞ്ഞപ്പോഴേക്കും ജോണിന്റെ തൊട്ട് മുന്പിലെത്തിയിരുന്നു….

ചാകാനാണ് നിന്റെ വിധി ജോണേ…. എന്റെ കൈ കൊണ്ട് പട്ടിയെ പോലെ തല്ല് കൊണ്ട് ചാകാനാണ് നിന്റെ വിധി…..

അരവിന്ദന്റെ മുഖഭാവം കണ്ടപ്പോൾ ജോൺ അക്ഷരാർത്ഥത്തിൽ നിക്കറിൽ മുള്ളി പോയി…. ഇത്രക്ക് കരുത്തുള്ള ആണൊരുത്തനെ അയാൾ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു…..

തന്റെ വലം കൈയിൽ പൂച്ച കുഞ്ഞിനെ പോലെ ശ്വാസത്തിന് വേണ്ടി പിടഞ്ഞു കൊണ്ടിരുന്നവനെ അരവിന്ദൻ ദൂരേക്ക് വലിച്ചെറിഞ്ഞു…. എന്നിട്ട് കൈകൾ കൂട്ടി തിരുമി…..

നീ പൊയ്ക്കോ ജോണേ…..

അലറി കൊണ്ട് അരവിന്ദൻ കൈ പൊക്കിയതും പിന്നിലൂടെ അവന്റെ വയർ തുളച്ചു ഒരു ഇരുമ്പ് പാരയുടെ മുന….. മുൻ വശത്ത് തല നീട്ടി….

ഒരു നിമിഷം…. ഒരു നിമിഷം ശ്വാസം നിലച്ചു പോകുന്നത് പോലെ അരവിന്ദന് തോന്നി…..

അവൻ പിന്നിലേക്ക് നോക്കി….

ജോണിന്റെ കൂടെ വന്ന സ്ത്രീകളിൽ ഒരാൾ….. അവൾ അരവിന്ദനെ ആഞ്ഞു കുത്തിയതിന് ശേഷം വാ പൊത്തി കരഞ്ഞു….

പിറകിലൂടെ കുത്തുന്നോടി ഒരുമ്പെട്ടോളെ…. !

ശരീരം തുളഞ്ഞ വേദനയിലും അരവിന്ദന്റെ കണ്ണിൽ തീയായിരുന്നു…

ഹി ഈസ്‌ മൈ ഹസ്ബൻഡ്…..

അവൾ അരവിന്ദനോട് അലറി കരഞ്ഞു കൊണ്ട് പറഞ്ഞു….

ചത്തു പോടാ നായെ……

ജോൺ വലത് കാൽ ഉയർത്തി അരവിന്ദനെ ചവിട്ടി…. അരവിന്ദൻ പിന്നിലേക്ക് മറിഞ്ഞു വീണു…

കാമോൺ ഗയ്‌സ്… ഇനി ഇവിടെ നില്കുന്നത് അപകടമാണ്…. എലീന കമോൺ….

അരവിന്ദനെ നോക്കി കരഞ്ഞു കൊണ്ടിരിക്കുന്ന തന്റെ ഭാര്യയെ ജോൺ ബലമായി പിടിച്ചു വലിച്ചു….

അവർ അഞ്ചു പേരും ഇരുളിൽ മറയുന്നത് നിസ്സഹായത്തോടെ അരവിന്ദൻ നോക്കി കിടന്നു….

ഹാ…..

അലറി കരഞ്ഞു കൊണ്ട് നിരാശയോടെ അരവിന്ദൻ കൈ നിലത്തിട്ടടിച്ചു…. അവൻ മെല്ലെ എഴുനേൽക്കാൻ ശ്രമിച്ചു….

വളരെ പണിപ്പെട്ടാണെങ്കിലും അരവിന്ദൻ എഴുന്നേറ്റു…. അവൻ രണ്ട് കാലിൽ നിവർന്നു നിന്നുകൊണ്ട് മുകളിലേക്ക് നോക്കി വീണ്ടും അലറി…..

അരവിന്ദന്റെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു…. അവന്റെ കടവായിൽ കൂടി ചോര ഒഴുകി തുടങ്ങിയിരുന്നു….

ജോണേ… തരില്ല…. ഈ മണ്ണ് കുഴിച്ചു കുളംതോണ്ടാൻ നിനക്ക് തരില്ല…. നിനക്ക് അരവിന്ദനെ മാത്രമേ വീഴ്ത്താൻ കഴിഞ്ഞിട്ടുള്ളൂ… ബലരാമൻ ഇപ്പോഴും ബാക്കിയാണെടാ…..

ജോൺ മറഞ്ഞ ഇരുളിലേക്ക് നോക്കി ആ വേദനക്ക് ഇടയിലും അരവിന്ദൻ മുരണ്ടു….

അരവി…..

തൊട്ടടുത്ത നിമിഷം ബലരാമൻ അരവിന്ദന്റെ അടുത്തേക്ക് പാഞ്ഞെത്തി….

ബലരാമനെ കണ്ടതും അരവിന്ദൻ ഒന്ന് ചിരിച്ചു…

എനിക്കറിയാമെടാ നീ വരുമെന്ന്…. എനിക്കറിയാം….

ഡാ…. ഡാ വാ… ഹോസ്പിറ്റലിൽ പോകാം….

ബലരാമൻ അരവിന്ദനെ താങ്ങി….

നീ… നീ ആദ്യം അതൊന്ന് ഊരെടാ… എനിക്ക് വേദന സഹിക്കാൻ കഴിയുന്നില്ല….

അരവിന്ദൻ ശബ്ദം കുഴഞ്ഞു തുടങ്ങിയിരുന്നു…..

നീ… നീ വാ…. അരവി…..

ബലരാമൻ കരയുകയായിരുന്നു…..

ഡാ… ആ ജോൺ… അവനാണ് എന്നെ… അവനെ…. കൊല്ലണം…. കൊന്നു കളയണം…. അവനോട്… അവനോട് ഒരു ദയയും പാടില്ല….

അരവിന്ദൻ പറഞ്ഞു തീർന്നപ്പോഴേക്കും വിശ്വംഭരനും ബഷീറും എത്തിയിരുന്നു….

രാമു…. ജോൺ… ജോൺ അപകടകാരിയാണ്…. അവനെ… അവനെ രക്ഷപെടാൻ അനുവദിക്കരുത്…..

അപ്പോഴേക്കും അവർ അമ്പലത്തിന്റെ മുൻപിലേക്ക് എത്തിയിരുന്നു…. അരവിന്ദനെ ജീപ്പിലേക്ക് കിടത്തിയ ശേഷം ബലരാമൻ വിശ്വംഭരനെയും ബഷീറിനെയും നോക്കി….

നിങ്ങൾ ഇവനെ ഹോസ്പിറ്റലിൽ എത്തിക്കണം… ഞാൻ തിരിച്ചു വരുമ്പോൾ എനിക്കു എന്റെ അരവിന്ദനെ ജീവനോടെ വേണം….. ജോൺ… ജോൺ ബെനഡിക്ട്…. അവൻ ഇനി വേണ്ട സാബ്…. അവൻ ഇനി വേണ്ട….

പല്ലിറുമ്മി കൊണ്ട് ബലരാമൻ ജിപ്സിയിലേക്ക് കയറി കൂടെ വിശ്വംഭരനും…..

നിന്നെ ഒറ്റക്ക് പോകാൻ ഞാൻ അനുവദിക്കില്ല രാമ….

ബലരാമൻ എന്തോ പറയാൻ തുടങ്ങിയതും ബഷീർ ജീപ്പുമായി ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് പറന്നു കഴിഞ്ഞിരുന്നു….

രാമ… അവന്മാർ കണ്ണൂർ ജില്ല വിട്ട് പുറത്തു പോകരുത്…. കൊല്ലാനാണെങ്കിലും ചാകാനാണെങ്കിലും ഞാൻ ഉണ്ട് നിന്റെ കൂടെ…

വിശ്വംഭരൻ പറഞ്ഞതും ബലരാമന്റെ പടക്കുതിര കുതിച്ചു കഴിഞ്ഞിരുന്നു….

കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസിലായ ജോൺ വളരെ പെട്ടെന്ന് തന്നെ താമസിച്ചിരുന്ന വീട്ടിലെത്തി… കൈയിൽ കിട്ടിയ സാധനങ്ങളൊക്കെ എടുത്ത് അടിച്ചു കോൺ തെറ്റി കിടന്ന മാധവനെയും എടുത്ത് വണ്ടിയിലിട്ട് എങ്ങനെയും രക്ഷപെടാനായി കുതിച്ചു…. പുറകിലെ വണ്ടിയിൽ ബാക്കി നാലുപേരും…

വടയമ്പാടി ജംഗ്‌ഷൻ കഴിഞ്ഞു പാറമടക്കയം വഴിയുള്ള ഷോർട്കട്ട്‌ റോഡിലേക്ക് ജോൺ വണ്ടി തിരിച്ചു….

പാറമടക്കയം എത്തുന്നതിനു തൊട്ട് മുൻപായിട്ടുള്ള ജംഗ്ഷനിലേക്ക് ജോണിന്റെ അംബാസിഡർ ഇരച്ചു കയറിയതും ഇടത് വശത്ത് നിന്നും കൊടുംകാറ്റ് പോലെ വന്ന ജീപ്പ് കാറിൽ ഇടിക്കാതിരിക്കാൻ ഇടത്തേക്ക് വെട്ടിച്ചു… ജോൺ വലത്തേക്കും…….

ഒരു കുഴി ചാടി നിയന്ത്രണം നഷ്ടപ്പെട്ട സ്റ്റീയറിങ് വീലിന്റെ നിയന്ത്രണം തിരികെ പിടിച്ചു റോഡിലേക്ക് വണ്ടി കയറ്റിയ ജോണും… പിന്നാലെ വന്ന കാർ ഓടിച്ചിരുന്ന ജോണിന്റെ സുഹൃത്തും വ്യക്തമായി കണ്ടു….

നിയന്ത്രണം നഷ്ടപ്പെട്ടു പാറമടക്കയത്തിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്ന ജീപ്പിനെ….

      ****** ******* ****** *****

ഡാ ബഷീറേ…. നീ പേടിക്കണ്ട… ഞാൻ അങ്ങനെയങ് തീർന്നു പോകില്ല… എനിക്ക് തിരിച്ചു വരണമെടാ… എന്റെ ബാലയും കുഞ്ഞും….. അവരെ ഒറ്റക്കാക്കി പോകാൻ എനിക്ക് പറ്റുമോടാ….

ജീപ്പ് കത്തിച്ചു വിടുന്ന ബഷീറിനെ നോക്കി പിന്നിൽ കിടന്നു കൊണ്ട് അരവിന്ദൻ പറഞ്ഞു…

ബഷീർ തിരിച്ചു ഒന്നും പറഞ്ഞില്ല… അവൻ കരയുകയായിരുന്നു… പാറമടക്കയം വഴി പെരുമാനൂർ ചുറ്റി പെട്ടെന്ന് ഹൈവേയിലേക്ക് എത്താമെന്ന കണക്കുകൂട്ടലിൽ ബഷീർ ആ വഴിയിലേക്ക് വണ്ടി തിരിച്ചു….

മുന്നും പിന്നും നോക്കാതെ ഇടിമിന്നൽ പോലെ വണ്ടി പറക്കുമ്പോഴാണ് കയത്തിനു തൊട്ടു മുൻപിലുള്ള ജംഗ്‌ഷനിൽ വെച്ചു അംബാസിഡർ കുതിച്ചെത്തിയത്…. അതിൽ ഇടിക്കാതിരിക്കാൻ ബഷീർ വണ്ടി ഇടത്തേക്ക് വെട്ടിച്ചു… ഒരു വലിയ കല്ലിന്റെ പുറത്തേക്ക് പാഞ്ഞു കയറിയ ജീപ്പ് വലതു വശത്തേക്ക് പെട്ടെന്ന് ചരിഞ്ഞു…. സ്റ്റീയറിങ്ങിൽ നിന്നും പിടിവിട്ടു പോയ ബഷീർ പുറത്തേക്ക് തെറിച്ചു….

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുൻപേ കയത്തിനു സമീപം നിന്ന മരത്തിലേക്ക് ഇടിച്ചു കയറിയ ജീപ്പ് നിന്ന നില്പിൽ ഒന്ന് വട്ടം കറങ്ങി…. ജീപ്പിന്റെ കരുത്തുറ്റ ഇടിയുടെ ആഘാതത്തിൽ ആടിയുലഞ്ഞ മരം… മെല്ലെ വട്ടം ഒടിഞ്ഞു താഴേക്ക് പതിച്ചു… ഒപ്പം ജീപ്പും….

അരവിയേട്ടാ…… !

ബഷീറിന്റെ അലറി കരച്ചിൽ ആ ഇരുളിൽ വടയമ്പാടിയിൽ മുഴങ്ങി….

                               തുടരും…..

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!