Skip to content

ദുര്യോധന – 16

duryodhana-novel

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുൻപേ കയത്തിനു സമീപം നിന്ന മരത്തിലേക്ക് ഇടിച്ചു കയറിയ ജീപ്പ് നിന്ന നില്പിൽ ഒന്ന് വട്ടം കറങ്ങി…. ജീപ്പിന്റെ കരുത്തുറ്റ ഇടിയുടെ ആഘാതത്തിൽ ആടിയുലഞ്ഞ മരം… മെല്ലെ വട്ടം ഒടിഞ്ഞു താഴേക്ക് പതിച്ചു… ഒപ്പം ജീപ്പും….

അരവിയേട്ടാ…… !

ബഷീറിന്റെ അലറി കരച്ചിൽ ആ ഇരുളിൽ വടയമ്പാടിയിൽ മുഴങ്ങി…

        ********* ******** ********

ബലരാമനും വിശ്വംഭരനും ജോണിന്റെ വാടക വീട്ടിൽ എത്തിയപ്പോഴേക്കും അവർ അവിടുന്ന് രക്ഷപ്പെട്ടിരുന്നു…..

രാമ….. അവൻ രക്ഷപ്പെട്ടുകൂടാ….

ബലരാമൻ…. വണ്ടി തിരിച്ചു…. വെറി പിടിച്ച കാളയെ പോലെ ജിപ്സി ഇരകളെ തേടി കുതിച്ചു….

കയ്യും മെയ്യും മറന്നു ജോൺ എന്ന ശത്രുവിനെ തേടിയുള്ള യാത്രക്കിടയിൽ പാറമടക്കയത്തിനു സമീപം പൊട്ടി കരഞ്ഞു കൊണ്ടിരിക്കുന്ന ബഷീറിന്റെ രൂപം ബാലരാമന്റെയോ വിശ്വംഭരന്റെയോ കണ്ണിൽ പതിഞ്ഞില്ല….

വണ്ടിയുടെ പിന്നിലെ ചുവപ്പ് വെട്ടം അകന്നു പോകുന്നത് കണ്ട് കൊണ്ട് ബഷീർ നിസഹായനായി ഇരുന്നു…. കയത്തിന്റെ ആഴങ്ങളിലേക്ക് പോകുകയായിരുന്ന അരവിന്ദന്റെ മുഖത്ത് അപ്പോഴും തോൽക്കാൻ മനസ്സില്ലാത്ത ഒരു പോരാളിയുടെ ഭാവമായിരുന്നു…..

ജോണിനെ പുറകെയുള്ള ബാലരാമന്റെയും വിശ്വംഭരന്റെയും യാത്ര ചെന്നെത്തിയത് ഷൊർണുർ ആണ്….

ഷൊർണുർ – പട്ടാമ്പി പാതയോരത്തെ മാധവന്റെ വീടിനു മുൻപിൽ…..

ഒരു കൊടുംകാറ്റ് കണക്കെ ബലരാമൻ ഗേറ്റ് കടന്നു അകത്തേക്ക് കുതിച്ചു….പുറകെ വിശ്വംഭരനും….

വീടിന്റെ മുന്പിലെത്തിയ ബലരാമൻ അവിടെ കണ്ട കാഴ്ചയിൽ ഒരു നിമിഷം പതറി….

കുത്തേറ്റ് പിടയുന്ന മാധവനും ഭാര്യ ജാനകിയും…. മാധവന്റെ ഇടനെഞ്ചിൽ തറച്ചിരിക്കുന്ന ഇരുതല മൂർച്ചയുള്ള കത്തി….. .

മാധവൻ ദയനീയമായി ബലരാമന് നേരെ ഒരു നോട്ടമെറിഞ്ഞു… പ്രതീക്ഷയുടെ ഒരു ചെറുതിരിനാളം ആ നോട്ടത്തിൽ ഉണ്ടായിരുന്നു….

                ******************

പത്ത് മിനിട്ടുകൾക്ക് മുൻപ് മാധവന്റെ വീടിന്റെ മുൻവശം…..

മാധവനെയും വഹിച്ചു കൊണ്ടുള്ള ജോണിന്റെ കാർ ഇടിമിന്നൽ പോലെയാണ് ആ വീട്ടുമുറ്റത്തു വന്നു നിന്നത്….

ജോൺ പുറത്തേക്കിറങ്ങി…. ബാക്കിലെ ഡോർ തുറന്നു മാധവനെ വലിച്ചു പുറത്തേക്കിറക്കി കാറിനോട് ചേർത്ത് നിർത്തി….

അപ്പോഴേക്കും ബാക്കി നാലുപേരും സഞ്ചരിച്ച വാഹനവും അവിടെ എത്തിച്ചേർന്നു….

എല്ലാം നശിപ്പിച്ചില്ലെടാ നീ…. ബുദ്ധിയില്ലാത്ത കഴുത…. എത്ര കോടി രൂപയാണ് അതിന് വേണ്ടി ചിലവഴിച്ചെതെന്നു അറിയാമോ….

ജോൺ മാധവന് നേരെ അലറി….

സാർ…. ജോൺ സാർ… ഇത് ഞാനാണ് മാധവൻ…. ഞാൻ എന്തു ചെയ്തു….?

മാധവൻ അപ്പോഴും മദ്യം പകർന്നു നൽകിയ മോഹനവസ്ഥയിൽ നിന്നും പൂർണമായും മോചിതനായിട്ടുണ്ടായിരുന്നില്ല…..

അത് നിനക്ക് കുറച്ച് കൂടി കഴിയുമ്പോൾ മനസിലാകും…. നീ ഒറ്റൊരുത്തൻ കാരണം അരവിന്ദനെ കൊല്ലേണ്ടി വന്നു…. വെറി പിടിച്ച നായയെ പോലെ ബലരാമൻ പുറകെ വരുന്നുണ്ട്…. അവന്റെ വെറി തീർക്കാൻ നിന്നെയും കുടുംബത്തെയും ഇട്ടുകൊടുത്തിട്ട് ഞാൻ രക്ഷപ്പെടും…. അവനു കൈയെത്താത്ത അകലത്തിലേക്കു….

അത്രയും പറഞ്ഞിട്ട് മാധവനെ പിടിച്ചു അകലേക്ക്‌ വലിച്ചെറിഞ്ഞു ജോൺ…

ഗുഡ് ബൈ മൈ ഫ്രണ്ട്….

മണ്ണിലേക്ക് തെറിച്ചു വീണ മാധവനെ നോക്കി വികൃതമായി ചിരിച്ചു കൊണ്ട് ജോൺ പറഞ്ഞുകൊണ്ട് കാറിന്റെ ഡോർ തുറക്കാൻ തുടങ്ങി…..

മിന്നൽ പോലെയാണ് മാധവൻ വീണു കിടന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റത്…. ഒരൊറ്റ കുതിപ്പിന് ജോണിന്റെ മുതുകത്തു തന്നെ തന്റെ വലംകാൽ മാധവൻ പതിപ്പിച്ചു…..

നല്ല കിടിലൻ ചവിട്ട് തന്നെയായിരുന്നു അത്…. ജോൺ മുൻപിലേക്ക് തെറിച്ചു വീണു….

എന്നെ കുഴിയിലാക്കിയിട്ട് നീ എങ്ങോട്ട് പോകാനാടാ സായിപ്പ് കഴുവേറി…. തൂങ്ങുവാണെങ്കിൽ അത് ഞാനും നീയും ഒരുമിച്ച്….

മുണ്ട് മടക്കി കുത്തി കൊണ്ട് എന്തിനും തയ്യാറായി നിന്നു വെല്ലുവിളിക്കുന്ന മാധവനെ കണ്ട് ജോൺ ഒന്ന് അമ്പരന്നു…. ഇത്രയും കാലം ബുദ്ധിയില്ലാത്ത ഒരു വിഡ്ഢിയെ പോലെ കൂടെ നിന്ന മാധവന്റെ മാറ്റം അയാളെ അത്ഭുതപ്പെടുത്തി കളഞ്ഞു….

മിസ്റ്റർ മാധവൻ…… !

ജോൺ കിടന്ന കിടപ്പിൽ വിളിച്ചു….

വോ… തന്നെടാ… മാധവൻ തന്നെ… നീ എന്താ വിചാരിച്ചത് ഞാൻ വെറും പൊട്ടനാണെന്നോ….എന്നെ ബലരാമന് തിന്നാൻ കൊടുത്തിട്ട്…. നീ ഒറ്റക്ക് രക്ഷപെടാമെന്നോ…? തെറ്റിപ്പോയി ജോണേ…. തെറ്റിപ്പോയി….

മാധവൻ അത്രയും പറഞ്ഞപ്പോഴേക്കും… ജോൺ മെല്ലെ എഴുന്നേറ്റു….

ഓക്കേ ഓക്കേ… സോറി….റിയലി സോറി മൈ ഫ്രണ്ട്…

പറഞ്ഞു കൊണ്ട് ജോൺ മാധവന്റെ അടുത്തേക്ക് നടന്നടുത്തു….

ഓക്കേ ഓക്കേ…. എനിക്ക് എന്തോ പെട്ടന്ന് വല്ലാതെ ദേഷ്യം വന്നു… അത് കൊണ്ട്… അങ്ങനെ സംഭവിച്ചു പോയതാണ്…. നഷ്ടമായതിന്റെ വില…. അത് എങ്ങനെ പറഞ്ഞറിയിക്കണം എന്ന് എനിക്കറിയില്ല മൈ ഫ്രണ്ട്…. സോറി… റിയലി സോറി….

ജോൺ പറഞ്ഞു കൊണ്ട് മാധവനെ കെട്ടി പിടിച്ചു…..

രണ്ട് നിമിഷം…. രണ്ടേ രണ്ട് നിമിഷം…..

മാധവന്റെ മുഖഭാവം മാറിയത് പെട്ടെന്നായിരുന്നു….

ജോൺ മാധവനെ ബലമായി പിടിച്ചു മാറ്റികൊണ്ട് പിന്നിലേക്ക് മാറി….

മാധവൻ ഭീതിയോടെ തന്റെ നെഞ്ചിലേക്ക് നോക്കി….

മാധവന്റെ ഹൃദയം തുളച്ചു കയറിരുന്നു ജോണിന്റെ കത്തി…. അതിന്റെ പിടി മാത്രമേ പുറത്തു കാണാനുണ്ടായിരുന്നുള്ളു…..

മാധവൻ ദയനീയമായി ജോണിനെ നോക്കി…. അയാൾ മാധവനെ നോക്കി വികൃതമായി ചിരിച്ചു….

പെട്ടെന്നാണ് പുറത്തെന്തോ ശബ്ദം കേട്ട മാധവന്റെ ഭാര്യ ജാനകി പുറത്തേക്ക് വാതിൽ തുറന്ന് ഇറങ്ങി വന്നത്…. പുറത്തെ കാഴ്ച കണ്ട ജാനകി നടുങ്ങി പോയി….

മാധവേട്ടാ….

അലറി കരഞ്ഞുകൊണ്ടവൾ മാധവന്റെ അടുത്തേക്ക് കുതിച്ചു…. അവൾ മാധവന്റെ തൊട്ടടുത്ത് എത്തിയതും ജോണിന്റെ കൂടെ വന്ന സ്ത്രീകളിൽ ഒരാളുടെ കത്തി ജാനകിയുടെ നെഞ്ചിലും തുളഞ്ഞു കയറിയിരുന്നു….

ജാനകി…..

മാധവൻ അലറി കരഞ്ഞു….. ജാനകിയുടെ നെഞ്ചിൽ നിന്നും ഊരിയെടുത്ത കത്തിയിൽ നിന്നും രക്തതുള്ളികൾ മാധവന്റെ മുഖത്തേക്ക് തെറിച്ചു…..

വീണ്ടും ഒരു പ്രാവിശ്യം കൂടി ജാനകിയുടെ ശരീരത്തിൽ ആ കത്തി പുളഞ്ഞു കയറി…. ഇത്തവണ ജാനകിയുടെ അടിവയറിലാണ് കത്തി കയറിയത്….

കത്തി വലിച്ചൂരിയ സ്ത്രീ ജോണിനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു… ജോൺ ഒരു പുരികം മാത്രം പൊക്കി അതിലും മനോഹരമായ ഒരു പുഞ്ചിരി അവൾക്കും സമ്മാനിച്ചു….

പിന്നെ അവരുടെ നീക്കം വളരെ പെട്ടെന്നായിരുന്നു…. എല്ലാം കഴിഞ്ഞു വണ്ടികൾ രണ്ടും അതിവേഗം പിന്നിലേക്ക് നീങ്ങി പോയി….

ഒരു അഞ്ചു നിമിഷങ്ങൾക്ക് ശേഷം ബലരാമൻ അകത്തേക്ക് കുതിച്ചെത്തി….

വീടിന്റെ മുന്പിലെത്തിയ ബലരാമൻ അവിടെ കണ്ട കാഴ്ചയിൽ ഒരു നിമിഷം പതറി….

കുത്തേറ്റ് പിടയുന്ന മാധവനും ഭാര്യ ജാനകിയും…. മാധവന്റെ ഇടനെഞ്ചിൽ തറച്ചിരിക്കുന്ന ഇരുതല മൂർച്ചയുള്ള കത്തി…..

മാധവൻ ദയനീയമായി ബലരാമന് നേരെ ഒരു നോട്ടമെറിഞ്ഞു… പ്രതീക്ഷയുടെ ഒരു ചെറുതിരിനാളം ആ നോട്ടത്തിൽ ഉണ്ടായിരുന്നു….

ബലരാമൻ മാധവന്റെ അരികിൽ മുട്ട് കുത്തിയിരുന്നു….

അവനാണ് ജോൺ…. അവൻ രക്ഷപ്പെട്ടു പോയാൽ വീണ്ടും വരും… പൂർവാധികം ശക്തിയോടെ തിരിച്ചു വരും…. വിടരുത്…. അവനെ ജീവനോടെ ഈ മണ്ണിൽ നിന്നും തിരിച്ചു വിടരുത്…. കൊ… കൊ….

മാധവന് വാക്കുകൾ തൊണ്ടയിൽ തടഞ്ഞത് പോലെ തോന്നി….

നെഞ്ചിൽ തറഞ്ഞിരിക്കുന്ന കത്തി വലിച്ചൂരാൻ ശ്രമിച്ചു കൊണ്ട് മാധവൻ ഒരു വിധം പറഞ്ഞൊപ്പിച്ചു…

ബലരാമൻ ആ കത്തി പിടിയിൽ പിടുത്തമിട്ടു…. സർവ്വ ശക്തിയും സംഭരിച്ചു വലിച്ചൂരിയെടുത്തു….

അമ്മേ……..

മാധവനിൽ നിന്നും അവസാന കരച്ചിൽ ഉയർന്നു…. അയാളുടെ നെഞ്ചിൽ നിന്നും ചോര പൂക്കുറ്റി പോലെ ചിതറി….

ഒരു പിടച്ചിൽ… ചെറിയൊരു ഞരങ്ങൽ…. അകത്തേക്ക് ഒരു ദീർഘ നിശ്വാസം… പിന്നെ ആ ശ്വാസം പുറത്തേക്ക് വന്നില്ല….

തീർന്നു….

ബലരാമന്റെ പിന്നിൽ നിന്ന വിശ്വംഭരൻ പറഞ്ഞു…. 

അകത്തു ജനലിന്റെ അരികിൽ ഉറക്കം വിട്ടൊഴിഞ്ഞു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന ഒൻപത് വയസ്സുകാരിയുടെ കണ്ണിൽ ആദ്യം തെളിഞ്ഞത്…. അച്ഛന്റെ നെഞ്ചിൽ നിന്നും കത്തി വലിച്ചൂരുന്ന ആളുടെ മുഖമായിരുന്നു….

ചെറുതോട്ടത്തിൽ ബലരാമന്റെ മുഖം….

ബലരാമന്റെ എക്കാലത്തെയും വലിയ ശത്രുവായ മിത്രതങ്കച്ചിയുടെ ജനനം അവിടെ… ആ നിമിഷം നടന്നു….

മാധവന്റെ കണ്ണുകളിൽ മരണവെപ്രാളത്തിന്റെ ഇടയിലും കണ്ട ചില സൂചനകൾ…. ആ ചുണ്ടുകൾ പറയാതെ പറഞ്ഞ ഒരു വാചകം….

കൊച്ചി…

അത് മതിയായിരുന്നു ബലരാമന്….

പട്ടാമ്പി – കുന്നംകുളം റോഡിലൂടെ അതിവേഗം പായുകയായിരുന്നു ജോണിന്റെ കാർ….

ഇടക്ക് ഒരു പൈപ്പ് കണ്ടപ്പോൾ ജോൺ വണ്ടി നിർത്തി…

പുറകെ വന്ന വണ്ടിയും ജോണിന്റെ പിന്നിലായി വണ്ടി നിർത്തി…

ജോൺ പൈപ്പിന്റെ അടുത്ത് ചെന്നു മുഖം കഴുകി… കുറച്ചു വെള്ളം പൈപ്പിൽ നിന്നും തന്നെ കുടിച്ചു… ശേഷം അയാൾ ഒരു ദീർഘനിശ്വാസം എടുത്ത് കൊണ്ട് തല കുടഞ്ഞു…

ജോൺ…. എന്ത് പറ്റി….

നത്തിങ്…. ഒന്ന് റിലാക്സ് ചെയ്യാമെന്ന് വെച്ചു…. ഇനി പേടിക്കാനില്ല… നമ്മൾ കൊച്ചിയിലേക്കാണ് പോകുന്നതെന്ന് ബലരാമൻ അറിഞ്ഞാലും അയാൾ തൃശൂർ വഴിയെ കൊച്ചിക്ക് പോകാൻ ചാൻസുള്ളൂ… നമ്മൾ കുന്നംകുളം കൊടുങ്ങല്ലൂർ വഴി മട്ടാഞ്ചേരിയിൽ എത്തും… വെളുപ്പിന് പോർട്ടിൽ നിന്നും പോകുന്ന ഏതെങ്കിലും ബോട്ടിലോ ഷിപ്പിലോ കയറി ശ്രീലങ്ക അല്ലെങ്കിൽ മാലിദ്വീപ്…. അവിടുന്ന് അമേരിക്ക… തല്ക്കാലം അതെ നിവൃത്തിയുള്ളു… ഇപ്പോഴത്തെ അവസ്ഥയിൽ ബാലരാമനോട് ഏറ്റുമുട്ടാൻ നിൽക്കുന്നത് അപകടമാണ്…

ജോൺ പറഞ്ഞത് ശരിയാണെന്നു മറ്റുള്ളവർക്കും തോന്നി… ജോൺ തന്റെ വാച്ചിലേക്ക് നോക്കി സമയം 2.30 കഴിഞ്ഞിരുന്നു…. അയാൾ റോഡിലേക്ക് ഇറങ്ങി നിന്നു കൊണ്ട് ഇരുവശത്തേക്കും നോക്കി…

റോഡ് വിജനമാണ്…. ഇരുൾ പരന്നു കിടക്കുന്ന റോഡിൽ തെരുവ് വിളക്കുകളുടെ നേരിയ പ്രകാശം മാത്രം…. ആ പ്രകാശത്തിൽ മൂടൽ മഞ്ഞിന്റെ നേരിയ ഒരു ആവരണവും ഉണ്ട്….

അയാൾ നെഞ്ചിൽ കൈവെച്ചു ഒന്ന് കൂടി ദീർഘനിശ്വാസം എടുത്തത്തിന്റെ തൊട്ടടുത്ത നിമിഷം….

അവരുടെ ഏകദേശം 50 മീറ്റർ മുൻപിലേക്ക് മാറിയുള്ള ഇടറോഡിൽ നിന്നും വലിയ ഒരു മുരൾച്ചയോടെ ജിപ്സി നിലം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മെയിൻ റോഡിലേക്ക് കുതിച്ചെത്തി…..

ജിപ്സിയുടെ ഇരമ്പം കേട്ട് ജോണടക്കം അഞ്ചു പേരും നടുങ്ങി പോയി…..

മെയിൻ റോഡിലേക്കെത്തിയ ജിപ്സി ഇടത്തേക്ക് വെട്ടി തിരിഞ്ഞു…. അതിന്റെ ടയറുകൾ റോഡിൽ ഉരഞ്ഞതിന്റെ കരിഞ്ഞ ഗന്ധം അവിടമാകെ പരന്നു….

ജിപ്സി പെട്ടെന്ന് നിശ്ചലമായി… അതിന്റെ ഹെഡ് ലൈറ്റുകളുടെ പ്രകാശം തങ്ങളുടെ മരണത്തിന്റെ ഇരുട്ടായാണ് അഞ്ചു പേർക്കും തോന്നിയത്….

ജിപ്സി ഒന്ന് മുരണ്ടു… അത് മുന്നിലേക്ക് കുതിക്കാൻ എന്ന മട്ടിൽ രണ്ട് പ്രവിശ്യം മുൻപോട്ട് ആഞ്ഞു…

പിന്നെ അത് നിശ്ചലമായി….

വലതു വശത്തെ ഡോർ തുറന്നു ബലരാമൻ പുറത്തേക്കിറങ്ങി….

അവന്റെ വലത് കയ്യിലിരുന്ന ബൈക്കിന്റെ ഷോക്ക് ലിവർ സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ വെട്ടി തിളങ്ങി….

ലിവർ റോഡിൽ ഉരച്ചു കൊണ്ട് ബലരാമൻ അവർക്കരികിലേക്ക് മെല്ലെ നടന്നു….

തങ്ങളുടെ നേരെ നടന്നു വരുന്ന  അതികായനെ കണ്ട് ജോൺ ഉമിനീര് ഇറക്കാൻ പോലും മറന്നു നിന്നു…

ബലരാമൻ ജോണിന്റെ മുൻപിലെത്തി നിന്നു… അവന്റെ കണ്ണുകളെ നോക്കാൻ ത്രാണിയില്ലാതെ ജോൺ തല കുനിച്ചു….

എന്റെ അരവിന്ദന്റെ ദേഹം കുത്തി തുളച്ചിട്ടു ഈ മദാമ്മ  പിള്ളേരെയും കൂട്ടി നീ ഏത് മറ്റെടുത്തേക്ക് സുഖവാസത്തിനു പോകുകയാടാ നായിന്റെ മോനെ…..

തന്റെ തൊട്ട് മുൻപിൽ നിന്നും ഒരു കടുവ മുരളുന്നത് പോലെയാണ് ബലരാമൻ അത് ചോദിച്ചപ്പോൾ ജോണിന് തോന്നിയത്….

അയാൾ ഒന്നും പറയാനില്ലാതെ പകച്ചു നിന്നു…

തൊട്ടടുത്ത നിമിഷം അരവിന്ദനെയും ജാനകിയേയും കുത്തി വീഴ്ത്തിയവൾ അലർച്ചയോടെ ബലരാമന്റെ നേർക്ക് കുതിച്ചു…..

പക്ഷെ അവൾ ബലരാമന്റെ അടുത്ത് എത്തും മുൻപ് തന്നെ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചു വീണു…. അവിടെ നിന്നും താഴേക്കും… റോഡിൽ…. ജോണിന്റെ മുൻപിൽ കിടന്നു അവൾ പിടഞ്ഞു…..

എലീന….

ജോൺ അലറി…..

അവളുടെ കഴുത്തിൽ തറഞ്ഞിരിക്കുന്ന കത്തി അയാൾ വ്യക്തമായി കണ്ടു….

തൊട്ടടുത്ത നിമിഷം ജോണിന്റെ കൂട്ടുകാരന്റെ കഴുത്തിലും പാഞ്ഞു വന്ന കത്തി തുളച്ചു കയറി….

അയാളുടെ അടുത്ത് നിന്ന സ്ത്രീകൾ രണ്ട് പേരും ചെവി പൊത്തിപിടിച്ചു കൊണ്ട് കരഞ്ഞു….

ജോൺ ഭീതി നിറഞ്ഞ കണ്ണുകളോടെ ബലരാമന്റെ പിന്നിലേക്ക് നോക്കി….

ജിപ്സിയുടെ അരികിൽ നിന്നും ഇടതു കയ്യിലും വലത് കയ്യിലും ഓരോ കത്തിയുമായി ഒരാൾ നടന്നു വരുന്നത് ജോൺ കണ്ടു….

ജോൺ അപേക്ഷ ഭാവത്തിൽ ബലരാമനെ നോക്കി….

ഇവനോടൊന്നും സംസാരിച്ചു സമയം കളയണ്ട രാമാ…..

അവരുടെ അടുത്തേക്ക് വന്നുകൊണ്ട് വിശ്വംഭരൻ പറഞ്ഞു….

തീർത്തേക്ക്……

വിശ്വംഭരൻ പറഞ്ഞു തീരും മുൻപേ ബലരാമന്റെ വലത് കയ്യിലിരുന്ന ഷോക്ക് ലിവർ  ഉയർന്നിരുന്നു……

മൂന്ന് മിനിട്ടുകൾക്ക് ശേഷം…..

ഹെഡ് ലൈറ്റ് തെളിയിച്ചു കൊണ്ട് മുന്നിലേക്ക് കുതിക്കുന്ന ജിപ്സിക്ക് പിന്നിലായി രണ്ട് കാറുകളും ഉഗ്രശബ്ദത്തോടെ പൊട്ടിചിതറി…. രണ്ട് അഗ്നിഗോളങ്ങളായി മാറി കഴിഞ്ഞിരുന്നു…..

              ***************

വിശ്വംഭരൻ പറഞ്ഞു നിർത്തി…..

കേദാറും അനന്തുവും മറ്റുള്ളവരും വിശ്വംഭരനെ തന്നെ നോക്കി നിന്നു…..

അരവിന്ദൻ, മാധവൻ, ജോൺ അടക്കം 8 മരണങ്ങളുടെയും ഉത്തരവാദിത്തം ബലരാമന്റെ തലയിലായി…. വജ്രഖനനവുമായി ബന്ധപ്പെട്ട തർക്കങ്ങളും അരവിന്ദനും ബാലയും തമ്മിലുണ്ടായ അടുപ്പവും ഓക്കേ അതിന് കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെട്ടു…. ഒരു വർഷത്തോളം വിചാരണ തടവുകാരനായി അവൻ ജയിലിൽ കിടന്നു…. അവസാനം തെളിവുകളുടെ അഭാവത്തിൽ വിചാരണ കോടതി അവനെ വെറുതെ വിട്ടു… പിന്നെയും അപ്പീലുകൾ… കോടതി… വിചാരണ…. അങ്ങനെ നീണ്ടു ആ നിയമയുദ്ധം… എല്ലാവരുടെയും മുൻപിൽ അവൻ തെറ്റുകാരനായി…. എന്നെയും ബഷീറിനെയും സത്യം പറയുന്നതിൽ നിന്നും അവൻ വിലക്കി…. ഇനിയും വടയമ്പാടിയിലെ മണ്ണിനു വില പറയാൻ ആരെങ്കിലുമൊക്കെ വരുമെന്ന് അവനു ഉറപ്പുണ്ടായിരുന്നു…. സ്വയം അവൻ സുയോധന വേഷം അഴിച്ചു വെച്ചു ദുര്യോധനനായി…. വടയമ്പാടിയുടെ കാവൽക്കാരനായി…

അനന്തുവിന് തന്റെ  ഉള്ളിലെവിടെയോ ഒരു വിങ്ങൽ അനുഭവപ്പെട്ടു… പക്ഷെ കേദാറിന് മാറ്റമൊന്നും ഉണ്ടായില്ല…

അവൻ അച്ഛന്റെ മുഖത്ത് നോക്കി പുശ്ചത്തോടെ ഒന്ന് ചിരിച്ചു….

നിന്റെ ചിരിയുടെ അർത്ഥം എനിക്ക് മനസിലായി….നീ എന്റെ മകനാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ബഷീറിനെ കൈവെച്ചിട്ടും വടയമ്പാടിയിൽ നിന്റെ ദേഹത്ത് തിരിച്ചു ഒരാൾ തൊടാതിരുന്നത്…. നിനക്ക് ഉള്ള താക്കീത് വണ്ടി കത്തിച്ചതിൽ ഒതുങ്ങിയത്… സിദ്ധാർത്ഥിന്റെ മരണത്തിനു പിന്നിൽ നീയല്ല എന്നുറപ്പ് ഉള്ളത് കൊണ്ടാണ് അന്ന് ആ സ്റ്റേഷനിൽ നിന്നും നിനക്ക് പുറത്തു പോകാൻ കഴിഞ്ഞത്…. പിന്നെ അനന്തുവിനോട് ഒരു കാര്യം….

നീ വിചാരിക്കും പോലെ കേദാറിനെ അപകടപ്പെടുത്താൻ ശ്രമിച്ചതും സിദ്ധുവിനെയും മേഘയെയും കൊന്നതും നിന്റെ അറിവില്ലാതെ നിന്റെ ആൾക്കാർ ചെയ്തതല്ല… അങ്ങനെ നിന്നെ അവർ വിശ്വസിപ്പിച്ചതാണ്…. ഡേവിഡ് അവനെ ഇങ്ങോട്ട് കൊണ്ട് വാ…

വിശ്വംഭരൻ പറഞ്ഞതും ഡേവിഡ് പുറത്തേക്ക് പോയി….

കേദാർ ജനലിൽ കൂടി പുറത്തേക്ക് നോക്കി കിടന്നു…

രണ്ട് മിനിട്ടുകൾക്ക് ശേഷം ഡേവിഡ് തിരിച്ചെത്തി….

അവന്റെ വലത് കൈയിൽ പൂച്ചകുഞ്ഞിനെ പോലെ ഫസലിനെ തൂക്കി പിടിച്ചിരുന്നു….

ഇബ്രാഹിമിന്റെയും മിത്രയുടെയും നിർദേശാനുസരണം സിദ്ധാർത്ഥിന്റെ സുഹൃത്തായി കൂടെക്കൂടി വടയമ്പാടിയിൽ എത്തിയ ഇവൻ…ഇവനാണ് എല്ലാത്തിനും പിന്നിൽ…. സിദ്ധാർഥിനെയും മേഘയെയും കൊലപ്പെടുത്താൻ വടയമ്പാടിയിലെത്തിയ സംഘത്തിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് ഇവനാണ്…. അനന്തു തന്റെ ഏറ്റവും വിശ്വസ്തനെന്നു കരുതിയ ജയറാമിന്റെ സഹായത്തോടെയാണ് എല്ലാം നടന്നത്…. കേദാറിനെ കൊല്ലാനുള്ള വഴികളെല്ലാം ഒരുക്കിയ ശേഷം ഇവൻ കൂട്ടുകാരോടൊത്ത് രക്ഷപെടാൻ ശ്രമിച്ചു…. യൂനസും ഡേവിഡും കൂടിയാണ് ഇവനെ പൊക്കിയത്….

വിശ്വംഭരൻ ഒരു നിമിഷം നിർത്തി….. എന്നിട്ട് അനന്തുവിനെ നേരെ തിരിഞ്ഞു….

കുഞ്ഞേ അനന്തു… നിന്റെ കൂടെ ഉണ്ടെന്ന് നീ വിശ്വസിച്ച പലരും നിന്റെ ആൾക്കാരല്ല… അവരെല്ലാം ഇബ്രാഹിമിന്റെയും മിത്രയുടെയും ആൾക്കാരാണ്…. ബലരാമനെ വീഴ്ത്താൻ നിന്നെ കരുവാക്കി… അവസാനം നിന്നെ കൊണ്ടുള്ള ഉപകാരം കഴിഞ്ഞപ്പോൾ നിന്നെ ഒഴിവാക്കാനും ശ്രമിച്ചു….

അനന്തു ഒന്നും മിണ്ടാനാകാതെ തല കുനിച്ചു തന്നെ നിന്നു….

വിശ്വംഭരൻ മെല്ലെ കേദാറിന്റെ അടുത്തേക്ക് നടന്നു…. അയാൾ അവന്റെ തോളിൽ സ്പർശിച്ചു…. അവൻ അപ്പോഴും പുറത്തേക്ക് നോക്കികൊണ്ട്‌ തന്നെയിരിക്കുകയായിരുന്നു….

മോനെ ബലരാമനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്… ഇന്ന് വടയമ്പാടിയിൽ നടക്കുന്നതിനു നേരെ കണ്ണടച്ചാൽ നാളെ നമ്മുടെ നാട്ടിൽ പലയിടത്തും ഇത് ആവർത്തിക്കും…. ബലരാമൻ ഇപ്പോൾ തോറ്റു നില്കുകയായാണ്… ഇന്നലെ… ഇന്നലെ രാത്രി അവന്റെ എല്ലാമായ യൂനസ് മരിച്ചു….ബലരാമൻ…  അവൻ… അവനിപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്…. അച്ഛന് നിന്നെ വിശ്വാസമാണ്…. ഈ പിള്ളേര് രണ്ടും എന്തിനും പോന്നവരാണ്… പക്ഷെ നല്ല യോദ്ധാക്കളായ ഇവർക്ക് നല്ല സൈന്യാധിപന്മാരാകാൻ കഴിയില്ല… അതിനായി നിയോഗിക്കപ്പെട്ടവർ ഉണ്ട്…. അതിനായി ജന്മം കൊണ്ടവർ… എന്റെ മകന് നല്ലൊരു സൈന്യാധിപൻ ആകാൻ കഴിയും….. ബലരാമനും യുനസും ഇല്ല എന്ന് കരുതി നമ്മുടെ മണ്ണിന്റെ നെഞ്ചകം തുരക്കാൻ വരുന്നവർക്ക് മുന്നിൽ ഒരിക്കലും തകർക്കാൻ പറ്റാത്ത കോട്ട കെട്ടാൻ നിനക്ക് പറ്റും… നിനക്കെ പറ്റു…..

കേദാർ അച്ഛന്റെ മുഖത്തേക്ക് നോക്കി….. അച്ഛന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന അപേക്ഷഭാവം അവൻ വ്യക്തമായി കണ്ടു….

ഇത് നമ്മുടെ കടമയാണ് മോനെ…. ബലരാമന് വേണ്ടിയല്ല… നമ്മുടെ മണ്ണിനു വേണ്ടി….

വിശ്വംഭരൻ പറഞ്ഞു തീർന്നതും കേദാർ കട്ടിലിൽ നിന്നും മെല്ലെ എഴുനേൽക്കാൻ ശ്രമിച്ചു….എഴുന്നേറ്റു നില്കാൻ  വിശ്വംഭരൻ അവനെ സഹായിച്ചു…. അനന്തുവും മെല്ലെ എഴുന്നേറ്റു….

വിശ്വംഭരന്റെ തോളിൽ സപ്പോർട്ട് ചെയ്തു കൊണ്ട് കേദാർ നിവർന്നു നിന്നു….. അവൻ അനുഭവിക്കുന്ന വേദന അവന്റെ മുഖത്ത് വ്യക്തമായി തെളിഞ്ഞു നിന്നു….

കേദാർ വിശ്വംഭരന്റെ സഹായത്തോടെ ഫസലിന്റെ തൊട്ട് മുൻപിലെത്തി നിന്നു….. ശേഷം അവൻ ഡേവിഡിന് നേരെ കൈ നീട്ടി…

ഡേവിഡ് എന്താണ് എന്ന് മനസ്സിലാകാതെ അമ്പരന്നു കേദാറിന്റെ മുഖത്തേക്ക് നോക്കി….

കളിക്കാൻ കളമൊരുങ്ങിയ കാര്യം ഹസനരേ അറിയിക്കണ്ടേ ഡേവിഡെ….

കേദാറിന്റെ ശബ്ദത്തിനു ഇടിമുഴക്കത്തിന്റെ കരുത്തുണ്ടായിരുന്നു…. അവന്റെ മുഖത്ത് പഴയ പൈശാചിക ഭാവം തിരികെ വന്നിരുന്നു….

മിശിഹായുടെ മുഖമുള്ള ചെകുത്താൻ….

ഡേവിഡിന്റെ മുഖത്ത് ഒരു ചിരി വിടർന്നു…. അവൻ ഇരുതലമൂർച്ചയുള്ള ചുരിക കേദാറിന്റെ കൈയിലേക്ക് കൊടുത്തു…..

കേദാർ ഫസലിന്റെ മുഖത്തേക്ക് നോക്കി…. അവന്റെ മുഖം ഭയം കൊണ്ട് വിളറി വെളുത്തിരുന്നു….

അനന്തു കളമൊരുക്കി കാത്തിരിക്കാൻ പറ മിത്ര തങ്കച്ചിയോട്….കളിക്കളത്തിൽ ഇനി ബലരാമൻ അല്ല കേദാർ ആണെന്നും കൂടി പ്രേത്യേകിച്ചു പറഞ്ഞേക്ക്…..

പറഞ്ഞു തീർന്നതും ഫസലിന്റെ നെഞ്ചിൽ കേദാർ ചുരിക കുത്തിക്കയറ്റി കഴിഞ്ഞിരുന്നു….

മിഴിഞ്ഞ കണ്ണുകളോടെ ഫസൽ കേദാറിന്റെ മുഖത്തേക്ക് നോക്കി….

കഥ തുടങ്ങിയതേ ഉള്ളു കുട്ടാ….. പക്ഷെ നിന്റെ റോൾ അപ്പോഴേക്കും കഴിഞ്ഞു…..

അവന്റെ മുഖത്ത് പിടിച്ചു തള്ളിക്കൊണ്ട് കേദാർ മൊഴിഞ്ഞു…

ഇതേ സമയം നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ട്….

എമിറേറ്റ്സ് എയർലൈൻസിന്റെ ദുബായ് -കൊച്ചിൻ ഫ്ലൈറ്റ് റൺവെയിൽ നിലം തൊട്ടു…..

അതിനുള്ളിൽ അവനുണ്ടായിരുന്നു….

കഥയിലെ പുതിയ നായകന് അതിലും കരുത്തനായ പുതിയ വില്ലൻ….

വില്യം….

വില്യം ജോൺ ബെനഡിക്റ്റ്…..

വിശ്വംഭരനും സംഘവും ചേർന്ന് കേദാറിനെ പുതിയ സൈന്യധിപനായി പട്ടാഭിഷേകം നടത്തുന്ന സമയത്ത് തന്നെ…. ഇബ്രാഹിം ഹസനാരും മിത്ര തങ്കച്ചിയും അടങ്ങുന്ന സംഘത്തിലേക്ക് അവർ കാത്തിരുന്ന അവരുടെ നായകൻ നടന്നടുത്തു…..

ആറരയടി ഉയരത്തിൽ അതിനൊത്ത കരുത്തുറ്റ ശരീരവുമായി…. ഒറ്റയാന്റെ തലയെടുപ്പോടെ അവൻ….

ദി റിയൽ സാത്താൻ….

വില്യം……..

                               തുടരും……

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!