Skip to content

ദുര്യോധന – 17

duryodhana-novel

കഥയിലെ പുതിയ നായകന് അതിലും കരുത്തനായ പുതിയ വില്ലൻ….

വില്യം….

വില്യം ജോൺ ബെനഡിക്റ്റ്…..

വിശ്വംഭരനും സംഘവും ചേർന്ന് കേദാറിനെ പുതിയ സൈന്യധിപനായി പട്ടാഭിഷേകം നടത്തുന്ന സമയത്ത് തന്നെ…. ഇബ്രാഹിം ഹസനാരും മിത്ര തങ്കച്ചിയും അടങ്ങുന്ന സംഘത്തിലേക്ക് അവർ കാത്തിരുന്ന അവരുടെ നായകൻ നടന്നടുത്തു…..

ആറരയടി ഉയരത്തിൽ അതിനൊത്ത കരുത്തുറ്റ ശരീരവുമായി…. ഒറ്റയാന്റെ തലയെടുപ്പോടെ അവൻ….

ദി റിയൽ സാത്താൻ….

വില്യം……..

          *********************

വില്യമിനെ കാത്ത് നിന്ന ഇബ്രാഹിമും മിത്രയും ചേർന്ന് അയാളെ സ്വീകരിച്ചു….. വിലകൂടിയ കാറുകളുടെ ഒരു വലിയ നിര തന്നെ നെടുമ്പാശ്ശേരിയിൽ നിന്നും കുണ്ടന്നൂർ ലക്ഷ്യമാക്കി കുതിച്ചു….

ഹോട്ടൽ ക്രൗൺ പ്ലാസ….. കുണ്ടന്നൂർ കൊച്ചി…..

ആഡംബരത്തിന്റെ അവസാന വാക്കെന്ന പോലെ അണിയിച്ചൊരുക്കിയ കോൺഫറൻസ് ഹാളിൽ അവർ എല്ലാവരും ഒത്തുകൂടി….

തങ്ങളുടെ പുതിയ ചക്രവർത്തിയെ കാണാനും കേൾക്കാനും വേണ്ടി…

ഇബ്രാഹിം ഹസ്സനാർ…. ആഭ്യന്തരമന്ത്രി പൂവത്തുങ്കൽ ശശിധരൻ…. കർണാടക രാഷ്ട്രീയത്തിലെ കരുത്തൻ അശോക് കുമാർ…. മകനും മംഗലാപുരം പോലീസ് കമ്മീഷണറും ആയ അഭിമന്യു അശോക്….. മിത്ര തങ്കച്ചി…. മലയോര കോൺഗ്രസ്‌ നേതാവ് ജേക്കബ് വർഗീസ്…. രാധ ഗ്രുപ്പ് ചെയർമാൻ രാജശേഖരൻ…. പ്രമുഖ വ്യവസായ ദല്ലാൾ മുജീബ് റഹ്മാൻ…. പിന്നെ ഇവരുടെയെല്ലാം വളരെ വേണ്ടപ്പെട്ടവനായ റാം മനോഹർ എന്ന കോൾഡ് ബ്ലഡഡ്‌ ക്രിമിനൽ…..

വില്യം എല്ലാവരെയും ഒന്ന് നോക്കി…. അയാളുടെ കുറുകിയ പൂച്ച കണ്ണുകൾ അഭിമന്യുവിൽ തറച്ചു നിന്നു….

അഭിമന്യു….. വേറെ വഴികൾ ഇല്ലാഞ്ഞിട്ടോ നിന്റെ തന്തയുടെ ആഢ്യത്വം കണ്ടിട്ടോ അല്ല നിന്നെ ഞാനും ഇബ്രാഹിമും ചേർന്ന് മംഗലാപുരത്തേക്ക് എത്തിച്ചത്…. വെറുമൊരു യൂനസിന്റെ തലയും അല്ല എനിക്ക് വേണ്ടത്….. അവൻ ബലരാമൻ…. അവസാനമായി ഒന്നും കാണാൻ പോലും  ആകാതെ എന്റെ പപ്പയും മമ്മിയും ഈ നശിച്ച നാട്ടിലെ ഏതോ തെരുവിൽ കിടന്നു പൊട്ടിച്ചിതറി പോയത് എന്തിനു വേണ്ടിയായിരുന്നു ആർക്കു വേണ്ടിയായിരുന്നു എന്നൊക്കെ നിങ്ങൾക്കും അറിവുള്ളതല്ലേ….?

വില്യമിന്റെ മുഴങ്ങുന്ന ശബ്ദം ആ മുറിയിൽ മുഴങ്ങി….

അഭിമന്യു…. തീർത്തു കളയാൻ ഇതിലും നല്ലൊരു അവസരം വേറെ കിട്ടില്ലായിരുന്നു…. ഒരു പോറൽ പോലും ഏൽക്കാതെ ബലരാമനെ കേരള പൊലീസിന് ഹാൻഡോവർ ചെയ്തിട്ട് വന്നിരിക്കുന്നു… പമ്പര വിഡ്ഢി….

വില്യം പറഞ്ഞത് കേട്ട് അഭിമന്യുവിന്റെ അഭിമാനം വ്രണപ്പെട്ടു….. അയാൾ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു….

ഡാ കോപ്പേ…. അങ്ങ് സ്കോട്ലൻഡിൽ നിന്നും ഇവിടെ വന്നിട്ട് ഞങ്ങളെ ഭരിക്കാൻ വരണ്ട…. ഇത് സ്ഥലം വേറെയാണ്….

വില്യമിന് നേരെ കൈ ചൂണ്ടി കൊണ്ട് അഭിമന്യു ഇടിവെട്ടുന്ന ശബ്ദത്തിൽ പറഞ്ഞു…. വില്യമിന്റെ മുഖഭാവം മാറി…. അവൻ തല ചെരിച്ചു പരുന്ത് ഇരയെ നോക്കും പോലൊരു കൂർത്ത നോട്ടം അഭിമന്യുവിനെ നോക്കി…. ഒപ്പം അവന്റെ മുഖത്ത് വികൃതമായ ഒരു പുഞ്ചിരി വിരിഞ്ഞു…..

ഒരൊറ്റ നിമിഷം…..

ഒരൊറ്റ നിമിഷത്തിനുള്ളിൽ ആ കോൺഫറൻസ് ഹാളിലേക്ക് ആയുധധാരികളായ ഒരു കൂട്ടം ആൾക്കാർ പെട്ടെന്ന് കടന്നു വന്നു… വില്യമും ഇബ്രാഹിമും ഒഴികെയുള്ള എല്ലാവരും ഗൺ പോയിന്റിലായി….

എല്ലാവരും ഒരു നിമിഷം കൊണ്ട് ഉമിനീര് ഇറക്കി…. ഭീതി കൊണ്ട് പലരുടെയും മുഖം വിളറി വെളുത്തു….

വില്യം ഒരു ചുരുട്ട് എടുത്ത് ചുണ്ടിൽ വെച്ച് അതിലേക്ക് അഗ്നി പകർന്നു…. എന്നിട്ട് ഉറച്ച ചുവടുകളോടെ അഭിമന്യുവിന്റെ അരികിലേക്ക് എത്തി…..

ഞാൻ ഒരു ലക്ഷ്യം നേടാൻ എത്തിയതാണ് ഇവിടെ… എനിക്ക് അത് നേടണം… ഞാൻ അത് നേടും… അതിന്റെ ഇടക്ക് ശ്വാശതമായ ബന്ധങ്ങൾ ഒന്നും എനിക്കില്ല മാൻ…. ശത്രുവായാലും മിത്രമായാലും… ബലരാമൻ ഒഴികെ….. രണ്ടും കല്പിച്ചു കളിക്കാനിറങ്ങിയ എന്നെ തിണ്ണമിടുക്കിന്റെ ബലത്തിൽ അങ്ങ് ഒലത്തിക്കളയാം എന്നൊരു വിചാരം നിനക്കുണ്ടെങ്കിൽ പൊന്നുമോനെ നിന്റെ ഈ നിൽക്കുന്ന അച്ഛനെയടക്കം നിന്റെ കുടുംബത്തെ മൊത്തം പച്ചക്ക് കത്തിക്കും ഞാൻ…. മുക്കാൽ ചക്രം നിന്റെയൊക്കെ നേരെ നീട്ടി നിന്നെ കൊണ്ടൊക്കെ പണിയെടുപ്പിക്കുന്ന വെറുമൊരു ഫ്യുഡൽ മാടമ്പി ആണ് ഞാനെന്നു കരുതിയെങ്കിൽ നിനക്ക് തെറ്റി…. ഐ ആം ദി കിങ്…. ഐ ആം ദി എംപറർ…. ഐ ആം ദി ഗോഡ്…..

അവസാന വാചകങ്ങൾ കൈകൾ രണ്ടും ഇരുവശത്തേക്കും വിടർത്തി പിടിച്ചു കൊണ്ട് ഒരു അലർച്ചയോടെ ആണ് അവൻ പറഞ്ഞത്….

വില്യം പറഞ്ഞതെല്ലാം നല്ല പച്ച മലയാളത്തിൽ ആണ്… യാതൊരു വിധ ഉച്ചാരണ പിശകും ഇല്ലാതെ…. അത് അവിടെ കൂടിനിന്നവരെയെല്ലാം അത്ഭുതപ്പെടുത്തി കളഞ്ഞു….

അഭിമന്യുവിന്റെ തല കുനിഞ്ഞു പോയി…. വില്യം ആയുധധാരികളോട് പുറത്തേക്ക് പോകാൻ ആജ്ഞാപിച്ചു…. എല്ലാവരും പുറത്തേക്ക് പോയി കഴിഞ്ഞപ്പോൾ വില്യം ചുറ്റുമൊന്നു നോക്കി….

സോറി ഗയ്‌സ്…. എന്റെ നേരെ വിരൽ ചൂണ്ടി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല…. ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക….

വില്യം അഭിമന്യുവിനെ നോക്കി പറഞ്ഞു…..

സോറി… ഐ ആം റിയലി സോറി വില്യം…. ബലരാമൻ കസ്റ്റഡിയിൽ ആയ വിവരം നിമിഷനേരം കൊണ്ടാണ് മാധ്യമങ്ങളിൽ വാർത്തയായത്…. സൊ… എനിക്ക് പിന്നെ വേറെ ഒന്നിനും ആകുമായിരുന്നില്ല….

അഭിമന്യുവിന്റെ ശബ്ദം താണിരുന്നു… അവൻ മുഖം കുനിച്ചാണ് അത്രയും പറഞ്ഞത്…

മ്മ്….. ദേ ഇത് ആദ്യം പറഞ്ഞാൽ മതിയായിരുന്നു….. അതിന് പകരം ആവശ്യമില്ലാതെ ഒരു സീൻ ക്രിയേറ്റ് ചെയ്തു…. സോറി അഭിമന്യു….

അഭിമന്യുവിനോട് അത്രയും പറഞ്ഞു കൊണ്ട് വില്യം റാമിന് നേരെ തിരിഞ്ഞു….

ഉബൈദ് മുസ്തഫ കമാൽ എന്ന അനന്തുവിനെ റാഞ്ചി കൊണ്ട് പോയത് ആരാണെന്നു വല്ല പിടിയുമുണ്ടോ…..?

.

നോ സാർ… ട്രെയ്‌സ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു….

സൊ…..ബലരാമൻ അകത്താണ്…. യൂനസ് ചരിത്രമായി…. 3 മാസം എങ്കിലും കഴിയാതെ ബലരാമൻ പുറത്തു വരില്ല എന്നു പ്രതീക്ഷിക്കാം അല്ലെ….?

പ്രതീക്ഷയല്ല വില്യം അവൻ പുറത്തു വരില്ല….

മറുപടി പറഞ്ഞത് ശശിധരനാണ്…. വില്യം അയാളെ ഒന്ന് നോക്കി…

ഒക്കെ അപ്പോൾ നമ്മൾ ഇന്ന്… ഈ നിമിഷം വരെ രഹസ്യമാക്കി വെച്ചിരുന്നതൊക്കെ നാളെ പരസ്യമാക്കുന്നു… നാളത്തെ മന്ത്രിസഭ യോഗത്തിൽ വടയമ്പാടി മൈനിങ് പ്രോജക്ടിന് അനുമതി കൊടുക്കും…. ബലരാമൻ പുറത്തിറങ്ങുമ്പോഴേക്കും വടയമ്പാടി മുഴുവനായി എനിക്ക് കുളം തോണ്ടണം….

ബലരാമൻ പുറത്തു വന്നാലും അയാളെ കൊണ്ട് ഇനി ഒന്നിനും ആവില്ല… യൂനസ് ആയിരുന്നു ബലരാമൻ… യൂനസ് ഇല്ലാത്ത സി ബി…. വെറും മലരാമൻ ആണ്….

മിത്രയാണ് അത് പറഞ്ഞത്…. അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തും വാക്കുകളിലും പുച്ഛം നിറഞ്ഞു നിന്നു….

പെട്ടെന്നാണ് ഇബ്രാഹിമിന്റെ ഫോൺ റിങ് ചെയ്തത്…. എല്ലാവരുടെയും ശ്രദ്ധ അയാളിലേക്കായി…

ഇബ്രാഹിം ഫോൺ എടുത്ത് സ്ക്രീനിലേക്ക് നോക്കി…

പ്രൈവറ്റ് നമ്പർ…..

ഇബ്രാഹിമിന്റെ മുഖം ചുളിഞ്ഞു…. അയാൾ കാൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു….

ഹസനരേ…….

ഒരു പ്രേത്യക ഈണത്തിൽ ഉള്ള വിളിയാണ് അയാളുടെ ചെവിയിൽ എത്തിയത്ത്….

ഹു ആർ യു…..?

എന്താണ് സുഹൃത്തേ…. നിങ്ങൾ ബാംഗ്ളൂർ ഉണ്ടെന്ന് കരുതി ഞാൻ അങ്ങോട്ടേക്ക് നിന്റെ ഗസ്റ്റ്‌ ഹൌസിലേക്ക് ഒരു സമ്മാനം കൊടുത്തു വിട്ടായിരുന്നു…. അപ്പോൾ നീ കൊച്ചിയിൽ നിന്റെ മറ്റവന്മാരുമായി ചേർന്ന് അമ്മക്ക് പിണ്ഡം വെക്കുന്ന കാര്യം ചർച്ച ചെയ്യാൻ പോയേക്കുവാണോ…..?

ആരാടാ നീ…..

കർണ്ണൻ…..

ഇബ്രാഹിമിന്റെ അലര്ച്ചക്ക് ഇടിമുഴക്കം പോലെയാണ് മറുപടി അയാളുടെ കാതുകളിൽ എത്തിയത്…..

ദുര്യോധനന്റെ വീഴ്ച ആഘോഷിക്കുന്ന വിഡ്ഢികളായ ശുനകന്മാരെ… യുദ്ധം തുടങ്ങിയതേ ഉള്ളു…. ദുര്യോധനന്റെ വീഴ്ച താത്കാലികമല്ലേ…. യൂനസ് വീണെന്നും കരുതി ബലരാമൻ തീർന്നു എന്നു കരുതിയോടാ നായിന്റെ മോനെ….. ദുര്യോധനാണ്‌ മോനെ ദുര്യോധൻ… പതിനെട്ടു അക്ഷൗഹിണി പടയുടെ നായകൻ…. അങ്ങനെയങ്ങ് അങ്ങേരെ വീഴ്ത്താൻ പറ്റില്ല…. ഒരുങ്ങിയിരുന്നോ മോനെ ഹസനരേ…. നിന്റെയൊക്കെ വാരിയെല്ല് ഊരി ക്രിക്കറ്റ് ബാറ്റിനു പിടിയുണ്ടാക്കും ഞാൻ….. ആദ്യം നീ ബാംഗ്‌ളുർക്ക് വിളിക്ക്…. കൊടുത്തയച്ച സമ്മാനം കിട്ടിയോ എന്നു നോക്ക്… ഞാൻ കുറച്ചു തിരക്കിലായിരിക്കും….. അഭിമന്യുവിനു ചക്രവ്യൂഹം ഒരുക്കണ്ടേ….,?

കാൾ കട്ട്‌ ആയി…. ഇബ്രാഹിം ഒന്നും മനസിലാകാതെ ഫോൺ കൈയിൽ പിടിച്ചുകൊണ്ട് ആലോചിച്ചു നിന്നു….

തൊട്ടടുത്ത നിമിഷം ഫോൺ വീണ്ടും റിങ് ചെയ്തു…. ഇത്തവണ ഇബ്രാഹിം ഒന്ന് നടുങ്ങി… അയാൾ സ്ക്രീനിലേക്ക് നോക്കി….

അഹമ്മദ് ബാംഗ്ളൂർ……

ആ പേരിൽ സേവ് ചെയ്ത നമ്പറിൽ നിന്നുമാണ് കാൾ വന്നിരിക്കുന്നത്….

ഇബ്രാഹിം കാൾ അറ്റൻഡ് ചെയ്തു…

അപ്പുറത്ത് നിന്നും വരുന്ന വാർത്തയിൽ ഇബ്രാഹിമിന്റെ മുഖത്ത് നിറയുന്ന ഭീതി മറ്റുള്ളവർ തിരിച്ചറിഞ്ഞു…..

കാൾ കട്ട്‌ ചെയ്തു പോക്കറ്റിലിടുമ്പോഴേക്കും ഇബ്രാഹിമിന്റെ ചെന്നിയിലുടെ വിയർപ്പുകണം ഒഴുകി തുടങ്ങിയിരുന്നു…..

വില്യം ഇബ്രാഹിമിനെ സൂക്ഷിച്ചു നോക്കി….

എന്തു പറ്റി ഇബ്രാഹിം…..?

ഫസൽ….. !

ഇബ്രാഹിമിന്റെ മറുപടി ആ ഒരു വാക്കിൽ ഒതുങ്ങി….

ഫസൽ…..?

തൊട്ടടുത്ത നിമിഷം തന്റെ വാട്ട്‌സ് ആപ്പിൽ വന്ന ഒരു പിക് ഇബ്രാഹിം ഓപ്പൺ ചെയ്തു വില്യമിന് നേരെ നീട്ടി….

ഫോൺ വാങ്ങി അതിലേക്ക് നോക്കിയതും തന്റെ രക്തം ഉറയുന്നത് പോലെ വില്യമിന് ഒരു നിമിഷം തോന്നി പോയി….

ഒരു കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ അരിഞ്ഞു നുറുക്കി ഇട്ടിരിക്കുന്ന ശരീരഭാഗങ്ങൾ… അതിന് ഏറ്റവും മുകളിലായി ഫസലിന്റെ തല….

വില്യമിന്റെ കണ്ണുകൾ കുറുകി… ബലരാമനും യുനസും അല്ലാതെ മറ്റാർക്കാണ് ഇത് ചെയ്യാനുള്ള ധൈര്യം….?

ആ ചോദ്യമാണ് വില്യമിനെ കുഴക്കിയെതെങ്കിൽ… തന്റെ പേർസണൽ നമ്പറും ബാംഗ്ളൂരിലെ അധികം ആർക്കും അറിവില്ലാത്ത ഗസ്റ്റ്‌ ഹൗസ് അഡ്രസ്സും എന്തിനു പരമരഹസ്യമായ ഈ മീറ്റിംഗ് പോലും അറിഞ്ഞു കൊണ്ട് തന്നെ വിളിച്ചത് ആരെന്നുള്ള സംശയമാണ് ഇബ്രാഹിമിനെ കുഴക്കിയത്…..

എന്തായാലും ഒരു കാര്യം ഉറപ്പാണ്…. നമ്മുടെയൊക്കെ തൊട്ടു പുറകെ ആരോ ഒരാൾ ഉണ്ട്…. ബാലരാമനെക്കാൾ ശക്തനായ ഒരാൾ…..

വില്യം സ്വയം പിറുപിറുത്തതും…. മിത്രയുടെ ഫോൺ റിങ് ചെയ്തു…..

പ്രൈവറ്റ് നമ്പർ…..

മിത്ര എല്ലാവരെയും ഒരു നിമിഷം നോക്കി…. എന്നിട്ട് കാൾ  അറ്റൻഡ് ചെയ്തു….

ഹലോ….

മോളെ മിത്ര തങ്കച്ചി…. ക്രൗൺ പ്ലാസയിൽ മീറ്റിംഗ് തന്നെയാണോ അതോ….?

അപ്പുറത്ത് നിന്നും പരിഹാസരൂപേണയുള്ള സ്വരം അവളുടെ കാതുകളിൽ എത്തി….

ആരാടാ നീ…. ഒളിഞ്ഞിരുന്നു വീരവാദം മുഴക്കാതെ നേർക്ക് നേർ വാടാ….

ഓ ഇതാരാണ് ഈ പറയുന്നത്… ഇത്തിരിയില്ലാത്ത നരുന്ത് ചെക്കനെ മുന്നിൽ നിർത്തി നാണം കെട്ട കളി കളിക്കുന്ന നീയാണോടി എന്നെ കളിയുടെ മര്യാദ പഠിപ്പിക്കുന്നത്… നീതിയും നിയമവും നോക്കി കളിച്ചു ജയിക്കാൻ ഞാൻ ധർമ്മപുത്രന്റെ കാലാൾപടയല്ല… ദുര്യോധനന്റെ സൈന്യാധിപൻ ആണ്…. എന്റെ ലക്ഷ്യം ഒന്ന് മാത്രം… വിജയം…. അതിനായി നീയൊക്കെ കളിക്കുന്നതിന്റെ അപ്പുറത്തെ നാറിയ കളി ഞാൻ കളിക്കും…. നിനക്കൊക്കെ ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള ചീപ്പ് പ്ലേ…. ലോക്കൽ പിള്ളേരുടെ കളി നിനക്ക് അറിയില്ല തങ്കച്ചി… ആ കളി അറിയാനുള്ള ഭാഗ്യം നിനക്ക് ഉണ്ടായിട്ടില്ല…. പിന്നെ നീ കുറച്ചു പിള്ളേരെ ഇങ്ങോട്ട് അയച്ചിരുന്നല്ലോ പെട്ടിയിലാക്കി തിരിച്ചയച്ചിട്ടുണ്ട്….

തെറ്റിദ്ധരിക്കപ്പെട്ട കുഞ്ഞാടാണ് നീ…. അതുകൊണ്ട് തന്നെ നീയെന്ന പാപിക്ക് പശ്ചാത്തപിക്കാനുള്ള ഒരവസരം ആയി നീ ഇതിനെ കാണണം… ഈ കളിയിൽ നിന്നും നീ പിന്മാറിയാൽ സത്യം അറിയാനുള്ള ഒരവസരം ഞാൻ നിനക്ക് നൽകാം… ഒരവസരം… ലാസ്റ്റ് ചാൻസ്…..

അപ്പുറത്ത് നിന്നും മുഴങ്ങുന്ന ശബ്ദം തങ്കച്ചിയുടെ കാതുകളിൽ വീണുകൊണ്ടിരുന്നു…

ഡാ…. നീ ആരായാലും… എന്തായാലും 24 മണിക്കൂർ…. 24 മണിക്കൂറിനുള്ളിൽ നിന്നെ ഞാൻ പൊക്കിയിരിക്കും….. അത് വരെ നിനക്ക് ആയുസുള്ളൂ മോനെ…. നിനക്ക് അറിയില്ല എന്നെ….

തങ്കച്ചി മുരണ്ടു….

ഡി…. ……  മോളെ….. നീ എന്നെ തേടി അലയണ്ട… ഞാൻ വരുന്നുണ്ട് നിന്നെ കാണാൻ… പിന്നെ ഒളിഞ്ഞിരുന്നു യുദ്ധം ചെയ്യുന്നവനല്ല ഞാൻ…. എന്റെ പേര് നീ ഓർത്ത് വെച്ചോ….

കേദാർ….

കേദാർനാഥ് വിശ്വംഭരൻ….

വടയമ്പാടിയുടെ കാവൽക്കാരൻ… നീയോ നിന്റെ കൂടെയുള്ള അവന്മാരുടെയോ ഒരു അടി വടയമ്പാടിയുടെ മണ്ണിൽ പതിയില്ല…. പിന്നെ ബലരാമൻ… 14 ദിവസം… 14 ദിവസത്തുനുള്ളിൽ ബലരാമൻ ഈ സസ്‌പെൻഷൻ കഴിഞ്ഞു ഈ കളിയിൽ ജോയിൻ ചെയ്തിരിക്കും… പ്രാർത്ഥിക്ക് അതുവരെ നിന്റെയൊക്കെ ആയുസ്സ് ബാക്കിയുണ്ടാകണേ എന്നു…. !

അപ്പുറത്ത് കാൾ കട്ട്‌ ആയി….

കേദാർനാഥ്….

മിത്രയുടെ നാവിൽ നിന്നും ആ പേര് ഉതിർന്നു വീണതും അവിടെ കൂടി നിന്നവരുടെ എല്ലാവരുടെയും നെറ്റിയിൽ ചുളിവുകൾ വീണു….

കേദാർ… ആ പുഴുവോ…..?

രാജശേഖരൻ പുച്ഛത്തോടെ ചോദിച്ചു….

വില്യമിന്റെ മുഖത്തും പുച്ഛം കലർന്ന ഒരു പുഞ്ചിരി വിടർന്നു….

ഛെ അവനെന്തോ കാവടിയാട്ടം കാണിച്ചതിനാണോ ഞാൻ ഇങ്ങനെ പേടിച്ചത്… മോശം… മോശം…

ഇബ്രാഹിം സ്വയം തലക്കടിച്ചു കൊണ്ട് പറഞ്ഞു….

നിർത്തെടാ….

അതൊരു അലർച്ചയായിരുന്നു… എല്ലാവരും നടുക്കത്തോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി… ശശിധരൻ…. പൂവത്തുങ്കൽ ശശിധരൻ….

നീയൊക്കെ എന്തറിഞ്ഞിട്ടാണ് അവനെ ഇങ്ങനെ പുച്ഛിക്കുന്നത്….അവനെ നിങ്ങൾക്കാർക്കും അറിയില്ല… ഒരുത്തനും അറിയില്ല… എടുത്ത് ചട്ടക്കാരനും കരുത്തനും എന്തിനും പോന്നവനുമായ ഒരു സബ് ഇൻസ്‌പെക്ടർ….. അത്രേയുള്ളൂ നീയൊക്കെ അറിയുന്ന കേദാർ…. പക്ഷെ അവൻ അതല്ല… എത്ര ചോര കുടിച്ചാലും ദാഹം മാറാത്ത ഡേർട്ടി ഡെവിൾ… അവന്റെ ബുദ്ധിയും ശക്തിയും അളക്കാൻ നിന്റെയൊക്കെ ഈ തലചോർ പോരാ…. 

ശശിധരൻ പറഞ്ഞിട്ട് അശോകിനെ നോക്കി…

നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു പഴംകഥ പറയാം…. അശോകിന് ഓർമ കാണും… 9 വർഷം മുൻപ് തൂത്തുകൂടി ഭരിച്ചിരുന്ന രത്നവേൽ പാണ്ട്യൻ എന്ന അധോലോക നായകന്റെ സാമ്രാജ്യം ഒറ്റ രാത്രി കൊണ്ട് തകർത്തു തരിപ്പണമാക്കിയ ഒരു ഇരുപത്തിഒന്ന് വയസക്കാരന്റെ കഥ….

എല്ലാവരും അത്ഭുതത്തോടെ ശശിധരനെ നോക്കി….

തന്റെ ബൈക്കിൽ നാട് കാണാനിറങ്ങിയ പയ്യന്റെ വണ്ടിയിൽ തൂത്തുകൂടിയിൽ വെച്ച് ഒരു സുമോ മുട്ടി എന്ന നിസ്സാര കാരണത്തിന് ഒരറ്റത്ത് നിന്നും പൊളിച്ചടുക്കി തുടങ്ങിയ അവൻ നിർത്തിയത് പാണ്ട്യനെ പച്ചക്ക് കത്തിച്ചു കൊണ്ടാണ്…. അതും ഒറ്റ രാത്രി കൊണ്ട് പാണ്ട്യൻറെ സകല സാമ്രാജ്യവും തല്ലി തകർത്തു കൊണ്ട്….. അവന്റെ അപ്പന്റെ പൂത്ത കാശും ഉന്നതങ്ങളിൽ ഉള്ള പിടിപാടും തമിഴ്നാട് പൊളിറ്റിക്സിൽ അന്ന് നിലനിന്നിരുന്ന വടംവലിയും ഒക്കെ കൂടിയായപ്പോൾ ചെക്കൻ 24 മണിക്കൂർ തികച്ചു പോലീസ് സ്റ്റേഷനിൽ ഇരുന്നില്ല…. പാണ്ട്യൻറെ ടീം തമ്മിൽ തല്ലി തീർന്നെന്നും പറഞ്ഞു തൂത്തുകൂടി പോലീസ് ആ കേസ് ക്ലോസ് ചെയ്തു…

ആ… ശശിധരൻ ഞാൻ ഓർക്കുന്നു… ഒരു മലയാളി പയ്യൻ ആണ് അതിന്റെ പിന്നിലെന്ന് ഒരു മർമർ ഉണ്ടായിരുന്നു….

അശോക് പെട്ടെന്ന് ഓർമ വന്നത് പോലെ പറഞ്ഞു…

മർമർ അല്ല അശോകേ അതായിരുന്നു സത്യം…. ആ ഇരുപത്തിയൊന്നുകാരന്റെ പേരാണ് കേദാർ…. കേദാർനാഥ്….

ശശിധരൻ അത് പറഞ്ഞതും എല്ലാവരും പരസ്പരം നോക്കി….

മുജീബും രാജേട്ടനും കൂടി ബലരാമനെ ഒതുക്കാൻ വടയമ്പാടിക്ക് അവനെ വിടാൻ പ്ലാൻ ചെയ്തപ്പോഴേ ഞാൻ പറഞ്ഞതാണ് വേണ്ട എന്ന്…. പിന്നെ നിങ്ങൾ അന്ന് പറഞ്ഞ കാര്യം… ഒന്നുകിൽ ബലരാമൻ അല്ലെങ്കിൽ കേദാർ…രണ്ടിൽ ഒരാൾ തമ്മിൽതല്ലി തീരും എന്ന്… അതിലാണ് ഞാൻ ഒന്ന് ചാഞ്ചാടി പോയത്.. പക്ഷെ ഇതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞാൽ മതിയല്ലോ…. ബലരാമൻ ഒരു കാര്യം ചെയ്യും മുൻപ് രണ്ട് വട്ടം ആലോചിക്കും… നമ്മുക്ക് അത്രയും സമയം കിട്ടുമെന്ന് സാരം… പക്ഷെ കേദാർ….

ശശിധരൻ നിർത്തി….

കേദാർ….?

വില്യം ചോദ്യഭാവത്തിൽ ചോദിച്ചു….

കേദാർ… അവൻ അടുത്ത നിമിഷത്തിൽ എന്താണ് ചിന്തിക്കുന്നതെന്നു നമ്മുക്ക് പറയാനാകില്ല…. അവൻ ചിന്തിക്കുന്നതല്ല തൊട്ടടുത്ത നിമിഷം അവൻ ചെയ്യുന്നത്…. ബാലരാമനെക്കാളും ആയിരംമടങ്ങ് ശക്തിയുള്ള ആറ്റംബോംബാണ് അവൻ…. നമ്മൾ അവനെ ഭയപ്പെട്ടെ മതിയാകു…. അവനും ബലരാമനും ഒന്നിച്ചാൽ… പിന്നെ നമ്മൾക്ക് നിലംതൊടാനുള്ള സമയം പോലും ലഭിക്കില്ല….

ദൈവമേ ഇതിപ്പോൾ കൊറോണ കാരണം പുറത്തിറങ്ങാനും വയ്യ  ഭൂകമ്പം കാരണം  അകത്തിരിക്കാനും പറ്റില്ല എന്ന അവസ്ഥയായല്ലോ….? രണ്ടായാലും കാലന് പണിയായി….

ശശിധരൻ പറഞ്ഞത് കേട്ട് ജേക്കബ് നെഞ്ചിൽ കൈവെച്ചു അറിയാതെ പറഞ്ഞു പോയി….

വില്യം നടന്നു ശശിധരന്റെ അരികിലെത്തി…. അയാളുടെ തോളിൽ കൈവെച്ചു….

പേടിക്കണ്ട മിനിസ്റ്ററെ… ബലരാമന്റെ ചാപ്റ്റർ ക്ലോസ് ചെയ്തേക്ക്… നാളെ റിമാൻഡ് ചെയ്തു സബ്ജയിലിൽ കേറുന്ന ബലരാമൻ പിന്നെ പുറം ലോകം കാണില്ല…..

വില്യം ചുരുട്ട് ചുണ്ടിലേക്ക് വെച്ച് ഒരു പുകയെടുത്ത ശേഷം റാമിനെ നോക്കി പുക പുറത്തേക്ക് ഊതി കളഞ്ഞു…..

          **********************

കണ്ണൂർ എസ് പി ഓഫീസിന്റെ ഉള്ളിൽ മുഖത്തോട് മുഖം നോക്കി ശ്രീകലയും ബലരാമനും ഇരുന്നു….

ലുക്ക്‌ മിസ്റ്റർ ബലരാമൻ…. ഈ ചോരകളിക്ക് ഒരു അറുതി വേണം… അതിന് ബലരാമൻ ഞങ്ങളോട് സഹകരിച്ചേ പറ്റു….

ശ്രീകലയുടെ ശബ്ദം യാചനയുടെ സ്വരത്തിൽ എത്തി കഴിഞ്ഞിരുന്നു….

ബലരാമന്റെ കണ്ണുകൾ ചുമരിലെ ക്ലോക്കിൽ തറഞ്ഞിരുന്നു….

കോടതിയിൽ എത്തണ്ടേ മാഡം… ഇപ്പോൾ തന്നെ നമ്മൾ ലേറ്റ് ആയി…

ബലരാമൻ പറഞ്ഞതും ശ്രീകല കൈ ചുരുട്ടി ടേബിളിലേക്ക് ഒരൊറ്റ ഇടിയായിരുന്നു…. ഒത്ത ഒരാണിന്റെ കരുത്ത് നിറഞ്ഞ ഇടിക്കു തുല്യമായ ആ പ്രകടനത്തിൽ ടേബിൾ ആടിയുലഞ്ഞു… പക്ഷെ ബലരാമന്റെ മുഖത്ത് ഭാവമാറ്റമൊന്നും ഉണ്ടായിരുന്നില്ല….

ഡോ…. ഞാൻ അടക്കമുള്ള പോലീസുകാർ എല്ലാം വെറും…….. ആണെന്ന് തനിക് വല്ല തോന്നലുമുണ്ടെങ്കിൽ അത് വെറുതെയാണ്…. പറയിപ്പിക്കണം എന്ന് ശ്രീകല തീരുമാനിച്ചാൽ പറയിപ്പിചിരിക്കും….. അതിന് കരുത്തും കഴിവും ഉള്ള ആണ്പിള്ളേര് കേരള പോലീസിൽ ഉണ്ട്…..

ദേഷ്യം കൊണ്ട് ശ്രീകല അലറുകയായിരുന്നു…. ബലരാമൻ ഭാവമാറ്റമൊന്നും ഇല്ലാതെ ശ്രീകലയെ നോക്കി….

രക്തം ഒഴുകി തുടങ്ങിയാൽ അത് ഒഴുകി കൊണ്ടേയിരിക്കും… അവസാനമില്ലാതെ… അത് നിങ്ങൾക്ക് അറിയാത്ത ഞാനൊക്കെ പെട്ടു പോയ ആ ലോകത്തിന്റെ ഒരു കുഴപ്പമാണ്…. അതൊരു നശിച്ച ലോകമാണ് മാഡം… എന്റെ പുറകെ തൂങ്ങി വെറുതെ അങ്ങോട്ടേക്ക് വലിഞ്ഞു കയറണ്ട… കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള സ്ഥലമല്ലത്….

ബലരാമൻ പറഞ്ഞതും ശ്രീകലയുടെ സകല നിയന്ത്രണവും തെറ്റി….

ഡാ… പന്ന….

അലറി കൊണ്ടവൾ ബലരാമന്റെ കുത്തിന് കയറി പിടിച്ചു… ബലരാമൻ ഇരുന്നിടത്തു നിന്നും അനങ്ങിയില്ല… പകരം കത്തുന്ന ഒരു നോട്ടം ശ്രീകലക്ക് നേരെ നോക്കി….

ബലരാമന്റെ ആ നോട്ടത്തിൽ ശ്രീകല പതറി…. അവളുടെ കൈകൾ അയഞ്ഞു….

ബലരാമൻ എഴുന്നേറ്റു…..

എടുത്ത് ചാട്ടം നല്ലതല്ല മോളെ….. പിന്നീട് ദുഖിക്കേണ്ടി വരും…..

ബലരാമന്റെ ശബ്ദത്തിൽ ഒരു താക്കീത് ഉണ്ടായിരുന്നു…. ശക്തമായ ഒരു താക്കീത്…..

പെട്ടെന്ന് ആന്റണിയും കുറച്ച് പോലീസുകാരും അകത്തേക്ക് കടന്നു വന്നു ശ്രീകലയെ സല്യൂട് ചെയ്തു….

മാഡം എല്ലാം റെഡിയാണ്… കോടതിയിലേക്ക്…..

മ്മ്…..

ആന്റണി പറയാൻ വന്നത് പകുതി ആയപ്പോഴേക്കും ശ്രീകല കയ്യെടുത്ത് തടഞ്ഞു കൊണ്ട് ശരി എന്നർത്ഥത്തിൽ മൂളി… ആന്റണി പോലീസുകാർക്ക് ബലരാമനെ കൊണ്ട് പോകാൻ നിർദേശം കൊടുത്തു… ഒരു പൂച്ചക്കുഞ്ഞിനെ പോലെ ബലരാമൻ അവർക്കൊപ്പം പുറത്തേക്ക് നടന്നു….

ആന്റണി എനിക്ക് വേണം ബലരാമനെ…. 3 ഡേയ്‌സ് എങ്കിൽ 3 ഡേയ്‌സ് പോലീസ് കസ്റ്റഡിയിൽ തന്നെ കിട്ടണം…. ആ പി പി യെ വിളിച്ച് താൻ ഒന്ന് കടുപ്പിച്ചു തന്നെ പറഞ്ഞേക്ക്….

ഓക്കേ മാഡം….

ആന്റണി ശ്രീകലയെ സല്യൂട് ചെയ്തിട്ട് പുറത്തേക്ക് നടന്നു….

എന്നാൽ ശ്രീകലയുടെയും ആന്റണിയുടെയും കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റിച്ചു കൊണ്ട് ബലരാമന് വേണ്ടി ഹാജരായ അഡ്വ :അടിയോടി കോടതിയിൽ പോലീസിന്റെ വാദങ്ങളുടെ മുനയൊടിച്ചു…. ബലരാമന് ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന പോലീസിന്റെ വാദം മാത്രം കോടതി അംഗീകരിച്ചു…. ബലരാമനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു സബ്ജയിലേക്ക് അയക്കാൻ കോടതി ഉത്തരവിട്ടു….

ശ്രീകലയുടെ സകല പ്രതീക്ഷകളും അസ്തമിച്ചു….

എല്ലാം തമ്മിൽ തല്ലി ചാകട്ടെ ആന്റണി…. നമ്മുക്ക് എന്ത് ചേതം… ജുഡീഷ്യറിയിൽ നിന്ന് പോലും നമ്മുക്ക് ഒരു പിന്തുണ കിട്ടുന്നില്ല….

വിവരമറിയിക്കാൻ വിളിച്ച ആന്റണിയോട് അത് പറയുമ്പോൾ ശ്രീകലയുടെ ശബ്ദത്തിൽ നിരാശ പടർന്നിരുന്നു…

മാഡം…. കോടതിയിൽ നിന്നും ഓർഡർ വാങ്ങി സബ്ജയിലിൽ നമ്മുക്ക് ബലരാമനെ ചോദ്യം ചെയ്യാമല്ലോ…?

താൻ ശരിക്കും എങ്ങനാടോ എസ് പി റാങ്ക് വരെ എത്തിയത്… ചോദിക്കേണ്ടത് പോലെ ചോദിക്കാൻ പോലീസ് കസ്റ്റഡിയിൽ തന്നെ ബലരാമനെ കിട്ടണം…. താൻ ആ പി പി യെ വിളിച്ചു ഒരു ആപ്പ്ളിക്കേഷൻ കൂടി ഫയൽ ചെയ്യാൻ പറ… കാര്യമൊന്നും ഉണ്ടാകില്ല എന്നറിയാം….

നിരാശയോടെ പറഞ്ഞു കൊണ്ട് ശ്രീകല ഫോൺ കട്ട്‌ ചെയ്തു…

        **********************

സബ് ജയിൽ  തലശ്ശേരി…..

ബലരാമൻ റിമാൻഡ് ചെയ്യപ്പെട്ടു ജയിലിൽ എത്തിയതിന്റെ മൂന്നാം ദിനം…..

തടവുകാരുടെ വിനോദത്തിനുള്ള സമയമാണ്…. എല്ലാവരും ഓരോരോ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുകയായാണ്….. അവരെ വീക്ഷിക്കാനായി വാർഡന്മാർ ഇടക്കിടക്ക് അതിലെയും ഇതിലേയും നടക്കുന്നുണ്ട്….

അവിടെ തടവുകാർ ചേർന്ന് നിർമ്മിച്ചെടുത്ത മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്…. ബലരാമൻ ചെടികൾക്ക് വെള്ളം ഒഴിക്കുകയായാണ്….

പെട്ടെന്നാണ്…. പത്ത് പേര് അടങ്ങുന്ന ഒരു സംഘം ബലരാമന് ചുറ്റും ഒരു വലയം തീർത്തത്…..

എന്താ പ്രഭാഷേ….. നീയും പിള്ളേരും കൂടി എനിക്ക് ചുറ്റും ഒരു വലയം തീർക്കൽ….

തന്റെ പ്രവർത്തിയിൽ നിന്നും ശ്രദ്ധ തിരിക്കാതെ തന്നെ ബലരാമൻ ചോദിച്ചു….

പ്രഭാഷ്…. ഉടയോൻ പ്രഭാഷ് എന്നാണ് അറിയപ്പെടുന്നത്… കണ്ണൂർ നഗരത്തിലെ അറിയപ്പെടുന്ന ഒരു ഗുണ്ട തലവൻ എന്ന് തന്നെ പറയാം….

ഒരു കോൾ ഒത്തു വന്നു രാമേട്ടാ…. നമ്മൾ ജീവിതകാലം അകത്തു കിടക്കേണ്ടി വന്നാലും കുടുംബം രക്ഷപ്പെടും… അങ്ങനത്തെ ഒരു ഓഫർ വന്നപ്പോൾ വിട്ട് കളയാൻ തോന്നിയില്ല….. റിസ്ക് ആണെങ്കിലും ഞാൻ അതങ്ങ് ഏറ്റു…..

നല്ല കാര്യമാണ് മോനെ…. റിസ്ക് എടുക്കാനുള്ള മനസ്സ് ഉണ്ടേങ്കില്ലേ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടാൻ സാധിക്കു…. പക്ഷെ നീ ഇപ്പോൾ ഏറ്റെടുത്ത പണിയിൽ ജയിക്കാൻ കഴിയുമെന്ന് നിനക്ക് ഉറപ്പുണ്ടോ….?

ബലരാമൻ പ്രഭാഷിന്റെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു….

ജയിക്കാതെ പറ്റില്ലല്ലോ രാമേട്ടാ….

എന്ന ശരി തുടങ്ങിക്കോ…..

ബലരാമൻ അത് പറഞ്ഞു തീർന്നതും പ്രഭാഷിന് ഒരു പന്തികേട് തോന്നി അവൻ ചുറ്റും നോക്കി….

ഞെട്ടലോടെ അവൻ ഒരു കാര്യം മനസിലാക്കി…. തങ്ങൾ  ബലരാമന് ചുറ്റും തീർത്ത വലയത്തെക്കാൾ ഇരട്ടിയിലധികം വലിപ്പമുള്ള മറ്റൊരു വലയത്തിലാണ് തങ്ങൾ ഇപ്പോൾ ഉള്ളത്…..

പ്രഭാഷ് പേടിയോടെ ബലരാമനെ നോക്കി….

ബലരാമൻ ചെടി നനക്കുന്നത് നിർത്തി പ്രഭാഷിന് നേരെ നടന്നടുത്തു….

നീ പറഞ്ഞു കൊണ്ടുക്കേണ്ടതായിരുന്നു പ്രഭാഷേ… ഇത് കണ്ണൂർ ആണെന്ന്…. ബലരാമന്റെ സ്വന്തം കണ്ണൂർ….. ഇന്നലത്തെ മഴയിൽ കുരുത്ത തകരയാണ് നീ… ആ നിനക്ക് എന്റെ തലക്ക് മീതെ പറക്കാൻ മോഹം ഉദിച്ചത് തെറ്റല്ലേ മോനെ….

പ്രഭാഷിന്റെ കവിളിൽ തട്ടിക്കൊണ്ടു ബലരാമൻ ചോദിച്ചു…. ബലരാമന്റെ കണ്ണുകളിലേക്ക് ഒരു നിമിഷം അറിയാതെ  നോക്കി പോയ പ്രഭാഷ് അടിമുടി വിറച്ചു പോയി…. അവന്റെ മുഖം ഭയം കൊണ്ട് രക്തം വാർന്ന നിലയിലായി….

രാമേട്ടാ… അത് ഞാൻ… എന്റെ ജീവിതം മുഴുവനും പണിയെടുത്തലും കിട്ടാത്ത പണമാണ് അവർ ഓഫർ ചെയ്തത്…. തള്ളികളയാൻ തോന്നിയില്ല…. പറ്റിപോയി….

നിനക്ക് പണം ഓഫർ ചെയ്തവനോട് പറയണം… 14 ദിവസം…. 14 ദിവസത്തിനു ശേഷം ബലരാമൻ പുറത്തിറങ്ങും…. ജീവനോടെ…

അതും പറഞ്ഞു മുൻപോട്ട് നടക്കാൻ ഒരുങ്ങിയ ബലരാമൻ ഒരു നിമിഷം എന്തോ ഓർത്തിട്ടെന്ന പോലെ നിന്നു…. തിരിഞ്ഞു പ്രഭാഷിനെ നോക്കി….

പിന്നെ ഈ 14 ദിവസം അവൻ ജീവനോടെ ഇരിക്കാൻ പ്രാർത്ഥിക്കാൻ  പറ…. അകത്തുള്ള ബാലരാമനെക്കാൾ പതിന്മടങ്ങ് ശക്തിയുള്ള ഒരൈറ്റം പുറത്തിറങ്ങിയിട്ടുണ്ട്…. അവന്റെ കയ്യിലെങ്ങാനും നിന്റെ മറ്റവനെ കിട്ടിയാൽ…….

എന്തോ ഓർത്തിട്ടെന്ന പോലെ ബലരാമന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു….

എന്റെ സിവനെ…….അവന്റെ ഒരു അവസ്ഥ…..

മുകളിലേക്ക് നോക്കികൊണ്ട് ബലരാമൻ പറഞ്ഞു വന്നത് പൂരിപ്പിച്ചു….

                           തുടരും..

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!